മുജാഹിദ് സമ്മേളന വിവാദത്തിനുപുറകിലുണ്ട് സംഘ്പരിവാറിന്റെ ‘ഗ്രാൻറ്​ സ്ട്രാറ്റജി’

‘‘സംഘ്​പരിവാറിന്റെ ഗ്രാന്റ് സ്ട്രാറ്റജിക്ക് കിട്ടിയ വലിയ പ്രഹരം യഥാർഥത്തിൽ അവരുടെ സമനില വിടുന്നതിന് കാരണമായിട്ടുണ്ട്. മതനിരപേക്ഷ വിശ്വാസികൾക്ക് ഒരുപക്ഷേ ഈ സ്ട്രാറ്റജി മനസ്സിലായിട്ടില്ല. ഈ സ്ട്രാറ്റജി കേരളത്തിലെ മാധ്യമങ്ങൾ, അവർക്ക് അറിയാത്തതുകൊണ്ടോ അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാതെ നടിച്ചതുകൊണ്ടോ ഒരിക്കലും പുറത്തുവിട്ടിട്ടില്ല. ഇത് ഇപ്പോൾ മാത്രം ആരംഭിച്ച സ്ട്രാറ്റജിയാണ്. ഇതാണ് ആ രണ്ട് വശങ്ങൾ. ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നവും. യഥാർഥത്തിൽ കോഴിക്കോടിന്റെ ബാക്കിപത്രമെന്ന് പറയാവുന്നത് ഈ സംഭവമാണ്’’- ജോൺ ബ്രിട്ടാസ്​ എം.പി സംസാരിക്കുന്നു.

കോഴിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ താൻ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് സംഘ്പരിവാറിനുണ്ടായ പരിഭ്രാന്തി, കേരളത്തെയും ദക്ഷിണേന്ത്യയെയും ലക്ഷ്യമിട്ട് അവർ പ്ലാൻ ചെയ്ത ഒരു ഉന്നതതല തന്ത്രം പൊളിഞ്ഞതിൽ നിന്നുണ്ടായതാണെന്ന് ജോൺ ബ്രിട്ടാസ് എം.പി.

ട്രൂ കോപ്പി തിങ്ക് എഡിറ്റർ ഇൻ ചീഫ് മനില സി. മോഹനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘‘അടുത്ത കാലത്ത് തന്ത്രപരവും സുപ്രധാനവുമായ ഒരു തീരുമാനം ഇവരെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യ ലക്ഷ്യമാക്കിയുള്ള ബി.ജെ.പി തന്ത്രത്തെക്കുറിച്ച് ‘സൗത്ത് മിഷൻ പ്ലാൻ' എന്ന തരത്തിൽ, അതിനായി ഹൈദരാബാദിൽ ഒരു കോൺക്ലേവ് നടത്തിയതിനെക്കുറിച്ച്, മാധ്യമങ്ങളിൽ ഉപരിപ്ലവമായ ചില വാർത്തകൾ വന്നിട്ടുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ കേരളത്തിൽ അവർ സ്വീകരിച്ചിരിക്കുന്നത് ഒരു ഉന്നതതല തന്ത്രമാണ്. ഹിന്ദു വിഭാഗത്തിന്റെ തന്നെ, പ്രത്യേകിച്ച്, അവരോട് മുഖംതിരിച്ചുനിൽക്കുന്ന മതനിരപേക്ഷ ഹിന്ദുക്കളുടെ പിന്തുണ കിട്ടണമെങ്കിൽ ന്യൂനപക്ഷ വേദികളെയാണ് ആദ്യം ടാർഗറ്റ് ചെയ്യേണ്ടത് എന്ന് അവർ തീരുമാനിച്ചിട്ടുണ്ട്. അതായത്, ലഭിക്കാവുന്ന മുസ്‌ലിംവേദികൾ ഒക്കെ ഉപയോഗപ്പെടുത്തുക. അവിടെപ്പോയി, ഒരു വിശാല ഇന്ത്യയെക്കുറിച്ചും എല്ലാ വിഭാഗങ്ങളെയും ഇൻക്ലൂഡ് ചെയ്യുന്നതിനെക്കുറിച്ചും ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും നരേന്ദ്രമോദി എത്രത്തോളം സ്വീകാര്യനാണ് എന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കും. ‘നിങ്ങളുടെ ഭയാശങ്കകൾ നിരർഥകമാണ്', "നിങ്ങളുടെ അഭിവൃദ്ധി ഞങ്ങൾ ഉറപ്പുവരുത്തും' എന്നൊക്കെ പറഞ്ഞ് ‘ഞങ്ങളല്ലാതെ നിങ്ങൾക്ക് വേറെ ആരാണുള്ളത്' എന്ന ചോദ്യമെറിയും. നിങ്ങൾക്ക് ഞങ്ങൾ ഒരലോസരവും സൃഷ്ടിക്കില്ല, അതുകൊണ്ട് ഞങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നതല്ലേ നല്ലത് എന്നാണ് ഈ ചോദ്യത്തിന്റെ അർഥം. ഇങ്ങനെ മുസ്‌ലിം വേദികളെ തന്ത്രപരമായി ഉപയോഗിക്കുക. ഇവിടെനിന്നിറങ്ങി, തൊട്ടപ്പുറത്ത്, ക്രൈസ്തവർക്കരികിലേക്ക് പോയി അവരുടെ സ്വന്തം ആൾക്കാരാക്കുക. എങ്ങനെ? അവർക്ക് മുമ്പ് കിട്ടിയിരുന്ന കോൺഗ്രസിന്റെ രക്ഷാകർതൃത്വം തങ്ങൾ റീപ്ലെയ്സ് ചെയ്തുതരാം എന്ന ഉറപ്പുകൊടുക്കുക. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കയുമൊന്നും നയിക്കുന്ന കോൺഗ്രസിന് ഇന്ത്യയെ നയിക്കാൻ പ്രാപ്തിയില്ലെന്നും അവരിൽ നിന്ന് നിങ്ങൾക്ക് കിട്ടിയിരുന്ന പാട്രനേജ് ഞങ്ങൾ തരാം, ഞങ്ങളിലൊരാളായി നിങ്ങളെ കാണാം എന്നെല്ലാം പറയും.
അതോടൊപ്പം ഒന്നുകൂടി പറയും: ‘നിങ്ങളുടെ വിശ്വാസത്തെയും സമൂഹത്തേയും വിശ്വാസികളെയും ഇല്ലായ്മ ചെയ്യാനാണ് മുസ്‌ലിംകൾ ശ്രമിക്കുന്നത്. ലൗവ് ജിഹാദിലൂടെ നിങ്ങളുടെ കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നതു കണ്ടില്ലേ, അവരെ തീവ്രവാദികളാക്കുന്നത് കണ്ടില്ലേ?' അങ്ങനെ അവിടെ നിന്നിറങ്ങി തൊട്ടപ്പുറത്ത് പോയി വേറൊരു വേദിയിൽ പോയി സംസാരിക്കുന്നത് ഇങ്ങനെയാണ്. അതിലും കുറച്ച് പേർ ആകൃഷ്ടരാകും. അതിലും ഭയത്തിന്റേയും നിസ്സഹായതയുടേയും താത്പര്യങ്ങളുടേയും കൂടി സംഗമമുണ്ട്. അതാർക്കും മനസ്സിലാവാത്ത കാര്യമാണ്. ഇതാണ് അവരുടെ സ്ട്രാറ്റജി.''

ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള മുജാഹിദ് സമ്മേളന വേദിയിൽ സംസാരിക്കുന്നു

‘‘ഇത് കാണുന്ന ഒരു ശരാശരി മതനിരപേക്ഷ ഹിന്ദു ആശ്ചര്യപ്പെടും. യഥാർഥത്തിൽ എതിർക്കേണ്ട ഇവർക്കൊക്കെ അവർ സ്വീകാര്യരാകുന്നു. അവർക്കൊന്നും ഒരു പരാതിയും പ്രശ്‌നങ്ങളും ഇല്ല. പിന്നെ ഞാൻ എന്തിനാണ് അവരുമായി പ്രശ്‌നം വെയ്ക്കുന്നത്. ഈ ത്രീ കോർണേഡ് സ്ട്രാറ്റജിയാണ് അവർ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോഴുള്ള ഈ സാഹചര്യം. ഈ സ്ട്രാറ്റജിക്ക് കിട്ടിയ കനത്ത പ്രഹരമായിരുന്നു ഒരു പക്ഷേ എന്റെ പ്രസംഗം. അതാണ് ഇവരെ ഇത്രത്തോളം പ്രകോപിതരാക്കിയത്.''

‘‘ഞാൻ പറഞ്ഞ എല്ലാ കാര്യങ്ങളും - ബാബരി മസ്ജിദിന്റെ വിഷയവും കലാപങ്ങളുടെ കാര്യവും റപ്രസന്റേഷൻ ഇല്ലാത്തതുമൊക്കെ-ഞാൻ പാർലമെന്റിൽ മുൻപ് പ്രസംഗിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ജുഡീഷ്യറിയിൽ റപ്രസന്റേഷൻ ഇല്ലാത്തതിനെ കുറിച്ച് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. അന്ന് ഇല്ലാത്ത പ്രശ്‌നം ഇപ്പോൾ ഉണ്ടായത് എന്തുകൊണ്ടാണ്? ഇവരുടെ ഈ ഗ്രാൻറ്​സ്ട്രാറ്റജിക്ക് കിട്ടിയ വലിയ പ്രഹരം യഥാർഥത്തിൽ അവരുടെ സമനില വിടുന്നതിന് കാരണമായിട്ടുണ്ട്. മതനിരപേക്ഷ വിശ്വാസികൾക്ക് ഒരുപക്ഷേ ഈ സ്ട്രാറ്റജി മനസ്സിലായിട്ടില്ല. ഈ സ്ട്രാറ്റജി കേരളത്തിലെ മാധ്യമങ്ങൾ, അവർക്ക് അറിയാത്തതുകൊണ്ടോ അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാതെ നടിച്ചതുകൊണ്ടോ ഒരിക്കലും പുറത്തുവിട്ടിട്ടില്ല. ഇത് ഇപ്പോൾ മാത്രം ആരംഭിച്ച സ്ട്രാറ്റജിയാണ്. ഇതാണ് ആ രണ്ട് വശങ്ങൾ. ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നവും. യഥാർഥത്തിൽ കോഴിക്കോടിന്റെ ബാക്കിപത്രമെന്ന് പറയാവുന്നത് ഈ സംഭവമാണ്.''

‘‘അവരുടെ ഗൂഢ ഉദ്ദേശ്യങ്ങളെയും തന്ത്രങ്ങളെയും നമ്മൾ തിരിച്ചറിയുന്നു, അതിനെതിരേ വാചാലമാകുന്നു, ശക്തമായി പ്രതികരിക്കുന്നു എന്നതുകൊണ്ടാവാം അവരിപ്പോൾ എന്നെ ഏറ്റവും വലിയ പ്രശ്‌നമായി കാണുന്നത്. അതായത് അവരുടെ യാഥാർഥ്യം തുറന്നുകാട്ടുന്നവരെ അവർക്ക് സഹിക്കില്ല. അവർക്കെതിരെ പറയുന്നവരെ പല രൂപത്തിലും വഴക്കിയെടുക്കാൻ ശ്രമിക്കും. അതിന് പറ്റിയില്ലെങ്കിൽ ഭീഷണിപ്പെടുത്തും. ദുഷ്​പ്രചാരണം നടത്തും'', ബ്രിട്ടാസ് പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

Comments