വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

എസ്.ഡി.ആർ.എഫ് (State Disaster Response Force) ചട്ട പ്രകാരം നോട്ടിഫൈ ചെയ്ത 12 ദുരന്തങ്ങളിൽ ഒന്നാണ് മിന്നൽ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകേണ്ടതെന്നും കേന്ദ്ര സർക്കാർ.

News Desk

യനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി സംസ്ഥാനത്തെ അറിയിച്ചത്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെ.വി തോമസ് സമർപ്പിച്ച കത്തിന് മറുപടിയായിട്ടാണ് കേന്ദ്രം നിലപാടറിയിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റേതാണെന്നും എസ്.ഡി.ആർ.എഫ് (State Disaster Response Force) ചട്ട പ്രകാരം നോട്ടിഫൈ ചെയ്ത 12 ദുരന്തങ്ങളിൽ ഒന്നാണ് മിന്നൽ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാ സാമ്പത്തിക സഹായവും നൽകേണ്ടതെന്നും കത്തിലുണ്ട്.

നിലവിൽ എസ്.ഡി.ആർ.എഫ് അനുസരിച്ചുള്ള ദുരന്തം എൻ.ഡി.ആർ.എഫ് (National Disaster Response Force) ചട്ടപ്രകാരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡമില്ലെന്ന് കെ.വി. തോമസിനുള്ള കത്തിൽ കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് എസ്.ഡി.ആർ.എഫ് പ്രവർത്തനങ്ങൾക്കായി 388 കോടി രൂപ നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചിട്ടുണ്ടെന്നും ഇതിൽ 291 കോടി കേന്ദ്ര സർക്കാരിന്റെ ഫണ്ടിൽ നിന്നുള്ളതാണെന്നും ഇതിൽ ആദ്യ ഗഡുവായ 145 കോടി രൂപ ഓഗസ്റ്റ് 31 ന് സംസ്ഥാനത്തിന് നൽകിയിരുന്നെന്നും കത്തിലുണ്ട്. കേരളത്തിന്റെ അക്കൗണ്ടന്റ് ജനറൽ സംസ്ഥാനത്തിന്റെ കൈയിൽ ദുരന്തനിവാരണ ഫണ്ടിന്റെ നീക്കിയിരിപ്പായി 394.99 കോടി രൂപ ഉണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതിനാൽ ആവശ്യത്തിന് ഫണ്ട് കേരളത്തിന്റെ പക്കലുണ്ട് എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

വയനാട്ടിലെ ദുരന്ത മേഖല സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി
വയനാട്ടിലെ ദുരന്ത മേഖല സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി

ദുരന്തമുണ്ടായി പതിനൊന്നാം ദിനം വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആശുപത്രിയിലെത്തി ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ നേരിൽ കണ്ട് അവർ ഒറ്റക്കല്ലെന്നും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ എല്ലാ സഹായവും നൽകുമെന്നും കേന്ദ്രം ഒപ്പമുണ്ടെന്നുമൊക്കെ ഉറപ്പുകൾ നൽകിയിരുന്നു.എന്നാൽ, സാങ്കേതികത്വങ്ങളിൽ കുരുക്കി കേന്ദ്രം കേരളത്തെ വീർപ്പുമുട്ടിക്കുകയാണിപ്പോൾ. ദുരിതബാധിതരായവരിൽ ഭൂരിഭാഗവും ഇപ്പോഴും വാടകവീടുകളിൽ സാമ്പത്തിക പ്രതിസന്ധികളിൽ കുരുങ്ങി ജീവിക്കുകയാണ്.

1200 കോടി രൂപയുടെ നഷ്ടം കണക്കാക്കി കേന്ദ സഹായത്തിന് കേരളം നിവേദനം നൽകിയെങ്കിലും സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് (എസ്.ഡി.ആർ.എഫ്) ലഭിക്കേണ്ട 291.20 കോടി രൂപ നേരത്തെ കൈമാറുക മാത്രമാണ് ചെയ്തത്. ഈ ഫണ്ട് പ്രത്യേക പാക്കേജിൽ പെടുന്നതുമല്ല. എസ്.ഡി.ആർ.എഫിൽ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. കേരളത്തിന് ലഭിക്കേണ്ട 388 കോടി രൂപയിൽ കേന്ദ്ര വിഹിതമായ 291 കോടി രൂപ മാത്രമാണ് ഇപ്പോൾ കിട്ടിയിട്ടുള്ളത്.

കിട്ടാത്ത കേന്ദ്ര സഹായം, എഴുതിത്തള്ളാത്ത വായ്പ, വിട്ടുകൊടുക്കാത്ത ഭൂമി, കാണാമറയത്തെ 47 പേർ; നീതിനിഷേധത്തിന്റെ 100 വയനാടൻ ദിനങ്ങൾ

Comments