ലിംബാളെ പറഞ്ഞത് സത്യം, സംഘപരിവാർ പരത്തുന്ന വിദ്വേഷത്തിന്റെ വിഷം കേരളത്തെയും ബാധിച്ചിട്ടുണ്ട്

ക്ഷണിച്ചു കൊണ്ടുവന്നതിന്റെ ഔദാര്യത്തിൽ തങ്ങളുടെ മനുവാദ നിലപാടുകൾക്ക് അനുകൂലമായി ലിംബാളെ സംസാരിക്കുമെന്നാണോ സംഘാടകർ കരുതിയത്? നൂറ്റാണ്ടുകളോളം പൗരോഹിത്യത്തിന്റെ ചവിട്ടടിയിൽ കിടക്കേണ്ടി വന്ന ഒരു ജനതയുടെ സർഗ്ഗാത്മകതയാണ് ഈ എഴുത്തുകാരനിൽ സ്പന്ദിക്കുന്നത്. വർഗ്ഗീയവാദികൾക്ക് കീഴ്‌പ്പെടാൻ അദ്ദേഹത്തിനു കഴിയില്ല. എറണാകുളം അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വെച്ച് ശരൺകുമാർ ലിംബാളെയെ അപമാനിച്ച വിഷയത്തിൽ അശോകൻ ചരുവിൽ പ്രതികരിക്കുന്നു

അടിച്ചമർത്തപ്പെട്ടുകിടക്കുന്ന ഇന്ത്യൻ ദലിത് ജീവിതത്തേയും സംസ്കാരത്തേയും തന്റെ നരകതുല്യമായ ജീവിതത്തെ മുൻനിർത്തി ആവിഷ്ക്കരിച്ച് മുൻനിരയിൽ എത്തിയ എഴുത്തുകാരനാണ് ശരൺകുമാർ ലിംബാളെ. കൊച്ചിയിൽ ഇപ്പോൾ നടക്കുന്ന ഒരു പുസ്തകമേളയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ടുവരികയും വേദിയിൽ വെച്ച് അപമാനിക്കുകയും ചെയ്തതായി വാർത്തകളിൽ കാണുന്നു. ലിംബാളയെ അപമാനിച്ചതിലൂടെ ശരിക്കും കേരളമാണ് അപമാനിക്കപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധമുയരണം.

ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും താഴ്ന്ന ജാതിക്കാരെ പ്രവേശിപ്പിക്കാൻ ബ്രാഹ്മണപുരോഹിതർ അനുവദിക്കാറില്ല എന്ന പരമസത്യമാണ് ലിംബാളെ അവിടെ വിശദീകരിക്കാൻ ശ്രമിച്ചത്. ഏറെ പുരോഗമന മുന്നേറ്റമുണ്ടായ കേരളത്തിൽ പോലും ഈയിടെ അത്തരം പ്രവണതകൾ ഉണ്ടാവുന്നതായും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതാണത്രെ പ്രതിഷേധത്തിന് കാരണമായത്.

പുസ്തകമേളയുടെ സംഘാടകർ കൂടി പങ്കുചേർന്നാണ് സദസ്സിൽ ബഹളമുണ്ടാക്കിയതെന്ന് കാണുന്നു. ഈ പ്രവർത്തിയിലൂടെ "എറണാകുളം അന്താരാഷ്ട്ര പുസ്തകോത്സവം' എന്ന പേരിൽ പരിപാടി നടത്തുന്ന സംഘാടകരുടെ സംഘപരിവാർ ബന്ധവും ദലിത് വിരോധവും തെളിഞ്ഞു വന്നിരിക്കുകയാണ്. ക്ഷണിച്ചു കൊണ്ടുവന്നതിന്റെ
ഔദാര്യത്തിൽ തങ്ങളുടെ മനുവാദ നിലപാടുകൾക്ക് അനുകൂലമായി ലിംബാളെ സംസാരിക്കുമെന്നാണോ സംഘാടകർ കരുതിയത്? നൂറ്റാണ്ടുകളോളം പൗരോഹിത്യത്തിന്റെ ചവിട്ടടിയിൽ കിടക്കേണ്ടി വന്ന ഒരു ജനതയുടെ സർഗ്ഗാത്മകതയാണ് ഈ എഴുത്തുകാരനിൽ സ്പന്ദിക്കുന്നത്. വർഗ്ഗീയവാദികൾക്ക് കീഴ്പ്പെടാൻ അദ്ദേഹത്തിനു കഴിയില്ല.

എക്കാലത്തും ഇന്ത്യയിലെ ദലിത് ജീവിതം അപമാനകരവും അസഹനീയവുമായിരുന്നു. ബ്രാഹ്മണപൗരോഹിത്യത്തിന്റെ
രാഷ്ട്രീയശക്തിയായ ബി.ജെ.പി. കേന്ദ്രത്തിൽ അധികാരത്തിലെത്തിയതോടെ അടിച്ചമർത്തൽ കൂടുതൽ ഭീകരമായി മാറിയിരിക്കുന്നു. ദലിതരേയും ന്യൂനപക്ഷ ജനവിഭാഗത്തെയും വെറുക്കാനും ആക്രമിക്കാനും പ്രേരിപ്പിച്ചു കൊണ്ട് സംഘപരിവാറിന്റെ സാംസ്കാരിക അധിനിവേശം രാജ്യത്ത് മുന്നേറുകയാണ്. നവോത്ഥാനത്തിന്റെയും ജനാധിപത്യവൽക്കരണത്തിന്റെയും മഹത്തായ ചരിത്രമുള്ള കേരളത്തിനു പോലും ആ ബാധയിൽ നിന്ന് ഒഴിഞ്ഞുമാറാനാവുന്നില്ല എന്ന് ലിംബാളെ സൂചിപ്പിച്ചത് സത്യമാണ്.

കേരളത്തിൽ പലയിടത്തും ക്ഷേത്രങ്ങളിൽ "അഹിന്ദുക്കൾക്ക് പ്രവേശനമില്ല' എന്ന ബോർഡ് പൂർവ്വാധികം ശക്തമായി തിരിച്ചു വരുന്നത് കാണാനാകുന്നു. മഹാപ്രതിഭകളായ വാദ്യകലാകാരന്മാർ ക്ഷേത്ര മതിൽക്കെട്ടുകൾക്കകത്തു നിന്ന് ആട്ടിയിറക്കപ്പെടുന്നു. മഹാക്ഷേത്രങ്ങളിലെ പൗരോഹിത്യ പ്രവർത്തി ഇന്നും ഇവിടെ ബ്രാഹ്മണന് സംവരണം ചെയ്യപ്പെട്ടിരിക്കയാണ്. നവോത്ഥാന കേരളത്തിലാണല്ലോ ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമായ കോടതിവിധിക്കെതിരെ കലാപമുണ്ടായത്.

രാജ്യത്തിന്റെ ഇമ്മട്ടിലുള്ള തിരിച്ചു പോക്കിനെതിരെ പ്രതികരിക്കാൻ ശരൺകുമാർ ലിംബാളെയെപ്പോലുള്ള എഴുത്തുകാർ മുന്നിൽ വരും. അതിനെ തടയാനുള്ള നീക്കമാണ് എറണാകുളത്ത് നടന്നിരിക്കുന്നത്.


Summary: ക്ഷണിച്ചു കൊണ്ടുവന്നതിന്റെ ഔദാര്യത്തിൽ തങ്ങളുടെ മനുവാദ നിലപാടുകൾക്ക് അനുകൂലമായി ലിംബാളെ സംസാരിക്കുമെന്നാണോ സംഘാടകർ കരുതിയത്? നൂറ്റാണ്ടുകളോളം പൗരോഹിത്യത്തിന്റെ ചവിട്ടടിയിൽ കിടക്കേണ്ടി വന്ന ഒരു ജനതയുടെ സർഗ്ഗാത്മകതയാണ് ഈ എഴുത്തുകാരനിൽ സ്പന്ദിക്കുന്നത്. വർഗ്ഗീയവാദികൾക്ക് കീഴ്‌പ്പെടാൻ അദ്ദേഹത്തിനു കഴിയില്ല. എറണാകുളം അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വെച്ച് ശരൺകുമാർ ലിംബാളെയെ അപമാനിച്ച വിഷയത്തിൽ അശോകൻ ചരുവിൽ പ്രതികരിക്കുന്നു


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments