കിഫ്ബി, മസാലബോണ്ട്, സി ആന്റ് എ.ജി: വിവാദങ്ങൾക്ക് മന്ത്രി ഡോ. തോമസ് ഐസക്കിന്റെ മറുപടി

കിഫ്ബിക്ക് മസാല ബോണ്ടിലൂടെ പണം സമാഹരിക്കാനാവില്ലായെന്ന വാദത്തിന് ആർ.ബി.ഐയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഈ രേഖകൾ മറുപടി നൽകും. മസാലബോണ്ട് വഴി സമാഹരിച്ച 2150 കോടിയുടെ 90 ശതമാനവും വിനിയോഗിച്ചുകഴിഞ്ഞു. ഈ കണക്ക്​ റിസർവ് ബാങ്കിനെ എല്ലാ മാസവും അറിയിക്കുന്നുമുണ്ട്- കിഫ്​ബിയുമായി ബന്ധപ്പെട്ട്​ പുകയുന്ന വിവാദങ്ങൾക്ക്​ സംസ്​ഥാന ധനകാര്യമന്ത്രി ഡോ. തോമസ്​ ​ഐസക്​ മറുപടി പറയുന്നു

കിഫ്ബി പദ്ധതികൾ ആകാശകുസുമങ്ങളാണോ?
ഇന്ന് ഈ വാദം ഉയർത്താൻ ആരെങ്കിലും ധൈര്യപ്പെടുമോ?
40,102.51 കോടി രൂപയുടെ 816 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയത്. ഇതുകൂടാതെ പശ്ചാത്തലസൗകര്യ സൃഷ്ടിക്കുള്ള ഭൂമി ഏറ്റെടുക്കലിന്​ 20,000 കോടി രൂപയ്ക്കും അനുമതി നൽകി. അങ്ങനെ ആകെ 60,102.51 കോടി രൂപയാണ് കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ മൂല്യം.

ടെണ്ടർ നടപടി പൂർത്തിയാക്കി നിർമാണത്തിലേയ്ക്ക് എത്തിയത് 433 പദ്ധതികളാണ്. ഇതിന്റെ ആകെ മൂല്യം 16191.54 കോടി രൂപയാണ്. 388 പദ്ധതികൾ ടെണ്ടറിംഗ് നടപടി പുരോഗമിക്കുകയാണ്.
കിഫ്ബിയുടെ കൈമുദ്ര പതിയാത്ത ഒരു നിയോജക മണ്ഡലവും ഇന്ന് കേരളത്തിൽ ഇല്ല. ഇതുകൊണ്ടാണ് കിഫ്ബിയെന്നത് ആകാശകുസുമമാണെന്ന് ഒരിക്കൽ പറഞ്ഞവർ ആ കൺസപ്റ്റിനെ ഞങ്ങൾ അംഗീകരിക്കുന്നുവെന്നു തിരുത്തേണ്ടിവന്നത്. കിഫ്ബി തുടരുകതന്നെ ചെയ്യുമെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശവും അതീവപ്രാധാന്യമുള്ളതാണ്.

ആ കൈയൊപ്പ്​ എല്ലായിടത്തുമുണ്ട്​...

കേരളത്തിന്റെ ഹൈവേ വികസനം കിഫ്ബി ഇല്ലായിരുന്നുവെങ്കിൽ മരീചികയായി തുടരുമായിരുന്നുവെന്ന വസ്തുത നാം അംഗീകരിക്കണം. ഭൂമി ഏറ്റെടുക്കലിൽ തട്ടി തടസപ്പെട്ട ഹൈവേ വികസനം ഭൂമിക്ക്​ നഷ്ടപരിഹാരം വർദ്ധിപ്പിച്ചതോടെയാണ് പുതുജീവൻ കൈവരിച്ചത്. പക്ഷെ അപ്പോഴേയ്ക്കും ദേശീയപാത അതോറിറ്റി ഒരു നിലപാടെടുത്തു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് സംസ്ഥാന സർക്കാർ വഹിക്കണം. 5374 കോടി രൂപയാണ് അതിനുവേണ്ടത്. ആ പണം നൽകാമെന്നു പറഞ്ഞ ഉറപ്പാണ് കിഫ്ബി. കേരളത്തിന്റെ വടക്കേ അറ്റത്തുനിന്നും പണി ആരംഭിച്ചിട്ടുള്ള പദ്ധതിക്ക് ഈ പണം നൽകുന്നത് കിഫ്ബിയാണ്.

വ്യവസായ വികസനത്തിനുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ഊർജ്ജക്ഷാമം. കൊച്ചി - ഇടമൺ ലൈനിന്റെ കഥ ഓർമയുണ്ടല്ലോ. ലൈൻ വലിക്കാൻ സ്ഥലം വിട്ടുകൊടുക്കാൻ ആളുകൾ തയ്യാറല്ല. ഉയർന്ന നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കാൻ പണം നമ്മുടെ കൈയ്യിലുമില്ല. ഇവിടെ വൈദ്യുതി ഉൽപ്പാദിപ്പിച്ചില്ലെങ്കിൽ പുറത്തുനിന്നും വാങ്ങാം. പക്ഷെ, വൈദ്യുതി കൊണ്ടുവരാൻ അന്തർസംസ്ഥാന ലൈനുകൾ വേണം. ഇങ്ങനെ വൈദ്യുതി വാങ്ങിക്കൊണ്ടുവന്ന് കേരളത്തിന്റെ ഒരു മൂലയിൽ വച്ചിരുന്നാൽപ്പോരാ. എല്ലാ മുക്കിനും മൂലയിലേയ്ക്കും അത് എത്തിക്കാനുള്ള ശൃംഖല തീർക്കണം. നല്ല വോൾട്ടതയിലും നഷ്ടമില്ലാതെയും എത്തുകയും വേണം.

ഇതിനും ആധുനിക പ്രസരണ-വിതരണ ലൈനുകൾ ഉണ്ടാവേണ്ടതുണ്ട്. എത്ര കാലമായി ഇത്തരമൊരു ശൃംഖലയായ ട്രാൻസ്ഗ്രിഡിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇന്ന് ഈ പവർ ഹൈവേ കേരളത്തിൽ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ട്രാൻസ്ഗ്രിഡ് എന്ന പവർ ഹൈവേ ശൃംഖലയ്ക്ക് കിഫ്ബി 5200 കോടി രൂപയാണ് മുതൽമുടക്കുന്നത്.

വിവരമിനിമയം എന്നത് ഇന്നത്തെ ലോകത്ത് ഒരു അവശ്യസർവ്വീസായി മാറിയിട്ടുണ്ട്. നല്ല വേഗതയുള്ള ഇന്റർനെറ്റ് ഇല്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് ക്ലാസിൽ പങ്കെടുക്കാനാവാത്ത സ്ഥിതി. ഇന്റർനെറ്റ് സൗകര്യത്തിന്റെ പ്രാധാന്യം ഇന്ന് കേരളത്തിൽ ആരോടും പറയേണ്ടതില്ല. വിവരലഭ്യതയെന്നത് ആധുനിക ലോകത്തിന്റെ ഏറ്റവും അനിവാര്യമായ ഒരു സൗകര്യമാണ്. അത് താങ്ങാവുന്ന വിലയിൽ ഗുണനിലവാരത്തോടെ എല്ലാവർക്കും കിട്ടണം. കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉയർന്ന ബാൻഡ് വിഡ്ത്തിലുള്ള ഇന്റർനെറ്റ് സർവ്വീസ് എത്തിക്കുന്നതിന് ആവശ്യമായ കേബിൾ ശൃംഖലയാണ് വാസ്തവത്തിൽ കെ-ഫോൺ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇൻഫർമേഷൻ ഹൈവേ എന്നു പറയാം. ഈ ഇൻഫർമേഷൻ ഹൈവേയ്ക്ക് കിഫ്ബി മുതൽമുടക്കുന്നത് 1516.76 കോടി രൂപയാണ്.

ഗതാഗതത്തിനും ചരക്കു കടത്തിനും ജലമാർഗ്ഗത്തിന്റെ പ്രാധാന്യം എടുത്തു പറയാത്ത ഒരു വികസന ചർച്ചയും കേരളത്തിൽ ഉണ്ടായിട്ടില്ല. എ.പി.ജെ. അബ്ദുൾ കലാം നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ എടുത്തുപറഞ്ഞ പ്രധാന പദ്ധതിയാണ് കോട്ടപ്പുറം - ബേക്കൽ ജലപാത. ഈ വാട്ടർ ഹൈവേ കിഫ്ബി മുതൽമുടക്കിൽ ഇന്ന് അതിദ്രുതം പുരോഗമിക്കുകയാണ്.
മലയോര ഹൈവേയുടെ അടങ്കൽ 3500 കോടി രൂപയും തീരദേശ ഹൈവേയുടെ അടങ്കൽ 6500 കോടി രൂപയുമാണ്.

ഇങ്ങനെ കേരളത്തെ അടിമുടി മാറ്റാനുതകുന്ന പശ്ചാത്തലസൗകര്യ സൃഷ്ടിക്കാണ് കിഫ്ബി പണം മുടക്കുന്നത്.

സാമൂഹ്യപശ്ചാത്തല സൗകര്യസൃഷ്ടിയിലെ കിഫ്ബി മുതൽമുടക്കും ശ്രദ്ധേയമാണ്. അരലക്ഷത്തിലധികം ക്ലാസ് മുറികളാണ് കിഫ്ബി മുതൽമുടക്കിൽ ഹൈടെക്കായി മാറിയത്. സ്‌കൂൾ ഹൈടെക് പരിപാടിക്ക് കിഫ്ബി മുടക്കിയ പണം 493.50 കോടി രൂപയാണ്. സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യ സൃഷ്ടിക്കുള്ള മുതൽമുടക്ക് 2849.01 കോടി രൂപയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് 1327.16 കോടി രൂപയാണ് മുതൽ മുടക്കുന്നത്.
ആരോഗ്യ രംഗത്തിന്റെ സമഗ്രമായ മാറ്റത്തിനു കിഫ്ബി മുതൽമുടക്കുന്നത് 3178.02 കോടി രൂപയാണ്.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയിൽ നിർമ്മാണം പൂർത്തികരിച്ച വെള്ളോറ കക്കറ കടുക്കാരംമുക്ക് റോഡ്

കുണ്ടന്നൂരും വൈറ്റിലയും കൊച്ചി ക്യാൻസർ സെന്ററും എറണാകുളം ജനറൽ ആശുപത്രിയും മലബാർ ക്യാൻസർ സെന്ററും റെയിൽ മേൽപ്പാലങ്ങളും അസംഖ്യം റോഡുകളും പാലങ്ങളുമായി കിഫ്ബിയുടെ കൈമുദ്ര പതിയാത്ത ഒരു പ്രദേശവും ഇന്നു കേരളത്തിൽ ഇല്ല. കുടിവെള്ള പദ്ധതികൾക്കായി കിഫ്ബി മുതൽമുടക്ക് 5177.57 കോടി രൂപയാണ്. കെ-ഫോൺ ഒഴികെയുള്ള ഐ.ടി വികസത്തിന് 351.13 കോടി രൂപ, വ്യാവസായിക പശ്ചാത്തല സൗകര്യ വികസനത്തിന് 15026.63 കോടി രൂപ. ഇങ്ങനെ നാളത്തെ കേരളത്തെ നിർവ്വചിക്കുന്ന ഒരു സംവിധാനമായി കിഫ്ബി രൂപാന്തരപ്പെട്ടിരിക്കുന്നു.

ഫണ്ട്​ എങ്ങനെ സമാഹരിക്കും?

2000 ജനുവരി 18 നാണ് 1999 ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ആക്ട് വിജ്ഞാപനം ചെയ്തത് (The Kerala Infrastructure Investment Fund Act 1999). ഇത്തരമൊരു അടിസ്ഥാന നിക്ഷേപ നിധി രൂപീകരിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് നിയമത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.

‘‘സംസ്ഥാനത്ത് അടിസ്ഥാനസൗകര്യ പദ്ധതികളിൽ പണം മുടക്കുന്നതിന് ഒരു നിധി രൂപീകരിക്കുന്നതിനും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷംഗികമായതോ ആയ സംഗതികൾക്കും വ്യവസ്ഥ ചെയ്യുന്നതിനുള്ള ഒരു ആക്ട്''.

1999 ലെ ഈ നിയമത്തിൽ ഇതിന് ആവശ്യമായ പണം എങ്ങനെയാണ് സമാഹരിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാലാകാലങ്ങളിൽ സർക്കാർ നൽകുന്ന ഗ്രാന്റുകളും അഡ്വാൻസുകളും വായ്പകളും കിഫ് ബോർഡ് കടപ്പത്രങ്ങളോ ബോണ്ടുകളോ പുറപ്പെടുവിച്ചും മറ്റുവിധത്തിലോ വായ്പകൾ സ്വരൂപിച്ചും ആണ് ഈ ഫണ്ട് സമാഹരിക്കേണ്ടതെന്ന് നിയമം വ്യക്തമായി പറയുന്നു. വായ്പകൾക്ക് സർക്കാരിന്റെ ജാമ്യം നൽകുന്നതിനുള്ള വ്യവസ്ഥയും മൂലനിയമത്തിൽ തന്നെ ഉണ്ടായിരുന്നു.

2016 വരെ പരിമിതം പ്രവർത്തനം

2016 ലെ സമഗ്ര നിയമഭേദഗതിക്കുമുമ്പ് കിഫ്ബിയുടെ പ്രവർത്തനം പരിമിതമായിരുന്നു. 1999- 2003 കാലയളവിൽ മൂന്നു തവണ കിഫ്ബി വായ്പ എടുത്തിട്ടുണ്ട്. 31-12-1999ൽ 507.06 കോടി രൂപ വായ്പയെടുത്തു. 13.25 ശതമാനമായിരുന്നു പലിശ. 30-04-2002ൽ 10.5 ശതമാനം പലിശയ്ക്ക് മറ്റൊരു 10.74 കോടി രൂപ വായ്പ എടുത്തു. 31-05-2003ൽ 11 ശതമാനം പലിശയ്ക്ക് 505.91 കോടി രൂപകൂടി വായ്പ എടുത്തു. ഈ പണമെല്ലാം ട്രഷറിയിൽ നിക്ഷേപിക്കുകയാണ് ചെയ്തത്. കിഫ്ബി ഏതെങ്കിലും പശ്ചാത്തലസൗകര്യ വികസന പ്രവർത്തനങ്ങൾ നേരിട്ട് നടപ്പിലാക്കുന്ന രീതി ഉണ്ടായിരുന്നില്ല.

2016 ആയപ്പോഴേയ്ക്കും സംസ്ഥാനത്തിന്റെ ധനസ്ഥിതി നിർണായക വഴിത്തിരിവിൽ എത്തിയിരുന്നു. നികുതി വരുമാന വർദ്ധനവിന്റെ ഗ്രാഫ് താഴേക്ക് വരുന്ന ഒരു ചിത്രമാണ് ഉണ്ടായിരുന്നത്. ജി.എസ്.ടി നികുതി സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ അനിശ്ചിതത്വങ്ങളും ആവലാതികളും നിറഞ്ഞൊരു സമയമായിരുന്നു ഈ ഘട്ടം. സംസ്ഥാനത്തിന്റെ നിത്യദാന ചെലവുകൾക്കപ്പുറം മൂലധന നിക്ഷേപത്തിൽ വലിയൊരു കുതിച്ചുചാട്ടം ഉണ്ടാക്കണമെങ്കിൽ ഒരു ബദൽ മാർഗ്ഗം തേടിയേ മതിയാകൂ എന്ന അവസ്ഥ വന്നുചേർന്നു.

സംസ്ഥാനത്തിന്​ സഹജമായി ചില ശക്തികളുണ്ട്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം ഇവയിലെല്ലാമുള്ള വലിയ നേട്ടങ്ങൾ, അത് ജനജീവിതത്തിൽ ഉണ്ടാക്കിയ പുരോഗതി ഇവയൊക്കെ പുതിയകാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കുകയും സ്ഥായിയാവുകയും ചെയ്യുന്ന പാകത്തിൽ പതിന്മടങ്ങ് മെച്ചപ്പെടണം. പശ്ചാത്തല സൗകര്യ സൃഷ്ടിക്ക് വലിയ തോതിൽ മുതൽമുടക്ക് വേണ്ടിവരുന്ന ഒരു വെല്ലുവിളിയായിരുന്നു ഇത്.

സ്‌കൂളുകൾ, ആശുപത്രികൾ, റോഡുകൾ, കുടിവെള്ള പദ്ധതികൾ, വൈദ്യുതിവിതരണം ശൃംഖലകൾ, വിവരവിനിമയ സങ്കേതങ്ങൾ, ഇൻഡസ്ട്രിയൽ പാർക്കുകൾ, ഐ.ടി പശ്ചാത്തല സൗകര്യ സൃഷ്ടി ഇങ്ങനെ നാടിനെ നാളേയ്ക്കായി ഒരുക്കാൻ വേണ്ട പശ്ചാത്തലസൗകര്യ സൃഷ്ടിക്ക് വലിയ തോതിൽ മുതൽമുടക്ക് വേണ്ടിയിരുന്നു. ഇതേസമയത്തുതന്നെ കിഫ്ബി പോലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡികൾക്കും മറ്റും വായ്പകൾ സമാഹരിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ‘സെബി’യും റിസർവ്​ബാങ്കും മാറ്റം വരുത്തുകയും ചെയ്തു.

ഇതനുസരിച്ച്​ ആധുനിക ധനവിപണിയിലെ നവീനങ്ങളായ ഇൻസ്ട്രമെന്റുകൾ ഉപയോഗപ്പെടുത്തി ധനം സമാഹരിക്കാമെന്ന സ്ഥിതിയുമുണ്ടായി. ഈ പുതിയ സാഹചര്യത്തിന് ഉതകുംവിധം കിഫ്ബിയെ പുതുക്കിപ്പണിയുക എന്നതായിരുന്നു 2016 ൽ സർക്കാരിന്റെ മുന്നിലുണ്ടായിരുന്ന ദൗത്യം. ഇതിനുവേണ്ടിയാണ് കിഫ്ബി നിയമത്തിൽ സമഗ്രമായ ഭേദഗതി കൊണ്ടുവന്നത്. ചുവടെപ്പറയുന്ന കാര്യങ്ങൾ അടിസ്ഥാനപരമായി വ്യത്യാസപ്പെടുത്തിയത്.

ആധുനിക ധന വിപണിയിലെ പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്തി ‘സെബി’യും ആർ.ബി.ഐയും അംഗീകരിച്ച ബോണ്ടുകൾ, ഡിബഞ്ചെറുകൾ, മറ്റ് ഇൻസ്ട്രമെന്റുകൾ എന്നിവ ഉപയോഗപ്പെടുത്തി ധനസമാഹരണം നടത്തുന്നതിന് ബോർഡിനെ പ്രാപ്തമാക്കുക.
ധനകാര്യം, ബാങ്കിംഗ്, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിൽ പ്രവർത്തിച്ച് വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള സ്വതന്ത്ര അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ബോർഡ് സമഗ്രമായി പുനസംഘടിപ്പിച്ചു. ധനമന്ത്രി ചെയർമാനായി മൂന്ന് സ്വതന്ത്ര അംഗങ്ങൾകൂടി ഉൾക്കൊള്ളുന്ന എക്‌സിക്യുട്ടീ കമ്മിറ്റിയും രൂപീകരിച്ചു.

മോട്ടോർ വാഹന നികുതിയുടെ 50 ശതമാനവും പെട്രോളിയം സെസും കിഫ്ബിക്ക് സർക്കാർ നൽകണമെന്ന് നിയമപരമായി വ്യവസ്ഥ ചെയ്തു. വായ്പയാ തിരിച്ചടവ് സുഖമമാക്കുന്നതിനുവേണ്ടി ഭാവി വരുമാനം ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു ഈ ഭേദഗതി.

കിഫ്ബി മുഖാന്തിരം സമാഹരിക്കുന്ന ധനം സംസ്ഥാന സർക്കാരിന്റെ ദൈനംദിന ചെലവുകൾക്ക് ഉപയോഗപ്പെടുത്തുന്നില്ലായെന്ന് ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ കൊണ്ടുവന്നു. കിഫ്ബിയുടെ വരുമാനം ഏത് തരത്തിൽ നിക്ഷേപിക്കണമെന്ന കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തി.
നിയമപ്രകാരമാണോ ബോർഡിന്റെ പ്രവർത്തനമെന്നും ഫണ്ടിന്റെ വിനിയോഗമെന്നും സ്വതന്ത്രമായി നിരീക്ഷിക്കുന്നതിനും റിപ്പോർട്ടുകൾ പുറപ്പെടുവിച്ച് നിയമസഭയ്ക്ക് മുമ്പാകെ സമർപ്പിക്കുന്നതിനുമായി (അർദ്ധവാർഷിക ഫിഡലിറ്റി സർട്ടിഫിക്കറ്റ്) ഫണ്ട് ട്രസ്റ്റി ആന്റ് അഡൈ്വസറി കമ്മീഷൻ എന്ന സ്വതന്ത്ര സംവിധാനത്തിനുള്ള വ്യവസ്ഥകൾ കൊണ്ടുവന്നു.
കിഫ്ബി പ്രോജക്ടുകൾ തെരഞ്ഞെടുക്കുന്നതും നടപ്പിലാക്കുന്നതും സംബന്ധിച്ച് വിശദമായ വ്യവസ്ഥകൾക്കും രൂപം നൽകി.

പദ്ധതികൾ തീരുമാനിക്കുന്നത് ഇങ്ങനെ

തോന്നുംപോലെ പദ്ധതികൾ തെരഞ്ഞെടുക്കാൻ കിഫ്ബിക്ക് അവകാശമില്ല. ബജറ്റ് പ്രസംഗത്തിൽ കിഫ്ബി പദ്ധതികളായി നിർദ്ദേശിക്കപ്പെടുന്ന പദ്ധതികൾക്കാണ് പ്രധാനമായും കിഫ്ബി ധനസഹായത്തിന്​ പരിഗണിക്കുന്നത്. ബജറ്റ് പ്രസംഗത്തിൽ പറഞ്ഞ് നിയമസഭ അംഗീകരിക്കുന്ന പ്രസ്തുത പദ്ധതികൾ ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പ് മുഖാന്തിരമാണ് നടപ്പിലാക്കുക. ബന്ധപ്പെട്ട വകുപ്പ് പ്രാഥമികമായി തത്വത്തിലുള്ള ഒരു ഭരണാനുമതി പുറപ്പെടുവിക്കും. ഈ ഭരണാനുമതി ഉത്തരവിൽ ഏത് പ്രത്യേക സംവിധാനമാണ് (എസ്​.പി.വി) പ്രസ്തുത പ്രോജക്ട് നടപ്പിലാക്കുക എന്നതും പറയും. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന എസ്പിവി പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കലാണ് അടുത്തഘട്ടം.

ഇങ്ങനെ തയ്യാറാക്കുന്ന ഡി.പി.ആർ കിഫ്ബിയുടെ പരിഗണനയ്ക്കായി ഓൺലൈൻ സംവിധാനത്തിലൂടെ സമർപ്പിക്കും. ഈ ഡി.പി.ആർ കിഫ്ബി കണിശ പരിശോധനയ്ക്ക് വിധേയമാക്കും. സംശയങ്ങളുണ്ടെങ്കിൽ ദൂരീകരിക്കും. പുതുക്കലുകൾ ആവശ്യമുണ്ടെങ്കിൽ അത് നിർദ്ദേശിക്കും. ഇങ്ങനെ പരസ്പര ചർച്ചകളിലൂടെ അന്തിമമാക്കപ്പെടുന്ന പ്രോജക്ടാണ് കിഫ്ബി ബോർഡിന്റെ അല്ലെങ്കിൽ എക്‌സിക്യുട്ടീവിന്റെ പരിഗണനയ്ക്ക് എത്തുന്നത്.

100 കോടി രൂപയ്ക്കു താഴെയുള്ള പദ്ധതികൾ അംഗീകരിക്കാൻ എക്‌സിക്യുട്ടീവിന് അധികാരമുണ്ട്. അതേസമയം അതിനു മുകളിൽ അടങ്കലുള്ള പദ്ധതികൾക്ക് അംഗീകാരം നൽകാനുള്ള അധികാരം മുഖ്യമന്ത്രി ചെയർമാനായ ബോർഡിനാണ്. കിഫ്ബി ഇത്തരത്തിൽ അംഗീകാരം നൽകിക്കഴിഞ്ഞാൽ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അതു സംബന്ധമായ ഉത്തരവ് പുറപ്പെടുവിക്കും. പിന്നീട് ഈ പദ്ധതി സംസ്ഥാന സർക്കാരിന്റെ ടെണ്ടർ നടപടി ക്രമങ്ങൾക്കനുസരിച്ച് ടെണ്ടർ ചെയ്ത് പ്രവൃത്തികൾ ഏർപ്പാടാക്കുന്നത് ബന്ധപ്പെട്ട എസ്​.പി.വി ആണ്. പദ്ധതി നടത്തിപ്പിന്റെ ഘട്ടങ്ങളിൽ നിശിതമായ ഗുണനിലവാര പരിശോധന നടത്താൻ ബന്ധപ്പെട്ട വകുപ്പുകളോടൊപ്പം കിഫ്ബിയും സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൂർത്തിയാകുന്ന മുറയ്ക്ക് ഓരോ ഘട്ടത്തിലും ബില്ലുകൾ താമസംവിനാ നൽകുന്നതിനുള്ള ക്രമീകരണങ്ങളും സുസജ്ജമായ കമ്പ്യൂട്ടർ സംവിധാനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ബജറ്റിൽ പ്രഖ്യാപിക്കാത്ത ഒരു പദ്ധതി കിഫ്ബിക്ക് ഏറ്റെടുക്കാൻ കഴിയുമോ? മന്ത്രിസഭാ യോഗം നിർദ്ദേശിക്കുന്ന ഒരു പദ്ധതി മാത്രമേ ഇങ്ങനെ കിഫ്ബിക്ക് ഏറ്റെടുക്കാൻ കഴിയൂ.

കിഫ്ബി കണക്കുകളുടെ ഓഡിറ്റ്

കിഫ്ബി ആക്ട് 1999 ലെ വകുപ്പ് 16 പ്രകാരം കിഫ്ബിയുടെ വാർഷിക റിപ്പോർട്ട് ബോർഡിന്റെ അംഗീകാരത്തിനുശേഷം എല്ലാ വർഷവും ജൂലായ് അവസാനത്തിനു മുമ്പ് സർക്കാരിന് സമർപ്പിക്കേണ്ടതാണ്. ഈ വാർഷിക റിപ്പോർട്ടും ഓഡിറ്റ് ചെയ്ത സ്റ്റേറ്റ്‌മെന്റും നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കേണ്ടതാണ്. കിഫ്ബി ആക്ട് 1999ൽ സി ആൻറ് എ.ജി ഓഡിറ്റിനെപ്പറ്റി പരാമർശമില്ല.

ആക്ടിലെ വ്യവസ്ഥകൾ പ്രകാരം കൊണ്ടുവന്നിട്ടുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സ്‌കീമിന്റെ ചട്ടം 16 (6) പ്രകാരം കിഫ്ബിയുടെ അക്കൗണ്ടുകൾ ചാർട്ടേർഡ് അക്കൗണ്ട് ഓഡിറ്റ് ചെയ്ത റിപ്പോർട്ട് അടക്കം ധനകാര്യവകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറിക്കും സി ആൻറ് എ.ജിക്കും അഭിപ്രായത്തിന് അയക്കേണ്ടതാണ്. ഇവരുടെ അഭിപ്രായത്തോടുകൂടി ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ വാർഷിക റിപ്പോർട്ടിനോടൊപ്പം നിയമസഭയിൽ വയ്ക്കേണ്ടതാണ്.

സി ആൻറ്​ എ.​ജി ഓഡിറ്റ് വ്യവസ്ഥകൾ എന്താണ്?

സി ആൻറ് എ.ജിയുടെ ചുമതലകളും അധികാരങ്ങളും നിർണയിക്കുന്നത് സി ആൻറ് എ.ജി Duties, Powers and Conditions of Service Act, 1971 അനുസരിച്ചാണ്. ഈ നിയമത്തിലെ മൂന്നാം അധ്യായത്തിലാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും ഓഡിറ്റ് സംബന്ധിച്ചവ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഈ അധ്യായത്തിലെ വകുപ്പ് 13 സർക്കാരുകളുടെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതു സംബന്ധിച്ചാണ്. വകപ്പ് 14 കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും ഗണ്യമായി സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങളുടെ ഓഡിറ്റ് സംബന്ധിച്ചുള്ള വ്യവസ്ഥയാണ്. ഈ വ്യവസ്ഥ പ്രകാരം കിഫ്ബി നിർബന്ധമായും സി ആൻറ് എ.ജി ഓഡിറ്റിന്റെ പരിധിയിൽപ്പെടുന്നതാണ്.

വകുപ്പ് 14(1) വ്യവസ്ഥ ചെയ്യുന്നത് ഇങ്ങനെയാണ് - Where anybody or authority is substantially financed by grants or loans from the Consolidated Fund of India or of any State or of any Union territory having a Legislative Assembly, the Comptroller and Auditor-General SHALL, subject to the provisions of any law for the time being in, force applicable to the body or authority, as the case may be, audit ALL receipts and expenditure of that body or authority and to report on the receipts and expenditure audited by him.

ഈ വകുപ്പിൽ പ്രതിപാദിക്കുന്ന Substantially Financed എന്നത് നിയമത്തിൽ തന്നെ വിശദീകരിക്കുന്നുണ്ട്. Substantially Financed എന്നതിന്റെ അർത്ഥം ഒരു സാമ്പത്തിക വർഷത്തിൽ 25 ലക്ഷത്തിൽ കുറയാതെ ഗ്രാന്റോ ലോണോ ലഭിക്കുകയും ഗ്രാന്റിന്റെയോ ലോണിന്റെയോ തുക സ്ഥാപനത്തിന്റെ മൊത്തം ചെലവിന്റെ 75 ശതമാനത്തിൽ കുറയാത്തതും എന്നതാണ്). കിഫ്ബിയുടെ വരുമാനം മോട്ടോർ വാഹന നികുതിയും പെട്രോൾ സെസ് വഴിയും സംസ്ഥാന സർക്കാർ നൽകുന്നതാണല്ലോ. അതുകൊണ്ട് കിഫ്ബി സി ആൻറ് എ.ജി ഓഡിറ്റിന്റെ പരിധിയിൽ വരുന്ന സ്ഥാപനമാണ്. അത് ഈ ആക്ടിന്റെ 14(1) പ്രകാരമാണ്.

വകുപ്പ് (19), (20) അനുസരിച്ച് കിഫ്ബിയെ ഓഡിറ്റ് ചെയ്യാൻ അനുവദിക്കാത്തത് എന്തുകൊണ്ട്? വകുപ്പ് (19) സർക്കാർ കമ്പനികളുടെയും കോർപ്പറേഷനകളുടെയും ഓഡിറ്റ് സംബന്ധമായ കാര്യങ്ങളാണ് വ്യവസ്ഥ ചെയ്യുന്നത്. കിഫ്ബി കമ്പനിയല്ല. അതായത് കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനമല്ല. മറിച്ച്, നിയമസഭ പാസ്സാക്കിയ ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയാണ്. കിഫ്ബി പോലുള്ള സ്ഥാപനങ്ങളുടെ ഓഡിറ്റ് സംബന്ധിച്ച് 19(2) ലാണ് മറ്റൊരു വ്യവസ്ഥയുള്ളത്.

The duties and powers of the Comptroller and Auditor-General in relation to the audit of the accounts of corporations (not being companies) established by or under law made by Parliament shall be performed and exercised by him in accordance with the provisions of the respective legislations. എന്നു പറഞ്ഞാൽ അതിന്റെ അർത്ഥമെന്താണ്? ഏത് നിയമപ്രകാരമാണോ ആ സ്ഥാപനം രൂപീകൃതമായത്. ആ നിയമത്തിൽ എന്ത് പറയുന്നുവോ അതു പ്രകാരം ഓഡിറ്റ് ചെയ്യണമെന്നാണ് വ്യവസ്ഥ.

ഇവിടെ പ്രസക്തമായ ഒരു രേഖയുണ്ട്. അത് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2006 മാർച്ച് 24 ന് കിഫ്ബി അക്കൗണ്ടന്റ് ജനറലിന് അയച്ച കത്താണ്. കിഫ് ഫണ്ട് സ്‌കീമിലെ വ്യവസ്ഥ പ്രകാരം വാർഷിക കണക്കുകൾ ഓഡിറ്റ് ചെയ്ത് അതിന്റെ റിപ്പോർട്ട് അടക്കം ധനസെക്രട്ടറിക്കും അക്കൗണ്ടന്റ് ജനറലിനും കമന്റിനായി അയച്ചുകൊടുക്കണം. ഇങ്ങനെ അയച്ചുകൊടുത്ത കണക്കിന്മേലുള്ള കമന്റ് കിട്ടാതായപ്പോൾ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2005 സെപ്തംബർ 5 ന് അത് ആവശ്യപ്പെട്ട്​ ഒരു കത്ത് അയക്കുന്നു. കിട്ടാതായപ്പോൾ അടുത്ത മാസം ഒരു ഓർമക്കുറിപ്പും അയച്ചു.

ഇതിനോട് 2006 ജനുവരി 7 ന് അക്കൗണ്ടന്റ് ജനറൽ കിഫ്ബി ഫണ്ട് മാനേജർക്ക് ഒരു മറുപടി അയച്ചിട്ടുണ്ട്. അത് ആവശ്യപ്പെടുന്നത് വകുപ്പ് (19) പ്രകാരം ഞങ്ങളെ ഓഡിറ്റർമായി വച്ചുകൊണ്ട് നിങ്ങൾ ഒരു പ്രൊപ്പോസൽ നൽകണമെന്നാണ് അഭ്യർത്ഥിച്ചു. ഈ നിർദ്ദേശത്തോട് അന്നത്തെ കിഫ്ബി ഫണ്ട് മാനേജർ പ്രതികരിച്ച് എങ്ങനെയെന്ന് അറിയാമോ? Entrusting Audit of the Boards Account with the C&AG does not arise at this stage..

കിഫ്ബിയുടെ ഓഡിറ്റ് സി ആൻറ് എ.ജിയെ ഏൽപ്പിക്കുന്ന വിഷയം ഇപ്പോൾ ഉദിക്കുന്നേയില്ല എന്നാണ് മലയാളം.

ഇതായിരുന്നു യു.ഡി.എഫ്​ നിലപാട്.

ഇപ്പോൾ കളം മാറ്റിച്ചവിട്ടി വകുപ്പ് 20(2) പ്രകാരം ഓഡിറ്റ് ഏൽപ്പിച്ചില്ലായെന്ന്​പറഞ്ഞാണല്ലോ ബഹളം നടന്നത്. വകുപ്പ് (20) കിഫ്ബിക്ക് ബാധകമായ വ്യവസ്ഥയേ അല്ല. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. വകുപ്പ് (13) സർക്കാരുകളുടെ ഓഡിറ്റ് സംബന്ധിച്ചാണ് പരാമർശിക്കുന്നത്. വകുപ്പ് (14) ഗണ്യമായി സർക്കാരിൽ നിന്ന്​ സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങളുടെ ഓഡിറ്റ് സംബന്ധിച്ചാണ് വ്യവസ്ഥ. വകുപ്പ് (19) കമ്പനികൾ അല്ലെങ്കിൽ സ്റ്റാറ്റ്യൂട്ടറി ബോഡികളുടെ ഓഡിറ്റ് സംബന്ധിച്ചാണ്. വകുപ്പ് (20) ന്റെ തലക്കെട്ട് എന്താണെന്ന് അറിയാമോ? Audit of accounts of certain authorities or bodies. എന്നു പറഞ്ഞാൽ മേൽവ്യവസ്ഥകൾ പ്രകാരമൊന്നും സി ആൻറ് എ.ജി ഓഡിറ്റിനു വിധേയമല്ലാത്ത സ്ഥാപനങ്ങൾക്കുള്ള വ്യവസ്ഥയാണ് ഈ വകുപ്പിലുള്ളത്. കിഫ്ബി ഗണ്യമായി സംസ്ഥാന സഹായം കിട്ടുന്ന വകുപ്പിൽ സമഗ്രമായ സി ആൻറ് എ.ജി ഓഡിറ്റിനു വിധേയമാണ്. എല്ലാ വരവു - ചെലവു കണക്കുകളും ഓഡിറ്റ് ചെയ്യാമെന്നതാണ് വ്യവസ്ഥ.

മസാല ബോണ്ടിന്​ സർക്കാർ അനുമതിയുണ്ട്​

വിദേശ വാണിജ്യ വായ്പ ഇന്ത്യൻ രൂപയിൽ ലഭിക്കുന്നതാണ് മസാല ബോണ്ട് എന്നറിയപ്പെടുന്നത്. കടപ്പത്രം ഇറക്കുന്ന കിഫ്ബി പോലുള്ള ഏജൻസിക്ക് വിനിമയ നിരക്കിൽ വരുന്ന അപകട സാധ്യത വഹിക്കേണ്ടി വരില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. കിഫ്ബി നിയമത്തിന്റെ വകുപ്പ് (8) പ്രകാരം ഏത് വായ്പ എടുക്കണമെങ്കിലും സർക്കാരിന്റെ മുൻകൂർ അനുമതി അനിവാര്യമാണ്. മസാല ബോണ്ടിനു മുന്നോടിയായിട്ടും സർക്കാർ ഉത്തരവ് പ്രകാരം അനുമതി നൽകിയിട്ടുണ്ട്. ആർ.ബി.ഐയുടെ വിദേശ വായ്പ സംബന്ധിച്ച വിശദമായ മാസ്റ്റർ സർക്കുലറുണ്ട്. ഇതു കാലാകാലങ്ങളിൽ പരിഷ്‌കരിച്ച് പുറത്ത് ഇറക്കുന്നതാണ്. ഈ സർക്കുലറിന്റെ ഖണ്ഡിക 3.3.2 ൽ ആർക്കൊക്കെ മസാല ബോണ്ട് സമാഹരിക്കാമെന്നു നിഷ്‌കർഷിച്ചിട്ടുണ്ട് - Any Corporate or Body Corporate is eligible to issue such bonds എന്നതാണ് ആ വ്യവസ്ഥ. കിഫ്ബി ഒരു ബോഡി കോർപ്പറേറ്റാണ്.

ലണ്ടൻ എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ മസാല ബോണ്ടുകൾ പൊതുവിപണിയിൽ ഇറക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കും2016 ആഗസ്റ്റ് 31 ന് വിദേശകാര്യ മന്ത്രാലയം മസാല ബോണ്ട് സംബന്ധിച്ച ഇഷ്യൂ ബ്രീഫ് പുറത്തിറക്കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ പോളിസി പ്ലാനിംഗ് ആന്റ് റിസർച്ച് ഡിവിഷനാണ് ഇത് പുറത്തിറക്കിയിട്ടുള്ളത്. ഇതിന്റെ മൂന്നാമത്തെ ഖണ്ഡികയിലും ഇതേ കാര്യം ആവർത്തിക്കുന്നുണ്ട്. കിഫ്ബിക്ക് മസാല ബോണ്ടിലൂടെ പണം സമാഹരിക്കാനാവില്ലായെന്ന വാദത്തിന് ആർ.ബി.ഐയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഈ രേഖകൾ മറുപടി നൽകും.

റിസർവ്വ് ബാങ്കിന്റെ സർക്കുലർ പ്രകാരം ഇതിനുള്ള അപേക്ഷകൾ ഓതറൈസ്ഡ് ഡീലർ (എഡി) ബാങ്ക് മുഖാന്തിരം ആർ.ബി.ഐയ്ക്ക് അയക്കണം. ആർ.ബി.ഐയുടെ ഫോറിൻ എക്‌സ്‌ചേഞ്ച് ഡിപ്പാർട്ട്‌മെന്റ് ഇതുസംബന്ധമായ പരിശോധന നടത്തി അനുവാദം നൽകും. ഇതുപ്രകാരം കിഫ്ബി അവരുടെ എഡി ബാങ്കായി ടെണ്ടർ മുഖാന്തിരം ആക്‌സിസ് ബാങ്കിനെ തെരഞ്ഞെടുത്തു. ആക്‌സിസ് ബാങ്ക് മുഖാന്തിരം മസാല ബോണ്ടുവഴി ധനം സമാഹരിക്കുന്നതിനുള്ള അപേക്ഷ നിശ്ചിത അപേക്ഷ ഫോറത്തിൽ ആർബിഐയ്ക്ക് സമർപ്പിച്ചു.

ഈ അപേക്ഷ പ്രകാരം 2018 ജൂൺ 1 ന് ആർ.ബി.ഐയുടെ CO.FED.ECBD9931/03.02117/2017-18 നമ്പർ കത്ത് പ്രകാരം കിഫ്ബിക്ക് 2672.8 കോടി രൂപയ്ക്കു വരെയുള്ള മസാല ബോണ്ട് ഇഷ്യൂ ചെയ്യുന്നതിന് ഫോറിൻ എക്‌സ്‌ചേഞ്ച് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം അംഗീകാരം നൽകി. ഇതിനെ തുടർന്ന് 2019 മാർച്ച് 22 ന് ലോൺ രജിസ്‌ട്രേഷൻ നമ്പറും ആർ.ബി.ഐ അനുവദിച്ചു നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് മസാല ബോണ്ട് ഇഷ്യൂ ചെയ്തതും ധനസമാഹരണം നടത്തിയതും. പ്രൈവറ്റ് ഇഷ്യൂ ആണോ പബ്ലിക് ഇഷ്യൂ ആണോ എന്നതൊക്കെ പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ മാത്രാണ്.

ഏതെങ്കിലും ഒരു പ്രത്യേക നിക്ഷേപകനുവേണ്ടി ബോണ്ട് ഇഷ്യൂ ചെയ്യുമ്പോഴാണ് അത് പ്രൈവറ്റ് ഇഷ്യൂ എന്നു പറയുന്നത്. അതായത് ഒരാളുടെ കൈയ്യിൽ നിന്നോ ഒരു കമ്പനിയിൽ നിന്നോ ധനസമാഹരണത്തിന് പ്രത്യേക ബോണ്ട് ഇറക്കുന്നതിനെയാണ് പ്രൈവറ്റ് ഇഷ്യൂ എന്നു പറയുന്നത്. ആർബിഐയുടെ കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്ന ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകരിൽ ആർക്കുവേണെങ്കിലും നമ്മുടെ ബോണ്ടുകൾ വാങ്ങാവുന്ന തരത്തിലാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്.

നമ്മുടെ മസാല ബോണ്ടിൽ നല്ല പങ്കും വാങ്ങിയത് സി.ഡി.പി.ക്യു എന്ന കനേഡിയൻ കമ്പനിയാണെന്നത് പലപ്പോഴും ആക്ഷേപമായി ഉയർന്നു വരാറുണ്ട്. സി.ഡി.പി.ക്യു എന്നത് ലോകത്തെ തന്നെ ഏറ്റവും വലിയ പെൻഷൻ ഫണ്ടുകളിൽ ഒന്നാണ്. മറ്റു നിക്ഷേപകരെപ്പോലെ അവർ വരുന്നു, നമ്മുടെ ബോണ്ടുകൾ വാങ്ങുന്നു. ആ ബോണ്ടുകൾ സി.ഡി.പി.ക്യുവിനു വേണ്ടിയുള്ള പ്രൈവറ്റ് ഇഷ്യു ആയിരുന്നില്ല.

മസാല ബോണ്ടിന്റെ പലിശ നിരക്ക് സംബന്ധിച്ചിട്ടുള്ളതാണ് മറ്റൊരു ചർച്ച. ആഭ്യന്തരവിപണിയിൽ നിന്ന് ഇതിലും കുറഞ്ഞ നിരക്കിൽ പണം ലഭിക്കുമെന്നായിരുന്നു ഒരു വിമർശനം. കിഫ്ബിയും ആഭ്യന്തരവിപണിയിലെ സാധ്യതകൾ അന്വേഷിച്ചിരുന്നു. കിഫ്ബി ടെൻഡർ ചെയ്തപ്പോൾ കിട്ടിയത് 10.15 ശതമാനം എന്ന നിരക്കാണ്. ആന്ധ്രപ്രദേശ് കാപ്പിറ്റൽ റീജിയൺ ഡെവലപ്മെന്റ് അഥോറിറ്റി ശ്രമിച്ചപ്പോൾ കിട്ടിയത് 10.72 ശതമാനമാണ്. അതേസമയം കിഫ്ബി മസാലബോണ്ട് വഴി പണം സമാഹരിച്ചത് 9.723 ശതമാനത്തിന് മാത്രമാണ്.

അപ്പോഴുയരുന്ന മറ്റൊരു ചോദ്യം അതേകാലത്ത് മറ്റ് പലസ്ഥാപനങ്ങളും ഇതിലും കുറഞ്ഞ പലിശയ്ക്ക് ബോണ്ടി ഇറക്കിയിട്ടുണ്ടല്ലോ എന്നതാണ്. അതും വസ്തുതകൾ അറിയാതെയുള്ള വിമർശമാണ്. കുറഞ്ഞ പലിശ എന്നു പറയുന്നത് യുഎസ് ഡോളറിൽ ഇറക്കുന്ന ബോണ്ടിനാണ്. വിദേശധനകാര്യവിപണികളിൽ ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കി ധനസമാഹരണത്തിന് വേണ്ടി ഇന്ത്യയിലെ സ്ഥാപനങ്ങൾക്ക് ഇറക്കാൻ കഴിയുന്ന ബോണ്ടാണ് മസാലബോണ്ട്. റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള ബോണ്ടാണിത്.

കിഫ്ബി ഇറക്കിയത് ഈ മസാല ബോണ്ടാണ്. യുഎസ് ഡോളറിലെ ബോണ്ട് ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കിയുളള മസാലബോണ്ടിലേക്ക് പരിവർത്തനപ്പെടുത്തിയിട്ട് വേണം നിരക്ക് താരതമ്യം ചെയ്യാൻ. അല്ലെങ്കിൽ ആപ്പിളിനെയും ഓറഞ്ചിനെയും തമ്മിൽ താരതമ്യം ചെയ്യുന്നതു പോലെയാകും. നമുക്ക് ആപ്പിളിനെ ആപ്പിളിനോടാണ് താരതമ്യം ചെയ്യേണ്ടത്.

കിഫ്ബിയുടെ ആ സമയത്തെ റേറ്റിങ് ആയ ബിബിയ്ക്ക് സമാനമായ ബിബി ബാൻഡിൽ റേറ്റിങ് വരുന്ന സ്ഥാപനങ്ങളായ ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ജിഎംആർ ഹൈദരാബാദ് ഇന്റർനാഷനൽ എയർപോർട്ട്, ജുബിലന്റ് ഫാർമ, റിന്യൂ പവർ എന്നിവ യുഎസ് ഡോളറിൽ ഇറക്കിയ ബോണ്ടുകളുടെ നിരക്കുകൾ യഥാക്രമം 5.95, 5.375, 6.00, 6.67 എന്നിങ്ങനെയാണ്. കിഫ്ബിയുടെ മസാല ബോണ്ട് നിരക്കായ 9.723 ശതമാനം എന്നത് ഡോളറിലേക്ക് പരിവർത്തന പെടുത്തുമ്പോഴാകട്ടെ കിട്ടുന്നത് 4.68 ശതമാനം മാത്രം.

ഏതുതരത്തിൽ നോക്കിയാലും അന്നുകിട്ടാവുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് കിഫ്ബിക്ക് വിദേശധനകാര്യവിപണിയിൽ നിന്ന് പണം കിട്ടിയത് എന്നു ചുരുക്കം. ഇങ്ങനെ മസാലബോണ്ട് വഴി സമാഹരിച്ച 2150 കോടിയിയുടെ 90 ശതമാനവും വിനിയോഗിച്ചുകഴിഞ്ഞു. ഈ വിനിയോഗവിവര കണക്കുകൾ റിസർവ് ബാങ്കിനെ എല്ലാ മാസവും (FORM ECB 2 FILING) അറിയിക്കുന്നുമുണ്ട്. ഏതു പ്രോജക്ടിനാണ് മസാല ബോണ്ടിലെ തുക ഉപയോഗിച്ചിരിക്കുന്നത്, അത് എത്രയാണ്, അതിന്റെ ബിൽ വിവരങ്ങൾ, എത്ര ബാക്കിയുണ്ട്, അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നിവയെല്ലാമടങ്ങിയ സമഗ്രമായ രേഖയാണ് ഫോം ഇസിബി 2.

1999ൽ 13.25 ശതമാനത്തിനും 2002ൽ 10.5 ശതമാനത്തിനും 2003ൽ 11 ശതമാനത്തിനുമാണ് കിഫ്ബി വായ്പയെടുത്തത്. സാധാരണ വർത്തമാനത്തിൽ ഉയർന്നുവന്ന മറ്റൊരു താരതമ്യമാണ് കൊച്ചി മെട്രോയ്ക്ക് എടുത്ത വിദേശ വായ്പയുടെ പലിശ സംബന്ധിച്ച താരതമ്യം. അത് ഡോളർ നിരക്കിലുള്ള വായ്പയായിരുന്നു. അതിന്റെ പലിശ കണക്കാക്കുന്ന രീതി തികച്ചും വ്യത്യസ്തമാണ്. അതാണ് നേരത്തെ ചൂണ്ടിക്കാണിച്ചത്. എന്നാൽ കൊച്ചി മെട്രോക്കു തന്നെ കാനറാ ബാങ്കിൽ നിന്നും രൂപ അടിസ്ഥാനത്തിൽ വായ്പയെടുത്തിരുന്നു. അതിനു കൊടുത്ത പലിശ 10.56 ശതമാനമായിരുന്നു. എറണാകുളം ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്ത വായ്പയ്ക്ക് 9.6 ശതമാനമായിരുന്നു പലിശ.

നാം മസാല ബോണ്ട് സമാഹരിക്കുന്ന സമയത്ത് ആന്ധ്രപ്രദേശ് കാപ്പിറ്റൽ റീജിയൺ ഡെവലപ്പ്‌മെന്റ് അതോറിറ്റി 10.34 ശതമാനത്തിനാണ് ആഭ്യന്തര ബോണ്ടു വഴി സമാഹരിച്ചത്. കിഫ്ബിയും ആ സമയത്ത് ഈ സാധ്യത പരിശോധിച്ചിരുന്നു. അന്ന് നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട നിരക്കുകൾ 10.20, 10.25 എന്നിങ്ങനെയായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോൾ അന്നത്തെ ഏറ്റവും ലാഭകരമായ രീതിയിലാണ് നാം ധനസമാഹരണം നടത്തിയത്.


ഡോ. ടി.എം. തോമസ്​ ഐസക്​

സംസ്ഥാന മുൻ ധനകാര്യമന്ത്രി, സാമ്പത്തിക വിദഗ്ധൻ. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം. സാമ്പത്തിക ബന്ധങ്ങൾ: കേന്ദ്രവും കേരളവും, ജനകീയാസൂത്രണത്തിന്റെ രാഷ്ട്രീയം, കേരളം: മണ്ണും മനുഷ്യനും, ആഗോള പ്രതിസന്ധിയും ആഗോളവൽക്കരണവും, ലോക്കൽ ഡെമോക്രസി ആൻഡ് ഡെവലപ്‌മെൻറ്​: ദ കേരള പീപ്പിൾസ് കാമ്പയിൻ ഫോർ ഡി സെൻട്രലൈസ്ഡ് പ്ലാനിംഗ് (റിച്ചാർഡ് ഫ്രാങ്കിയോടൊപ്പം) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments