കേരളം ഇന്ത്യയുടെ
ഡിവോഴ്സ് കാപിറ്റൽ?

2016- ൽ കേരളത്തിലെ കുടുംബകോടതികളിൽ നിന്നുള്ള കണക്കനുസരിച്ച് ഡിവോഴ്സ് പെറ്റീഷന്റെ എണ്ണം 19,233 ആണ്. 2019- ൽ അത് 24,770 ആയി വർധിച്ചു. അതായത്, നാല് വർഷത്തെ കാലയളവിൽ മാത്രം 28 ശതമാനം വർധനവ്. ഈ സ്ഫോടനാത്മക വർധനവിനെ ഗൗരവപൂർവം പഠനവിധേയമാക്കേണ്ടതുണ്ട്.

1000 വിവാഹങ്ങളിൽ 13 വിവാഹമോചനങ്ങൾ മാത്രം നടക്കുന്ന ലോകത്തിലെ തന്നെ കുറഞ്ഞ വിവാഹമോചന നിരക്കുള്ള രാജ്യമാണ് ഇന്ത്യ. 2011-ലെ സെൻസസ് പ്രകാരം ഗുജറാത്ത്, മഹാരാഷ്ട്ര, സിക്കിം, പശ്ചിമ ബംഗാൾ എന്നീ സംസഥാനങ്ങളിലാണ് വിവാഹമോചനങ്ങൾ കൂടുതലായും നടന്നിട്ടുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ താരതമ്യേന ഉയർന്ന വിവാഹ മോചന നിരക്കുള്ളത് കേരത്തിലും തമിഴ്നാട്ടിലുമാണ് (Chandramouli & Genaral, 2011). കേരളത്തിൽ 2014-ൽ നടന്ന ഒരു ഗവേഷണത്തിൽ ഡിവോഴ്സ് നിരക്ക് കൂടിവരുന്നതായി കണ്ടെത്തിയിട്ടുണ്ട് (Premsingh & Philip, 2014). അതുപോലെ, 2015- ൽ നടന്ന ഒരു പഠനത്തിലും വർധിച്ചുവരുന്ന വിവാഹ മോചനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. (Vsaudevan et al, 2015).

2005- ലെ ചില കണക്കുകൾ പരിശോധിച്ചാൽ 8446 ഡിവോഴ്സ് പെറ്റീഷനുകളാണ് കേരളത്തിലാകമാനം ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത് (Michael, 2013). എന്നാൽ, 2016- ൽ കേരളത്തിലെ കുടുംബകോടതികളിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം ഡിവോഴ്സ് പെറ്റീഷന്റെ എണ്ണം 19,233 ആണ്. 2019- ൽ അത് 24,770 ആയി വർധിച്ചു. അതായത്, നാല് വർഷത്തെ കാലയളവിൽ മാത്രം ഡിവോഴ്സ് പെറ്റീഷനിൽ 28 ശതമാനം വർധനവ് (Rajasenan et al, 2023). ഈ സ്ഫോടനാത്മക വർധനവിനെ ഗൗരവപൂർവം പഠനവിധേയമാക്കേണ്ടതുണ്ട്. മാത്രമല്ല, വിവാഹമോചനത്തിൽ കേരളം ഇന്ത്യയുടെ തലസ്ഥാനമായി മാറുന്നതിന്റെ ഒരു സൂചന കൂടിയാണ് ഈ കണക്കുകൾ.

കേരളത്തിലെ ഡിവോഴ്‌സ് പെറ്റീഷനുകളുടെ എണ്ണം വാർഷികാടിസ്ഥാനത്തിൽ

വിവാഹ മോചനനിരക്ക്
വ്യക്തിനിയമങ്ങളിൽ

സാംസ്കാരികവും മതപരവുമായി വ്യത്യസ്ത ആചാരങ്ങളുള്ള 130 കോടിയിലധികം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമായ ഇന്ത്യക്ക് കുടുംബം, പിന്തുടർച്ച, വിവാഹം, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വ്യക്തിനിയമങ്ങളാണ് നിലവിലുള്ളത്. വിവാഹവും വിവാഹമോചനവും സംബന്ധിച്ച് ഭരണഘടനയിൽ 13 നിയമങ്ങളുണ്ട്. Hindu Marriage Act- 1955, Christian Marriage Act- 1872, Special Marriage Act- 1954, Muslim Marriage Act- 1939 എന്നിവയാണ് പ്രധാന നിയമങ്ങൾ.

കേരളത്തിലെ 28 കുടുംബ കോടതികളിൽ നിന്ന് 2019- ൽ ലഭ്യമായ കണക്കു പ്രകാരം ഏറ്റവും കൂടുതൽ വിവാഹ മോചനം നടക്കുന്നത് ഹിന്ദു മാര്യേജ് ആക്ടിനുകീഴിലാണ് (15,701). ക്രിസ്ത്യൻമാര്യേജ് ആക്ടിനു കീഴിൽ 5281, മുസ്ലിം മാര്യേജ് ആക്ടിനുകീഴിൽ 2282, സ്പെഷ്യൽ മാര്യേജ് ആക്ടിനു കീഴിൽ 1506 വിവാഹമോചന പെറ്റീഷനുകളാണ് ഫയൽ ചെയ്തിട്ടുള്ളത്. ഇനി 2018 ലെ കണക്ക് പരിശോധിച്ചാൽ ഹിന്ദു മാര്യേജ് ആക്ടിനു കീഴിൽ 14857, ക്രിസ്ത്യൻ മാര്യേജ് ആക്ടിനു കീഴിൽ 5272, മുസ്‍ലിം മാര്യേജ് ആക്ടിനു കീഴിൽ 1948, സ്പെഷ്യൽ മാര്യേജ് ആക്ടിനു കീഴിൽ 1311 വിവാഹമോചന പെറ്റീഷനുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഈ കണക്കുകൾ പ്രകാരവും വിവിധ വ്യക്തി നിയമങ്ങളിൽ വിവാഹമോചന നിരക്കുകൾ വർധിക്കുന്നതായി കാണാം.

കുടുംബ കോടതികളിൽ നിന്നുള്ള കണക്കുകൾ പ്രകാരം മുസ്‍ലിം ജനസംഖ്യ കൂടുതലുള്ള മലപ്പുറം അടക്കമുള്ള മലബാർ ജില്ലകളിൽ മുസ്‍ലിം മാര്യേജ് ആക്ടിനു കീഴിൽ ഫയൽ ചെയ്തിട്ടുള്ള ഡിവോഴ്സ് പെറ്റീഷനുകൾ താരതമ്യേന കുറവാണ്.

വിവാഹമോചനം
ജില്ലകളിലൂടെ

കേരളത്തിലെ ജില്ലകളിലെ വിവാഹമോചനകളുടെ കണക്ക് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ വിവാഹ മോചനം നടക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്- 4978.
രണ്ടാമതായി എറണാകുളം ജില്ലയിലാണ്, 2767 വിവാഹ മോചന പെറ്റീഷനുകളാണ് ഫയൽ ചെയ്യപ്പെട്ടത്.
കൊല്ലത്ത് 2762, തൃശൂരിൽ 1938 വീതം വിവാഹമോചന പെറ്റീഷനുകളാണുള്ളത്. ഏറ്റവും കുറവ് വിവാഹമോചനങ്ങൾ നടക്കുന്നത് വയനാട് (521), ഇടുക്കി (687) ജില്ലകളിലാണ്. എന്നാൽ കുടുംബ കോടതികളിൽ നിന്നുള്ള കണക്കുകൾ പ്രകാരം മുസ്‍ലിം ജനസംഖ്യ കൂടുതലുള്ള മലപ്പുറം അടക്കമുള്ള മലബാർ ജില്ലകളിൽ മുസ്‍ലിം മാര്യേജ് ആക്ടിനു കീഴിൽ ഫയൽ ചെയ്തിട്ടുള്ള ഡിവോഴ്സ് പെറ്റീഷനുകൾ താരതമ്യേന കുറവാണ്. മാത്രമല്ല, മുസ്‍ലിം ജനസംഖ്യ കൂടുതലുള്ള ഈ ജില്ലകളിൽ ഹിന്ദു മാര്യേജ് ആക്ടിനു കീഴിലാണ് കൂടുതൽ ഡിവോഴ്സ് പെറ്റീഷനുകളും ഫയൽ ചെയ്യപ്പെട്ടിരിക്കുന്നത്. തലാഖ് പോലുള്ള വിവാഹ മോചനരീതികളിലൂടെ നടക്കുന്ന വിവാഹമോചനങ്ങൾ കുടുംബ കോടതികളുടെ കണക്കിൽ ഉൾപ്പെടുന്നില്ല എന്നും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

ചില വസ്തുതകൾ

കേരളത്തിലെ 28 കുടുംബ കോടതികളിലായി ശരാശരി ഓരോ ദിവസവും ഫയൽ ചെയ്യപ്പെട്ടിരിക്കുന്ന പെറ്റീഷനുകളാണ് താഴെ പട്ടികയിലുള്ളത്. 2019- ലെ കണക്കനുസരിച്ച് 69 ഡിവോഴ്സ് പെറ്റീഷനുകളാണ് കേരളത്തിൽ ശരാശരി ഒരു ദിവസം ഫയൽ ചെയ്യപ്പെട്ടത്. അതായത്, ഒരു മണിക്കൂറിൽ കേരളത്തിൽ ശരാശരി 3 ഡിവോഴ്സ് പെറ്റീഷനുകൾ ഫയൽ ചെയ്യപ്പെടുന്നു.

കേരളത്തിലെ കുടുംബകോടതികളിൽ ദിവസവും ഫയൽ ചെയ്യപ്പെടുന്ന ഡിവോഴ്സ് പെറ്റീഷനുകളുടെ ശരാശരി എണ്ണം

വിവാഹമോചനങ്ങളുമായി ബന്ധപ്പെട്ട് മനസിലാക്കേണ്ടേ മറ്റൊരു വസ്തുത, കേരളത്തിൽ ഇത്രയധികം വിവാഹമോചനങ്ങൾ നടക്കുമ്പോഴും അതിൽ എത്ര പേർ പുനർവിവാഹിതരാവുന്നു എന്നതിന് സർക്കാർ തലത്തിൽ കൃത്യമായ കണക്കില്ല എന്നതാണ്. അത്തരം കണക്കുകളുടെ വെളിച്ചത്തിൽ മാത്രമേ വിവാഹമോചനം എന്ന സാമൂഹിക സ്ഥിതിയെ പൂർണ രീതിയിൽ വിശകലനം ചെയ്യാൻ സാധിക്കുകയുള്ളൂ. മാത്രമല്ല, തലാഖ് മുഖേന നടക്കുന്ന വിവാഹ മോചനത്തിന്റെയും അവരുടെ പുനർ വിവാഹത്തിന്റെയും കൃത്യമായ കണക്കുകൾ മുസ്ലിം ജമാഅത്ത് പള്ളികളിലോ ഇതര മുസ്‍ലിം മത സംഘടനകളിലോ കൃത്യമായ രീതിയിൽ ഏകീകൃത സ്വഭാവത്തോടുകൂടി സൂക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാൽ മാത്രമേ മുസ്ലിം വിവാഹമോചനത്തിന്റെ യഥാർത്ഥ ചിത്രം ലഭിക്കുകയുള്ളൂ. എന്നിരുന്നാലും നിലവിലെ കേരളീയ സാഹചര്യത്തിൽ, ലഭ്യമായ കണക്കുകളിൽനിന്ന് വിവാഹ മോചനം വർധിച്ചുവരുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാം.

റഫറൻസ്:
- Chandramouli, C., and General, R. (2011). Census of India 2011. Provisional population Totals. New Delhi: Government of India, 409-413.
- D Rajasenan, Anas Tharakan, & Rajeev B. (2023). Muslim Women Protection of Rights on Marriage Act and Divorce of Muslim Women in Malappuram District. Journal of Polity and Society, 14(2). Retrieved from https://journalspoliticalscience.com/index.php/i/article/view/238
- Premsingh, J G & Philip S R. (2014)- A study on increasing the divorce rate in Kerala. IOSR J HumanitSocSci (IOSR-JHSS) 19 (6), 2279-0837.
- Michael, Elizabeth Lovely Mary. (2013). A study on the psychological wellbeing and quality of life of divorced Muslim women (Doctoral dissertation, Mahatma Gandhi University ,Kerala, India). http://hdl.handle.net/10603/42079
- Vasudevan, Bindhu& M, Geetha & Bhaskar, Anitha & Areekal, Binu & Lucas, Anupa & Chintha, Chintha. (2015). Causes of divorce: A descriptive study from central kerala. Journal of Evolution of Medical and Dental Sciences.
04. 3418-3426. 10.14260/jemds/2015/494

Comments