മരം മുറി കേസ് ; മറച്ചുവെക്കുന്ന രഹസ്യങ്ങൾ

ളരെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമെന്ന നിലയിലും കാട്, മല, ചോല, വെള്ളം, മരം തുടങ്ങിയ പ്രകൃതിവിഭവങ്ങളെ വൈകാരികമായും വസ്തുനിഷ്​ഠമായും പരിശോധിക്കുന്ന സമൂഹമായതുകൊണ്ടും പ്രകൃതിക്കുമേലുള്ള കടന്നുകയറ്റങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ കേരളത്തിൽ സാമൂഹ്യ ശ്രദ്ധ പിടിച്ച് പറ്റാറുണ്ട്. പരിസ്ഥിതിദിനമായ ജൂൺ 5ന് ഏറ്റവും കൂടുതൽ മരം നട്ട് ഒരുപക്ഷെ ആഘോഷിക്കുന്ന സംസ്ഥാനം കേരളമായിരിക്കും. മരവും മരച്ചോടും കേരളീയരുടെ ഒരു വികാരം തന്നെയാണ്. അതുകൊണ്ട് വനത്തിനുള്ളിലെ മരവും വനത്തിന് പുറത്തുള്ള മരവും സംരക്ഷിക്കുന്നതിന് നമുക്ക് നിരവധിയായ നിയമങ്ങളുമുണ്ട്. മരം മുറി മൂലം മന്ത്രിസ്ഥാനം നഷ്ടപെട്ട സാഹചര്യവും മന്ത്രി ജയിലിൽ പോകേണ്ട സാഹചര്യവും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഒരു മരവും മുറിക്കില്ല എന്ന് ഉത്തരവ് ഇട്ട് ഒറ്റ ദിവസം മന്ത്രിയായിരുന്ന സാഹചര്യവും കേരളത്തിൽ ഉണ്ടായിട്ടുള്ള വിവരവും നമുക്കറിയാം.

ഇപ്പോൾ മരം മുറി ഒരു പ്രധാന ചർച്ചാ വിഷയമാക്കാനുള്ള കാരണം ഫോറസ്റ്റ് അധികൃതരുടെ അനുമതിയില്ലാതെ മരം കൊണ്ട് പോയത് പിടിക്കപ്പെടുകയും അത് കോടികളുടെ അഴിമതിയായി പ്രചരിപ്പിക്കപ്പെട്ടതോടുകൂടിയുമാണ്. വയനാട് ജില്ലയിലെ മുട്ടിൽസൗത്ത് വില്ലേജിൽ നിന്നും തൃശ്ശൂരിലെ ചേലക്കരയിലെ മച്ചാട് പ്രദേശത്തുനിന്നും ഇത്തരത്തിൽ മരം മുറിച്ച് കടത്തിയതായി കണ്ടെത്തി. തുടർന്ന് സർക്കാരന്വേഷണം പ്രഖ്യാപിച്ച് മുന്നോട്ട് പോവുകയാണ്. വിവിധ ജില്ലകളിൽ നിന്നും അനധികൃതമായി മരം മുറിച്ചിട്ടുണ്ടെന്നാണ് ആരോപണം.

എന്താണ് കേസ്

വനഭൂമി റവന്യുഭൂമിയാക്കപ്പെട്ട പ്രദേശത്ത് ഭൂരഹിതർക്കും, പട്ടാളക്കാരായി വിരമിച്ചവർക്കും കൃഷിയാവശ്യത്തിനായി ഭൂമി പതിച്ച് നൽകുന്നതിന് ഉണ്ടാക്കിയ നിയമമാണ് Kerala Land Assignment Act 1960. 1961 ൽ നിയമം നടപ്പിലാക്കുന്നതിനാവശ്യമായ ചട്ടങ്ങൾ നിലവിൽ വന്നു. ഭൂമിക്ക് പട്ടയമനുവദിച്ച് നൽകുമ്പോൾ നിരവധിയായ നിയന്ത്രണങ്ങളോടെയാണ് പട്ടയമനുവദിച്ചിരുന്നത്. ഭൂമിയുടെ സ്വഭാവം മാറ്റാൻ പാടില്ല. അതിലുള്ള മരങ്ങളിൻമേലുള്ള അധികാരം സർക്കാരിൽ തന്നെ നിഷിപ്തമായിരിക്കും. ഇത്തരത്തിൽ പിന്നീട് പിന്നീട് നിയമത്തിൽ നിരവധിയായ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. പട്ടയഭൂമിയിലെ മരം മുറിക്കുന്നത് സംബന്ധിച്ച് 70ലും 76ലും ഭേദഗതികൾ ഉണ്ടാക്കി. സർക്കാരിൽ തന്നെ അവകാശം നിക്ഷിപ്തമാക്കി ഷെഡ്യൂൾ ചെയ്യപ്പെട്ട റീസർവസ് മരങ്ങളുടെ എണ്ണം 10 ആയി ചുരുക്കി. ഇതിൽ ചന്ദനമരത്തിന്റെ അധികാരം പൂർണമായും സർക്കാരിൽ നിക്ഷിപ്തമാക്കുകയും മറ്റു മരങ്ങൾ നിയന്ത്രണവിധേയമാക്കി മുറിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. ഷെഡ്യൂൾ ചെയ്യപ്പെട്ട മരങ്ങൾ മുറിക്കേണ്ടിവരുന്ന സാഹചര്യം വരുമ്പോൾ റവന്യുവകുപ്പിന്റെ പ്രത്യേക അനുമതിയും മരം കൊണ്ടുപോകണമെങ്കിൽ വനംവകുപ്പിന്റെ പാസും വേണം. സർക്കാരിൽ നിന്ന് പട്ടയം അനുവദിച്ച് കൈമാറി കിട്ടിയ ഭൂമിയിൽ സ്വന്തം അധ്വാനത്തിന്റെ ഭാഗമായി നട്ടുവളർത്തി വലുതാക്കിയ വൃക്ഷങ്ങൾ മുറിച്ച് മാറ്റുന്നതിനും വൃക്ഷകരം കൊടുക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു.

1964ലെ കേരള ലാന്റ് അസൈൻമെന്റ് ചട്ടത്തോടൊപ്പം തന്നെ മനസ്സിലാക്കേണ്ട രണ്ട് നിയമങ്ങൾ കൂടിയുണ്ട്. അത് കൂടി മനസിലാക്കിയാലെ മരംമുറി കേസിന്റെ പ്രാധാന്യം വ്യക്തമാകുകയുള്ളു.

അതിലൊന്ന് 1986ലെ കേരള പ്രിസർവേഷൻ ഓഫ് ട്രീസ് ആക്ട് ആണ്. മണ്ണൊലിപ്പ് തടയുക, മരവിഭവം സംരക്ഷിക്കുക, വംശനാശഭീഷണി നേരിടുന്ന വൃക്ഷങ്ങൾ സംരക്ഷിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. ഇത് പ്രകാരം റവന്യുഭൂമിയിൽ നിൽക്കുന്ന ചന്ദനം, തേക്ക്, വീട്ടി, ഇരുൾ, തമ്പകം, കമ്പകം, ചെമ്പകം, ചടച്ചി, ചന്ദനവേമ്പ്, ചീറി എന്നി പാരിസ്ഥിതിക പ്രാധാന്യമുള്ള 10 മരങ്ങൾ മുറിക്കുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ജീവനും സ്വത്തിനും അപകടം വരുത്തുന്നു വിധത്തിൽ നിൽക്കുന്ന മരങ്ങൾ, നശിച്ച മരങ്ങൾ കെട്ടിടം പണിയുന്നതിന് വേണ്ടി സ്ഥലം ശരിയാക്കുന്നതിന് വേണ്ടി മുറിക്കേണ്ടിവരുന്ന മരങ്ങൾ എന്നിവക്ക് മാത്രമേ റവന്യുഭൂമിയിൽ നിന്നും റിസർവ് മരങ്ങൾ മുറിക്കാൻ അനുമതി നൽകിയിരുന്നുള്ളു. Sect 5 പ്രകാരം പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങൾ നോട്ടീഫൈ ചെയ്യണമെന്നും അത്തരം പ്രദേശങ്ങളിൽ നിന്നുള്ള മരം മുറിക്ക് വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നടത്തിപ്പ് ചുമതല വനംവകുപ്പിനാണ്.

അടുത്ത നിയമം 2005ലെ കേരള പ്രമോഷൻ ഓഫ് ട്രീസ് ഗ്രോത്ത് ഇൻ നോൺ ഫോറസ്റ്റ് ഏരിയ ആക്ട് ആണ്. വനേതര മേഖലയിൽ വൃക്ഷവത്കരണം പ്രോത്സാഹിപ്പിക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക, മണ്ണൊലിപ്പ് തടയുക, കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുക, വ്യാവസായികവും ഗാർഹികവുമായ ആവശ്യങ്ങൾക്ക് മരത്തിന്റെയും മുളയുടെയും ലഭ്യത ഉറപ്പ് വരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് നിയമം നിർമിച്ചത്. നിയമത്തിന്റെ ആമുഖത്തിൽ പാരിസ്ഥിതിക സ്ഥിരീകരണമാണ് പ്രധാന ലക്ഷ്യമായി മുന്നോട്ട് വച്ചത്. ഒരു കൃഷി എന്ന നിലയിൽ തന്നെ മരം നടാനും വളർത്താനും വലുതാക്കാനും ചന്ദനം ഒഴികെയുള്ള മരങ്ങൾ വെട്ടിവിൽക്കാനും പ്രസ്തുത നിയമം അനുമതി നൽകുന്നുണ്ട്. പക്ഷെ ഒരു നിയന്ത്രണമെന്നെ നിലയിൽ റിസർവ് ചെയ്യപ്പെട്ട 10 മരങ്ങളിൽ ചന്ദനമൊഴികെയുള്ള മരങ്ങൾ വെട്ടികടത്തുമ്പോൾ വനംവകുപ്പിന്റെ അനുമതി വാങ്ങേണ്ടതുണ്ട്.

1986ലെ സെക്ഷൻ 5 പ്രകാരം നോട്ടിഫൈ ചെയ്തിരിക്കുന്ന ഭൂമിയിൽ നിന്നും മരംമുറിക്കാൻ പാടില്ല എന്ന കാര്യവും 2005ലെ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങൾ 1986ലെ നിയമപ്രകാരം നോട്ടിഫൈ ചെയ്യുന്നതിനായി ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ 200നടുത്ത് വില്ലേജുകളുടെ പേരുകൾ നിർദേശിച്ചുവത്രേ. പക്ഷെ വിജ്ഞാപനം ചെയ്യ്തുവന്നപ്പോൾ 59 ആയി ചുരുങ്ങി. പശ്ചിമഘട്ട മേഖലയിലുള്ളവരുടെ പല വ്യക്തിതാല്പര്യങ്ങളും, രാഷ്ട്രീയ താല്പര്യങ്ങളും ഇതിനുപിന്നിലുണ്ടായിരുന്നു എന്നത് വ്യക്തമാണ്. 59 വില്ലേജുകൾ തെരഞ്ഞെടുപ്പിക്കാറുള്ള മാനദണ്ഡം എന്തായിരുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ തുടരുകയാണ്. വൃക്ഷവൽക്കരണത്തിനും വൃക്ഷകൃഷിക്കും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്ക് വിപുലമായ അധികാരങ്ങളാണ് നൽകിയിട്ടുള്ളത്.
2007ൽ 2005ലെ വൃക്ഷ പ്രോത്സാഹനനിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. വനേതര മേഖലയിലെ വിജ്ഞാപനം ചെയ്യാത്ത റവന്യു ഭൂമിയിൽ നിന്നും മരം മുറിച്ച് വിൽക്കാം എന്ന് ഭേദഗതി ചെയ്തു.

Kerala Fortse (vesting and rearrangement of envlogiced Fragile land) Act 2003, Sect 5seവൃക്ഷസംരക്ഷണ നിയമം 1986 പ്രകാരവും വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശത്ത് നിന്ന് ഒഴികെ മരം മുറിക്കാമെന്നാക്കി വിപുലപ്പെടുത്തി. റിസർവ് മരങ്ങളുടെ സംരക്ഷണത്തെ സംബന്ധിച്ച് ഒന്നും തന്നെ ഭേദഗതിയിൽ സൂചിപ്പിക്കപ്പെട്ടില്ല. ഈ ഭേദഗതി യഥാർത്ഥത്തിൽ മരംമുറി പ്രോത്സാഹന നിയമമായിപോയി.

മേൽ വിശദീകരിച്ച നിയമസാഹചര്യത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. റെവന്യുഭൂമിയിലായാലും പട്ടയഭൂമിയിലായാലും പാരിസ്ഥിതികമായി വംശനാശം നേരിടുന്നതും പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളിൽ നിന്നും 10 തരം മരങ്ങൾ മുറിക്കുന്നതിനും കടത്തികൊണ്ടുപോകുന്നതിനും നിയന്ത്രണങ്ങൾ ഉണ്ട്.

ഈ നിയന്ത്രണങ്ങളെ ലഘൂകരിക്കുന്നതിനാണ് പട്ടയഭൂമിയിലെ കർഷകരെ സഹായിക്കുന്നതിനായി റവന്യുവകുപ്പ് GO(P)No.60/2017/RD dtd 17/8/2017 എന്ന 1964ലെ ലാന്റ് ആസൈൻമെന്റ് ചട്ട നിയമഭേദഗതി ഉത്തരവ് ഇറക്കുന്നത്. പ്രസ്തുത ഉത്തരവ് പ്രകാരം 1964ലെ ലാന്റ് അസൈൻമെന്റ് ആക്ടിലെ 10(3) ചട്ടവും 1986ലെ കേരള പ്രിസർവേഷൻ ഓഫ് ട്രീസ് ആക്ടിലെ സെക്ഷൻ 4 ചട്ടവും അനുസരിച്ച് പട്ടയഭൂമിയിൽ നിന്നും മരം മുറിച്ചെടുക്കാൻ അനുവദിച്ചു.
ഈ ഭേദഗതിക്ക് വിശദീകരണത്തിന് ഡിപ്പാർട്ട്‌മെന്റ് തല ആവശ്യം ഉയർന്നു. പട്ടയഭൂമിയിലെ മരം മുറിക്കുന്നതിന് യാതൊരു തല നിയന്ത്രണവും പാടില്ല എന്നുള്ളതായിരുന്നു വയനാട്ടിലെയും ഇടുക്കിയിലെയും പല പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയും ആവശ്യം. കർഷകരുടെ പേരും പറഞ്ഞ് എങ്ങിനെയാണൊ പശ്ചിമഘട്ട സംരക്ഷണത്തെ തുരങ്കം വക്കുന്നത് അത്തരക്കാർ തന്നെയായിരുന്നു ഇതിന്റെയും നേതൃത്വത്തിന് പിന്നിൽ.

തുടർന്നാണ് 11/03/2020 ലെ സ്പഷ്ടീകരണ ഉത്തരവ് റവന്യുവകുപ്പ് പുറത്തുവിടുന്നത്. പ്രസ്തുത ഉത്തരവ് പ്രകാരം പട്ടയഭൂമിയിൽ കർഷകർ നട്ടതും പട്ടയം ലഭിച്ചതിന് ശേഷം ഭൂമിയിൽ കിളിർത്ത് വന്നതുമായ ചന്ദനം ഒഴികെയുള്ള റിസർവ്ഡ് വൃക്ഷങ്ങളിൻ മേൽ പൂർണ അധികാരം കർഷകർക്കാണെന്ന് വ്യക്തമാക്കി.

എന്നാൽ മരം മാഫിയക്ക് സർവതന്ത്ര സ്വാതന്ത്ര്യം വേണമായിരുന്നു. 1986ലെ വൃക്ഷസംരക്ഷണ നിയമത്തിലേയും 2005ലെ വൃക്ഷ പ്രോത്സാഹന നിയമത്തിലെയും നിബന്ധനകൾ കൂടി ഇല്ലാതാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പ്രസ്തുത നിയമങ്ങൾ പ്രകാരം റിസർവ് ചെയ്ത 10 തരം വൃക്ഷങ്ങൾ നിയമവിധേനയായിട്ട് തന്നെയാണ് മുറിച്ചതെന്നും കൊണ്ടുപോയതെന്നും ഉറപ്പ് വരുത്തണമെങ്കിൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടേയും, വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും അനുമതി വേണം.
ഉദാഹരണമായി പട്ടയഭൂമിയിലെ റിസർവ്ഡ് മരം സ്ഥിതി ചെയ്യുന്നത് നോട്ടിഫൈയഡ് വില്ലേജിലല്ല എന്നും പട്ടയസമമെന്ന് രേഖപ്പെടുത്തിയിട്ടില്ലാത്ത മരമാണ് മുറിക്കുന്നതെന്നും ഉറപ്പ് വരുത്തണമെങ്കിൽ ഭൂമിയുടെ പൊസഷൻ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങേണ്ടത് അനിവാര്യമാണ്. അതുപോലെ മരം മുറിച്ച് കൊണ്ടുപോകുന്നത് നിയന്ത്രണങ്ങളൊന്നുമില്ലാത്ത ഇടത്തിൽ നിന്ന് തന്നെയാണ് എന്ന് ഉറപ്പു വരുത്തുന്നതിന് വനംവകുപ്പിന്റെ അനുമതിയാവശ്യമാണ്. ഈ നിയന്ത്രണങ്ങൾ ആവശ്യമില്ല എന്ന് ആർക്കും പറയാൻ കഴിയില്ല. ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടായിട്ടുകൂടി വലിയ തോതിൽ നിയന്ത്രിത പ്രദേശത്തുനിന്ന് മരം മുറിച്ച് കടത്തുന്നു എന്നത് ഏവർക്കും അറിയുന്ന കാര്യമാണ്.

ഇത്തരക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാവണം 24/10/2020ന് പുതിയ ഒരു സ്പഷ്ടീകരണ ഉത്തരവ് കൂടി പുറത്തിറക്കിയത്. ഇത് പ്രകാരം പട്ടയഭൂമിയിൽ നിന്ന് റിസർവ്ഡ് വൃക്ഷങ്ങളിൽ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിനും കൊണ്ടുപോകുന്നതിനും യാതൊരു അനുമതിയും ആവശ്യമില്ല എന്നു മാത്രമല്ല സർക്കാർ ഉദ്യോഗസ്ഥർ തടസ്സം നിന്നാൽ നടപടിക്ക് വിധേയമാക്കേണ്ട വരും എന്നും ഉത്തരവിൽ വ്യക്തമാക്കി. യഥാർത്ഥത്തിൽ ഈ ഉത്തരവാണ് വ്യാപകമായ അഴിമതിക്ക് വഴിവച്ചത്. യാതൊരു അനുമതിയും വേണ്ട എന്ന് വന്നതോടെ 1986ലെയും 2005ലെയും നിയന്ത്രണങ്ങൾ പോലും പാലിക്കാതെ മരം കടത്താം എന്ന നില വന്നു. റിസർവ്ഡ് മരങ്ങൾ എവിടെ നിന്ന് മുറിച്ചു എവിടേക്ക് കൊണ്ടുപോയി എന്ന് ചോദിക്കാൻ ആരുമില്ലാത്ത അവസ്ഥ വന്നു. നിയന്ത്രണങ്ങളും, നിയമങ്ങളും ഉണ്ടാക്കിയതിന്റെ പശ്ചാത്തലങ്ങൾ വിസ്മരിക്കപ്പെട്ടു. സ്വാഭാവികമായും സർക്കാർ ചെലവിൽ മരംകൊള്ള നടന്നു എന്ന് പറയുന്നതിൽ തെറ്റില്ല. ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ തന്റെ അധികാരം ഉപയോഗിച്ച് പാസില്ലാതെ മരം കൊണ്ടുപോയത് പിടിച്ചതോടെയാണ് മരം കൊള്ള വലിയ വിഷയമായത്.

സർക്കാർ ഇറക്കിയ 2017ലെ ലാന്റ് അസൈൻമെന്റ് അമന്റ്‌മെന്റും ആക്ടും 11/03/2020ലെയും 24/10/2020ലെ സ്പഷ്ടീകരണ ഉത്തരവും കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും തുടർന്ന് സ്പഷ്ടീകരണ ഉത്തരവുകളെല്ലാം 02/02/2021ലെ ഉത്തരവ് പ്രകാരം റദ്ദുചെയ്യുകയും ചെയ്തു.

രസകരമായ കാര്യം ഉത്തരവ് റദ്ദ് ചെയ്തിട്ടും പല വനംവകുപ്പ് ഉദ്യോഗസ്ഥരും മരം കടത്തിന് പാസ് നൽകിപോന്നു എന്നാണ് അറിയുന്നത്. സർക്കാർ അന്വേഷണം നടത്തുന്നതിന് ഉത്തരവായിട്ടുണ്ടെങ്കിലും റവന്യുവകുപ്പിന്റെ ഉത്തരവാദിത്വമില്ലാതെ നടത്തിയ 24/10/2020 ഉത്തരവ് ഉണ്ടാക്കിയ സാഹചര്യം പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്.

നിയന്ത്രണങ്ങളില്ലാത്ത മരംമുറി കേരളത്തിലനുവദിക്കരുത്

കേരളത്തിലെ ഭൂമിയുടെ കിടപ്പിനെ പരിഗണിച്ചുകൊണ്ട് മാത്രമേ മരംമുറി അനുവദിക്കാൻ പാടുള്ളു. ചെരിഞ്ഞ ഭൂപ്രദേശത്ത് നിന്ന് വ്യാപകമായ തോതിൽ മരം മുറിച്ച് പോയാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഇതിനകം തന്നെ നമുക്ക് അനുഭവപ്പെട്ടിട്ടുള്ളതാണ്. പട്ടയഭൂമിയുടെ നല്ലൊരു ഭാഗം പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അവിടെ നിന്നും മരം മുറിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കാണാതിരുന്നുകൂടാ. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടത് കേരളത്തിന്റെ മുഴുവൻ ജനങ്ങളുടെയും ആവശ്യമാണ് എന്നും മറുന്നുകൂട. എന്നാൽ കർഷകരുടെയും, ഭൂമി ഉപജീവന മാർഗ്ഗമായി കാണുന്ന ഇത്തരം പ്രദേശങ്ങളിലെ മനുഷ്യരുടെയും ആവശ്യങ്ങളും അവകാശങ്ങളും വിസ്മരിച്ചുകൂടാ. അതുകൊണ്ട് പരിസ്ഥിതിക്ക് വലിയ ദോഷമില്ലാത്ത വിധത്തിൽ മരം മുറിച്ചെടുക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണം. പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളിൽ നിന്നും മരങ്ങൾ മുറിച്ചെടുക്കുമ്പോൾ കൈക്കൊള്ളേണ്ട നടപടി ക്രമങ്ങൾ കൃത്യതയോടെ വ്യക്തമാക്കണം. 1986ലെയും, 2005ലെയും നിയമങ്ങളിൽ അതനുസരിച്ചുള്ള ബേധഗതി കൊണ്ടുവരണം. വംശനാശഭീഷണി നേരിടുന്നതും ഭൂമി സ്ഥിതീകരണത്തിന് ഉതകുന്നതുമായ വൃക്ഷങ്ങൾ വെട്ടിയെടുക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. വൃക്ഷങ്ങൾ സംരക്ഷിക്കേണ്ടത് വ്യക്തികളുടെ മാത്രമല്ല സമൂഹത്തിന്റെയും ഉത്തരവാദിത്വമെന്ന നിലക്ക് ചെരിഞ്ഞ ഭൂപ്രദേശങ്ങളിലെ സ്വകാര്യ ഭൂമിയിലെ മരങ്ങൾ സംരക്ഷിച്ചു നിലനിർത്തുന്നതിന് കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കണം. ജൂൺ 5ലെ വൃക്ഷവത്കരണത്തിന് നൽകുന്ന അതേ പ്രാധാന്യം വൃക്ഷസംരക്ഷണത്തിനും ഉണ്ടാകണം.

Comments