മഹാരാജാസിലെ ജെൻഡർ സൗഹാർദ ശുചിമുറിയും
സോഷ്യൽ മീഡിയ ആശങ്കകളും

‘‘ഒരു നോൺ ബൈനറി വ്യക്തിയെന്ന നിലയ്ക്ക് ശുചിമുറികളുമായുള്ള എന്റെ അടുപ്പവും അത്ര സുഖകരമല്ല. ആൺകുട്ടികൾക്കായുള്ള തുറന്ന മൂത്രപ്പുരകളിൽ എന്റെ ശരീരം ഒരിക്കലും പാകമായില്ല. കോളേജ് കാലം വരെയും ഞാൻ മൂത്രപ്പുരകൾ ഉപയോഗിച്ചിട്ടില്ല. രാവിലെ ക്ലാസിലെത്തി വൈകീട്ടുവരെയുള്ള മൂത്രം പിടിച്ചുവെയ്ക്കാനുള്ള ശേഷി എന്റെ മൂത്രസഞ്ചിയ്ക്കുണ്ടായിരുന്നു’’- ആദി എഴുതുന്നു.

ആദി⠀

റണാകുളം മഹാരാജാസ് കോളേജിലെ ജൻഡർ സൗഹാർദ ശുചിമുറികൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കാലങ്ങളിലായി ശക്തമാകുന്ന ക്വിയർ വിരുദ്ധ വ്യവഹാരങ്ങൾക്ക് എളുപ്പം വഴിതെറ്റിക്കാൻ പറ്റുന്ന ചർച്ചാന്തരീക്ഷമാണിത്. മഹാരാജാസിനെ ചുറ്റിപ്പറ്റി സജീവമാകുന്ന ജെൻഡർ സൗഹാർദ്ദ ശുചിമുറിചർച്ചയെ വംശീയതയുടെയും ട്രാൻസ് വിരുദ്ധതയുടെയും വിശാലമായ ചരിത്രത്തിനകത്ത് നിർത്തി വിശദീകരിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.

ക്വിയർ വിരുദ്ധതയുടെ
പുതിയ കുപ്പി- പഴയ വീഞ്ഞ്

ആദ്യകാലങ്ങളിലെ ചിതറിയതും ഒറ്റപ്പെട്ടതുമായ പ്രവർത്തനങ്ങളിൽ നിന്ന് വ്യതിചലിച്ച് ഒരു ഏകീകരണം ഇക്കാലങ്ങളിലായി ക്വിയർ വിരുദ്ധ പ്രസ്ഥാനങ്ങൾക്ക് കൈവരിക്കാനായിട്ടുണ്ട്. ഏറെക്കുറെ സംഘടിതമായ ഒരു സ്വഭാവം സ്വീകരിച്ചാണ് കേരളത്തിലെ ‘പുതിയ’ ക്വിയർ വിരുദ്ധ പ്രസ്ഥാനങ്ങൾ ഉയർന്നുവരുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തീർച്ചയായും ഇത് പുതിയ ഒരു സാമൂഹിക സാഹചര്യമാണ്. കേരളത്തിൽ ഈയിടെ ശക്തമാകുന്ന ക്വിയർ വിരുദ്ധ വ്യവഹാരങ്ങൾക്കുപിറകിൽ ചില പ്രത്യേക സന്ദർഭങ്ങളെയും കണ്ടെടുക്കാനാകുന്നതാണ്. ജെൻഡർ ന്യൂട്രൽ യൂണിഫോം ചർച്ച, ആദില-നൂറ വിഷയം, ട്രാൻസ് മെൻ ഗർഭധാരണം, അനന്യയുടെയും പ്രവീൺ നാഥിന്റെയും ആത്മഹത്യകൾ തുടങ്ങിയവയെ കേന്ദ്രീകരിച്ചുണ്ടായ ക്വിയർ വിരുദ്ധ ചർച്ചകളുടെ തുടർച്ചയാണ് മഹാരാജാസ് കോളേജിലെ ജെൻഡർ സൗഹാർദ്ദ ശുചിമുറിയിൽ എത്തിനിൽക്കുന്നത്.

മഹാരാജാസിലെ ജെൻഡർ സൗഹാർദ്ദ ശുചിമുറിയെ അധിക്ഷേപിച്ചുകൊണ്ടുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകളിലൊന്ന്
മഹാരാജാസിലെ ജെൻഡർ സൗഹാർദ്ദ ശുചിമുറിയെ അധിക്ഷേപിച്ചുകൊണ്ടുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകളിലൊന്ന്

മുൻകാലങ്ങളിൽ നിന്ന് ഈ പുതിയ ചർച്ചകൾക്ക് അടിസ്ഥാനപരമായി വലിയ വ്യത്യാസങ്ങളുണ്ട്. രണ്ടു നിലകളിൽ ഈ മാറ്റം ക്രോഡീകരിക്കാം; ആദ്യകാലങ്ങളിലെ ഒറ്റപ്പെട്ട പ്രകൃതത്തിൽ നിന്ന് സംഘടിത സ്വഭാവത്തിലേക്കുള്ള മാറ്റമാണ് ആദ്യത്തേത്.
മതത്തെയും സദാചാരത്തെയും മുൻനിർത്തിയുള്ള ക്വിയർ വിരുദ്ധ വ്യവഹാരങ്ങളിൽ നിന്ന് വ്യതിചലിച്ച് ശാസ്ത്രത്തെയും ട്രാൻസ് വിരുദ്ധ ഫെമിനിസ്റ്റുകളെയും മെനിനിസ്റ്റുകളുടെയും, യൂറോപ്യൻ വലതുപക്ഷത്തിന്റെ വിഭിന്നാഖ്യാനങ്ങളെയും ഉപാദാനങ്ങളായി സ്വീകരിച്ചുള്ള ശക്തമായ ക്വിയർ വിരുദ്ധതയുടെ പ്രത്യയശാസ്ത്രാടിത്തറയാണ് മറ്റൊന്ന്.

പൊതുശുചിമുറികൾ ഉപയോഗിക്കേണ്ടിവരുമ്പോൾ നേരിടേണ്ടിവരുന്ന അരക്ഷിതാവസ്ഥയെ കുറിച്ചാണ് അമൃത ബർസയ്ക്ക് പറയാനുള്ളത്: ‘പലരും എന്നെ തുറിച്ചുനോക്കും. എനിക്ക് ആളുകളുടെ ആ നോട്ടം ഇഷ്ടമല്ല. ആ നോട്ടം നമ്മളെ വല്ലാതെ പ്രതിസന്ധിയിലാക്കും.

യൂറോപ്യൻ വലതുപക്ഷവുമായുള്ള സജീവമായ ബന്ധം ഇവരുടെ ഭാഷയിലും വാദങ്ങളിലും കണ്ടെടുക്കാവുന്നതാണ്. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും പവിത്രമായ കുടുംബത്തിനും ക്വിയർ മനുഷ്യർ ഭീഷണിയാണെന്ന ആഖ്യാനം തന്നെയാണ് ഈ കൂട്ടങ്ങൾ ഉയർത്തിപ്പിടിക്കുന്നത്. ക്വിയർ വിരുദ്ധ നിയമ നിർമാണങ്ങളിലേക്കും ക്വിയർ മനുഷ്യർക്കുനേരെയുള്ള അതിക്രമങ്ങളിലേക്കും വരെ നയിച്ച ഈ വ്യവഹാരം കേരളത്തിന്റെ സാഹചര്യത്തിലും പയറ്റാനുള്ള ശ്രമങ്ങൾ പല രീതിയിൽ നടക്കുന്നുണ്ട്. പ്രധാനമായും ക്വിയർ മനുഷ്യർക്കെതിരെ വ്യാപകമായി നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ കേന്ദ്രീകരിക്കുന്നത് ട്രാൻസ് മനുഷ്യരുടെ ടോയ്‌ലറ്റ് ഉപയോഗം, ട്രാൻസ് മനുഷ്യരുടെ സ്പോർട്സിലേക്കുള്ള പ്രവേശനം, ഡ്രാഗ് ഷോ നിരോധനം, ട്രാൻസ് മെഡിക്കൽ ഹെൽത്ത് കെയർ നിരോധനം തുടങ്ങിയ വിഷയങ്ങളെയാണ്. കേരളത്തിൽ കഴിഞ്ഞ കാലങ്ങളായി നടക്കുന്ന ക്വിയർ വിരുദ്ധ ചർച്ചകളിലും ഈ ആശയങ്ങളോടുള്ള ചേർച്ചയുണ്ട്.

കേരള വിദ്യാഭ്യാസ വകുപ്പ് 2018- ൽ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് മഹാരാജാസിൽ പ്രവേശനം നേടിയ ട്രാൻസ് വിദ്യാർഥി പ്രവീൺ നാഥ്.
കേരള വിദ്യാഭ്യാസ വകുപ്പ് 2018- ൽ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് മഹാരാജാസിൽ പ്രവേശനം നേടിയ ട്രാൻസ് വിദ്യാർഥി പ്രവീൺ നാഥ്.

മഹാരാജാസിലെ ജെൻഡർ സൗഹാർദ്ധ ശുചിമുറികൾ വിവാദമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള ഇടകലരലുകളെ ആകെ ലൈംഗികമായി കാണുകയും, സുരക്ഷയുടെ പേരിൽ ലിംഗവിഭജന ക്രമങ്ങളെ ശാശ്വതമാക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രമാണ് ഈ ചർച്ചകളെ നിയന്ത്രിക്കുന്നത്.

എന്തുകൊണ്ട് മഹാരാജാസ്?

എന്തുകൊണ്ടാകും മഹാരാജാസ് കോളേജ് പുതിയ ക്വിയർ വിരുദ്ധ കൂട്ടങ്ങളുടെ ചർച്ചകളിൽ സ്ഥിരം ശത്രുപക്ഷത്ത് നിർത്തപ്പെടുന്നത്? രണ്ടായിരങ്ങളോടെയാണ് ക്വിയർ മനുഷ്യരുടെ അവകാശങ്ങൾ സജീവ ചർച്ചകളിൽ ഇടം നേടുന്നത്. ഇതാകട്ടെ ക്വിയർ മനുഷ്യരുടെ തുറന്നുപറച്ചിലുകളും സംഘടിതാവബോധവും സജീവ സമരങ്ങളും ചർച്ചകളും പ്രൈഡ് പരേഡുകളും സൃഷ്ടിച്ച ദൃശ്യതയുടെ ഭാഗമായിരുന്നു. ഐ.പി.സി. 377- നെ ചുറ്റിപ്പറ്റിയുണ്ടായ നിയമപോരാട്ടങ്ങളും നൽസ വിധിയും പൗരപദവിയ്ക്ക് അർഹരായ വിഭാഗമായി ക്വിയർ ശരീരങ്ങളെ ഉയർത്തി.

ക്വിയർ മനുഷ്യർക്ക് മഹാരാജാസ് കോളേജിലേക്ക് ലഭിച്ച പ്രവേശനവും ഇത് സൃഷ്ടിച്ച ചർച്ചകളും തന്നെയാണ് മഹാരാജാസ് ക്വിയർ വിരുദ്ധ കൂട്ടങ്ങളുടെ പ്രധാന ഉന്നമാകുന്നതിന്റെ കാരണം.

2014- ലെ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) വിധി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ അംഗീകരിക്കുന്ന സുപ്രധാന വിധിയാണ്. ഈ വിധി Sex എന്ന സംവർഗ്ഗത്തെ Gender എന്ന നിലയിലേക്ക് ഉയർത്തി വിശദീകരിക്കുകയുണ്ടായി. ഇതോടെ ട്രാൻസ് മനുഷ്യരുടെ ലിംഗത്വം നിയമപരമായി അംഗീകരിക്കപ്പെടുകയും സമത്വത്തിനുള്ള അവകാശം (ആർട്ടിക്കിൾ 14), വിവേചനരഹിതമായ അവകാശം (ആർട്ടിക്കിൾ 15), വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം (ആർട്ടിക്കിൾ 21) എന്നിവയുൾപ്പെടെ ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള മൗലികാവകാശങ്ങൾ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ബാധകമാകുകയും ചെയ്തു. വ്യക്തികൾക്ക് അവരുടെ ലിംഗത്വം സ്വയംനിർണ്ണയിക്കാനുള്ള അവകാശം, വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണത്തിനായുള്ള ശുപാർശ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ നേരിടുന്ന വിവേചനത്തിനും അക്രമത്തിനും എതിരെ നിയമപരമായ പരിരക്ഷയുടെ ആവശ്യകത തുടങ്ങിയവ വിധിയിലെ സുപ്രധാന നീക്കങ്ങളായി.

കേരള വിദ്യാഭ്യാസ വകുപ്പ് 2018- ൽ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് മഹാരാജാസിൽ പ്രവേശനം നേടിയ ട്രാൻസ് വിദ്യാർഥികളായ തീർഥ സാർവിക, ദയ ഗായത്രി
കേരള വിദ്യാഭ്യാസ വകുപ്പ് 2018- ൽ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് മഹാരാജാസിൽ പ്രവേശനം നേടിയ ട്രാൻസ് വിദ്യാർഥികളായ തീർഥ സാർവിക, ദയ ഗായത്രി

ഇതേതുടർന്ന് 2015- ൽ ട്രാൻസ് ജെൻഡർ, ഇൻ്റർസെക്സ് മനുഷ്യർക്കായി പോളിസി രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ട്രാൻസ് വിദ്യാർത്ഥികൾ ജില്ലാ ട്രാൻസ്‌ജെൻഡർ വെൽഫെയർ കമ്മിറ്റിക്ക് നൽകിയ ഹർജിയിൽ സർവകലാശാലകളിലും അഫിലിയേറ്റഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും എല്ലാ കോഴ്‌സുകളിലും ട്രാൻസ്‌ജെൻഡർ അപേക്ഷകർക്ക് രണ്ട് അധിക സീറ്റുകൾ സംവരണം ചെയ്യണമെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് 2018- ൽ സർക്കുലർ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി മഹാരാജാസിൽ മൂന്ന് ട്രാൻസ് വിദ്യാർഥികളാണ് അഡ്മിഷൻ നേടിയത്. ക്വിയർ മനുഷ്യർക്ക് മഹാരാജാസ് കോളേജിലേക്ക് ലഭിച്ച പ്രവേശനവും ഇത് സൃഷ്ടിച്ച ചർച്ചകളും തന്നെയാണ് മഹാരാജാസ് ക്വിയർ വിരുദ്ധ കൂട്ടങ്ങളുടെ പ്രധാന ഉന്നമാകുന്നതിന്റെ കാരണം.

പൊതുസ്ഥലങ്ങളിലേക്കുള്ള കീഴാളശരീരങ്ങളുടെ ദൃശ്യത അധീശവ്യവസ്ഥയെ എല്ലാക്കാലത്തും ചൊടിപ്പിച്ചിട്ടുണ്ട്. 'ദൃശ്യത'യെന്ന സങ്കല്പം തന്നെയും ചരിത്രപരമാണ്. ആധുനിക സമൂഹരൂപികരണത്തോടെയാണ് 'പൊതു'ഇടങ്ങൾ ചില ശരീരങ്ങളെ ദൃശ്യരാക്കുന്നത്. ഇന്ത്യൻ സന്ദർഭത്തിൽ മധ്യകാല ഫ്യൂഡൽ ഘടനയിലെ വ്യക്തികൾ കേവലം ജാതിശരീരങ്ങളായിരുന്നു. ഈ ശരീരങ്ങളുടെ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം ജാതി, ലിംഗം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇക്കാലം തൊട്ടേ കീഴ് ജാതിയിൽപ്പെട്ടവരും സ്ത്രീകളും അദൃശ്യരായിരിക്കേണ്ടവരാണെന്ന അലിഖിത നിയമം പ്രബലമായിരുന്നു. മേൽ ജാതിയിൽപ്പെട്ട നിയന്ത്രണങ്ങളോടെ സ്വന്തം സ്ത്രീകൾക്ക് സഞ്ചാര സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കിലും ‘മറക്കുട' ചൂടുന്നതിലൂടെ സാന്നിധ്യത്തെ പ്രതീകാത്മകമായി അദൃശ്യമാക്കേണ്ടിയിരുന്നു. പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ അനാചാരങ്ങൾ പൊതു ഇടം സുരക്ഷിതമല്ലെന്നുറപ്പിച്ചെടുക്കാനും സ്ത്രീകളെ വീട്ടകങ്ങളിൽ സ്ഥിരപ്പെടുത്താനുമുള്ള പ്രത്യയശാസ്ത്രദൗത്യമാണ് നിറവേറ്റിയത്.

മഹാരാജാസിലെ ട്രാൻസ് ജെൻഡർ വിദ്യാർത്ഥിക്ക് നേരെ വലിയ തോതിലുള്ള സൈബർ ബുള്ളിയിങ്ങാണുണ്ടായത് ഈയിടെയാണ്. ക്വിയർ വിരുദ്ധ കൂട്ടങ്ങൾ വിദ്യാർത്ഥിയെ ലൈംഗികരോഗങ്ങളുടെ വാഹകയായി ചിത്രീകരിച്ച് ഈ വിദ്യാർഥിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുണ്ടായി.

കീഴ്ജാതിക്കാരുടെ ശരീരമാകട്ടെ പൊന്തകളിലോ, വയൽ വരമ്പരികുകളിലോ ഒളിപ്പിച്ചുവെക്കേണ്ടതാണ്. കീഴാള ശരീരങ്ങൾ പൊതുസ്ഥലത്തിന്റെ ശുദ്ധിയെ നശിപ്പിക്കുന്ന സാന്നിദ്ധ്യങ്ങളായാണ് മനസ്സിലാക്കിയത്. ബ്രാഹ്മണ്യം ജാതിശരീരങ്ങളെയും കൊളോണിയൽ ഭരണകൂടം ഹിജ്രകളെയും ഇതേ മട്ടിൽ പരിഗണിച്ചു. പൊതുസ്ഥലങ്ങൾ ഉപയോഗിക്കാനും ദൃശ്യപ്പെടാനുമുള്ള സമരസന്ദർഭമായി വില്ലുവണ്ടി സമരത്തെയും പൊതുവഴികൾക്കായും വിദ്യാഭ്യാസ പ്രവേശനത്തിനായും നടന്ന സമരങ്ങളെ കാണാനൊക്കും. അന്ന് സവർണ്ണാധികാര സമൂഹം നേരിട്ട ഞെട്ടലും വെറിയും തന്നെയാണ് പുതിയ മട്ടിൽ ആവർത്തിക്കപ്പെടുന്നത്.

പ്രധാനമായും രണ്ട് ഉദ്ദേശ്യങ്ങളാണ് ഈ ചർച്ചകൾക്കുള്ളത്;
1. ക്വിയർ മനുഷ്യരുടെ അപമാനവീകരണം.
2. ഈ അപമാനവീകരണം വഴി ക്വിയർ മനുഷ്യരുടെ വിദ്യാഭ്യാസാവകാശം, മുഖ്യധാരയിലേക്കുള്ള പ്രവേശനം എന്നിവയെ തടയുക.

മഹാരാജാസിലെ ട്രാൻസ് ജെൻഡർ വിദ്യാർത്ഥിക്ക് നേരെ വലിയ തോതിലുള്ള സൈബർ ബുള്ളിയിങ്ങാണുണ്ടായത് ഈയിടെയാണ്. ക്വിയർ വിരുദ്ധ കൂട്ടങ്ങൾ വിദ്യാർത്ഥിയെ ലൈംഗികരോഗങ്ങളുടെ വാഹകയായി ചിത്രീകരിച്ച് ഈ വിദ്യാർഥിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ മഹാരാജാസ് കോളേജിനെയും വിദ്യാർത്ഥികളെയും അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ട്രോളുകളും മീമുകളും ഏറെയാണ്.

പാർപ്പിടം, തൊഴിൽ, പൊതുസേവനങ്ങൾ എന്നിവയിലെ ലൈംഗികാഭിമുഖ്യത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം നിരോധിക്കുന്ന മിയാമി-ഡേഡ് കൗണ്ടി നിയമം അസാധുവാക്കുന്നതിൽ അനിത ബ്രയന്റിന്റെ ഇടപെടലുകൾ വിജയിച്ചു.
പാർപ്പിടം, തൊഴിൽ, പൊതുസേവനങ്ങൾ എന്നിവയിലെ ലൈംഗികാഭിമുഖ്യത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം നിരോധിക്കുന്ന മിയാമി-ഡേഡ് കൗണ്ടി നിയമം അസാധുവാക്കുന്നതിൽ അനിത ബ്രയന്റിന്റെ ഇടപെടലുകൾ വിജയിച്ചു.

ഇടതുപക്ഷ സംഘടനകളുമായി ചേർത്തുവെച്ച് പരമ്പരാഗത മൂല്യങ്ങളെ തകർക്കുന്ന പുരോഗമനാശയമായി ഈ വിഷയങ്ങളെ ചുരുക്കി അവതരിപ്പിക്കാനുള്ള ശ്രമങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇക്കാലങ്ങളിലായി ക്വിയർ അവകാശങ്ങളെയും പ്രശ്നങ്ങളെയും ചുറ്റിപ്പറ്റിയുള്ള വ്യവഹാരങ്ങൾ കൂടുതൽ ധ്രുവീകരിക്കപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി പ്രശ്‌നമെന്നതിന് ഉപരി രാഷ്ട്രീയ പ്രേരിത പ്രവണതകളായി ക്വിയർ വ്യക്തികളുടെ പോരാട്ടങ്ങളെയും സ്വത്വങ്ങളെയും സ്ഥാപിക്കാൻ ‘ഇടത് അജണ്ട’ എന്ന് വിളിക്കുക വഴി സാധിക്കുന്നു.

ശുചിമുറി; വംശീയ ചരിത്രങ്ങൾ, തുടർച്ചകൾ

ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ സ്ഥലഭാവനയാണ് നമ്മുടേത്. അവിടെ ആണ്-പെണ്ണ് എന്ന ദ്വന്ദ്വത്തിനാണ് സാധുതയുള്ളത്. നിർമ്മിതിപരമായി തന്നെ ഈ വ്യവസ്ഥ ട്രാൻസ് മനുഷ്യരെ പുറന്തള്ളുന്നുണ്ട്. പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും പ്രത്യേകം സ്ഥലങ്ങൾ അനുവദിക്കുന്ന ഭിന്നവർഗ്ഗലൈംഗികകേന്ദ്രിതമായ പുരുഷാധിപത്യം ശാരീരികമായ വ്യത്യാസങ്ങളെ സാമൂഹികമായ ഘടനകളിലേയ്ക്കും സന്നിവേശിപ്പിക്കുന്നു. ടോയ്‌ലെറ്റുകളിലേക്കുള്ള ട്രാൻസ് മനുഷ്യരുടെ പ്രവേശനത്തെ കേന്ദ്രീകരിച്ചുള്ള ചർച്ചയും യൂറോപ്യൻ സാഹചര്യത്തിൽ വലിയ കോലാഹലങ്ങളുണ്ടാക്കിയിട്ടുണ്ട്. അമേരിക്കയിൽ കൾച്ചറൽ വാറുകളുടെ പ്രധാന കേന്ദ്രങ്ങളിലൊന്ന് ശുചിമുറിയായിരുന്നു.

സ്ത്രീകളുടെ ടോയ്‌ലെറ്റിൽ ആണുങ്ങൾ വേഷം കെട്ടി കേറുമെന്നും ലൈംഗികമായ അതിക്രമങ്ങളിലേക്ക് വഴിവെക്കുമെന്ന വാദമാണ് ട്രാൻസ് മനുഷ്യരുടെ ടോയ്‌ലെറ്റ് ഉപയോഗവുമായി ഉയർന്നുകേൾക്കാറുള്ളത്. സിസ് ആണുങ്ങൾ ചെയ്തേക്കാവുന്ന കുറ്റത്തിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിർത്തേണ്ടത് ട്രാൻസ് മനുഷ്യരെയല്ല.

വംശീയതയുടെ ചരിത്രം കൂടി ശുചിമുറികൾക്കുണ്ട്, രക്തസാക്ഷിത്വത്തിന്റെയും. യു.എസ് ചരിത്രത്തിൽ ശുചിമുറികൾ വംശീയ സംഘർഷങ്ങളുടെ കേന്ദ്രമായിരുന്നു. വെളുത്ത വർഗ്ഗക്കാർക്കായുള്ള ശുചിമുറി ഉപയോഗിച്ചതിനാണ് സാമുവൽ യങ്ങ് ജൂനിയർ കൊല്ലപ്പെടുന്നത്. പൗരാവകാശ പ്രസ്ഥാനത്തിന്റെ ഭാഗമായി കൊല്ലപ്പെടുന്ന ആദ്യത്തെ വിദ്യാർത്ഥിയായിരുന്നു സാമുവൽ. ജിം ക്രോ നിയമങ്ങളുടെ സാഹചര്യത്തിൽ, കറുത്തവർഗ്ഗക്കാർക്ക് വെള്ളക്കാരുടെ അതേ സൗകര്യങ്ങളിലേക്കുള്ള പ്രവേശനം വ്യവസ്ഥാപിതമായി നിഷേധിക്കപ്പെട്ടു. ഈ വേർതിരിവ് വംശീയ ശ്രേണിയെ ശക്തിപ്പെടുത്തുന്ന സാമൂഹിക നിയന്ത്രണത്തിന്റെ ഭാഗമായിരുന്നു.

വംശീയമായ വേർതിരിവിനെ ന്യായീകരിക്കാനായി നിരവധി വാർപ്പുമാതൃകകളും ഇക്കാലത്ത് സൃഷ്ടിക്കപ്പെട്ടിരുന്നു. കറുത്തവർഗ്ഗക്കാരെ ലൈംഗികരോഗത്തിന്റെ വാഹകരായും അക്രമാസക്തരായും ചിത്രീകരിച്ചാണ് മുഖ്യമായും വംശീയ ശ്രേണികളെ ശക്തിപ്പെടുത്തുകയും വിവേചനപരമായ നിയമങ്ങളെയും പെരുമാറ്റങ്ങളെയും ന്യായീകരിക്കുകയും ചെയ്തത്. ശുചിമുറിയിൽ കറുത്ത സ്ത്രീകളുമായുള്ള സമ്പർക്കം ലൈംഗിക രോഗബാധയിലേക്ക് നയിച്ചേക്കുമെന്ന് വെളുത്ത സ്ത്രീകൾ ഉന്നയിച്ചിരുന്നു. ഇക്കാരണത്താൽ തന്നെ കറുത്ത സ്ത്രീകളുമായി ശുചിമുറി പങ്കിടാൻ വെളുത്ത സ്ത്രീകൾ വ്യാപകമായി വിസമ്മതിച്ചു. കറുത്തവർഗ്ഗക്കാരുമായി ശുചിമുറി പങ്കിടുന്നതിലൂടെ ലൈംഗിക രോഗങ്ങൾ പിടിപെടുമെന്ന വിശ്വാസം വംശീയതയിൽ വേരൂന്നിയതാണ്.

2022 ജൂണിലാണ് ജസ്റ്റിൻ ഫോക്ക് സംവിധാനം ചെയ്ത ‘വാട്ട് ഇസ് എ വുമൺ’ എന്ന ഡോക്യുമെന്ററി ഇറങ്ങുന്നത്. ക്വിയർ പ്രൈഡ് മാസത്തെ ഉന്നം വെച്ചിറങ്ങിയ ഈ ഡോക്യുമെന്ററി യൂറോപ്യൻ വലതുപക്ഷത്തിനാൽ വലിയ തോതിൽ തന്നെ സ്വീകരിക്കപ്പെട്ടു.
2022 ജൂണിലാണ് ജസ്റ്റിൻ ഫോക്ക് സംവിധാനം ചെയ്ത ‘വാട്ട് ഇസ് എ വുമൺ’ എന്ന ഡോക്യുമെന്ററി ഇറങ്ങുന്നത്. ക്വിയർ പ്രൈഡ് മാസത്തെ ഉന്നം വെച്ചിറങ്ങിയ ഈ ഡോക്യുമെന്ററി യൂറോപ്യൻ വലതുപക്ഷത്തിനാൽ വലിയ തോതിൽ തന്നെ സ്വീകരിക്കപ്പെട്ടു.

ഇതേ യുക്തികൾ തന്നെയാണ് ട്രാൻസ് മനുഷ്യരുടെ ടോയ്‌ലെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചയിലും ആവർത്തിക്കുന്നത്. LGBT വ്യക്തികൾ നേരിടുന്ന വിവേചനങ്ങൾ തടയാനായുള്ള ഹൂസ്റ്റൺ തുല്യാവകാശ ഓർഡിനൻസിനെതിരെ പ്രചരിപ്പിക്കപ്പെട്ട ട്രോപ്പ് കുഞ്ഞുങ്ങൾ അപകടത്തിലാണെന്നതായിരുന്നു. ബാത്ത് റൂമുകളും ടോയ്‌ലെറ്റുകളും അപകടം പതിയിരിക്കുന്ന സ്ഥലങ്ങളാണെന്ന മട്ടിൽ ഓർഡിനൻസിന്റെ അപകടങ്ങളെക്കുറിച്ച് വോട്ടർമാരെ ബോധ്യപ്പെടുത്താനായി ഒട്ടേറെ പ്രചരണങ്ങൾ നടക്കുകയും ആ തന്ത്രം വിജയിക്കുകയും ചെയ്തു. കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉപദ്രവിക്കാനായി ശുചിമുറികളിൽ പതിയിരിക്കുന്ന ഒരു ശത്രുവിനെ യാഥാസ്ഥിതകർ നിർമ്മിച്ചെടുത്തു.

എല്ലാവർക്കും സുരക്ഷിതമായി പോകാൻ കഴിയുന്ന മട്ടിൽ ടോയ്ലെറ്റുകൾ മാറണം. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നില്ല? നമ്മള് ആരെയാണ് ഭയപ്പെടുന്നത്?

ചരിത്രത്തിലുടനീളം ‘കുട്ടികളും സ്ത്രീകളും അപകടത്തിലാണ്’ എന്ന വാദമുയർത്തി ന്യൂനപക്ഷത്തിന്റെ ജീവനാവകാശ​ത്തെ റദ്ദ് ചെയ്യാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശക്തമാകുന്ന വോട്ടവകാശവിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രചാരണങ്ങളിൽ വലിയ ഒരളവിൽ കുഞ്ഞുങ്ങളെ ഒരു പ്രതീകമായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളുടെ വോട്ടവകാശത്തിന് എതിരെ നടന്ന മുന്നേറ്റങ്ങളിൽ കുട്ടികളെ ഉപേക്ഷിച്ച് വോട്ട് ചെയ്യാൻ പോകുന്ന അമ്മമാരെ പരിഹസിക്കുന്നുണ്ട്. സ്ത്രീകൾ ഗാർഹികതയോടിണങ്ങി ജീവിക്കേണ്ടവരാണെന്നും ഭരണകാര്യങ്ങളിൽ സ്ത്രീകൾ ഇടപെടേണ്ടതില്ലെന്നുമുള്ള വാദം അക്കാലത്ത് ഉയർന്നുവന്നിരുന്നു. അനിത ബ്രയന്റിന്റെ നേതൃത്വത്തിൽ രൂപപ്പെടുന്ന ‘സേവ് അവർ ചിൽഡ്രൻ’ എന്ന സ്വവർഗ്ഗാനുരാഗ വിരുദ്ധ പ്രസ്ഥാനവും അതിന്റെ പ്രവർത്തനങ്ങളും ഉദാഹരണമായെടുക്കാം. പാർപ്പിടം, തൊഴിൽ, പൊതുസേവനങ്ങൾ എന്നിവയിലെ ലൈംഗികാഭിമുഖ്യത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം നിരോധിക്കുന്ന മിയാമി-ഡേഡ് കൗണ്ടി നിയമം അസാധുവാക്കുന്നതിൽ അനിത ബ്രയന്റിന്റെ ഇടപെടലുകൾ വിജയിച്ചു. 1970-കളിലെ സ്വവർഗ്ഗാനുരാഗ വിരുദ്ധ പ്രസ്ഥാനങ്ങൾ ഉയർത്തിവിട്ട മുൻവിധികളും വെറുപ്പും തന്നെയാണ് പുതിയ കാലത്തും ആവർത്തിക്കുന്നത്.

ഏത് പെണ്ണ്?

സ്ത്രീ എന്ന കാറ്റഗറി എല്ലാ ശരീരങ്ങൾക്കും പ്രാപ്യമാണോ എന്ന ചോദ്യം സാധുതയുള്ളതാണ്. എന്താണ് സ്ത്രീ? വളരെ ലളിതമായ ഉത്തരങ്ങൾ പ്രതീക്ഷിക്കാവുന്ന ചോദ്യമല്ല ഇത്. സിമോ ദി ബൊവെയിലും പിന്നീട് ബട്‌ലറിലും ഫെമിനിസ്റ്റ് ആലോചനകളിലെല്ലാം ഈ ചോദ്യത്തെ പല നിലയിൽ വിശദീകരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.

യൂറോപ്യൻ വലതുപക്ഷത്തിന്റെ പ്രധാന ശബ്ദങ്ങളിലൊരാളായ മാറ്റ് വാൽഷ് ഇതേ ചോദ്യം ഈയിടെ ഉയർത്തിയിരുന്നു. കേരളത്തിലെ ക്വിയർ വിരുദ്ധ കൂട്ടങ്ങളും ഈ ചോദ്യത്തെ പിൻപറ്റുകയുണ്ടായി. 2022 ജൂണിലാണ് ജസ്റ്റിൻ ഫോക്ക് സംവിധാനം ചെയ്ത ‘വാട്ട് ഇസ് എ വുമൺ’ എന്ന ഡോക്യുമെന്ററി ഇറങ്ങുന്നത്. ക്വിയർ പ്രൈഡ് മാസത്തെ ഉന്നം വെച്ചിറങ്ങിയ ഈ ഡോക്യുമെന്ററി യൂറോപ്യൻ വലതുപക്ഷത്തിനാൽ വലിയ തോതിൽ തന്നെ സ്വീകരിക്കപ്പെട്ടു.

സെറീന വില്യംസിന്റെ ശരീരം വർണ്ണവെറിയിലൂന്നിയ പുരുഷാധിപത്യ മാനദണ്ഡങ്ങളാൽ നിർമ്മിക്കപ്പെട്ട മാനകീകൃത സ്ത്രീവിഭാഗവുമായി പൊരുത്തപ്പെട്ടില്ല. സ്ത്രീത്വത്തെ സംബന്ധിച്ച പ്രബലാഖ്യാനങ്ങൾ വംശീയമാണെന്ന് ഇത് തെളിയിക്കുന്നുണ്ട്.
സെറീന വില്യംസിന്റെ ശരീരം വർണ്ണവെറിയിലൂന്നിയ പുരുഷാധിപത്യ മാനദണ്ഡങ്ങളാൽ നിർമ്മിക്കപ്പെട്ട മാനകീകൃത സ്ത്രീവിഭാഗവുമായി പൊരുത്തപ്പെട്ടില്ല. സ്ത്രീത്വത്തെ സംബന്ധിച്ച പ്രബലാഖ്യാനങ്ങൾ വംശീയമാണെന്ന് ഇത് തെളിയിക്കുന്നുണ്ട്.

സ്ത്രീയെ ജീവശാസ്ത്രപരമായി നിർവചിക്കുക ശാരീരിക സവിശേഷതകൾ മുൻനിർത്തി ഗാർഹികതയിലേക്ക് പരിമിതപ്പെടുത്തുക, ട്രാൻസ് മനുഷ്യരെ രോഗികളായി അവതരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് യൂറോപ്യൻ വലതുപക്ഷത്തിന്റെ ഈ ചോദ്യത്തിൽ ഉള്ളടങ്ങിയിരുന്ന താല്പര്യങ്ങൾ. അതേ സമയം എല്ലാ സ്ത്രീകളും സ്ത്രീ എന്ന പദവിയ്ക്ക് യോഗ്യരാണെന്ന് വലതുപക്ഷ വംശീയ മാനദണ്ഡങ്ങൾ അംഗീകരിച്ചേക്കില്ല. ഇത് ട്രാൻസ് സ്ത്രീകളുടെ മാത്രം കാര്യത്തിൽ ബാധകമാകുന്ന ഒന്നാണെന്ന് കരുതേണ്ടതില്ല. മറിച്ച് വ്യാപകമായ വംശീയ ഉള്ളടക്കങ്ങളും ഈ ചോദ്യത്തിൽ സന്നിഹിതമാണ്.

ഏത് സ്ത്രീകളാണ് യൂറോപ്യൻ വലതുപക്ഷത്തിന്റെ പരിഗണനയിലുള്ളത് എന്ന് വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. കറുത്ത വർഗ്ഗക്കാരായ സിസ് ജെൻഡർ സ്ത്രീകളെ ട്രാൻസ് ജെൻഡറെന്ന് സംശയിച്ച് ടോയ്‌ലെറ്റ് ഉപയോഗം തടസ്സപ്പെടുത്തിയതും ആക്രമിച്ചതുമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കറുത്ത സ്ത്രീ ശരീരങ്ങൾ യൂറോപ്യൻ ജെൻഡർ പ്രതീക്ഷകൾക്ക് വലിയ പരിക്ക് ഏൽപ്പിച്ചിട്ടുണ്ട്. സെറീന വില്യംസ് വലിയ തോതിൽ വംശീയാധിക്ഷേപം നേരിട്ടതും അവരുടെ സ്ത്രീ സ്വത്വം സംശയിക്കപ്പെട്ടതും മറ്റൊരു ഉദാരണമാണ്. സെറീന വില്യംസിന്റെ ശരീരം വർണ്ണ വെറിയിലൂന്നിയ പുരുഷാധിപത്യ മാനദണ്ഡങ്ങളാൽ നിർമ്മിക്കപ്പെട്ട മാനകീകൃത സ്ത്രീവിഭാഗവുമായി പൊരുത്തപ്പെട്ടില്ല. സ്ത്രീത്വത്തെ സംബന്ധിച്ച പ്രബലാഖ്യാനങ്ങൾ വംശീയമാണെന്ന് ഇത് തെളിയിക്കുന്നുണ്ട്. സ്‌ത്രീത്വത്തെ ഒരൊറ്റ നിശ്ചല മാതൃകയിൽ ഒതുക്കാനാവില്ലെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

ആരുടെ സുരക്ഷിതത്വം?

സംരക്ഷണം എന്ന ആശയം അധീശവ്യവസ്ഥയ്ക്ക് പല നിലയിൽ ഉപയോഗമുള്ളതാകുന്നു. സ്ത്രീകളുടെ സംരക്ഷണം ലക്ഷ്യം വെച്ചാണ് പുരുഷാധികാരം സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നത്. കറുത്തവർഗ്ഗക്കാർ ലൈംഗികരോഗത്തിന്റെ വാഹകരാണെന്നും അതിനാൽ വെളുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിലെ പൊതുശുചിമുറികൾ ഉപയോഗിക്കുന്നതിൽ പ്രശ്നമുണ്ടെന്നും ഉന്നയിച്ചാണ് വംശീയവെറിയന്മാർ കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികളുടെ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയത്. സംരക്ഷണം, സുരക്ഷ തുടങ്ങിയ ആശയങ്ങൾ ശുചിമുറി ചർച്ചയിലും ആവർത്തിക്കപ്പെടുന്നുണ്ട്.

കോയമ്പത്തൂരിലെ ഒരു പൊതുമൂത്രപ്പുരയിൽ വെച്ച് തനിക്കു നേരെയുണ്ടായ ഒരതിക്രമത്തെ കുറിച്ച് ആനന്ദ് വെളിപ്പെടുത്തിയിട്ടുണ്ട്.
കോയമ്പത്തൂരിലെ ഒരു പൊതുമൂത്രപ്പുരയിൽ വെച്ച് തനിക്കു നേരെയുണ്ടായ ഒരതിക്രമത്തെ കുറിച്ച് ആനന്ദ് വെളിപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകളുടെ ടോയ്‌ലെറ്റിൽ ആണുങ്ങൾ വേഷം കെട്ടി കേറുമെന്നും ലൈംഗികമായ അതിക്രമങ്ങളിലേക്ക് ഇത് വഴിവെക്കുമെന്ന വാദമാണ് ട്രാൻസ് മനുഷ്യരുടെ ടോയ്‌ലെറ്റ് ഉപയോഗവുമായി ഉയർന്നുകേൾക്കാറുള്ളത്. സിസ് ആണുങ്ങൾ ചെയ്തേക്കാവുന്ന കുറ്റത്തിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിർത്തേണ്ടത് ട്രാൻസ് മനുഷ്യരെയല്ല. ഈ ചർച്ചകൾ കേന്ദീകരിക്കുന്നത് സ്ത്രീകളുടെ സുരക്ഷ, സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങളിലാണ്. ട്രാൻസ് ശരീരങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള എളുപ്പവഴിയാണിത്. ട്രാൻസ് മനുഷ്യരുടെ സുരക്ഷയും അതിക്രമങ്ങൾ നേരിടാനുള്ള സാധ്യതകളുമാണ് ചർച്ചയാക്കേണ്ടത്. ടോയ്‌ലറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് ട്രാൻസ് മനുഷ്യരും ക്വിയർ വ്യക്തികളും നേരിടുന്ന അരക്ഷിതാവസ്ഥയും അതിക്രമങ്ങളും ചർച്ചയാകേണ്ടതുണ്ട്.

കോയമ്പത്തൂരിലെ ഒരു പൊതുമൂത്രപ്പുരയിൽ വെച്ച് തനിക്കു നേരെയുണ്ടായ ഒരതിക്രമത്തെ കുറിച്ച് ആനന്ദ് മുന്നേ പറഞ്ഞുതന്നിട്ടുണ്ട്. ആ മുറിപ്പാട് ആനന്ദിന്റെ കണ്ണിന് കുറുകെ ഇപ്പോഴുമുണ്ട്. കഴുത്തിലേക്ക് നീളുന്ന ഒന്ന്. ആനന്ദ് പറയും; “ഈ പാടുകളൊന്നുമായല്ല ഞാൻ ജനിച്ചത്, ഇതെനിക്ക് ഈ സമൂഹം തന്നതാണ്”.

ഒരു നോൺ ബൈനറി വ്യക്തിയെന്ന നിലയ്ക്ക് ശുചിമുറികളുമായുള്ള എന്റെ അടുപ്പവും അത്ര സുഖകരമല്ല. ആൺകുട്ടികൾക്കായുള്ള തുറന്ന മൂത്രപ്പുരകളിൽ എന്റെ ശരീരം ഒരിക്കലും പാകമായില്ല. കോളേജ് കാലം വരെയും ഞാൻ മൂത്രപ്പുരകൾ ഉപയോഗിച്ചിട്ടില്ല. രാവിലെ ക്ലാസ്സിലെത്തി വൈകീട്ടുവരെയുള്ള മൂത്രം പിടിച്ചുവെയ്ക്കാനുള്ള ശേഷി എന്റെ മൂത്രസഞ്ചിയ്ക്കുണ്ടായിരുന്നു.

‘ജെൻഡർ ന്യൂട്രൽ’ എന്ന ലേബലിൽ സംഭവിക്കുന്ന ചർച്ചകൾ പൊതുവേ ആൺ- പെൺ ദ്വന്ദ്വത്തെ ഉറപ്പിക്കും വിധം തന്നെയാണ് മുന്നോട്ടുപോയിട്ടുള്ളത്.

പൊതുശുചിമുറികൾ ഉപയോഗിക്കേണ്ടിവരുമ്പോൾ നേരിടേണ്ടിവരുന്ന അരക്ഷിതാവസ്ഥയെ കുറിച്ചാണ് അമൃത ബർസയ്ക്ക് പറയാനുള്ളത്: ‘പലരും എന്നെ തുറിച്ചുനോക്കും. എനിക്ക് ആളുകളുടെ ആ നോട്ടം ഇഷ്ടമല്ല. ആ നോട്ടം നമ്മളെ വല്ലാതെ പ്രതിസന്ധിയിലാക്കും. അവരുടെ ഇൻസെക്യൂരിറ്റിയിൽ നിന്നാണ് ആ നോട്ടം ഉണ്ടാകുന്നത്. ആ ഇൻസെക്യൂരിറ്റിയ്ക്ക് പിന്നിൽ തീർച്ചയായും പാട്രിയാർക്കിയാണ്’.
നോൺ ബൈനറി വ്യക്തിയായ ബർസ സ്ത്രീകളുടെ ടോയ്ലെറ്റാണ് ഉപയോഗിക്കുന്നത്. Afab (Assigned female at birth) വ്യക്തിയായിരുന്നിട്ടുകൂടി സ്ത്രീകളുടെ ടോയ്ലെറ്റ് ഉപയോഗിക്കുന്നത് വല്ലാത്ത അരക്ഷിതത്വമാണ് സൃഷ്ടിക്കുന്നതെന്നും എല്ലാവർക്കും വൃത്തിയുള്ളതും സുരക്ഷിതവുമായ ടോയലേറ്റുകൾ ഉപയോഗിക്കാൻ കഴിയണമെന്നും ബർസ സൂചിപ്പിച്ചു.

എല്ലാവർക്കും സുരക്ഷിതമായി പോകാൻ കഴിയുന്ന മട്ടിൽ ടോയ്ലെറ്റുകൾ മാറണം. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നില്ല? നമ്മള് ആരെയാണ് ഭയപ്പെടുന്നത്?

മൂന്നാമതൊരു മുറിയല്ല,
ദ്വന്ദ്വങ്ങളുടെ തകർച്ചയാണ് ലക്ഷ്യം

Third Gender എന്ന നിയമപരമായ കള്ളിയിലെ സങ്കീർണ്ണതകളും അനിശ്ചിതത്വങ്ങളും പല രീതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ‘മൂന്നാം ലിംഗത്വം’ എന്ന നിലയിൽ ട്രാൻസ് ശരീരങ്ങളെ അവതരിപ്പിക്കുന്നത് ഒന്നും രണ്ടും ലിംഗനിലകൾ ഏതെന്ന ചോദ്യത്തിലേക്ക് നയിക്കാം. ഈ സംഖ്യകൾ സമമൂല്യമുള്ളതല്ല. ഒന്ന് സ്വഭാവികമായും പുരുഷനും രണ്ടാം കിടയായി സ്ത്രീയും മനസ്സിലാക്കപ്പെടും. ഈ ശ്രേണിയിലെ അപകടം ട്രാൻസ് മനുഷ്യർ നിരന്തരം ഉന്നയിച്ചിട്ടുണ്ട്. കേരളത്തിൽ ഇതിന്റെ ഭാഗമായി മൂന്നാം ലിംഗം, ഭിന്ന ലിംഗം തുടങ്ങിയ പ്രയോഗങ്ങൾ നീക്കം ചെയ്യുന്ന ഉത്തരവും വന്നു.

Afab (Assigned female at birth) വ്യക്തിയായിരുന്നിട്ടുകൂടി സ്ത്രീകളുടെ ടോയ്ലെറ്റ് ഉപയോഗിക്കുന്നത് വല്ലാത്ത അരക്ഷിതത്വമാണ് സൃഷ്ടിക്കുന്നതെന്നും എല്ലാവർക്കും വൃത്തിയുള്ളതും സുരക്ഷിതവുമായ ടോയലേറ്റുകൾ ഉപയോഗിക്കാൻ കഴിയണമെന്നും അമൃത ബർസ പറയുന്നു.
Afab (Assigned female at birth) വ്യക്തിയായിരുന്നിട്ടുകൂടി സ്ത്രീകളുടെ ടോയ്ലെറ്റ് ഉപയോഗിക്കുന്നത് വല്ലാത്ത അരക്ഷിതത്വമാണ് സൃഷ്ടിക്കുന്നതെന്നും എല്ലാവർക്കും വൃത്തിയുള്ളതും സുരക്ഷിതവുമായ ടോയലേറ്റുകൾ ഉപയോഗിക്കാൻ കഴിയണമെന്നും അമൃത ബർസ പറയുന്നു.

ഈ Third Gender ചർച്ചയിൽ കൗതുകകരമായ നിരീക്ഷണം വിക്വീറം അദിത്യ ഉന്നയിക്കുന്നുണ്ട്. ട്രാൻസ് ജെൻഡർ എന്നത് First Gender ആണെന്നാണ് വിക്വീറിന്റെ വാദം. നിയമത്തിൽ മറ്റെവിടെയും ജെൻഡറില്ല. ഭരണഘടന സെക്സിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനാൽ തന്നെ Third Gender എന്ന കാറ്റഗറി ആൺ-പെൺ സെക്സ് ബൈനറിക്ക് പുറമേ നിലനില്പുള്ള എല്ലാവിധ ആവിഷ്കാരങ്ങളെയും ശരീരങ്ങളെയും ചേർക്കാൻ വിഭാവനം ചെയ്യപ്പെട്ടതാണ്. ആ ഒറ്റ കാറ്റഗറി എല്ലാ അനിശ്ചിതത്വങ്ങളും സങ്കീർണ്ണതകളും പരിഹരിക്കുമെന്ന് വിശ്വസിക്കപ്പെടുകയും ചെയ്യുന്നു. നിയമത്തിന് പ്രവർത്തിക്കാൻ ശരീരങ്ങളെ ഈ മട്ടിൽ മെരുക്കേണ്ടതും വകതിരിക്കേണ്ടതും അനിവാര്യമാണ്.

‘ജെൻഡർ ന്യൂട്രൽ’ എന്ന ലേബലിൽ സംഭവിക്കുന്ന ചർച്ചകൾ പൊതുവേ ആൺ- പെൺ ദ്വന്ദ്വത്തെ ഉറപ്പിക്കും വിധം തന്നെയാണ് മുന്നോട്ടുപോയിട്ടുള്ളത്. ജെൻഡർ ന്യൂട്രൽ യൂണിഫോം ചർച്ചയുടെ കേന്ദ്രം പെൺകുട്ടികളുടെ സൗകര്യമായിരുന്നു. ആൺ- പെൺ ദ്വന്ദ്വത്തിലേക്ക് ചുരുങ്ങുന്ന ചർച്ചയായത് കെട്ടടങ്ങി. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഉപയോഗിക്കാവുന്ന ശുചിമുറി എന്ന നിലയിലുള്ള നിലവിലെ വിശദീകരണങ്ങളിലും ഈ ദ്വന്ദ്വ യുക്തി പ്രവർത്തിക്കുന്നുണ്ട്.

ഹിംസാത്മകമായാണ് ശരീരങ്ങളെ ആണും പെണ്ണുമായി വിഭജിച്ചിരിക്കുന്നത്. ശരീരങ്ങളുടെ സ്വതന്ത്രമായ ആവിഷ്കാരങ്ങളെ തടയുന്ന ഈ മെരുക്കൽ പ്രക്രിയയെ വെളിപ്പെടുത്തേണ്ടതും വെല്ലുവിളിക്കേണ്ടതുമാണ് ആത്യന്തിക ലക്ഷ്യം.

വംശവും ലിംഗത്വവും ശേഷീയതയും(Ableism) എല്ലാം പൊതുടോയ്ലെറ്റുകളിൽ പ്രവർത്തിക്കുന്നുണ്ട്. നിർമ്മിതിപരമായി തന്നെ ഡിസേബിൾഡ് മനുഷ്യരെയും ആൺ പെൺ ദ്വന്ദ്വത്തിന് പുറമേയുള്ള ശരീരങ്ങളെയും പുറന്തള്ളുന്നതാണ് ശുചിമുറികൾ. ഈ സ്ഥിതിയെയാണ് മാറ്റേണ്ടത്. മൂന്നാമതൊരു കോളം സൃഷ്ടിക്കുകയോ, മൂന്നാമതൊരു ശുചിമുറി നിർമ്മിക്കുകയോ ചെയ്ത് പരിഹരിക്കപ്പെടുന്ന വിഷയങ്ങളല്ല മുന്നേറ്റത്തിന്റെ പ്രധാന ലക്ഷ്യം. ഈ നീക്കങ്ങളെല്ലാം പ്രധാനം തന്നെയും നിലനിൽക്കുന്ന ലിംഗത്വത്തെ മുൻനിർത്തിയ ബൈനറി ചിന്തയെ തകർക്കുന്നതുമാണ്.

ഹിംസാത്മകമായാണ് ശരീരങ്ങളെ ആണും പെണ്ണുമായി വിഭജിച്ചിരിക്കുന്നത്. ശരീരങ്ങളുടെ സ്വതന്ത്രമായ ആവിഷ്കാരങ്ങളെ തടയുന്ന ഈ മെരുക്കൽ പ്രക്രിയയെ വെളിപ്പെടുത്തേണ്ടതും വെല്ലുവിളിക്കേണ്ടതുമാണ് ആത്യന്തിക ലക്ഷ്യം. ജാതി- വർഗ്ഗ രഹിത സമൂഹത്തിന്റെ നിർമ്മിതിയെന്ന പോലെ ആധിപത്യപരമായ ലിംഗത്വം അപ്രസക്തമാകുന്ന സമൂഹത്തെ കുറിച്ചുള്ള രാഷ്ട്രീയ ഭാവനയെയാണ് ക്വിയർ രാഷ്ട്രീയം പിൻപറ്റുന്നത്. ശാരീരികമായ സവിശേഷതകളോടും വൈവിധ്യങ്ങളോടുമുള്ള നിരാസമായി ഈ വാദം തെറ്റിദ്ധരിക്കപ്പെടാം. ശരീരത്തെ അടിസ്ഥാനമാക്കിയ സാമൂഹികപ്രതീക്ഷകളെ നിരസിക്കലാണ് ലക്ഷ്യം. ലിംഗഭേദാടിസ്ഥാനത്തിലുള്ള വേർതിരിവുകളും വിവേചനങ്ങളും അവസാനിപ്പിക്കാൻ ലിംഗത്വരഹിത സമൂഹമെന്ന രാഷ്ട്രീയ ഭാവന പ്രധാനമാണ്. വർഗ്ഗരഹിത, ജാതിരഹിതസമൂഹം പോലെ പ്രധാനമാണ് ലിംഗത്വത്തിന്റെ അടിസ്ഥാനത്തിൽ ശരീരങ്ങളെ ശ്രേണീവത്കരിക്കുന്ന ക്രമങ്ങളുടെ നിർത്തലാക്കലും. ഈ രാഷ്ട്രീയ ഭാവനയിലൂടെ മാത്രമേ ആധിപത്യ വ്യവസ്ഥയിലേക്ക് സ്വാംശീകരിക്കപ്പെടാതെയും അരാഷ്ടീയവത്കരിക്കപ്പെടാതെയും മുന്നേറാൻ നമ്മുക്കാകൂ. ലിംഗത്വം അടിസ്ഥാനമാക്കിയുള്ള വേർതിരിവുകൾ നിർത്തലാക്കുന്നതോടെ ആർക്കും ആരുടെയും ടോയ്‌ലെറ്റുകൾ ഉപയോഗിക്കാമെന്ന സ്ഥിതി വരും. പ്രത്യേക സ്വത്വത്തെ അടിസ്ഥാനമാക്കിയ ടോയ്‌ലെറ്റുകളെക്കാൾ ശുചിത്വവും സൗകര്യപ്രദവുമായ ടോയ്‌ലെറ്റുകളാണ് വേണ്ടതെന്ന് സാരം.


Summary: gender friendly restrooms at maharajas and social media concerns


ആദി⠀

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ റിസർച്ച് സ്കോളർ. പെണ്ണപ്പൻ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments