മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ പ്രതിയാക്കപ്പെട്ട കവിത. കവിതയുടെ ജീവിതപങ്കാളി അനിൽകുമാർ, മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് കേസിൽ എം. ഗീതാനന്ദനോടൊപ്പം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.

‘എന്റെ കൈ അടിച്ചൊടിച്ച്,
മുറിവിൽ ലാത്തി കൊണ്ട് കുത്തിയ ​
പൊലീസിനെതിരെ എന്തുകൊണ്ട് കേസില്ല?’

മുത്തങ്ങ സമരത്തിനിടെ, പൊലീസുകാരൻ വിനോദ് മരിച്ച കേസിലും മറ്റൊരു ​പൊലീസുകാരനായ അബ്ദുൽ സലാമിന് പരിക്കേറ്റ കേസിലും പ്രതിയാക്കപ്പെട്ട കവിത, മുത്തങ്ങയിൽ താൻ നേരിട്ട കടുത്ത പൊലീസ് അതിക്രമത്തെക്കുറിച്ച് ഓർക്കുന്നു. കവിതയുടെ ജീവിതപങ്കാളി അനിൽകുമാർ, അബ്ദുൽ സലാമിനെ ​ആക്രമിച്ചു​വെന്ന കേസിൽ എം. ഗീതാനന്ദനോടൊപ്പം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.

കവിത

ങ്ങൾക്ക് സ്വന്തമായി ഭൂമിയില്ല. വയനാട്ടിൽ, രണ്ടാം ഗേറ്റ് നാരങ്ങാക്കുന്ന് കോളനിയിൽ അമ്മയ്ക്കും അച്ഛനുമൊപ്പമായിരുന്നു താമസം. അവിടെനിന്നാണ്, കുടുംബങ്ങളോടൊപ്പം മുത്തങ്ങയിലേക്കു വന്നത്. ഭൂമി വേണം എന്ന ഒരൊറ്റ ആവശ്യത്തിന്മേലാണ് ഞങ്ങൾ സമരത്തിനു വന്നത്. ജീവിക്കാനൊരു വഴിയാകുമല്ലോ എന്ന സന്തോഷത്തിലായിരുന്നു, മുത്തങ്ങയിലേക്കു വരുമ്പോൾ ഞങ്ങൾ. തകരപ്പാടിയിലായിരുന്നു ഞങ്ങൾക്ക് കാണിച്ചുതന്ന സ്ഥലം. അവിടെ ഞങ്ങൾ ഒന്നിച്ചുചേർന്ന് ഷെഡ് പണിതു. പറമ്പിൽ പണിയെടുത്തു. കപ്പയും ചേനയും ചേമ്പും നട്ടു. കുട്ടികൾക്കായി അങ്കണവാടിയുണ്ടാക്കി. അങ്ങനെ സമാധാനപൂർണമായ അന്തരീക്ഷമായിരുന്നു മുത്തങ്ങയിൽ പൊതുവേ ഉണ്ടായിരുന്നത്.

2003 ഫെബ്രുവരി 17ന് രാവിലെ 9 മണിക്ക് അങ്കണവാടിക്കുസമീപം തീപിടുത്തമുണ്ടായി. ഫോറസ്റ്റുകാരും വാച്ചർമാരും ഗുണ്ടകളും ചേർന്നാണ് തീയിട്ടത് എന്നാണ് പറഞ്ഞുകേട്ടത്. ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്ന്​ആനപ്പിണ്ടം മണ്ണെണ്ണയിൽ മുക്കി തീകൊളുത്തിയെറിഞ്ഞാണ് ഓരോ ഭാഗത്തും തീ പടർത്തിയത് എന്നും കേട്ടിരുന്നു. തീ പടരുന്നതറിഞ്ഞ് ഞങ്ങളെല്ലാവരും ഓടിച്ചെന്നു. അപ്പോഴാണ് തീയിട്ട ഫോറസ്റ്റുകാരെ തടഞ്ഞുവച്ചതായി അറിഞ്ഞത്. കലക്ടർ വന്നപ്പോഴാണ്, തീയിടൽ ആവർത്തിക്കില്ല എന്ന ഉറപ്പിൽ അവരെ കൈമാറിയത്.

‘‘പൊലീസാണ് ബലപ്രയോഗം നടത്തിയത്. ഞങ്ങളായിട്ട് ഒന്നും ചെയ്തിട്ടില്ല. എന്തിനാണ് ഞങ്ങളെ അവിടെനിന്ന് ഇറക്കിവിടാൻ അവർ ശ്രമിച്ചത് എന്ന് അറിയില്ല’’- കവിത.

പിറ്റേന്നു രാവിലെ പുഴയിൽനിന്ന് വെള്ളമെടുക്കാൻ പോയവരാണ് റോഡിൽ നിറയെ പൊലീസും ജീപ്പുകളും നിൽക്കുന്നതായി അറിയിച്ചത്. അന്ന് ഞങ്ങൾക്ക് ഭക്ഷണമുണ്ടാക്കാൻ പോലുമായില്ല. ഫെബ്രുവരി 19-ന് രാവിലെ എട്ടര കഴിഞ്ഞപ്പോൾ തകരപ്പാടിയിൽ പൊലീസ് ഷെഡ് കത്തിക്കാനും ഞങ്ങളെ മർദ്ദിക്കാനും തുടങ്ങി. ഞങ്ങൾ ഓടിയെത്തിയത് കൗണ്ടൻവയൽ എന്ന സ്ഥലത്താണ്. 11 മണിയായപ്പോൾ വെടിവെപ്പുണ്ടായി. ഇപ്പോൾ ജയിലിൽ കഴിയുന്ന എന്റെ ഭർത്താവ് അനിൽകുമാറിന് ആ വെടിവെപ്പിലാണ് വെടിയേറ്റത്. പൊലീസ് നിരവധി പേരെ അടിച്ചോടിച്ചു. ജീവിതത്തിലാദ്യമായാണ് ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നത്. എല്ലാവരും നന്നായി പേടിച്ചാണ് കഴിഞ്ഞിരുന്നത്.

പൊലീസാണ് ബലപ്രയോഗം നടത്തിയത്. ഞങ്ങളായിട്ട് ഒന്നും ചെയ്തിട്ടില്ല. എന്തിനാണ് ഞങ്ങളെ അവിടെനിന്ന് ഇറക്കിവിടാൻ അവർ ശ്രമിച്ചത് എന്ന് അറിയില്ല. സാധാരണ കാട് വെട്ടിത്തെളിക്കാനുപയോഗിക്കുന്ന വാക്കത്തിയും അരിവാളും ഷെഡിന് കാല് കുഴിച്ചിടാനുള്ള കമ്പിപ്പാരയുമൊക്കെയാണ് ഞങ്ങളുടെ കൈയിലുണ്ടായിരുന്നത്. ഇതി​നെയാണ് മാരകായുധങ്ങൾ എന്ന് പൊലീസ് പ്രചരിപ്പിച്ചത്.

മുത്തങ്ങയിൽ സമരത്തിന്റെ ഭാഗമായി ആദിവാസികൾ കെട്ടിയ കുടിലുകൾക്ക് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് തീയിട്ടപ്പോൾ / Photo: Ajeeb Komachi
മുത്തങ്ങയിൽ സമരത്തിന്റെ ഭാഗമായി ആദിവാസികൾ കെട്ടിയ കുടിലുകൾക്ക് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് തീയിട്ടപ്പോൾ / Photo: Ajeeb Komachi

പൊലീസുകാരൻ വിനോദ് മരിച്ച കേസിലും മറ്റൊരു ​പൊലീസുകാരനായ അബ്ദുൽ സലാമിന് പരിക്കേറ്റ കേസിലും എന്നെ പ്രതിയാക്കി. വിനോദിനെ ഞാൻ കണ്ടിട്ടുപോലുമില്ല. ഗൂഢാലോചനയിൽ പങ്കെടുത്തു എന്നതായിരുന്നു എനിക്കെതിരായ കുറ്റം. സത്യത്തിൽ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളായിരുന്നു അവ. മാത്രമല്ല, പൊലീസ് എന്നെ അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

അഞ്ചു മണിക്ക് വെടിവെപ്പ് നടന്ന സമയത്തുണ്ടായ ആക്രമണത്തിൽ പൊലീസ് എന്റെ തല അടിച്ചുപൊട്ടിച്ചു. വലതുകൈ അടിച്ചൊടിച്ച്, രണ്ടു കൈകളും ചേർത്ത് പുറകിലേക്ക് തിരിച്ചുവച്ചു. ബോധം തെളിയുമ്പോൾ രണ്ടു കൈകളും പുറത്തേക്ക് തിരിച്ചുവച്ച നിലയിൽ ഞാൻ കമിഴ്ന്നുകിടക്കുകയാണ്. എഴുന്നേൽക്കാനാകുന്നില്ല. അവിടെനിന്ന് ഫോറസ്റ്റ് ഐ.ബിയിലേക്കാണ് പൊലീസ് എല്ലാവരെയും കൊണ്ടുപോയിരുന്നത്. എന്നെയും അവിടെ കൊണ്ടുപോയി. തല പൊട്ടി വസ്ത്രം മുഴുവൻ ചോരയിൽ മുങ്ങിയിരുന്നു. എന്നോടും അവിടെ ഇറങ്ങാൻ പറഞ്ഞു. അപ്പോഴാണ് മുറിവ് കണ്ട് നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വണ്ടിയിൽ വെച്ചും വനിതാ പൊലീസ് കഠിനമായി ഉപദ്രവിച്ചു. ലാത്തി കൊണ്ട് മുറിവിൽ കുത്തിക്കൊണ്ടിരുന്നു. ആശുപത്രിയിൽ എക്‌സ്‌റേ എടുത്തില്ല. കൈകൾ പ്ലാസ്റ്ററിട്ട് കെട്ടിവെച്ചിരിക്കുകയായിരുന്നു. 15 ദിവസം കഴിഞ്ഞ് പ്ലാസ്റ്റർ അഴിച്ചപ്പോൾ കൈ വളഞ്ഞുതന്നെ ഇരിക്കുകയായിരുന്നു. 53 ദിവസമാണ് ബത്തേരി താലൂക്കാശുപത്രിയിൽ കഴിഞ്ഞത്. കൈകൾ ഇപ്പോഴും കുറച്ച് നിവർന്നതല്ലാതെ വളഞ്ഞുതന്നെയാണിരിക്കുന്നത്. പണിയെടുക്കാൻ പറ്റില്ല. ഇപ്പോഴും പലതരം രോഗങ്ങൾ എന്നെ അലട്ടുന്നുണ്ട്. അന്ന് കടുത്ത മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ് പിന്നീട് നിരവധി പേർ മരിച്ചിട്ടുണ്ട്.

കവിതയുടെ ജീവിതപങ്കാളി അനിൽകുമാർ. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് എം. ഗീതാനന്ദനോടൊപ്പം ജയിലിലാണ് അനിൽകുമാർ.
കവിതയുടെ ജീവിതപങ്കാളി അനിൽകുമാർ. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് എം. ഗീതാനന്ദനോടൊപ്പം ജയിലിലാണ് അനിൽകുമാർ.

വയനാട്ടിലെ ആദിവാസി ജനതയോട് അധികാരവും രാഷ്ട്രീയവും ഭൂവുടമകളും നടത്തിയ കൊടും ക്രൂരതകളുടെയും വഞ്ചനയുടെയും കഥ സി. കെ. ജാനുവിന്റെ ആത്മകഥ 'അടിമമക്ക' ഇപ്പോൾ 10% ഡിസ്‌കൗണ്ടിൽ ഓഡർ ചെയ്യൂ...

മുത്തങ്ങ സമരത്തിനുശേഷം വാളാട്, അനിൽകുമാറിന്റെ പേരിൽ ഒരേക്കറിന് കൈവശരേഖ കിട്ടി. എന്നാൽ, അത് വാസയോഗ്യമായിരുന്നില്ല. ഞങ്ങൾ അവിടെ ഷെഡ് കെട്ടി താമസിച്ചിരുന്നെങ്കിലും പ്രളയത്തിൽ എല്ലാം ഇടിഞ്ഞുപോയി. ഇപ്പോൾ താമസിക്കുന്നത് പഞ്ചായത്തിൽനിന്ന് കിട്ടിയ അഞ്ച് സെന്റിലാണ്. ഇവിടെ താമസിക്കാൻ പേടിയാണ്. വീടിന്റെ രണ്ടു വശത്തും വലിയ രണ്ട് വീട്ടി മരങ്ങളുണ്ട്. ഒരു തവണ അതിലൊന്ന് പൊട്ടിവീണ് വീടിന്റെ ഭിത്തി പൊട്ടി. പഞ്ചായത്തിലും വില്ലേജിലും അപേക്ഷ കൊടുത്തിട്ടും പരിഹാരമായിട്ടില്ല.

23 വർഷമാണ് കേസിന് പോയിക്കൊണ്ടിരു​ന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ കോടതിയിൽ നിൽക്കണം. ചില ദിവസങ്ങളിൽ ഭക്ഷണത്തിനുപോലും പൈസയുണ്ടാകില്ല. ഗീതാനന്ദൻ മാഷാണ് എല്ലാം ചെയ്തത്. വക്കീലിന് എന്തെങ്കിലും കൊടുക്കണം എന്ന് ഞങ്ങളോട് വല്ലപ്പോഴുമൊക്കെ പറയും. അപ്പോൾ കൈയിലുള്ള തുച്ഛമായ തുക കേസിലുള്ളവരെല്ലാം കൂടി പിരിച്ച് മാഷെ ഏൽപ്പിക്കും. അത് വക്കീലിന് കൊടുക്കും. എല്ലാ കാര്യങ്ങളും മാഷ് തന്നെയാണ് ചെയ്തിരുന്നത്.

മുത്തങ്ങ സമരഭൂമിയിൽ പൊലീസ് ആദിവാസി യുവാവിനെ വളഞ്ഞിട്ടാക്രമിക്കുന്നു.
മുത്തങ്ങ സമരഭൂമിയിൽ പൊലീസ് ആദിവാസി യുവാവിനെ വളഞ്ഞിട്ടാക്രമിക്കുന്നു.

ഭർത്താവ് ജയിലിലായശേഷം ഭയങ്കര അവസ്ഥയിലാണ് ഞാനും മക്കളും. മക്കൾ രണ്ടു പേരും എറണാകുളത്ത് പഠിക്കുകയാണ്. കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും ഇതേ അനുഭവമുള്ള ധാരാളം കുടുംബങ്ങൾ ചുറ്റുമുണ്ട്. 23 വർഷമായില്ലേ, അന്ന് മുത്തങ്ങയിൽ അനുഭവിച്ച വേദന 23 വർഷമായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

കേസില്ലാത്ത സമയത്ത് ഭർത്താവ് പണിക്കുപോയി കിട്ടുന്നതുകൊണ്ടാണ് ഞങ്ങൾ ജീവിച്ചിരുന്നത്. ഞാൻ എന്തെങ്കിലും പണിക്കുപോയാൽ കൈയിൽ നീരു വന്ന് അടുത്ത ദിവസം പോകാൻ പറ്റാതാകും. അച്ഛനമ്മമാർക്ക് ഭൂമിയില്ല. ഭൂമി കിട്ടിക്കഴിഞ്ഞാൽ അതിൽ പണിയെടുത്ത് ജീവിക്കാം, പിന്നെ കഷ്ടപ്പെടേണ്ട കാര്യമില്ലല്ലോ എന്ന പ്രതീക്ഷയിലാണ് മുത്തങ്ങയിലേക്ക് പോയത്. ആ പ്രതീക്ഷയാണ്, ഈ കോടതിവിധിയോടെ ഇല്ലാതാകുന്നത്.

മുത്തങ്ങ സമരഭൂമിയിലെ സംഘർഷം.
മുത്തങ്ങ സമരഭൂമിയിലെ സംഘർഷം.

Summary: Kavitha, who was accused in the case in which policeman Vinod died and another policeman, Abdul Salam, was injured, recalls the severe police brutality she faced in Muthanga.


കവിത

2003-ൽ മുത്തങ്ങയിൽ നടന്ന ആദിവാസികളുടെ കുടിൽ കെട്ടി സമരത്തിൽ പ​ങ്കെടുത്തതിന് പൊലീസിന്റെ അതിക്രൂരമായ മർദ്ദനത്തിനിരയായി. രണ്ട് കേസുകളിൽ പ്രതിയാക്കപ്പെട്ടുവെങ്കിലും കോടതി കുറ്റമുക്തയാക്കി.

Comments