Photo : Dr.T.M Thomas Isaac, fb page

ഭാവിയുടെ
​കുടുംബശ്രീ

കുടുംബശ്രീയുടെ കാൽനൂറ്റാണ്ട്​- 3

25ാം വർഷത്തിലേയ്ക്കു കടക്കുമ്പോൾ പ്രാദേശിക സർക്കാരുകളുടെ വികസന പങ്കാളി എന്ന രീതിയിൽ പ്രത്യക്ഷത്തിൽത്തന്നെ കുടുംബശ്രീ മാറിയതായി കാണാൻ കഴിയും. ലോകം ഇന്നു നേരിടുന്ന പല പ്രധാന വെല്ലുവിളികൾക്കുമുള്ള കേരളത്തിന്റെ മറുപടി കൂടിയാണ് കുടുംബശ്രീ.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും

ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി അധികാര വികേന്ദ്രീകരണ പ്രക്രിയയിലെ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത് കുടുംബശ്രീയുടെ ആദ്യകാല ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. മാത്രമല്ല, ആദ്യകാലങ്ങളിൽ അയൽക്കൂട്ട രൂപീകരണം നടന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരുന്നു. ഗ്രാമവികസനവകുപ്പുവഴി സർക്കാർ ഫണ്ടിന്റെ പിന്തുണയോടെ സ്വയം സഹായസംഘങ്ങൾ രൂപീകരിക്കുന്ന സാഹചര്യത്തിൽ, പ്രത്യേക ധനസഹായമില്ലാതെ കാമ്പയിൻ മാതൃകയിലാണ് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ രൂപീകരിക്കപ്പെട്ടത്. ഒരു സ്വയംസഹായ സംഘത്തിന്റെ രൂപീകരണത്തിനും പ്രവർത്തനത്തിനുമായി 10,000 രൂപ വരെ ഗ്രാമവികസന വകുപ്പ് നൽകിയിരുന്ന സാഹചര്യത്തിൽ, അയൽക്കൂട്ട രൂപീകരണവും ആദ്യ ഘട്ട പരിശീലനങ്ങളും ഉൾപ്പെടെ കുടുംബശ്രീയിൽ ഒരു അയൽക്കൂട്ടത്തിന്​ ചെലവായത് 300 രൂപയിൽ താഴെയാണ്.
2003-ൽ കുടുംബശ്രീ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായി ജനകീയാസൂത്രണപ്രക്രിയയിൽ ഭാഗഭാക്കായിരുന്ന റിസോഴ്‌സ്‌ പേഴ്‌സൺമാർക്കും തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർക്കും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർക്കും സംസ്ഥാന തലത്തിൽ ആദ്യഘട്ട പരിശീലനം നൽകി. ഇവർ മുഖേനയാണ് പഞ്ചായത്ത്/നഗരസഭാതലങ്ങളിൽ തുടർപരിശീലനം നടത്തിയത്.

ഇന്ന് രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി ഒന്നിച്ചുനിൽക്കുന്ന വികസനപങ്കാളികളായി കുടുംബശ്രീയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.

ഇതിനുശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പഞ്ചായത്ത് /നഗരസഭാ തല കൺവെൻഷനുകൾ നടത്തി. അതുവരെ നടപ്പാക്കിയിരുന്ന പരിപാടികൾ ചർച്ച ചെയ്യാനും ദാരിദ്ര്യ നിർമാർജനത്തിന്​ മാർഗരേഖ തയ്യാറാക്കാനുമായി ചേർന്ന ‘പഞ്ചായത്തുതല കൺവെൻഷനി'ൽ, അയൽക്കൂട്ടത്തിൽ ചേരേണ്ടവരുടെ വിവരങ്ങൾ, അയൽക്കൂട്ടം രൂപീകരിക്കേണ്ട പ്രാദേശിക ഇടം എന്നിവയുടെ ലിസ്റ്റ് തയ്യാറാക്കി. തുടർന്ന് വാർഡ് തല പൊതുയോഗം നടത്തി അയൽക്കൂട്ടത്തിന്റെ പ്രത്യേകത വിവരിച്ചു. പ്രസ്തുത യോഗം തന്നെ ചെറുയോഗങ്ങളായി കൂടിയിരിക്കുകയും അയൽക്കൂട്ട രൂപീകരണം നടക്കുകയും ചെയ്തു. ഇപ്രകാരം ഒരേ ദിവസം അമ്പതിനായിരത്തോളം അയൽക്കൂട്ടങ്ങൾ വരെ അക്കാലത്ത് രൂപീകരിക്കപ്പെട്ടതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്.

തുടർന്നുള്ള വളർച്ചാഘട്ടങ്ങളിലും പഞ്ചായത്തുകളുടെ/നഗരസഭകളുടെ ഫലപ്രദമായ ഇടപെടലും പിന്തുണയുമുണ്ടായിരുന്നു. ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ തുടർച്ചയായിവന്ന വനിതാ ഘടകപദ്ധതിയിലെ പ്രധാന പ്രവർത്തനങ്ങളിലൊന്നായി കുടുംബശ്രീ അയൽക്കൂട്ട രൂപീകരണം മാറി. പഞ്ചായത്തുകളും നഗരസഭകളും മാച്ചിംഗ് ഗ്രാൻറ്​, റിവോൾവിംഗ് ഫണ്ട്, സംരംഭങ്ങൾക്കുള്ള പരിശീലനം, സബ്‌സിഡി തുടങ്ങിയവ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി. അയൽക്കൂട്ടങ്ങൾക്കുള്ള രജിസ്റ്ററുകൾ, പാസ്ബുക്ക്, രസീതുകൾ എന്നിവ പ്രൊജക്റ്റിന്റെ ഭാഗമാക്കി പ്രിൻറ്​ ചെയ്തു നൽകിയ പഞ്ചായത്തുകളുമുണ്ടായിരുന്നു.

ഇന്ന് രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി ഒന്നിച്ചുനിൽക്കുന്ന വികസനപങ്കാളികളായി കുടുംബശ്രീയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന സർക്കാർ പദ്ധതികളുടെ സാധാരണ ജനങ്ങളിലേയ്ക്കുള്ള ചാലകമാണ് കുടുംബശ്രീ. കൂടാതെ, എല്ലാ വർഷവും കുടുംബശ്രീ തയ്യാറാക്കുന്ന ആവശ്യാധിഷ്ടിത കർമ പരിപാടി (സി. ഡി. എസ് ആക്ഷൻപ്ലാൻ) യുടെ മാതൃകയിൽ നിന്ന്​ രൂപപ്പെട്ടതാണ് ഇപ്പോൾ എൻ.ആർ.എൽ.എം രാജ്യത്തൊട്ടാകെ നടപ്പിലാക്കാൻ ശ്രമിയ്ക്കുന്ന വി.പി. ആർ.പി (Village Poverty Reduction Plan). ഈ കർമപരിപാടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്ലാനുമായി സംയോജിപ്പിക്കുകയും നിർവഹണത്തിൽ പങ്കാളികളാവുകയും ചെയ്യുന്നു. 14-ാം പഞ്ചവത്സര പദ്ധതിയുടെ മാർഗനിർദ്ദേശങ്ങളിൽ വി.പി.ആർ.പി/ യു.പി.ആർ.പി പദ്ധതികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി രൂപീകരണത്തിൽ പരിഗണന നൽകണമെന്നും ഈ പദ്ധതിയിലെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കണം വർക്കിംഗ് ഗ്രൂപ്പുകൾ പ്രൊജക്റ്റുകൾ തയ്യാറാക്കേണ്ടതെന്നും നിർദ്ദേശിക്കുന്നുണ്ട്.

ചിലയിടത്തെങ്കിലും കുടുംബശ്രീ സി. ഡി.എസുകളുടെ സ്വയംഭരണരീതിയെ മാനിയ്ക്കാത്ത സവിശേഷ സാഹചര്യമുണ്ടായി. അപൂർവ്വം ചിലയിടങ്ങളിലെങ്കിലും, തദ്ദേശ സ്വയംഭരണ സ്ഥാപന സമിതി നിശ്ചയിക്കുന്നവർ ഭാരവാഹികളാകുന്ന അവസ്ഥയും ആ ഭാരവാഹിത്വം തന്നെ വ്യക്തികേന്ദ്രീകൃതമാകുന്ന അവസ്ഥയുമുണ്ടായി.

ഏകീകൃത ബൈലൊയും തെരഞ്ഞെടുപ്പും

തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലെ വികസന പ്രക്രിയയിലെ പ്രധാന ഏജൻസിയായി കുടുംബശ്രീ മാറിയെങ്കിലും ചിലയിടത്തെങ്കിലും കുടുംബശ്രീ സി. ഡി.എസുകളുടെ സ്വയംഭരണരീതിയെ മാനിയ്ക്കാത്ത സവിശേഷ സാഹചര്യമുണ്ടായി. അപൂർവ്വം ചിലയിടങ്ങളിലെങ്കിലും, തദ്ദേശ സ്വയംഭരണ സ്ഥാപന സമിതി നിശ്ചയിക്കുന്നവർ ഭാരവാഹികളാകുന്ന അവസ്ഥയും ആ ഭാരവാഹിത്വം തന്നെ വ്യക്തികേന്ദ്രീകൃതമാകുന്ന അവസ്ഥയുമുണ്ടായി. ഈ സവിശേഷ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് കുടുംബശ്രീ ബൈലോയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന ആശയം പാലോളി മുഹമ്മദ്കുട്ടി മുന്നോട്ടുവെക്കുന്നത്. തുടർന്ന് ശാരദ മുരളീധരൻ, ടി. എൻ. സീമ എന്നിവരുടെ നേതൃത്വത്തിൽ ബൈലോ പരിഷ്‌കരണ കമ്മിറ്റി രൂപീകരിക്കുകയും 2008-ൽ കുടുംബശ്രീ ഏകീകൃത ബൈലോ നിലവിൽവരികയും ചെയ്തു.

രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശത്തിന്റെ പ്രാക്റ്റീസ് ആണ് കുടുംബശ്രീയിൽ നടക്കുന്നതെന്ന് വിമർശനപരമായി പലരും പറയാറുണ്ട്. ആ വിമർശനം സത്യത്തിൽ ഒരംഗീകാരം കൂടിയാണ്

ത്രിതല സംഘടനാസംവിധാനത്തിലെ ഭാരവാഹികളുടെ ചുമതലകളെക്കുറിച്ചുള്ള വ്യക്തതക്കുറവ്, ബൈലോകൾ വ്യത്യസ്തരീതിയിൽ വ്യാഖ്യാനിക്കുന്ന സംവിധാനം, എസ്. സി / എസ്. ടി വിഭാഗങ്ങൾക്ക് പ്രാതിനിധ്യമില്ലായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് സി.ഡി.എസിനെ പിരിച്ചുവിടാനുള്ള സ്വാതന്ത്ര്യം, തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ ചുമതലയിൽ കൃത്യതയില്ലാത്ത അവസ്ഥ എന്നിങ്ങനെ വിവിധ മേഖലയിലുള്ള അവ്യക്തത അന്നുണ്ടായിരുന്ന ബൈലോയുടെ അപര്യാപ്തതയായി കമ്മിറ്റി വിലയിരുത്തി. ഈ വിഷയങ്ങളെല്ലാം പരിഗണിച്ചുകൊണ്ടായിരുന്നു ഏകീകൃത ബൈലോ നിലവിൽ വന്നത്.
കുടുംബശ്രീയുടെ സാമൂഹ്യ സംഘടനാ സംവിധാനത്തിന്റെ മുകളിലുള്ള ഘടനയായി തുടക്കം മുതൽ വിഭാവനം ചെയ്തത് തദ്ദേശ സ്ഥാപനങ്ങളോടു ചേർന്നു പ്രവർത്തിക്കുന്ന സി.ഡി.എസ് ആണ്. സി.ഡി. എസ് വിഭാവനം ചെയ്തത് പ്രാദേശിക സർക്കാരുകളുടെ ഉപഘടകമായല്ല, മറിച്ച് വികസന പങ്കാളിയായാണ്. ഈ പരസ്പര ബന്ധവും പങ്കാളിത്തവും ഉറപ്പുവരുത്തിക്കൊണ്ടുതന്നെ സി.ഡി. എസിന്റെ സ്വയംഭരണാവകാശം ഊട്ടിയുറപ്പിക്കുന്ന നിയമാവലിയായിരുന്നു ഏകീകൃത ബൈലോ. ഇതുപ്രകാരം ത്രിതല സംഘടനാസംവിധാനത്തിലെ ഭാരവാഹികളുടെ ചുമതല കൃത്യമായി നിർവചിക്കുകയും ഭാരവാഹിത്വത്തിനായി തെരഞ്ഞെടുപ്പ് കൊണ്ടുവരികയും ചെയ്തു. തെരഞ്ഞെടുപ്പു രീതിയിൽ വരുത്തിയ മാറ്റം ഭാരവാഹി തെരഞ്ഞെടുപ്പിനെ വലിയ തോതിൽ ജനാധിപത്യവൽക്കരിച്ചു. മുൻപ്​ അഭിപ്രായ സമന്വയം വഴിയാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതെന്നു പറയുന്നുണ്ടെങ്കിൽപ്പോലും അത് പൂർണമായും ജനാധിപത്യരീതിയിലായിരുന്നില്ല. പുതുക്കിയ ബൈലോ പ്രകാരം, ബാഹ്യ ഇടപെടൽ ഒഴിവാക്കാൻ അയൽക്കൂട്ട, എ.ഡി.എസ് തലങ്ങളിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനുള്ള പിന്തുണ ഉദ്യോഗസ്ഥർ നൽകുമ്പോഴും തെരഞ്ഞെടുപ്പുയോഗത്തിൽ പ്രവേശനം ഒഴിവാക്കി. സി.ഡി.എസ് തെരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർക്കുമാത്രം പങ്കെടുക്കാം. എല്ലാ എ.ഡി. എസുകളിൽ നിന്നുമുള്ള പ്രാതിനിധ്യം സി.ഡി.എസിൽ ഉറപ്പാക്കുന്ന രീതിയിൽ സി. ഡി.എസ് ഘടന പുനർനിർണയിച്ചു. ഭാരവാഹിതത്വത്തിന്​ കൃത്യമായ കാലയളവ് കൊണ്ടുവരാനും ഇതുവഴി പുതിയ നേതൃത്വത്തെ സജ്ജമാക്കാനും സാധിച്ചു.

മുസോറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷനിലെ വിപണന മേളയിൽ കുടുംബശ്രീ അംഗങ്ങൾ

അയൽക്കൂട്ടം മുതൽ എല്ലാ ഘടനയിലും ഭാരവാഹിത്വത്തിൽ എസ്.സി /എസ്. ടി പ്രാതിനിധ്യം ഉറപ്പാക്കുകയും നിശ്ചിത ശതമാനം സി.ഡി.എസ് ചെയർപേഴ്​സൺ സ്ഥാനത്ത് എസ്.സി /എസ്. ടി വിഭാഗങ്ങൾക്കായി സംവരണം ഏർപ്പെടുത്തുകയും വഴി പാർശ്വവൽക്കരിക്കപ്പെട്ടവരെ കൂടുതലായി നേതൃത്വത്തിലെത്തിക്കാൻ സാധിച്ചു. സാമ്പത്തിക ക്രമക്കേടുകളോ തെറ്റായ പ്രവർത്തനങ്ങളോ ഉണ്ടായാൽ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകത ബൈലോയിൽ രേഖപ്പെടുത്തി. നിലവിലെ കണക്ക്​ പരിശോധിച്ചാൽ സി.ഡി. എസ് ചെയർപേഴ്​സൺമാരിൽ 85 ശതമാനവും പുതിയ ആളുകളാണെന്ന്​ കാണാം.

കൂടാതെ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും കുടുംബശ്രീ സി.ഡി.എസും തമ്മിലുള്ള ബന്ധം കൃത്യമായി നിർവചിക്കുന്ന രീതിയിൽ വിലയിരുത്തൽ സമിതികൾ എന്ന ആശയവും ഒപ്പം വാർഡ് തലത്തിൽ എ.ഡി.എസുകളുടെ രക്ഷാധികാരിയായി വാർഡിലെ ജനപ്രതിനിധിയെ ചുമതലപ്പെടുത്തുന്ന രീതിയും ബൈലോ മുന്നോട്ടുവെച്ചു. ബൈലോ പ്രകാരം ഒരേസമയം സി.ഡി.എസിന്​ സ്വതന്ത്ര ഏജൻസിയായി പ്രവർത്തിക്കുന്നതിനുള്ള അവകാശവും അതേസമയം തദ്ദേശ സ്ഥാപനങ്ങൾക്ക് സി.ഡി.എസ്​ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള ഇടവും നൽകി.

ഈ കാലഘട്ടത്തിൽത്തന്നെയാണ് ഇന്നു കാണുന്ന തരത്തിൽ കുടുംബശ്രീ ലോഗോ തയ്യാറാവുന്നത്. സാമ്പത്തിക- സാമൂഹ്യ- സ്ത്രീ ശാക്തീകരണത്തെ സൂചിപ്പിക്കുന്ന മൂന്നു പൂക്കളാണ് ലോഗോയിലുള്ളത്. പുതിയ വസന്തത്തിന്റെ തുടക്കം എന്ന നിലയിലും പൂക്കൾ അർത്ഥവത്താകുന്നു. സ്ത്രീകളായി കൂടി കണക്കാക്കാവുന്ന വിടരുന്ന പൂക്കൾ പ്രതീക്ഷയുടെയും സ്വാതന്ത്ര്യത്തിന്റെയും ആഹ്ലാദത്തിന്റെയും പ്രതീകങ്ങളാണ്​. പുരോഗതിക്കായുള്ള പരിശ്രമത്തെയും പുത്തൻപാത വെട്ടിത്തുറക്കുവാനുള്ള വ്യഗ്രതയേയും ലോഗോ സൂചിപ്പിക്കുന്നു. സ്ത്രീവിമോചനത്തിന്റെ നിറമായ വയലറ്റും ഐശ്വര്യത്തിന്റെയും കാർഷികാഭിവൃദ്ധിയുടെയും നിറമായ പച്ചയുമാണ് ലോഗോയ്ക്കു നൽകിയത്.

സർക്കാർ ഏജൻസി എന്ന നിലയിൽ കുടുംബശ്രീക്കു ലഭിക്കുന്ന അംഗീകാരവും സ്വീകര്യതയും വലിയ മൂലധനമാണ്.

സർക്കാർ പിന്തുണ

കുടുംബശ്രീ സംഘടനാസംവിധാനത്തിന്​ പ്രൊഫഷണൽ പിന്തുണ നൽകാനായുള്ള മിഷൻ സംവിധാനവും സാമ്പത്തിക സഹായവുമാണ് ഏറ്റവും പ്രധാനപ്പെട്ട സർക്കാർ പിന്തുണകൾ.

കുടുംബശ്രീ രൂപീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിൽ തന്നെ, 1997-98 ലെ ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയതായി പരാമർശിച്ചിട്ടുണ്ട്. കുടുംബശ്രീ രൂപീകൃതമായശേഷം നഗരദാരിദ്ര്യ ലഘൂകരണ സെൽ (യു.പി.എ സെൽ) കുടുംബശ്രീയിലേക്കു ലയിപ്പിക്കുകയും കുടുംബശ്രീയെ സംസ്ഥാന അർബ്ബൻ ഡെവലപ്പ്‌മെൻറ്​ ഏജൻസിയായി പ്രഖ്യാപിക്കുകയും ചെയ്തത് നാഴികക്കല്ലാണ്. തുടർന്ന്​ എല്ലാ വർഷങ്ങളിലും കുടുംബശ്രീ പ്രവർത്തനങ്ങൾക്കുവേണ്ടി സംസ്ഥാന പ്ലാൻ ഫണ്ടിൽ തുക വകയിരുത്തിവരുന്നു.

കുടുംബശ്രീ സംഘടനാ സംവിധാനം എല്ലാ പഞ്ചായത്തുകളിലും വ്യാപിക്കുന്ന അവസരത്തിലും എസ്. ജി. എസ്. വൈ സ്വയംസഹായസംഘങ്ങൾ രൂപീകരിക്കപ്പെട്ടിരുന്നു. ഈ സംഘങ്ങളെ കുടുംബശ്രീ അയൽക്കൂട്ടങ്ങളാക്കി മാറ്റി സംഘടനാ സംവിധാനത്തിൽ ലയിപ്പിക്കാനുള്ള സർക്കാർ തീരുമാനം 2008-ൽ വന്നതോടെ, സർക്കാർ നേതൃത്വത്തിലുള്ള ദാരിദ്ര്യനിർമാർജ്ജനത്തിനുള്ള സ്ത്രീകളുടെ സംഘടനാ സംവിധാനം കുടുംബശ്രീ മാത്രമായി മാറി. സർക്കാർ ഏജൻസി എന്ന നിലയിൽ കുടുംബശ്രീക്കു ലഭിക്കുന്ന അംഗീകാരവും സ്വീകര്യതയും വലിയ മൂലധനമാണ്. ജനകീയ ഹോട്ടലുകൾ, ഹരിത കർമസേന, ന്യൂട്രിമിക്‌സ് യൂണിറ്റുകൾ, റെയിൽവെ പാർക്കിങ് മാനേജ്‌മെൻറ്​, സർക്കാർ ഓഫീസുകളിലെ കാന്റീൻ യൂണിറ്റുകൾ തുടങ്ങിയ ഇടപെടലുകളിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കുന്ന സംരംഭക പ്രവർത്തനങ്ങൾക്ക് സർക്കാർ തന്നെ മുൻകയ്യെടുത്തു.

കുടുംബശ്രീ അട്ടപ്പാടിയിൽ നടപ്പിലാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയിലെ കാർഷിക ഉപജീവന പ്രവർത്തനത്തിൽ നിന്ന്

സ്വാശ്രയത്വം, തൊഴിൽസുരക്ഷ, തുല്യത എന്നീ കാഴ്ചപ്പാടുകൾ മുന്നോട്ടുവെയ്ക്കുന്ന നയസമീപനമാണ് കുടുംബശ്രീയുടെ കാതൽ. പ്രവാസി ഭദ്രതാ പദ്ധതി, കുടുംബശ്രീ എ. ഡി. എസുകൾക്കുള്ള വൾണറബിലിറ്റി റിഡക്ഷൻ ഫണ്ട്, പ്രളയകാലത്തും കോവിഡ് കാലത്തുമുള്ള സഹായവായ്പകൾ, തൊഴിലുറപ്പുപദ്ധതി, ജൽ ജീവൻ മിഷൻ, സ്‌കൂളുകളിലെ പാഠപുസ്തക വിതരണം തുടങ്ങിയ സർക്കാർ പദ്ധതികളിലെ കുടുംബശ്രീയുടെ ഇടം ഉറപ്പാക്കൽ, തൊഴിൽ പദ്ധതികളിലും പരിപാടികളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണത്തിലും കുടുംബശ്രീ വനിതകൾക്ക് മുൻഗണന തുടങ്ങി വിവിധ പദ്ധതികളിലൂടെ കുടുംബശ്രീയുടെ നയസമീപനത്തെ സർക്കാർ പിന്തുണക്കുന്നു.

വെല്ലുവിളി, അതിജീവനം

2009 ലെ ബൈലോ പരിഷ്‌കരണവും തെരഞ്ഞെടുപ്പ് രീതിയും ചിലയിടത്തെങ്കിലും തദ്ദേശ സ്വയംഭരണസ്ഥാപനതലത്തിൽ എതിർപ്പ്​ സൃഷ്ടിച്ചു. ജനപ്രതിനിധികളുടെ നിയന്ത്രണത്തിൽ നിന്ന്​ മാറി മറ്റൊരധികാരകേന്ദ്രമായി സി.ഡി.എസുകൾ മാറുന്നു എന്ന ആരോപണമുണ്ടായി. വലിയ തോതിലുള്ള ബൈലോ പഠന കാമ്പയിനുകളും പ്രവർത്തനങ്ങളും ഇതേത്തുടർന്നു നടന്നു. കുടുംബശ്രീ മിഷന്റെ സംസ്ഥാന നേതൃത്വം ഗ്രാമപഞ്ചായത്ത് അസോസിയേഷനുമായും ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് അസോസിയേഷനുകളുമായും ചെയർമാൻ ചെംബറുമായും മേയേഴ്‌സ് കൗൺസിലുമായും ചർച്ച നടത്തുകയും ഇവരുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപന അദ്ധ്യക്ഷർക്കും ജനപ്രതിനിധികൾക്കുമായി പഠന ശില്പശാലകൾ സംഘടിപ്പിക്കുകയും ചെയ്തു. ജനപ്രതിനിധികളെയും സംഘടനാ ഭാരവാഹികളെയും ഒന്നിച്ചുചേർത്ത്​ ശില്പശാലകൾ സംഘടിപ്പിക്കുകയും കൂട്ടായ പ്രവർത്തനത്തിന്​ പ്രാദേശിക സാമ്പത്തിക വികസന കാമ്പയിൻ സംഘടിപ്പിക്കുകയും ചെയ്തു. ഒന്നിച്ചുപ്രവർത്തിക്കാൻ അവസരമുണ്ടെന്നും സംയോജിത പ്രവർത്തനങ്ങളാണ് ആവശ്യമെന്നുമുള്ള തിരിച്ചറിവുണ്ടാക്കാൻ ഈ കാമ്പയിൻ സഹായിച്ചു. ഇതിന്റെ ഫലമായി നിരവധി സംരംഭങ്ങളും സംഘകൃഷി ഗ്രൂപ്പുകളും ഉണ്ടായി. ഈ പ്രവർത്തനാനുഭവം, ത്രിതല സംഘടനാ സംവിധാനവും തദ്ദേശ സ്വയംഭരണ സംവിധാനവും തമ്മിലുള്ള പങ്കാളിത്ത പ്രവർത്തനരീതിയ്ക്കും ശൈലിയ്ക്കും കൂടുതൽ ശക്തി പകരുന്നതായിരുന്നു.

2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ ഭരണസംവിധാനങ്ങൾ ചിലയിടങ്ങളിലെങ്കിലും കുടുംബശ്രീ പ്രസ്ഥാനത്തെ സംശയത്തോടെ കാണുകയും മാറ്റിനിർത്തുകയും ചെയ്തത് പരക്കെ അതൃപ്തി സൃഷ്ടിക്കുകയും പലയിടങ്ങളിലും സംഘർഷമുണ്ടാക്കുകയും ചെയ്തു.

2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ ഭരണസംവിധാനങ്ങൾ ചിലയിടങ്ങളിലെങ്കിലും കുടുംബശ്രീ പ്രസ്ഥാനത്തെ സംശയത്തോടെ കാണുകയും മാറ്റിനിർത്തുകയും ചെയ്തത് പരക്കെ അതൃപ്തി സൃഷ്ടിക്കുകയും പലയിടങ്ങളിലും സംഘർഷമുണ്ടാക്കുകയും ചെയ്തു. മിക്ക സ്ഥലങ്ങളിലും ഈ അവസ്ഥ മാറ്റിയെടുക്കാൻ സി.ഡി. എസുകളുടെ നേതൃത്വത്തിൽ പ്രാദേശിക ഇടപെടലുണ്ടായി. ദാരിദ്ര്യനിർമാർജ്ജന പ്രവർത്തനങ്ങളിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ എങ്ങനെ ഏകോപിച്ചു പ്രവർത്തിക്കാമെന്നതും ഈ പ്രവർത്തനങ്ങളിൽ കുടുംബശ്രീയുടെ ഇടപെടൽ ശേഷിയും അനുഭവവും എന്താണെന്നും തിരിച്ചറിയുന്നതിന്​ നടത്തിയ കാമ്പയിനായിരുന്നു വനിതാ കർഷകരുടെ അനുഭവസമാഹരണ പ്രക്രിയ. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളിലെ വനിതാ കർഷകർ അനുഭവങ്ങളും വിജയഗാഥകളും പങ്കിട്ട കാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്ത്/നഗരസഭാ അധ്യക്ഷർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, കർഷകർ എന്നിവർ ഈ സംഗമത്തിൽ അനുഭവങ്ങൾ വിലയിരുത്തുന്ന പാനൽ അംഗങ്ങളായി പങ്കെടുത്തു. കുടുംബശ്രീ പ്രവർത്തകരുടെ അറിവും അനുഭവവും ആത്മവിശ്വാസവും തിരിച്ചറിയാൻ ഇത് സഹായകമായി. മാത്രമല്ല, കുടുംബശ്രീ സംവിധാനത്തെ പഞ്ചായത്ത്/നഗരസഭകളുടെ വികസന പരിപാടിയിലെ സജീവ ഏജൻസിയായി കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന തരത്തിലേയ്ക്ക് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് മാറാനും സാധിച്ചു.

കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തപ്പോൾ

2011 ൽ നിയമസഭാ തെരഞ്ഞെടുപ്പുവരികയും സംസ്ഥാന ഭരണനേതൃത്വം മാറുകയും ചെയ്ത സാഹചര്യത്തിൽ വീണ്ടും ചില അസ്വാരസ്യങ്ങൾ കുടുംബശ്രീ സംവിധാനത്തിനുനേരെയുണ്ടായി. കുടുംബശ്രീക്കു നേരെ രാഷ്ട്രീയാരോപണമുണ്ടാകുന്നത് ഈ കാലയളവിലാണ്. നിയമസഭാ സാമാജികരെ പങ്കെടുപ്പിച്ച്​ ബ്ലോക്ക്- ജില്ലാ തലങ്ങളിൽ നടത്തിയ വിജയാനുഭവ സംഗമങ്ങളാണ് ഈ സാഹചര്യം മറികടക്കാൻ സഹായിച്ചത്. ഇവിടെയും കുടുംബശ്രീ പ്രവർത്തകരുടെ അറിവും അനുഭവവും തന്നെയായിരുന്നു കൈമുതൽ. സംരംഭ വികസനം, കൃഷി, സാമൂഹ്യ വികസനം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സംഘടനാ സംവിധാനത്തിലെ സ്ത്രീകൾ പ്രവർത്തനാനുഭവം പങ്കുവെച്ചു. കുടുംബശ്രീ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളും സമൂഹത്തിൽ ഇടപെട്ട രീതിയും ചർച്ച ചെയ്യപ്പെട്ടു. ഈ സംഗമങ്ങളിൽ എം.എൽ.എമാരും മന്ത്രിമാരും പങ്കെടുത്തു. തുടർന്ന് വിജയാനുഭവസംഗമത്തിന്റെ സംസ്ഥാനതല സംഗമം തിരുവനന്തപുരത്ത്​ നടന്നു. കുടുംബശ്രീയുടെ സാധ്യത മനസ്സിലാക്കാൻ ഭരണകർത്താക്കൾക്ക് അവസരമുണ്ടാക്കാൻ സംഘടിപ്പിച്ച ഈ കാമ്പയിനുണ്ടാക്കിയ ഉണർവ്​ നിലനിർത്തേണ്ടത് ഒരാവശ്യമായിരുന്നു. അങ്ങനെയാണ് തുടർച്ചയെന്നോണം പുസ്തകയാത്ര നടക്കുന്നത്.

പുസ്തകയാത്രയിൽ രണ്ടു ഭാഗങ്ങളാണുണ്ടായിരുന്നത്. സാധാരണ കുടുംബങ്ങളിലെ സ്ത്രീകൾ അയൽക്കൂട്ടതലങ്ങളിൽ അവരുടെ അനുഭവങ്ങളെഴുതി സി.ഡി.എസ് തലത്തിൽ ക്രോഡീകരിച്ച്​ പുസ്തകമാക്കിയതാണ് ആദ്യഭാഗം. സി.ഡി. എസ് തലത്തിൽ ഈ അനുഭവങ്ങൾ ക്രോഡീകരിക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനും സ്ത്രീകളുടെ എഡിറ്റോറിയൽ ടീമിനെ സജ്ജമാക്കി. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും കുടുംബശ്രീ സംവിധാനത്തിനുപുറത്തുനിന്ന് ഇപ്രകാരം എഡിറ്റർമാരെ തെരഞ്ഞെടുക്കുകയും കേരളത്തിലാകെ പതിനയ്യായിരത്തോളം വനിതാ എഡിറ്റർമാരെ പരിശീലിപ്പിക്കുകയും ചെയ്തു.

2012 ൽ സംസ്ഥാന സർക്കാർ കുടുംബശ്രീയും ജനശ്രീയും ഒരുപോലെ എന്ന സമീപനത്തിൽ സർക്കാർ ധനസഹായം ജനശ്രീയ്ക്ക് നൽകാനുള്ള തീരുമാനമായിരുന്നു മറ്റൊരു സംഘർഷത്തിലേക്ക് നയിച്ചത്.

കുടുംബശ്രീയുടെ ഇടപെടൽ മേഖലകളെ കോർത്തിണക്കി ഭേരി എന്ന കലാജാഥയായിരുന്നു പുസ്തകയാത്രയുടെ മറ്റൊരു പ്രധാന ഭാഗം. രണ്ടു കലാജാഥ ടീമുകളെ സജ്ജമാക്കി പാറശ്ശാല നിന്നും കാസർകോഡു നിന്നും യാത്ര ആരംഭിച്ച്, എല്ലാ നിയമസഭാ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി എറണാകുളത്ത് സംഗമിക്കുന്ന രീതിയിലാണ് പുസ്തകയാത്ര നടത്തിയത്. ഈ കലാജാഥ സി.ഡി. എസ് തയ്യാറാക്കിയ പുസ്തകം ഏറ്റുവാങ്ങുകയും വലിയ ജനാവലിയുടെ മുന്നിൽ സ്ത്രീകൾ അവരുടെ ജീവിതത്തിൽ കുടുംബശ്രീ വരുത്തിയ സ്വാധീനം അവതരിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി വലിയ പൊതുപരിപാടിയായി സംഘടിപ്പിച്ച ഈ പുസ്തകസ്വീകരണത്തിൽ സ്ത്രീകളുടെ അവതരണങ്ങളോടു പ്രതികരിച്ച്​ എം.എൽ.എമാർ സംസാരിച്ചു. എല്ലാ കേന്ദ്രങ്ങളിലും കലാജാഥാ ടീമുകൾ നാടകങ്ങളും ലഘു സംഗീതശില്പങ്ങളും അവതരിപ്പിച്ചു.
വനിതാ കർഷകരുടെ അനുഭവ സമാഹരണ ശില്പശാലകൾ, ബ്ലോക്ക്- ജില്ലാ-സംസ്ഥാന തല വിജയാനുഭവ സംഗമങ്ങൾ, പുസ്തകയാത്ര എന്നീ മൂന്നു പരിപാടികളിലൂടെ കേരളസമൂഹത്തിലും വികസന പ്രവർത്തനങ്ങളിലും കുടുംബശ്രീ സംവിധാനത്തിന്റെ ശക്തിയും സ്വാധീനവും പ്രാധാന്യവും വ്യക്തമായി മനസ്സിലാക്കാൻ എല്ലാവർക്കും സാധിച്ചു.

2012 ൽ സംസ്ഥാന സർക്കാർ കുടുംബശ്രീയും ജനശ്രീയും ഒരുപോലെ എന്ന സമീപനത്തിൽ സർക്കാർ ധനസഹായം ജനശ്രീയ്ക്ക് നൽകാനുള്ള തീരുമാനമായിരുന്നു മറ്റൊരു സംഘർഷത്തിലേക്ക് നയിച്ചത്. (2006 ൽ രാഷ്ട്രീയ സംഘടനയുടെ ആഭിമുഖ്യത്തിൽ രൂപീകരിക്കപ്പെട്ട ജനശ്രീക്ക് 2010 ൽ ബാങ്കിംഗ് ഇതര സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുമതി ലഭിച്ചത് 2010 ലായിരുന്നു). ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ പദ്ധതിരേഖകൾ അന്തിമഘട്ടത്തിലേക്കു കടക്കുന്ന പശ്ചാത്തലത്തിൽ എൻ.ആർ.എൽ.എം ഫണ്ടുകൾ ജനശ്രീ വഴി നടപ്പിലാക്കാനുള്ള ശ്രമം കൂടി ഈ സർക്കാർ സ്വീകരിച്ചു. ഈ സംഘർഷം തന്നെയാണ് കുടുംബശ്രീ സംവിധാനത്തിന് സ്വയംശക്തി തിരിച്ചറിയാനും അത്​വെളിപ്പെടുത്താനും സാധിച്ച അവസരം. വിവിധ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ വിശ്വസിക്കുന്നവർപോലും രാഷ്ട്രീയത്തിനതീതമായി ഒന്നുചേരുകയും സംഘടിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകൾ കൂട്ടം കൂട്ടമായെത്തിച്ചേരുകയും ഒരു മാസത്തിലധികം സെക്രട്ടേറിയറ്റിനുമുന്നിൽ സമരം നടത്തുകയും ചെയ്തു. എൻ.ആർ.എൽ.എം പദ്ധതി കുടുംബശ്രീ മുഖേനയേ കേരളത്തിൽ നടപ്പിലാക്കൂ എന്ന്​ അന്ന്​ കേന്ദ്രമന്ത്രിയായിരുന്ന ജയറാം രമേശ് വ്യക്തമാക്കിയതോടെ സംസ്ഥാന സർക്കാർ സമരം ഒത്തുതീർക്കാൻ സമ്മതിച്ചു.

ഈ കാമ്പയിനുകളും ഇടപെടലുകളും കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ശക്തി തിരിച്ചറിയുന്നതിനും പുതിയ കരുത്തും ഊർജ്ജവും പകരുന്നതിനും സഹായിച്ചു. കൂടാതെ, കുടുംബശ്രീ പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ സൃഷ്ടിച്ച മാറ്റവും ഇടപെടൽ സാധ്യതകളും മനസ്സിലാക്കിയതോടെ പല എതിർപ്പും ഇല്ലാതായി. മാത്രമല്ല, തദ്ദേശ സ്ഥാപങ്ങൾ നടപ്പിലാക്കുന്ന പദ്ധതികളുടെ നിർവഹണത്തിൽ എപ്രകാരം കുടുംബശ്രീ സംവിധാനത്തിന്​ ഇടപെടാനും പിന്തുണക്കാനും സാധിക്കുമെന്നു കൂടി ബോധ്യപ്പെടുത്താൻ കഴിഞ്ഞു.

കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 28.3 ആണ്. 2001 ലെ സെൻസസ് പ്രകാരം ഇത് 15.3 ആയിരുന്നു. ഈ നിരക്ക് ഉയർന്നതിൽ കുടുംബശ്രീയുടെ പങ്ക് കാണാതെ വയ്യ.

സർക്കാരുകളുടെ വികസന പങ്കാളി

25ാം വർഷത്തിലേയ്ക്കു കടക്കുമ്പോൾ പ്രാദേശിക സർക്കാരുകളുടെ വികസന പങ്കാളി എന്ന രീതിയിൽ പ്രത്യക്ഷത്തിൽത്തന്നെ കുടുംബശ്രീ മാറിയതായി കാണാൻ കഴിയും. ഗ്രാമസഭ പ്രവർത്തനം, ആശ്രയ, ബഡ്‌സ് തുടങ്ങി സമൂഹത്തിലെ അതിദുർബലർക്കുവേണ്ടിയുള്ള ഇടപെടലുകൾ, പ്രാദേശിക സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്തങ്ങളായ ഭവനം, ശുചിത്വം, ദുരന്ത നിവാരണം എന്നീ മേഖലകളിലെ ഇടപെടലുകൾ തുടങ്ങി പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും സാധാരണ ജനങ്ങളിലേക്കെത്തിക്കുന്നതിനും പ്രവർത്തനഫലം ഉറപ്പാക്കുന്നതിനും പിന്തുണ നൽകുന്നതിനും കുടുംബശ്രീ മുന്നിലുണ്ട്. ലോകം ഇന്നു നേരിടുന്ന പല പ്രധാന വെല്ലുവിളികൾക്കുമുള്ള കേരളത്തിന്റെ മറുപടി കൂടിയാണ് കുടുംബശ്രീ.

യു.എൻ മുന്നോട്ടുവെയ്ക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ പരിശോധിച്ചാൽ, എല്ലാ പ്രധാന മേഖലകളിലും കുടുംബശ്രീയുടെ പ്രവർത്തനങ്ങളുള്ളതായി കാണാം. പ്രാദേശിക സാമ്പത്തിക വികസനം, കാർഷിക മേഖല, ഭക്ഷ്യസുരക്ഷ, തൊഴിൽ പങ്കാളിത്തം, സാമൂഹ്യനീതി, പാർശ്വവൽക്കരിയ്ക്കപ്പെട്ടവരുടെ മുഖ്യധാരാവൽക്കരണം തുടങ്ങി എല്ലാ വികസന മേഖലകളിലും പ്രധാന പ്രവർത്തന ഏജൻസിയായും ശക്തിശ്രോതസ്സായും കുടുംബശ്രീ നിലനിൽക്കുന്നു.
പിര്യോഡിക്കൽ ലേബർ സർവെ റിപ്പോർട്ട് പ്രകാരം, നിലവിൽ കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 28.3 ആണ്. 2001 ലെ സെൻസസ് പ്രകാരം ഇത് 15.3 ആയിരുന്നു. ഈ നിരക്ക് ഉയർന്നതിൽ കുടുംബശ്രീയുടെ പങ്ക് കാണാതെ വയ്യ. തൊഴിൽമേഖലയിലെ സാന്നിധ്യം പോലെ തന്നെ പ്രധാനമാണ് രാഷ്ട്രീയ മേഖലയും. പ്രാദേശിക തെരഞ്ഞെടുപ്പിൽ ആദ്യം 33 ശതമാനം സ്ത്രീകൾക്ക്​സംവരണം എന്ന പ്രഖ്യാപനം വന്നപ്പോൾ മത്സരിക്കാൻ സ്ത്രീകൾ മുന്നോട്ടുവരാത്ത അവസ്ഥയുണ്ടായിരുന്നു. അല്ലെങ്കിൽ, ഏതെങ്കിലും പുരുഷൻ പ്രത്യക്ഷമായി അധികാരം കൈവശപ്പെടുത്തി, ഭാര്യയോ സഹോദരിയോ അമ്മയോ സ്ഥാനാർത്ഥിയാകുന്ന സ്ഥിതിവിശേഷവുമുണ്ടായിരുന്നു. എന്നാലിന്ന് ഇത്തരം അവസ്ഥകൾ ഇല്ലെന്നുതന്നെ പറയാം. 2010-ൽ ഈ സംവരണം 50 ശതമാനമാക്കി ഉയർത്താൻ സർക്കാറിനു ധൈര്യം പകർന്നത് കുടുംബശ്രീ പ്രസ്ഥാനം കൂടിയാണ്.

കേരളത്തിലെ അടിസ്ഥാനവർഗ സ്ത്രീകളെ സംഘടിപ്പിക്കുന്നതിന്റെ പ്രധാന കണ്ണിയായി കുടുംബശ്രീ മാറിയിരിക്കുന്നു

ഏതു രാഷ്ട്രീയപാർട്ടിയായാലും വനിതാ സ്ഥാനാർത്ഥികളാകുന്നത് ഭൂരിഭാഗവും കുടുംബശ്രീ അംഗങ്ങളാണ്. രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശത്തിന്റെ പ്രാക്റ്റീസ് ആണ് കുടുംബശ്രീയിൽ നടക്കുന്നതെന്ന് വിമർശനപരമായി പലരും പറയാറുണ്ട്. ആ വിമർശനം സത്യത്തിൽ ഒരംഗീകാരം കൂടിയാണ്. നിലവിലെ രാഷ്ട്രീയ- സാമൂഹ്യ വികസന പ്രവർത്തനങ്ങളുടെ ഇടം കൂടുതലും പുരുഷകേന്ദ്രീകൃതമാണ്. ഈ സാഹചര്യത്തിൽ, മുന്നറിവോ അനുഭവ പരിചയമോ ഇല്ലാത്തതായിരുന്നു രാഷ്ട്രീയ രംഗത്ത് സ്ത്രീകളെ പിന്നോട്ടുവലിക്കാനുള്ള പ്രധാന കാരണം. എന്നാൽ കുടുംബശ്രീ വഴി, പൊതുരംഗത്തും തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നുമുള്ള സാമൂഹ്യ ഇടപെടലുകളും സാമൂഹികാനുഭവവും പൊതുരംഗത്തേക്ക്​ കടന്നു വരാനുള്ള ധൈര്യം സ്ത്രീകൾക്കു നൽകി. പൊതുഇടങ്ങളിലേക്ക് കൂടുതൽ സ്ത്രീകൾ വരിക, പണ്ടു കാലങ്ങളിലുണ്ടായിരുന്ന ഡമ്മി സ്ഥാനാർത്ഥിത്വത്തിനുപകരം ഇടപെടാനും പൊരുതാനും കഴിവുള്ള സ്ത്രീശബ്ദങ്ങൾ ഉയർന്നുവരിക, രാഷ്ട്രീയമുൾപ്പെടെ എല്ലാ പൊതുമണ്ഡലങ്ങളിലും സ്ത്രീകളുടെ ദൃശ്യത ഉയർത്തുക എന്നതെല്ലാം കുടുംബശ്രീയുടെ സ്ത്രീസമീപന കാഴ്ചപ്പാടിന്റെ അനുരണനം കൂടിയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചുവന്ന വനിതാ ജനപ്രതിനിധികളിൽ 7071 പേർ കുടുംബശ്രീ വനിതകളാണ് എന്നു കൂടി ഈ അവസരത്തിൽ ഓർമിക്കാതെ വയ്യ.

പൊതു പാട്രിയാർക്കൽ കാഴ്ചപ്പാടിൽ നിന്നു നോക്കിയാൽ, അഹങ്കാരികളും അനുസരണയില്ലാത്തതവരുമായ സ്ത്രീകളെ സൃഷ്ടിക്കുകയാണ് കുടുംബശ്രീ. എന്നാൽ മറ്റൊരു കാഴ്ചയിൽ, സമൂഹത്തിലെ എല്ലാ രംഗങ്ങളിലും സ്ത്രീകൾക്ക് ഇടം നേടിക്കൊടുക്കാൻ കുടുംബശ്രീക്കു സാധിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ കുടുബശ്രീ ഇടപെട്ട മേഖലകളുടെ വൈവിധ്യവും ഗുണഫലവും വളരെ വലുതാണ്. കേരളമൊന്നാകെ ദുരിതത്തിലാണ്ട പ്രളയ കാലത്തും കോവിഡ് ഘട്ടത്തിലും കുടുംബശ്രീ നടത്തിയ ഇടപെടലുകൾ ചെറുതല്ല. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം പ്രവർത്തിച്ചതു കൂടാതെ, ഒരു ലക്ഷത്തിൽ കൂടുതൽ വീടുകളാണ് പ്രളയകാലത്ത് കുടുംബശ്രീ പ്രവർത്തകർ നേരിട്ടിടപെട്ട്​വൃത്തിയാക്കിയത്. അയൽക്കൂട്ടതലം മുതൽ ധനസമാഹരണം നടത്തി സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് കുടുംബശ്രീ സംഭാവനയായി നൽകിയത് 11 കോടിയിലധികം രൂപയാണ്. കോവിഡ് കാലഘട്ടത്തിൽ സമൂഹം മുഴുവനും വീടിനകത്തായിരുന്ന സമയത്ത്, കമ്യൂണിറ്റി കിച്ചൻ നടത്താനും മാസ്‌കും സാനിറ്റൈസറും തയ്യാറാക്കി വിതരണം ചെയ്യാനും കുടുംബശ്രീ മുന്നിലുണ്ടായിരുന്നു.

കേരളത്തിലെ അടിസ്ഥാനവർഗ സ്ത്രീകളെ സംഘടിപ്പിക്കുന്നതിന്റെ പ്രധാന കണ്ണിയായി കുടുംബശ്രീ മാറിയിരിക്കുന്നു. പൊതു പാട്രിയാർക്കൽ കാഴ്ചപ്പാടിൽ നിന്നു നോക്കിയാൽ, അഹങ്കാരികളും അനുസരണയില്ലാത്തതവരുമായ സ്ത്രീകളെ സൃഷ്ടിക്കുകയാണ് കുടുംബശ്രീ. എന്നാൽ മറ്റൊരു കാഴ്ചയിൽ, സമൂഹത്തിലെ എല്ലാ രംഗങ്ങളിലും സ്ത്രീകൾക്ക് ഇടം നേടിക്കൊടുക്കാൻ കുടുംബശ്രീക്കു സാധിച്ചു. കുടുംബത്തിലായാലും തൊഴിൽ, വിദ്യാഭ്യാസം, വിവാഹം, വീട്ടുകാര്യങ്ങൾ, സാമ്പത്തികം കൈകാര്യം ചെയ്യൽ തുടങ്ങിയ കാര്യങ്ങളിലായാലും സ്ത്രീകളുടെ ശബ്ദം കേട്ടുതുടങ്ങി, ആ ശബ്ദത്തിന്​ അംഗീകാരം കിട്ടിത്തുടങ്ങി. സ്വന്തമായി വരുമാനമുള്ള സ്ത്രീകളുടെ എണ്ണം, ബാങ്ക് അക്കൗണ്ടുള്ള സ്ത്രീകളുടെ എണ്ണം, രാഷ്ട്രീയ പാർട്ടികളിലും സൊസൈറ്റികളിലുമുള്ള സ്ത്രീകളുടെ എണ്ണം എന്നിവയിലുണ്ടായ വർധനവ് എടുത്തുപറയേണ്ടതാണ്.

പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബശ്രീ പ്രവർത്തകർ.

ചിതറി നിൽക്കുന്ന ഒരുവളല്ല എന്നും ഒരു കൂട്ടത്തിന്റെ പ്രതിനിധിയാണ് എന്നുമുള്ള പിന്തുണയാണ് കുടുംബശ്രീ നൽകുന്നത്. വീട്ടിനകത്തും പുറത്തും അതിക്രമങ്ങളോ വിവേചനങ്ങളോ നേരിടുമ്പോഴും പിന്തുണാ സംവിധാനങ്ങൾ ഒപ്പമുണ്ട് എന്ന ധൈര്യവും കുടുംബശ്രീ നൽകുന്നു. സംസ്ഥാനത്തെ സ്ത്രീകളുടെ പദവിയിൽ മാതൃകാപരമായ മാറ്റമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഒരു പ്രധാന കാരണം കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഇടപെടലാണെന്ന് സംശയലേശമെന്യേ പറയാൻ കഴിയും. രണ്ടാംതര പൗരരെന്ന നിലയിൽ സ്ത്രീകളെ കണ്ടിരുന്ന ഒരു കാലത്തുനിന്നും സ്വത്തിനും സമ്പത്തിനും തൊഴിലിനും അവകാശമോ സ്വാതന്ത്ര്യമോ ഇല്ലാതിരുന്ന ഒരു കാലത്തുനിന്നുമാണ് ഈ മാറ്റം. ഇത് ഒരു നിമിഷത്തിലോ വളരെ പെട്ടെന്നോ സംഭവിച്ച ഒന്നല്ല. തുടർച്ചയായ ഇടപെടലുകളിലൂടെ, എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ടുതന്നെ, ആശയ സംവാദങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും സംഭവിച്ച നിശ്ശബ്ദവിപ്ലവം എന്നു വേണമെങ്കിൽ ഈ മാറ്റത്തെ സൂചിപ്പിക്കാം.

വിമർശനാത്മകമായി...

സമൂഹത്തിലെ എല്ലാ രംഗങ്ങളിലും കുടുംബശ്രീ കയ്യൊപ്പു ചാർത്തുകയും പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോഴും അർഹിക്കുന്ന ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെപോയ ഇടങ്ങളുണ്ട്. പട്ടിക വർഗ്ഗത്തിനായുള്ള പ്രത്യേക പദ്ധതി, അട്ടപ്പാടി പ്രത്യേക പദ്ധതി എന്നിവ കുടുംബശ്രീ വഴി നടപ്പിലാക്കുമ്പോഴും യഥാർത്ഥത്തിൽ ഈ സമൂഹം അർഹിക്കുന്ന പരിഗണന നൽകാൻ കഴിഞ്ഞിട്ടുണ്ടോയെന്നത് വിമർശനാത്മകമായി പരിശോധിക്കേണ്ടതാണ്. അതുപോലെ, പട്ടിക ജാതി വിഭാഗം, ട്രാൻസ് ജെന്റർ, തീർദേശവാസികൾ, ഒറ്റപ്പെട്ടു കഴിയുന്ന നഗരദരിദ്രരും ചേരി/കോളനി നിവാസികളും തുടങ്ങിയ മേഖലകളിൽ അവർക്കനുയോജ്യമായ ജീവിതരീതിയിൽ കുടുംബശ്രീ പദ്ധതികളെ രൂപപ്പെടുത്താൻ വേണ്ടത്ര കഴിഞ്ഞിട്ടില്ല എന്നത് പരിമിതിയായി കാണാൻ കഴിയണം. കോളനികളിലും തീരദേശമേഖലയിലും ഇപ്പോഴും വട്ടിപ്പലിശക്കാരുടെ വലിയ ഇടപെടലും സ്വാധീനവും ഇതിന്റെ സൂചനയാണ്. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളും സഹകരണ വകുപ്പുകളും രൂപീകരിക്കുന്ന സ്വയംസഹായ സംഘങ്ങളിൽ കുടുംബശ്രീ വനിതകൾ തന്നെ അംഗമാവുകയും പലയിടങ്ങളിൽനിന്ന്​ ഒരേസമയം വായ്പയെടുക്കുന്നതുവഴി കടക്കെണിയിലേക്കു പോകുന്ന അവസ്ഥയും കാണാൻ കഴിയും. കുടുംബശ്രീ പ്രസ്ഥാനം ഇത്ര ശക്തമായി ഇടപെടുമ്പോഴും സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വേരുപിടിക്കുകയും വളരുകയും ചെയ്യുന്നു എന്നത് ആശങ്കാജനകമാണ്. ഈ സാഹചര്യങ്ങളിൽ, പാർശ്വവൽകൃത സമൂഹത്തിലെ ജനങ്ങളുടെ തൊഴിലും ജീവിതസാഹചര്യവും മെച്ചപ്പെടുത്തുന്നതിന്​ പുതിയ മേഖലകളിലേക്കു കുടുംബശ്രീ പ്രവേശിക്കേണ്ടതുണ്ട്. ഒപ്പം, കുടുംബശ്രീ അയൽക്കൂട്ട പ്രവർത്തനങ്ങളുടെ നട്ടെല്ലായ മൈക്രോ ഫിനാൻസ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്.

കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം പോലുള്ള പ്രതിസന്ധിഘട്ടങ്ങളിലും വികസന പ്രവർത്തനങ്ങളിലും ആവശ്യമായ ജനാധിപത്യവൽക്കരണ പ്രക്രിയയിലും കുടുംബശ്രീ സംവിധാനത്തിന് സവിശേഷമായ ചുമതല നിർവഹിക്കാനുണ്ട്.

അധികാര വികേന്ദ്രീകരണം അടുത്ത ഘട്ടത്തിലേക്ക്​

സർക്കാർ മുന്നോട്ടുവെച്ച ഹരിത കേരളം, ആർദ്രം, ലൈഫ് പദ്ധതികളുടെയും പുതിയതായി മുന്നോട്ടുവെച്ച സ്ത്രീപക്ഷ കേരളം, അതിദാരിദ്ര്യം ഇല്ലാതാക്കൽ, എല്ലാവർക്കും തൊഴിൽ, വാതിൽപ്പടി സേവനം, എന്റെ തൊഴിൽ എന്റെ അഭിമാനം, വിദ്യാകിരണം, ഞങ്ങളും കൃഷിയിലേയ്ക്ക് തുടങ്ങിയ കാമ്പയിനുകളുടെയും നിർവഹണത്തിലെ പ്രധാന ഏജൻസിയായി കുടുംബശ്രീ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയും. കുടുംബശ്രീ സംവിധാനത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള കുതിപ്പിന്​ സഹായകമാകുന്നവാണ് ഇവയെല്ലാം.
കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം പോലുള്ള പ്രതിസന്ധിഘട്ടങ്ങളിലും വികസന പ്രവർത്തനങ്ങളിലും ആവശ്യമായ ജനാധിപത്യവൽക്കരണ പ്രക്രിയയിലും കുടുംബശ്രീ സംവിധാനത്തിന് സവിശേഷമായ ചുമതല നിർവഹിക്കാനുണ്ട്. ഈ പശ്ചാത്തലത്തിൽ, സമൂഹത്തിലെ അവകാശാധിഷ്ടിത വികസനത്തിന്റെയും തുല്യനീതിയുടെയും ചാലകമായും വികസന ഏജൻസിയായും വരുംവർഷങ്ങളിൽ മാറുക എന്ന ദൗത്യം കൂടി കുടുംബശ്രീയ്ക്കുണ്ട്.

പാട്രിയാർക്കൽ കാഴ്ചപ്പാടിൽ നോക്കിയാൽ, അഹങ്കാരികളും അനുസരണയില്ലാത്തതവരുമായ സ്ത്രീകളെ സൃഷ്ടിക്കുകയാണ് കുടുംബശ്രീ. എന്നാൽ മറ്റൊരു കാഴ്ചയിൽ, സമൂഹത്തിലെ എല്ലാ രംഗങ്ങളിലും സ്ത്രീകൾക്ക് ഇടം നേടിക്കൊടുക്കാൻ കുടുംബശ്രീക്കു സാധിച്ചു.

ഈ സാഹചര്യം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുക എന്ന വെല്ലുവിളിയാണ് ഇന്ന്​ മുന്നിലുള്ളത്. ഇതിനായി മിഷൻ പ്രവർത്തനങ്ങളിൽ നവീകരണം ആവശ്യമാണ്. കുടുംബശ്രീയുടെ സംഘടനാസംവിധാനം വളരെ വലുതാണ്. 3,06,551 അയൽക്കൂട്ടങ്ങളും 19,470 എ.ഡി.എസുകളും 1070 സി.ഡി.എസുകളുമുണ്ട് ഇന്ന്. ഇതു കൂടാതെയാണ് സംഘകൃഷി ഗ്രൂപ്പുകളും തൊഴിൽ സംരംഭങ്ങളുമെല്ലാം. ഈ സംവിധാനങ്ങളെ ശക്തിപ്പെടുത്തി, സംഘടനാ സംവിധാനത്തെ സ്വയംപര്യാപ്ത ഇടങ്ങളാക്കി മാറ്റുക എന്നത് മിഷന്റെ ഉത്തരവാദിത്തമാണ്. ഇത്രയും വലിയ ഒരു സംവിധാനത്തെ സർക്കാർ ധനസഹായം കൊണ്ടോ മിഷനിലെ പ്രൊഫഷണലുകൾ മുഖേന മാത്രമോ നിലനിർത്തുക പ്രായോഗികമല്ല. മറിച്ച്, ജനകീയ പിന്തുണ ശക്തിപ്പെടുത്താനും വൈദഗ്ദ്ധ്യവും കാര്യശേഷിയും നേതൃത്വപാടവവും വികസിപ്പിക്കാനുതകുന്ന പരിശീലനം നൽകാനും മിഷനു കഴിയണം.

പ്രാദേശികാസൂത്രണം ശക്തിപ്പെടുത്തുന്ന പ്രക്രിയയിൽ കുടുംബശ്രീ സംഘടനാ സംവിധാനത്തിന് സവിശേഷ സ്ഥാനം ഉപയോഗപ്പെടുത്താൻ കഴിയണം. കുടുംബശ്രീ സി ഡി എസ് തയ്യാറാക്കുന്ന പ്രാദേശിക പ്ലാനുകൾ തദ്ദേശ സ്ഥാപനങ്ങളുടെ വികസനപ്ലാനിന്റെ ഭാഗമാക്കണം.

പ്രവർത്തനാനുഭവമുള്ള സ്ത്രീകളുടെ നേതൃത്വത്തിലുള്ള സാമൂഹ്യ പിന്തുണാ സംവിധാനം ഇന്ന്​ കുടുംബശ്രീക്കുണ്ട്. ത്രിതല സംഘടനാ സംവിധാനവും അവയെ വിവിധ ആവശ്യങ്ങൾക്ക് സഹായിക്കാനുള്ള സാമൂഹ്യ പിന്തുണാ സംവിധാനവുമാണ് കുടുംബശ്രീയുടെ കരുത്തും സവിശേഷതയും. ഈ കൂട്ടായ്മയാണ് നൂതനാശയങ്ങൾക്കും സ്വതന്ത്ര ആശയവികാസത്തിനും കുടുംബശ്രീയെ സഹായിച്ചിട്ടുള്ളത്. ഇവക്ക് സർക്കാർ പിന്തുണയും സാങ്കേതിക പിന്തുണയും നൽകുക എന്നതാണ് മിഷൻ എന്ന ഔദ്യോഗിക സംവിധാനത്തിന്റെ ചുമതല.

19 പരിശീലന ടീമുകൾ, ബാലസഭ, ആശ്രയ, ഓക്‌സിലറി ഗ്രൂപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കായുള്ള റിസോഴ്‌സ് പേഴ്‌സൺമാർ, സംരംഭകർക്ക് പിന്തുണ നൽകുന്ന 242 മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർ, കുടുംബശ്രീ കമ്യൂണിറ്റി നെറ്റ്​വർക്കിലേക്ക് അക്കൗണ്ടിംഗ് ഓഡിറ്റിംഗ് സേവനങ്ങൾ നൽകുന്ന 14 കുടുംബശ്രീ അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് സർവീസ് സൊസൈറ്റി ടീമുകൾ, എൻ. ആർ.ഒയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും പ്രവർത്തിയ്ക്കുന്ന മെന്റർമാർ, 368 കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവരെല്ലാം ഈ കമ്യൂണിറ്റി റിസോഴ്‌സിന്റെ ഭാഗമാണ്. കഴിവ് വികസിപ്പിച്ച്​ ഇവരുടെ പ്രാപ്തി വർദ്ധിപ്പിക്കുന്നതിലൂടെ മിഷൻ സംവിധാനത്തിന്റെയും ത്രിതല സംഘടനാസംവിധാനത്തിന്റെയും ശേഷി ശക്തിപ്പെടുത്താനാകണം.

ഇന്ന് രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി ഒന്നിച്ചുനിൽക്കുന്ന വികസനപങ്കാളികളായി കുടുംബശ്രീയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും പ്രവർത്തിക്കുന്നു / Photo : Kudumbashree, FB PAGE

പ്രവർത്തന ആസൂത്രണം, പ്രാദേശികാവശ്യങ്ങൾക്കനുസരിച്ച് പദ്ധതി രൂപീകരണം, നിർവഹണം എന്നിവ കുടുംബശ്രീ ത്രിതല സംഘടനാകേന്ദ്രീകൃതമായി മാറേണ്ടതുണ്ട്. ഔദ്യോഗിക സംവിധാനമെന്ന രീതിയിൽ മിഷൻ, പദ്ധതി നിർവഹണം എന്ന കാഴ്ചപ്പാടിൽ നിന്നുമാറി, സംഘടനാ സംവിധാനത്തെ നിർവഹണത്തിൽ സഹായിക്കുന്ന, പിന്തുണ നൽകുന്ന പ്രൊഫഷണൽ ഏജൻസിയായി പ്രവർത്തിക്കേണ്ടതുണ്ട്.

ഗ്രാമസഭകളിലും വാർഡ് സഭകളിലും വികസന സെമിനാറുകളിലും പേരിനു വേണ്ടി പങ്കാളിത്തമുള്ളിടത്തുനിന്ന്​ വസ്തുനിഷ്ഠ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാദേശിക ഭരണപ്രക്രിയയിൽ ശക്തമായി ഇടപെടുന്ന കൂട്ടായ്മകളായി കുടുംബശ്രീ ത്രിതലസംഘടന സംവിധാനം മാറണം.

പദ്ധതി നിർവഹണത്തിലെ ജയപരാജയങ്ങളും സാധ്യതകളും പഠിച്ച് അതിനുയോജ്യമായ ഇടപെടൽ നടത്താനും പദ്ധതികളുടെ മാർഗരേഖകളിലും നിർവഹണരീതിയിലും മാറ്റം വരുത്താനും സാധിക്കണം. അറിവും നൈപുണ്യവും വളർത്തുന്നതിനും തൊഴിൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പൊതുസേവന സംവിധാനത്തിന്റെ ഗുണപരത ഉയർത്താനുതകുന്ന തരത്തിലുള്ള ഇടപെടൽ നടത്തുന്നതിനുള്ള ശേഷി വികസിപ്പിക്കുന്നതിനുമുള്ള പൗരവിദ്യാഭ്യാസ പ്രക്രിയയും ഇതിൽ പ്രധാനമാണ്.

അതുപോലെ, അധികാര വികേന്ദ്രീകരണ പ്രവർത്തനങ്ങളുടെ മുന്നോട്ടുപോകലിന്​തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കേണ്ടതുണ്ട്. പ്രാദേശികാസൂത്രണം ശക്തിപ്പെടുത്തുന്ന പ്രക്രിയയിൽ കുടുംബശ്രീ സംഘടനാ സംവിധാനത്തിന് സവിശേഷ സ്ഥാനം ഉപയോഗപ്പെടുത്താൻ കഴിയണം. കുടുംബശ്രീ സി ഡി എസ് തയ്യാറാക്കുന്ന പ്രാദേശിക പ്ലാനുകൾ തദ്ദേശ സ്ഥാപനങ്ങളുടെ വികസനപ്ലാനിന്റെ ഭാഗമാക്കണം. വ്യക്തിഗത ആനുകൂല്യങ്ങൾക്കായുള്ള പ്ലാൻ എന്ന കാഴ്ചപ്പാടിൽ നിന്ന് സാമൂഹ്യ സംഘടനാ സംവിധാനം തയ്യാറാക്കുന്ന പ്ലാൻ എന്ന മാറ്റവും പ്രാദേശികമായ ആവശ്യങ്ങൾ നേടിക്കൊടുക്കുന്നതിനുള്ള ഇടപെടൽ എന്നതും ഇതിൽ ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനാവശ്യമായ പരിശീലനങ്ങളൂം പിന്തുണാസഹായവും നൽകാൻ മിഷനു കഴിയണം.

നിലവിൽ കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 28.3 ആണ്. 2001 ലെ സെൻസസ് പ്രകാരം ഇത് 15.3 ആയിരുന്നു. ഈ നിരക്ക് ഉയർന്നതിൽ കുടുംബശ്രീയുടെ പങ്ക് കാണാതെ വയ്യ.

കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെ അടുത്ത ഘട്ടത്തിലേക്കു നയിക്കേണ്ടതുണ്ട്. അതിൽ പ്രധാന ഘടകങ്ങളായി മാറേണ്ടത് ക്രിയാത്മകമായ ജനകീയ പങ്കാളിത്തവും, പ്രാദേശിക പാരിസ്ഥിതിക ഘടകങ്ങളും സാമൂഹ്യനീതിയും ഉറപ്പാക്കിയുള്ള സുതാര്യമായ വികസന ആസൂത്രണവും നിർവഹണവുമാണ്​. ഒപ്പം, പ്രാദേശിക സാമ്പത്തിക വികസനത്തിലൂടെ തൊഴിൽ സൃഷ്ടിക്കുകയും അതിലൂടെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യുകയും​ വേണം. ഈ പ്രക്രിയയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉയർന്ന ജനപങ്കാളിത്തം. ഗുണഭോക്താക്കളായി മാത്രം ആസൂത്രണത്തിലും നടത്തിപ്പിലും പങ്കാളികളായുള്ള ജനവിഭാഗത്തിന് ഈ ധർമം ഫലപ്രദമായി നിർവഹിക്കാൻ കഴിയില്ല. ഒരു പ്രദേശത്തിന്റെ അല്ലെങ്കിൽ ഒരു പ്രവർത്തനത്തിന്റെ ഭാഗമായുള്ള സൂക്ഷ്മകൂട്ടായ്മകളുടെ സജീവ പങ്കാളിത്തവും ഇടപെടലും പഞ്ചായത്ത് /നഗരസഭ വികസന ആസൂത്രണത്തിൽ ഉണ്ടാകണം. വ്യക്തിഗത ആനുകൂല്യങ്ങൾക്കായി ഗ്രാമസഭകളിലും വാർഡ് സഭകളിലും വികസന സെമിനാറുകളിലും പേരിനു വേണ്ടി പങ്കാളിത്തമുള്ളിടത്തുനിന്ന്​ വസ്തുനിഷ്ഠ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാദേശിക ഭരണപ്രക്രിയയിൽ ശക്തമായി ഇടപെടുന്ന കൂട്ടായ്മകളായി കുടുംബശ്രീ ത്രിതലസംഘടന സംവിധാനം മാറണം.

ഗുണഭോക്താവ് എന്നതിൽ നിന്ന്​ സേവനാവകാശിയായി മാറാനും വികസന പ്രവർത്തനങ്ങളിൽ അവകാശാധിഷ്ഠിതമായി ഇടപെടുന്ന വികസന ഏജൻസിയായി വളരാനുള്ള അവസരം സൃഷ്ടിക്കാനും കഴിയുന്ന തരത്തിൽ മിഷനും കുടുംബശ്രീ സംഘടനാ സംവിധാനവുമായുള്ള ബന്ധം പുനർനിർവചിക്കേണ്ടതുണ്ട്. ▮

(അവസാനിച്ചു)


ബിനു ആനമങ്ങാട്

കവി, എഴുത്തുകാരി, പ്രസാധക. കുടുംബശ്രീ മിഷനിൽ ജോലി​ ചെയ്യുന്നു. ​​​​​​​മഴ പെയ്യിയ്ക്കാൻ ആരോ വരുന്നുണ്ട്, ഫിഷ് തെറാപ്പി, ക്രഷ് ദ ബോട്ടിൽ ആഫ്റ്റർ യൂസ് അഥവാ ഓർമ്മകൾ ചാവേറുന്ന ആകാശക്കപ്പൽ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

എൻ. ജഗജീവൻ

ദീർഘകാലം കുടുംബശ്രീ മിഷനിൽ പ്രോഗ്രാം ഓഫീസറായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്​ മുൻ ജനറൽ സെക്രട്ടറി.

Comments