സ്ത്രീവിരുദ്ധതകളുടെ
തൊഴിലിടം, കോടതി, ഭരണകൂടം

നീതിന്യായ സംവിധാനവും ഭരണകൂടങ്ങളും എങ്ങനെയാണ് ലൈംഗികാക്രമണക്കേസുകളിലെ അതിജീവിതകളെ ‘കൈകാര്യം’ ചെയ്യുന്നത് എന്ന്, വിവിധ വിധികളെയും കോടതി പരാമർശങ്ങളെയും മുൻനിർത്തി അന്വേഷിക്കുന്നു, നബീൽ കോലേത്തുംതൊടി. ഒപ്പം, നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയെ കോടതിയും കേരളീയ സമൂഹം എങ്ങനെയാണ് അഭിമുഖീകരിച്ചത് എന്ന്, അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനി അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

സിനിമാമേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഏറെ നാടകീയതകൾക്കുശേഷം സർക്കാർ പുറത്തുവിട്ടു. ഇത്, കമ്മിറ്റിയുടെ രൂപീകരണത്തിനാസ്പദമായ, നടിക്കുനേരെ നടന്ന ലൈംഗികാതിക്രമ കേസിലെ ഇനിയും തുടരുന്ന നീതിനിഷേധത്തിനെതിരെയുള്ള ചർച്ചകൾക്കും കാരണമായിട്ടുണ്ട്.

2017 ഫെബ്രുവരിയിലാണ് മലയാള സിനിമയിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി വാഹനത്തിൽവച്ച് ആക്രമിച്ചത്. ഈ സംഭവം സിനിമാ​മേഖലയെ മാത്രമല്ല, പൊതുസമൂഹത്തെയാകമാനം ഞെട്ടിക്കുകയും വ്യാപക രോഷത്തിനിടയാക്കുകയും നീതിക്കുവേണ്ടിയുള്ള മുറവിളിയുയർത്തുകയും ചെയ്തു.

തന്റെ മുൻ ഡ്രൈവർ കൂടിയായിരുന്ന പൾസർ സുനി ഉൾപ്പെടെ ലൈംഗികാതിക്രമം നടത്തിയവർക്കെതിരെ അതിജീവിത കേസ് കൊടുത്തു. പൾസർ സുനി ഉൾപ്പെടെ ആറു പേർക്കെതിരെ കേസെടുത്ത് ആഴ്ചകൾക്കുശേഷം ആക്രമണത്തിൽ പ്രമുഖ നടൻ ദിലീപിന്റെ പങ്ക് പുറത്തുവന്നു. ജയിലിൽവച്ച് പൾസർ സുനി ദിലീപിന് എഴുതിയെന്ന് പറയപ്പെടുന്ന കത്താണ് കേസിൽ വഴിത്തിരിവായത്. ദിലീപിനെ അറസ്റ്റ് ചെയ്ത് കേസെടുത്തതോടെ വിചാരണയ്ക്ക് കാര്യമായ മാധ്യമശ്രദ്ധ ലഭിച്ചു. ഒപ്പം, സിനിമയിലെ ലിംഗാധിഷ്ഠിത അക്രമവും സ്ത്രീകളുടെ സുരക്ഷയും ഏറെ ചർച്ച ചെയ്യപ്പെട്ടു. അതിക്രമത്തെ അതിജീവിച്ച നടിയുടെ സിനിമയിലെ സുഹൃത്തുക്കൾ അവളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ആ ഐക്യദാർഢ്യം ‘വിമൻ ഇൻ സിനിമാ കളക്ടീവ്’ (WCC) എന്ന സംഘടനയുടെ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്തു. WCC സോഷ്യൽ മീഡിയയിൽ തുടങ്ങിയ 'അവൾക്കൊപ്പം' കാമ്പയിൻ അതിവേഗം പടർന്നു.

പൾസർ സുനി ഉൾപ്പെടെ ആറു പേർക്കെതിരെ കേസെടുത്ത് ആഴ്ചകൾക്കുശേഷം നടിക്കെതിരായ ലൈംഗികാക്രമണത്തിൽ പ്രമുഖ നടൻ ദിലീപിന്റെ പങ്ക് പുറത്തുവന്നു.
പൾസർ സുനി ഉൾപ്പെടെ ആറു പേർക്കെതിരെ കേസെടുത്ത് ആഴ്ചകൾക്കുശേഷം നടിക്കെതിരായ ലൈംഗികാക്രമണത്തിൽ പ്രമുഖ നടൻ ദിലീപിന്റെ പങ്ക് പുറത്തുവന്നു.

വിചാരണാവേളയിൽ 85 ദിവസം ജയിലിൽ കിടന്ന കുറ്റാരോപിതനായ നടൻ ദിലീപ് ജാമ്യം ലഭിച്ച് പുറത്തുവരുകയും, അദ്ദേഹം സിനിമാഭിനയം തുടരുകയും ചെയ്തു. ശാരീരിക- മാനസിക പീഡനങ്ങൾ അനുഭവിച്ച അതിജീവിതയെയും, സാക്ഷിയായ കാലത്തെയും തന്നെ അവഹേളിക്കും വിധം ഇഴഞ്ഞുനീങ്ങുന്ന നിയമനടപടികളിലൂടെ കേസ് തീർപ്പാകാതെ തുടരുന്നു.

ദിലീപ് എന്തുകൊണ്ട് പ്രതിയായി?

ദിലീപ് ഉൾപ്പെട്ട ലൈംഗികാതിക്രമക്കേസ് ജുഡീഷ്യൽ പ്രക്രിയയെ ചുറ്റിപ്പറ്റിയുള്ള വ്യാപക ചർച്ചക്കും സൂക്ഷ്മപരിശോധനയ്ക്കും കാരണമായിട്ടുണ്ട്. ജുഡീഷ്യൽ വീഴ്ചകളും സ്ത്രീകളുടെ നീതിന്യായ അവകാശങ്ങളുടെ ലംഘനങ്ങളും ഈ കേസിലുണ്ടായി. വിചാരണാ നടപടികളിലെ പ്രശ്നങ്ങൾ, തെളിവുകളുടെ സമഗ്രതയുമായി ബന്ധപ്പെട്ട വീഴ്ചകൾ, പക്ഷപാതപരമായ ആരോപണങ്ങൾ, രാഷ്ട്രീയ ഇടപെടലുകൾ എന്നിവ വിലയിരുത്തിയാൽ, നിയമവ്യവസ്ഥയിൽ നീതിയും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ അനിവാര്യമായ ജുഡീഷ്യൽ പരിഷ്കാരങ്ങളെക്കുറിച്ച് ഈ കേസ് അടിവരയിടുന്നു.

ലൈംഗികാതിക്രമത്തെ അതിജീവിച്ചവർക്ക് നീതി ലഭ്യമാക്കുന്നതിൽ നീതിന്യായവ്യവസ്ഥ എത്രത്തോളം കാര്യക്ഷമമായി ഇടപെടുന്നു എന്ന ചോദ്യമാണ് ഈ കേസുമായി ബന്ധപ്പെട്ട് പ്രധാനമായും ഉയരുന്നത്. ഈയൊരു ചോദ്യം മുൻനിർത്തി, സംഭവവുമായി ബന്ധപ്പെട്ട പ്രധാന ചില സന്ദർഭങ്ങൾ പരിശോധിക്കാം.

  • ക്രിമിനൽ ഗൂഢാലോചന: പോലിസ് ഭാഷ്യമനുസരിച്ച് നടിയോടുള്ള പ്രതികാരം തീർക്കാൻ ദിലീപ് ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഢാലോചന നടത്തി, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്തു. ഇതിനായി പൾസർ സുനിക്ക് ഒന്നര കോടി രൂപ ദിലീപ് നൽകിയെന്നും 2015 ഡിസംബറിൽ അഡ്വാൻസായി 10,000 രൂപ നൽകിയെന്നുമാണ് പോലീസ് പറയുന്നത്.

  • മെമ്മറി കാർഡിലെ ദുരൂഹത: ലൈംഗികാതിക്രമക്കേസിലെ മെമ്മറി കാർഡുമായി ബന്ധപ്പെട്ട കൃത്രിമത്വങ്ങളും അതിലേക്കുള്ള അനധികൃത പ്രവേശനവും സംബന്ധിച്ച് കാര്യമായ ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഇൻ്റർനാഷണൽ സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് സംഗമേശ്വരൻ മാണിക്യം, മെമ്മറി കാർഡിലെ സീരിയൽ നമ്പറിന്റെ അഭാവം എടുത്തുകാണിച്ച്, അതിന്റെ ആധികാരികതയിൽ സംശയമുന്നയിക്കുകയും അത് മാറ്റുകയോ പകർത്തുകയോ ചെയ്തിരിക്കാം എന്ന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

  • മെമ്മറി കാർഡിന്റെ ഹാഷ് മൂല്യം മാറിയെന്ന് ഫോറൻസിക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് വാട്ട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സന്ദേശമയയ്‌ക്കൽ ആപ്പുകളുടെ പങ്കാളിത്തം കണക്കിലെടുക്കുമ്പോൾ, ഉള്ളടക്കം പകർത്തിയതാണോ അതോ കൃത്രിമം കാട്ടിയതാണോ എന്ന് നിർണ്ണയിക്കാൻ വിപുലമായ ഫോറൻസിക് വിശകലനത്തിന്റെ ആവശ്യകത സംഗമേശ്വരൻ ഊന്നിപ്പറഞ്ഞു.

  • മെമ്മറി കാർഡിലെ ഫോറൻസിക് അനാലിസിസ് റിപ്പോർട്ട് തടഞ്ഞുവച്ചതുൾപ്പെടെ ജഡ്ജി ഹണി എം. വർഗീസ് മോശമായി പെരുമാറിയെന്ന് അതിജീവിത ഹൈകോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റാരോപിതനായ ദിലീപിന്റെ അഭിഭാഷകരും ഭരണമുന്നണിയുമായി ബന്ധമുള്ള ചില രാഷ്ട്രീയ പ്രവർത്തകരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണത്തെ തടസ്സപ്പെടുത്താൻ സാധ്യതയുള്ള ഗൂഢാലോചനയെക്കുറിച്ചുമുള്ള ആശങ്കകൾ ഹർജിയിൽ ഉന്നയിച്ചിരുന്നു.

നടിയോടുള്ള പ്രതികാരം തീർക്കാൻ ദിലീപ് ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് ഭാഷ്യം.
നടിയോടുള്ള പ്രതികാരം തീർക്കാൻ ദിലീപ് ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് ഭാഷ്യം.
  • ഫോറൻസിക് റിപ്പോർട്ടുകളുടെ വെളിപ്പെടുത്തലുകൾ പുറത്തുകൊണ്ടുവന്ന പൊരുത്തക്കേടുകൾക്കൊപ്പം, ഒന്നിലധികം കോടതികളിലേക്കും ഫോറൻസിക് ലാബുകളിലേക്കും മെമ്മറി കാർഡിലെ ഉള്ളടക്കം എത്തപ്പെട്ടത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. പ്രതിയുടെ സഹോദരനും ചില കോടതി ജീവനക്കാരും വീഡിയോ കണ്ടതായി കരുതുന്നു. ഇത് അതിജീവിതയുടെ സ്വകാര്യതയുടെ നഗ്നമായ ലംഘനമായിരുന്നിട്ടും സംഭവത്തിനെതിരെ എഫ് ഐ ആർ പോലും പോലീസ് ഫയൽ ചെയ്തില്ല. അതിജീവിത സമർപ്പിച്ച അന്വേഷണ ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതി തന്നെ വിസമ്മതിച്ചതും കേരളം കണ്ടു.

  • കുറ്റാരോപിതരോടുള്ള കോടതിയുടെ പ്രത്യക്ഷമായ പ്രീതി: അതിജീവിതയുടെ അഭിഭാഷകയുടെ അഭിപ്രായത്തിൽ, ഈ കേസിൽ വ്യക്തമായും കാണപ്പെട്ട പ്രതികളോടുള്ള കോടതിയുടെ പക്ഷപാതപരമായ നിലപാടുകൾ ജുഡീഷ്യൽ പ്രക്രിയക്ക് തുരങ്കം വക്കുന്നതും നിഷ്പക്ഷമായി നീതി നൽകാനുള്ള നിയമവ്യവസ്ഥയുടെ കഴിവിലുള്ള വിശ്വാസം ഇല്ലാതാക്കുന്നതുമാണ്.

  • സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ രാജി: സെഷൻസ് കോടതി ജഡ്ജി ഹണി വർഗീസിനെ മാറ്റണമെന്ന അതിജീവതയുടെ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സുരേശൻ രാജിവെച്ചു. തുടർന്ന്, കോടതിയിലെ പ്രതികൂല അന്തരീക്ഷം ചൂണ്ടിക്കാട്ടി മുൻ സി.ബി.ഐ പ്രോസിക്യൂട്ടറായിരുന്ന അനിൽകുമാറും രാജിവച്ചു. ഈ രാജികൾ, കേസ് നടപടികളോടുള്ള അതൃപ്തി സൂചിപ്പിക്കുന്നു. ഈ രാജികൾ കോടതിയുടെ സത്യസന്ധതയിൽ സംശയമുളവാക്കുന്നു. നടപടികൾ കുറ്റാരോപിതർക്ക് അനുകൂലമായി മാറാനുള്ള സാധ്യതയെക്കുറിച്ച് ആശയങ്കകളുയർത്തുകയും ചെയ്യുന്നു.

സംഗമേശ്വരൻ മാണിക്യം
സംഗമേശ്വരൻ മാണിക്യം
  • ഗാഗ് ഓർഡർ ദുരൂഹത: ട്രയലിനെക്കുറിച്ചോ അതുമായി ബന്ധപ്പെട്ടവരെക്കുറിച്ചോ പരസ്യമായി സംസാരിക്കുന്നത് വിലക്കുന്ന ‘ഗാഗ് ഓർഡർ’ ദിലീപ് നേടിയെടുത്തു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾക്കെതിരെയാണ് ദിലീപ് ഇങ്ങനെയൊരു ഓർഡർ നേടിയെടുത്തത്. ഗാഗ് ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ച് നിരവധി മാധ്യമ സ്ഥാപനങ്ങൾക്കെതിരെ അദ്ദേഹം പിന്നീട് ഹർജി നൽകി. എന്തുകൊണ്ട്? അദ്ദേഹത്തിന് എന്തെങ്കിലും മറയ്ക്കാനുണ്ടോ?

  • മാധ്യമ കവറേജ് പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ ഗ്യാഗ് ഓർഡറുകൾ, പ്രത്യേകിച്ച് ലൈംഗികാതിക്രമ കേസുകളിൽ, അതിജീവിതകളുടെ മാനസികാരോഗ്യം തളർത്തുകയും, കുറ്റാരോപിതർക്ക് ചിലപ്പോഴെങ്കിലും അനാവശ്യ നിയമ പരിരക്ഷ ഒരുക്കയും ചെയ്യുന്നു. അത്തരം നിയന്ത്രണങ്ങൾ അതിജീവിതയെ ഒറ്റപ്പെടുത്തും, സമൂഹത്തിൽ അവരുടെ പാർശ്വവൽക്കരണം രൂക്ഷമാക്കും. ഇരയ്ക്ക് നീതി ലഭിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുകയും ചെയ്യാം.

  • പൾസർ സുനിയുമായുള്ള ബന്ധം: കുപ്രസിദ്ധ ക്രിമിനലുമായുള്ള കുറ്റാരോപിതന്റെ ബന്ധം സംശയാസ്പദമായി തുടരുന്നു. കുറ്റകൃത്യത്തിന്റെ പിന്നിലുള്ള ‘ബുദ്ധി’ അദ്ദേഹത്തിന്റേതാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചു. അഞ്ച് പ്രത്യേക സ്ഥലങ്ങളിൽ വെച്ച് ദിലീപ് ഒന്നാം പ്രതിയെ കാണുകയും ഗൂഢാലോചന നടത്തുകയും ചെയ്തതായി പോലീസ് പറയുന്നു. ഇത് തെളിയിക്കാൻ പ്രോസിക്യൂഷൻ ഹോട്ടൽ രേഖകൾ ഹാജരാക്കിയിരുന്നു. ദിലീപിന്റെ പേരിൽ തന്നെയാണ് മുറിയെടുത്തത്. ഇത് തെളിയിക്കാൻ സാക്ഷികളെപ്പോലും പോലീസ് ഹാജരാക്കി.

  • ദിലീപിന് പൾസർ സുനിയുടെ കത്ത്: മുൻകൂർ നിശ്ചയിച്ച തുക ദിലീപിൽ നിന്ന് ഈടാക്കാൻ ലക്ഷ്യമിട്ട് ഒന്നാം പ്രതി എഴുതിയ ഭീഷണിക്കത്ത് പൊലീസ് കണ്ടെത്തി. കത്തിൽ നാദിർഷായെയും വിഷ്ണുവിനെയും പരാമർശിച്ചിരുന്നു. ദിലീപും മുഖ്യപ്രതിയും തമ്മിലുള്ള ബന്ധം തുടരുന്നതായി ഇത് സൂചിപ്പിക്കുന്നു. മുഖ്യപ്രതിയുടെ പരസ്പരബന്ധിതമായ കോളുകളും പോലീസ് കണ്ടെത്തി.

  • മാച്ചിങ് ടവർ ലൊക്കേഷനുകൾ: അഡ്വാൻസ് തുകയുടെ ഗൂഢാലോചനയും കൈമാറ്റവും നടക്കുമ്പോൾ ദിലീപും ഒന്നാം പ്രതിയും ഒരേ ടവർ ലൊക്കേഷനിലാണെന്ന് പൊലീസ് കണ്ടെത്തി. ഒന്നാം പ്രതിയുമായി അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിൽ ദിലീപ് കണ്ടുമുട്ടിയതായും അവരുമായി ഗൂഢാലോചന നടത്തിയതായും പോലീസ് പറയുന്നു.

  • നാദിർഷായുടെ ഫോൺ: സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിർഷായ്ക്ക് പൾസർ സുനിയുടെ പേരിൽ വിഷ്ണുവിന്റെ പണം അഭ്യർത്ഥിച്ചുള്ള ഫോൺ കോൾ വരുന്നു. ഇതേ ഉദ്ദേശ്യത്തോടെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ഡ്രൈവർ അപ്പുണ്ണിക്ക് വാട്സ്ആപ്പിൽ കത്ത് ലഭിച്ചു.

നാദിർഷാ, ഡ്രൈവർ അപ്പുണ്ണി
നാദിർഷാ, ഡ്രൈവർ അപ്പുണ്ണി
  • സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വാർത്താസമ്മേളനം: ദിലീപിന്റെ മുൻ സുഹൃത്ത് ബാലചന്ദ്രകുമാർ, നടനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. മജിസ്ട്രേറ്റിന്റെ പക്കൽ കോടതിയിലുള്ള, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടായിരുന്നെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിലീപിന്റെ വീട്ടിൽ നിന്നാണ് പൾസർ സുനിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ കുറ്റപ്പെടുത്തുന്ന നിരവധി വോയ്‌സ് ക്ലിപ്പുകളും അദ്ദേഹം വെളിപ്പെടുത്തി. ഒരു ക്ലിപ്പിൽ, കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന പുരുഷശബ്ദങ്ങൾ കേൾക്കാം. കേസിൽ ദിലീപിനെ സഹായിച്ച ഒരു വി ഐ പിയെ കുറിച്ചും ബാലചന്ദ്രകുമാർ പരാമർശിക്കുന്നു.

  • അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന: ദിലീപിനെതിരെ കേസന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണത്തെത്തുടർന്ന് കേരള പൊലീസ് ക്രൈംബ്രാഞ്ച് കേസെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനെയും സംഘാംഗങ്ങളെയും ഉന്മൂലനം ചെയ്യാൻ നടൻ ഗൂഢാലോചന നടത്തിയെന്ന ചലച്ചിത്ര സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെതുടർന്ന് പോലീസ് തയാറാക്കിയ പുതിയ എഫ് ഐ ആറിൽ ദിലീപിന്റെ സഹോദരൻ അനൂപ്, ഭാര്യാ സഹോദരൻ സൂരജ് എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ഐ പി സി 116, 118, 120 (ബി), 506, 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ദിലീപിന്റെ മുൻ സുഹൃത്ത് സംവിധായകൻ ബാലചന്ദ്രകുമാർ, നടനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു.
ദിലീപിന്റെ മുൻ സുഹൃത്ത് സംവിധായകൻ ബാലചന്ദ്രകുമാർ, നടനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു.
  • ദിലീപിന്റെ ആദ്യ പങ്കാളി മഞ്ജു വാര്യർ ഉൾപ്പെടെ 355 പേരുടെ മൊഴിയെടുത്തു. ഇവരിൽ 33 പേർ രഹസ്യമൊഴി നൽകി. ദിലീപും സുനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കൂടാതെ ശാസ്ത്രീയ പരിശോധനാ ഫലമുൾപ്പെടെ നാനൂറോളം രേഖകളും കുറ്റപത്രത്തിലുണ്ട്. സുനിൽകുമാർ, പൾസർ സുനി, വിജീഷ്, മണികണ്ഠൻ, മാർട്ടിൻ ജോസഫ്, പർദീപ്, സലിം, ചാർലി തോമസ് എന്നിവരാണ് രേഖയിലെ പ്രതികൾ.

തുടക്കത്തിൽ ഐ പി സി സെക്ഷൻ 102(ബി), 342, 366, 376(ഡി), 411, 506(1), 201, 212, 34, സെക്ഷൻ 66(ഇ), 67(എ) എന്നീ വകുപ്പുകൾ പ്രകാരം നടൻ ദിലീപ് 11-ാം പ്രതിയായിരുന്നു. ഐ.ടി ആക്ട്- 2008 പ്രകാരവും പിന്നീട് ദിലീപിനും ശരത് നായർ ഉൾപ്പെടെ അഞ്ച് പേർക്കുമെതിരെ ഐ പി സി സെക്ഷൻ 116 (പ്രേരണ), 118 (കുറ്റം ചെയ്യാനുള്ള രൂപരേഖ മറച്ചുവെക്കൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. കൂടാതെ ഐ പി സി സെക്ഷൻ 34 (നിരവധി ആളുകൾ ചെയ്ത ക്രിമിനൽ പ്രവൃത്തി), സെക്ഷൻ 201 (കുറ്റകൃത്യത്തിന്റെ തെളിവ് നശിപ്പിക്കുന്നതിനു കാരണമാകുന്നത്), 204 (ഇലക്ട്രോണിക് റെക്കോർഡ് അല്ലെങ്കിൽ രേഖ നശിപ്പിക്കൽ) എന്നിവയും നടനെതിരെയും അദ്ദേഹത്തിന്റെ വ്യവസായി സുഹൃത്ത് ശരത്തിനെതിരെയും ചുമത്തി.

ദിലീപ്, സഹോദരൻ അനൂപ്
ദിലീപ്, സഹോദരൻ അനൂപ്

അതിജീവിതയെ സൗകര്യപൂർവം
മറന്നുകളഞ്ഞ കേരളം

നടി ആക്രമിക്ക​പ്പെട്ട കേസിൽ,
അതിജീവിതയുടെ അഭിഭാഷകയായ
അഡ്വ. ടി.ബി. മിനിയുമായി അഭിമുഖം

നബീൽ കോലോത്തുംതൊടി: കോടതി നടപടിക്രമങ്ങളിൽ തൃപ്തയല്ലാതെ ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. ഇത്തരം സുപ്രധാന കേസുകളിൽ പോലും കോടതികളുടെ പ്രവർത്തങ്ങൾ സംശയമുളവാക്കുന്നതായി അഭിപ്രായമുണ്ടോ?

അഡ്വ. ടി.ബി. മിനി: ട്രയൽ കോടതിയിൽ കേസുമായി ബന്ധപ്പെട്ട നടപടി തുടരുകയാണല്ലോ, അതുകൊണ്ട്, കേസുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പങ്കുവെക്കുന്നതിൽ ബുദ്ധിമുട്ടുണ്ട് എന്ന് ആദ്യമേ പറയട്ടെ.
അഭിഭാഷക എന്ന നിലയിൽ കോടതി നടപടികളെ സംശയിക്കാനോ കുറ്റം പറയാനോ പാടില്ല. എന്നിരുന്നാലും ക്രിയാത്മകമായി വിമർശിക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ പക്ഷം. ഇവിടെ അതിജീവിത അങ്ങനെ ആരോപിക്കുന്നതിനാൽ, അവരുടെ ഭാഗത്തുനിന്നു നോക്കുമ്പോൾ ഇത്തരം ഒരു സംശയം ഉണ്ടായിട്ടുണ്ട് എന്നുതന്നെ വേണം കരുതാൻ.

ഈ കേസിൽ പുറമെനിന്നുള്ള വലിയ സമ്മർദങ്ങൾ ഉണ്ടായിട്ടുണ്ട് എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. മെമ്മറി കാർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ അത് വളരെ സ്പഷ്ടമായി. അതിജീവിതയുടെ സ്വകാര്യതക്കു മേലുള്ള കടന്നുകയറ്റമായിരുന്നു ആ പ്രവർത്തി. പ്രഥമദൃഷ്ടിയാൽതന്നെ FIR രജിസ്റ്റർ ചെയ്യാവുന്ന ആരോപണമായിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് അത്തരമൊരു സമീപനമുണ്ടായില്ല.

അഡ്വ. ടി.ബി. മിനി
അഡ്വ. ടി.ബി. മിനി

Sexual Assault കേസുകളിൽ ഇപ്പോഴുള്ള നിയമങ്ങൾ അപര്യാപ്തമായി തോന്നിയിട്ടുണ്ടോ?

നിയമങ്ങൾ അപര്യാപ്തമാണ് എന്ന അഭിപ്രായമില്ല. പക്ഷെ നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നത് അതിലേറെ വ്യക്തവുമാണ്.

ഈ കേസ് ഒരു ഉദാഹരണമായി എടുത്താൽ, കോടതി നടപടികളിലെ കാലതാമസം കേസിന്റെ ഘടനയെ എത്രത്തോളം ബാധിക്കുന്നുണ്ട്? ഇത് കുറ്റാരോപിതരെ ഏതെങ്കിലും തരത്തിൽ സഹായിക്കുന്നതായി തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ? വിചാരണ അതിവേഗം തീർക്കുന്നതിനായി ഏതെല്ലാം മാർഗങ്ങൾ നിർദേശിക്കാനാവും?

തീർച്ചയായും, ഇപ്പോഴും അങ്ങനെതന്നെയാണ് എന്നു പറയാം. ഒരുപാട് കാലങ്ങളായി ഉയരുന്ന ഒരു ആവശ്യമെന്ന നിലയിൽ നോക്കുമ്പോഴും, ഇത്തരം കേസുകളിൽ വേഗത്തിൽ നടപടിക്രമങ്ങൾ നടക്കുന്ന പ്രത്യേക കോടതികൾ തന്നെയാണ് പ്രതിവിധി.

സമൂഹത്തിൽ ഉയർന്ന നിലയിലുള്ളവർ, അതായത് ജഡ്ജിമാർ, അഭിഭാഷകർ, സിനിമാരംഗത്തുള്ളവർ തുടങ്ങിയവർക്കെല്ലാം ഇടയിൽ അതിജീവിതയെ മോശക്കാരിയായി ചിത്രീകരിക്കുന്ന തരത്തിലൊരു സംസാരം പ്രകടമായിരുന്നു

ഇത്തരം കേസുകളിൽ, പ്രത്യേകമായി പോക്സോ കേസുകളിലെല്ലാം, കുറ്റാരോപിതരായി വരുന്നവർ സ്വന്തക്കാരോ ബന്ധക്കാരോ തന്നെ ആയിരിക്കാം. അതിനാൽ സാക്ഷികളെയും ഇരയെയും തന്നെ പല മാർഗത്തിലും സ്വാധീനിക്കാനുള്ള (മൊഴി മാറ്റി പറയാനുള്ള മാനസിക സമ്മർദം) അവസരം ഉണ്ടാവുന്നു. വളരെ വേഗം തീർപ്പാക്കുന്ന കോടതികൾ വന്നാൽ ഇത്തരം പ്രശ്നം ഒരു പരിധി വരെ ഒഴിവാക്കാം. ഇത്തരം ദുരവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് സ്വഭാവിക ജീവിതത്തിലേക്ക് മടങ്ങിപ്പോകാനും കോടതി നടപടികൾ വേഗത്തിലാകുന്നത് സഹായകമായിരിക്കും.

ലൈംഗികപീഡനക്കേസുകൾ വളരെ വേഗം തീർപ്പാക്കുന്ന കോടതികൾ ആവശ്യമാണ്. ഇത്തരം ദുരവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് സ്വഭാവിക ജീവിതത്തിലേക്ക് മടങ്ങിപ്പോകാനും കോടതി നടപടികൾ വേഗത്തിലാകുന്നത് സഹായകമായിരിക്കും.
ലൈംഗികപീഡനക്കേസുകൾ വളരെ വേഗം തീർപ്പാക്കുന്ന കോടതികൾ ആവശ്യമാണ്. ഇത്തരം ദുരവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് സ്വഭാവിക ജീവിതത്തിലേക്ക് മടങ്ങിപ്പോകാനും കോടതി നടപടികൾ വേഗത്തിലാകുന്നത് സഹായകമായിരിക്കും.

ജാമ്യം അനുവദിക്കപ്പെട്ട കുറ്റാരോപിതന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ / അയാൾക്കായി മറ്റുള്ളവരുടെ ഇടപെടലുകൾ കേസിന്റെ വിചാരണയെ ബാധിക്കുന്നതായി തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അവ തടയാൻ എന്തെല്ലാം ചെയ്യാനാവും?

സോഷ്യൽ മീഡിയാ ഇടപെടലുകളെ തടയാനാകില്ല. എന്നാലും സത്യം മറച്ചുവെക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുന്നതിൽ സോഷ്യൽ മീഡിയ വലിയ പങ്ക് വഹിക്കുന്നു എന്നതുകൂടി കണക്കിലെടുക്കുമ്പോൾ, അത് വളരെ മോശം അവസ്ഥയുണ്ടാക്കുന്നു എന്നും പറയാനാവില്ല. പ്രതികൾ പറയുന്നതെല്ലാം അവർക്ക് ഗുണകരമാവുന്നില്ല എന്നതും കാണുന്നു. പ്രത്യേകിച്ച്, നടന്മാർ കുറ്റാരോപിതരായി വരുന്ന കേസുകളിൽ മാത്രമേ ഇത്തരം പ്രവണതകൾ കാണുന്നുള്ളൂ എന്നതും വാസ്തവമാണ്.

ഇത്തരം കേസുകളിൽ കുറ്റാരോപിതരായവർ, നല്ലൊരു ശതമാനം വിദേശ രാജ്യങ്ങളിലേക്ക് കടന്നുകളയുന്നതായി കാണുന്നു. മറ്റെല്ലാ കേസിലും ഈ അവസ്ഥ തടയപ്പെടേണ്ടതാണ് എന്നിരിക്കേ, നിയമനിർമ്മാണ സഭക്ക് എന്തു ചെയ്യാനാവും?

പോലീസുകാർ അവരുടെ ഭാഗം ആത്മാർഥതയോടെ ചെയ്യുക എന്നത് മാത്രമാണ് വഴി. കുറ്റാരോപിതർ ആ കുറ്റം ചെയ്തിട്ടുണ്ടെന്ന് ആദ്യാന്വേഷണത്തിൽ ബോധ്യപ്പെടുന്ന പക്ഷം, രക്ഷപ്പെടാനുള്ള പഴുതുകൾ അടക്കണം എന്നത് മാത്രമാണ് ചെയ്യാനുള്ളത്.

നിർഭയ സംഭവത്തെത്തുടർന്ന് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽനിന്ന്
നിർഭയ സംഭവത്തെത്തുടർന്ന് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽനിന്ന്

നിർഭയ കേസിന്റെ അലയൊലികളുടെ ഭാഗമായി രാജ്യത്തെ നിയമങ്ങൾ മാറുകയുണ്ടായി. എന്നിരുന്നാലും Sexual Assault- ന്റെ കൂടെ കൃത്യത്തിന്റെ വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുന്ന പ്രവണത വർധിച്ചിട്ടുണ്ട്. ഈ കേസിലും അത് സംഭവിച്ചു. ഈയടുത്ത് വിവാദമായ കർണാടകയിലെ പ്രജ്വൽ രേവണ്ണ കേസിലും സമാനസംഭവമുണ്ടായി. ഇത് തടയാനുള്ള പ്രത്യേക നിയമങ്ങൾ ഇല്ല എന്നിരിക്കെ, നിയമനിർമ്മാതാക്കൾക്കുമുന്നിൽ എന്തെല്ലാം നിർദേശങ്ങളാണ് നൽകാനുള്ളത്?

ഒരു IPS ഓഫീസറുടെ ആത്മകഥ വായിച്ചിരുന്നു, അതിലെ ഒരു ഭാഗം വ്യക്തായി ഓർക്കുന്നു. മഹാരാഷ്ട്രയിലെ ഏതോ ഉൾഗ്രാമത്തിലാണെന്നു തോന്നുന്നു, 2021-22 ൽ, ഒരു കോളേജിൽ പഠിക്കുന്ന 150- ഓളം കുട്ടികളെ ആ പ്രദേശത്തെ ഒരു കൗൺസിലർ പീഡിപ്പിച്ചു. ട്രാപ്പിൽ പെട്ട് അയാളുടെ അടുത്തെത്തുന്ന കുട്ടികളുടെ വീഡിയോ പകർത്തി വീണ്ടും വീണ്ടും വിളിച്ചുവരുത്തി പീഡിപ്പിക്കലായിരുന്നു കുറ്റകൃത്യത്തിന്റെ സ്വഭാവം. അതൊരു വലിയ കേസായി. പോലീസ് അന്വേഷിച്ച് കണ്ടെത്തുകയും ചെയ്തു.
ഇത് നടന്നത് നിയമമില്ലാഞ്ഞിട്ടാണോ, അല്ലല്ലോ. ഇപ്പോഴത്തെ IT നിയമം അനുസരിച്ചുതന്നെ അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാൽ 2018- ലെ നിയമത്തിലെ 66ാം അനുച്ഛേദത്തിൽ മാറ്റം വരുത്തി, കുറ്റകൃത്യം ചെയ്യണമെന്ന മനസ്സോടെ ദുരുദ്ദേശ്യം വച്ച് ചെയ്യുന്ന പ്രവൃത്തികൾകൾക്കുമാത്രം ഈ ശിക്ഷ നൽകിയാൽമതി എന്ന് കൂട്ടിച്ചേർത്തു. ഇത് ഗൂഢാലോചന തെളിയിക്കുന്നതുപോലെ ബുദ്ധിമുട്ടേറിയ കാര്യമായതിനാൽ, കുറ്റാരോപിതർക്ക് കേസിൽ നിന്ന് രക്ഷപ്പെടാൻ ഒരു പഴുത് നൽകി.

പ്രജ്വൽ രേവണ്ണ
പ്രജ്വൽ രേവണ്ണ

ഇരകളാക്കപ്പെടുന്നവർ പെട്ടെന്ന് നിയമസഹായം തേടുന്നത് കുറ്റകൃത്യങ്ങൾ ഗണ്യമായി കുറയ്ക്കാൻ കാരണമാവും എന്നിരിക്കെ, ധൈര്യത്തോടെ മുന്നോട്ടുവരാൻ സർക്കാർ / നിയമ വ്യവസ്ഥകൾക്ക് എന്തെല്ലാം ചെയ്യാനാവും?

കേരളം ഒരു അപൂർവ്വ കേസായിരിക്കാം. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളെടുക്കൂ, വീട്ടുജോലിക്കാരിയുടെ മകളെ ഒരു BJP MLA പീഡിപ്പിക്കുന്ന സംഭവമുണ്ടായില്ലേ, അതിനെതിരെ നിയമപോരാട്ടം നടത്തിയവർ ഒന്നിനുപിറകെ ഒന്നായി കൊല്ലപ്പെടുന്ന അവസ്ഥ പോലുമുണ്ടായി. നിയമപോരാട്ടം നടത്തിയ അഭിഭാഷകനു നേരെ പോലും വധശ്രമമുണ്ടായി.
അതുകൊണ്ട്, ഇത്തരം കേസുകളിൽ കുറ്റാരോപിതർ കുറ്റം ചെയ്തിട്ടുണ്ടെന്ന് പോലീസിന് ബോധ്യപ്പെടുന്ന നിമിഷം, അവരുടെ കേസ് നടത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ സഹായവും സർക്കാർ ഏറ്റെടുക്കുന്ന അവസ്ഥയുണ്ടാവണം. പ്രൈവറ്റ് ആയി അഭിഭാഷകരെ വെക്കണമെങ്കിൽ പോലും സർക്കാറിന്റെ സാമ്പത്തിക സഹായമുണ്ടാകണം.

2017-ലെ ഉന്നാവോ റേപ്പ് കേസിലെ പ്രതിയും ബി.ജെ.പി. എം.എൽ.എയുമായ കുൽദീപ് സിംഗ് സെൻഗാർ
2017-ലെ ഉന്നാവോ റേപ്പ് കേസിലെ പ്രതിയും ബി.ജെ.പി. എം.എൽ.എയുമായ കുൽദീപ് സിംഗ് സെൻഗാർ

ഇത്തരം കേസുകളിൽ പണത്തിന്റെ സ്വാധീനം നിർണായക ഘടകമാകാറുള്ളത് ശ്രദ്ധിച്ചിട്ടുണ്ട്. Sexual Assault കേസുകളിൽ അതിജീവിത സാമ്പത്തികമായി കുറ്റാരോപിതനോളം സ്വാധീനമില്ലാത്തവരാവുന്നതും സാധാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ അതിജീവിതയുടെ ഭാഗത്തു നിൽക്കാനുള്ള ധാർമ്മിക ബാധ്യത സർക്കാരിനുണ്ട് എന്ന് കരുതുന്നുണ്ടോ? അതിജീവിതക്ക് അധിക പരിരക്ഷ നൽകാനായി എന്തെല്ലാം ഭേദഗതികൾ നിർദ്ദേശിക്കാനാവും?

തീർച്ചയായും. അവർ അവരുടെ പണത്തിന്റെ സ്വാധീനം വ്യക്തമായും കാണിച്ചിട്ടുണ്ട്. ഞാൻ അതിജീവിതയുടെ അഭിഭാഷകയായി ഈ കേസിന്റെ ഭാഗമാവുന്നത് തുടരന്വേഷണം തുടങ്ങിയ സമയത്താണ്. ആ സമയത്ത് ഞാൻ ശ്രദ്ധിച്ച പ്രധാന കാര്യങ്ങളിലൊന്ന് ഇതായിരുന്നു. ആ ഘട്ടമായപ്പോയെക്കും സമൂഹത്തിൽ ഉയർന്ന നിലയിലുള്ളവർ, അതായത് ജഡ്ജിമാർ, അഭിഭാഷകർ, സിനിമാരംഗത്തുള്ളവർ തുടങ്ങിയവർക്കെല്ലാം ഇടയിൽ അതിജീവിതയെ മോശക്കാരിയായി ചിത്രീകരിക്കുന്ന തരത്തിലൊരു സംസാരം പ്രകടമായിരുന്നു. ഞാൻ ഈ കേസിന്റെ ഭാഗമായ ശേഷം ശരിയായ വശം ഏതാണെന്ന് വ്യക്തമാക്കാൻ പറ്റി. അപ്പോഴാണ് സമൂഹം ഈ കേസ് ചർച്ച ചെയ്തു തുടങ്ങിയത്.

ഒരുപക്ഷെ അതിജീവിത നേരിട്ട അളവിലുള്ള സാമൂഹിക അവഗണന അവളുടെ സഹോദരങ്ങളും കുടുംബവും നേരിട്ടു. മുഴുവൻ സമൂഹവും അവരെ മാനസികമായി തളർത്തി. കൂടെ നിന്നു എന്ന കാരണത്താൽ ജോലി നഷ്ടപ്പെടുത്തുകയും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു.

ഞാൻ ഒരു ഇടതുപക്ഷക്കാരിയാണ്. ശൈലജ ടീച്ചറെയും, ബിന്ദുവിനെയും, വീണ ജോർജിനെയും പോലുള്ള സ്ത്രീമന്ത്രിമാർ കഴിഞ്ഞ രണ്ടു തവണ ഉണ്ടായെങ്കിലും, വളരുന്ന ലോകത്തിലെ സ്ത്രീ കാഴ്ചപ്പാടുകൾ ഉൾക്കൊളളാനോ അവരുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാനോ അതിനനുസരിച്ച് ഉയരാനോ സർക്കാറിനായിട്ടില്ല.

പാഠ്യപദ്ധതികളിൽ ഇത്തരം സാമൂഹിക വിഷയങ്ങൾ ഉൾപ്പെടുത്താമല്ലോ. സമൂഹത്തിന്റെ മാറേണ്ട പുരുഷാധിപത്യ പ്രവണതകൾ പഠിപ്പിക്കാൻ അതിലും നല്ല വഴി വേറെയുണ്ടോ. നിയമം പഠിക്കുന്ന വിദ്യാർഥികളെ ഉൾക്കൊള്ളിച്ച് സമൂഹത്തെ അവബോധപ്പെടുത്താമല്ലോ. അത്തരം കാര്യങ്ങൾ ഇവിടെ കാണുന്നില്ല.

ശൈലജ ടീച്ചറെയും, ബിന്ദുവിനെയും, വീണ ജോർജിനെയും പോലുള്ള സ്ത്രീമന്ത്രിമാർ കഴിഞ്ഞ രണ്ടു തവണ ഉണ്ടായെങ്കിലും, വളരുന്ന ലോകത്തിലെ സ്ത്രീ കാഴ്ചപ്പാടുകൾ ഉൾക്കൊളളാനോ അവരുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാനോ അതിനനുസരിച്ച് ഉയരാനോ സർക്കാറിനായിട്ടില്ല..
ശൈലജ ടീച്ചറെയും, ബിന്ദുവിനെയും, വീണ ജോർജിനെയും പോലുള്ള സ്ത്രീമന്ത്രിമാർ കഴിഞ്ഞ രണ്ടു തവണ ഉണ്ടായെങ്കിലും, വളരുന്ന ലോകത്തിലെ സ്ത്രീ കാഴ്ചപ്പാടുകൾ ഉൾക്കൊളളാനോ അവരുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാനോ അതിനനുസരിച്ച് ഉയരാനോ സർക്കാറിനായിട്ടില്ല..

ഞാൻ ഭാഗമായ കേസു തന്നെ എടുക്കാം. ഒരുപക്ഷെ അതിജീവിത നേരിട്ട അളവിലുള്ള സാമൂഹിക അവഗണന അവളുടെ സഹോദരങ്ങളും കുടുംബവും നേരിട്ടു. മുഴുവൻ സമൂഹവും അവരെ മാനസികമായി തളർത്തി. കൂടെ നിന്നു എന്ന കാരണത്താൽ ജോലി നഷ്ടപ്പെടുത്തുകയും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. അവർക്ക് കിട്ടേണ്ട പ്രൊജക്റ്റുകൾ ഇല്ലാതാക്കി കൊല്ലാൻ വരെ ശ്രമിച്ചു. ഇതെല്ലാം അവർക്ക് അനുഭവിക്കേണ്ടിവന്നത് സഹോദരിയുടെ കൂടെ നിന്നതിനാലാണ്. അതുപോലും ഇതുവരെ നമ്മുടെ സമൂഹം ചർച്ചക്കെടുത്തിട്ടില്ല. അതിജീവിതയാണെന്ന് അവർ പ്രഖ്യാപിച്ചശേഷം മാത്രമേ കുറച്ചെങ്കിലും സത്യം മനസ്സിലാക്കാൻ നമ്മിൽ ബഹുഭൂരിപക്ഷവും ശ്രമിച്ചുള്ളൂ എന്നതായിരിക്കും വാസ്തവം. അതും കുറച്ചു നാളത്തേക്ക്. പിന്നീടതെല്ലാം സൗകര്യപൂർവ്വം മറക്കുന്നു.

അതിജീവിതയാണെന്ന് അവർ പ്രഖ്യാപിച്ചശേഷം മാത്രമേ കുറച്ചെങ്കിലും സത്യം മനസ്സിലാക്കാൻ നമ്മിൽ ബഹുഭൂരിപക്ഷവും ശ്രമിച്ചുള്ളൂ എന്നതായിരിക്കും വാസ്തവം. അതും കുറച്ചു നാളത്തേക്ക്. പിന്നീടതെല്ലാം സൗകര്യപൂർവ്വം മറക്കുന്നു.

സുനിത കൃഷ്ണ നടത്തുന്ന NGO ആയ ‘പ്രജ്വല’, ശാരീരിക പീഡനം അനുഭവിച്ച സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന സംഘടനയാണ്. അതുപോലെ, ഇത്തരം കുറ്റങ്ങൾക്കെതിരെ അവബോധം വളർത്താനായി നടത്തുന്ന പരിപാടികളുണ്ട്. അതിലധികവും സ്ത്രീകളെ ‘നേർവഴി’ കാണിക്കുന്നതായിരിക്കും. ആൺകുട്ടികളെ ബോധാവാന്മാരാക്കുന്ന എത്രെ പ്രോഗ്രാമുകൾ കോളേജുകളിൽ നടക്കുന്നുണ്ട്. വളരെ തുച്ചമായിരിക്കാം. തീർച്ചയായും അവരാണ് കൂടുതൽബോധവാന്മാരാവേണ്ടത്. അതിലൂടെ മാത്രമേ ഒരു ലിംഗസൗഹൃദാന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ സാധിക്കൂ. ഇത്തരം പോരാട്ടങ്ങൾക്ക് മുന്നിൽ നിന്ന് നയിക്കാൻ ആൺകുട്ടികൾ മുന്നിട്ടിറങ്ങുന്ന ഒരു ലോകമാണ് നമ്മുടെയെല്ലാം സ്വപ്നം.

ഇരയായവൾക്ക് അവൾ ഉദ്ദേശിക്കുന്ന അഭിഭാഷകരെ തന്നെ എത്തിച്ചുകൊടുക്കുക എന്നതാണ് സർക്കാരിനു ചെയ്യാൻ കഴിയേണ്ട മറ്റൊരു കാര്യം. ഇത്തരം സന്ദർഭങ്ങളിൽ ഇരയുടെ പൂർണസമ്മതത്തോടെ കേസ് നടത്തിപ്പ് മുഴുവനായും സർക്കാർ ഏറ്റെടുക്കേണ്ടതുണ്ട്, ഇര ആഗ്രഹിക്കുന്നപോലെയുള്ള അഭിഭാഷകരെ നിയമിക്കാനായി. ഒരുപക്ഷെ നല്ല വേതനം ആവശ്യപ്പെടുന്ന അഭിഭാഷകനാണെങ്കിൽ കൂടിയും, മോശമല്ലാത്ത തുക വേതനമായി സർക്കാർ നൽകാൻ സ്വമേധയാ തീരുമാനിക്കേണ്ടതുണ്ട്. ഇതുവഴി സർക്കാരിന് എന്തെങ്കിലും നിക്ഷിപ്ത താല്പര്യങ്ങളുണ്ടെങ്കിൽ അവ തടയാനും സാധിക്കുന്നു. അത് ഒരു നിയമമായി തന്നെ വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

സുനിത കൃഷ്ണ
സുനിത കൃഷ്ണ

ഇത്തരം കേസുകളിൽ കോടതികൾ പിന്തുടരുന്ന Burden of Proof തെളിയിക്കാനുള്ള നടപടിക്രമങ്ങൾപലപ്പോഴും അതിജീവിതക്ക് ഒരു പ്രശ്നമായി കാണാറുണ്ട്. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

ജൂലൈ ഒന്നിന് പ്രബല്യത്തിൽ വന്ന പുതിയ നിയമത്തിൽ, ഈ വ്യവസ്ഥയിൽ നിന്ന് പൂർണ്ണമായല്ലാതെയുള്ള ഒരു മാറ്റം വരുന്നുണ്ട്. അതിനെ നമുക്ക് പോസിറ്റീവായി കാണാം. സംശയത്തിന്റെ ചെറിയ ആനുകൂല്യത്തിൽ കുറ്റവിമുക്തമാക്കപ്പെടുന്ന അവസ്ഥ ഇല്ലാതാവാം.

തെറ്റായ കുറ്റാരോപണങ്ങൾ ഇത്തരം കേസുകളുടെ മറ്റൊരു വശമാണല്ലോ. അത്തരം അവസ്ഥകൾ ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ?

ഇത്തരം കേസുകൾ ഒരുപാട് അഭിമുഖീകരിച്ച ഒരു വ്യക്തി എന്ന നിലയിൽ പറയുകയാണെങ്കിൽ, നിയമ ആനുകൂല്യങ്ങളെ പ്രതികാരബുദ്ധിയാൽ ഉപയോഗിക്കുന്ന സ്ത്രീകളും ഒരുപാടുണ്ട്. വ്യക്തിവിരോധം തീർക്കാനായി അവർ സ്വമേധയായോ, മറ്റാരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങിയോ തെറ്റായ കേസുകൾ കൊടുക്കുന്ന പ്രവണതയുമുണ്ട്. പ്രധാനമായും കുടുംബവഴക്കുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇത് കണ്ടിട്ടുള്ളത്. പങ്കാളിയുടെ പ്രതിരോധിക്കാനുള്ള അവകാശത്തെ ഇത് ഇല്ലാതാക്കുന്നു. കോളേജ് രാഷ്ട്രീയത്തിലെ പകപോക്കലുകൾക്കും ചിലപ്പോഴെങ്കിലും ഇത്തരം വകുപ്പുകൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതികളായവർ സംശയഭേദമന്യേ കുറ്റവാളികളാണെന്ന് തെളിയിക്കപ്പെടേണ്ടതുണ്ട്.

ഇത്തരം കേസുകളിൽ, കേസിന്റെ വിശ്വാസ്യത പോലീസ് ഉൾക്കൊള്ളുക എന്നതാണ് ആദ്യ കടമ്പ. കേസെടുക്കുന്നത് നിയമപ്രകാരം പോലീസിനുമേൽ നിർബന്ധമാക്കപ്പെട്ടിട്ടുണ്ടെങ്കിലും കേസ് റിപ്പോർട്ട് സമർപ്പിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കേസിന്റെ വിശ്വാസ്യതയെക്കുറിച്ച് പറയാവുന്നതാണ്.

ലൈംഗികാതിക്രമകേസുകളും
സ്ത്രീവിരുദ്ധ വ്യവസ്ഥയും

വർഷങ്ങളായി, അപര്യാപ്തമായ ധനസഹായവും വിഭവങ്ങളുടെ അഭാവവും മൂലം, ഇന്ത്യയിലെ ക്രിമിനൽ നീതിന്യായവ്യവസ്ഥ കാലഹരണപ്പെട്ടതായും ബലാത്സംഗത്തെ അതിജീവിക്കുന്നവർക്ക് വൈദ്യസഹായവും നീതിയും നിഷേധിക്കപ്പെടുന്നതിലേക്ക് ഇത് നയിക്കപ്പെടുന്നതായും വ്യക്തമായി കാണാം. 10 ബലാത്സംഗ കേസുകളിൽ നാലെണ്ണം മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂ എന്ന് പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു, സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ യാഥാസ്ഥിതികത കാരണം, ഇരകളായ പലരും അവരുടെ കുടുംബവും സമൂഹവും ‘നാണക്കേട്’ ഭയന്ന് മുന്നോട്ടുവരാൻ ഭയപ്പെടുന്നു.

പോലീസ് സേനയ്ക്കുള്ളിലുള്ളവർക്ക്, ബലാത്സംഗത്തെ അതിജീവിച്ചവർ ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നതിനെക്കുറിച്ച് ​വളരെ മോശം മുൻധാരണകളുണ്ട്, അത് അവരുടെ, പോലീസ് സേനയുടെ തന്നെ,  ഉത്തരവാദിത്തങ്ങളെ പ്രതികൂലമായി ബാധിക്കാൻ കാരണമാകുന്നു
പോലീസ് സേനയ്ക്കുള്ളിലുള്ളവർക്ക്, ബലാത്സംഗത്തെ അതിജീവിച്ചവർ ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നതിനെക്കുറിച്ച് ​വളരെ മോശം മുൻധാരണകളുണ്ട്, അത് അവരുടെ, പോലീസ് സേനയുടെ തന്നെ, ഉത്തരവാദിത്തങ്ങളെ പ്രതികൂലമായി ബാധിക്കാൻ കാരണമാകുന്നു

“പോലീസ് സംവിധാനത്തിന്റെ പോരായ്മകൾ പ്രകടമാണ്, പ്രത്യേകിച്ച് അതിന്റെ മനോഭാവങ്ങളിൽ,” ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ ഗവേഷക അരുണ കശ്യപ് പറയുന്നു: ‘‘പല ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്കും, പ്രത്യേകിച്ച് പോലീസ് സേനയ്ക്കുള്ളിലുള്ളവർക്ക്, ബലാത്സംഗത്തെ അതിജീവിച്ചവർ ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നതിനെക്കുറിച്ച് ​വളരെ മോശം മുൻധാരണകളുണ്ട്, അത് അവരുടെ, പോലീസ് സേനയുടെ തന്നെ, ഉത്തരവാദിത്തങ്ങളെ പ്രതികൂലമായി ബാധിക്കാൻ കാരണമാകുന്നു’’- 2012 ഡിസംബറിൽ നടന്ന ഒരു സംഭവം കശ്യപ് ഉദ്ധരിക്കുന്നു. ഒരു ഗ്രാമത്തിലെ 17 വയസ്സുള്ള പെൺകുട്ടിയെ വടക്കൻ പഞ്ചാബിലെ ഒരു വയലിൽ കുറഞ്ഞത് രണ്ട് പേരെങ്കിലും മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി. പോലീസ് അവളുടെ പരാതി ഗൗരവമായി എടുത്തില്ല, ഇത് ഇരയുടെ ജീവൻ അപഹരിക്കുന്ന ദാരുണ സാഹചര്യത്തിലേക്ക് നയിച്ചു.

സമീപ വർഷങ്ങളിൽ, കോടതികളിൽനിന്നുണ്ടായ ഭയാനകമായ നിരവധി വിധിന്യായങ്ങൾ ബലാത്സംഗത്തെ അതിജീവിച്ചവർ നിയമവ്യവസ്ഥയിൽ നേരിടുന്ന വെല്ലുവിളികളെ ഉയർത്തിക്കാട്ടുന്നവയായിരുന്നു. ഈ കേസുകൾ നീതിയുടെയും സമത്വത്തിന്റെയും തത്വങ്ങളെ ദുർബലപ്പെടുത്തുന്നവയും സ്ത്രീവിരുദ്ധവുമായിരുന്നു.

കയ്പേറിയ
ചരിത്രവിധികൾ

മോഹിത് സുഭാഷ് ചവാൻ V/S സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര:

ഈ കേസിൽ പ്രായപൂർത്തിയാകാത്ത ഇരയെ പ്രതി വിവാഹം കഴിക്കണമെന്ന് നിർദ്ദേശിച്ച് ചീഫ് ജസ്റ്റിസായിരുന്ന എസ്.എ. ബോബ്ഡേ രാജ്യത്തെ തന്നെ ഞെട്ടിച്ചു. ഈ നിർദ്ദേശം കുറ്റകൃത്യത്തിന്റെ കാഠിന്യത്തെ നിസ്സാരവൽക്കരിക്കുക മാത്രമല്ല, വിവാഹം കൊണ്ട് ഇര അതുവരെ അനുഭവിച്ച വേദനയും ആഘാതവും പരിഹരിക്കാമെന്ന ദോഷകരമായ ‘പരിഹാരം’ മുന്നോട്ട് വെക്കുകയും ചെയ്തു.

എസ്.എ. ബോബ്ഡേ
എസ്.എ. ബോബ്ഡേ

ഇന്ത്യൻ നിയമവ്യവസ്ഥ 21-ാം നൂറ്റാണ്ടിലേക്ക് സ്വയം നവീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സ്ത്രീകൾ പുരുഷന്മാരേക്കാൾ താഴ്ന്നവരായി കണക്കാക്കപ്പെട്ടിരുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോഴും ജീവിക്കുന്നതെന്നും ഈ വിധി വ്യാഖ്യാനിക്കപ്പെട്ടു. ഈ വിധിയുടെ പശ്ചാത്തലത്തിൽ ചിന്തിക്കുകയാണെങ്കിൽ, ഈയിടെ പ്രാബല്യത്തിൽ വന്ന പുതിയ നിയമത്തിലൂടെ ‘വൈവാഹിക ബലാത്സംഗ’മെന്ന കുറ്റകൃത്യത്തെ നിയമം ഭാഗികമായി പിന്തുണയ്ക്കുന്നതും ഒട്ടും വിരോധാഭാസമായി തോന്നുകയില്ല.

‘രാഖി’ ഉത്തരവ്:

അടുത്തിടെ, ഇര പ്രതികൾക്ക് രാഖി കെട്ടണമെന്ന് ആവശ്യപ്പെട്ട മധ്യപ്രദേശ് ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായി. ഇത് കുറ്റവാളികളെ അവരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളാക്കുന്നതിനേക്കാൾ, സംരക്ഷണത്തിന്റെ ഭാരം സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കുന്ന തരത്തിൽ, ആഴത്തിൽ വേരൂന്നിയ പുരുഷാധിപത്യ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നു.

സഹോദരന്മാർ സഹോദരിമാർക്ക് നൽകുന്ന പതിവ് വാഗ്ദാനത്തിന്റെ ഭാഗമായി പരാതിക്കാരൻ ഇരയ്ക്ക് 11,000 രൂപ നൽകാനും കോടതി ആവശ്യപ്പെട്ടു. വസ്ത്രങ്ങളും മധുരപലഹാരങ്ങളും വാങ്ങുന്നതിന് ഇരയുടെ മകന് 5,000 രൂപ നൽകുകയും അവളുടെ അനുഗ്രഹം തേടുകയും ചെയ്യാനും ജസ്റ്റിസ് രോഹിത് ആര്യയുടെ സിംഗിൾ ബെഞ്ച് 2020 ജൂലൈ 30ന് പ്രതി വിക്രം ബാഗ്രിക്ക് ഉപാധികളോടെ ജാമ്യം നൽകി ഉത്തരവിട്ടു. പിന്നീട് സുപ്രീം കോടതി ഈ ഉത്തരവ് റദ്ദാക്കി.

സ്റ്റേറ്റ് V/S ശ്രീരാകേഷ് ബി:

2020 ജൂൺ 22 ന്, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, വിവാഹവാഗ്ദാനം നൽകി സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണം നേരിട്ട രാകേഷ് ബി എന്ന വ്യക്തിക്ക് മുൻകൂർ ജാമ്യം നൽകി. ആക്രമിക്കപ്പെട്ടശേഷം ഒരു സ്ത്രീ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് കോടതി പരാമർശിച്ചു. ഈ കേസിൽ, ഇര രാത്രി വൈകി ഓഫീസിൽ പോയെന്നും പ്രതിക്കൊപ്പം മദ്യപിക്കുന്നതിനെ എതിർത്തില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസിനാസ്പദമായ സംഭവത്തിനു ശേഷം അവർ ഉടൻ പ്രതികരിച്ചില്ല എന്നതും കോടതി ജാമ്യം നൽകാനായുള്ള ന്യായമായി പറഞ്ഞു.

സമീപ വർഷങ്ങളിൽ,  കോടതികളിൽനിന്നുണ്ടായ ഭയാനകമായ നിരവധി വിധിന്യായങ്ങൾ ബലാത്സംഗത്തെ അതിജീവിച്ചവർ നിയമവ്യവസ്ഥയിൽ നേരിടുന്ന വെല്ലുവിളികളെ ഉയർത്തിക്കാട്ടുന്നവയായിരുന്നു.
സമീപ വർഷങ്ങളിൽ, കോടതികളിൽനിന്നുണ്ടായ ഭയാനകമായ നിരവധി വിധിന്യായങ്ങൾ ബലാത്സംഗത്തെ അതിജീവിച്ചവർ നിയമവ്യവസ്ഥയിൽ നേരിടുന്ന വെല്ലുവിളികളെ ഉയർത്തിക്കാട്ടുന്നവയായിരുന്നു.

‘ദുർബലമായ വിസമ്മതം’ എന്നതിന് ‘അതെ’ എന്ന് അർത്ഥമാക്കാം- ഡൽഹി ഹൈക്കോടതി:

സ്റ്റേറ്റ് V/S മഹ്മൂദ് ഫാറൂഖി എന്ന കേസിൽ ചലച്ചിത്ര നിർമ്മാതാവും പീപ്ലി ലൈവിന്റെ സഹസംവിധായകനുമായ മഹമൂദ് ഫാറൂഖി, 30 വയസ്സുള്ള ഗവേഷണ വിദ്യാർഥിയെ ബലാത്സംഗം ചെയ്ത കേസിൽ ഏഴ് വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ടു. പിന്നീട് ഈ ശിക്ഷാവിധി അസാധുവാക്കുകയും വെറുതെ വിടുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന പെൺകുട്ടിയുമായി ബലമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് വിചാരണക്കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ഫാറൂഖിയുടെ ശിക്ഷ റദ്ദാക്കിയ വിധിയിൽ, പരിചയക്കാർ ഉൾപ്പെടുന്ന ബലാത്സംഗ കേസുകളിൽ സമ്മതം നിർണ്ണയിക്കുന്നത് സങ്കീർണ്ണമാണെന്ന് ജസ്റ്റിസ് അശുതോഷ് കുമാർ ഊന്നിപ്പറഞ്ഞു. കേവലം ‘ദുർബലമായ ഇല്ല’ എന്നത് സമ്മതത്തിന്റെ അഭാവത്തെ സൂചിപ്പിക്കേണ്ടതില്ലെന്നും കാര്യമായ പ്രതിരോധത്തിന്റെ അഭാവം സന്നദ്ധതയെ സൂചിപ്പിക്കുമെന്നും വിധി പ്രസ്താവിച്ചു. താല്പര്യമില്ലാത്തതിന്റെ ദുർബലമായ പ്രകടനം മാത്രം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് കോടതി അടിവരയിട്ടു.

ഒരു ‘ഇന്ത്യൻ സ്ത്രീ’ ആയിരിക്കാനുള്ള സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശം:

ഭരവാദ ഭോഗിൻഭായ് ഹിർജിഭായ് V/S ഗുജറാത്ത് സ്റ്റേറ്റ് കേസിൽ, ‘ഇന്ത്യൻ സ്ത്രീകൾ’ അവരുടെ സാക്ഷ്യത്തിന്റെ വിശ്വാസ്യത ഊട്ടിയുറപ്പിക്കാനായി ഒരു കൂട്ടം സ്വഭാവസവിശേഷതകൾ പാലിച്ചാൽ മതിയാവുമെന്ന് പരമോന്നത കോടതി പറഞ്ഞു. ‘പാശ്ചാത്യ സ്ത്രീകളുമായി’ താരതമ്യപ്പെടുത്തുമ്പോൾ, സാമൂഹികമായ അവഹേളനം, ബഹിഷ്‌കരണം, സമൂഹത്തിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നുമുള്ള ബഹുമാനം നഷ്ടപ്പെടുമെന്ന ഭയം എന്നിവ മൂലം പരമ്പരാഗത ഇന്ത്യൻ സമൂഹത്തിലെ സ്ത്രീകൾ ബലാത്സംഗം റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നുണ്ടെന്ന് കോടതി തറപ്പിച്ചുപറഞ്ഞു.
പ്രബലമായ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായ ലൈംഗിക പെരുമാറ്റമുള്ള ഒരു സ്ത്രീയെക്കാൾ ‘ഹിന്ദു കന്യക’ യായ മകളുടെ അല്ലെങ്കിൽ ‘വിശ്വസ്തയായ ഭാര്യ’യുടെ സാക്ഷ്യം കോടതികളിൽ കൂടുതൽ വിശ്വസനീയമായിരിക്കുമെന്നും കോടതി പറഞ്ഞു. നേരെമറിച്ച്, സാമ്പത്തിക ലക്ഷ്യങ്ങൾ, അസൂയ, പ്രതികാരം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാശ്ചാത്യസ്ത്രീകൾ വ്യാജ കേസുകൾ ഫയൽ ചെയ്യാൻ കൂടുതൽ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ബലാത്സംഗക്കേസുകളിലെ വിധികളിലൂടെ ഇന്ത്യൻ കോടതികൾ ചരിത്രപരമായി തന്നെ സ്ത്രീകളെ പരാജയപ്പെടുത്തിയിട്ടുണ്ടെന്ന് കാണാം.  / Photo: Laapataa Ladies movie
ബലാത്സംഗക്കേസുകളിലെ വിധികളിലൂടെ ഇന്ത്യൻ കോടതികൾ ചരിത്രപരമായി തന്നെ സ്ത്രീകളെ പരാജയപ്പെടുത്തിയിട്ടുണ്ടെന്ന് കാണാം. / Photo: Laapataa Ladies movie

ബലാത്സംഗക്കേസുകളിലെ വിധികളിൽ ഇന്ത്യൻ കോടതികൾ ചരിത്രപരമായി തന്നെ സ്ത്രീകളെ പരാജയപ്പെടുത്തിയിട്ടുണ്ടെന്ന് ദയനീയമായ ഈ വിധികൾ കാണിക്കുന്നു. ഈ വിധിന്യായങ്ങൾ നിയമത്തിന്റെയും നീതിയുടെയും തത്ത്വങ്ങൾ പാലിക്കുന്നതിനുപകരം ധാർമ്മികവും സ്ത്രീവിരുദ്ധവുമായ അടിത്തറകളിലാണ് ഊന്നുന്നത്. അതുകൊണ്ടുതന്നെ ഇത്തരം വിധികളുടെ പാശ്ചാത്തലത്തിൽ, നടിക്കെതിരായ ലൈംഗികാതിക്രമകേസ് നിരാശാജനകമാണെങ്കിലും അത് അത്ഭുതപ്പെടുത്തുന്നില്ല.

ഹാനികരമായ ‘സ്റ്റീരിയോടൈപ്പു’കൾ ശാശ്വതമാക്കുക മാത്രമല്ല, നിയമവ്യവസ്ഥയിലുള്ള വിശ്വാസം കുറയ്ക്കുകയും നീതി തേടുന്നതിൽ നിന്ന് അതിജീവിതകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു, ഇത്തരം വിധികൾ. ലിംഗനീതിയിലധിഷ്ഠിതമായ നീതിന്യായവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള നമ്മുടെ ജുഡീഷ്യൽ വിദ്യാഭ്യാസവും ജുഡീഷ്യൽ പരിശീലനവും അടിയന്തരമായി പുനർവിചിന്തനം ചെയ്യേണ്ടതുണ്ടെന്നതാണ് ഈ വിധികളുടെ ഒരു പ്രധാന പാഠം.

പ്രജ്വൽ രേവണ്ണ മുതൽ
ബ്രിജ് ഭൂഷൺ വരെ

ഇന്ത്യയിൽ വലിയ മാധ്യമശ്രദ്ധ ലഭിച്ച ലൈംഗികാതിക്രമകേസുകളിൽ ചിലതെങ്കിലും അന്വേഷണത്തിനവസാനം കുറ്റത്തിൽ നേരിട്ട് പങ്കാളിയായ കുറ്റവാളിയിലേക്ക് മാത്രമായി ഒതുങ്ങാറുണ്ട്, അല്ലെങ്കിൽ സ്വാധീനമുള്ളവർ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാറുണ്ട്. ഉന്നാവോ കേസിൽ ശക്തനായ ഒരു ബി.ജെ.പി നേതാവിന്റെ പങ്കാളിത്തമുണ്ടായിരുന്നു. കർണാടകയിൽ പ്രജ്വൽ രേവണ്ണയ്ക്കെതിരായ ആരോപണങ്ങളും ഹീനമായ കത്വ ബലാത്സംഗവും കൊലപാതകവും രാജ്യത്ത് നിലനിൽക്കുന്നതും വ്യാപകവുമായ ലൈംഗികാതിക്രമങ്ങളുടെ സ്വഭാവവും അതുണ്ടാക്കുന്ന പ്രശ്നങ്ങളും വെളിച്ചത്തുകൊണ്ടുവരുന്നു.

ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും റേപ്പ് കേസിൽ പ്രതിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്
ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും റേപ്പ് കേസിൽ പ്രതിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് പുറത്തുവന്ന പ്രജ്വൽ രേവണ്ണ കേസ് ഞെട്ടിക്കുന്നതായിരുന്നു. ഹാസനിലെ സിറ്റിംഗ് എം.പിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനുമായ എൻ ഡി എ-ജെ.ഡി- എസ് സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ നടത്തിയ ലൈംഗികാക്രമണങ്ങൾ വെളിപ്പെടുത്തുന്ന 3,000- ഓളം വീഡിയോ ക്ലിപ്പുകളും ഫോട്ടോഗ്രാഫുകളും രേഖകളും രാജ്യത്തുടനീളം ലീക്ക് ചെയ്യപ്പെട്ടു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ, സർക്കാർ നാലര വർഷത്തോളം നിഷ്ക്രിയരായി നിന്നു എന്നതുതന്നെ, സമ്മർദങ്ങൾക്കപ്പുറത്തേക്ക് സത്യസന്ധമായി വിഷയത്തെ അഭിമുഖീകരിക്കാനും, ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും സർക്കാരിന് താല്പര്യക്കുറവുണ്ട് എന്നതുറപ്പിക്കുന്നു.

2021-ൽ ഹാസൻ സിറ്റിയിലെ തന്റെ ഔദ്യോഗിക വസതിയുടെ പരിധിയിൽ വച്ച് രേവണ്ണ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 44 കാരിയായ രാഷ്ട്രീയ പ്രവർത്തക ഉന്നയിച്ച ആരോപണത്തിൽ നിന്നാണ് പീഡനപരമ്പരയുടെ വിവരങ്ങൾ തുടങ്ങുന്നത്. പരാതിക്കാരിയുടെ മൊഴി പ്രകാരം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി ഐ ഡി) പ്രജ്വൽ രേവണ്ണക്കെതിരെ കേസെടുത്തു. കുറ്റാരോപിതൻ ലൈംഗികാതിക്രമം റെക്കോർഡ് ചെയ്യുകയും 2021 ജനുവരി ഒന്നിനും 2024 ഏപ്രിൽ 25 നും ഇടയിൽ ആവർത്തിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടാൻ അവരെ നിർബന്ധിക്കുന്നതിനായി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു കേസ്.

കർണാടകയുടെ സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളെ ഈ കേസ് ഏറെ സ്വാധീനിച്ചു. ഈ വിഷയത്തിൽ അന്വേഷണം തുടരുമ്പോൾ തന്നെ, രാഷ്ട്രീയ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് ചോദ്യമുനയിലാകുന്നത്. ഇത് കർണാടകത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതുമല്ല.

ബ്രിജ്ഭൂഷണെതിരെ നടപടിയാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സംഗീത ഫോഗൽ, സാക്ഷി മാലിക്
ബ്രിജ്ഭൂഷണെതിരെ നടപടിയാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സംഗീത ഫോഗൽ, സാക്ഷി മാലിക്

ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ, വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ആക്രമിച്ചുവെന്ന ആരോപണങ്ങൾ ഉയർന്നുവന്നത്, ഇത്തരം കുറ്റകൃത്യങ്ങളുടെ ഭയാനകമായ ക്രമത്തിന് അടിവരയിടുന്നു.

2012-ലെ നിർഭയ കേസിനെത്തുടർന്ന് വർധിച്ച അവബോധവും കർശന നിയമങ്ങളും ഉണ്ടായിരുന്നിട്ടും, ഈ കേസുകളിലെല്ലാം, ഏറെ സ്വാധീനമുള്ളവർ തന്നെയാണ് ഇരകൾക്ക് നീതിയും സുരക്ഷയും ഉറപ്പാക്കുന്നതിനെതിരെ, നിലവിലുള്ള വ്യവസ്ഥയെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. ഇത് ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട നിയമപരവും സാമൂഹികവുമായ പ്രതികരണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് നിർണായക ചോദ്യങ്ങൾ ബാക്കിവെക്കുന്നു.

ജുഡീഷ്യൽ കമ്മീഷനുകളിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ അധികാരങ്ങളും നിയമസാധുതയും മാത്രമുള്ള ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് നല്ല ഭാവിയിലേക്കുള്ള ആദ്യപടിയായി മാറുമെന്ന് പ്രത്യാശിക്കാനേ ഇപ്പോൾ വകയുള്ളൂ.

മാറ്റം എവിടെ തുടങ്ങണം?

രാഷ്ട്രീയ മുതലെടുപ്പിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ ആയല്ലാതെ, നിശ്ചയദാർഢ്യത്തോടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ തുല്യനീതിക്കായി പ്രവർത്തിക്കുക, അത് ഉറപ്പുവരുത്തുക എന്നത് തന്നെയാണ് ആദ്യപടി. നടി ആക്രമിക്കപ്പെട്ട സന്ദർഭത്തിലെ സാമൂഹിക-രാഷ്ട്രീയ സമ്മർദത്താൽ കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ, ഇനിയും മുഴുവനായി പുറത്തുവിടാത്ത റിപ്പോർട്ടിന്മേൽ, അതേ സർക്കാർ നാലര വർഷത്തോളം നിഷ്ക്രിയരായി നിന്നു എന്നതുതന്നെ സമ്മർദങ്ങൾക്കപ്പുറത്തേക്ക് സത്യസന്ധമായി വിഷയത്തെ അഭിമുഖീകരിക്കാനും, ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും സർക്കാരിന് താല്പര്യക്കുറവുണ്ട് എന്നതുറപ്പിക്കുന്നു, അല്ലെങ്കിൽ ഏറെ പ്രിയപ്പെട്ട മറ്റാരെയോ, അതുമല്ലെങ്കിൽ റിപ്പോർട്ടിൽ സൂചിപ്പിച്ചപോലെ ഒരു ‘പവർ ഗ്രൂപ്പി’നെയോ പ്രീതിപ്പെടുത്താൻ സർക്കാർ ഈ കാലയളവിൽ നിലകൊണ്ടു എന്നും യുക്തിഭദ്രമായി അനുമാനിക്കാം.

തൊഴിലിടത്തെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള 17 കാരിയുടെ മൊഴിയും, സിനിമാമേഖലയിൽ വേരൂന്നിയ ലഹരിമാഫിയയെ കുറിച്ചുള്ള മൊഴിയുമടക്കം സർക്കാറിന്റെ നിലപാടുകളെ പൊതുമദ്ധ്യത്തിൽ കുരിശിലേറ്റാൻ പോന്ന ഒട്ടനവധി വെളിപ്പെടുത്തലുകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ട്. ജുഡീഷ്യൽ കമ്മീഷനുകളിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ അധികാരങ്ങളും നിയമസാധുതയും മാത്രമുള്ള ഈ കമ്മിറ്റിയുടെ റിപ്പോർട്ട് നല്ല ഭാവിയിലേക്കുള്ള ആദ്യപടിയായി മാറുമെന്ന് പ്രത്യാശിക്കാനേ ഇപ്പോൾ വകയുള്ളൂ. എങ്കിലും, മാറ്റങ്ങൾ അതിവിദൂരമായി കരുതാനാവില്ല.

സർക്കാർ നിലപാടുകളെ പൊതുമദ്ധ്യത്തിൽ കുരിശിലേറ്റാൻ പോന്ന ഒട്ടനവധി വെളിപ്പെടുത്തലുകൾ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ട്.
സർക്കാർ നിലപാടുകളെ പൊതുമദ്ധ്യത്തിൽ കുരിശിലേറ്റാൻ പോന്ന ഒട്ടനവധി വെളിപ്പെടുത്തലുകൾ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ട്.

വിഷയത്തെ മുഴുവനായും അഭിമുഖീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും, അടുത്തിടെ പ്രാപല്യത്തിൽ വന്ന ഭാരതീയ ന്യായ സംഹിതയിൽ (ബി എൻ എസ്) കേന്ദ്ര സർക്കാർ സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങക്കെതിരെ പ്രത്യേകമായ ചാപ്റ്റർ തന്നെ നിർമിക്കുകയുണ്ടായി. എന്നാൽ ലൈംഗിക അതിക്രമങ്ങൾക്കൊപ്പം ഭീഷണിപ്പെടുത്തലിനായി കൃത്യത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്യുന്ന ഹീനമായ പ്രവൃത്തി ഏറ്റവും കർക്കശമായ വ്യവസ്ഥകളോടെ നിയമം തടയാത്തത്, സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനും രൂപകൽപ്പന ചെയ്ത നിയമനിർമ്മാണ ചട്ടക്കൂടുകളിലെ വ്യക്തമായ വിടവ് അടിവരയിടുന്നതാണ്. നടിക്കെതിരായ ലൈംഗികാതിക്രമ കേസിലും ആവർത്തിക്കപ്പെട്ട ഈ കുറ്റകരമായ പ്രവൃത്തി തടയുന്നതിനും കണ്ടെത്തുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും ഫലപ്രദമായ സംവിധാനങ്ങൾ സ്ഥാപിക്കുന്ന കർശന നിയമനിർമ്മാണം ആവശ്യമാണ്. ആളുകളെ ഭീഷണിപ്പെടുത്തുന്നതിനോ നിയന്ത്രിക്കുന്നതിനോ വേണ്ടി മാത്രം ലൈംഗിക കുറ്റകൃത്യങ്ങൾ റെക്കോർഡു ചെയ്യുന്നതും പങ്കിടുന്നതും വ്യക്തമായി പരാമർശിക്കുന്ന കർശനമായ നിയമങ്ങൾ ഉണ്ടാക്കുന്നത് ഭാവിയിൽ നടന്നേക്കാവുന്ന ഇത്തരം സംഭവങ്ങൾ തടയാൻ ഒരു പരിധി വരെ സഹായിച്ചേക്കാം.

സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നത് ധാർമ്മികമായ അനിവാര്യത മാത്രമല്ല, സമൂഹത്തിന്റെ മുഴുവനായുള്ള പുരോഗതിക്കും ക്ഷേമത്തിനും ഉത്തേജകം കൂടിയാണ്. ലിംഗഭേദമില്ലാതെ ഓരോ വ്യക്തിയുടെയും അന്തസ്സും സ്വതന്ത്ര്യവും സംരക്ഷിക്കാനും ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും നീതിയുടെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കാനും കോടതികൾക്ക് ഉത്തരവാദിത്തമുണ്ട്. വ്യാപകമായി സ്വാധീനം ചെലുത്താവുന്ന ഇത്തരം കേസുകളിൽ, പരിഷ്കൃത സമൂഹത്തിന്റെ മുൻവിധികളാൽ സ്വാധീനിക്കപ്പെട്ട പക്ഷപാതപരമായ വ്യാഖ്യാനങ്ങളേക്കാളുപരി, തെളിവുകളുടെയും നിയമപരമായ മുൻവിധികളുടെയും അടിസ്ഥാനത്തിലാകണം കോടതികളുടെ സൂക്ഷ്മ പരിശോധന, അതിൽനിന്ന് നീതീയുക്തമായ വിധിയുമുണ്ടാകണം. ലിംഗാധിഷ്ഠിത അക്രമവും വിവേചനവും ഇല്ലാതാക്കാൻ, പുരുഷാധിപത്യ മനോഭാവങ്ങളെയും അത് സൃഷ്ടിക്കുന്ന സംവിധാനങ്ങളെയും തകർക്കുന്നതിനുള്ള യോജിച്ച ശ്രമം തന്നെയാണ് ആവശ്യം.

ലൈംഗികാതിക്രമണങ്ങളെ അതിജീവിച്ചവരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും മുൻഗണന നൽകുന്ന, ഇരകളെ കേന്ദ്രീകരിച്ചുള്ള സമീപനം സ്വീകരിക്കുന്നതിന് സർക്കാരുകളും, അതുറപ്പുവരുത്താൻ നീതിന്യായ സംവിധാനവും പാകപ്പെടേണ്ടതുണ്ട്. അതിനായി തലമുറകൾക്ക് നിർബന്ധിത പരിശീലനവും നൽകണം.
ചിട്ടയായ പരിശ്രമത്തിലൂടെ തുല്യനീതിയുടെയും സമത്വത്തിന്റെയും താൽപ്പര്യങ്ങൾ നിറവേറ്റുന്ന കൂട്ടായ സംവിധാനം ഉറപ്പുവരുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. മറിച്ചാണെങ്കിൽ, ഏറെ വൈകിവരുന്ന, അല്ലെങ്കിൽ ലഭിച്ചേക്കും എന്ന് ഉറപ്പില്ലാത്ത നീതി നിസ്സഹായതയിലേക്കും അക്രമത്തിലേക്കും വരെ നയിച്ചേക്കാം. മാർട്ടിൻ ലൂഥർ കിംഗ് (ജൂനിയർ) പറഞ്ഞപോലെ, ‘അനീതി എല്ലായിടത്തും നീതിക്ക് ഭീഷണിയാണ്’.

Comments