അതിജീവിതയെ അവഹേളിക്കുംവിധം
ഇഴഞ്ഞുനീങ്ങുന്ന കേസ്

ദിലീപിന്റെ ആദ്യ പങ്കാളി മഞ്ജു വാര്യർ ഉൾപ്പെടെ 355 പേരുടെ മൊഴിയെടുത്തു. ഇവരിൽ 33 പേർ രഹസ്യമൊഴി നൽകി. ദിലീപും സുനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കൂടാതെ ശാസ്ത്രീയ പരിശോധനാ ഫലമുൾപ്പെടെ നാനൂറോളം രേഖകളും കുറ്റപത്രത്തിലുണ്ട്. സുനിൽകുമാർ, പൾസർ സുനി, വിജീഷ്, മണികണ്ഠൻ, മാർട്ടിൻ ജോസഫ്, പർദീപ്, സലിം, ചാർലി തോമസ് എന്നിവരാണ് രേഖയിലെ പ്രതികൾ. നടി ആക്രമിക്കപ്പെട്ട കേസിൽ സംഭവവുമായി ബന്ധപ്പെട്ട പ്രധാന ചില സന്ദർഭങ്ങൾ പരിശോധിക്കുന്നു.

2017 ഫെബ്രുവരിയിലാണ് മലയാള സിനിമയിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി വാഹനത്തിൽവച്ച് ആക്രമിച്ചത്. ഈ സംഭവം സിനിമാമേഖലയെ മാത്രമല്ല, പൊതുസമൂഹത്തെയാകമാനം ഞെട്ടിക്കുകയും വ്യാപക രോഷത്തിനിടയാക്കുകയും നീതിക്കുവേണ്ടിയുള്ള മുറവിളിയുയർത്തുകയും ചെയ്തു.

തന്റെ മുൻ ഡ്രൈവർ കൂടിയായിരുന്ന പൾസർ സുനി ഉൾപ്പെടെ ലൈംഗികാതിക്രമം നടത്തിയവർക്കെതിരെ അതിജീവിത കേസ് കൊടുത്തു. പൾസർ സുനി ഉൾപ്പെടെ ആറു പേർക്കെതിരെ കേസെടുത്ത് ആഴ്ചകൾക്കുശേഷം ആക്രമണത്തിൽ പ്രമുഖ നടൻ ദിലീപിന്റെ പങ്ക് പുറത്തുവന്നു. ജയിലിൽവച്ച് പൾസർ സുനി ദിലീപിന് എഴുതിയെന്ന് പറയപ്പെടുന്ന കത്താണ് കേസിൽ വഴിത്തിരിവായത്. ദിലീപിനെ അറസ്റ്റ് ചെയ്ത് കേസെടുത്തതോടെ വിചാരണയ്ക്ക് കാര്യമായ മാധ്യമശ്രദ്ധ ലഭിച്ചു. ഒപ്പം, സിനിമയിലെ ലിംഗാധിഷ്ഠിത അക്രമവും സ്ത്രീകളുടെ സുരക്ഷയും ഏറെ ചർച്ച ചെയ്യപ്പെട്ടു. അതിക്രമത്തെ അതിജീവിച്ച നടിയുടെ സിനിമയിലെ സുഹൃത്തുക്കൾ അവളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ആ ഐക്യദാർഢ്യം 'വിമൻ ഇൻ സിനിമാ കളക്ടീവ്' (WCC) എന്ന സംഘടനയുടെ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്തു. WCC സോഷ്യൽ മീഡിയയിൽ തുടങ്ങിയ 'അവൾക്കൊപ്പം' കാമ്പയിൻ അതിവേഗം പടർന്നു.

വിചാരണാവേളയിൽ 85 ദിവസം ജയിലിൽ കിടന്ന കുറ്റാരോപിതനായ നടൻ ദിലീപ് ജാമ്യം ലഭിച്ച് പുറത്തുവരുകയും, സിനിമാഭിനയം തുടരുകയും ചെയ്തു. ശാരീരിക- മാനസിക പീഡനങ്ങൾ അനുഭവിച്ച അതിജീവിതയെയും, സാക്ഷിയായ കാലത്തെയും തന്നെ അവഹേളിക്കും വിധം ഇഴഞ്ഞുനീങ്ങുന്ന നിയമനടപടികളിലൂടെ കേസ് തീർപ്പാകാതെ തുടരുന്നു.

ലൈംഗികാതിക്രമത്തെ അതിജീവിച്ചവർക്ക് നീതി ലഭ്യമാക്കുന്നതിൽ നീതിന്യായവ്യവസ്ഥ എത്രത്തോളം കാര്യക്ഷമമായി ഇടപെടുന്നു എന്ന ചോദ്യമാണ് ഈ കേസുമായി ബന്ധപ്പെട്ട് പ്രധാനമായും ഉയരുന്നത്. ഈയൊരു ചോദ്യം മുൻനിർത്തി, സംഭവവുമായി ബന്ധപ്പെട്ട പ്രധാന ചില സന്ദർഭങ്ങൾ പരിശോധിക്കാം.

ക്രിമിനൽ ഗൂഢാലോചന : പോലിസ് ഭാഷ്യമനുസരിച്ച് നടിയോടുള്ള പ്രതികാരം തീർക്കാൻ ദിലീപ് ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഢാലോചന നടത്തി, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്തു. ഇതിനായി പൾസർ സുനിക്ക് ഒന്നര കോടി രൂപ ദിലീപ് നൽകിയെന്നും 2015 ഡിസംബറിൽ അഡ്വാൻസായി 10,000 രൂപ നൽകിയെന്നുമാണ് പോലീസ് പറയുന്നത്.

മെമ്മറി കാർഡിലെ ദുരൂഹത: ലൈംഗികാതിക്രമക്കേസിലെ മെമ്മറി കാർഡുമായി ബന്ധപ്പെട്ട കൃത്രിമത്വങ്ങളും അതിലേക്കുള്ള അനധികൃത പ്രവേശനവും സംബന്ധിച്ച് കാര്യമായ ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ് സംഗമേശ്വരൻ മാണിക്യം, മെമ്മറി കാർഡിലെ സീരിയൽ നമ്പറിന്റെ അഭാവം എടുത്തുകാണിച്ച്, അതിന്റെ ആധികാരികതയിൽ സംശയമുന്നയിക്കുകയും അത് മാറ്റുകയോ പകർത്തുകയോ ചെയ്തിരിക്കാം എന്ന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

മെമ്മറി കാർഡിന്റെ ഹാഷ് മൂല്യം മാറിയെന്ന് ഫോറൻസിക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് വാട്ട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സന്ദേശമയയ്ക്കൽ ആപ്പുകളുടെ പങ്കാളിത്തം കണക്കിലെടുക്കുമ്പോൾ, ഉള്ളടക്കം പകർത്തിയതാണോ അതോ കൃത്രിമം കാട്ടിയതാണോ എന്ന് നിർണ്ണയിക്കാൻ വിപുലമായ ഫോറൻസിക് വിശകലനത്തിന്റെ ആവശ്യകത സംഗമേശ്വരൻ ഊന്നിപ്പറഞ്ഞു.

മെമ്മറി കാർഡിലെ ഫോറൻസിക് അനാലിസിസ് റിപ്പോർട്ട് തടഞ്ഞുവച്ചതുൾപ്പെടെ ജഡ്ജി ഹണി എം. വർഗീസ് മോശമായി പെരുമാറിയെന്ന് അതിജീവിത ഹൈകോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റാരോപിതനായ ദിലീപിന്റെ അഭിഭാഷകരും ഭരണമുന്നണിയുമായി ബന്ധമുള്ള ചില രാഷ്ട്രീയ പ്രവർത്തകരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണത്തെ തടസ്സപ്പെടുത്താൻ സാധ്യതയുള്ള ഗൂഢാലോചനയെക്കുറിച്ചുമുള്ള ആശങ്കകൾ ഹർജിയിൽഉന്നയിച്ചിരുന്നു.

ഫോറൻസിക് റിപ്പോർട്ടുകളുടെ വെളിപ്പെടുത്തലുകൾ പുറത്തുകൊണ്ടുവന്ന പൊരുത്തക്കേടുകൾക്കൊപ്പം, ഒന്നിലധികം കോടതികളിലേക്കും ഫോറൻസിക് ലാബുകളിലേക്കും മെമ്മറി കാർഡിലെ ഉള്ളടക്കം എത്തപ്പെട്ടത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. പ്രതിയുടെ സഹോദരനും ചില കോടതി ജീവനക്കാരും വീഡിയോ കണ്ടതായി കരുതുന്നു. ഇത് അതിജീവിതയുടെ സ്വകാര്യതയുടെ നഗ്‌നമായ ലംഘനമായിരുന്നിട്ടും സംഭവത്തിനെതിരെ എഫ് ഐ ആർ പോലും പോലീസ് ഫയൽ ചെയ്തില്ല. അതിജീവിത സമർപ്പിച്ച അന്വേഷണ ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതി തന്നെ വിസമ്മതിച്ചതും കേരളം കണ്ടു.

കുറ്റാരോപിതരോടുള്ള കോടതിയുടെ പ്രത്യക്ഷമായ പ്രീതി: അതിജീവിതയുടെ അഭിഭാഷകയുടെ അഭിപ്രായത്തിൽ, ഈ കേസിൽ വ്യക്തമായും കാണപ്പെട്ട പ്രതികളോടുള്ള കോടതിയുടെ പക്ഷപാതപരമായ നിലപാടുകൾ ജുഡീഷ്യൽ പ്രക്രിയക്ക് തുരങ്കം വക്കുന്നതും നിഷ്പക്ഷമായി നീതി നൽകാനുള്ള നിയമവ്യവസ്ഥയുടെ കഴിവിലുള്ള വിശ്വാസം ഇല്ലാതാക്കുന്നതുമാണ്.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ രാജി: സെഷൻസ് കോടതി ജഡ്ജി ഹണി വർഗീസിനെ മാറ്റണമെന്ന അതിജീവതയുടെ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സുരേശൻ രാജിവെച്ചു. തുടർന്ന്, കോടതിയിലെ പ്രതികൂല അന്തരീക്ഷം ചൂണ്ടിക്കാട്ടി മുൻ സി.ബി.ഐ പ്രോസിക്യൂട്ടറായിരുന്ന അനിൽകുമാറും രാജിവച്ചു. ഈ രാജികൾ, കേസ് നടപടികളോടുള്ള അതൃപ്തി സൂചിപ്പിക്കുന്നു. ഈ രാജികൾ കോടതിയുടെ സത്യസന്ധതയിൽ സംശയമുളവാക്കുന്നു. നടപടികൾ കുറ്റാരോപിതർക്ക് അനുകൂലമായി മാറാനുള്ള സാധ്യതയെക്കുറിച്ച് ആശയങ്കകളുയർത്തുകയും ചെയ്യുന്നു.

ഗാഗ് ഓർഡർ ദുരൂഹത: ട്രയലിനെക്കുറിച്ചോ അതുമായി ബന്ധപ്പെട്ടവരെക്കുറിച്ചോ പരസ്യമായി സംസാരിക്കുന്നത് വിലക്കുന്ന 'ഗാഗ് ഓർഡർ' ദിലീപ് നേടിയെടുത്തു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾക്കെതിരെയാണ് ദിലീപ് ഇങ്ങനെയൊരു ഓർഡർ നേടിയെടുത്തത്. ഗാഗ് ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ച് നിരവധി മാധ്യമ സ്ഥാപനങ്ങൾക്കെതിരെ അദ്ദേഹം പിന്നീട് ഹർജി നൽകി. എന്തുകൊണ്ട്? അദ്ദേഹത്തിന് എന്തെങ്കിലും മറയ്ക്കാനുണ്ടോ?

മാധ്യമ കവറേജ് പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ ഗ്യാഗ് ഓർഡറുകൾ, പ്രത്യേകിച്ച് ലൈംഗികാതിക്രമ കേസുകളിൽ, അതിജീവിതകളുടെ മാനസികാരോഗ്യം തളർത്തുകയും, കുറ്റാരോപിതർക്ക് ചിലപ്പോഴെങ്കിലും അനാവശ്യ നിയമ പരിരക്ഷ ഒരുക്കയും ചെയ്യുന്നു. അത്തരം നിയന്ത്രണങ്ങൾ അതിജീവിതയെ ഒറ്റപ്പെടുത്തും, സമൂഹത്തിൽ അവരുടെ പാർശ്വവൽക്കരണം രൂക്ഷമാക്കും. ഇരയ്ക്ക് നീതി ലഭിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുകയും ചെയ്യാം.

പൾസർ സുനിയുമായുള്ള ബന്ധം: കുപ്രസിദ്ധ ക്രിമിനലുമായുള്ള കുറ്റാരോപിതന്റെ ബന്ധം സംശയാസ്പദമായി തുടരുന്നു. കുറ്റകൃത്യത്തിന്റെ പിന്നിലുള്ള 'ബുദ്ധി' അദ്ദേഹത്തിന്റേതാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചു. അഞ്ച് പ്രത്യേക സ്ഥലങ്ങളിൽ വെച്ച് ദിലീപ് ഒന്നാം പ്രതിയെ കാണുകയും ഗൂഢാലോചന നടത്തുകയും ചെയ്തതായി പോലീസ് പറയുന്നു. ഇത് തെളിയിക്കാൻ പ്രോസിക്യൂഷൻ ഹോട്ടൽ രേഖകൾ ഹാജരാക്കിയിരുന്നു. ദിലീപിന്റെ പേരിൽ തന്നെയാണ് മുറിയെടുത്തത്. ഇത് തെളിയിക്കാൻ സാക്ഷികളെപ്പോലും പോലീസ് ഹാജരാക്കി.

ദിലീപിന് പൾസർ സുനിയുടെ കത്ത്: മുൻകൂർ നിശ്ചയിച്ച തുക ദിലീപിൽ നിന്ന് ഈടാക്കാൻ ലക്ഷ്യമിട്ട് ഒന്നാം പ്രതി എഴുതിയ ഭീഷണിക്കത്ത് പൊലീസ് കണ്ടെത്തി. കത്തിൽ നാദിർഷായെയും വിഷ്ണുവിനെയും പരാമർശിച്ചിരുന്നു. ദിലീപും മുഖ്യപ്രതിയും തമ്മിലുള്ള ബന്ധം തുടരുന്നതായി ഇത് സൂചിപ്പിക്കുന്നു. മുഖ്യപ്രതിയുടെ പരസ്പരബന്ധിതമായ കോളുകളും പോലീസ് കണ്ടെത്തി.

മാച്ചിങ് ടവർ ലൊക്കേഷനുകൾ: അഡ്വാൻസ് തുകയുടെ ഗൂഢാലോചനയും കൈമാറ്റവും നടക്കുമ്പോൾ ദിലീപും ഒന്നാം പ്രതിയും ഒരേ ടവർ ലൊക്കേഷനിലാണെന്ന് പൊലീസ് കണ്ടെത്തി. ഒന്നാം പ്രതിയുമായി അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിൽ ദിലീപ് കണ്ടുമുട്ടിയതായും അവരുമായി ഗൂഢാലോചന നടത്തിയതായും പോലീസ് പറയുന്നു.

നാദിർഷായുടെ ഫോൺ: സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിർഷായ്ക്ക് പൾസർ സുനിയുടെ പേരിൽ വിഷ്ണുവിന്റെ പണം അഭ്യർത്ഥിച്ചുള്ള ഫോൺ കോൾ വരുന്നു. ഇതേ ഉദ്ദേശ്യത്തോടെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ഡ്രൈവർ അപ്പുണ്ണിക്ക് വാട്‌സ്ആപ്പിൽ കത്ത് ലഭിച്ചു.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വാർത്താസമ്മേളനം: ദിലീപിന്റെ മുൻ സുഹൃത്ത് ബാലചന്ദ്രകുമാർ, നടനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. മജിസ്‌ട്രേറ്റിന്റെ പക്കൽ കോടതിയിലുള്ള, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടായിരുന്നെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിലീപിന്റെ വീട്ടിൽ നിന്നാണ് പൾസർ സുനിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ കുറ്റപ്പെടുത്തുന്ന നിരവധി വോയ്സ് ക്ലിപ്പുകളും അദ്ദേഹം വെളിപ്പെടുത്തി. ഒരു ക്ലിപ്പിൽ, കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന പുരുഷശബ്ദങ്ങൾ കേൾക്കാം. കേസിൽ ദിലീപിനെ സഹായിച്ച ഒരു വി ഐ പിയെ കുറിച്ചും ബാലചന്ദ്രകുമാർ പരാമർശിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന: ദിലീപിനെതിരെ കേസന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണത്തെത്തുടർന്ന് കേരള പൊലീസ് ക്രൈംബ്രാഞ്ച് കേസെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനെയും സംഘാംഗങ്ങളെയും ഉന്മൂലനം ചെയ്യാൻ നടൻ ഗൂഢാലോചന നടത്തിയെന്ന ചലച്ചിത്ര സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെതുടർന്ന് പോലീസ് തയാറാക്കിയ പുതിയ എഫ് ഐ ആറിൽ ദിലീപിന്റെ സഹോദരൻ അനൂപ്, ഭാര്യാ സഹോദരൻ സൂരജ് എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ഐ പി സി 116, 118, 120 (ബി), 506, 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ദിലീപിന്റെ ആദ്യ പങ്കാളി മഞ്ജു വാര്യർ ഉൾപ്പെടെ 355 പേരുടെ മൊഴിയെടുത്തു. ഇവരിൽ 33 പേർ രഹസ്യമൊഴി നൽകി. ദിലീപും സുനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കൂടാതെ ശാസ്ത്രീയ പരിശോധനാ ഫലമുൾപ്പെടെ നാനൂറോളം രേഖകളും കുറ്റപത്രത്തിലുണ്ട്. സുനിൽകുമാർ, പൾസർ സുനി, വിജീഷ്, മണികണ്ഠൻ, മാർട്ടിൻ ജോസഫ്, പർദീപ്, സലിം, ചാർലി തോമസ് എന്നിവരാണ് രേഖയിലെ പ്രതികൾ.


നീതിന്യായ സംവിധാനവും ഭരണകൂടങ്ങളും എങ്ങനെയാണ് ലൈംഗികാക്രമണക്കേസുകളിലെ അതിജീവിതകളെ ‘കൈകാര്യം’ ചെയ്യുന്നത് എന്ന്, വിവിധ വിധികളെയും കോടതി പരാമർശങ്ങളെയും മുൻനിർത്തി അന്വേഷിക്കുന്ന ലേഖനം, പൂർണ രൂപം വായിക്കാം ട്രൂകോപ്പി വെബ്സീന് പാക്കറ്റ് 193 ൽ.

Comments