സംഘടനാ മെമ്പർഷിപ്പ് വിധേയത്വത്തിന്റെ റേഷൻ കാർഡ്; കാമ്പസുകളിലില്ലാത്തത് രാഷ്ട്രീയം മാത്രം

‘‘വയലൻസിലും സൈലൻസിലും വേരൂന്നിയ അർമ്മാദിക്കൽ- ആനന്ദ- അരാഷ്ട്രീയതയെ മറികടന്ന് കാമ്പസുകളിൽ സ്വതന്ത്രമായ രാഷ്ട്രീയം ഇനിയും തുടങ്ങേണ്ടിയാണിരിക്കുന്നത്. എന്നാൽ ഒരു കാര്യം തറപ്പിച്ചു പറയാം - നടക്കില്ല’’, ആ അസാധ്യതയുടെ കാരണങ്ങൾ വിശകലനം ചെയ്യുന്നു, സി.ജെ.​ ജോർജ്.

ലാലയരാഷ്ട്രീയത്തിന്റെ ജീർണ്ണതയെക്കുറിച്ചാണ് ഇപ്പോൾ ചർച്ച. മുമ്പെന്നോ കാമ്പസുകളിൽ ജീർണ്ണിക്കാത്ത ഒരു രാഷ്ട്രീയമുണ്ടായിരുന്നു എന്ന ധാരണയോടുകൂടിയാണ് ഈ ചർച്ചകൾ മുന്നോട്ടുപോകുന്നത്.
ഓണത്തപ്പനു സ്തുതിയായിരിക്കട്ടെ.
മുമ്പുനട്ട കാഞ്ഞിരമാണ് പൂത്തുനിൽക്കുന്നത്. സംഘടനാ മെമ്പർഷിപ്പ്, അതും ഭരണരാഷ്ട്രീയത്തിന്റെ ആനുകൂല്യങ്ങൾ പിടിച്ചുപറ്റാനായി സാമുദായിക-സാമ്പത്തിക ശക്തികളോട് ഒളിഞ്ഞും തെളിഞ്ഞും ഇടപാടുകൾ നടത്തുന്ന മാഫിയാസംഘങ്ങളാൽ നയിക്കപ്പെടുന്ന കക്ഷികളുടെ ആശ്രിതവർത്തിസംഘം. അതിലെ മെമ്പർഷിപ്പ് - അതാണ്, അത്രയേയുള്ളു കാമ്പസ് രാഷ്ട്രീയം എന്നതിന് അർത്ഥം. ഏതാണ്ടെല്ലാ രാഷ്ട്രീയവും അങ്ങനെയായിട്ടുണ്ട്.

അദൃശ്യമായ തുടലും പൂട്ടും സീലും ഉള്ള കഴുത്തുമായി ജീവിക്കുന്ന അവസ്ഥ. എഴുത്തുകാരായാലും ഉദ്യോഗസ്ഥരായാലും കണ്ഠാഭരണം അതാണ്. അതു പ്രദർശിപ്പിക്കാനായി അനുവദനീയമായ അവസരങ്ങൾ വിവേചിച്ചറിഞ്ഞ് അഭിപ്രായങ്ങളൊക്കെ തട്ടിവിടും. കാപ്സ്യൂൾ എന്നൊക്കെ ഇന്നു കളിയാക്കിപ്പറയും. അതൊരു സാങ്കേതിസംജ്ഞയായി ഇന്നു വന്നുവെന്നേയുള്ളൂ. വാസ്തവത്തിൽ അതു വളരെ പണ്ടേയുള്ളതാണ്. കാപ്സ്യൂൾ കിട്ടണം. അതു വിഴുങ്ങി മതേതരം, ഫാഷിസം, ഭാരത് മാതാ, വന്ദേ മാതരം, ചോരച്ചാലുകൾ നീന്തിക്കയറിയ പ്രസ്ഥാനം, യാങ്കിക്കൊടി, സാമ്രാജ്യത്തം, അടിക്കും ഞങ്ങൾ പൊളിക്കും ഞങ്ങൾ, പ്രീഡിഗ്രി ബോർഡ് തുലയട്ടേ, എം.എ. ബേബി നേതാവേ, ആസഫലി നേതാവേ, പിന്നോട്ടില്ല പിന്നോട്ടില്ല (പിന്തിരിഞ്ഞ് മുന്നോട്ട്), ആരിതു പറയുന്നറയാമോ എന്നൊക്കെ ആകാശത്തിന്റെ അകിടിനിടിച്ചു മുദ്രാവാക്യം വിളിക്കുകയും അട്ടഹസിക്കുകയും ആക്രോശിക്കുകയും കൂടെക്കൂടാത്ത, വഴങ്ങാത്ത ആളുകളെ അവഹേളിക്കുകയും വേട്ടയാടുകയും ചെയ്യുന്നതാണ് രാഷ്ട്രീയമെങ്കിൽ കാമ്പസുകൾ രാഷ്ട്രീയപ്രബുദ്ധതയുടെ നിറകുടങ്ങളാണ്, കഴിഞ്ഞ പത്തുനാല്പതുകൊല്ലമായിട്ടെങ്കിലും.

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തി ആത്മഹത്യയിലേക്ക് നയിച്ച കേസിലെ പ്രതികള്‍

അതിനപ്പുറത്ത്, സൃഷ്ടിപരമായി, ഉത്തരവാദിത്തബോധത്തോടെ, സാഹോദര്യത്തോടെ, കലാലയത്തെ ലക്ഷ്യബോധത്തോടെ അറിഞ്ഞ് വിഭാഗീയത ഇല്ലാത്ത ഭാവിസമൂഹത്തെ മുന്നിൽക്കണ്ട് സ്വതന്ത്രമായി രാഷ്ട്രീയം ചെയ്ത എത്ര സന്ദർഭങ്ങൾ രൂപപ്പെടുത്താൻ വിദ്യാർത്ഥിസംഘങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് പഠിച്ചുനോക്കണം. നീതിനിഷേധത്തിനെതിരായ എത്ര സമരങ്ങളിൽ സത്യസന്ധമായി നിലയുറപ്പിച്ചിട്ടുണ്ടെന്ന് ആലോചിച്ചുനോക്കണം. വിദ്യാർത്ഥികളുടെ അടിസ്ഥാനപരമായ ഒരു കോസിനുവേണ്ടി നിലയുറപ്പിച്ചു പ്രവർത്തിച്ച എത്ര സന്ദർഭങ്ങളുണ്ട് വിദ്യാർത്ഥിസംഘങ്ങളുടെ ചരിത്രത്തിൽ? പാർട്ടികളുടെ ഓഫീസുകളിൽ വലിയ ഉത്തരവാദിത്തം നിർവ്വഹിക്കുകയാണെന്ന ഭാവത്തിൽ ചെറിയ ചെറിയ ഗൂഢാലോചനകളിലേർപ്പെട്ടു കുത്തിയിരിക്കുന്ന ആളുകളുടെ കൈക്കോടാലികളാകാൻ വിധിക്കപ്പെട്ട വിദ്യാർത്ഥിസംഘങ്ങളുടെ കാര്യസ്ഥന്മാർക്ക് അത്തരം ഒരു സന്ദർഭവും ഉല്പാദിപ്പിക്കാനാവില്ലതന്നെ. എന്നിട്ടും അവർ രാഷ്ട്രീയം ചെയ്യുകയാണ് എന്നു വിശ്വസിക്കണം. ഇതിനെ ദൗർഭാഗ്യകരം എന്നല്ലാതെ എന്തു പറയാൻ കഴിയും?

മുൻകാലങ്ങളിൽ മാത്രമല്ല, ഇപ്പോഴും ഉള്ള ഒരു വിശ്വാസം, കക്ഷിരാഷ്ട്രീയത്തിന്റെ കുട്ടിക്കുരങ്ങുകളാണെങ്കിലും, അവരില്ലെങ്കിൽ അരാഷ്ട്രീയസംഘങ്ങളുടെ പിടിയിലകപ്പെടും കാമ്പസുകൾ എന്നതാണ്.

വിദ്യാർത്ഥിസംഘങ്ങളുടെ ഒന്നാമത്തെ ദുരന്തം അവർ സ്വതന്ത്രരല്ല എന്നതാണ്. അവർ ഉപകരണങ്ങളാണ്. ശിങ്കിടിത്തൊഴിലാളിയൂണിയനുകൾ. മാതൃസംഘടനയുടെ ചട്ടുകങ്ങൾ. ആ നിലയിൽ അവരുടെ പ്രവർത്തനങ്ങൾ നല്ല നായയുടെ അവസ്ഥയിലാണ്. അവഹേളിക്കാനായി പറയുന്നതല്ല ഇത്. യജമാനരോടുള്ള നല്ല അനുസരണയാണ് അവരുടെ പ്രധാന യോഗ്യത. അറയ്ക്കേണ്ട പദവികളും അംഗീകാരങ്ങളും കിട്ടും. പകരം കൂലിയില്ലാത്തൊഴിലാളികളായി പ്രവർത്തിക്കാൻ അവർ നിർബ്ബന്ധിതമാണ്. തങ്ങളെന്തോ മഹത്തായ വിപ്ലവപ്രവർത്തനത്തിൽ പങ്കാളികളായി വിദ്യാർത്ഥിസമൂഹത്തെ വിശേഷമായും പൊതുസമൂഹത്തെ സാമാന്യമായും നയിച്ചുകൊണ്ടിരിക്കുകയാണെന്ന മൂഢബോധ്യത്തിൽ ജീവിച്ചുപോകാൻ കഴിയുന്നു എന്നതിനപ്പുറം ആലോചനയുടെ തരിമ്പും സാദ്ധ്യമല്ലാത്ത കെണിയിലകപ്പെടുകയാണ് ഈ വിദ്യാർത്ഥികൾ. സംഘബോധം നൽകുന്ന സുരക്ഷിതത്വം അവർക്ക് ഒരുതരം ആത്മവിശ്വാസവും, കൂട്ടായി നിൽക്കാനും ‘പ്രവർത്തിക്കാനും’ ഉള്ള പ്രചോദനവും നൽകുന്നുണ്ട്. സ്വന്തമായ ലക്ഷ്യബോധമോ ചിന്താപരമായ സമീപനമോ വളർത്തിയെടുക്കാതെതന്നെ വ്യാജലക്ഷ്യബോധത്തോടെ ജീവിക്കാൻ, ജീവിക്കുന്നുവെന്നു വിചാരിക്കാൻ, രാഷ്ട്രീയമായി ജീവിക്കുകയാണ് താനെന്ന ബോധത്തോടെ നേരം പോക്കാൻ അവർക്ക് സാധിക്കുന്നു. ആർക്കോ വേണ്ടി തിളയ്ക്കുകയാണ് തങ്ങളെന്ന് ഒരിക്കലും അവർ തിരിച്ചറിയുന്നേയില്ല. ചത്തകാലം പോലെ തളം കെട്ടിയ ചെളിക്കുണ്ടിൽ കിടന്നു മുക്രയിടുകയാണ് തങ്ങളെന്ന് അവർ അറിയുന്നേയില്ല. പരമ്പരാഗതമത-ജാതിസംഘബോദ്ധ്യങ്ങളിൽനിന്ന് ഊരിപ്പോരാനൊക്കെ ഇത് ഒരു പരിധിവരെ സഹായകമാകുന്നുണ്ട്, രണ്ടു വർത്തമാനം പറയാനൊക്കെ പഠിക്കും തുടങ്ങിയ കാര്യങ്ങൾ വിസ്മരിക്കാതിരിക്കുമ്പോഴും ചിന്താപരമായി നവീകരിക്കാനോ പഠിക്കാനോ അറിയാനോ സാമൂഹികമായി സ്വപ്നം കാണാനോ രാഷ്ട്രീയമായ വിവേകത്തിലേക്ക് ഉയരാനോ പ്രയോജനപ്പെടുന്നില്ല.

മതജാതിബോധസമാനമായ പുതിയൊരു ബാദ്ധ്യതകൂടി ഏറ്റെടുക്കുകയാണ് മിക്കവാറും സംഭവിക്കുന്നത്. വിധേയതകൊണ്ട് മുച്ചൂടും മുങ്ങിയ ഒരു ജീവിതം സ്വയം വരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ നൽകുന്ന സന്തോഷങ്ങളെ വിലമതിക്കുകതന്നെ വേണം. ‘ശവംനാറിപ്പുല്ലുതിന്നാവോളവും
കൊഴുത്ത മെയ്യാകവേ താഴ്ത്തി
എത്ര തൃപ്തമായി കിടക്കുന്നു,
നിന്റെ ജീവനിലിഴുകിയ ഭാഗ്യം,
ഇതെന്തൊരു ഭാഗ്യം’
എന്ന് തെല്ലസൂയയോടെ ചോദിച്ചുപോകും.

വിദ്യാർത്ഥികളുടെ അടിസ്ഥാനപരമായ ഒരു കോസിനുവേണ്ടി നിലയുറപ്പിച്ചു പ്രവർത്തിച്ച എത്ര സന്ദർഭങ്ങളുണ്ട് വിദ്യാർത്ഥിസംഘങ്ങളുടെ ചരിത്രത്തിൽ?

സംഘടനാ മെമ്പർഷിപ്പ് വിധേയത്വത്തിന്റെ റേഷൻ കാർഡാണ്. വിളിക്കുന്ന മുദ്രാവാക്യത്തിന്റെ അർത്ഥത്തെക്കുറിച്ചുപോലും ആലോചിക്കാനാവാതെ വന്ധീകരിക്കപ്പെടുന്ന അവസ്ഥ. അത് അടിച്ചേല്പിക്കപ്പെടുന്നു എന്നതാണ് ഭീകരം. കാമ്പസുകളുടെ സമകാലികാവസ്ഥ അതാണ്. പത്തുമുപ്പതു വർഷം മുമ്പ് ഈയൊരു നില ഉണ്ടായിരുന്നില്ല, വേണ്ടവർക്ക് ആകാമെന്നല്ലാതെ. അരക്ഷിതമായ നിലയിൽ ജീവിക്കാനിടവരുന്ന ആളുകൾക്ക് അഭയം നൽകുന്ന ഇടമെന്ന നിലയിൽ സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും വശീകരണബലത്തിലും കുടുംബപശ്ചാത്തലബലത്തിലും സ്വീകരിക്കുന്നതായിരുന്നു സംഘടനാബന്ധം.

ഇന്നതല്ല അവസ്ഥ. സംഘടന തിരഞ്ഞെടുക്കാൻ പോലും കഴിയാത്ത നിലയിലാണുള്ളത്. നിർബ്ബന്ധിതമായി റിക്രൂട്ട് ചെയ്യപ്പെടുകയാണ്. നിങ്ങൾക്ക് ഇവിടെ ജീവിക്കണോ, സംഘടനയിൽ ചേർന്നിരിക്കണം എന്ന മട്ടിലാണ് കാര്യങ്ങൾ. ഇത് പൂർണ്ണമായും സാധിക്കാത്ത കാമ്പസുകളുണ്ടാകാം. നേരത്തേ പറഞ്ഞ കുടുംബപശ്ചാത്തലം മതബോധമെന്നപോലെ, ജാതിബോധമെന്നപോലെ സമ്മാനിച്ച കക്ഷിബന്ധങ്ങൾ ആത്മബോധമെന്ന നിലയിൽ പ്രവർത്തിക്കുന്ന ആളുകളുടെ എണ്ണവും വണ്ണവുമൊക്കെച്ചേർന്നാണ് അത്തരം കാമ്പസുകളെ സാദ്ധ്യമാക്കുന്നത്. മറിച്ച് ബഹുഭൂരിഭാഗം കാമ്പസുകളിലും റിക്രൂട്ടുമെന്റിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക പ്രയാസകരമാണ്. വല്യേട്ടപ്രസ്ഥാനം അംഗത്വം അടിച്ചേല്പിക്കും. അതു സംഭവിച്ചുകഴിഞ്ഞാൽ കഴിയുമോ, ഇല്ലതന്നെ. പിന്നെ അനുസരണ എന്ന ഗുണം കാണിക്കണം. അധികാരികളെ അനുസരിക്കരുത്, അമ്മയെ അനുസരിക്കരുത്, അച്ഛനെ അനുസരിക്കരുത്, അനുസരണക്കേടാണ് മാറ്റത്തിനായി നിലകൊള്ളുന്നവരുടെ ഏറ്റവും വലിയ മൂലധനം എന്നൊക്കെ സ്റ്റഡി ക്ലാസ് കിട്ടും. എന്നാൽ നേതൃത്വത്തെ, യജമാനരെ, ഏട്ടൻമാരെ അനുസരിക്കാത്തവർ വകവരുത്തപ്പെടും എന്ന സന്ദേശം പതുക്കെപ്പതുക്കെ മനസ്സിലേക്ക് പെയ്തിറങ്ങും. ഇത്തരമൊരു മാനസികാവസ്ഥയോടെ ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് അടുത്ത പടി. നഷ്ടമായ സ്വതന്ത്ര്യത്തിന് അടുത്ത തലമുറയുടെ വിധേയത്വംകൊണ്ട് പരിഹാരം കണ്ടെത്തുകയാണ് വഴി. അതു സാധിക്കുന്നതിലാണ് നേതൃത്വഗുണം കിടക്കുന്നത്. വാചകവെടികൊണ്ടും മുഷ്ക്കുകൊണ്ടും അതു സാധിച്ചെടുത്താൽ നേതാവാകാം. ‘ഏട്ടാ ഏട്ടാ’ എന്നു വിളിക്കുന്ന വിധേയരെ കിട്ടും. അതൊരു സുഖമാണ്. ആ സുഖത്തിനായി കൊതിക്കുന്ന ‘കർതൃത്വ’രൂപീകരണ വ്യവസ്ഥയാണ് സംഘടന. അതിനപ്പുറത്ത് യാതൊന്നുമില്ല. അതിന് ഒരു രാഷ്ട്രീയവുമില്ല. മുഷ്കും മൂരാച്ചിത്തവും അല്ലാതെ, ജനാധിപത്യമോ, സ്വാതന്ത്ര്യമോ, സമത്വമോ, സാഹോദര്യമോ സംഘടയിലൂടെ ആർജ്ജിക്കുന്നില്ല എന്നതാണ് വാസ്തവം. തങ്ങളുടെ പ്രസ്ഥാനം എന്തിനും മീതെയാണെന്ന കപടാവബോധം, ഹുങ്ക്, മറ്റുള്ളവരുടെ അവകാശങ്ങളെ സംബന്ധിച്ച അവജ്ഞ - ഇതൊക്കെയാണ് സംഘടന ഉല്പാദിപ്പിക്കുന്ന ബോധരൂപങ്ങൾ. ഇതിനൊക്കെ അപവാദങ്ങളുണ്ടാകാം. പൊതുവിൽ ഇങ്ങനെയാണ്. അതുകൊണ്ടുതന്നെ സർഗ്ഗാത്മകമായ കാര്യങ്ങൾ ഉളവാക്കാനൊന്നും സംഘടനകൾക്ക് പാങ്ങില്ല. അടിക്കും ഞങ്ങളും പൊളിക്കും ഞങ്ങളെന്നല്ലാതെ ഞങ്ങൾ ഈ വ്യവസ്ഥിതിയെ മാറ്റി, ദുസ്സഹമായ ഇന്നത്തെ സാഹചര്യത്തെ മാറ്റി കൂടുതൽ മികച്ച ഒന്നായി കെട്ടിപ്പടുക്കുമെന്ന വാഗ്ദാനം വാചകത്തിലെങ്കിലും പ്രകടമാക്കാൻ കഴിയുന്ന സംഘടനകളുണ്ടോ കാമ്പസുകളിൽ? ഇല്ലെന്നല്ല, സാദ്ധ്യമല്ല എന്നതാണ് അവസ്ഥ. ഞങ്ങളെ സഹിക്കൂ എങ്കിൽ സ്വൈരം തരാം എന്നതാണ് ആകെയുള്ള വാഗ്ദാനം.

രാഷ്ട്രീയകക്ഷികൾ വിദ്യാർത്ഥിസംഘടനകളുമായും അദ്ധ്യാപകസംഘടനകളുമായുമുള്ള ബന്ധം വിച്ഛേദിക്കുകയില്ല. പരാന്നഭോജികളായ അടിമസംഘങ്ങളാണ് അവയുടെ ശക്തി. മനുഷ്യർ സ്വതന്ത്രമായി ജീവിക്കുകയും ചിന്തിക്കുകയും പ്രവർത്തിക്കുന്നതും സഹിക്കാത്ത സംഘടിത മാഫിയകളായി കക്ഷികൾ മാറിയിരിക്കുന്നു.

മുൻകാലങ്ങളിൽ മാത്രമല്ല, ഇപ്പോഴും ഉള്ള ഒരു വിശ്വാസം, കക്ഷിരാഷ്ട്രീയത്തിന്റെ കുട്ടിക്കുരങ്ങുകളാണെങ്കിലും, അവരില്ലെങ്കിൽ അരാഷ്ട്രീയസംഘങ്ങളുടെ പിടിയിലകപ്പെടും കാമ്പസുകൾ എന്നതാണ്. ഗ്യാങ്ങിസം എന്നു പറയുന്ന അലമ്പുകളുടെ അഴിഞ്ഞാട്ടമുണ്ടാകുമെന്നാണ് പറയുന്നത്. ഇതിൽ കാര്യമുണ്ട്. ഗ്യാങ്ങുകൾ മാത്രമല്ല, മൗലികവാദികളുടെ ഗൂഢവൃത്തികളും അരങ്ങേറും. പക്ഷേ, സമകാലാവസ്ഥയിൽ സംഘടനതന്നെ ഈ ദൗത്യങ്ങളെല്ലാം ഏറ്റെടുത്തിരിക്കുന്നു എന്നതാണ്. സംഘടനാ മെമ്പർഷിപ്പുണ്ടെങ്കിൽ നിങ്ങൾക്ക് അലമ്പുകളൊക്കെ ആകാം. സംഘടന സംരക്ഷിക്കും. മെമ്പർഷിപ്പില്ലെങ്കിൽ പിന്തിരിപ്പനും അരാഷ്ട്രീയവാദിയും എതിർപക്ഷവും ഒക്കെയാകും. ദ്രോഹിക്കപ്പെടും. മെമ്പർഷിപ്പും വിധേയത്വവുമുണ്ടെങ്കിൽ സംരക്ഷണം ഉണ്ടാകും. ഈ അവസ്ഥയിൽ സകലരും മെമ്പർഷിപ്പെടുത്തു സുരക്ഷിതരാകുന്നു. അതായിക്കോട്ടെ. മറ്റുള്ളവരെ ദ്രോഹിക്കുന്നതിൽ അഭിരമിക്കുവാൻ തുടങ്ങുന്നിടത്താണ് പ്രശ്നം. സംഘബോധവും സർഗ്ഗശക്തിയില്ലായ്മയും ചേരുമ്പോൾ ഇത്തരം ചില വൈപരീത്യങ്ങളിലേക്കു നീങ്ങുക സ്വാഭാവികം. വർഗ്ഗീയവാദികളെ ഒറ്റപ്പെടുത്തണം. പിന്തിരിപ്പന്മാരെ ഒറ്റപ്പെടുത്തണം, സാമൂഹികവിരുദ്ധരെ ഒറ്റപ്പെടുത്തണം എന്നൊക്കെ പഠിപ്പിക്കും. നമുക്കു വഴിപ്പെടാത്തവർ സാമൂഹികവിരുദ്ധരാണ്, നമുക്കു വഴിപ്പെടാത്തവർ കള്ളന്മാരാണ്, നമുക്കു വഴിപ്പെടാത്തവർ വർഗ്ഗീയവാദികളാണ്, ചെരിപ്പുനക്കികളാണ് എന്നൊക്കെ പിന്നാലെ ഗുളിക വരും. ഇതോടെ ഒറ്റപ്പെടുത്തേണ്ടവരെ കിട്ടും. ഒറ്റപ്പെടുത്തും. ഒരു ദിവസം ആരെയെങ്കിലും ഒറ്റപ്പെടുത്തുന്ന പ്രവൃത്തി ചെയ്തില്ലെങ്കിൽ അന്നേ ദിവസം അരാഷ്ട്രീയമായിപ്പോകുമെന്നുറയ്ക്കും. അതിനൊരു ഇരയെ പരതിക്കൊണ്ടേയിരിക്കും പാവം വിപ്ലവമനസ്സ്. ആരെയെങ്കിലും കിട്ടും. കിട്ടാതിരിക്കില്ല. കിട്ടിയവനെ അല്ലെങ്കിൽ കിട്ടിയവളെ തിന്ന് കത്തലടക്കും. ആളെ വേട്ടയാടി ആടിത്തിമർത്ത് ഹിംസാനന്ദം അനുഭവിക്കും. മറ്റൊരിരയെ കിട്ടുവോളം അതുമതി.

നമ്മുടെ മാദ്ധ്യമങ്ങളുടെ പണിയും ഇതൊക്കെത്തന്നെയല്ലേ എന്നാലോചിക്കുക. കാമ്പസ് രാഷ്ട്രീയത്തിൽനിന്ന് ഏറെ ഭിന്നമൊന്നുമല്ല അത്. അവനവനായോ അവളവളായോ ചെയ്യേണ്ടതും ചെയ്യാവുന്നതുമായ കാര്യങ്ങൾ ചെയ്യുന്നതിലെ സന്തോഷങ്ങൾ അനുഭവിച്ചറിയാനുള്ള ശേഷിയില്ലായ്മയും പ്രതിജ്ഞയില്ലായ്മയും മറച്ചുപിടിക്കാനുള്ള ‘എടപെട’ലാണ് രാഷ്ട്രീയം എന്നുവന്നിരിക്കുന്നു. വയലൻസാണ്, സാഡിസമാണ് അതിന്റെ സന്തോഷം. എ. കെ. ജി.യുടെ ആത്മകഥയിൽ വായിച്ചതോർക്കുന്നു. പന്തുകളിയിൽ വലിയ ഭ്രമമായിരുന്നു അദ്ദേഹത്തിനും നാട്ടിലെ കൂട്ടുകാർക്കും. അവരെല്ലാ ദിവസവും വൈകിട്ട് കളിക്കാനിറങ്ങും. കളിയുടെ ആനന്ദമായിരുന്നു ആദ്യമൊക്കെ. കളി കഴിയുമ്പോഴേക്ക് ഒന്നും രണ്ടും പറഞ്ഞ് ജയിച്ചവരും തോറ്റവരും കലഹിക്കുക ശീലമായി. പിന്നെപ്പിന്നെ കലഹം കൈയാങ്കളിയിലേക്കു മാറി. അതിലായി രസം. ആനന്ദം. ഈ രണ്ടാംകളിക്കുവേണ്ടിയുള്ള ഉപാധിയായി പന്തുകളി മാറി. പന്തുകളിക്കുന്നതേ അതിനുശേഷമുള്ള കൈയാംകളിക്കുവേണ്ടിയായി. സത്യസന്ധമായി ഈ ബാല്യകാലകുതൂഹലങ്ങൾ എ കെ ജി സ്മരിക്കുന്നുണ്ട്. ഈ രീതിയിൽ കാമ്പസ്സുകളിലെ രാഷ്ട്രീയ പരിണാമത്തെയും കാണാവുന്നതാണ്. പഠനവും ചിന്തയും സംവാദവുമെല്ലാം വാസ്തവത്തിൽ ആനന്ദകരമാണ്. ഉന്മേഷകരമാണ്. അതൊക്കെ നടക്കുന്നതിന്റെ ഭാഗമായി ആശയവ്യത്യാസങ്ങളും ആശയപരമായ തർക്കങ്ങളും ഉണ്ടാകും. തർക്കത്തിൽ കേന്ദ്രീകരിക്കുന്നതോടെ അറിയലിന്റെ ആനന്ദം മിക്കവാറും ഇല്ലാതാകും. അതോടെ കുതർക്കവും സംഘർഷവുമാണ് ആനന്ദദായകമായിത്തീരുക. അവനിട്ട് ഒന്നു കൊടുത്തു എന്ന ആത്മതൃപ്തിയനുഭവിക്കുന്ന രാഷ്ട്രീയം. പച്ച അരാഷ്ട്രീയമാണതെന്ന് ആര് പറഞ്ഞുകൊടുക്കും? ഈ പരിണതിയിലേക്ക് വിദ്യാഭ്യാസരംഗത്തെ എത്തിച്ചതിൽ വിദ്യാർത്ഥിസംഘങ്ങളുടെ വലിയ സംഭാവനകളുണ്ട്.

സ്വന്തം സ്വാതന്ത്ര്യം പോലും ഉപേക്ഷിച്ച് മറ്റുള്ളവരെ അസ്വതന്ത്രരാക്കുന്നതിൽ ആനന്ദിച്ചുപോരുന്ന ഇവരുടെ അരാഷ്ട്രീയതയെയാണ് ഏറെക്കാലമായി നാം കാമ്പസ് രാഷ്ട്രീയമെന്നു വിളിക്കുന്നത്.

വാസ്തവത്തിൽ ഈ സാഡിസത്തിന്റെയൊക്കെ ഉത്ഭവം ഉപകരണമാക്കപ്പെടലിന്റെ തുടർച്ചയിൽ സ്വാഭാവികമായി സംഭവിക്കുന്നതാണ്. കക്ഷിരാഷ്ട്രീയത്തിന്റെ ഏജൻസിപ്പണിയെടുക്കുന്ന അടിമക്കൈയുകളുടെ ജീവിതം എത്തിപ്പെടുന്ന ദുരന്തമാണിത്. അടിമകളുടെ ആനന്ദം അക്രമമായിത്തീരുന്നത് അവരുടെ കുറ്റമല്ല. അക്കാദമികമായോ ധൈഷണികമായോ മൗലികമായ ഉത്സാഹങ്ങളൊന്നുമില്ലാതെ, നിക്ഷിപ്തതാല്പര്യം, അതിനൊപ്പം ചേരാത്തവരെ ഒറ്റപ്പെടുത്തൽ, ഗൂഢാലോചന, വേട്ട തുടങ്ങിയ കലകളിൽ മാത്രം തല്പരരായ അദ്ധ്യാപക ട്രേഡ് യൂണിയനുകളുടെയും അതിന്റെ ബുദ്ധിജീവിപരിവേഷമുള്ള വ്യാജഭാഷകരുടെയും അടിമകളായി പ്രവർത്തിക്കാനുള്ള നിയോഗവും കൂടിയാകുമ്പോൾ വിദ്യാർത്ഥി സംഘടനകളുടെ അരാഷ്ട്രീയത പരിപൂർണ്ണമാകുന്നു. എന്നിട്ട്, തങ്ങളുടെ ശുദ്ധമായ സംഘടിത ഫാഷിസത്തിനുമേൽ രാഷ്ട്രീയം, ജനാധിപത്യം, സമത്വം, സാഹോദര്യം എന്നൊക്കെ വെറുതെ എഴുതിവെക്കുന്നു. വിളിച്ചുകൂവുന്നു. സ്വന്തം സ്വാതന്ത്ര്യം പോലും ഉപേക്ഷിച്ച് മറ്റുള്ളവരെ അസ്വതന്ത്രരാക്കുന്നതിൽ ആനന്ദിച്ചുപോരുന്ന ഇവരുടെ അരാഷ്ട്രീയതയെയാണ് ഏറെക്കാലമായി നാം കാമ്പസ് രാഷ്ട്രീയമെന്നു വിളിക്കുന്നത്. വയലൻസിലും സൈലൻസിലും വേരൂന്നിയ ഈ അർമ്മാദിക്കൽ- ആനന്ദ-അരാഷ്ട്രീയതയെ മറികടന്ന് കാമ്പസുകളിൽ സ്വതന്ത്രമായ രാഷ്ട്രീയം ഇനിയും തുടങ്ങേണ്ടിയാണിരിക്കുന്നത്. അതിനു മുന്നുപാധി സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യരാണ്, ആധുനികമായ ലോകാവബോധമാർജ്ജിച്ച്, ആന്തരികവൽക്കരിച്ച അടിമത്തങ്ങളെ കുടഞ്ഞെറിഞ്ഞുകളഞ്ഞ മനുഷ്യരാണ്, മൂല്യാന്വേഷികളായ മനുഷ്യർ, രാഷ്ട്രീയം ആലോചനയോടെ പഠിക്കുന്നവർ, സ്വാതന്ത്ര്യം പഠിച്ചറിയുന്ന വിദ്യാർത്ഥികൾ. അത്തരക്കാരുടെ സർഗ്ഗാത്മക യത്നങ്ങളാൽ കാമ്പസുകളിലെ രാഷ്ട്രീയവും രാഷ്ട്രീയസംഘടനകളും പുനർനിർവ്വചിക്കപ്പെടേണ്ടതുണ്ട്.

അർമ്മാദിക്കൽ- ആനന്ദ-അരാഷ്ട്രീയതയെ മറികടന്ന് കാമ്പസുകളിൽ സ്വതന്ത്രമായ രാഷ്ട്രീയം ഇനിയും തുടങ്ങേണ്ടിയാണിരിക്കുന്നത്.

എന്നാൽ ഒരു കാര്യം തറപ്പിച്ചു പറയാം - നടക്കില്ല. എന്തെന്നാൽ, രാഷ്ട്രീയകക്ഷികൾ വിദ്യാർത്ഥിസംഘടനകളുമായും അദ്ധ്യാപകസംഘടനകളുമായുമുള്ള ബന്ധം വിച്ഛേദിക്കുകയില്ല. പരാന്നഭോജികളായ അടിമസംഘങ്ങളാണ് അവയുടെ ശക്തി. മനുഷ്യർ സ്വതന്ത്രമായി ജീവിക്കുകയും ചിന്തിക്കുകയും പ്രവർത്തിക്കുന്നതും സഹിക്കാത്ത സംഘടിത മാഫിയകളായി കക്ഷികൾ മാറിയിരിക്കുന്നു. അതിന്റെ കീശപ്പതിപ്പുകളാണ് കാമ്പസുകളിലുള്ളത്. അവർ സ്വയം കുറ്റക്കാരല്ല.


സി.ജെ. ജോർജ്ജ്

കോഴിക്കോട്​ ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്​കർ മെ​മ്മോറിയൽ ഗവ. കോളജിൽ അസോസിയറ്റ്​ പ്രൊഫസർ ആയിരുന്നു. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി മൗലിക രചനകൾ. വാക്കിന്റെ സാമൂഹികശാസ്​ത്രം, ചിഹ്​നശാസ്​ത്രവും ഘടനാവാദവും, കുതിരക്കാൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments