കേരളത്തിൽ ഈയിടെ ഉയർന്നുകേൾക്കുന്ന തമാശയാണ് ‘പരിസ്ഥിതി തീവ്രവാദം വച്ചുപൊറുപ്പിക്കില്ല' എന്നത്. അത് പരിസ്ഥിതി വിരുദ്ധമായ കോൺക്രീറ്റ് ഭീകരതയുടെ ഉദ്ഘാടന വേദിയിൽ നിന്നാകുമ്പോൾ തമാശ ഒരു ദുരന്തമാകുന്നു.
വിവേചന ബുദ്ധിയില്ലാതെ നടത്തുന്ന ഏതു മൂലധന നിക്ഷേപവും വികസനമാണെന്ന തെറ്റിദ്ധാരണയുടെ അഥവാ വികല വിശ്വാസത്തിന്റെ ഉൽപന്നമാകുന്നു. വികസനം എന്ന് പേരിട്ടുവിളിക്കുന്ന മുതലാളിത്ത വളർച്ച എന്ന വിശുദ്ധ പശുവിന്റെ പാൽ കുടിക്കുന്നവരുടെ ശബ്ദമാണത്. മൂലധനപ്പെരുപ്പം മാത്രം ലക്ഷ്യമാക്കി നടത്തുന്ന ഏതു നിക്ഷേപവും കേരളക്കരയിലെ രാഷ്ട്രീയക്കാർ-ഇടതും വലതും ഭേദമില്ലാതെ- വികസനമായി വിലയിരുത്തുന്നു ഇപ്പോൾ.
മെഗാമാളുകളും മെഗാ ഇൻഫ്രാസ്ട്രക്ചറും മെഗാ നിർമാണങ്ങളുമെല്ലാം വികസനമാണെന്ന പൊതുസമ്മതി കൃത്രിമമായി നിർമിച്ചെടുക്കാൻ ശ്രമിക്കുന്നവർ, കേരളത്തിൽ ഇക്കാലമത്രയും ഇടതുപക്ഷം പിന്തുടർന്ന വികസന നയത്തെ അട്ടിമറിക്കുന്നു. ഈ മെഗാ നിർമാണങ്ങൾക്കുവേണ്ട വിഭവങ്ങൾ കവർന്നെടുക്കുന്നത് നമ്മുടെയും ഭാവിതലമുറയുടെയും ജീവിതത്തിന്റെയും ഭൗതിക അടിത്തറയായ പ്രകൃതിയെ തകർത്തുകൊണ്ടാണ്. അത് ചൂണ്ടിക്കാണിക്കുന്ന പാരിസ്ഥിതിക ജ്ഞാനം ഉദാത്തമായ ഭൗതികബോധമാണ്. ഈ ഭൗതികവാദം കാൾ മാർക്‌സ് എന്നൊരു മനുഷ്യനാണ് തുടങ്ങിവെച്ചതും ഞങ്ങളെ പഠിപ്പിച്ചതും. അതിനാൽ പരിസ്ഥിതി തീവ്രവാദം എന്നൊന്നില്ല. പ്രത്യേകിച്ചും കാലാവസ്ഥാ ദുരന്തങ്ങളുടെ അടിയന്തരാവസ്ഥ നേരിടുന്ന ഇന്നത്തെ ലോകത്ത്.
മാർക്സിന്റേതുപോലുള്ള വലിയ ശാസ്ത്രബോധവും, മനുഷ്യരോടും പ്രകൃതിയോടും ഭാവി തലമുറകളോടുമുള്ള അളവറ്റ അലിവും സ്നേഹവും കരുണയുമാണ് പുതിയ കാലത്തെ ഇടതുപക്ഷ നേതൃത്വത്തിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്
വികസന തീവ്രവാദം
എന്നാൽ വികസന തീവ്രവാദികൾ അഥവാ മുതലാളിത്ത വളർച്ചയുടെ ഒറ്റുകാർ എന്നും ഉണ്ടായിരുന്നു. 1980-കളുടെ ആദ്യം ജയിംസ് ഹാൻസൻ എന്ന നാസയിലെ അന്തരീക്ഷ ശാസ്ത്രജ്ഞൻ അമേരിക്കൻ സെനറ്റ് കമ്മിറ്റിയുടെ മുമ്പിൽ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കാൻ പോകുന്ന ദുരന്തങ്ങളെക്കുറിച്ചു പറഞ്ഞപ്പോൾ, ആ മുതലാളിത്ത രാജ്യത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അദ്ദേഹത്തെ ‘പരിസ്ഥിതി തീവ്രവാദി' എന്നു വിളിച്ചില്ല. പക്ഷേ ഫോസിൽ ഇന്ധനം വിറ്റ് കുംഭ വീർപ്പിക്കുന്ന കോർപറേറ്റുകൾ അദ്ദേഹത്തെയും കാലാവസ്ഥാ ശാസ്ത്രജ്ഞരെയും അങ്ങനെ വിളിച്ചു. മൂന്നു ദശകക്കാലം ഭരണകൂടങ്ങൾ കാലാവസ്ഥാ നിയന്ത്രണത്തിനായി ഒന്നും ചെയ്യാതിരിക്കാൻ ആയിരക്കണക്കിനു കോടി ഡോളർ, ഈ കോർപറേറ്റുകൾ ചെലവഴിച്ചു. 2015-ൽ ഒപ്പിട്ട പാരീസ് ഉടമ്പടി വെള്ളത്തിൽ വരച്ച രേഖയാകുമെന്ന് അവർ ഉറപ്പിച്ചു. എറ്റവുമൊടുവിൽ 2021-ൽ ഗ്ലാസ്ഗോവിലെ കാലാവസ്ഥാ ഉച്ചകോടിയിൽ 530-ലധികം പ്രതിനിധികളെ കുത്തിനിറച്ച് അതും അട്ടിമറിച്ചു. ഈ കോർപറേറ്റുകളും വലതുപക്ഷ ഭരണകൂടങ്ങളുമാണ് വികസന തീവ്രവാദികൾ.
പാശ്ചാത്യ രാജ്യങ്ങളിലെ സാമ്പ്രദായിക മുതലാളിത്ത വളർച്ച അധിനിവേശ ചൂഷണത്തിന്റെയും അടിമക്കച്ചവടത്തിന്റെയും സന്തതിയാണ്. 21-ാം നൂറ്റാണ്ടിലെ നവ കൊളോണിയൽ തീവ്രമുതലാളിത്ത വളർച്ചയുടെ ദൃഷ്ടാന്തമാണ് ചൈന. ചൈനയെ ഇനി നമുക്ക് സോഷ്യലിസ്റ്റ് രാജ്യമെന്നു വിളിക്കാൻ കഴിയില്ല. ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും വിഭവങ്ങൾ ‘മന്ദമായ ഹിംസ'യിലൂടെ കീഴടക്കി വളരുന്ന ഒരു നവ കൊളോണിയൽ ശക്തിയാണ് ആ രാജ്യം. അവിടെ ആന്തര ജനാധിപത്യം പുലരുന്നില്ല. ഇന്ത്യയടക്കമുള്ള അയൽരാജ്യങ്ങളുടെ അതിർത്തികൾ അവർ കയ്യേറുന്നു. ‘ബെൽറ്റ് ആൻഡ് റോഡ്' എന്ന ഭ്രാന്തമായ മെഗാ ഇൻഫ്രാസ്ട്രക്ചർ വികസനത്തിന്റെ മായാജാലം കാണിച്ച് ലോകരാജ്യങ്ങളെ കടക്കെണിയിലാക്കുന്നു. അത്തരമൊരു രാജ്യത്തെ മാതൃകയാക്കി ഇനി സോഷ്യലിസത്തിന് വളരാനാകില്ല. അവരുടെ മാതൃക സ്വീകരിച്ച് വികസന തീവ്രവാദം പ്രചരിപ്പിക്കുന്നത് ഇന്ത്യൻ ഇടതുപക്ഷത്തെ സഹായിക്കില്ല.
സിൽവർലൈൻ ഒരു ‘ഹരിത പദ്ധതി'യാണെന്ന് പറയുന്നത് പരിഹാസ്യമാണ്. ടെലിവിഷൻ ചാനലുകളിൽ വന്നിരുന്ന് അത്തരം വിതണ്ഡവാദങ്ങൾ പറയുന്ന പാവങ്ങൾ, റെക്കോർഡ് ചെയ്ത ഡയലോഗ് ആവർത്തിക്കാൻ കീ കൊടുത്തുവിട്ട പാവകളായതിനാൽ അവരോട് സഹതപിക്കുകയേ വഴിയുള്ളൂ. അതെല്ലാം ഇതിനകം വളരെ ശാസ്ത്രീയമായി ഖണ്ഡിക്കപ്പെട്ടതാണ്. അതിലൊരൊറ്റ കാര്യം മാത്രം ഇവിടെ പറയാം. ഈ പദ്ധതിയുടെ നിർമാണത്തിനു വേണ്ട വസ്തുക്കളുടെ (മണ്ണ്, മണൽ, പാറ തുടങ്ങിയവ) അളവ് ഭീമാകാരമാണ്. ഇപ്പോൾ പുറത്തുവിട്ട ഡി.പി.ആർ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. മൊത്തം 529 കിലോമീറ്റർ ദൈർഘ്യമുള്ള കെ-റെയിലിൽ 293 കിലോമീറ്റർ എംബാങ്ക്‌മെൻറ് (അടിയിൽ 25 മീറ്റർ വീതിയും, 2.5 മീറ്റർ മുതൽ 8 മീറ്റർ വരെ ഉയരവും), 88 കിലോമീറ്റർ വയഡക്ട്, 13 കിലോമീറ്റർ പാലങ്ങൾ, 11 കിലോമീറ്ററിലധികം ടണലുകൾ എന്നിയാണ്. വിഭവങ്ങളുടെ കണക്ക് ഡി.പി.ആർ പറയുന്നില്ല. ഒന്നുമാത്രം പറയാം. ഭീമമായ തോതിൽ മണ്ണ്, പാറ, മണൽ, സിമന്റ് തുടങ്ങിയവ ഈ പ്രൊജക്റ്റിന് ആവശ്യമായി വരും.
ഈ പദ്ധതി ഗുണം ചെയ്യുക ക്വാറി- റിയൽ എസ്റ്റേറ്റ് മാഫിയകൾക്കുമാത്രമാണ്. അത് കേരളത്തിന്റെ പാരിസ്ഥിതിക സുരക്ഷയെ സ്ഥിരമായി തകർക്കുകയും ചെയ്യും.
ഏറെയും വിഭവങ്ങൾ സംസ്ഥാനത്തിനു പുറത്തുനിന്ന് കൊണ്ടുവരുമെന്നാണ് സർക്കാർ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിനുപോലും വിഭവങ്ങൾ ലഭിക്കുന്നില്ല. ലഭിച്ചാലും അവ ഖനനം ചെയ്യാനും ട്രാൻസ്പോപോർട്ട് ചെയ്യാനും നിരവധി വർഷങ്ങൾ വേണ്ടിവരും. ദൂരം കൂടുംതോറും ചെലവും കൂടും. പദ്ധതി പൂർത്തിയാക്കാൻ കുറഞ്ഞത് പത്ത് വർഷം വേണ്ടി വരും, ചെലവ് ഇരട്ടിയാവുകയും ചെയ്യും. വിഭവങ്ങൾ എവിടെ നിന്നായാലും അവിടെ വിനാശം വിതയ്ക്കും. കാലാവസ്ഥാ ദുരന്തങ്ങൾ കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും കർണാടകയിലും ഇന്ത്യയൊട്ടാകെയും സംഭവിക്കുന്നു. അയൽക്കാരൻ മുടിഞ്ഞാലും നമുക്കു നന്നാകാം എന്ന വാദം (NIMBY- Not in My Backyard) ഇനി പ്രായോഗികമല്ല. അവിടങ്ങളിൽ നിന്ന് വിഭവങ്ങൾ ലഭിച്ചില്ലെങ്കിൽ ഒന്നുകിൽ പദ്ധതി ഉപേക്ഷിക്കേണ്ടിവരും, അല്ലെങ്കിൽ കേരളം ഇടിച്ചു നിരത്തി വിഭവശേഖരണം നടത്തേണ്ടിവരും. ഈ പദ്ധതി ഗുണം ചെയ്യുക ക്വാറി- റിയൽ എസ്റ്റേറ്റ് മാഫിയകൾക്കുമാത്രമാണ്. അത് കേരളത്തിന്റെ പാരിസ്ഥിതിക സുരക്ഷയെ സ്ഥിരമായി തകർക്കുകയും ചെയ്യും.
വിഭവങ്ങൾ ഖനനം ചെയ്യേണ്ടിവരിക സിൽവർ ലൈനുവേണ്ടി മാത്രമല്ല. ഇനിയും നിരവധി മെഗാ നിർമാണങ്ങൾ പൈപ്പ് ലൈനിലുണ്ട്. മെട്രോ റെയിലുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൻകിട മാളുകൾ, ആറുവരിപ്പാതകൾ, ഭാവിയില്ലാത്ത കൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴി, ആലുവയിലെ ഗിഫ്റ്റ് സിറ്റി എന്നിങ്ങനെ. കേരളത്തിൽ ഗിഫ്റ്റ് സിറ്റി പ്ലാനിടുന്നവർ അഹമ്മദാബാദിലെ ഗിഫ്റ്റ് സിറ്റി പോയി കാണണം. അതിനായി ഏറ്റെടുത്ത വൻതോതിലുള്ള ഭൂമിയിൽ, ദശകങ്ങളായി ആകെയുള്ളത് രണ്ട് കെട്ടിടങ്ങൾ മാത്രം- അവയിലേറെയും സർക്കാർ സ്ഥാപനങ്ങളുടെ ഓഫീസുകളും. വിഭവങ്ങളുടെ കണക്കെടുക്കുമ്പോൾ വരാനിരിക്കുന്ന മെഗാ പദ്ധതികൾക്കെല്ലാം കൂടി അടുത്ത രണ്ട് ദശകക്കാലത്ത് എത്ര വിഭവങ്ങൾ വേണ്ടിവരുമെന്നും അവ എവിടെനിന്ന് ഖനനം ചെയ്യുമെന്നും കണക്കു കൂട്ടണം. അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതം പഠിക്കണം. അനിവാര്യമായ കാലാവസ്ഥാ ദുരന്തങ്ങളെ നേരിടാനുള്ള നമ്മുടെ കഴിവിനെ അതെങ്ങനെ തകർക്കുമെന്ന് ശാസ്ത്രീയമായി പഠിക്കണം. ഇന്നത്തെ രീതിയിലെ മെഗാ നിർമാണങ്ങൾ ഇനി സാധ്യമല്ലെന്നതാണ് സരളമായ സത്യം. അത് തുടരുന്നത് ചരിത്രനിർമിതിയും, സൃഷ്ടിക്കുന്നത് സ്വപ്നപദ്ധതികളുമായിരിക്കില്ല-നിതാന്ത ദുഃസ്വപ്നങ്ങളാകും.
കേരളത്തിലെ "ന്യൂനോർമൽ'
കേരള ചരിത്രത്തെ ഇനി നമുക്ക് 2017-നു മുമ്പും പിന്നീടുമെന്ന് വേർതിരിക്കേണ്ടി വരും. 2017-ലെ കേരളപ്പിറവി ദിനത്തിന്റെ (നവംബർ 1) 29-ാം ദിവസം (നവംബർ 29) ഓഖി കൊടുങ്കാറ്റ് കേരളത്തിന്റെ തെക്കൻ മേഖലകളിൽ ആഞ്ഞടിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഓഖി ഇന്ത്യയുടെ തെക്കൻ മുനമ്പ് കടന്ന്, പടിഞ്ഞാറൻ തീരത്തേയ്ക്ക് വന്നെത്തി. സമീപകാല ചരിത്രത്തിലെ ആദ്യസംഭവമായിരുന്നു അത്. 143 പേർ മരിക്കുകയും, തീരദേശത്തെ ആയിരക്കണക്കിനു വീടുകൾ നശിക്കുകയും ചെയ്തു. ബംഗാൾ ഉൾക്കടലിനും ഇന്ത്യയുടെ കിഴക്കൻ തീരത്തിനും കൊടുങ്കാറ്റുകളുടെ ചരിത്രമുണ്ട്. എന്നാൽ പടിഞ്ഞാറൻ തീരത്ത് അറബിക്കടലിലും പുതുതായി ചിലത് സംഭവിക്കുന്നതിന്റെ തെളിവുകൾ 2017 ഡിസംബറിൽ തന്നെ ഞാൻ കണ്ടെത്തിയിരുന്നു.
സാൻ ദീഗോയിലെ കാലിഫോർണിയ സർവകലാശാല കാമ്പസിലെ രണ്ട് ഗവേഷകർ 2011 - നവംബറിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധമാണ് ആദ്യകാല പഠനം. മനുഷ്യരുടെ സാമ്പത്തിക വൃത്തികൾ വമിച്ച ‘കറുത്ത കാർബൺ', ‘സൾഫേറ്റ്' എന്നിവയുടെ വർദ്ധിച്ച ഉത്സർജ്ജനത്തിലൂടെ കടലിന്റെ ഉപരിതല ചൂട് (Sea Surface Temperature- SST) വർദ്ധിക്കുക മൂലം 1979- 2010 കാലഘട്ടത്തിൽ അറേബ്യൻ കടലിൽ മൺസൂൺ കാലത്ത് കൊടുങ്കാറ്റുകളുണ്ടാകുന്നതിന്റെ തോത് ഏറുന്നതായി അവർ കണ്ടെത്തി. അറേബ്യൻ കടൽ ഇന്ത്യൻ ഭൂഖണ്ഡത്തിനും പേർഷ്യൻ ഗൾഫിനും ഇടയിലുള്ള വിസ്തൃതി കുറഞ്ഞ കടലിടുക്കുപോലെയാണ്. അതിനാൽ പ്രാദേശികമായ വർദ്ധിച്ച കാർബൺ ഉത്സർജനം മൂലമാകണം അറേബ്യൻ കടലിലെ ഈ പ്രത്യേക താപനമെന്നും അവർ കണ്ടെത്തി. ലോകത്ത് ഏറ്റവും പെട്രോളിയം വിഭവങ്ങൾ ഖനനം ചെയ്യുകയും, ആളോഹരി കണക്കിൽ ഏറ്റവുമധികം അവ ഉപയോഗിക്കുകയും മൂലം ഏറ്റവും കാർബൺ മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളാണ് ഗൾഫിലുള്ളത്. പഠനത്തിന്റെ നിഗമനം: ‘‘അറേബ്യൻ സമുദ്രതടം താരതമ്യേന ചെറുതായതിനാൽ, രൂപപ്പെടുന്ന കൊടുങ്കാറ്റുകളിൽ പകുതിയിലധികം ഭൂതലത്തിലെത്തി പതിക്കുന്നു. അത്തരം ഭൂതല പതനങ്ങൾ ദുർബ്ബലമായാലും, വളരെ നാശനഷ്ടത്തിനും ജീവഹാനിക്കും കാരണമാകാം.''
ഇനിയുള്ള മൂന്നു ദശകങ്ങളിൽ പുതിയൊരു വികസന മാതൃകയിലേയ്ക്ക് പരിണമിക്കുക എന്നതല്ലാതെ നമുക്കു വേറെ വഴിയില്ല. അത് കേരളത്തിന് പരിചിതമായ വികേന്ദ്രീകൃത വികസന മാതൃകയാകും-കാലാകാലങ്ങളിൽ കേരളത്തിലെ ഇടതുപക്ഷം പിന്തുടർന്നുവന്ന രീതി.
ആദ്യം ജപ്പാനിലെ കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലും, പിന്നീട് അമേരിക്കയിലെ ഹവായ് സർവകലാശാലയിലും, പ്രിൻസ്റ്റൺ സർവ്വകലാശാലയിലും കാലാവസ്ഥാ ശാസ്ത്രജ്ഞനായി പ്രവർത്തിച്ച ഹിറയോക്കി മുറക്കാമിയുടെ നേതൃത്വത്തിലുള്ള സംഘം 2012-ലും, 2017-ലും സമാന നിഗമനങ്ങളിലെത്തി. പ്രാദേശികമായി വർദ്ധിച്ച കാർബൺ ഉത്സർജനം മൂലം വടക്കൻ ഇന്ത്യൻ സമുദ്രത്തിൽ (അറബിക്കടൽ, ബംഗാൾ ഉൾക്കടൽ) സമുദ്രത്തിന്റെ ഉപരിതലചൂട് വർദ്ധിക്കുന്നുവെന്ന് അവരും കണ്ടെത്തി. 2017-ലെ പഠനം അറബിക്കടലിനെ കേന്ദ്രീകരിച്ചായിരുന്നു. അവിടുത്തെ സമുദ്രതാപനം ആഗോള ശരാശരിയേക്കാളധികമായ 1.2 ഡിഗ്രി സെൻറിഗ്രേഡാണെന്നും അവർ കണ്ടെത്തി. ഇതുമൂലം കൊടുങ്കാറ്റുകളുടെയും അതിവൃഷ്ടികളുടെയും എണ്ണവും തീവ്രതയും വർദ്ധിക്കുന്നു. 2014 ഒക്ടോബർ- ഡിസംബർ കാലത്ത്, ‘നീലോഫർ' അതിതീവ്ര കൊടുങ്കാറ്റും (Extreme Tropical Cyclone), 2015-ൽ ചഫാല, മേഘ് എന്നീ അതിതീവ്ര കൊടുങ്കാറ്റുകളും ഉണ്ടായി. 2019-ൽ അറബിക്കടലിൽ അഞ്ച് കൊടുങ്കാറ്റുകളുണ്ടായി. ഇവയുടെ പതനസ്ഥലം ഗൾഫ് രാജ്യങ്ങളിലായിരുന്നു. എന്നാൽ 2020 - ൽ ഇന്ത്യയുടെ പശ്ചിമതീരത്ത് ‘നിസർഗ്ഗ്', കിഴക്കൻ തീരത്ത് ‘അംഫൻ' എന്നീ കൊടുങ്കാറ്റുകളുടെ പതനം മൂലം വലിയ നാശനഷ്ടങ്ങളുണ്ടായി. 2021-ൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി അഞ്ച് കൊടുങ്കാറ്റുകളുണ്ടായി- തൗക്തേ, യാസ്, ഗുലാബ്, ഷാഹീൻ, ജവാദ് എന്നിവ.
ഭാവിയിൽ ഇവയുടെ എണ്ണവും തീവ്രതയും വർദ്ധിക്കാനിടയുണ്ട്. ചുരുക്കത്തിൽ താരതമ്യേന ശാന്തമായിരുന്ന അറബിക്കടൽ ഇനി അശാന്തമായിരിക്കും.
അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ന്യൂനമർദ്ദങ്ങൾ ഏകോപിതമായി പ്രവർത്തിക്കുന്നതും ഇപ്പോൾ പതിവായിരിക്കുന്നു. 2018 മുതൽ കേരളത്തിലും ഏറിയും കുറഞ്ഞും അതിവൃഷ്ടി മൂലമുണ്ടാകുന്ന പ്രളയങ്ങളും ദുരന്തങ്ങളും വിനാശം വിതച്ചുകൊണ്ടിരിക്കുന്നു. ആഗോളതാപനം 2030-ൽ 1.5 ഡിഗ്രി സെൻറിഗ്രേഡ് ആകുമെന്ന് പുതിയ ശാസ്ത്രീയ പഠനങ്ങൾ പറയുന്നു. ഐ.പി.സി.സിയുടെ (Intergovernmental Panel on Climate Change) 2018 ഒക്ടോബറിലെയും (AR 5) 2021-ലെയും (AR 6) പഠനങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്. അതിന്റെ അർത്ഥം, കാലാവസ്ഥാ ദുരന്തങ്ങൾ ഇനിയും വർദ്ധിക്കുമെന്നാണ്. അവ സൃഷ്ടിക്കുക ജീവഹാനിയും ഭൗതിക ദുരന്തങ്ങളും മാത്രമല്ല, വലിയ സാമ്പത്തിക നഷ്ടം കൂടിയാകും. 2018-ലെ പ്രളയം മാത്രം കേരളത്തിനു വരുത്തിയ നഷ്ടം 31000 കോടി രൂപയുടേതാണ്.
ഇന്ത്യ സർക്കാർ 2020-ൽ പ്രസിദ്ധീകരിച്ച 225 പേജുള്ള വിശദ പഠനം (Assessment of Climate Change over the Indian Region- Ministry of Earth Sciences, Government of India) കേരളത്തിൽ ഭരണം കയ്യാളുന്നവർ വായിക്കണം. ചുരുങ്ങിയത് അതിന്റെ നാലു പേജ് സംക്ഷേപമെങ്കിലും വായിക്കണം. അത് വായിക്കാൻ ക്ഷമയും സമയവുമില്ലെങ്കിൽ, അതെഴുതിയ പൂനയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മിറ്റീരിയോളജിയിലെയും, ഐ.പി.സി.സി.യുടെ ഗവേഷണ സംഘത്തിലുള്ള ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെയും ഗവേഷകരെ വിളിച്ചിരുത്തി അവർ പറയുന്നത് കേൾക്കണം. അടുത്ത മൂന്നു ദശകങ്ങളിൽ കേരളത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് അവർ പറഞ്ഞുതരും. അതല്ലാതെ, സ്വന്തം കാര്യത്തിനപ്പുറം മറ്റു കാര്യങ്ങളിലൊന്നും അഭിപ്രായങ്ങളും അറിവുമില്ലാത്ത ‘പൗരപ്രമുഖ'രെ വിളിച്ചിരുത്തി മോണോലോഗ് നടത്തി കൃത്രിമ സമ്മതി നടത്തുകയല്ല വേണ്ടത്. കേരളത്തിൽതന്നെയുള്ള വികസന-പാരിസ്ഥിതിക- കാലാവസ്ഥാ വിദഗ്ദ്ധരെയൊന്നും ഈ ‘പൗരപ്രമുഖ'രുടെ ഇടയിൽ കണ്ടില്ല.
ഇന്ത്യ സർക്കാറിന്റെ മുകളിൽ പറഞ്ഞ പഠനം പറയുന്നത്, 1951-2014 കാലത്ത് ഹിമാലയത്തിലെ ചൂട് 1.3 ഡിഗ്രി സെൻറിഗ്രേഡ് വർദ്ധിച്ചുവെന്നാണ്. അതിനിയും ഏറിക്കൊണ്ടിരിക്കുന്നു. അവിടെ മഞ്ഞുമലകൾ ഉരുകുന്നതും തകരുന്നതും പതിവായിരിക്കുന്നു. ഇന്ത്യയിലെ ഈ നൂറ്റാണ്ടിലെ താപവർദ്ധനവിനെക്കുറിച്ച് റിപ്പോർട്ട് പറയുന്നു: ‘‘21-ാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയ്ക്കു മുകളിലെ ശരാശരി താപം, ഏകദേശം 4.4 ഡിഗ്രി (1976-2005 കാലഘട്ടത്തെ അപേക്ഷിച്ച്) വർദ്ധിക്കും.'' കേരളം ഇന്ത്യയുടെ ഭാഗമാണല്ലോ. ആഗോള കാലാവാസ്ഥയും ഇതേ ദിശയിലേക്കാണ് നീങ്ങുന്നത്. 2021 ലോകമാസകലം അതിതീവ്ര കാലാവസ്ഥാ ദുരന്തങ്ങളുടെ കാലമായിരുന്നു. മുതലാളിത്ത വളർച്ചയുടെ ഉൽപന്നമായ കാലാവസ്ഥാ വ്യതിയാനം പിന്തിരിയാൻ പറ്റാത്ത പ്രക്രിയയാണ് (Irriversible Process). അത് ദീർഘകാലം നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. നീണ്ട ഭൗമയുഗ കാലാവധിയിൽ ഭൗമ പ്രക്രിയകളിലൂടെ സന്തുലനം വീണ്ടെടുത്തേയ്ക്കാം. പക്ഷേ നമ്മുടെ പ്രശ്‌നം ഈ നൂറ്റാണ്ടിലേയും അടുത്ത കുറെ തലമുറകളുടെയും സുരക്ഷയാണല്ലോ. The Planet has entered an unchartered territory. പുതിയ ശാസ്ത്രീയ കണ്ടെത്തലുകൾ ‘Code Red for Humanity’ ആണെന്നാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ പറഞ്ഞത്.
അല്പായുസ്സായ വളർച്ച
കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കണ്ടെത്തുമെന്ന് മുതലാളിത്ത ശക്തികൾ വീമ്പിളക്കുന്നത് വൃഥാ വേദാന്തമാണ്. ‘കാർബൺ ക്യാപ്ച്ചർ' മാതൃകയിലുള്ള സാങ്കേതിക പരിഹാരങ്ങൾ ചെറിയ തോതിൽ നടക്കുമെങ്കിലും, വേണ്ട തോതിൽ വേണ്ടത്ര വേഗത്തിൽ അത് സാധ്യമാക്കാമെന്നത് ശാസ്ത്രീയമായും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമല്ല. താപനം ഇനിയും വർദ്ധിക്കുന്നത് ഉടനടി തടയാൻ ശാസ്ത്രീയ മാർഗ്ഗം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഉടൻ നിർത്തുകയെന്നതാണ്. അത് സംഭവിക്കുകയില്ല. കാരണം ഫോസിൽ ഉൽപാദക രാജ്യങ്ങൾ അവയുടെ ഖനനം തുടരും. മുതലാളിത്ത വളർച്ചയുടെ തിമിരം ബാധിച്ച ലോകം, അവ വാങ്ങി ‘വളർന്നു'കൊണ്ടിരിക്കും. 2040-നു ശേഷം എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ കയറ്റുമതി ചെയ്യാനള്ള എണ്ണയുണ്ടാകില്ലെന്നാണ് ശാസ്ത്രീയ നിഗമനം- പ്രത്യേകിച്ചും ഏറ്റവും എണ്ണ കയറ്റുമതി ചെയ്യുന്ന സൗദി അറേബ്യയിൽ. എണ്ണയും കൽക്കരിയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്ത് ‘വളരുന്ന'രാജ്യങ്ങളിൽ അത് ഇന്നത്തെ രീതിയിലുള്ള വളർച്ചയുടെ അന്ത്യം കുറിയ്ക്കും.
സമഗ്രമായ പാരിസ്ഥിതിക പുനഃസ്ഥാപന പ്രവർത്തനങ്ങളാണ് ഇനി വേണ്ടത്. കടൽത്തീരത്തെ പുലിമുട്ടിടലും കടൽഭിത്തികെട്ടലും പശ്ചിമഘട്ടം തകർത്ത് ക്വാറിമാഫിയയെ സഹായിക്കാൻ മാത്രമേ ഉതകുകയുള്ളൂ.
ക്രൂഡ് എണ്ണയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പെട്രോകെമിക്കൽ ഉൽപന്നങ്ങളാണ് ഇന്നത്തെ വ്യവസായ വളർച്ചയുടെ അടിത്തറ. എണ്ണ കയറ്റുമതി തീരുമ്പോൾ ഇന്നത്തെ രീതിയിലെ വളർച്ചയും അസ്തമിക്കും. അല്പായുസ്സായ ഈ വളർച്ചയ്ക്കുവേണ്ടി, അതിന്റെ സ്റ്റീം റോളറിനടിയിൽ പ്രകൃതിയും, ജലാശയങ്ങളും നദികളും, വനങ്ങളും, ആദിമ ജനതകളുമെല്ലാം തകർന്നടിയുന്നത് വിഗണിച്ച് വളർച്ച മുന്നേറുകയാണ്. അതിന്റെ ആയുസ്സ് ഏറിയാൽ ഒന്നുരണ്ടു ദശകങ്ങൾ കൂടി നീട്ടുന്നതിനുവേണ്ട വിഭവങ്ങൾ തേടി അവസാനത്തെ വന്യസ്ഥലങ്ങൾ കൂടി ഉഴുതുമറിയ്ക്കാൻ ലോക ഭരണകൂടങ്ങൾ തയ്യാറെടുക്കുകയാണ്. ഉത്തരധ്രുവവും, മഞ്ഞുമലകളും, സമുദ്രത്തിന്റെ അടിത്തട്ടുമെല്ലാം ഖനന പ്രദേശങ്ങളാകാൻ പോവുകയാണ്. അത് ആഗോളതാപനത്തെ അതിതീവ്രമാക്കും. നമ്മുടെ ഒരേയൊരു ഗൃഹമായ ഭൂമിയെ വാസയോഗ്യമല്ലാതാക്കും. കൊറോണക്കാലത്തെ സാമ്പത്തികമാന്ദ്യത്തിനുശേഷം, കരകയറുന്നതിനായി ലോകം കണ്ടെത്തിയിരിക്കുന്ന ‘വളർച്ച'യുടെ മാർഗം മെഗാ ഇൻഫ്രാസ്ട്രക്ചർ നിർമാണമാണ്. അതിന്റെ ഭാഗമാണ് ‘അതിവേഗ' പാതകൾ. അവയെല്ലാം തീരുമ്പോൾ ഭൂമിയിലെ ജീവെന്റ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചിരിക്കും. വളർച്ചയ്ക്കുവേണ്ടിയുള്ള വളർച്ച, കാൻസർ സെല്ലിന്റെ പ്രത്യയശാസ്ത്രമാണ് - അല്പായുസ്സായ ഒന്ന്.
സാധ്യമായ പരിഹാരങ്ങൾ
മുതലാളിത്ത വളർച്ചയുടെ ഉൽപന്നമായ കാലാവസ്ഥാ വ്യതിയാനം തടയാൻ ഇനി കഴിയില്ല. അതിന്റെ നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രത്യാഘാതം ലഘൂകരിക്കാൻ രണ്ടുതരം കാര്യങ്ങളാണ് നമുക്ക് ചെയ്യാൻ കഴിയുക. ഒന്നാമതായി കാർബൺ ഉത്സർജ്ജനമില്ലാത്ത ബദൽ ഈർജ്ജ സ്ത്രോതസ്സുകളിലേയ്ക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിണമിക്കുക. എങ്കിലും അതിന് ഇനി മൂന്ന് ദശകങ്ങളെങ്കിലും വേണം. അതോടൊപ്പം ഊർജ്ജ വിനിയോഗം കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുക. കാലാവസ്ഥാ വിദഗ്ധർ ഇതിനെ ‘climate mitigation' എന്നു വിളിക്കുന്നു.
നമുക്കാവശ്യമുള്ളതിൽ 70 ശതമാനം വൈദ്യുതിയും ഇറക്കുമതി ചെയ്യുന്ന നാടാണ് കേരളം. അത് അന്യസംസ്ഥാനങ്ങളിലെ താപനിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയാണ്. 2030-നു ശേഷം ക്രമേണ ഇന്ത്യയിലെ കൽക്കരിയുടെ ലഭ്യത കുറഞ്ഞു തുടങ്ങുമെന്ന് ഇതിനകം ശാസ്ത്രീയമായി കണ്ടെത്തിയിട്ടുള്ളതാണ്. അപ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്ന് നമുക്ക് വേണ്ടത്ര താപവൈദ്യുതി ലഭ്യമാകില്ല. മന്ദമന്ദം വളരുന്ന ആണവോർജ്ജവും ദീർഘായുസ്സുള്ള ഒന്നല്ല. ജനസാന്ദ്രതയുള്ള കേരളത്തിൽ ആണവനിലയങ്ങൾ പ്രായോഗികമല്ല. ഭാവിയിൽ ഇതര സംസ്ഥാനങ്ങളിലെ ആണവനിലയങ്ങൾ ഉൽപാദിപ്പിക്കുന്ന വൈദ്യുതി അവർക്കുതന്നെ വേണ്ടിവരും, നമുക്കു ലഭ്യമാകില്ല.
ഗൾഫ് മുതലാളിമാരുടെ നിക്ഷേപങ്ങൾ വിനാശകരമായ മെഗാമാളുകളിലും ഇതര മെഗാ നിർമിതികളിലും കേന്ദ്രീകരിക്കുന്നതിനു പകരം, സൗരോർജ്ജ വികസനത്തിലാകണമെന്ന് നമുക്കവരോട് ആവശ്യപ്പെടാം. അതിലൂടെ കേരളത്തിന്റെ ഭാവി ബദൽ വികസന പാതയുടെ അടിത്തറയും, ഊർജ്ജ സുരക്ഷയും ഉറപ്പാക്കാം. 2050-നകം സൗരോർജ്ജവും നിലവിലുള്ള ജലവൈദ്യുതിയും ഒത്തുചേരുന്ന ഒരു ഹരിത ഊർജ്ജ സംവിധാനം പടുത്തുയർത്താൻ നമുക്കു കഴിയണം. നിക്ഷേപങ്ങൾ ഒഴുക്കേണ്ടത് അവിടേയ്ക്കാണ്. ഊർജ്ജമില്ലെങ്കിൽ ഒരു വികസനവും സാധ്യമല്ല. ഭാവി വികസനത്തിനു മാത്രമല്ല, ഒരു സംസ്കൃത- പുരോഗമന സമൂഹം നിലനിർത്തികൊണ്ടുപോകാനും ഊർജ്ജം അനിവാര്യമാണ്. അത് ഹരിതമാവുകയും വേണം.
കാലാവസ്ഥാവ്യതിയാനം ഇനിയും രൂക്ഷമാകുമ്പോൾ വയലുകൾ നികത്തിവച്ച വീടുകളൊക്കെ പ്രളയം കൊണ്ടുപോകും. 2018-ലെ പ്രളയത്തിൽ രണ്ടാം നിലവരെ വെള്ളമുയർന്ന പല പ്രദേശങ്ങളും വയൽ നികത്തി വീടുവെച്ചയിടങ്ങളാണ്.
രണ്ടാമത്തെ ഗണത്തിലെ പരിഹാര മാർഗങ്ങളെ Climate adaptation എന്നു വിളിക്കുന്നു. നാനാവിധത്തിലെ പാരിസ്ഥിതിക പുനഃസ്ഥാപന (Ecological Restoration) പ്രവർത്തനങ്ങളിലൂടെ കാലാവസ്ഥാദുരന്തങ്ങളുടെ പ്രത്യാഘാതം ലഘൂകരിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിരവധി മേഖലകളിലേക്ക് വ്യാപിക്കുന്ന പ്രവർത്തനം ആവശ്യമാണ്. ഉദാഹരണത്തിന് കൃഷിയുടെ രംഗത്ത്, വരൾച്ച നേരിടാനും, വെള്ളത്തിൽ വളരാനുമൊക്കെ കഴിവുള്ള പാരമ്പര്യ വിത്തിനങ്ങൾ കണ്ടെത്തി പ്രചരിപ്പിക്കുക പ്രധാനമാണ്. പക്ഷേ പ്രധാന രക്ഷാകവചം നമ്മുടെ പ്രകൃതി തന്നെയാണ്. അധിനിവേശകാലത്ത് ആരംഭിച്ച് സ്വാതന്ത്ര്യാനന്തരവും തുടർന്ന വനവിധ്വംസനങ്ങളുടെ ഇരയാണ് പശ്ചിമഘട്ടം. മലയോരത്തും ഇടനാട്ടിലും തീരദേശത്തുമെല്ലാം കുന്നുകൾ ഇടിച്ചുനിരത്തി, പാടശേഖരങ്ങൾ നികത്തി, നിർമാണഭ്രാന്ത് ചുടലനൃത്തം ചെയ്ത് തകർത്ത പ്രകൃതിയാണ് നമ്മുടേത്. സമഗ്രമായ പാരിസ്ഥിതിക പുനഃസ്ഥാപന പ്രവർത്തനങ്ങളാണ് ഇനി വേണ്ടത്. വനവൽക്കരണം, പശ്ചിമഘട്ടത്തിലെ ക്വാറികൾ അടച്ചുപൂട്ടൽ, കുന്നുകൾ ഇടിക്കുന്നത് അവസാനിപ്പിക്കൽ, നദികളുടെ ഉറവകളായ തോടുകളും അരുവികളും വീണ്ടെടുത്ത് അവയെ പുനരുജ്ജീവിപ്പിക്കുക, കടൽത്തീരങ്ങളിൽ നഷ്ടമായ കണ്ടൽക്കാടുകൾ പുനസ്ഥാപിക്കുക, പ്രാദേശിക ബദൽ നിർമാണരീതികൾ പ്രചരിപ്പിക്കുക തുടങ്ങി എണ്ണമറ്റ പ്രവർത്തനങ്ങൾ അടിയന്തിരമായി തുടങ്ങണം. അതാകണം ഇനി പ്രധാന വികസന ലക്ഷ്യം. കടൽത്തീരത്തെ പുലിമുട്ടിടലും കടൽഭിത്തികെട്ടലും പശ്ചിമഘട്ടം തകർത്ത് ക്വാറിമാഫിയയെ സഹായിക്കാൻ മാത്രമേ ഉതകുകയുള്ളൂ. കാലാവസ്ഥാവ്യതിയാനം മൂലം കടൽ നിരപ്പ് ഉയരുമ്പോൾ കരയെ കടൽ വിഴുങ്ങുന്നതു തടയാൻ അവയ്ക്കാകില്ല.
കേരളത്തിലെ ഏറ്റവും വിസ്തൃതമായ തണ്ണീർത്തടങ്ങൾ നമ്മുടെ വയലുകളാണ്. അവയിൽ 80 ശതമാനത്തിലധികം നാം നികത്തിയും മറ്റും ഇല്ലായ്മ ചെയ്തു. ഉയരമുള്ള സമീപ പ്രദേശങ്ങളിൽ നിന്നും ജലം ശേഖരിച്ച്, മണ്ണിനെ നെൽകൃഷിക്കായി ഫലഭൂയിഷ്ഠമാക്കുകയും, നടുഭാഗത്തുള്ള തോടുകളിലൂടെ ജലം ഒഴുകിപ്പോകാനും, സമീപപ്രദേശങ്ങളിലെ കിണറുകളിലെ ജലധാരകളെ സമ്പുഷ്ടമാക്കിയും അവ നമ്മുടെ ജീവിതത്തെ സമ്പന്നമാക്കിയിരുന്ന വയലേലകൾ കഴിയുന്നത്ര വീണ്ടെടുക്കാൻ നമുക്കു കഴിയണം. കാലാവസ്ഥാവ്യതിയാനം ഇനിയും രൂക്ഷമാകുമ്പോൾ വയലുകൾ നികത്തിവച്ച വീടുകളൊക്കെ പ്രളയം കൊണ്ടുപോകും. 2018-ലെ പ്രളയത്തിൽ രണ്ടാം നിലവരെ വെള്ളമുയർന്ന പല പ്രദേശങ്ങളും വയൽ നികത്തി വീടുവെച്ചയിടങ്ങളാണ്. ഇതിനെല്ലാം സഹായകമായ വിധത്തിൽ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തിയും, ആവശ്യമെങ്കിൽ പുതിയ നിയമനിർമ്മാണം നടത്തിയും നമ്മൾ പ്രവർത്തന നിരതമാകണം. ഇതെല്ലാം ഇനിയും തകർക്കാനുതകുന്ന മെഗാ ഇൻഫ്രാസ്ട്രക്ചർ നിർമ്മാണമല്ല ഇന്നത്തെ ആവശ്യം.
മെഗാ നിർമാണങ്ങളും പ്രകൃതിയും
ഐക്യരാഷ്ട്രസംഘടനയുടെ ജനറൽ അസംബ്ലി 2019-ൽ അംഗീകരിച്ച പ്രമേയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന (UNEP) ഈ ദശകം (2021-2030) ‘പരിസ്ഥിതി പുനഃസ്ഥാപന ദശക'മായി (Decade for Ecological Restoration) പ്രഖ്യാപിച്ചിരിക്കുന്നു. ആ പ്രഖ്യാപനത്തിനൊപ്പം പ്രസിദ്ധീകരിച്ച 2021-ലെ വിശദ പഠനത്തിലെ ഏഴു പ്രധാന സന്ദേശങ്ങളിൽ ചിലത് ഇനി പറയാം.
2021 ഒക്ടോബറിൽ ഗ്ലാസ്ഗോവിൽ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയും ജൈവവൈവിദ്ധ്യ പുനസ്ഥാപനത്തെ climate adaptationന്റെ മുഖ്യലക്ഷ്യമായി അംഗീകരിച്ചിട്ടുണ്ട്. UNEP 2021-ൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ പുതിയ ഇൻഫ്രാസ്ട്രക്ചർ നിർമിക്കുമ്പോൾ പാലിക്കേണ്ട പത്ത് തത്വങ്ങളിൽ നാലാമത്തേതായി പറയുന്നു: ‘‘ഇൻഫ്രാസ്ട്രക്ചർ നിർമാണത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതം ഒഴിവാക്കുകയും, ജനങ്ങൾക്കും ഭൂമിയ്ക്കും ഗുണകരമായ ‘പ്രകൃതിയുടെ ഇൻഫ്രാസ്ട്രക്ചറിൽ' നിക്ഷേപം നടത്തുകയും വേണം''.
മെഗാ ഇൻഫ്രാസ്ട്രക്ചർ പ്രകൃതിയെ തകർക്കുന്നതിനെക്കുറിച്ചും, അത് കാലാവസ്ഥാ ദുരന്തങ്ങൾ യാഥാർത്ഥ്യമായിരിക്കുന്ന ലോകത്ത് എത്ര വിനാശകരമാകുമെന്നുമുള്ള നിരവധി പഠനങ്ങൾ ലഭ്യമാണ്. ഈ ശാസ്ത്രീയ സത്യങ്ങളെല്ലാം വിഗണിച്ച് എതിർദിശയിൽ കുതിക്കുന്ന ഒന്നാണ് കേരളത്തിലെ പ്രഖ്യാപിത ‘സിൽവർ ലൈൻ' അർദ്ധ അതിവേഗ റയിൽ പദ്ധതി- പ്രത്യേകിച്ചും അതിനായി കേരളത്തിന്റെ നെറുകയിലൂടെ പണിയാൻ പ്ലാനിട്ടിരിക്കുന്ന ‘എംബാങ്ക്‌മെൻറ്'.
കേരളത്തിന്റെ ഭാവി വികസനം
ഫോസിൽ ഇന്ധനങ്ങളിൽ അധിഷ്ഠിതമായ ഇന്നത്തെ വളർച്ചയ്ക്ക് ഇനി രണ്ടു ദശകത്തിലധികം ഭാവിയില്ലെന്ന് മുമ്പു പറഞ്ഞു. ഇതേക്കുറിച്ച് വിശദമായി ‘മുതലാളിത്ത വളർച്ച: സർവ്വനാശത്തിന്റെ വഴി' എന്ന കൃതിയിൽ (ഈയിടെ KSSP പ്രസിദ്ധീകരിച്ചത്) നൂറുകണക്കിന് സമീപകാല ശാസ്ത്രീയപഠനങ്ങളുടെ വെളിച്ചത്തിൽ ഞാൻ എഴുതിയതാണ്. ബദൽ ഊർജ്ജ സ്രാതസ്സുകളും ഹരിത സാങ്കേതിക വിദ്യകളും വികസിതമാകുമെങ്കിലും എണ്ണയിൽ കൊഴുത്ത വികസനമാതൃക നിലനിർത്തിക്കൊണ്ടുപോകാൻ അവയ്ക്കു കഴിയില്ല. എണ്ണയിലധിഷ്ഠിതമായ വ്യവസായ ഉൽപാദനത്തിനു മുകളിൽ ഇരിക്കുന്ന ഒന്നാണ് സേവന സമ്പദ്വ്യവസ്ഥ. എണ്ണ തീരുമ്പോൾ സേവന സമ്പദ്വ്യവസ്ഥയും ചുരുങ്ങും. അപ്പോൾ ഇനിയുള്ള മൂന്നു ദശകങ്ങളിൽ പുതിയൊരു വികസന മാതൃകയിലേയ്ക്ക് പരിണമിക്കുക എന്നതല്ലാതെ നമുക്കു വേറെ വഴിയില്ല.
അത് കേരളത്തിന് പരിചിതമായ വികേന്ദ്രീകൃത വികസന മാതൃകയാകും-കാലാകാലങ്ങളിൽ കേരളത്തിലെ ഇടതുപക്ഷം പിന്തുടർന്നുവന്ന രീതി.
കൃഷിയും കൃഷിയുടെയും അനുബന്ധ മേഖലകളുടെയും (ക്ഷീരോല്പാദനം, മത്സ്യബന്ധനം തുടങ്ങിയവ) ഉൽപന്നങ്ങളിലധിഷ്ഠിതമായ ഒരു വികേന്ദ്രീകൃത വ്യവസായ ശൃംഖലയും, പാരമ്പര്യ വ്യവസായങ്ങളുടെ പുനരുജ്ജീവനവും, പ്രകൃതിയുടെ സമഗ്രമായ പുനഃസ്ഥാപനവും, ഹരിത സാങ്കേതിക വിദ്യകളുമെല്ലാം പ്രധാനമാകുന്ന വികസന മാതൃകയാകുമത്. മെഗാ പദ്ധതികളേക്കാൾ തൊഴിലവസരങ്ങൾ അവ സൃഷ്ടിക്കും- പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ. അപ്പോൾ അതിവേഗ അതിദൂര യാത്ര ആവശ്യമാകില്ല. ജീവിതം പ്രാദേശികമായി കൂടുതൽ സുഘടിതവും സുരക്ഷിതവുമാകും. അതെക്കുറിച്ച് വിശദമായി ചർച്ച ചെയ്യപ്പെടണം. അതിവേഗം പോകേണ്ടവർക്ക് തിരുവനന്തപുരത്തു നിന്ന് കണ്ണൂർക്ക് ഒരു മണിക്കൂർ കൊണ്ട് വിമാനത്തിൽ സമാന ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാം; കണ്ണൂരിൽ നിന്ന് കാസർകോട്ടേയ്ക്ക് ഏതാനും മിനിട്ടുകളുടെ കാർ യാത്ര മതിയല്ലോ.
അതിവേഗത, മുതലാളിത്ത വളർച്ചയുടെ രക്തധമനിയാണ്. അത് അനിവാര്യമായത് അല്പായുസ്സായ മുതലാളിത്ത ഫോസിൽ വളർച്ചയ്ക്കാണ്. അതിനിമ്പമേകാൻ കേരളത്തിന്റെ നെഞ്ചിലൂടെ നമ്മുടെ പാരിസ്ഥിതിക സുരക്ഷ തകർക്കുന്ന അതിവേഗത സൃഷ്ടിക്കുന്നത് ദീർഘദൃഷ്ടിയുള്ള പ്രവൃത്തിയല്ല. അത് ഇറ്റാലിയൻ ഫാസിസ്റ്റായിരുന്ന ഫിലിപ്പോ മാറിനെറ്റിയുടെ ‘ഭാവിയുടെ മാനിഫെസ്റ്റോ' വിലെ വേഗതയുടെയും ഹിംസയുടെയും സൗന്ദര്യശാസ്ത്രമാണ്.
വികസന തീവ്രവാദത്തിന്റെ ധാർഷ്ട്യമല്ല ഇനി കേരളത്തിനാവശ്യം. മാർക്സിന്റേതുപോലുള്ള വലിയ ശാസ്ത്രബോധവും, മനുഷ്യരോടും പ്രകൃതിയോടും ഭാവിതലമുറകളോടുമുള്ള അളവറ്റ അലിവും സ്നേഹവും കരുണയുമാണ് പുതിയ കാലത്തെ ഇടതുപക്ഷ നേതൃത്വത്തിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്- വികസന തീവ്രവാദമല്ല.▮
(ട്രാൻസിഷൻ സ്റ്റഡീസ് പ്രസിദ്ധീകരിക്കുന്ന ‘അതിവേഗ കടപ്പാതകൾ - പശ്ചാത്തല സൗകര്യം, പൊതുധനകാര്യം, പരിസ്ഥിതി: ഒരു ഇടതു പക്ഷ വിമർശം’ എന്ന പുസ്തകത്തിൽ നിന്ന്.
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.