സർക്കാരിനെതിരെ ഗൂഢാലോചന നടത്താനുള്ള സ്ഥാപനമല്ല സി.എ.ജി

സംസ്ഥാനത്ത് ആരംഭിക്കുന്നതോ ആരംഭിച്ചുകഴിഞ്ഞതോ ആയ 50,000ഓളം കോടി രൂപയുടെ നിർമാണ പ്രവൃത്തികളെ ഏകപക്ഷീയമായി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അസാധാരണമായ നീക്കങ്ങളാണ് എജി ഓഫീസ് കേന്ദ്രീകരിച്ച് ഉണ്ടായിട്ടുള്ളത്. വളയമില്ലാത്ത ഈ ചാട്ടം ഏത് യജമാനനെ പ്രീണിപ്പിക്കാനായാലും വകവെച്ചു തരില്ല- കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, സി.എ.ജിയുടെ നടപടികൾ തുറന്നുകാട്ടുകയാണ് സംസ്ഥാന ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്

ളരെ അസാധാരണമായ സാഹചര്യമാണ് സി.എ.ജിയുടെ നടപടി മൂലം സംസ്ഥാനത്ത് സംജാതമായിട്ടുള്ളത്. സംസ്ഥാനത്ത് ആരംഭിക്കുന്നതോ ആരംഭിച്ചുകഴിഞ്ഞതോ ആയ 50,000ഓളം കോടി രൂപയുടെ നിർമാണ പ്രവൃത്തികളെ ഏകപക്ഷീയമായി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇങ്ങനെയൊരു സ്ഥിതി മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.

മസാല ബോണ്ടിറക്കാൻ സംസ്ഥാന സർക്കാരിന് ആർ.ബി.ഐ നൽകിയ അനുവാദം ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നാണ് സി.എ.ജി നിലപാട്. ഈയൊരു പരാമർശത്തോടെ ഒരു കാര്യം വ്യക്തമാവുകയാണ്. മസാല ബോണ്ടിന് ആർ.ബി.ഐ അംഗീകാരം നൽകിയിരുന്നു. അക്കാര്യം സി.എ.ജി സാധൂകരിക്കുന്നുണ്ട്. അതിന് സി.എ.ജിയോട് നന്ദിയുണ്ട്.

സി.എ.ജി നടപടി ദുരുപദിഷ്ടം

നടപടിക്രമം പാലിക്കാതെ തയ്യാറാക്കിയ സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങളുടെ നിയമസാധുത സർക്കാർ പരിശോധിക്കും. കരട് റിപ്പോർട്ടിലില്ലാത്ത പുതിയ നിഗമനങ്ങൾ അന്തിമ റിപ്പോർട്ടിൽ കടന്നുകൂടിയത് അംഗീകരിക്കാനാവില്ല. സി.എ.ജിയുടെ നടപടി ദുരുപദിഷ്ടമാണ്. അത്തരത്തിൽ നിഗമനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാൻ ഒരു അധികാരവും സി.എ.ജിക്കില്ല.

സർക്കാരുമായി ചർച്ച ചെയ്യാത്ത ഓഡിറ്റ് നിഗമനങ്ങൾ നിയമസഭയുടെ മേശപ്പുറത്തു വെയ്ക്കണമെന്നും നിയമസഭാ അംഗങ്ങൾ ചർച്ച ചെയ്യണമെന്നും സി.എ.ജിക്ക് ആജ്ഞാപിക്കാനാവില്ല. ഇതും സഭയുടെ അവകാശലംഘനമാണ്.

മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് രേഖപ്പെടുത്തുമെന്ന കാര്യം കരട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പേ സി.എ.ജി ധനവകുപ്പിനെ അറിയിച്ചിരുന്നു എന്ന വാദം ഇന്നലെ ഒരു പത്രത്തിൽ കണ്ടു. ശുദ്ധ കളവാണത്. എങ്ങനെ അറിയിച്ചുവെന്നാണ് പറയുന്നത്? ഫോണിലോ, വാട്‌സാപ്പിലോ, അതോ ഫേസ് ബുക്ക് മെസഞ്ചറിലോ? ഇങ്ങനെയൊരു കാര്യം കത്തു മുഖേനെയോ മറ്റേതെങ്കിലും രീതിയിലോ ധനവകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എക്‌സിറ്റ് മീറ്റിംഗിൽ ചർച്ച ചെയ്തിട്ടില്ല.

കരടു റിപ്പോർട്ടിൽ കിഫ്ബിയെക്കുറിച്ച് രണ്ട് പാരഗ്രാഫ് മാത്രമാണ് ഉണ്ടായിരുന്നത്. അതാകട്ടെ ഓഫ് ബജറ്റ് ബോറോയിംഗിനെക്കുറിച്ചും. ഇപ്പോൾ അന്തിമ റിപ്പോർട്ടിൽ കിഫ്ബിയെക്കുറിച്ചുള്ള നാലു പേജുകളിൽ മേൽപ്പറഞ്ഞ രണ്ടു പാരഗ്രാഫ് ഒഴികെ ബാക്കിയെല്ലാം പുതുതായി ഉൾപ്പെടുത്തിയതാണ്. ഈ പുതിയ പാരഗ്രാഫുകളിലാണ്, മസാല ബോണ്ടു മാത്രമല്ല, കിഫ്ബിയുടെ എല്ലാ വായ്പകളും ഭരണഘടനാ വിരുദ്ധമാണ് എന്ന നിഗമനമുള്ളത്.

അസാധാരണ നീക്കങ്ങൾ

പത്രത്തിൽ വന്ന മേൽപ്പറഞ്ഞ വാർത്തക്കു പുറമെ, ഇന്നലെ പല ചാനലുകളിലും ഇതു സംബന്ധിച്ച ചോദ്യം ഉയർന്നിരുന്നു. ഈ വ്യാജവാർത്തയുടെ ഉറവിടം സി ആൻഡ് എജിയുടെ ഓഫീസാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നലെ ഒരു ചാനൽ അഭിമുഖത്തിൽ മാധ്യമപ്രവർത്തകൻ ആനുഷംഗികമായി ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. അസാധാരണമായ നീക്കങ്ങളാണ് എജി ഓഫീസ് കേന്ദ്രീകരിച്ച് ഉണ്ടായിട്ടുള്ളത്.

16ാം തീയതി മാധ്യമങ്ങൾക്കു കിട്ടിയ പത്രക്കുറിപ്പിലെ തീയതി നവംബർ പതിനൊന്ന് എന്നായത് പലരും ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. കിഫ്ബിയിലെ ഓഡിറ്റ് പരിശോധന സംബന്ധിച്ച് സി.എ.ജി എഴുതിയ കത്തുകൾ ചോർന്നത് നിയമസഭയിലും ചർച്ചയായിട്ടുണ്ട്. ഈയൊരു സ്ഥിതിവിശേഷം അത്യന്തം ദൗർഭാഗ്യകരമാണ്. സംസ്ഥാന സർക്കാരിനെതിരെ ഗൂഢാലോചന നടത്താനുള്ള സ്ഥാപനമല്ല സി.എ.ജി. ഓഡിറ്റ് നിയമങ്ങൾക്കും ഭരണഘടനയ്ക്കും വിധേയമായാണ് സി.എ.ജി പ്രവർത്തിക്കേണ്ടത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന സ്ഥാപനമായി ഒരു ഭരണഘടനാപദവി തരംതാഴാൻ പാടില്ല.

സി ആൻഡ് എജിയുടെ റിപ്പോർട്ട് ഗവർണർ വഴി നിയമസഭക്ക് സമർപ്പിച്ച ശേഷമേ പൊതുമണ്ഡലത്തിൽ പ്രസിദ്ധീകരിക്കാവൂ എന്ന വ്യവസ്ഥയുണ്ട്. സ്പീക്കറുടെ റൂളിംഗുമുണ്ട്. പക്ഷേ, അതിനർത്ഥം സി ആൻഡ് എജി റിപ്പോർട്ട് ധനസെക്രട്ടറിയോ ധനമന്ത്രിയോ ഒന്നും കാണാൻ പാടില്ല എന്നല്ല. അത്തരമൊരു സീക്രസി വ്യവസ്ഥയൊന്നുമില്ല. അതുകൊണ്ട് ഫിനാൻസ് സെക്രട്ടറിയെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്.

അദ്ദേഹം ഇത് കരട് റിപ്പോർട്ടാണെന്നും പ്രസ്താവിച്ചിട്ടില്ല. എന്നാൽ കരട് റിപ്പോർട്ടിൽ ഇല്ലാത്തതും ഇതിനു മുമ്പ് സർക്കാരിന്റെ പ്രതികരണം തേടാത്തതുമായ സുദീർഘമായ വിശദീകരണം കണ്ടപ്പോൾ അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടായി എന്നതാണ് വാസ്തവം. കരടായാലും അന്തിമമായാലും ഞങ്ങളുടെ നിലപാടിന് മാറ്റമില്ല.

ഏത് യജമാനനെയാണ് പ്രീണിപ്പിക്കുന്നത്?

കാര്യങ്ങൾ വ്യക്തമാണ്. മസാല ബോണ്ട് വഴി കിഫ്ബി നിക്ഷേപം സ്വീകരിച്ചത് രഹസ്യമായോ തന്നിഷ്ടത്തിനോ അല്ല. ഈ അപേക്ഷ പ്രകാരം 2018 ജൂൺ 1 ന് ആർ.ബി.ഐയുടെ CO.FED.ECBD9931/03.02117/2017-18 നമ്പർ കത്ത് പ്രകാരം കിഫ്ബിക്ക് 2672.8 കോടി രൂപയ്ക്കു വരെയുള്ള മസാല ബോണ്ട് ഇഷ്യൂ ചെയ്യുന്നതിന് ഫോറിൻ എക്‌സ്‌ചേഞ്ച് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം അംഗീകാരം നൽകി.

ഇതിനെ തുടർന്ന് 2019 മാർച്ച് 22 ന് ലോൺ രജിസ്‌ട്രേഷൻ നമ്പറും ആർ.ബി.ഐ അനുവദിച്ചു നൽകി. വ്യവസ്ഥകളും നിയമങ്ങളും ചട്ടങ്ങളും പാലിച്ചു തന്നെയാണ് കിഫ്ബി നീങ്ങിയത്. അതിനിപ്പോൾ റിസർവ് ബാങ്കിനെയും കുറ്റപ്പെടുത്തുകയാണ് സി.എ.ജി. അതിനുള്ള എന്തെങ്കിലും അധികാരം സി.എ.ജിയ്ക്കുണ്ടോ? വളയമില്ലാത്ത ഈ ചാട്ടം ഏത് യജമാനനെ പ്രീണിപ്പിക്കാനായാലും വകവെച്ചു തരില്ല.

വികസനം എന്ന കേരളത്തിലെ ജനങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് ഈ സർക്കാർ ശ്രമിച്ചത്. നിയമസഭയിൽ ചർച്ച ചെയ്ത് നിയമം പാസാക്കി. ഏകകണ്ഠമായാണ് നിയമം സഭ അംഗീകരിച്ചത്. ലോണെടുക്കാൻ രാജ്യത്ത് നിലവിലുള്ള നിയമങ്ങളും മാർഗങ്ങളും വ്യവസ്ഥകളും സ്വീകരിച്ചു. എല്ലാം സുതാര്യമായിരുന്നു. കേരളത്തിലെ ജനങ്ങളുടെ അവകാശമാണ് സർക്കാരിന് മുഖ്യം. അവരോടാണ് സർക്കാരിന് ബാധ്യത. ആ അവകാശം ഹനിക്കുക എന്ന അസാധാരണമായ ലക്ഷ്യത്തോടെയാണ് സി.എ.ജി പെരുമാറുന്നത്.

സ്വാഭാവികമായും അക്കാര്യം ജനങ്ങളോടുതന്നെ തുറന്നു പറയേണ്ടി വരും. കാരണം, ജനങ്ങളാണ് പരമാധികാരികൾ. അവരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അവർക്കിടയിലാണ് ചർച്ച നടക്കേണ്ടത്.
പ്രതിപക്ഷം എനിക്കെതിരെ നൽകിയിട്ടുള്ള അവകാശലംഘനം സംബന്ധിച്ച് ബഹുമാനപ്പെട്ട സ്പീക്കറുടെ കത്ത് ഇന്നെനിക്ക് ലഭിച്ചു. അതിന് വിശദമായ മറുപടി എത്രയും വേഗം സ്പീക്കർക്കു നൽകും. സി.എ.ജിയുടെ റിപ്പോർട്ട് തയ്യാറാക്കിയതിലെ ക്രമവിരുദ്ധത നിശ്ചയമായും ചൂണ്ടിക്കാണിക്കും. കേരള സംസ്ഥാനത്തിന്റെ അവകാശങ്ങളും ജനങ്ങളുടെ വികസനതാൽപര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരസ്യപ്രസ്താവന നടത്തിയത് എന്ന് വിശദീകരിക്കും.


കിഫ്ബി, മസാലബോണ്ട്, സി ആന്റ് എ.ജി: വിവാദങ്ങൾക്ക് മന്ത്രി ഡോ. തോമസ് ഐസക്കിന്റെ മറുപടി


ഡോ. ടി.എം. തോമസ്​ ഐസക്​

സംസ്ഥാന മുൻ ധനകാര്യമന്ത്രി, സാമ്പത്തിക വിദഗ്ധൻ. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം. സാമ്പത്തിക ബന്ധങ്ങൾ: കേന്ദ്രവും കേരളവും, ജനകീയാസൂത്രണത്തിന്റെ രാഷ്ട്രീയം, കേരളം: മണ്ണും മനുഷ്യനും, ആഗോള പ്രതിസന്ധിയും ആഗോളവൽക്കരണവും, ലോക്കൽ ഡെമോക്രസി ആൻഡ് ഡെവലപ്‌മെൻറ്​: ദ കേരള പീപ്പിൾസ് കാമ്പയിൻ ഫോർ ഡി സെൻട്രലൈസ്ഡ് പ്ലാനിംഗ് (റിച്ചാർഡ് ഫ്രാങ്കിയോടൊപ്പം) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments