എന്റെ ആദ്യത്തെ ഇലക്ഷൻ ഓർമ 1957-ലേതാണ്. അന്ന് ഏഴു വയസ്സായ എനിക്ക് തെരഞ്ഞെടുപ്പ് എന്താണ് എന്നൊന്നും മനസ്സിലായിരുന്നില്ല. പക്ഷെ, അന്നത്തെ മലപ്പുറം നിയോജകമണ്ഡലത്തിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി എന്റെ അച്ഛൻ കെ.സി.കെ. രാജയായിരുന്നു. (അന്ന് മലപ്പുറം ജില്ലയായിട്ടില്ല. കോട്ടക്കൽ, തിരൂർ, പൊന്നാനി എന്നീ സ്ഥലങ്ങളൊക്കെ കൂടിയതാണെന്നുതോന്നുന്നു അന്ന് മലപ്പുറം നിയോജകമണ്ഡലം). കിഴക്കേ കോവിലകാംഗമായിരുന്ന അച്ഛൻ കോട്ടക്കൽ സ്വദേശിയാണ്. ആര്യവൈദ്യശാലയിൽ ആദ്യത്തെ യൂണിയനുണ്ടാക്കിയതും അച്ഛനാണ്. അന്നത്തെ കോട്ടക്കൽ റോഡിനിരുവശത്തുമുള്ള മതിലുകളിൽ കെ.സി.കെ. രാജക്ക് വോട്ട് രേഖപ്പെടുത്തണമെന്നും ലക്ഷപ്രഭുവിന് വോട്ട് കൊടുക്കരുത് എന്നുമുള്ള ചുമരെഴുത്തുകൾ വളരെ കാലം അവിടെത്തന്നെയുണ്ടായിരുന്നു. തിരൂരിലെ ഒരു ഇലക്ഷൻ മീറ്റിംഗിന് എന്റെ ഒരു ഡാൻസുമുണ്ടായിരുന്നു.
ഇലക്ഷൻ ഫലമറിഞ്ഞ ദിവസം, അത് ജയമാണോ തോൽവിയാണോ എന്നൊന്നും എനിക്കും അനിയൻ രവിക്കുമറിയില്ലായിരുന്നു. അന്നെന്തോ വികൃതികാട്ടിയ രവിയെ സാധാരണ ഞങ്ങളെ ചീത്ത പറയുകയോ അടിക്കുകയോ ചെയ്യാത്ത അച്ഛൻ അടിച്ചതുകണ്ട് ഞാനാകെ അന്തംവിട്ടു. സ്വതവേ എപ്പോഴും ചിരിച്ച മുഖമുള്ള അച്ഛന്റെ അന്നത്തെ ഭാവമാറ്റം കുറെകാലത്തിനുശേഷമാണ് മനസ്സിലായത്. അച്ഛന്റെ ഇലക്ഷൻ തോൽവി ഞങ്ങൾക്ക് അന്ന് മനസ്സിലായില്ല. കോട്ടക്കൽ ഭാഗത്ത് വോട്ടെണ്ണലിൽ അച്ഛനായിരുന്നു മുന്നിലെങ്കിലും മലപ്പുറം, തിരൂർ, പൊന്നാനി എന്നിവിടങ്ങളിൽ അന്നുമിന്നും മുസ്‌ലിം ലീഗിനാണ് ആധിപത്യം.
അച്ഛൻ ഇലക്ഷനു നിൽക്കുന്നതിന് വീട്ടുകാരൊക്കെ എതിരായിരുന്നു. ഇലക്ഷൻ പ്രചാരണത്തിനുള്ള പൈസയൊക്കെ സ്വയം ചെലവാക്കണം. അതിനുവേണ്ടി തൊടിയും പാടവുമൊക്കെ അന്ന് വിൽക്കേണ്ടിയും വന്നു.
അച്ഛൻ ഇലക്ഷനു നിൽക്കുന്നതിന് വീട്ടുകാരൊക്കെ എതിരായിരുന്നു. ഇലക്ഷൻ പ്രചാരണത്തിനുള്ള പൈസയൊക്കെ സ്വയം ചെലവാക്കണം. അതിനുവേണ്ടി തൊടിയും പാടവുമൊക്കെ അന്ന് വിൽക്കേണ്ടിയും വന്നു. ഒന്നുമറിയാത്ത പ്രായമായിരുന്നുവെങ്കിലും അമ്മയുടെ വിഷമം കണ്ട് എനിക്ക് രാഷ്ട്രീയത്തോടുതന്നെ എതിർപ്പുണ്ടായതങ്ങനെയാണ്.
1959-ൽ ഞങ്ങൾ പാലക്കാട്ട് തേനൂർ എന്ന സ്ഥലത്തേക്ക് താമസം മാറി. 1960-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പറളിയിൽ സ്ഥാനാർഥിയായിരുന്ന എ.ആർ. മേനോന്റെ തെരഞ്ഞെടുപ്പുയോഗങ്ങളിൽ കുട്ടികളടക്കം കുടുംബം സജീവമായിരുന്നു. രാഷ്ട്രീയമൊന്നുമറിയില്ലെങ്കിലും ആളും കൂട്ടവും ജാഥയുമൊക്കെ ഞങ്ങൾ കുട്ടികളും ആഘോഷിച്ചു.
പിന്നത്തെ ഇലക്ഷൻ ഓർമ 1967-ലേതാണ്. അന്ന് ഡിഗ്രി വിദ്യാർഥിയായിരുന്ന ഞാൻ തിരുവനന്തപുരത്ത് ചെറിയമ്മ, ബേബിയേടത്തി എന്ന് ഞങ്ങൾ വിളിക്കുന്ന പാർവതി പവനന്റെ വീട്ടിൽ താമസിച്ച് പഠിക്കുകയായിരുന്നു. അന്ന് പുനലൂരിൽനിന്ന് സി.പി.ഐ സ്ഥാനാർഥിയായി എം.എൻ. ഗോവിന്ദൻ നായരാണ് മത്സരിക്കുന്നത്. ഇലക്ഷൻ പ്രചാരണത്തിന് ബേബിയേടത്തിയും സി. ഉണ്ണിരാജയുടെ ഭാര്യ രാധമ്മ ചേച്ചിയും പോയി. എന്നെ കൂട്ടാതെ അവർ മാത്രം പോയത് എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല. മൂന്നാലു ദിവസം കഴിഞ്ഞാണ് അവർ തിരിച്ചുവന്നത്.
തെരഞ്ഞെടുപ്പിൽ എം.എൻ. അമ്മാവൻ ജയിച്ചു. അതിനുശേഷം ഒരു വൈകുന്നേരം ഞങ്ങളെ, എന്നെയും ബേബിയേടത്തിയുടെ മക്കളെയും, കൂട്ടിക്കൊണ്ടുപോയി ഐസ്‌ക്രീം വാങ്ങിത്തന്നു. അതിനുശേഷം രാധമ്മ ചേച്ചിയുടെ വീട്ടിലും പോയി. എന്നെ കൂടാതെയുള്ള പുനലൂർ യാത്രയുടെ ദേഷ്യം അങ്ങനെ തീർന്നു.
എന്റെ ആദ്യ വോട്ട് ചെയ്തത് ബോംബെയിലെ ബോറിവിലിയിലാണ്. ഞാനും നാണപ്പനും (ഭർത്താവ് എം.പി. നാരായണപിള്ള) കൂടി അടുത്തുള്ള സ്‌കൂളിൽ പോയി വോട്ടുചെയ്തു വന്നു.
പണ്ടത്തെപ്പോലെയല്ല ഇന്നത്തെ അവസ്ഥ. അച്യുതമേനോൻ, പി.കെ.വി എന്ന വാസുച്ചേട്ടൻ എന്നിവർ അധികാരമൊഴിഞ്ഞിറങ്ങുമ്പോൾ സാധാരണ മനുഷ്യരാണ്. ബസ് യാത്രകൾ, പ്രഭാത- സായാഹ്‌ന സവാരികൾ അങ്ങനെയങ്ങനെ. അവസാന കാലത്ത് എം.എൻ. അമ്മാവന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അവർക്ക് രാഷ്ട്രീയം പൈസ ഉണ്ടാക്കലായിരുന്നില്ല.
വോട്ട് ചെയ്യുക എന്നത് പൗരരുടെ അവകാശവും ധർമവുമാണെന്ന് അച്ഛൻ വിശ്വസിച്ചിരുന്നു. വോട്ടുദിവസം എവിടെയായിരുന്നാലും അച്ഛൻ പറളിയിലെത്തും, വോട്ട് ചെയ്യാൻ. അതുകണ്ട് വളർന്നതുകൊണ്ടാകാം, വോട്ട് ചെയ്യുന്നതിൽ നീക്കുപോക്ക് ഞാനും ചെയ്യാറില്ല.
വീണ്ടും ഒരു തെരഞ്ഞെടുപ്പ് മുന്നിൽ. അധികാരത്തിൽ ആരു വന്നാലും കോരന് കഞ്ഞി കുമ്പിളിൽ എന്ന അറിവോടെ തന്നെ വോട്ടു ചെയ്യാൻ റെഡിയായി ഞാനും.