വയനാട് പുനരധിവാസം; ഭൂമി ഏറ്റെടുക്കൽ താൽക്കാലികമായി തടഞ്ഞ് ഹെെക്കോടതി, പ്രഖ്യാപിച്ച ഭൂമിയിൽ ടൗൺഷിപ്പിന് രൂപരേഖയുമായി സർക്കാർ

അതിജീവിച്ചവർക്ക് ആശ്വാസമായി സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കവേയാണ് കോടതി വ്യവഹാരത്തിലൂടെ അതിന് തുരങ്കം വെച്ച് ഹാരിസണും എൽസ്റ്റണും രംഗത്തെത്തിയത്.

News Desk

യനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മോഡൽ ടൗൺഷിപ്പ് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും, ഇതുസംബന്ധിച്ച ഹർജി തീർപ്പാക്കുന്നതുവരെ ഏറ്റെടുക്കരുതെന്നാണ് ഹൈക്കോടതി നിർദേശം. ഭൂമിയുടെ കൈവശക്കാരായ എസ്‌റ്റേറ്റ് ഉടമകൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിർദേശം.

മേപ്പാടി പഞ്ചായത്തിലെ ഹാരിസൺ മലയാളത്തിന്റെ ഉടമസ്ഥയിലുള്ള അരപ്പറ്റ എസ്റ്റേറ്റിലെ നെടുമ്പാല ഡിവിഷനിലും കൽപറ്റ നഗരസഭയിലെ എൽസ്റ്റൺ എസ്റ്റേറ്റിലും മോഡൽ ടൗൺഷിപ്പ് നിർമിക്കാനായിരുന്നു മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും എൽസ്റ്റൺ എസ്റ്റേറ്റിലെ കൽപറ്റ ബൈപ്പാസിനോടുചേർന്ന 78.73 ഹെക്ടറുമാണ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഇരു എസ്റ്റേറ്റുകളിലെയും ജനവാസമേഖലകൾ ഒഴിവാക്കിയാണ് ഭൂമി ഏറ്റെടുക്കുന്നത്. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാംഘട്ടമായും വാസയോഗ്യമല്ലാതായിത്തീർന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റു കുടുംബങ്ങളെ രണ്ടാംഘട്ടമായും പുനരധിവസിപ്പിക്കുമെന്നായിരുന്നു തീരുമാനം. ആ തീരുമാനത്തിനെതിരെയാണ് തോട്ടമുടമകൾ കോടതിയെ സമീപിച്ചത്.

ടൗൺഷിപ്പിന് യോജിച്ച മറ്റു സ്ഥലങ്ങളുണ്ടെന്നും തങ്ങൾക്കും ഉരുൾപൊട്ടലിൽ വലിയ നഷ്ടമുണ്ടായിട്ടുണ്ട് എന്നുമാണ് ഹാരിസൺസ് മലയാളത്തിന്റെ വാദം. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരമാണ് എൽസ്‌റ്റോൺ എസ്‌റ്റേറ്റ് ആവശ്യപ്പെട്ടത്.

കേസ് നടപടികൾക്കുള്ള ഹർജിക്കാരുടെ അർഹതയിൽ തർക്കം ഉന്നയിച്ച് രണ്ട് ഉപഹർജികൾ കൂടി എത്തിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതേതുടർന്ന്, എതിർസത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചു. ഹർജികൾ നാളെ വീണ്ടും പരിഗണിക്കും. ഏറ്റെടുക്കാനുള്ള ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ തയാറാണെന്നും തുക കേസ് നിലനിൽക്കുന്ന കോടതിയിൽ നിക്ഷേപിക്കാൻ തയാറാണെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു.

അതിജീവിച്ചവർക്ക് ആശ്വാസമായി സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കവേയാണ് കോടതി വ്യവഹാരത്തിലൂടെ അതിന് തുരങ്കം വെച്ച് ഹാരിസണും എൽസ്റ്റണും രംഗത്തെത്തിയത്. തോട്ടമുടമകളുടെ ഈ നീക്കം ജീവിതത്തിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന തങ്ങളോടുള്ള ദ്രോഹമാണെന്നാണ് ദുരിതബാതിധരുടെ നിലപാട്.

കൃത്യമായ ശമ്പളവും ആനുകൂല്യവും നൽകാത്തതിനാൽ വർഷങ്ങളായി തൊഴിൽ സമരം നടക്കുന്ന എസ്‌റ്റേറ്റാണ് കൽപ്പറ്റയിലെ എൽസ്റ്റൺ. ഇവിടെ പാടികൾ തകർന്നുകിടക്കുകയാണ്. എട്ടുമാസമായി തൊഴിലാളികൾ തേയില നുള്ളുന്നില്ല. ഈ എസ്‌റ്റേറ്റ് വയനാട് പുനരധിവാസത്തിന്റെ ഭാഗമാകുമ്പോൾ തൊഴിലാളികളുടെ പ്രശ്‌നം കൂടി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളി സംഘടനകൾ.

അതിനിടെ, പ്രഖ്യാപിച്ച ഭൂമിയിൽ ഭൂമിയിൽത്തന്നെ ടൗൺഷിപ്പ് നിർമ്മിക്കാനുള്ള രൂപരേഖ സർക്കാർ തയ്യാറാക്കി. ദുരന്തബാധിതരുമായുള്ള ചർച്ചകൾക്കുശേഷം അവരുടെ താത്പര്യങ്ങൾകൂടി പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തിയായിരിക്കും അന്തിമ രൂപരേഖ തയ്യാറാക്കുക.

കിഫ്ബിയുടെ കീഴിലുള്ള 'കിഫ്കോൺ കൺസൽട്ടൻസി'യാണ് രൂപരേഖ തയ്യാറാക്കിയത്. രണ്ടു ടൗൺഷിപ്പിലും അഞ്ഞൂറോളം വീടുകൾ, ആശുപത്രി, സ്‌കൂൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, റോഡുകൾ, വിനോദകേന്ദ്രങ്ങൾ, കളിസ്ഥലം തുടങ്ങിയവയുണ്ടാവും. രണ്ടുസ്‌കൂളുകൾ ദുരന്തത്തിൽ നഷ്ടപ്പെട്ടിട്ടുള്ളത് എവിടെ വേണമെന്നത് ദുരന്തബാധിതരുടെ അഭിപ്രായംകൂടി പരിഗണിച്ചായിരിക്കും നിർമിക്കുക.

റവന്യു വകുപ്പും മേപ്പാടി പഞ്ചായത്തും വെവ്വേറെയായി രണ്ടുപട്ടിക നിലവിൽ തയ്യാറാക്കിയിട്ടുണ്ട്. ഇവ സംയോജിപ്പിച്ച് സർവകക്ഷിയോഗവും മേപ്പാടി പഞ്ചായത്ത് തല യോഗവും ചേർന്നശേഷമായിരിക്കും കരടുപട്ടിക പ്രസിദ്ധീകരിക്കുക. ശേഷം, ആക്ഷേപങ്ങളുണ്ടെങ്കിൽ അതുകൂടി പരിഗണിച്ചായിരിക്കും അന്തിമപട്ടിക തയ്യാറാക്കുക. കോടതിയിൽനിന്ന് അനുകൂലനടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

Comments