കാലാവസ്ഥാമാറ്റവും
നിർമിതബുദ്ധിയും;
മലയാളി വേവലാതികളെന്ന
നിലയിൽ

21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 2

ന്ത്രോപോസീൻ (Anthropocene) എന്ന ഭൂചരിത്രയുഗം ആരംഭിക്കുന്നത് 2000 മുതൽക്കാണ്. കാലാവസ്ഥാ ശാസ്ത്രജ്ഞൻ പോൾ ക്രുറ്റ്സനാണ് ഭൂമിയിൽ മാനുഷിക ഇടപെടലുകളുടെ ഫലമായി സംഭവിച്ച ഗുരുതര പ്രത്യാഘാതങ്ങളെ സൂചിപ്പിക്കാൻ ഈ പരികല്പന ആദ്യമായി ഉപയോഗിച്ചത്. പോൾ ക്രുറ്റ്സന് നോബൽ സമ്മാനം ലഭിച്ചത് ക്ലോറോഫ്ലൂറോ കാർബൻ അന്തരീക്ഷത്തെ സംരക്ഷിക്കുന്ന ഓസോൺ പാളിയ്ക്ക് കേടുപാട് വരുത്തിയതിനെക്കുറിച്ചുള്ള ഗവേഷണ പഠനത്തിനാണ്.

2000- ൽ നടന്നൊരു സമ്മേളനത്തിൽ, അതുവരെ ഭൂചരിത്രഘട്ടത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന "ഹോളോസീൻ" (Holocene) എന്ന പ്രയോഗത്തിന്റെ അപ്രധാന്യത്തെക്കുറിച്ചു വ്യക്തമാക്കാൻ പോൾ ക്രുറ്റ്സൻ ഉറക്കെ വിളിച്ചുപറഞ്ഞു: നമ്മൾ ഹോളോസീൻ കാലത്തിലല്ല ജീവിക്കുന്നത്, നരവംശയുഗത്തിലാണ്.

2002- ൽ പോൾ ക്രുറ്റ്‌സൺ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ വ്യക്തമാക്കിയത്, ഫോസിൽ ഇന്ധനങ്ങളുടെ വൻതോതിലുള്ള കത്തിക്കൽ സമതല കാലാവസ്ഥാവ്യവസ്ഥയിൽ പരിവർത്തനം വരുത്തുംവിധം വ്യാപക ഭീഷണിയുയർത്തുന്നു എന്നാണ്. രണ്ടു നൂറ്റാണ്ടുകളിലൂടെയാണ് ഇത് സംഭവച്ചിത്. ജെയിംസ് വാട്ട്സിന്റെ ആവി എൻജിന്റെ കണ്ടുപിടുത്തതോടെ കൽക്കരി കത്തിക്കുന്നത് വ്യാപകമായി. ആവി എൻജിൻ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ മൂലധനവ്യവസ്ഥ നിലവിൽ വരുമായിരുന്നില്ല എന്ന മാർക്സിന്റെ നീരീക്ഷണം ഓർക്കാം.

മുതലാളിത്തത്തിന്റെ ആഗോളവ്യാപനവും അത് ഗതിവേഗതയ്ക്ക് (acceleration) നൽകിയ പ്രാധാന്യവുമാണ് ആഗോള താപനിലയുടെ ക്രമാതീതമായ ഉയർച്ചയ്ക്ക് കാരണം. ഇതാണ് മുതലാളിത്തം നരവംശയുഗത്തിന്റെ പിറവിക്ക് നിദാനമായി എന്നു പറയുന്നതിന്റെ യുക്തി. 2009 -ൽ സ്വീഡിഷ് പരിസ്ഥിതി ശാസ്ത്രജ്ഞനായ ആന്ദ്രേയസ് മാമും ജെയിംസ് മൂർ എന്ന ചരിത്രകാരനും സംയുക്തമായി നരവംശയുഗത്തിനെ ക്യാപിറ്റലോസീൻ (Capitalocene) എന്ന് പുനർനാമകരണം ചെയ്തു. മൂലധന വ്യവസ്ഥയുടെ ആഗോളവികാസം സൃഷ്ടിച്ച ആപൽക്കരമായ പരിവർത്തങ്ങളെ ഈ പരികല്പന അടയാളപ്പെടുത്തുന്നു.

21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി
ഭാഗം 1 വായിക്കാം, കേൾക്കാം

കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനുള്ളിൽ പതിന്മടങ്ങു വർദ്ധിച്ച ജനസംഖ്യയും നരവംശയുഗത്തിന്റെ ആവിർഭാവത്തിന് കാരണമായി. മുതലാളിത്ത വികസനത്തിന്റെ ഭാഗമായി ഗ്രാമജീവിതത്തിൽ നിന്ന് പുറന്തള്ളപ്പെട്ട് വ്യവസായശാലകൾക്കു ചുറ്റും വികസിതമായിക്കൊണ്ടിരുന്ന നാഗരികതയുടെ അനുബന്ധമായി വികസിച്ച ചേരിപ്രദേശങ്ങളും മനുഷ്യസമൂഹജീവിതത്തിന്റെ പ്രകൃതം തന്നെ മാറ്റിമറക്കുകയായിരുന്നു. വികസനത്തിന്റെ ഇരകളാണ് ചേരികളിലെ കീഴാള മനുഷ്യജീവിതം. മുതലാളിത്ത ജീവിതവ്യവസ്ഥയ്ക്ക് അനുബന്ധമായി രൂപീകൃതമായ സാമൂഹികക്രമമാണ് യഥാർത്ഥത്തിൽ ജനസംഖ്യാ വർദ്ധനവിനെ ത്വരിതപ്പെടുത്തിയത്. ആരോഗ്യപരിപാലനത്തിൽ വന്ന പുതിയ ശ്രുശ്രുഷാരീതികളും പരിചരണവും മരണസംഖ്യ കുറയ്ക്കാൻ സഹായകമായി എന്നത് വസ്തുതയാണ്. ജനസംഖ്യാ നിയന്ത്രണത്തിനും ആരോഗ്യമേഖലയിലെ കണ്ടുപിടുത്തങ്ങൾ അനുഗുണമായി. എന്നാൽ, മുതലാളിത്ത സാമ്പത്തിക വികസനവും വിപണിയുടെ വ്യാപനവുമാണ് ജനസംഖ്യാ വർദ്ധനവിന് നിദാനമായ ഏറ്റവും സവിശേഷമായ ഘടകം.

പോൾ ക്രുറ്റ്സന് നോബൽ സമ്മാനം ലഭിച്ചത് കോളോറോ ഫ്ലൂറോ കാർബൻ അന്തരീക്ഷത്തെ സംരക്ഷിക്കുന്ന ഓസോൺ പാളിയ്ക്ക് കേടുപാട് വരുത്തിയതിനെക്കുറിച്ചുള്ള ഗവേഷണ പഠനത്തിനാണ്. 2000- ൽ നടന്നൊരു സമ്മേളനത്തിൽ, അതുവരെ ഭൂചരിത്രഘട്ടത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന "ഹോളോസീൻ" എന്ന പ്രയോഗത്തിന്റെ അപ്രധാന്യത്തെക്കുറിച്ചു വ്യക്തമാക്കാൻ പോൾ ക്രുറ്റ്സൻ ഉറക്കെ വിളിച്ചുപറഞ്ഞു: നമ്മൾ ഹോളോസീൻ കാലത്തിലല്ല ജീവിക്കുന്നത്, നരവംശയുഗത്തിലാണ്.
പോൾ ക്രുറ്റ്സന് നോബൽ സമ്മാനം ലഭിച്ചത് കോളോറോ ഫ്ലൂറോ കാർബൻ അന്തരീക്ഷത്തെ സംരക്ഷിക്കുന്ന ഓസോൺ പാളിയ്ക്ക് കേടുപാട് വരുത്തിയതിനെക്കുറിച്ചുള്ള ഗവേഷണ പഠനത്തിനാണ്. 2000- ൽ നടന്നൊരു സമ്മേളനത്തിൽ, അതുവരെ ഭൂചരിത്രഘട്ടത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന "ഹോളോസീൻ" എന്ന പ്രയോഗത്തിന്റെ അപ്രധാന്യത്തെക്കുറിച്ചു വ്യക്തമാക്കാൻ പോൾ ക്രുറ്റ്സൻ ഉറക്കെ വിളിച്ചുപറഞ്ഞു: നമ്മൾ ഹോളോസീൻ കാലത്തിലല്ല ജീവിക്കുന്നത്, നരവംശയുഗത്തിലാണ്.

പ്രകൃതിയുടെ മേലുള്ള നരവംശ മുതലാളിത്ത യുഗത്തിന്റെ വിപൽക്കരമായ ഇടപെടലിന്റെ പരിണിതഫലമാണ് കാലാവസ്ഥാ വ്യതിയാനം. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകൾക്കുള്ളിൽ സംഭവിച്ച ആധുനികവൽക്കരണം ഉപഭോഗജീവിതത്തെയും ത്വരിതപ്പെടുത്തി. 2000- മാണ്ടോടെ ജീവിതക്രമത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അനുസ്യൂതമായ മാറ്റം സൂചിപ്പിക്കുന്നതാണ് ത്വരിതഗതി (acceleration) എന്ന പ്രക്രിയ. പ്രകൃതിയുടെയും നരവംശത്തിന്റെയും ആത്യന്തികമായ നാശം തന്നെയാണ് ഭൗമവ്യവസ്ഥയുടെ അന്ത്യത്തിനും കാരണമാകുന്നത്. ഭ്രൂണരൂപത്തിൽ തന്നെ മുതലാളിത്തം മൃത്യുവാഞ്ജ പേറുന്നതാണ്. കുടിയൊഴിപ്പിക്കലും കുടിയിറക്കലും മുതലാളിത്തത്തിന്റെ അടിസ്ഥാനപ്രേരണയാണ്. മുതലാളിത്തത്തിന്റെ മൃതിബോധമാണ് ആധുനിക പ്രത്യശാസ്ത്രങ്ങളിൽ ഉള്ളടങ്ങിയ മൃത്യുരാഷ്ട്രീയം.

‘എന്ത് കൊണ്ടുപോയാലും ഞാറ്റുവേല കൊണ്ടുപോകാൻ പറ്റില്ലല്ലോ’ എന്ന പഴയ നാടുവാഴിയുടെ ആത്മവിശ്വാസം പുതിയ നാടുവാഴികൾക്കും നാട്ടാർക്കും ഉണ്ടാകാനിടയില്ല. അത്രയും സങ്കീർണമായിരിക്കുന്നു കേരളത്തിന്റെ സ്ഥിതി.

ആധുനികതയുടെ പ്രത്യയശാസ്ത്രങ്ങൾ -ഉദാരവാദവും ഫാഷിസവും ദേശീയവാദവും- ഈ വംശഹത്യാപ്രേരണയിൽ നിന്ന് നിർമുക്തമല്ല. കമ്യൂണിസമാണ് ആധുനികതയുടെ സൃഷ്ടികളിൽ മൃത്യുവിനും അതീതമായ ജീവിതവ്യവസ്ഥയെ വിഭാവനം ചെയ്തത്. അതിനുകാരണം, കമ്യൂണിസത്തിന്റെ ജൈവികചോദന ആധുനികതയോടുള്ള വിമർശവും അതിനെ അതിവർത്തിക്കാനുള്ള ജീവപ്രേരണയുമാണ്. വിരോധാഭാസമെന്തെന്നാൽ, പ്രായോഗികതലത്തിൽ ഏറ്റവും ഭീകരമായ ഉന്മൂലനങ്ങൾ നടത്തിയതും കമ്യൂണിസത്തിന്റെ പേരിലുള്ള ഭരണകൂടങ്ങളാണ്. ആധുനികതയെ വ്യവസ്ഥാപിതമാക്കുകയായിരുന്നു, കമ്യൂണിസം എന്ന പേരിൽ നടപ്പാക്കപ്പെട്ട സ്റ്റേറ്റിന്റെ പൊതു ഉടമസ്ഥതാസങ്കൽപത്തെ ആധാരമാക്കിയുള്ള സോഷ്യലിസം. കമ്യൂണിസം പ്രയോഗതലത്തിൽ വിഭാവനം ചെയ്യപ്പെട്ടത് പുരോഗതിയുടെയും ദേശീയവാദത്തിന്റെയും അടിസ്ഥാനത്തിലാണ്. വളർച്ച, പുരോഗതി പോലുള്ള കമ്യൂണിസ്റ്റ് നാമധാരികളായ ഭരണവ്യവസ്ഥകൾ മുതലാളിത്തത്തിൽ നിന്ന് സ്വംശീകരിച്ചതാണ്.

കേരളവും
കാലാവസ്ഥാ വ്യതിയാനവും

2000- മാണ്ടോടെ കേരളവും കാലാവസ്ഥാ വ്യതിയാനം എന്ന ഭീതിത യാഥാർഥ്യത്തിലേക്ക് ഒരു ഞെട്ടലോടെ ഉണർന്നു. ‘എന്ത് കൊണ്ടുപോയാലും ഞാറ്റുവേല കൊണ്ടുപോകാൻ പറ്റില്ലല്ലോ’ എന്ന പഴയ നാടുവാഴിയുടെ ആത്മവിശ്വാസം പുതിയ നാടുവാഴികൾക്കും നാട്ടാർക്കും ഉണ്ടാകാനിടയില്ല. അത്രയും സങ്കീർണമായിരിക്കുന്നു കേരളത്തിന്റെ സ്ഥിതി. കേരളത്തിന്റെ ഭൂഘടനയെക്കുറിച്ചുള്ള അകാല്പനിക യാഥാർഥ്യവും നമ്മൾ തിരിച്ചറിഞ്ഞത് 2000- നുശേഷമാകണം.

ഈ 25 കൊല്ലത്തിനുള്ളിൽ കേരളം നേരിട്ട ചെറുതും വലുതും ഭീകരവുമായ മഴക്കെടുതികൾ ആഗോളതാപനത്തിന്റെ ഫലമായുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലമാണെന്ന് നമ്മൾ തിരിച്ചറിയുന്നു. സാമ്പത്തികവും സാംസ്കാരികവുമായ ആഗോളീകരണത്തിന്റെ ഭാഗമായ ഈ കൊച്ചുപ്രദേശത്തിന്, ദൈവത്തിന്റെ വരദാനമെന്ന ടൂറിസം സങ്കല്പത്തെയും പുണർന്ന്, അത്രയൊന്നും അതിജീവിക്കാൻ സാധ്യമല്ലെന്ന വലിയ ബോധ്യവും മലയാളികൾക്കുണ്ടായ കാലഘട്ടമാണ് ഈ പോയ 25 വർഷം.

ഈ 25 കൊല്ലത്തിനുള്ളിൽ കേരളം നേരിട്ട ചെറുതും വലുതും ഭീകരവുമായ മഴക്കെടുതികൾ ആഗോളതാപനത്തിന്റെ ഫലമായുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ  പരിണിതഫലമാണെന്ന് നമ്മൾ തിരിച്ചറിയുന്നു.
ഈ 25 കൊല്ലത്തിനുള്ളിൽ കേരളം നേരിട്ട ചെറുതും വലുതും ഭീകരവുമായ മഴക്കെടുതികൾ ആഗോളതാപനത്തിന്റെ ഫലമായുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലമാണെന്ന് നമ്മൾ തിരിച്ചറിയുന്നു.

കേരളതീരത്ത് അടിക്കടിയുണ്ടാകുന്ന കടൽക്കയറ്റ ദുരന്തങ്ങളും മൽസ്യതൊഴിലാളികളുടെ ജീവനെ അത് സാരമായി ബാധിച്ചതും വാർത്തകൾക്കപ്പുറം മലയാളി മധ്യവർഗസമൂഹം ഗൗരവത്തിലെടുത്തിരുന്നോ എന്ന് സംശയമാണ്. രാഷ്ട്രീയസമൂഹത്തെ ഗണ്യമായി സ്വാധീനിക്കുന്നത് കരഭാഗങ്ങളിൽ വസിക്കുന്ന മലയാളി മധ്യവർഗത്തിന്റെ അഭിലാഷങ്ങളും വേവലാതികളുമാണ്. അതുകൊണ്ട് ഗോത്രജനവിഭാഗങ്ങളെ പോലെ തീർത്തും അവഗണിക്കപ്പെട്ടിരിക്കുന്നു കടൽപ്രദേശത്തെ മനുഷ്യരും. സുനാമിക്കുശേഷം കടൽമൽസ്യം ഭക്ഷിക്കാൻ വിസ്സമ്മതിച്ച മലയാളിയുടെ മീൻകൊട്ടയുമായി വരുന്ന മൽസ്യതൊഴിലാളി സ്ത്രീകളോടുള്ള അവജ്ഞ നിറഞ്ഞ മുഖഭാവം അങ്ങനെയങ്ങനെ മറവിയിലേക്ക് തള്ളേണ്ടയൊരു ഓർമയല്ല. പിന്നീട് ഓക്കി ചുഴലിക്കാറ്റടിച്ചപ്പോഴും സർക്കാറിന്റെയും പരമാധികാരിയുടെയും സമീപനം വിമർശിക്കപ്പെട്ടതാണ്. ഓക്കി ചുഴലിക്കാറ്റിന്റെ സമയത്ത് ഭരണാധിപന്റെ നിസ്സംഗസമീപനം വിമർശിക്ക​പ്പെട്ട വേളയിൽ ഒരു സ്ഥിരം അവസരതീവ്രവാദി പറഞ്ഞത്, പരമാധികാരി സ്‌ക്രീനിൽ എല്ലാം മോണിറ്റർ ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ്.

കാലാവസ്‌ഥാവ്യതിയാനം കേരളത്തെ വിദൂരഭാവിയിലാണെങ്കിലും ജീവിക്കാൻ യോഗ്യമല്ലാത്ത പ്രദേശമാക്കി മാറ്റുമെന്ന കാര്യം പരിസ്ഥിതി സംഘടനകളും പ്രവർത്തകരും സജീവമായി ഉന്നയിക്കുന്നുണ്ട്.

എന്നാൽ, 2018- ലെ പ്രളയത്തോടെ ഈ സമീപനം പാടേ മാറി. കേരളത്തിലെ മധ്യവർഗ ജനവിഭാഗങ്ങളെ കാര്യമായി സ്പർശിച്ചതാണ് വെള്ളപ്പൊക്കം. വെറുതെ സ്പർശിക്കുക മാത്രമല്ല, മധ്യവർഗം പ്രളയത്തിൽ മുങ്ങി. തൊട്ടടുത്ത സംസ്ഥാനങ്ങളിലെ പ്രധാന പട്ടണങ്ങളിലെല്ലാം കൊടുംമഴ ദുരന്തം വിതച്ചത് മലയാളികൾക്ക് അറിയാമായിരുന്നു. സമാനമായ കൊടുമഴയുടെ പകർന്നാട്ടം കേരളത്തിലും യാഥാർഥ്യമായിരിക്കെ, 2018- ലെ ജലപ്രളയത്തിനു കാരണമായത് ഡാം ഡാമേജ്‌മെന്റാണെന്ന (damagement) വാദം പ്രസക്തമാണ്. യാതൊരു പഠനവും നടത്താതെയാണ് ഡാം ഷട്ടറുകൾ തുറന്നത്. നദികൾ വഴിമാറി ഒഴുകുന്ന സ്ഥിതിയായി. പക്ഷെ കേരളത്തെക്കുറിച്ചു പ്രത്യാശയുണർത്തുന്നതായിരുന്നു പ്രളയത്തോടുള്ള കേരളത്തിന്റെ പൊതുസമൂഹത്തിന്റെ പ്രതികരണം. നമ്മുടെ നവോത്ഥന പാരമ്പര്യത്തിന്റെ അവശേഷിപ്പുകളെ പുനരുജ്ജീവിപ്പിക്കുന്നതായിരുന്നു അത്. തീർത്തും അപ്രതീക്ഷിതവുമായിരുന്നു പൊതുസമൂഹത്തിന്റെ പ്രതികരണം. പൊതുസമൂഹത്തിൽ ഉയർന്നുവന്ന കൂട്ടായ്‌മയും ഐക്യവും സർക്കാരിനെയും സർക്കാർയന്ത്രങ്ങളെയും ഉണർത്തി. തുടർന്ന് വലിയൊരു കൂട്ടായ പ്രവർത്തനമാണ് കേരളം കണ്ടത്.

കേരളതീരത്ത്  അടിക്കടി ഉണ്ടാകുന്ന കടൽക്കയറ്റ ദുരന്തങ്ങളും മൽസ്യതൊഴിലാളികളുടെ ജീവനെ അത് സാരമായി ബാധിച്ചതും വാർത്തകൾക്കപ്പുറം മലയാളി മധ്യവർഗസമൂഹം ഗൗരവത്തിലെടുത്തിരുന്നോ എന്ന് സംശയമാണ്.
കേരളതീരത്ത് അടിക്കടി ഉണ്ടാകുന്ന കടൽക്കയറ്റ ദുരന്തങ്ങളും മൽസ്യതൊഴിലാളികളുടെ ജീവനെ അത് സാരമായി ബാധിച്ചതും വാർത്തകൾക്കപ്പുറം മലയാളി മധ്യവർഗസമൂഹം ഗൗരവത്തിലെടുത്തിരുന്നോ എന്ന് സംശയമാണ്.

കേരളത്തിൽ മഴക്കാലങ്ങളിൽ സംഭവിക്കുന്ന ഉരുൾപൊട്ടൽ ഒരു പ്രദേശത്തെ മനുഷ്യനിർമിതമായ എന്തിനെയും ഒന്നും അവശേഷിക്കാനില്ലാത്തതവിധം ദുരന്തമാക്കുന്നു. പ്രകൃതിയുടെ സംഹാരാത്മകത സൃഷ്ടിക്കുന്ന ദുരന്തങ്ങൾ കേരളത്തിന്റെ സമകാല യാഥാർഥ്യമാണ്. കാലാവസ്ഥാ വ്യതിയാനം കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവമായ പ്രശ്നമായി മനസ്സിലാക്കപ്പെടുന്നുണ്ടോ എന്നത് സംശയമാണ്.

ഇപ്പോഴും വൻകിട വികസന പദ്ധതികൾക്കാണ് പ്രാമുഖ്യം. അടിസ്ഥാന സൗകര്യവികസനത്തെയാണ് നവലിബറൽ സമ്പദ്ക്രമീകരണങ്ങൾ ഏറ്റവും പിന്തുണയ്ക്കുന്നത്. കാലാവസ്‌ഥാവ്യതിയാനം കേരളത്തെ വിദൂരഭാവിയിലാണെങ്കിലും ജീവിക്കാൻ യോഗ്യമല്ലാത്ത പ്രദേശമാക്കി മാറ്റുമെന്ന കാര്യം പരിസ്ഥിതി സംഘടനകളും പ്രവർത്തകരും സജീവമായി ഉന്നയിക്കുന്നുണ്ട്.

മലയാള ചിന്തയിൽ നിർമിതബുദ്ധിയുടെ ആഗമനം ഗൗരവകരമായ ചർച്ചകൾക്ക് വഴിതുറക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും 19-ാം നൂറ്റാണ്ടിലെ സമ്പദ് രാഷ്ട്രീയ ചിന്തകളും അത്രതന്നെ പഴക്കം ചെന്ന തത്വചിന്താവിചാരങ്ങളുമാണ് AI ചർച്ചയിൽ ആധിപത്യം പുലർത്തുന്നത്.

പൗരസമൂഹം ഭരണാധികാരികളിൽ നിന്ന് വ്യത്യസ്തമായി ഗൗരവത്തോടെയാണ് കാലാവസ്ഥാവ്യതിയാനത്തെ മനസ്സിലാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അഗാധ പരിസ്ഥിതി വൈജ്ഞാനികതയെയും ആധാരമാക്കി നവസാമൂഹികമായ രാഷ്ട്രീയ ദർശനത്തിന്റെ വെളിച്ചത്തിൽ മലയാള ചിന്തയിൽ പുതിയൊരു പാരിസ്ഥിതിക ബോധോദയത്തിനു പ്രചോദനമായ ടി.വി. സജീവ് എഴുതിയ ‘എല്ലാവർക്കും ഇടമുള്ള ഭൂപടങ്ങൾ’ (2025, പ്രസക്തി പബ്ലിഷേഴ്സ്) എന്ന ലേഖനസമാഹാരത്തിലെ കാലാവസ്ഥാ വ്യതിയാനത്തെ മുൻനിർത്തി എഴുതിയ "കേരളത്തിലെ ആന്ത്രോപോസീൻ തയ്യാറെടുപ്പുകൾ" എന്ന ലേഖനത്തിൽ ഇപ്രകാരം വിശദീകരിക്കുന്നു:

"കേരളത്തിലേക്ക് മടങ്ങിവരാം. കേരളം പശ്ചിമഘട്ടത്തിൽ നിന്ന് അറബിക്കടലിലേക്ക് ചെരിഞ്ഞുനിൽക്കുന്ന വളരെ ചെറിയ കഷണം പ്രദേശമാണ്. ട്രോപിക് ഓഫ് കാൻസറിനും ട്രോപിക് ഓഫ് കാപ്രികോണിനും ഇടയിൽ കിടക്കുന്ന സൗരോർജ്ജത്തിന്റെ നല്ല സാന്നിധ്യമുള്ള പ്രദേശം. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു പരീക്ഷണശാലയാണ് കേരളം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു നിങ്ങൾ പഠിക്കുന്ന പലവിധത്തിലുള്ള പ്രതിഫലങ്ങളും ഈ കേരളത്തിൽ കാണാൻ കഴിയും..."

സമുദ്രജലനിരപ്പ് ഉയരുന്നതും കേരളത്തിന്റെ വിവിധ പ്രദേശങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്നും ടി. വി. സജീവ് വിശദീകരിക്കുന്നുണ്ട്. ആഗോളീയമായ പരിസ്ഥിതി വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നിന്ന് പ്രാദേശികമായി കാലാവസ്ഥാ വ്യതിയാനത്തെ ഒരുപരിധിവരെ എങ്ങനെ പ്രതിരോധിക്കാമെന്നാണ് സജീവ് തുടർന്നുള്ള ഭാഗത്തിൽ വിശദമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം കേരളത്തിന്റെ മണ്ണിൽ സംഭവിക്കുന്ന പോഷണദാരിദ്ര്യവും കൂടുതൽ പഠനത്തിന് വിധേയമാക്കേണ്ടതാണ്. മലയാളികളുടെ ജീവിതശൈലിയിൽ പുതിയ പാരിസ്ഥിതികബോധത്തിനനുസരിച്ച് വരുത്തേണ്ട പ്രായോഗിക മാറ്റങ്ങളും പരിഗണിക്കപ്പെടേണ്ടതാണ്. നിത്യജീവിതത്തിൽ നടപ്പാക്കാവുന്ന കാർ പൂളിങ് മുതൽ ജൈവകൃഷി സമ്പ്രദായത്തിന് വരെ കൊടുക്കേണ്ട ഊന്നലുകൾ ഇതിൽ ഉൾപ്പെടും. മണ്ണിനെ ഫലഭൂയിഷ്ഠമാക്കാൻ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങി ആരോഗ്യകരമായ ജീവിതശൈലി അനുവർത്തിച്ച്, ആഗോളീയമായ പാരിസ്ഥിതിക ​ഐക്യദാർഢ്യത്തിന്റെ ഭാഗമായി, മുതലാളിത്തത്തിന്റെ വംശനാശയുഗവേഗതകളെ പ്രതിരോധിക്കുകയെന്നതാണ് ഏറെ പ്രധാനം.

കാലാവസ്ഥാ വ്യതിയാനത്തെയും അഗാധ പരിസ്ഥിതി വൈജ്ഞാനികതയെയും ആധാരമാക്കി നവസാമൂഹികമായ രാഷ്ട്രീയ ദർശനത്തിന്റെ വെളിച്ചത്തിൽ മലയാള ചിന്തയിൽ പുതിയൊരു പാരിസ്ഥിതിക ബോധോദയത്തിനു പ്രചോദനമായ പുസ്തകമാണ്  ടി.വി. സജീവ് എഴുതിയ ‘എല്ലാവർക്കും ഇടമുള്ള ഭൂപടങ്ങൾ’ .
കാലാവസ്ഥാ വ്യതിയാനത്തെയും അഗാധ പരിസ്ഥിതി വൈജ്ഞാനികതയെയും ആധാരമാക്കി നവസാമൂഹികമായ രാഷ്ട്രീയ ദർശനത്തിന്റെ വെളിച്ചത്തിൽ മലയാള ചിന്തയിൽ പുതിയൊരു പാരിസ്ഥിതിക ബോധോദയത്തിനു പ്രചോദനമായ പുസ്തകമാണ് ടി.വി. സജീവ് എഴുതിയ ‘എല്ലാവർക്കും ഇടമുള്ള ഭൂപടങ്ങൾ’ .

കേരളവും
നിർമിതബുദ്ധിയും

നരവംശയുഗത്തിന് മനുഷ്യരുടെ തന്നെ സൃഷ്ടിയായ നിർമിതബുദ്ധി വലിയ വെല്ലുവിളികളാണ് ഉയർത്തിയിരിക്കുന്നത്. മലയാള ചിന്തയിൽ നിർമിതബുദ്ധിയുടെ ആഗമനം ഗൗരവകരമായ ചർച്ചകൾക്ക് വഴിതുറക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും 19-ാം നൂറ്റാണ്ടിലെ സമ്പദ് രാഷ്ട്രീയ ചിന്തകളും അത്രതന്നെ പഴക്കം ചെന്ന തത്വചിന്താവിചാരങ്ങളുമാണ് AI ചർച്ചയിൽ ആധിപത്യം പുലർത്തുന്നത്.

മനുഷ്യൻ / യന്ത്രം എന്ന ദ്വന്ദ്വമാതൃകയ്ക്കകത്ത് യന്ത്രം മനുഷ്യരുടെ അധ്വാനശേഷിയെ മാറ്റിപ്രതിഷ്ഠിക്കുമോ എന്ന അതിലളിതവൽക്കരിക്കപ്പെട്ട മാർക്സിസവും വൾഗർ സാമൂഹികശാസ്ത്രവുമാണ് വിശകലനോപാധികൾ. സൗന്ദര്യശാസ്ത്രം എന്ന തത്വചിന്തയുടെ ഉപവിഭാഗത്തിന്റെ പരിധികൾക്കകത്തുനിന്ന് നിർമിതൃബുദ്ധിയുടെ സാങ്കേതികവികാസത്തെക്കുറിച്ചുള്ള ദുരൂഹതകൾ പുനരവർത്തിക്കപ്പെടുകയാണ്. സർഗാത്മകതയെ ചുറ്റിപ്പറ്റിയുള്ള കാല്പനികവിചാരങ്ങളെയും പുനരാവർത്തിക്കുന്നു.

ChatGPT, Meta, Gemini തുടങ്ങിയ AI ഉപാധികളുടെ പരിമിത ഉപയോഗം തന്നെ ജനറേറ്റിവ് എ.ഐയുടെ സാമാന്യസ്വഭാവം വ്യക്തമാക്കി തരുന്നതാണ്. ഒരുപക്ഷെ AI സാങ്കേതികവിദ്യയുടെ പരിമിത ഉപയോഗമെങ്കിലും ഇതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത ലഘൂകരിക്കാൻ സഹായകമാണ്. പ്രാഥമികമായി വേണ്ടത് AI ഉപാധികൾ ഉപയോഗിച്ചു നോക്കുകയെന്നാണ്. പ്രായോഗിക ജ്ഞാനാർജ്ജനം സൈദ്ധാന്തികവൽക്കരണത്തിനു മുന്നോടിയായി വേണമെന്ന മാവോയുടെ ചിന്ത ഏതു കാര്യത്തിലുമെന്നപോലെ ഇതിലും പ്രസക്തമാണ്.

മുതലാളിത്തം കാര്യക്ഷമതയെയാണ് യന്ത്രവൽക്കരണത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. അധ്വാനശക്തിക്ക് പകരമാവുക എന്നതു മാത്രമല്ല മനുഷ്യ അദ്ധ്വാനശക്തിയെ പരമാവധി ലഘൂകരിക്കുക എന്നതും അതിന്റെ ഉദ്ദേശ്യമാണ്. അദ്ധ്വാനശക്തിയെ ചൂഷണോപാധിയാക്കുന്ന മുതലാളിത്തത്തിന് യന്ത്രം എന്നത് മിച്ചോല്പാദന ചൂഷണവ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉപാധികൾ മാത്രമാണ്. കാര്യക്ഷമതയെ വർധിപ്പിക്കുന്ന ഏതൊരു സാങ്കേതിക പുരോഗതിയും മുതലാളിത്ത ചൂഷണവ്യവസ്ഥ ഉപയുക്തമാക്കും. എന്നാൽ, നിർമിതബുദ്ധി ഈയൊരു കാര്യക്ഷമതാകേന്ദ്രിത മുതലാളിത്തഘടനയെ അതിജീവിക്കാൻ കെല്പുള്ളതാണോ എന്നതാണ് പ്രധാന ചോദ്യം.

നിർമിതബുദ്ധിയുടെ വ്യവഹാരത്തെ പോസ്റ്റ് ഹ്യുമൻ ദർശനങ്ങൾ കാര്യമായി സ്വാധീനിച്ചിട്ടില്ല. സർഗാത്മകത, യന്ത്രം, പ്രതീതി തുടങ്ങി മാർക്സിസ്റ്റ് വിമർശനാത്മക സിദ്ധാന്തങ്ങളുടെ വഴികളിലൂടെ തന്നെയാണ് ഹ്യുമനിസ്റ്റിക് വേവലാതിയോടെയുള്ള സഞ്ചാരം.

ജീവിതത്തിന്റെ പല പ്രവർത്തനങ്ങളെയും അനായാസകരമാക്കുന്ന സാങ്കേതികവിദ്യകൾ മനുഷ്യരെ കൂടുതൽ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്കും ഉല്ലാസത്തിനും ഇടം നൽകിയിട്ടുണ്ട്. സാങ്കേതിക വിദ്യകളുടെ നിയന്ത്രണം ആരുടെ കൈവശമാണ് എന്നതാണ് പ്രധാന ചോദ്യം. സർഗാത്മകതയും സൗന്ദര്യബോധവുമൊക്കെ ചരിത്രപരമായ സങ്കൽപനമായിരിക്കെ, എ.ഐയുടെ കടന്നുവരവോടെ നരവംശബോധത്തിൽ ഇതെല്ലം കേവലം അന്തഃസ്ഥിതമാണ് എന്ന ആശയവാദ യുക്തിയാണ് യന്ത്രം- മനുഷ്യൻ എന്നിങ്ങനെയുള്ള ദ്വന്ദ്വത്തെ അടിസ്ഥാനമാക്കിയുള്ള അന്വേഷണങ്ങളിൽ പ്രതിഫലിപ്പിക്കുന്നത്.

മാത്രമല്ല; റൊബോട്ടിക്‌സ്, സിംഗുലാരിറ്റി എന്നെല്ലാം വിവക്ഷിക്കുന്ന സാങ്കേതികവിദ്യകൾ പരീക്ഷണതലം പിന്നിട്ടിട്ടില്ല. നരവംശത്തിന്റെ അസ്തിത്വത്തെ ഉത്കണ്ഠയോടെ വിഭാവനം ചെയ്യുമ്പോൾ നിർമ്മിതബുദ്ധി ദുരൂഹമാകുന്നു. അതുപോലെ, ശരിയായ സാമൂഹ്യശാസ്ത്ര പരിശീലനത്തിലൂടെ കടന്നുപോകാത്ത സാങ്കേതികവൈദഗ്ധ്യമുള്ളവർ നിർമിത ബുദ്ധിയെക്കുറിച്ചുള്ള സാമൂഹ്യശാസ്ത്ര പരികല്പനകൾ അവതരിപ്പിച്ച് വിശകലനം ചെയ്യുമ്പോൾ സംഭവിക്കുന്നത്, അത് മുമ്പുള്ള കാലങ്ങളിലെ ആണവ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സോഷ്യലിസ്റ്റ് ജല്പനമാവുകയും ചെയ്യുന്നു. അതായത്; മുതലാളിത്ത ആണവറിയാക്ടർ മനുഷ്യർക്ക് ഹാനികരവും സോഷ്യലിസ്റ്റ് ആണവനിലയം മനുഷ്യപുരോഗതിയുടെ ശരിയായ മാതൃകയും ആകുന്നുവെന്ന പമ്പരവിഡ്ഢിത്തം.

2024-25 വർഷങ്ങളിൽ ലോകവും കേരളവും ചർച്ച ചെയ്തത് നിർമിതബുദ്ധി ജീവിതത്തിന്റെ സമസ്തമേഖലകളിലും ഉണ്ടാക്കാൻ പോകുന്ന ആഘാതത്തെ കുറിച്ചാണ്. നിർമിതബുദ്ധിയുടെ ഓട്ടോമേഷൻ പ്രക്രിയയിലൂടെ സംഭവിക്കാൻ പോകുന്ന തൊഴിൽ നഷ്ടങ്ങളെക്കുറിച്ചുള്ള ആകുലതകളാണ് മുഖ്യമായും പ്രതിപാദിക്കപ്പെട്ടത്. നരവംശപരമായ ആകാംക്ഷകളും ആശങ്കകളുമാണ് ഈ പ്രതിപാദ്യങ്ങളിലെല്ലാമുള്ള മുഖ്യ ആശയം, വ്യത്യസ്ത രീതികളിൽ ആഖ്യാനം ചെയ്യുന്നതാണെങ്കിലും. 25 വർഷങ്ങൾക്കപ്പുറം ഈ ആഖ്യാനങ്ങളൊക്കെ 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദം ജീവിച്ച പാവം മനുഷ്യരുടെ വേവലാതികളായി മാത്രമായായിട്ടായിരിക്കാം വായിക്കപ്പെടുക.

2024-25 വർഷങ്ങളിൽ ലോകവും കേരളവും ചർച്ച ചെയ്തത് നിർമിതബുദ്ധി ജീവിതത്തിന്റെ സമസ്തമേഖലകളിലും ഉണ്ടാക്കാൻ പോകുന്ന ആഘാതത്തെ കുറിച്ചാണ്.
2024-25 വർഷങ്ങളിൽ ലോകവും കേരളവും ചർച്ച ചെയ്തത് നിർമിതബുദ്ധി ജീവിതത്തിന്റെ സമസ്തമേഖലകളിലും ഉണ്ടാക്കാൻ പോകുന്ന ആഘാതത്തെ കുറിച്ചാണ്.

നിർമിതബുദ്ധിയുടെ വ്യവഹാരത്തെ പോസ്റ്റ് ഹ്യുമൻ (post human) ദർശനങ്ങൾ കാര്യമായി സ്വാധീനിച്ചിട്ടില്ല. സർഗാത്മകത, യന്ത്രം, പ്രതീതി തുടങ്ങി മാർക്സിസ്റ്റ് വിമർശനാത്മക സിദ്ധാന്തങ്ങളുടെ വഴികളിലൂടെ തന്നെയാണ് ഹ്യുമനിസ്റ്റിക് വേവലാതിയോടെയുള്ള സഞ്ചാരം. പോസ്റ്റ് ഹ്യുമനിസ്റ്റ് പരിപ്രേക്ഷ്യം ആവിഷ്‌കരിക്കുന്ന പരിമിത വ്യവഹാരങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്. പോസ്റ്റ് ഹ്യുമൻ അവകാശങ്ങൾ നിർമിത ബുദ്ധിയുടെ പ്രവർത്തനങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ നിയമസാധുതയാണ് ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയം. ടി.ടി. ശ്രീകുമാറിന്റെ പോസ്റ്റ് ഹ്യുമൻ വിചാരലോകങ്ങളാണ് ഈ ദിശയിൽ മലയാളത്തിലെഴുതപ്പെട്ട ഒരു പ്രധാന രചന (പുസ്തക പ്രസാധക സംഘം, 2023). ശ്രീകുമാർ ഇപ്രകാരം എ​ഴുതുന്നു:

"റോബോട്ടിക് സാങ്കേതികവിദ്യ, നാനോ സാങ്കേതിക വിദ്യ, നിർമിതബുദ്ധി എന്നിവ ഒരു വശത്തും ജനിതക സാങ്കേതികവിദ്യ മറുവശത്തുമായി അഭൂതപൂർവമാംവിധം ശാസ്ത്രസാധ്യതകളെ വ്യവസായികമായി തന്നെ വികസിപ്പിച്ചുകൊണ്ട് കഴിഞ്ഞ നാലു ദശാബ്ദങ്ങളിൽ മൂലധനം നടത്തിയ കുതിച്ചുചാട്ടം പോസ്റ്റ് ഹ്യുമൻ കാലത്തേക്കുള്ള സംക്രമണത്തെ ത്വരിതപ്പെടുത്തുകയും അതിന്റെ സാംസ്കാരിക രാഷ്ട്രീയ യുക്തിയിലേക്ക് മനുഷ്യവംശത്തെ നയിക്കുകയും ചെയ്തു. ആഗോള മുതലാളിത്തത്തിന്റെ ഈ പുതിയ ട്രാൻസ് ഹ്യുമൻ ഉട്ടോപ്യ വളരെ വേഗം നിരവധിപേർ ഏറ്റെടുക്കുന്നുണ്ട്. അവയുടെ പ്രത്യയശാസ്ത്ര വിശാരദന്മാർ കൂടിയായി നിരവധി ചിന്തകരും സാങ്കേതിക വിദഗ്ദ്ധരും മുന്നോട്ടുവരുന്നുണ്ട്. ഒരുവശത്ത്, നഷ്ടദശകങ്ങളുടെ ഡിസ്‌ടോപിയ മുതലാളിത്ത പ്രതിസന്ധികളിലൂടെ കൂടുതൽ കൂടുതൽ വെളിവായി വരുമ്പോൾ മറുവശത്ത്, എലോൺ മസ്കിന്റെയും ജോർജ് ചർച്ചിന്റെയും ക്രിസ് ഇമ്പേയുടെയും മിഷിയോ കാക്കുവിന്റെയുമൊക്കെ പോസ്റ്റ് ഹ്യുമൻ ഉട്ടോപിയ സമ്പന്നലോകത്തിന്റെ മാതൃകവേഷമായി മാറുകയായിരുന്നു’’.

നിർമിതബുദ്ധിയുടെ വിവേചനസ്വഭാവവും മെഷീൻ പഠനവേളയിൽ കടന്നുകൂടുന്ന പക്ഷപാതങ്ങളുമെല്ലാം ഗൗരവപഠനം അർഹിക്കുന്നു. സാമൂഹിക മാധ്യമങ്ങൾ നിയന്ത്രിക്കുന്നത് അൽഗോരിതമിക് ഉള്ളടക്കമാണ്. സാമൂഹ്യ മാധ്യമ വിനിമയങ്ങളെ അൽഗോരിതം നിയന്ത്രിക്കുക വഴി മനുഷ്യരുടെ വിനിമയശേഷിയെ മാത്രമല്ല, നരവംശ നിർമിതമായ ജനാധിപത്യ സങ്കല്പങ്ങളൊക്കെ കടുത്ത വെല്ലുവിളി നേരിടുകയാണ്. ധൈഷണിക ജീവിതത്തെ സമൂലം ബാധിക്കുന്നത് സത്യത്തെ വ്യാജത്തിൽ നിന്ന് വേർതിരിക്കാൻ പറ്റാത്ത സത്യനാനന്തര (post truth) അവസ്ഥ മലയാളികൾ കഴിഞ്ഞ വർഷങ്ങളിൽ അഭിമുഖീകരിച്ച യാഥാർഥ്യമാണ്.

പോസ്റ്റ് ഹ്യുമൻ അവകാശങ്ങൾ നിർമിത ബുദ്ധിയുടെ പ്രവർത്തനങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ നിയമസാധുതയാണ് ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയം. ടി.ടി. ശ്രീകുമാറിന്റെ പോസ്റ്റ് ഹ്യുമൻ വിചാരലോകങ്ങളാണ് ഈ ദിശയിൽ മലയാളത്തിലെഴുതപ്പെട്ട ഒരു പ്രധാന രചന.
പോസ്റ്റ് ഹ്യുമൻ അവകാശങ്ങൾ നിർമിത ബുദ്ധിയുടെ പ്രവർത്തനങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ നിയമസാധുതയാണ് ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയം. ടി.ടി. ശ്രീകുമാറിന്റെ പോസ്റ്റ് ഹ്യുമൻ വിചാരലോകങ്ങളാണ് ഈ ദിശയിൽ മലയാളത്തിലെഴുതപ്പെട്ട ഒരു പ്രധാന രചന.

2025 അവസാനിക്കുമ്പോൾ ന്യൂറോ വൈവിധ്യത്തെകുറിച്ചാണ് (neurodiversity) ഏറ്റവും പുതിയ അന്വേഷണങ്ങൾ നടക്കുന്നത്. മറവിരോഗത്തെക്കുറിച്ചുള്ള പഠനങ്ങളിൽ ഇത് വളരെ നിർണായകമാണ്. എന്നാൽ, 2025-ൽ നിർമിതബുദ്ധിയെക്കുറിച്ച് പ്രസിദ്ധീകരിച്ചവയിൽ ഏറ്റവും ശ്രദ്ധേയമായ കാരൻ ഹാവോയുടെ എ ഐയുടെ സാമ്രാജ്യം (The Empire of AI) എന്ന പുസ്തകത്തിലെ Dreams of Modernity എന്ന അധ്യായത്തിൽ, 2022 മുതൽ 2024 വരെ സാം ആൾട്ട്മാന്റെ ഓപ്പൺ എ ഐ ഗവേഷണസ്ഥാപനത്തിൽ നടക്കുന്ന ഗവേഷണങ്ങൾ മുൻനിർത്തി സൂചിപ്പിക്കുന്ന കാര്യം അത്യധികം പ്രസക്തമാണ്. നിർമിത ബുദ്ധിയെക്കുറിച്ച് 19-ാം നൂറ്റാണ്ടുകാലത്തെ മെഷീൻ ആശങ്കകൾ മാനവികചിന്തയിലേക്ക് പുനരാഗമിക്കപ്പെടുകയും തൻനിമിത്തം ചിലതരം മിഥ്യഭീതികളും ദ്രവിച്ച ആശയവാദചിന്തകളും പകിട്ടാർന്ന ഭാഷയിൽ ഈ പേരിൽ വ്യവഹരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കവികളാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കളെന്നു തോന്നുന്നു. കാരൻ ഹാവോ ചൂണ്ടിക്കാട്ടുന്നത് ഇതാണ്:

"യഥാർത്ഥത്തിൽ, മനുഷ്യബുദ്ധിയുമായുള്ള സാമ്യങ്ങൾ വീണ്ടും സാങ്കേതികവിദ്യയുടെ കഴിവുകളെ നരവംശവൽക്കരിക്കുകയും പെരുപ്പിച്ചു കാണിക്കുകയും ചെയ്യാൻ മാത്രമായിരുന്നു. മനുഷ്യരുമായി താരതമ്യപ്പെടുത്തുമ്പോൾ ന്യൂറൽ നെറ്റ്‌വർക്കുകളുടെ പോരായ്മകൾ മതിയായ അളവിൽ ഇല്ലാതാകുമെന്ന് ജിയോഫ്രീ ഹിന്റണും ഡീപ് ലേണിംഗിന്റെ കേവലതത്വവാദികളും പ്രവചിച്ചപ്പോഴും എല്ലാ വെല്ലുവിളികളും വാസ്തവത്തിൽ നിലനിൽക്കെ തന്നെ, പല കണക്കുകളും അനുസരിച്ച് അത് നിർമിത ബുദ്ധിയുടെ പ്രതീക്ഷിത വികാസത്തിനുപകരം ശോച്യമാവുകയാണുണ്ടായത്’’.

ഇതിനോടുചേർന്ന് ഒരു കാര്യം കൂടി കൂട്ടിച്ചേർക്കട്ടെ. നിർമിതബുദ്ധി സ്ഥാപനങ്ങൾ ഇന്നേറ്റവും വെല്ലുവിളി നേരിടുന്നത് പകർപ്പവകാശ ലംഘനത്തിന്റെ പേരിലാണ്. യന്ത്രത്തെ പഠിപ്പിക്കാൻ പകർപ്പവകാശമുള്ള എല്ലാ മനുഷ്യസൃഷ്ടികളും ഡിജിറ്റൽവൽക്കരിക്കുകയും ഡാറ്റ കോർപ്പസാക്കി മാറ്റുകയുമാണ്. ധൈഷണികമായി നിർമിത ബുദ്ധിയുടെ യഥാർത്ഥ അസ്തിത്വം നരവംശത്തിന്റെ പൂർവ്വകാലങ്ങളിലാണെന്നും ഭാവിയിലല്ലെന്നും കാണിച്ചുതരുന്നു. ഇത്ര പഴഞ്ചനാണോ നിർമിതബുദ്ധി എന്നതാണ് മലയാളിയുടെ സ്വതസിദ്ധമായ സിനിസസത്തിൽ ഉയരുന്ന സത്യസന്ധമായ ചോദ്യം.

(അവസാനിക്കുന്നില്ല, അടുത്ത പാക്കറ്റിൽ തുടരും).

Comments