കാറ്റ് നക്ഷത്രാങ്കിത ശുഭ്ര പതാകയിൽ നിന്ന് തിരിച്ചിറങ്ങുകയാണോ?

അനീതിക്കെതിരെ ചുളിഞ്ഞ നെറ്റിത്തടം

യിരത്തിതൊള്ളായിരത്തി എൺപതുകളുടെ തുടക്കത്തിലെപ്പോഴോ ആണ്. എറണാകുളം മഹാരാജാസ് കോളേജിലാണ് കഥ നടക്കുന്നത്. വൈകീട്ട് ക്ലാസ് വിടുന്ന സമയത്ത് കോളേജിന് മുമ്പിലെ ബസ് സ്റ്റോപ്പിൽ, നൂറുകണക്കിന് പെൺകുട്ടികൾ ബസ്സ് കാത്ത് നിൽക്കും. ഒരു സംഘം ചെറുപ്പക്കാർ അപ്പോൾ അതുവഴി നടന്നുവരും. കൊച്ചിയിലെ ഉദ്യോഗസ്ഥ മേധാവികളുടെയും വർത്തക പ്രമാണികളുടേയുമൊക്കെ മക്കൾ. ഒറ്റമുണ്ടും ഷർട്ടും ധരിച്ച്, അടിവസ്ത്രമൊഴിവാക്കിയാണ് നടപ്പ്. എല്ലാവരേയും അഭിവാദ്യം ചെയ്തും തൊഴുതുമൊക്കെ അവർ മുന്നേറും.

പെൺകുട്ടികൾ നിറഞ്ഞു നിൽക്കുന്ന ബസ്സ്റ്റോപ്പിന് മുമ്പിലെത്തുമ്പോൾ ഉടുമുണ്ട് ‘അറിയാതെ’ അഴിഞ്ഞ് വീഴും. കുട്ടികൾ വലിയ അപമാനത്തിലാകും. ഉടനെ തട്ടിപ്പിടഞ്ഞ് നിലത്തു വീണ മുണ്ട് വാരി വലിച്ചുടുക്കും. പെൺകുട്ടികളെ നോക്കി തൊഴുതു പറയും. ‘സോറി പെങ്ങളെ ഒന്നും തോന്നരുതേ…’ ഈ കലാപരിപാടി പല ദിവസങ്ങളിൽ ആവർത്തിച്ചു.

മഹാരാജാസ് കോളേജിന്റെ പഴയ ചിത്രം

ഏതോ ചില കുട്ടികൾ പൊലീസിൽ പരാതിപ്പെട്ടു. നടപടിയൊന്നും ഉണ്ടായില്ലെങ്കിലും പരാതികൊടുത്തവരെ സാമൂഹ്യവിരുദ്ധ സംഘം പൊതിരെ തല്ലി. ജില്ലയിലെ ഉയർന്ന പൊലീസ് മേധാവികളുടെ മക്കൾ വരെ സംഘത്തിലുണ്ടായിരുന്നത്രേ! അന്ന് മഹാരാജാസിലെ പ്രബലമായ വിദ്യാർത്ഥി സംഘടന കെ.എസ്.യു ആയിരുന്നു. കെ.എസ്.യു നേതൃത്വവുമായും ഈ സംഘത്തിന് ബന്ധങ്ങളുണ്ടായിരുന്നു.

ഇത്രയുമായപ്പോൾ ഇതിനെ ചെറുത്തു നിൽക്കാൻ തന്നെ എസ്.എഫ്.ഐ തീരുമാനിച്ചു. തണ്ടും തടിയുമുള്ള ഫയൽവാൻമാരൊന്നുമായിരുന്നില്ല അവർ. ആയോധനകലകളൊന്നും വശമുണ്ടായിരുന്നില്ല. നാട്ടിന്‍പുറങ്ങളിൽ നിന്ന് വന്ന മെലിഞ്ഞുണങ്ങിയ പുകയിലത്തണ്ടുപോലെ കുറേ കൗമാരക്കാർ. അവർക്ക് കോളേജിൽ ഹീറോ പരിവേഷങ്ങളൊന്നുമില്ല. വിദ്യാർത്ഥികളുടെ ഭൂരിപക്ഷ പിന്തുണയും അവകാശപ്പെടാനില്ല. തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നത് പോയിട്ട് പലപ്പോഴും മത്സരിക്കാൻ സാധിച്ചിരുന്നില്ല. എങ്കിലും സ്ത്രീത്വത്തെ അപമാനിക്കുന്ന ഈ പരിപാടി ജീവൻ കൊടുത്തും ചെറുക്കണം എന്നവർ തീരുമാനിച്ചു.

പിറ്റേന്ന് നിശ്ചിത സമയത്തു തന്നെ ഒറ്റമുണ്ട് സംഘം ബസ്സ്റ്റോപ്പിന് മുമ്പിലെത്തി. ഉടുമുണ്ടഴിഞ്ഞ് നിലത്തു വീഴുമ്പോഴേക്കും മുതുകിൽ അടി വീണു. കയ്യിൽ കിട്ടിയ വടിത്തണ്ടുകളുമായെത്തിയ എസ് എഫ് ഐ ക്കാർ ഈ അഭ്യാസികളെ ഉടുമുണ്ടില്ലാതെ നഗരത്തിൽ പരക്കെ ഓടിച്ചിട്ട് തല്ലി.

മഹാരാജാസ് യൂണിയൻ ഓഫിസ്

അത് വലിയ വാർത്തയായി. പൊലീസ് സംഘം പാഞ്ഞെത്തി. കേസ്സും കോടതിയുമൊക്കെയായി. ‘അക്രമി സംഘത്തെ’ കോളേജിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി പഠിപ്പുമുടക്ക് നടന്നു. എസ് എഫ് ഐ തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവൃത്തികൾ എന്തു വില കൊടുത്തും ചെറുക്കുമെന്ന് അവർ പ്രഖ്യാപിച്ചു. പിറ്റേന്ന് കോളേജിന് മുമ്പിൽ ഒരു ബോർഡ് പ്രതൃക്ഷപ്പെട്ടു. അതിൽ ബെർതോൾഡ് ബ്രെഹ്ത്തിൻ്റെ (Bertolt Brecht) കവിതാ ശകലം ഇങ്ങനെ എഴുതിയിരുന്നു. “അനീതിക്കെതിരെ ചുളിയാത്ത നെറ്റി തീർച്ചയായും ഷണ്ഡന്മാരുടേതാണ്.”

വരാനിരിക്കുന്ന വസന്തത്തിൻ്റെ പരാഗങ്ങൾ

അത് കെ എസ് യു വിൻ്റെ കാലമായിരുന്നു. ‘ആഫ്രിക്കൻ പായൽ പോലെ കലാലയങ്ങളിൽ പടർന്നു കയറുന്ന സംഘടന’ എന്നാണവർ അറിയപ്പെട്ടത്. കോളേജ് യൂണിയനുകൾ അവരുടെ കുത്തകയായിരുന്നു.

കലാലയങ്ങൾക്ക് പുറത്ത് കോൺഗ്രസ്സ് ശക്തമായ പാർട്ടിയായി നിലകൊണ്ടത് കാരണം, കെ എസ് യു വിന് ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല. അവർക്കിടയിലേക്കാണ് എസ് എഫ് ഐ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന് ചുവപ്പിലെഴുതിയ നക്ഷത്രാങ്കിത ശുഭ്രപതാകയുമായി കടന്നുവന്നത്. നാട്ടിൻ പുറങ്ങളിൽ നിന്ന് വന്ന ദരിദ്രരായ സാധാരണക്കാരുടെ മക്കൾ. പക്ഷേ അവരുടെ കണ്ണുകളിൽ വിപ്ലവം കത്തി നിന്നു.

‘ആഫ്രിക്കൻ പായൽ പോലെ കലാലയങ്ങളിൽ പടർന്നു കയറുന്ന സംഘടന’ എന്നാണ് കെ.എസ്.യു. അറിയപ്പെട്ടത്.

സ്വപ്നങ്ങളിൽ ചൂഷണ വിമുക്തമായ, സമത്വസുന്ദരമായ ഒരു ലോകം ജ്വലിച്ചു നിന്നു. ‘അപരൻ്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കപ്പെടുന്ന’ വരാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് ലോകമായിരുന്നു അവരുടെ മനസ്സു നിറയെ. ‘പഠിക്കുക, പോരാടുക‘ എന്നതായിരുന്നു അവരുടെ പ്രഖ്യാപിത നിലപാട്. സാമൂഹ്യ വിരുദ്ധർക്കൊന്നും സംഘടനയിൽ ഇടമുണ്ടായിരുന്നില്ല. മാർക്സ്, എംഗൽസ്, ലെനിൻ, സ്റ്റാലിൻ, മാവോ തുടങ്ങിയ സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതാക്കളെ അവർ കലാലയങ്ങളിലേക്ക് കുട്ടിക്കൊണ്ടുവന്നു.

അതുവരെ തങ്ങളുടെ പാർട്ടികൾക്ക് സ്വീകാര്യനായിരുന്നില്ലെങ്കിലും ബൊളീവിയൻ കാടുകളിലെ ചെ ഗുവേര അവർക്ക് വീരനായകനായി. ‘ബൊളിയൻ ഡയറി’ എന്ന ചെമപ്പു പുസ്തകം പലരുടേയും കക്ഷത്തിലുണ്ടായിരുന്നു. ഫിദൽ കാസ്ട്രോയും ഹോചിമിനുമൊക്കെ അവർക്ക് കൂട്ടുവന്നു.

ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയുമൊക്കെ കറുത്ത കവിതകൾ ചുണ്ടുകളിൽ തത്തിക്കളിച്ചു. “ഒരു നാൾ എൻ്റെ രക്തം മഴയായി പെയ്യും. അന്ന് വെള്ളക്കാരോടും കറുത്തവരോടും പറയുക; അനീതിക്കെതിരെ പടവെട്ടി മരിച്ചതിൽ ഞാനഭിമാനിക്കുന്നെന്ന്.’’ ബഞ്ചമിൻ മൊളോയ്സ് എന്ന ആഫ്രിക്കൻ വിപ്ലവ കവിയുടെ വരികൾ അവർ കലാലയച്ചുമരുകളിൽ ചുവന്ന മഷിയിൽ എഴുതി വെച്ചു.

ലോകത്തിൻ്റെ ഓരോ കോണിലും നടക്കുന്ന വിമോചനപ്പോരാട്ടങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, ദിനാചരണങ്ങൾ നടന്നു. നെരൂദയുടെ (Pablo Neruda) കവിതകൾ ചൊല്ലി. എല്ലാ വെള്ളിയാഴ്ചകളിലും തൊട്ടടുത്ത പാർട്ടി ഓഫീസിലോ, വീട്ടുമുറ്റങ്ങളിലോ, മൈതാനത്തിൻ്റെ മൂലയിലോ അവർ യോഗം ചേർന്നു. സംഘടനക്കകത്ത് ആശയസംവാദങ്ങൾ പതിവായി നടന്നു. ഏറ്റെടുത്ത ഓരോ പ്രവർത്തനങ്ങളുടേയും ജയപരാജയങ്ങൾ റിവ്യൂ ചെയ്തു. നേതൃനിരയിലുള്ളവരെ തൊലി പൊളിക്കുന്ന വിമർശനങ്ങൾക്ക് വിധേയരാക്കി. പഠനക്യാമ്പുകളും, ഉൾപാർട്ടി തെരഞ്ഞെടുപ്പുകൾക്കുള്ള സമ്മേളനങ്ങളും മുറക്ക് നടന്നു.

അതുവരെ തങ്ങളുടെ പാർട്ടികൾക്ക് സ്വീകാര്യനായിരുന്നില്ലെങ്കിലും ബൊളീവിയൻ കാടുകളിലെ ചേ ഗുവേര അവർക്ക് വീരനായകനായി. / Photo: Sudevan

ചുരുട്ടിയമുഷ്ടി ആകാശത്തോളമുയർത്തി മുദ്രാവാക്യം വിളിച്ച്, കത്തുന്ന കണ്ണുകളുമായി കടന്നു വരുന്ന ഈ കുട്ടികൾ കലാലയങ്ങളുടെ സൗന്ദര്യമായി. ലിറ്റിൽ മാഗസിനുകളും കവിതാലാപനങ്ങളും ചോര തിളപ്പിക്കുന്ന പ്രസംഗങ്ങളുമൊക്കെ കലാലയ ഭാവുകത്വത്തെ പുതുക്കിപ്പണിതു. അത് ഒരു പുതിയ കാലത്തിൻ്റെ പിറവിയെ വിളംബരം ചെയ്തു.

ഇതൊന്നും രാവും പകലും പോലെ, വർഷവും വേനലും പോലെ സ്വാഭാവികമായി വന്നു ചേർന്നതായിരുന്നില്ല. അവർ പൊരുതി നേടിയതായിരുന്നു. എസ് എഫ് ഐ ക്കാരുടെ ചോര കലരാത്ത ഒരു തരി മണ്ണ് പോലും കേരളത്തിലെ കാമ്പസ്സുകളിലുണ്ടാവില്ല. അവരേറ്റു വാങ്ങിയ മർദ്ദനങ്ങൾ, പീഡനങ്ങൾ, പുറത്താക്കലുകൾ, ജയിൽവാസം തുടങ്ങിയവക്ക് കണക്കു നൽകാനാവില്ല. ഒരു പാട് പേർ രക്തസാക്ഷികളായി. രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾ അഭിവാദ്യം ചെയ്യാനെത്തുമ്പോൾ വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കാനാവാതെ സമ്മേളനഹാളുകളിൽ കൂട്ടക്കരച്ചിലുകളുയർന്നു.

ചുരുട്ടിയമുഷ്ടി ആകാശത്തോളമുയർത്തി മുദ്രാവാക്യം വിളിച്ച്, കത്തുന്ന കണ്ണുകളുമായി കടന്നു വരുന്ന ഈ കുട്ടികൾ കലാലയങ്ങളുടെ സൗന്ദര്യമായി. / Photo: SFI via FB

ഇടവേളകളിൽ രക്തസാക്ഷികളെക്കുറിച്ചുള്ള പടപ്പാട്ടുകൾ വട്ടമിട്ടിരുന്ന് കൈയ്യടിച്ചു പാടി. അപ്പോഴൊക്കെ ‘വരാനിരിക്കുന്ന വസന്തത്തിൻ്റെ പരാഗങ്ങളാണ്’ തങ്ങൾ എന്ന അഭിമാനബോധം അവരുടെ നെഞ്ചിൻ കൂടുകളെ ത്രസിപ്പിച്ചിരുന്നു. “തുടലുകൾ പൊട്ടിച്ചെറിയുക; തടവറ തട്ടി നിരത്തുക സഖാക്കളെ...... അന്നൊരു നവമ്പറേഴിന് ലെനിൻ്റെ കണ്ഠമുയർത്തിയൊരാഹ്വാനം; ഇത് ലെനിൻ്റെ സിംഹാഹ്വാനം…. ആഹ്വാനം..’’ എന്ന കവിത അവരുടെ ചുണ്ടുകളിൽ അറിയാതെ മൂളിക്കൊണ്ടിരുന്നു.

വിപ്ലവത്തിലെ വിപ്ലവത്തിൻ്റെ കാലം

കേരളത്തിലെ ഒരു കലാലയത്തിലും ഇനി മുതൽ റാഗിംഗ് അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച്, ഒരു അത് വലിയൊരളവിൽ പ്രാവർത്തികമാക്കിയ വിദ്യാർത്ഥി സംഘടനയാണ് എസ് എഫ് ഐ.

വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് മദ്യപാന ആസക്തികൾക്കെതിരായ നിലപാടുകളും സംഘടന സ്വീകരിച്ചു. തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന സഖാക്കൾ എന്ന നിലയിൽ എസ് എഫ് ഐ യിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക് തന്നെ ഉണ്ടായി. തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യുടെ വിജയം പതിവായി.

ആഫ്രിക്കൻ പായൽ പോലെ പടർന്നുകയറിയ കെ എസ് യു വിൻ്റെ വേലിയിറക്കം കേരളം കണ്ടു നിന്നു. കലോത്സവങ്ങളൊക്കെ കുറ്റമറ്റ നിലയിൽ സംഘടിപ്പിക്കുന്നതിനുള്ള എസ് എഫ് ഐ ക്കാരുടെ മികവ് കലാകാരന്മാരും സർഗ്ഗ പ്രതിഭകളുമായ വിദ്യാർത്ഥികളെ കൂട്ടത്തോടെ സംഘടനയിലെത്തിച്ചു.

മാനവിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന പുരോഗമന ചിന്താഗതിക്കാരായ സാഹിത്യകാരരും കലാകാരരും, സാമൂഹ്യ പ്രവർത്തകരും സ്പോർട്സ് പ്രതിഭകളും തുടങ്ങി സമൂഹത്തിലെ എണ്ണപ്പെട്ട വ്യക്തികളെല്ലാം എസ് എഫ് ഐ യെ അഭിമാനമായി കണ്ട് അവരുമായി സഹകരിച്ചു. കലാശാലാ യൂണിയനുകളുടെയൊക്കെ നിയന്ത്രണം എസ് എഫ് ഐക്കായി.

ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്ക് വിശേഷിച്ച് മേൽവിലാസമൊന്നുമില്ലാത്ത ഉത്തരേന്ത്യൻ സർവ്വകലാശാലകളിൽ പോലും എസ് എഫ് ഐ ശ്രദ്ധേയമായ സ്വാധീനശക്തിയായി വളർന്നു. പാവപ്പെട്ടവൻ്റെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം കിട്ടാക്കനിയാക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെ, തീ പാറുന്ന പോരാട്ടങ്ങൾക്ക് എസ് എഫ് ഐ നേതൃത്വം നൽകി. അന്നത്തെ വിദ്യാർത്ഥി നേതാക്കൾക്ക് വലിയ ആദരവും സ്വീകാര്യതയുമാണ് പൊതുസമൂഹത്തിൽ ഉണ്ടായിരുന്നത്. പ്രശസ്തമായ പല ആനുകാലികങ്ങളുടേയും കവർ ഫോട്ടോ എസ് എഫ് ഐ നേതാക്കളുടേതായിരുന്നു.

‘കാറ്റ് നക്ഷത്രത്തിലേക്ക് തിരികെ വീശുന്നു’ എന്ന നിലയിലൊക്കെയായിരുന്നു പല തലക്കുറികളും. വിദ്യാർത്ഥികളും യുവജനങ്ങളുമൊക്കെ വിപ്ലവങ്ങളുടെ തീപ്പന്തമാകുന്ന കാലമായിരുന്നു അത്. ‘പുത്തൻ ഇടതുപക്ഷ‘ത്തിൻ്റെ (New Left Movement) കാലം. ഫ്രാൻസിലെ വിദ്യാർത്ഥി കലാപത്തിൻ്റെ കാലം. ഫ്രാങ്ക്ഫെർട് സ്കൂളിൻ്റെ കാലം. ഴാങ് പോൾ സാർത്രിൻ്റെ കാലം.(Jean Paul Sartre) ‘റവല്യൂഷൻ ഇൻ ദി റവല്യൂഷൻ’ എഴുതിയ റെജിസ് ഡിബ്രേയുടെ കാലം.(Regis Debray)

ഴാങ് പോൾ സാർത്ര്

കമ്പോളത്തിൻ്റെ കാലം

കാലം മാറി; കഥ മാറി. സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്പിലെ ‘സോഷ്യലിസ്റ്റ് ഏകാധിപത്യ’ ഭരണകൂടങ്ങളും ചരിത്രമായി. പ്രത്യയശാസ്ത്രങ്ങളുടെ ആശയമേധാവിത്വങ്ങളെല്ലാം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. ലെനിൻ രൂപപ്പെടുത്തിയ തൊഴിലാളി വർഗ്ഗസർവ്വാധിപത്യ ഭരണകൂടത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അതിനു വേണ്ടി രൂപപ്പെടുത്തിയ പാർട്ടി സർവ്വാധിപത്യ നിലപാടുകളും നിശിതമായി വിചാരണ ചെയ്യപ്പെട്ടു.

ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളുടെ വികാസം, മാർക്സിസം മുന്നോട്ടു വെച്ച പല പരികല്പനകളേയും അസാധുവാക്കുന്നതായും പുതുക്കലുകൾ ആവശ്യപ്പെടുന്നതായും ഉല്പതിഷ്ണുക്കൾക്ക് ബോധ്യമാകാൻ തുടങ്ങി. ഈ പറഞ്ഞതിനർത്ഥം മാർക്സിസം കാലഹരണം സംഭവിച്ച ഒരു പ്രത്യയശാസ്ത്രമായെന്നല്ല. നിരന്തരമായി വികസിച്ചു കൊണ്ടും പരിമിതികളെ തിരിച്ചറിഞ്ഞു കൊണ്ടും മുതലാളിത്ത വിശകലനം ഉൾപ്പെടെയുള്ള മേഖലകളിൽ അതിന് ഒരുപാട് സാദ്ധ്യതകളുണ്ട് എന്ന് തന്നെയാണ്.

കാലം മാറി. സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്പിലെ ‘സോഷ്യലിസ്റ്റ് ഏകാധിപത്യ’ ഭരണകൂടങ്ങളും ചരിത്രമായി. / Photo: Wikimedia Commons

പുതിയ കാലം കമ്പോളത്തിൻ്റേതായിരുന്നു. ലിബറലൈസ്, പ്രൈവറ്റൈസ്, ഗ്ലോബലൈസ് (LPG) തുടങ്ങിയ മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ പാറി നടന്നു. സ്വതന്ത്ര മുതലാളിത്തത്തെ (Iaissez-faire capitalisam) ക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ കൊണ്ട് ലോകം മുഖരിതമായി. എല്ലാ മാനവിക മൂല്യങ്ങളും കമ്പോളവൽക്കരിക്കപ്പെട്ടു. വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടികൾ അവയുടെ വിപ്ലവ സ്വഭാവം കയ്യൊഴിഞ്ഞ് ആദ്യം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളായും പിന്നീട് മൂലധന താൽപ്പര്യങ്ങളെ മാത്രം സേവിക്കുന്ന മുതലാളിത്ത പാർട്ടികളായും രൂപാന്തരപ്പെട്ടു.

അപ്പോഴും അവയുടെ പൂമുഖത്ത് ‘അഴുക്കുകൾ കഴുകിക്കളഞ്ഞ’ ചുവന്ന കൊടിയും, ആത്മാവ് നഷ്ടപ്പെട്ട, ആചാര്യന്മാരുടെ തെർമോക്കോൾ ശില്പങ്ങളും അലങ്കാരമായി പ്രദർശിപ്പിക്കപ്പെട്ടു. സ്വാഭാവികമായും എസ് എഫ് ഐ യുടെ രൂപവും ഭാവവും മാറി വന്നു.

കോർപ്പറേറ്റിസത്തിൻ്റെ കാലം

കാലം പിന്നേയും പുരോഗമിച്ചപ്പോൾ സ്വതന്ത്ര മുതലാളിത്തവും കടുത്ത പ്രതിസന്ധികളെ നേരിടാൻ തുടങ്ങി. മുതലാളിത്ത ചാക്രിക പ്രതിസന്ധികൾക്ക് (Cyclical Crisis) ഈട്ടം കൂടി വന്ന്, അവ വ്യവസ്ഥാ പ്രതിസന്ധികളായി (Systemic Crisis) പരിണമിച്ചു. മത്സരാധിഷ്ഠിതമായ മുതലാളിത്തം, ആ അർത്ഥത്തിൽ ജനാധിപത്യ അവകാശങ്ങളെ ഒരു പരിധി വരെ അംഗീകരിക്കുന്നതായിരിന്നു.

മുതലാളിത്ത പ്രതിസന്ധിയെ മറികടക്കാനുള്ള പരിശ്രമങ്ങൾ ചെന്നെത്തിയത് കോർപ്പറേറ്റിസത്തിലാണ് (Corporatisam). മുതലാളിത്ത മത്സരം മറികടക്കാൻ ഭരണകൂടത്തിൻ്റെ പിന്തുണയോടെ വിരലിലെണ്ണാവുന്ന കോർപ്പറേറ്റുകൾക്ക് അവസരമൊരുക്കുന്ന ഭരണവ്യവസ്ഥയാണ് കോർപ്പറേറ്റിസം എന്ന പദം കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്.

പൗരാവകാശങ്ങൾ, ജനാധിപത്യക്രമങ്ങൾ, നീതിന്യായ വ്യവസ്ഥ എല്ലാം ഭരണകൂടം യഥേഷ്ടം ഞെരിച്ചമർത്തുന്നു. മുതലാളിത്ത ജനാധിപത്യത്തെ (Capitalist Democrasy) ഫാസിസം (Fascism) കൊണ്ട് പകരം വെക്കുന്നു. ഇത്തരം ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്.

മുതലാളിത്ത പ്രതിസന്ധിയെ മറികടക്കാനുള്ള പരിശ്രമങ്ങൾ ചെന്നെത്തിയത് കോർപ്പറേറ്റിസത്തിലാണ്(Corporatisam).

കാലത്തിനനുസരിച്ച് മുല്യങ്ങളിൽ അടിയുറച്ചു നിന്ന് നവീകരിക്കാൻ ശേഷിയില്ലാത്ത എല്ലാ പ്രസ്ഥാനങ്ങളും കാലഹരണപ്പെടുക തന്നെയാണ് ചെയ്യുക. ക്രമത്തിൽ അവ തിരോഭവിക്കും. അതിൻ്റെ ലക്ഷണങ്ങളാണ് നാമിന്ന് ‘ഇടതുപക്ഷ’മെന്ന് വിളിപ്പേരുള്ള പ്രസ്ഥാനങ്ങളിൽ കാണുന്നത്.

എസ് എഫ് ഐയിൽ അത് വലിയ തോതിൽ പ്രകടമാണ് എന്ന് മാത്രം. കാലത്തോടൊപ്പം ഒഴുകുന്ന ഓളപ്പരപ്പിലെ ഒതളങ്ങകളല്ല പുരോഗമന പ്രസ്ഥാനങ്ങൾ. അവ മലവെള്ളപാച്ചിലുകളെ മുറിച്ചു കടന്ന് ആത്യന്തികലക്ഷ്യത്തിലേക്ക് നീന്തിക്കയറേണ്ടവയാണ്. അതിനവർക്ക് കൈമുതാലാവേണ്ടത്, ചൂഷണ വിമുക്തമായ ലോകം പണിയുന്നതിനുള്ള സ്വയം വികസിക്കുന്ന ആശയാവലികളാണ്.

വിശാലമായ ജനാധിപത്യ അവകാശങ്ങൾ ജൈവികമായിതന്നെ നിലനിൽക്കുന്ന സംഘടനാ സംവിധാനങ്ങളാണ്. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന് മുമ്പുള്ളതും ശേഷമുള്ളതുമായ അനുഭവങ്ങളിൽ നിന്ന് ആർജ്ജിച്ചെടുത്ത, നിരന്തരം നവീകരിക്കാൻ ശേഷിയുള്ള, ഒരു പ്രസ്ഥാനത്തിന് മാത്രമേ ഈ ചുമതല ഏറ്റെടുക്കാനാകൂ.. അത്തരം ആശയ സംഘടനാ രൂപങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണങ്ങൾ, ഇപ്പോഴും വലിയൊരളവിൽ കാല്പനിക ചിന്തകൾക് വിട്ട് പ്രയോഗ സാദ്ധ്യതകളായി വികസിച്ചിട്ടുമില്ല.

ഒക്ടോബർ വിപ്ലവത്തിൽ വിന്റർ പാലസ് പിടിച്ചെടുത്ത ബോള്‍ഷെവിക്സ്/ Photo: Wikimedia Commons

അടിയുറച്ച ജനാധിപത്യ സംഘടനാ സ്വരൂപങ്ങളായി വിമോചന പ്രസ്ഥാനങ്ങൾക്ക് മാറാൻ ശേഷിയില്ലാതാവുമ്പോൾ, അവ ജീർണ്ണിക്കുന്നു. കമ്പോള മൂല്യങ്ങൾ ആധിപത്യം ചെലുത്തുന്ന ഒരു ലോകത്ത്, ഇത്തരം പ്രസ്ഥാനങ്ങൾ അധികാരം, സമ്പത്ത്, താൽക്കാലികവും വൈയക്തികവുമായ സുഖഭോഗങ്ങൾ എന്നിവയിലഭിരമിക്കുന്നത് സ്വാഭാവികം.

കുലധർമ്മവും കുലങ്കുത്തിയും

പൂക്കോട് വെറ്റിനററി കോളേജിലെ സിദ്ധാർത്ഥൻ്റെ അരുംകൊല, നമ്മുടെ കാലം അകപെട്ട ജീർണ്ണതയുടെ ആഴവും പരപ്പും വിശദീകരിച്ച് തരും. വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെ (Objective Reality) അനുഭവങ്ങളുടെ ഉരകല്ലിൽ ഉരച്ച് പരിശോധിക്കുക എന്ന മാർക്സിയൻ പാഠങ്ങൾക്ക് വേണ്ട ഒരു പാട് സാമ്പിളുകൾ നമുക്ക് ഇവിടെ നിന്ന് ലഭിക്കും. കോളേജിലെന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ല.

നല്ല ഊർജ്ജസ്വലനും സമർത്ഥനുമായ വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥൻ എന്ന് എല്ലാവരും പറയുന്നു. വാലൻ്റൈൻസ് ഡേയിൽ ഒരു സീനിയർ വിദ്യാർത്ഥിനിയോടൊപ്പം നൃത്തം ചെയ്തത് കോളേജിലെ ‘ഗോത്ര’ നിയമങ്ങളുടെ ലംഘനമായി എസ് എഫ് ഐ നേതാക്കൾക്ക് അനുഭവപ്പെട്ടതായിപ്പറയുന്നു. കോളേജിലെ

സിദ്ധാര്‍ഥന്‍

ഭരണകൂടവും കോടതിയും വിചാരണയും, നീതിയും നിയമാവലിയും, ശിക്ഷയും ശിക്ഷാവിധിയും, എല്ലാം എസ് എഫ് ഐ തീരുമാനിക്കുന്നതാണ്. സിദ്ധാർത്ഥൻ്റേതിന് സമാനമായ നിലയിലേക്ക് വന്നില്ലെങ്കിലും ഇത്തരം സംഭവങ്ങൾ മുമ്പും ഇവിടെ നടന്നിട്ടുണ്ട്.

ആധുനിക ജനാധിപത്യബോധമാണ് എസ് എഫ് ഐ പോലൊരു വിദ്യാർത്ഥി പ്രസ്ഥാനത്തെ നയിക്കുന്നത് എന്ന് കരുതുന്നവരെയാകെ അമ്പരപ്പിക്കുന്ന സംഭവങ്ങളാണ് ഇവിടെ ഉണ്ടാവുന്നത്. ഫ്യൂഡൽ മാടമ്പി വാഴ്ചക്കാലത്തെ അക്ഷരാർത്ഥത്തിൽ പിൻപറ്റുന്ന ഒന്ന്.

ടി പി ചന്ദ്രശേഖരൻ എന്ന പഴയ എസ് എഫ് ഐ നേതാവിനെ അമ്പത്തിയൊന്ന് വെട്ടിന് തീർത്ത ശേഷവും, ‘കുലംകുത്തി എന്നും കുലംകുത്തി തന്നെ’ എന്ന്, പാർട്ടിയുടെ ഏറ്റവും വലിയ അമരക്കാരൻ പ്രഖ്യാപിക്കുന്നത് നാം ഒരു മരവിപ്പോടെ കേട്ടിരുന്നതാണ്.

ഉദാത്ത ജനാധിപത്യത്തിലേക്ക് വികസിക്കേണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതാക്കളിലൊരാളാണ് ഇത് പറഞ്ഞത്. ഒരു നൂറ്റാണ്ടിൻ്റെ പരിണാമ ദിശയിൽ, ഗോത്ര സ്മൃതികളിലേക്കും കുലമഹിമയിലേക്കുമൊക്കെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തിരികെ നടക്കുന്നതാണ് നാമിവിടെ കണ്ടത്.

ടി.പി. ചന്ദ്രശേഖരന്‍

പലകുറി ആവർത്തിക്കുമ്പോഴും ഒരു നാടുവാഴിത്ത സമൂഹത്തിൻ്റെ ബോധമണ്ഡലത്തിൽ നിന്നാണ് താനിത് പറയുന്നത് എന്ന് അദ്ദേഹത്തിന് തിരിച്ചറിയാനാവുന്നില്ല. അതൊരു വ്യക്തിയുടെ പരിമിതിയായി കാണാനുമാവില്ല. അല്ലെങ്കിൽ അദ്ദേഹം അംഗമായ പ്രസ്ഥാനത്തിന് അത് തിരുത്താൻ കഴിയണമായിരുന്നു. അതുണ്ടാവുന്നില്ല. ഓരോ തുടർപ്രവൃത്തികളിലൂടേയും ജനാധിപത്യബോധം കുഴിച്ചുമൂടുകയും കുലബോധത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഈ പ്രസ്ഥാനം.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭാര്യാ സമേതനായി കയറാൻ ചെന്ന ഡി വൈ എഫ് ഐ നേതാവിനോട് പാസ്സ് ചോദിച്ച വിമുക്തഭടനെ, സംഘടിതമായി കൈകാര്യം ചെയ്തത് ഇപ്പോൾ ഓർമ്മിക്കുന്നത് നന്ന്. ‌

പത്ത് വർഷം മുമ്പായിരുന്നെങ്കിൽ ഡി വൈ എഫ് ഐക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പൊതു സമൂഹത്തിന് മുമ്പിൽ മുഖം രക്ഷിക്കാനുള്ള ഇടപെടലുകളായിരുന്നു പാർട്ടി കൈക്കൊള്ളുക. പകരം ഇവിടെ അക്രമം നടത്തിയവർ തങ്ങളുടെ ഗോത്രത്തിലെ ഒരു കുലമാണെന്നും അവർ എന്തു തെറ്റു ചെയ്താലും ഗോത്ര നീതിയനുസരിച്ച് സംരക്ഷിക്കാൻ പാർട്ടി ബാദ്ധ്യസ്ഥമാണ്, എന്നുമായിരുന്നു പാർട്ടി പറയാതെ പറഞ്ഞത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷ ജീവനക്കാരനെ മര്‍ദിക്കുന്നതിന്റെ വീഡിയോയില്‍ നിന്ന്

കേരളത്തിലങ്ങോളമിങ്ങോളം നമ്മുടെ ഭരണഘടനയും ആധുനിക നീതിന്യയ വ്യവസ്ഥയും കാറ്റിൽ പറത്തി, തെറ്റുകാരായ സ്വന്തം അണികളെ സംരക്ഷിക്കുന്ന നടപടികൾ, നിരന്തരമായി തുടർന്നുകൊണ്ടിരിക്കുന്നത് നാം കാണുന്നു. ഭരണാധികാരവും സംഘടിത ശക്തിയുമുപയോഗിച്ച് സ്വന്തം കുലബോധവും ഗോത്ര നീതിയും ഒരു പാർട്ടി ഉറപ്പിച്ചെടുക്കുന്നു. മെഡിക്കൽ കോളേജ് ഐ സി യുവിൽ കയറി ഓപ്പറേഷൻ കഴിഞ്ഞ് മയക്കത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച സ്വന്തം കുലജാതരെ രക്ഷിക്കുന്നതിലേക്ക് വരെ അതു ചെന്നെത്തി. പാർട്ടിക്കകത്തെ ലൈംഗികാതിക്രമണ കേസ്സുകളിലൊക്കെ ഇതേ ഗോത്ര നീതിയാണ് അവർ നടപ്പിലാക്കുന്നത്. അത് അങ്ങേയറ്റം സ്ത്രീവിരുദ്ധവും കുലപുരുഷന്മാരുടെ താല്പര്യങ്ങൾക്കനുസരിച്ചുമാകുന്നത് സ്വാഭാവികം. ആധുനിക ജനാധിപത്യബോധത്തെ അതിൻ്റെ കാതലിൽ ഉൾക്കൊള്ളാൻ കഴിയേണ്ട ഒരു പ്രസ്ഥാനമാണ്, ഒരു ചരിത്രഘട്ടത്തിൽ പിൻനടത്തം നടന്ന് ഗോത്ര/കുല ബോധത്തിലും നീതിയിലും ഉറച്ചു പോകുന്നത്.

ഈ ഗോത്രബോധത്തിൽ നിന്നാണ് കുലാധിപന്മാരായ എസ് എഫ് ഐ ക്കാർ സിദ്ധാർത്ഥനെ വീട്ടിലേക്കുള്ള യാത്ര, വഴിയിലുപേക്ഷിച്ച് തിരിച്ചുവരാൻ കല്പിക്കുന്നത്! രണ്ടായിരത്തിന് മുമ്പുള്ള കേരളത്തിലെ ഒരു ക്യാമ്പസ്സിൽ, എസ് എഫ് ഐ ക്ക് സർവ്വാധിപത്യം ഉണ്ടായാൽ പോലും ഇങ്ങനെ ഒരു ‘തിരിച്ചു വിളിക്കൽ കല്പന’ പുറപ്പെടുവിക്കാൻ അതിൻ്റെ നേതാക്കൾക്ക് കഴിയുമായിരുന്നോ? അഥവാ അങ്ങിനെ ഒരു കല്പന ഉണ്ടായാൽ അതനുസരിക്കാൻ ആത്മാഭിമാനമുള്ള ഒരു വിദ്യാർത്ഥി തയാറാകുമായിരുന്നോ? ആധുനിക മൂല്യബോധങ്ങളൊന്നും തൊട്ടു തീണ്ടിയിട്ടില്ലാത്ത പുതിയ ജന്മിത്ത വ്യവസ്ഥയിലെ മാടമ്പികളായി എസ് എഫ് ഐ ക്കാർ മാറിയതെങ്ങിനെ? ബാർബേറിയൻ ചരിത്ര കാലത്തെ ശിക്ഷാവിധികളുടെ പിൻബലത്തിൽ മാത്രം നിലനിർത്താവുന്ന, ഒരു കമ്മ്യൂണായി കോളേജിനെ എസ് എഫ് ഐ ഇതിനകം മാറ്റിയിരുന്നു എന്ന് വ്യക്തം. അച്ഛനേയും അമ്മയേയും കാണാനുള്ള യാത്ര വഴിയിലുപേക്ഷിച്ച് പാതിവഴിയിൽ വണ്ടിയിറങ്ങി തിരിച്ചു പോകാൻ സിദ്ധാർത്ഥൻ നിർബന്ധിതനായത് അതുകൊണ്ടാണ്.

സിദ്ധാര്‍ഥന്‍

കോളേജിൽ തിരിച്ചെത്തിയ സിദ്ധാർത്ഥനെ പിറകിലെ കുന്നിൻ മുകളിലേക്ക് കുറേ കിങ്കരന്മാർ ആനയിക്കുന്നു. തന്നെ കാത്തിരിക്കുന്നത് ഭീകരമായ മർദ്ദനമാണെന്നറിയുമായിരുന്നിട്ടും സിദ്ധാർത്ഥന് അനുസരിക്കേണ്ടി വരുന്നു. പുരോഗമന വിപ്ലവ വിദ്യാർത്ഥിപ്രസ്ഥാനത്തിന് സർവ്വാധിപത്യമുള്ള ഒരു ക്യാമ്പസ്സിൻ ഭയം ഇത്രമേൽ കട്ടപിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അത് നമുക്കെങ്ങിനെയാണ് വിശദീകരിക്കാനാവുക?

കുന്നിൻ മുകളിൽ വെച്ച് മണിക്കൂറുകൾ നീണ്ട മർദ്ദനത്തിൽ അവശനായ സിദ്ധാർത്ഥനെ വലിച്ചിഴച്ച് കോളേജിൽ കൊണ്ടുവരുന്നു. പിന്നീട് അവനെ കൊണ്ടുപോകുന്നത് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുടെ മുറിയിലേക്കാണ്. കൃത്യമായും ഒരു ജന്മിമാടമ്പിയുടെ പദവിയിലാണ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അവിടെ ഇരിക്കുന്നത്. ‘കുറ്റം ചെയ്ത’വനെ ജന്മിയുടെ വീട്ടിലെ മുക്കാലിയിൽ, അങ്ങോട്ടുകൊണ്ടുപോയി കെട്ടുന്നത് പോലെ സിദ്ധാർത്ഥനെ സെക്രട്ടറിയുടെ മുറിയിൽ എത്തിക്കുകയായിരുന്നു. ആ മുറിക്കത്ത് വെച്ചും ഈ വിദ്യാർത്ഥി അതികഠിനമായ മർദ്ദനങ്ങൾക്ക് ഇരയാകുന്നു. എന്നിട്ടും ഈ കുലപുരുഷന്മാരുടെ കോപം തണുക്കുന്നില്ല. തുടർന്ന് വരാന്തയിലിറക്കി മർദ്ദനം തുടരുന്നു.

ഇതു കണ്ടുനിൽക്കാനാവാതെ ഹോസ്റ്റലിലെ വിദ്യാർത്ഥികൾ അവരവരുടെ മുറികളിൽ കയറി വാതിലടക്കുന്നു. എണ്ണത്തിൽ കൂടുതലുണ്ടെങ്കിലും ഒറ്റക്കോ കൂട്ടായോ അരുതെന്ന് പറയാനുള്ള ശേഷി, യുവാക്കളായ ഈ വിദ്യാർത്ഥികളിൽ ആർക്കുമില്ലാതെ പോകുന്നത് എന്തു കൊണ്ടായിരിക്കും?

പൂക്കോട് വെറ്റിനറി സര്‍വകലാശാല

നിസ്സഹായരായ കുട്ടികൾ മുറിക്കകത്ത് കയറി വാതിലടച്ച് ഇരുന്നതോടെ സിദ്ധാർത്ഥനെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ നടുമുറ്റത്തെ ഷട്ടിൽ കോർട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നു. എല്ലാ വാതിലുകളിലും മുട്ടി മുറികൾ തുറന്ന് പുറത്തു വരാനും വരാന്തയിൽ നിന്ന് മർദ്ദനം കാണാനും കല്പനയിറങ്ങുന്നു.

“തങ്ങളെ ചോദ്യം ചെയ്യുന്നവർക്കുള്ള ശിക്ഷ ഇതായിരിക്കും. എല്ലാവരും കൺതുറന്ന് കണ്ടോളണം” എന്ന പ്രഖ്യാപനം നടക്കുന്നു. ‘അപരൻ്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന’ ഒരു ലോകം സ്വപ്നം കാണുന്ന വിപ്ലവ വിദ്യാർത്ഥി സംഘടനയുടെ ആഹ്വാനമാണിതെന്നോർക്കണം.

ഒരക്ഷരം മറുത്തു പറയാതെ കണ്ണീരൊഴുക്കി കൊണ്ട്, സ്വന്തം സഹപാഠിയെ പൈശാചികമായി മർദ്ദിക്കുന്നത് കണ്ടു നിൽക്കേണ്ടി വന്ന മറ്റു വിദ്യാർത്ഥികളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഭയം എത്ര കട്ടിയുള്ള അടരുകളിലാണ് അവരെ പൊതിഞ്ഞു നിന്നത് എന്നറിയണമെങ്കിൽ ഒരു കാര്യം കൂടി മനസ്സിലാക്കണം. ഈ അരുംകൊലയേക്കുറിച്ച് സ്വന്തം രക്ഷിതാക്കളോടെങ്കിലും പറയാനുള്ള ശേഷി അവർക്ക് നഷ്ടപ്പെട്ടിരുന്നു.

മണിക്കൂറുകൾ നീണ്ട അതിപൈശാചികമായ മർദ്ദനത്തിനൊടുവിൽ വെള്ളമിറക്കാൻ കഴിയാത്ത വിധം സിദ്ധാർത്ഥൻ്റെ കഴുത്തിലെ പേശികളും അന്നനാളവും തകർന്നു. ശരീരത്തിൽ പരിക്കേൽക്കാത്ത ഒരു സ്ഥലവും ബാക്കിയുണ്ടായിരുന്നില്ല. പതിനഞ്ചോളം ആന്തരികമായ പരിക്കുകൾ പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. ആയോധനകലകളിലെ വിദഗ്ധർ തങ്ങൾ പഠിച്ച പാഠങ്ങളെല്ലാം ആ ശരീരത്തിൽ പ്രയോഗിച്ച് എല്ലുകൾ നുറുക്കി.

എഴുന്നേറ്റു നിൽക്കാൻ ശേഷിയില്ലാതായ സിദ്ധാർത്ഥനെ വലിച്ചിഴച്ച് ഒരു മുറിയിൽ കൊണ്ടുപോയി അടച്ചു. മൂന്ന് ദിവസമായി എന്തെങ്കിലും ഭക്ഷണമോ ഒരിറ്റ് വെള്ളമോ സിദ്ധാർത്ഥന് ലഭിച്ചിരുന്നില്ലെന്നും തവിടുനിറത്തിലുള്ള കൊഴുത്ത ദഹനരസം വയറ്റിൽ കെട്ടി നിന്നിരുന്നു എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.

കൊല ചെയ്ത് കെട്ടിത്തൂക്കിയതാവാനുള്ള സാദ്ധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. ഈ അവസ്ഥയിൽ സിദ്ധാർത്ഥൻ എഴുന്നേറ്റു നിന്ന് കയറി തൂങ്ങാനുള്ള സാദ്ധ്യത വിരളവുമാണ്. മർദ്ദനത്തിൽ മരണപ്പെട്ട സിദ്ധാർത്ഥനെ കെട്ടിത്തൂക്കിയ ശേഷം, രണ്ടു കുട്ടികൾ അകത്തുകയറി വാതിൽ കുറ്റിയിട്ട ശേഷം, പുറത്ത് നിന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് തൂങ്ങിയവനെ രക്ഷിക്കാൻ തങ്ങൾ ശ്രമിച്ചതായി കഥയുണ്ടാക്കുകയായിരുന്നു, എന്നും ചില കരക്കമ്പികൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്.

മരണം സ്ഥിരീകരിച്ചതിൻ്റെ പിറ്റേന്ന് സിദ്ധാർത്ഥനെതിരെ ഒരു വിദ്യാർത്ഥിനിയുടെ പരാതി ഉണ്ടാക്കിയതും മർദ്ദനവും മരണവും മൂടിവെക്കാൻ ശ്രമിച്ചതുമൊക്കെ അദ്ധ്യാപകരുടേയും കോളേജ് അധികൃതരുടേയും ഒത്താശയോടെയായിരുന്നു എന്നറിയുമ്പോൾ സംഭവത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അദ്ധ്യാപകരുടേയും ജീവനക്കാരുടേയും പങ്കാളിത്തം ഇന്നൊരു പുതിയ വാർത്ത അല്ല. മിക്കവാറും എല്ലാ കലാലയങ്ങളിലും എസ് എഫ് ഐ യും പാർട്ടി അധ്യാപക സംഘടനകളും ഒരുമിച്ച് പ്രവർത്തിച്ചാണ് സ്വതന്ത്രമായി നടക്കേണ്ട തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ അട്ടിമറിക്കപ്പെടുന്നത്.

അന്വേഷണ സംവിധാനങ്ങൾക്കകത്തും കോടതിയിൽ പോലും തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് പ്രതികളെ നിശ്ചയിക്കാനും വേണ്ടപ്പെട്ടവരെ ഒഴിവാക്കാനുമൊക്കെ ഭരണകക്ഷിയുടെ ഇടപെടലുകൾ നടക്കുന്നതായി എല്ലാവർക്കും അറിയാം.

എസ് എഫ് ഐ പോലൊരു വിദ്യാർത്ഥിപ്രസ്ഥാനം കലാലയങ്ങൾക്കകത്ത് അനിവാര്യമാണ്. അത് ഇന്നത്തെ ഗോത്ര-കുല-സംഘമായിരിക്കരുത്. സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും പതാകയിലെ മൃതാക്ഷരങ്ങളായി ജീർണ്ണിക്കുന്നതിന് പകരം, ക്യാമ്പസ്സുകളുടെ അനുഭവമാക്കി മാറ്റാൻ കഴിയുന്ന ഒന്നായിരിക്കണമത്.

അതായത് തങ്ങളുടെ സുവർണ്ണ ഭൂതകാലം വീണ്ടെടുത്ത് വർത്തമാനകാലത്തിൻ്റെ ആവശ്യങ്ങളോട് ചേർത്തു വെക്കാൻ കഴിയുന്ന ഒരു പ്രസ്ഥാനം. ഇതിനെ കേവലമായ ആഗ്രഹ പ്രകടനമായി കാണരുത്. അങ്ങിനെ അത് ഒടുങ്ങിപ്പോകുന്നെങ്കിൽ ഒന്നര നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള മാർക്സിസ്റ്റ് പ്രസ്ഥാനങ്ങൾ ചരിത്രപരമായ അതിൻ്റെ ദൗത്യം പൂർത്തീകരിക്കാതെ തിരോഭവിക്കുന്നു എന്നാണ് അർത്ഥമാകുക.

അത് സംഭവിച്ചുകൂട. ഇതിൻ്റെ പതാകാവാഹരാകേണ്ടത് എസ് എഫ് ഐ ക്കാർ തന്നെയാണ്. കാരണം വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും തന്നെയാണ് നവംനവങ്ങളായ ആശയങ്ങളുമായി ചരിത്രത്തിൽ മാർച്ച് ചെയ്യാൻ സാധിക്കുക.

Comments