ഈയിടെ കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ടുണ്ടായ, ഇത്തിരി നേരും ഒത്തിരി നുണയും കലര്‍ന്ന മാദ്ധ്യമചര്‍ച്ചകളാണ് ഈ കുറിപ്പിന് ആസന്നഹേതുവായത്. എന്നാല്‍ അവയെ സംബന്ധിച്ച ഒരു ചര്‍ച്ചയായി ഈ കുറിപ്പിനെ ചുരുക്കാന്‍ എനിക്ക് ഉദ്ദേശ്യമില്ല. ഇടതുപക്ഷത്തു നില്‍ക്കുന്ന കക്ഷിരഹിതനായ ഒരു ജനാധിപത്യവാദി എന്ന നിലയില്‍, സര്‍ക്കാര്‍ ഗ്രാന്റ് കൊണ്ട് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് ഏതുവരെ സ്വാധീനത - ഓട്ടോണമി- ആകാം എന്നതാണ് ഇവിടത്തെ കൂടുതല്‍ വിശാലമായ ആലോചനാവിഷയം.
ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രിയും ഒപ്പം സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റും ആയിരുന്നപ്പോള്‍ നടത്തിയ, പലപ്പോഴും ഉദ്ധരിക്കപ്പെടാറുള്ള, ഒരു പ്രസ്താവനയുണ്ട്: ‘സാഹിത്യ അക്കാദമി പ്രസിഡന്റിനെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കാന്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയെ ഞാന്‍ അനുവദിക്കുകയില്ല.’ പൊതുമേഖലയിലെ സാംസ്‌കാരികസ്ഥാപനങ്ങളുടെ സ്വാധീനതയുടെ അനിവാര്യതയെ സംബന്ധിച്ച അതിപ്രസക്തമായ ഒരു പ്രഖ്യാപനമാണിത്.
കേന്ദ്ര സാഹിത്യ അക്കാദമിയിലുണ്ടായിരുന്ന കാലത്ത്, ഒരിക്കല്‍പോലും ഞങ്ങള്‍ക്ക് സര്‍ക്കാരുകള്‍ക്ക് സ്തുതി പാടുകയോ, സര്‍ക്കാര്‍പരിപാടികളുടെ പ്രചാരണം നടത്തുകയോ മന്ത്രിമാരെയും മറ്റും പരിപാടികള്‍ക്ക് ക്ഷണിക്കുകയോ വേണ്ടിവന്നിട്ടില്ല. അവര്‍ അങ്ങനെ ആവശ്യപ്പെട്ടിരുന്നുമില്ല.
ഇത് ഒരു വെറും പ്രസ്താവമായിരുന്നില്ല. അക്കാദമിയുടെ ഭരണഘടനയില്‍ ഈ തത്വം ഉള്‍ച്ചേര്‍ക്കാനും എഴുത്തുകാരെ അധികാരികള്‍ക്ക് മുകളില്‍ വെയ്ക്കാനും നെഹ്റു ശ്രദ്ധിച്ചു. സ്വാനുഭവം വെച്ചുകൊണ്ട് പറയട്ടെ, ഇംഗ്ലീഷ് എഡിറ്റര്‍ എന്ന നിലയില്‍ നാലു വര്‍ഷവും അക്കാദമിയുടെ ഭരണച്ചുമതലയുള്ള കാര്യദര്‍ശി എന്ന നിലയില്‍ പത്ത് വര്‍ഷവും (1992- 2006) കേന്ദ്ര അക്കാദമിയില്‍ പ്രവര്‍ത്തിച്ച കാലത്ത് ഒരിക്കല്‍ പോലും ഇന്ത്യന്‍ ഗവണ്മെന്റ്, അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും പ്രതിനിധി, അക്കാദമിയോട് ഏതെങ്കിലും വിഷയം അതിന്റെ പരിപാടികള്‍ക്ക് നിര്‍ദ്ദേശിക്കുകയോ, എതെങ്കിലും മന്ത്രിയോ ജനപ്രതിനിധിയോ അതില്‍ ഏതിലെങ്കിലും പങ്കെടുക്കണം എന്ന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അഥവാ ജനറല്‍ ബോഡി, അഥവാ വിവിധ ഭാഷാ- ഉപദേശക സമിതികള്‍, എടുക്കുന്ന ഒരു തീരുമാനത്തെയും ചോദ്യം ചെയ്തിട്ടില്ല. സര്‍ക്കാരിന്റെ, വോട്ടവകാശമുള്ള, പ്രതിനിധികള്‍ അക്കാദമിയുടെ ഭരണസമിതികളില്‍ അംഗങ്ങള്‍ ആയിരിക്കുമ്പോള്‍ തന്നെയാണിത് എന്ന് ഓര്‍ക്കുക. അക്കാദമി അദ്ധ്യക്ഷന്മാരെ തെരഞ്ഞെടുക്കുമ്പോള്‍, മത്സരമുണ്ടെങ്കില്‍, ആര്‍ക്കു വോട്ടു ചെയ്യണം എന്ന് സര്‍ക്കാര്‍ അവരോടു പറയുന്നുണ്ടാകാം, പക്ഷെ അവര്‍ വിരലിലെണ്ണാവുന്നവരായതുകൊണ്ട് അത് തെരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കാറില്ല.
നാലു തരം അംഗങ്ങളാണ് അക്കാദമിയുടെ പൊതുസഭയിലുള്ളത്: സംസ്ഥാന സര്‍ക്കാരിന്റെ (ഇതില്‍ കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടും), അഥവാ, സ്വന്തം അക്കാദമികളുള്ള സംസ്ഥാനങ്ങളാണെങ്കില്‍ അക്കാദമികളുടെ, പ്രതിനിധികള്‍; ഓരോ സംസ്ഥാനത്തും ഒരു സര്‍വ്വകലാശാലയുടെ ഒരു പ്രതിനിധി വീതം (ഈ സര്‍വ്വകലാശാലകള്‍ ഓരോ കുറിയും മാറിമാറി വരും); ഓരോ സംസ്ഥാനത്തും കേന്ദ്ര അക്കാദമിയുടെ അംഗീകാരമുള്ള ഒരു സാഹിത്യ സംഘടനയുടെ (ഒരു സംസ്ഥാനത്ത് ഏഴു വരെ സംഘടനകള്‍ക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്ര അക്കാദമിക്ക് അധികാരമുണ്ട്, അതില്‍ നിന്നുള്ള പ്രതിനിധികളും മാറിമാറി ഓരോ സംഘടനയില്‍ നിന്നാണ് വരിക) ഓരോ പ്രതിനിധി വീതം; അക്കാദമി വിശിഷ്ടാംഗങ്ങള്‍ (ഫെല്ലോസ് അല്ല; അത് വേറെ ഉണ്ട്, അവര്‍ക്ക് വോട്ടില്ല; ഇത് 'എമിനന്റ് മെമ്പേഴ്‌സ്') ആയി തെരഞ്ഞെടുക്കുന്ന മുതിര്‍ന്ന എഴുത്തുകാര്‍. ഇവരെക്കൂടാതെയുള്ളത് സാംസ്‌കാരികവകുപ്പിന്റെയും മറ്റു അക്കാദമികളുടെയും പ്രതിനിധികളാണ്. ഈ പൊതുസഭയാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്, എല്ലാ ഭാഷകള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട്.
പൂര്‍വ്വാനുഭവമാകാം, കേരളത്തിലെ അക്കാദമികളില്‍ സ്വയംഭരണം കൂടുതല്‍ ശക്തമാകണം എന്നും സര്‍ക്കാര്‍ ഇടപെടല്‍ ഓഡിറ്റില്‍ മാത്രം ഒതുക്കിനിര്‍ത്തണം എന്നും ആവശ്യപ്പെടാന്‍ എന്നെ നിര്‍ബന്ധിക്കുന്നത്. അത് വ്യക്തിപരമായ ഒരാവശ്യമല്ല, ജനാധിപത്യത്തിന്റെ ഒരു അനിവാര്യ വ്യവസ്ഥയാണ്.
അതിലും പ്രധാനമായ രണ്ടു സംഗതികള്‍ കൂടി പറയാനുണ്ട്: ഭരണച്ചുതലയുള്ള കാര്യദര്‍ശിയെ (സെക്രട്ടറി) തെരഞ്ഞെടുക്കുന്നത് സര്‍ക്കാര്‍ അല്ല, സര്‍ക്കാരിന്റെ ഒരു പ്രതിനിധി മാത്രം ഉള്‍ക്കൊള്ളുന്ന, എക്‌സിക്യൂട്ടീവ് ബോര്‍ഡ് നിശ്ചയിക്കുന്ന, ഒരു ഇന്റര്‍വ്യൂ ബോര്‍ഡ് ആണ്. അതിന്റെ തെരഞ്ഞെടുപ്പ് അന്തിമമാണ്. സെക്രട്ടറിയുടെ മിനിമം യോഗ്യത സാഹിത്യത്തില്‍ എം.എ, ഡോക്ടര്‍ ബിരുദം ഇവ ആണ്, അഭിലഷണീയമായി സ്വന്തം രചനകള്‍, അക്കാദമിക് പരിചയം ഉള്‍പ്പെടെ ചിലതും ഉണ്ട്. സര്‍ക്കാരിന് നേരിട്ട് ഒരു സെക്രട്ടറിയെ നിയമിക്കാനോ പിരിച്ചുവിടാനോ ആവില്ല എന്നര്‍ത്ഥം. ഇതിനെക്കാളൊക്കെ പ്രധാനമായത്, സര്‍ക്കാര്‍മാറുമ്പോഴും അക്കാദമി സംവിധാനം മാറുന്നില്ല എന്നതാണ്. അഞ്ചു കൊല്ലമാണ് അതിന്റെ കാലാവധി. (പ്രസിഡന്റ് മാറാം, സെക്രട്ടറി 60 വയസ്സ് വരെ തുടരും, സാധാരണ ഒരാള്‍ സെക്രട്ടറി ആകുമ്പോഴേക്കും 50 വയസ്സ് ആയിരിക്കുമെന്നത് കൊണ്ട് മിക്കവാറും പത്ത് വര്‍ഷം ഒരാള്‍ ഉണ്ടാകും). സാംസ്‌കാരികവകുപ്പ് സെക്രട്ടറിമാര്‍ ചിലപ്പോള്‍ സ്ഥാപനങ്ങളുടെ ഭരണാധികാരികളുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടാറുണ്ട്, പക്ഷെ അത് നിര്‍ദ്ദേശങ്ങള്‍ തരാനല്ല, സ്ഥാപനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പു വരുത്താന്‍ മാത്രമാണ്. (ഞാന്‍ ഉള്ളപ്പോള്‍ ഒരിക്കല്‍ മാത്രം കാര്‍ഗില്‍ വിജയം എല്ലാ അക്കാദമികളും ആഘോഷിക്കണം എന്ന് ഒരു നിര്‍ദ്ദേശം നല്‍കി; രണ്ടു അക്കാദമികള്‍ അനുസരിച്ചു, ഞാന്‍ പറ്റില്ല എന്നു പറഞ്ഞു; എഴുത്തുകാര്‍ യുദ്ധങ്ങള്‍ ആഘോഷിക്കില്ല എന്നാണു കാരണം പറഞ്ഞത്, എനിക്കുമേല്‍ ഒരു സമ്മര്‍ദ്ദവും ഉണ്ടായില്ല).
തീര്‍ച്ചയായും വാര്‍ഷിക ഓഡിറ്റ് സര്‍ക്കാര്‍ നടത്താറുണ്ട്. അതിലെ നിരീക്ഷണങ്ങളില്‍ നെഗറ്റിവ് ആയ എന്തെങ്കിലുമുണ്ടെങ്കില്‍ വിശദീകരണവും നല്‍കാറുണ്ട്. അത് ഗ്രാൻറ് നല്‍കുന്നവരുടെ അവകാശമാണ്, ജനാധിപത്യ വ്യവസ്ഥയില്‍, ഒരേയൊരു അവകാശവുമാണ്.
അക്കാദമിയില്‍ ഞാന്‍ ചെയ്ത കാര്യങ്ങള്‍ ഒന്നും വിവരിക്കുന്നില്ല, ഇന്ത്യയിലെ മുതിര്‍ന്ന ഏതു എഴുത്തുകാരോട് ചോദിച്ചാലും അത് അറിയാം. യു. ആര്‍. അനന്തമൂര്‍ത്തിയെപ്പോലുള്ള അദ്ധ്യക്ഷന്മാരെ കിട്ടിയതുകൊണ്ട് എന്റെ ആശയങ്ങള്‍ എളുപ്പം നടപ്പാക്കാന്‍ കഴിഞ്ഞു, ചിലപ്പോള്‍ അദ്ദേഹവും പുതിയ ആശയങ്ങള്‍ നല്‍കി- എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടാത്ത ഭാഷകള്‍ക്ക് 'ഭാഷാ സമ്മാന്‍' എന്ന പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചത് അദ്ദേഹമായിരുന്നു. കേരളത്തില്‍ അദ്ധ്യാപനം തുടര്‍ന്നിരുന്നെകില്‍ കിട്ടുമായിരുന്ന ശമ്പളത്തെക്കാള്‍ എത്രയോ കുറവായിരുന്നു എന്റെ ശമ്പളം, പക്ഷെ ഇന്ത്യയിലെയും, കുറെയൊക്കെ വിദേശങ്ങളിലെയും ഏറ്റവും സര്‍ഗ്ഗാത്മകമായ മനസ്സുകളുമായി സംവദിക്കാന്‍ ആ ജോലി എനിക്ക് അവസരം നല്‍കി. അക്കാദമിയെ എല്ലാ അര്‍ഥത്തിലും ജനകീയമാക്കാനും കഴിഞ്ഞു. ദലിത്- സ്ത്രീ-ആദിവാസി വിഭാഗങ്ങളിലെ എഴുത്തുകാര്‍ക്കും യുവസാഹിത്യകാരര്‍ക്കും വേണ്ടി ഉണ്ടാക്കിയ വേദികളും അവരുടെ അഖിലേന്ത്യാ സമ്മേളനങ്ങളും ആയിരുന്നു അതിലേയ്ക്കുള്ള പ്രധാന പടി. എന്റെ നൈതികരാഷ്ട്രീയത്തില്‍ ഒരു സന്ധിയും ആ ജോലി ആവശ്യപ്പെട്ടില്ല എന്നതാണ് ഏറ്റവും പ്രധാനം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മുന്നണി ഭരിക്കുമ്പോഴാണ് (ഞാന്‍ നിയമിതനാകുമ്പോള്‍ കോൺഗ്രസ് ഭരണമായിരുന്നു) ഞാന്‍ മഹാശ്വേതാദേവിയുമൊത്ത് ഗുജറാത്തില്‍ പോകുന്നതും എഴുത്തുകാരോട് അവിടെ നടന്ന വംശഹത്യയോട് പ്രതികരിക്കാന്‍ ആവശ്യപ്പെട്ട് യോഗം വിളിച്ചുകൂട്ടുന്നതും, 'സാക്ഷ്യങ്ങള്‍' ഉള്‍പ്പെടെ അനേകം പ്രതിരോധരചനകള്‍ നടത്തുന്നതും.
ഇതെല്ലാം ഞാന്‍ എടുത്തുപറഞ്ഞത്, കേന്ദ്ര സാഹിത്യ അക്കാദമി എത്രത്തോളം സ്വാധീനത അനുഭവിച്ചിരുന്നു എന്ന് കാണിക്കാനാണ്. ഒരിക്കല്‍പോലും ഞങ്ങള്‍ക്ക് അക്കാലത്ത് സര്‍ക്കാരുകള്‍ക്ക് സ്തുതി പാടുകയോ, സര്‍ക്കാര്‍പരിപാടികളുടെ പ്രചാരണം നടത്തുകയോ മന്ത്രിമാരെയും മറ്റും പരിപാടികള്‍ക്ക് ക്ഷണിക്കുകയോ വേണ്ടിവന്നിട്ടില്ല. അവര്‍ അങ്ങനെ ആവശ്യപ്പെട്ടിരുന്നുമില്ല- അത് അക്കാദമികളുടെ സ്വാധീനത അവര്‍ക്ക് അറിയാമായിരുന്നതുകൊണ്ടും അവര്‍ ചെറിയ മനുഷ്യര്‍ അല്ലാതിരുന്നതുകൊണ്ടുമാണ്.
ഒരുപക്ഷെ ഈ പൂര്‍വ്വാനുഭവമാകാം, കേരളത്തിലെ അക്കാദമികളില്‍ സ്വയംഭരണം കൂടുതല്‍ ശക്തമാകണം എന്നും സര്‍ക്കാര്‍ ഇടപെടല്‍ ഓഡിറ്റില്‍ മാത്രം ഒതുക്കിനിര്‍ത്തണം എന്നും ആവശ്യപ്പെടാന്‍ എന്നെ നിര്‍ബന്ധിക്കുന്നത്. അത് വ്യക്തിപരമായ ഒരാവശ്യമല്ല, ജനാധിപത്യത്തിന്റെ ഒരു അനിവാര്യ വ്യവസ്ഥയാണ്. അടിസ്ഥാനപരമായ ഒരു പുനര്‍വിചിന്തനവും ബൈലോയുടെ പുതുക്കി എഴുതലും: അതില്‍ കുറഞ്ഞ ഒന്നുമല്ല ഞാനും, എന്റെ ഒപ്പം നില്‍ക്കും എന്നുറപ്പുള്ള ഭിന്ന വിഭാഗങ്ങളില്‍ പെട്ട ജനാധിപത്യവിശ്വാസികളും ആവശ്യപ്പെടുന്നത്. ഒരാളുടെ രാജി കൊണ്ട് അവസാനിപ്പിക്കാവുന്ന പ്രശ്‌നമല്ല ഇത്; അത് എത്രയോ അനായാസമാണ്. അതിന് ഒരു സ്ഥാനമോഹവും ഇല്ലാത്ത ഞാന്‍ എപ്പോഴും തയ്യാറുമാണ്. പക്ഷെ രോഗം കൂടുതല്‍ വലിയ ചികിത്സയാണ് ആവശ്യപ്പെടുന്നത്, അടിസ്ഥാനപരമായ ഒന്ന്, എല്ലാ സര്‍ക്കാരുകള്‍ക്കും ബാധകമായ ഒന്ന്.