photo: Prasoon Kiran

കിട്ടാത്ത കേന്ദ്ര സഹായം, എഴുതിത്തള്ളാത്ത വായ്പ, വിട്ടുകൊടുക്കാത്ത ഭൂമി, കാണാമറയത്തെ 47 പേർ; നീതിനിഷേധത്തിന്റെ 100 വയനാടൻ ദിനങ്ങൾ

അനവധി നീതിനിഷേധങ്ങളുടെ ഇടയിലാണ് വയനാട്ടിലെ ദുരന്തബാധിതർ. അവകാശപ്പെട്ട കേന്ദ്ര സഹായം നീളുന്നു. സർവതും നഷ്ടമായവരുടെ തുച്ഛമായ വായ്പകൾ എഴുതിത്തള്ളുന്നതിൽ ബാങ്കുകൾ ഒളിച്ചുകളിക്കുന്നു. സർക്കാർ തീരുമാനിച്ച ടൗൺഷിപ്പിന് ഭൂമി വിട്ടുകൊടുക്കില്ലെന്ന ക്രൂര നിലപാടിലാണ് തോട്ടമുടമകൾ. മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന് 100 ദിവസം തികയുമ്പോഴും, ദുരിതം ആ മനുഷ്യരെ വേട്ടയാടുക തന്നെയാണ്.

News Desk

യനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് 100 ദിവസം തികയുമ്പോൾ, ബാക്കിയാകുന്നത് എന്തെല്ലാമാണ്? അതിജീവിച്ചവരുടെ ആശങ്കകൾക്ക് പരിഹാരമായോ? കേരളം ഒന്നാകെനിന്ന് നടത്തിയ ദുരിതാശ്വാസപ്രവർത്തനത്തിന് പുറകേ, പുനരധിവാസം എന്ന അടുത്ത ഘട്ടം എവിടെവരെയെത്തി?

നിരവധി ചോദ്യങ്ങളും ആശങ്കകളും ബാക്കിയാണ് ഇപ്പോഴും ദുരന്തമേഖലയിൽ. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നു എന്ന പ്രാധാന്യവും ഇപ്പോൾ വയനാടിനുണ്ട്.

  • 401 പേർ മരിക്കുകയും 47 പേരെ കാണാതാകുകയും ചെയ്തു. ദുരിതബാധിതരുടെ എണ്ണം 3000-ലേറെ.

  • ജൂലൈ 30ന് പുലർച്ചെ മുണ്ടക്കൈ പുഞ്ചിരിമട്ടം ഭാഗത്ത് ഉരുൾപൊട്ടി മൂന്ന് ഗ്രാമങ്ങൾ നാമാവശേഷമായി. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ 5.72 ദശലക്ഷം ഘന മീറ്റർ അവശിഷ്ടങ്ങൾ, 32 മീറ്റർ വരെ ഉയരത്തിലാണ് ഒഴുകിയെത്തി.

  • 145 വീടുകൾ പൂർണ്ണമായും 170 എണ്ണം ഭാഗികമായും തകർന്നുവെന്നാണ് ഔദ്യോഗിക കണക്ക്. 240 വീടുകൾ വാസയോഗ്യമല്ലാതായി. 183 വീടുകൾ ഒഴുകിപ്പോയി. ആയിരത്തിലേറെ വീടുകൾ തകർന്നു. ചൂരൽമല, മുണ്ടക്കൈ ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങൾ നശിച്ചു. മുണ്ടക്കൈ, വെള്ളാർമല സ്‌കൂളുകൾ ഒലിച്ചുപോയി. ഈ സ്‌കൂളുകൾ മേപ്പാടിയിൽ താൽക്കാലികമായി പ്രവർത്തനം തുടങ്ങി. കടകൾ, ജീവനോപാധികൾ, വാഹനങ്ങൾ, കൃഷി, വളർത്തുമൃഗങ്ങൾ എന്നിവയെല്ലാം ചേർന്ന് 1,200 കോടി രൂപയുടെ നഷ്ടം.

  • താൽക്കാലിക പുനരധിവാസം മാത്രമാണ് പൂർത്തിയായത്. സ്ഥിരം പുനരധിവാസത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം.

  • ഇതുവരെ 981 വീടുകൾക്ക് സ്​പോൺസർമാരായിട്ടുണ്ട്.

  • സർക്കാർ നിർമിക്കാനുദ്ദേശിക്കുന്ന ടൗൺഷിപ്പിൽ ആശുപത്രി, സ്കൂൾ തുടങ്ങിയവക്കും സ്​പോൺസർമാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇനിയും കിട്ടാത്ത കേന്ദ്രസഹായം

വയനാട് നേരിടുന്ന ഏറ്റവും ക്രൂരമായ നീതിനിഷേധം കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്നാണ്. ദുരന്തമുണ്ടായി പതിനൊന്നാം ദിനം വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആശുപത്രിയിലും ദുരിതാശ്വാസ ക്യാമ്പിലുമെത്തി ദുരിതബാധിതരെ കണ്ടു, അവർ ഒറ്റക്കല്ലെന്നും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ എല്ലാ സഹായവും നൽകുമെന്നും കേന്ദ്രം ഒപ്പമുണ്ടെന്നുമൊക്കെ ഉറപ്പുകൾ നൽകി തിരിച്ചുപോയി. എന്നാൽ, സാങ്കേതികത്വങ്ങളിൽ കുരുക്കി കേന്ദ്രം കേരളത്തെ വീർപ്പുമുട്ടിക്കുകയാണ്.

Read: വയനാട് പുനരധിവാസം; ഭൂമി ഏറ്റെടുക്കൽ താൽക്കാലികമായി തടഞ്ഞ് ഹെെക്കോടതി, പ്രഖ്യാപിച്ച ഭൂമിയിൽ ടൗൺഷിപ്പിന് രൂപരേഖയുമായി സർക്കാർ

ധനസഹായത്തെക്കുറിച്ച് തീരുമാനിക്കാനുള്ള യോഗം സപ്തബർ 20-നായിരുന്നു. തീരുമാനം വരാൻ മൂന്നു മാസമെടുക്കുമെന്നാണ് കേന്ദ്രം അന്ന് പറഞ്ഞത്.

ദുരന്തമുണ്ടായി പതിനൊന്നാം ദിനം വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സഹായവും നൽകുമെന്നും കേന്ദ്രം ഒപ്പമുണ്ടെന്നുമൊക്കെ ഉറപ്പുകൾ നൽകി തിരിച്ചുപോയി.
ദുരന്തമുണ്ടായി പതിനൊന്നാം ദിനം വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സഹായവും നൽകുമെന്നും കേന്ദ്രം ഒപ്പമുണ്ടെന്നുമൊക്കെ ഉറപ്പുകൾ നൽകി തിരിച്ചുപോയി.

1200 കോടി രൂപയുടെ നഷ്ടം കണക്കാക്കി കേന്ദ സഹായത്തിന് കേരളം നിവേദനം നൽകിയെങ്കിലും സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് (എസ്.ഡി.ആർ.എഫ്) ലഭിക്കേണ്ട 291.20 കോടി രൂപ നേരത്തെ കൈമാറുക മാത്രമാണ് ചെയ്തത്. ഈ ഫണ്ട് പ്രത്യേക പാക്കേജിൽ പെടുന്നതല്ല. എസ്.ഡി.ആർ.എഫിൽ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. കേരളത്തിന് ലഭിക്കേണ്ട 388 കോടി രൂപയിൽ കേന്ദ്ര വിഹിതമായ 291 കോടി രൂപയാണ് ഇപ്പോൾ കിട്ടിയത്.

Read: കടം എഴുതിത്തള്ളാൻ വൈകുന്നതെന്ത്?,
ആശങ്കയിലാണ് മുണ്ടക്കൈ ദുരിതബാധിതർ

ഭൂമി നിഷേധിച്ച് തോട്ടമുടമകൾ

പുനരധിവാസത്തിന് സംസ്ഥാന സർക്കാർ ടൗൺഷിപ്പിന് രൂപരേഖ തയാറാക്കുകയും ഭൂമി ഏറ്റെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇവിടെ താമസിക്കേണ്ടവരുടെ പ്രാഥമിക ഗുണഭോക്തൃ ലിസ്റ്റും തയാറായി.
കിഫ്ബിയുടെ കീഴിലുള്ള 'കിഫ്‌കോൺ കൺസൽട്ടൻസി' തയാറാക്കിയ രൂപരേഖയിൽ, രണ്ടു ടൗൺഷിപ്പിലായി അഞ്ഞൂറോളം വീടുകൾ, ആശുപത്രി, സ്‌കൂൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, റോഡുകൾ, വിനോദകേന്ദ്രങ്ങൾ, കളിസ്ഥലം തുടങ്ങിയവയുണ്ടാവും. ദുരന്തബാധിതരുടെ അഭിപ്രായംകൂടി പരിഗണിച്ച് ഒലിച്ചുപോയ രണ്ട് സ്കൂളുകളും നിർമിക്കും.

ടൗൺഷിപ്പിന് യോജിച്ച മറ്റു സ്ഥലങ്ങളുണ്ടെന്നും തങ്ങൾക്കും ഉരുൾപൊട്ടലിൽ വലിയ നഷ്ടമുണ്ടായിട്ടുണ്ട് എന്നുമാണ് ഹാരിസൺസ് മലയാളത്തിന്റെ വാദം.
ടൗൺഷിപ്പിന് യോജിച്ച മറ്റു സ്ഥലങ്ങളുണ്ടെന്നും തങ്ങൾക്കും ഉരുൾപൊട്ടലിൽ വലിയ നഷ്ടമുണ്ടായിട്ടുണ്ട് എന്നുമാണ് ഹാരിസൺസ് മലയാളത്തിന്റെ വാദം.

മേപ്പാടി പഞ്ചായത്തിലെ ഹാരിസൺ മലയാളത്തിന്റെ ഉടമസ്ഥയിലുള്ള അരപ്പറ്റ എസ്റ്റേറ്റിലെ നെടുമ്പാല ഡിവിഷനിൽ 65.41 ഹെക്ടറും കൽപറ്റ നഗരസഭയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ 78.73 ഹെക്ടറുമാണ് മോഡൽ ടൗൺഷിപ്പിന് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാംഘട്ടമായും വാസയോഗ്യമല്ലാതായിത്തീർന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റു കുടുംബങ്ങളെ രണ്ടാംഘട്ടമായും പുനരധിവസിപ്പിക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ, ഭൂമി വിട്ടുകൊടുക്കാൻ തോട്ടമുടമകൾ വിസമ്മതിച്ചു. ടൗൺഷിപ്പിന് യോജിച്ച മറ്റു സ്ഥലങ്ങളുണ്ടെന്നും തങ്ങൾക്കും ഉരുൾപൊട്ടലിൽ വലിയ നഷ്ടമുണ്ടായിട്ടുണ്ട് എന്നുമാണ് ഹാരിസൺസ് മലയാളത്തിന്റെ വാദം. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരമാണ് എൽസ്റ്റോൺ എസ്റ്റേറ്റിന്റെ ആവശ്യം. ഹൈക്കോടതിയുടെ അനുകൂല തീരുമാനത്തിന് കാത്തിരിക്കുകയാണ് സർക്കാർ.

എഴുതിത്തള്ളാത്ത കടങ്ങൾ

കടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യത്തോട് മുഖംതിരിച്ചുനിൽക്കുകയാണ് പൊതുമേഖലാ- സ്വകാര്യ ബാങ്കുകൾ. 12 ബാങ്കുകളിൽ നിന്ന് 35.12 കോടി രൂപയാണ് വായ്പ. കൂടുതൽ വായ്പ നൽകിയത് ഗ്രാമീൺ ബാങ്കാണ്. കാർഷിക വായ്പയായി 19.81 കോടിയും ചെറുകിട സംരഭങ്ങൾക്കായി 3.4 കോടിയും. ഭവനവായ്പ, സ്വർണ പണയ വായ്പ, കാർഷിക വായ്പ, വാഹനവായ്പ, എസ്.എച്ച്.ജി വായ്പകൾ, മുദ്ര ഉൾപ്പെടെയുള്ള എം.എസ്.എം.ഇ വായ്പകൾ തുടങ്ങിയവയാണ് മറ്റ് വായ്പകൾ.
മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ നടന്ന സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗത്തിൽ, വായ്പകൾക്ക് ഒരു വർഷത്തെ മോറിട്ടോറിയം പ്രഖ്യാപിക്കുകയാണുണ്ടായത്. എന്നാൽ, കടം മുഴുവനായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കപ്പെട്ടില്ല.

കനറാ ബാങ്ക് തീരുമാനിച്ചാൽ വായ്പയുടെ വലിയൊരു ശതമാനം എഴുതിത്തള്ളാം.
കനറാ ബാങ്ക് തീരുമാനിച്ചാൽ വായ്പയുടെ വലിയൊരു ശതമാനം എഴുതിത്തള്ളാം.

കനറാബാങ്കാണ് ഗ്രാമീൺ ബാങ്കിന്റെ സ്‌പോൺസർ ബാങ്ക്. കനറാ ബാങ്ക് തീരുമാനിച്ചാൽ വായ്പയുടെ വലിയൊരു ശതമാനം എഴുതിത്തള്ളാം. എന്നാൽ, ഇപ്പോൾ എന്താണ് നടക്കുന്നത്?

Watch: അടിമച്ചെരിവിലെ തോട്ടപ്പണിക്കാർ

ദുരന്തബാധിതരുടെ ബാങ്ക് ലോൺ ഡാറ്റ റി - സ്ട്രെക്ച്ചർ ചെയ്യാനെന്നു പറഞ്ഞ് ഒക്ടോബർ 23-ന് പ്രത്യേക ക്യാമ്പ് നടന്നു. വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്യാമ്പിലേക്ക് ദുരിതബാധിതകർ എത്തിയത്. ക്യാമ്പിൽ 1170 അപേക്ഷകളാണ് ലഭിച്ചത്. 1100-ഓളം പേർ പങ്കെടുത്തു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും അധികൃതർ നൽകിയില്ല. കടം എഴുതിത്തള്ളുന്നത് നടക്കാത്ത സ്വപ്നമായി അവശേഷി​ക്കുമോ എന്നാണ് ഈ മനുഷ്യരുടെ ഭയം.

മണ്ണിനടിയിലെ 47 പേർ

ദുരന്തത്തിൽ കാണാതായ 47 പേർ തീരാവേദനയാണ്. മുഴുവൻ പേരെയും ക​ണ്ടെത്തുന്നതുവരെ തുടരുന്നതിനുപകരം തെരച്ചിൽ സർക്കാർ കാരണമൊന്നുമില്ലാതെ അവസാനിപ്പിക്കുകയായിരുന്നു. തെരച്ചിൽ ഔദ്യേഗികമായി നിർത്തിവച്ചിട്ടില്ല എന്ന ന്യായം പറഞ്ഞ് ഒഴിയുകയാണ് സർക്കാർ. നിരവധി പേരുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ ആനടിക്കാപ്പ്, സൂചിപ്പാറ മേഖലയിൽ തെരച്ചിൽ നടത്തിയാൽ കൂടുതൽ പേരെക്കുറിച്ച് വിവരം കിട്ടുമെന്ന് പ്രദേശവാസികൾ പറയുന്നു. നാട്ടുകാരുടെ സഹായത്തോടെ തെരഞ്ഞാൽ ഫലമുണ്ടാകുമെന്നാണ് സൂചന. തെരച്ചിൽ പുനരാരംഭിക്കണമെന്ന് രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ ജനകീയ തെര​ച്ചിൽ നടത്തുമെന്ന് പ്രാദേശിക കൂട്ടായ്മകളും സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Read: പുത്തുമലയിൽ നാലു കുടുംബങ്ങളുടെ ജീവിതം മുട്ടിച്ച് സർക്കാർ ചുവപ്പുനാട

Comments