വിദേശ സഹായത്തിൽ ഇരട്ട നീതി;
കേന്ദ്രത്തിന്റെ ദുരന്ത രാഷ്ട്രീയം

കേരളത്തിന് അർഹമായ ധനസഹായം അനുവദിക്കാതെയും അനുവദിച്ച തുകയിൽ നിന്ന് തിരികെ പണം ആവശ്യപ്പെട്ടും വിദേശ സഹായങ്ങൾ തടഞ്ഞും കേരളത്തെ വരിഞ്ഞു മുറുക്കുന്ന നരേന്ദ്ര മോദി സർക്കാറാണ് ഇപ്പോൾ ദുരന്തമൊന്നും സംഭവിക്കാതെ തന്നെ ദുരന്തസാധ്യത മാത്രം കണക്കിലെടുത്ത് മഹാരാഷ്ട്രക്ക് വിദേശ സഹായത്തിനുള്ള അനുമതി നൽകിയത്. ദുരന്തകാലങ്ങളിൽ കേരളത്തോട് കേന്ദ്രം തുടരുന്ന ഇരട്ടനീതിയുടെ ഏറ്റവും പുതിയ ഉദാഹരണം കൂടിയാണിത്.

News Desk

2018- ലെ പ്രളയം മുതലിങ്ങോട്ട് ദുരന്തകാലത്തെല്ലാം കേരളത്തോട് വലിയ അവഗണനയും സാമ്പത്തിക ഒറ്റപ്പെടുത്തലുമാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടായിട്ടുള്ളത്. 483 പേർ മരിച്ച, 14 പേരെ കാണാതായ, 50,000 കോടി രൂപയുടെ നഷ്ടമുണ്ടായ പ്രളയകാലത്ത് അതിജീവിക്കാൻ എല്ലാ വഴിയും അന്വേഷിച്ചപ്പോഴും വിദേശസഹായം തടഞ്ഞ് കേരളത്തെ ഒറ്റപ്പെടുത്തുകയായിരുന്നു കേന്ദ്ര സർക്കാർ. 2018- ൽ ചട്ടം പറഞ്ഞ് കേരളത്തിനുള്ള വിദേശ സഹായങ്ങൾ തടഞ്ഞ അതേ നരേന്ദ്ര മോദി സർക്കാർ തന്നെയാണ് ഏഴു വർഷങ്ങൾക്കിപ്പുറം മഹാരാഷ്ട്രക്ക് വിദേശസഹായം സ്വീകരിക്കാൻ അനുമതി നൽകിയിരിക്കുന്നത്. കേരളത്തോടും മഹാരാഷ്ട്രയോടും രണ്ടു തരം നീതി.

കേരളത്തിന് മാലി, ഖത്തർ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്യുകയും യു.എ.ഇ 700 കോടിയുടെ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ സഹായം സ്വീകരിക്കാനുള്ള അനുമതി ചോദിച്ചപ്പോൾ കേന്ദ്ര സർക്കാർ അത് തടയുകയായിരുന്നു.

എന്നാലിപ്പോൾ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. 2010- ലെ വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമാണ് ഇപ്പോൾ മഹാരാഷ്ട്രക്ക് കേന്ദ്രം അനുമതി ലഭിച്ചത്. ഇത് ആദ്യമായാണ് ഒരു സംസ്ഥാനത്തിന് കേന്ദ്രം ഇത്തരത്തിൽ എഫ്.സി.ആർ.എ ആക്ട് പ്രകാരം വിദേശ സഹായം സ്വീകരിക്കാൻ അനുമതി നൽകുന്നത്. The Foreign Contribution (Regulation) Act (FCRA) വഴിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിദേശ സഹായങ്ങളെ നിയന്ത്രിക്കുന്നത്. വിദേശ സഹായങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാവാതിരിക്കാനാണിത്.

483 പേർ മരിച്ച, 14 പേരെ കാണാതായ, 50,000 കോടി രൂപയുടെ നഷ്ടമുണ്ടായ 2018 പ്രളയകാലത്ത്  അതിജീവിക്കാൻ എല്ലാ വഴിയും അന്വേഷിച്ചപ്പോഴും വിദേശസഹായം തടഞ്ഞ് കേരളത്തെ ഒറ്റപ്പെടുത്തുകയായിരുന്നു കേന്ദ്ര സർക്കാർ.
483 പേർ മരിച്ച, 14 പേരെ കാണാതായ, 50,000 കോടി രൂപയുടെ നഷ്ടമുണ്ടായ 2018 പ്രളയകാലത്ത് അതിജീവിക്കാൻ എല്ലാ വഴിയും അന്വേഷിച്ചപ്പോഴും വിദേശസഹായം തടഞ്ഞ് കേരളത്തെ ഒറ്റപ്പെടുത്തുകയായിരുന്നു കേന്ദ്ര സർക്കാർ.

ഇനി മഹാരാഷ്ട്രക്ക് പ്രകൃതി ദുരന്തമോ വലിയ അപകടമോ ഭീകരാക്രമണമോ സംഭവിച്ചാലും വിദേശ സഹായം സ്വീകരിക്കാം. 2018- ൽ കേരളത്തിന് വിദേശ സഹായം തടഞ്ഞ ചട്ടങ്ങളൊന്നും മഹാരാഷ്ട്രയെ ബാധിക്കുന്നില്ല. ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് 2018- ൽ കേരളത്തിനുള്ള വിദേശ സഹായം തടഞ്ഞത്. ‘നിലവിലെ സാഹചര്യത്തിൽ ആഭ്യന്തര ശ്രമങ്ങളിലൂടെ തന്നെ പുനരധിവാസത്തിന് മാർഗങ്ങൾ കണ്ടെത്താനുള്ള ശേഷി രാജ്യത്തിനുണ്ട്’ എന്നായിരുന്നു അന്ന് കേന്ദ്രത്തിന്റെ ന്യായം.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഒരു നീതിയും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് മറ്റൊരു നീതിയുമെന്ന കേന്ദ്ര സർക്കാർ നിലപാടിനെ തുറന്നു കാട്ടുന്നതാണ് മഹാരാഷ്ട്രയോടും കേരളത്തോടുമുള്ള ഈ ഇരട്ട നിലപാട്. ഇതിനെതിരെ സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാലനടക്കം രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോഴും അല്ലാതെയും സംസ്ഥാനങ്ങളെ വേർതിരിച്ചു കാണരുതെന്നും മഹാരാഷ്ട്രക്ക് ലഭിച്ചത് ഇപ്പോൾ വിദേശ സഹായം നൽകാൻ അനുവദിച്ചത് നന്നായെന്നും ഇനിയും ദുരന്തങ്ങളിൽ സംസ്ഥാനങ്ങളോടുള്ള കേന്ദ്ര നിലപാടിൽ രാഷ്ട്രീയ വിവേചനം ഉണ്ടാവരുതെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

“മഹാരാഷ്ട്രക്ക് കേന്ദ്ര സർക്കാർ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നും സഹായം സ്വീകരിക്കാനുള്ള അനുമതി കൊടുത്തു. ഏതൊരു സംസ്ഥാനത്തിനും ദുരിതാവസ്ഥയിൽ സഹായം കിട്ടുന്നത് നല്ല കാര്യമാണ്. അതിന് അനുമതി കൊടുക്കുന്നതും നല്ല കാര്യമാണ്. പക്ഷെ രാഷ്ട്രീയ വിവേചനത്തോടെയാണ് ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് വ്യക്തമാകുന്നതും സംശയം തോന്നുതുമാണ് ഈ കാര്യത്തിലെ കേന്ദ്രത്തിന്റെ നിലപാട്. കേരളമാണ് ഈ കാര്യത്തിൽ ലോകത്താകെ നിന്നും സംഭാവനകൾ ലഭിക്കുന്നതിനായി സാധ്യതയുള്ള ഘട്ടത്തിൽ വിദേശ സഹായം സ്വീകരിക്കാൻ അനുമതി ചോദിച്ചത്. കേരളത്തിന് പ്രളയകാലത്ത് അനുവാദം തരാനായി തയ്യാറായില്ല. പക്ഷെ ഇപ്പോൾ മഹാരാഷ്ട്രക്ക് കൊടുത്തു. രാഷ്ട്രീയമായി മഹാരാഷ്ട്രയിലെ സർക്കാർ കേന്ദ്രം ഭരിക്കുന്ന സർക്കാരുമായി ചേർന്നു നിൽക്കുന്നത് കൊണ്ടാണോ ഈ അനുമതി എന്ന് സ്വാഭാവികമായും തോന്നും. കേന്ദ്രത്തിന്റെ ഈ നിലപാട് ഫെഡറലിസത്തെ സഹായിക്കുന്നതല്ല. പ്രത്യേകിച്ച് വളരെ വലിയ ദുരന്തം സംഭവിക്കുന്ന സമയത്തും സംസ്ഥാനങ്ങളെ വ്യത്യസ്തമായി കാണുന്ന സമീപനമുണ്ടെന്ന് കേരളത്തിന് തോന്നിയാൽ അല്ലെങ്കിൽ മറ്റൊരു സംസ്ഥാനത്തിന് തോന്നിയാൽ അത്ഭുതമില്ല. മാനദണ്ഡങ്ങൾ ദുരന്തമാകാതെ രാഷ്ട്രീയമാകുന്നത് ഭരണാധികാരികൾക്കും കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തിനും ചേർന്നതല്ല.” - കെ.എൻ ബാലഗോപാൽ പറഞ്ഞു.

ധനമന്ത്രി കെ.എൻ ബാലഗോപാൽ
ധനമന്ത്രി കെ.എൻ ബാലഗോപാൽ

എല്ലാ ദുരന്തകാലത്തും കേരളത്തോട് കേന്ദ്രം കാണിച്ചിരുന്നത് കടുത്ത വിവേചനമാണ്. 2018 ലെ പ്രളയത്തെയും 2024 ലെ വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിനെയും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ല. ദുരന്ത സമയത്ത് അടിയന്തര ധനസഹായം നൽകാതിരിക്കുകയും നൽകിയതിൽ നിന്ന് പണം തിരിച്ചു പിടിക്കുകയും ചെയ്തു.

2018 ലെ പ്രളയ സമയത്ത് 5616 കോടിയുടെ സാമ്പത്തിക സഹായമായിരുന്നു കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പ്രളയ സമയത്ത് ആകെ 100 കോടി രൂപയാണ് അനുവദിച്ചത്. പിന്നീട് 2905.85 കോടി അധിക സഹായമായി അനുവദിച്ചു. ആകെ 3004.85 കോടി. ഇതിൽ 2018 ലെ പ്രളയകാലത്ത് തന്നെ സഹായമായി നൽകിയ അരിയയുടെ വിലയായി 205.81 കോടി രൂപ കേന്ദ്രം തിരികെ ചോദിക്കുകയും ചെയ്തു. പ്രളയ ദുരിതാശ്വാസത്തിനായി ഉപയോഗിച്ച ഹെലികോപ്റ്ററിന് വാടക ചോദിച്ചും ദുരിതാശ്വാസത്തിന് പണം കണ്ടെത്താൻ മന്ത്രിമാർക്ക് വിദേശത്ത് പോകാൻ അനുമതി നിഷേധിച്ചും കേന്ദ്ര സർക്കാർ ദുരന്തകാലത്ത് കേരളത്തെ പൂർണമായും അവഗണിച്ചു. 33.79 കോടിയാണ് 2018 ലെ പ്രളയ കാലത്ത് എയർലിഫ്റ്റിങിനു മാത്രം ചെലവായത്.

വയനാട് ദുരന്തത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും കേരളം ഇടം പിടിച്ചിരുന്നില്ല. തുടർന്ന് വയനാട് ദുരന്തത്തിൽ ധനസഹായത്തിനു പകരം 530 കോടിയുടെ വായ്പ അനുവദിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരുന്നത്.

2019- ലെ പ്രളയത്തിലും കേരളത്തിന് കേന്ദ്ര സഹായം ലഭിച്ചിരുന്നില്ല. 2019 ൽ കേരളം ഒഴികെയുള്ള ഏഴ സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 5908.56 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു. ഹിമാചൽ പ്രദേശിന് 284.93 കോടി, അസമിന് 616.63 കോടി , കർണാടകത്തിന് 1869.85 കോടി, മധ്യപ്രദേശിന് 1749.73 കോടി, മഹാരാഷ്ട്രക്ക് 956.93 കോടി, ത്രിപുരക്ക് 63.32 കോടി , ഉത്തർപ്രദേശിന് 367.17 കോടി എന്നിങ്ങനെയാണ് അന്ന് കേന്ദ്രം സഹായം അനുവദിച്ചത്. പ്രളയവും മണ്ണിടിച്ചിലും മേഘവിസ്‌ഫോടനവും കാരണം ഈ സംസ്ഥാനങ്ങൾ നേരിട്ട ദുരന്തങ്ങൾക്കാണ് കേന്ദ്രം സഹായം അനുവദിച്ചത്. 2019 ലെ പ്രളയത്തിൽ നാശനഷ്ടങ്ങളുടെ കണക്ക് ഉൾപ്പെടുത്തി 2101 കോടി ആവശ്യപ്പെട്ടിരുന്നെങ്കിലും സഹായങ്ങളൊന്നും തന്നെ ലഭിച്ചിരുന്നില്ല.

2024 ജൂലൈ 30 നു ഉണ്ടായ കേരളത്തിലെ എന്നല്ല രാജ്യത്തിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ ദുരന്തമായ വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം ഒക്ടോബറിൽ പ്രളയകെടുതി സംഭവിച്ച 14 സംസ്ഥാനങ്ങൾക്ക് 5858.60 കോടി അനുവദിച്ചപ്പോഴും കേരളത്തിന് ലഭിച്ചത് ആകെ 145.60 കോടി മാത്രമാണ്. അത് തന്നെ ദുരന്തമുണ്ടായാലും ഇല്ലെങ്കിലും ഓരോ വർഷവും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകേണ്ട വിഹിതവുമാണ്. മഹാരാഷ്ട്ര - 1492 കോടി, ആന്ധ്ര - 1032 കോടി, അസം - 716 കോടി, ബിഹാർ - 655 കോടി എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങൾക്ക് 2024-25 സാമ്പത്തിക വര്‍ഷം കേന്ദ്രം അനുവദിച്ചത്.

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം ഒക്ടോബറിൽ പ്രളയകെടുതി സംഭവിച്ച 14 സംസ്ഥാനങ്ങൾക്ക് 5858.60 കോടി അനുവദിച്ചപ്പോഴും കേരളത്തിന് ലഭിച്ചത് ആകെ 145.60 കോടി മാത്രമാണ്.
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം ഒക്ടോബറിൽ പ്രളയകെടുതി സംഭവിച്ച 14 സംസ്ഥാനങ്ങൾക്ക് 5858.60 കോടി അനുവദിച്ചപ്പോഴും കേരളത്തിന് ലഭിച്ചത് ആകെ 145.60 കോടി മാത്രമാണ്.

പിന്നീട് 2006 മുതൽ 2024 വരെയുള്ള 18 വർഷം എയർലിഫ്റ്റിങിന് ചിലവായ 132.62 കോടി രൂപ തിരിച്ചടക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 2024 ഒക്ടോബറിലാണ് 18 വർഷത്തെ മുഴുവൻ തുകയും ആവശ്യപ്പെട്ട് കേന്ദ്രം കത്തയച്ചത്. ദുരന്തഭൂമിയിൽ രാജ്യത്തെ ജനങ്ങളെ രക്ഷിച്ചതിനുള്ള ചെലവാണ് കേന്ദ്ര സർക്കാർ കേരളത്തോട് തിരിച്ചടക്കാൻ ആവശ്യപ്പെട്ടത്. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ രക്ഷാദൗത്യത്തിനടക്കം ചെലവായ തുകയാണ് യാതൊരു ദയയുമില്ലാതെ കേന്ദ്രം തിരികെ ചോദിക്കുന്നത്. വയനാട് ദുരന്തത്തിൽ ആകെ 69,65,46,417 രൂപയാണ് കേന്ദ്രം തിരികെ ചോദിച്ചത്. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയുടെയും ചതിയുടെയും നേർചിത്രമായിരുന്നു 2024 ജൂലൈ 30 ന് വയനാട് മുണ്ടക്കൈയിൽ സംഭവിച്ച ഉരുൾപൊട്ടൽ. ദുരന്തത്തിൽ കേരളത്തിനും ഒരു രൂപ പോലും ധനസഹായം നൽകാതെയാണ് കേന്ദ്ര സർക്കാരിന്റെ ഈ പിടിച്ചുപറി നടക്കുന്നത്. വയനാട് ദുരന്തസമയത്ത് അടിയന്തര സഹായമായി ചോദിച്ച 2000 കോടിക്ക് പകരം എസ്.ഡി.ആർ.എഫിൽ നിന്ന് പണം ചിലവഴിക്കാൻ പറയുകയായിരുന്നു കേന്ദ്രം ചെയ്തത്.

ദുരന്തമുണ്ടായാലും ഇല്ലെങ്കിലും സംസ്ഥാനങ്ങൾക്ക് നൽകേണ്ട, ദുരന്തമുണ്ടാകുമ്പോൾ വേഗത്തിൽ നൽകിയിരുന്ന തുകയാണ് എൻ.ഡി.ആർ.എഫ് ഫണ്ട്. ഇത് പൂർണമായും കേന്ദ്രമാണ് നൽകുന്നത്. സാധാരണ നിലയിൽ സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട വിഹിതമാണ് എസ്.ഡി.ആർ.എഫ്. എസ്.ഡി.ആർ.എഫിൽ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. അതായത് ദുരന്തമുണ്ടായാലും ഇല്ലെങ്കിലും സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട തുകയിൽ നിന്നും പണം ചിലവഴിക്കാനാണ് വയനാട് ദുരന്ത കാലത്തും കേരളത്തോട് കേന്ദ്രം പറഞ്ഞത്. ത്രിപുരയിൽ മഴക്കെടുതിയുണ്ടായപ്പോൾ ത്രിപുരയ്ക്ക് 40 കോടി രൂപയും പ്രളയമുണ്ടായ ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കും 3448 കോടി രൂപയും ദുരന്തം സംഭവിക്കുന്നതിന് മുമ്പ് തന്നെ മുൻകരുതലായി ബിഹാറിന് 11500 കോടി രൂപയും സഹായമായി പ്രഖ്യാപിച്ച അതേ കേന്ദ്ര സർക്കാരാണ് കേരളത്തിനോട് ഇങ്ങനെ വലിയ അവഗണന കാണിക്കുന്നത്.

വയനാട് ദുരന്തത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും കേരളം ഇടം പിടിച്ചിരുന്നില്ല. തുടർന്ന് വയനാട് ദുരന്തത്തിൽ ധനസഹായത്തിനു പകരം 530 കോടിയുടെ വായ്പ അനുവദിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരുന്നത്. അതും എങ്ങും കേട്ടിട്ടില്ലാത്ത കടുത്ത ഉപാധികളോടെ. ആവശ്യത്തിന് ധനസഹായം അനുവദിക്കാതെയും അനുവദിച്ച തുകയിൽ നിന്ന് തിരികെ പണം ആവശ്യപ്പെട്ടും വിദേശ സഹായങ്ങൾ തടഞ്ഞും കേരളത്തെ വരിഞ്ഞു മുറുക്കുന്ന നരേന്ദ്ര മോദി സർക്കാറാണ് ഇപ്പോൾ ദുരന്തമൊന്നും സംഭവിക്കാതെ തന്നെ ദുരന്തസാധ്യത മാത്രം കണക്കിലെടുത്ത് മഹാരാഷ്ട്രക്ക് വിദേശ സഹായത്തിനുള്ള അനുമതി നൽകിയത്. സംസ്ഥാനങ്ങളെ വിവേചനത്തോടെ മാത്രം നോക്കി കാണുന്ന, ഫെഡറൽ സംവിധാനങ്ങളെയാകെ തകിടം മറിക്കുന്ന കേന്ദ്ര നിലപാട് മഹാരാഷ്ട്രക്ക് വിദേശ സഹായത്തിന് അനുമതി നൽകിയ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുന്നുണ്ട്.

ഇത് കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയം, കേന്ദ്രത്തിന്റെ കൊടുംചതി

Comments