ഡോ. രാജേന്ദ്ര സിങ്.

ഇത്തരം വികസന പദ്ധതികളുടെ ആവശ്യം
​ശരിക്കും കേരളത്തിനുണ്ടോ?

ഇനിയും നിങ്ങൾ പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാനും ബഹുമാനിക്കാനും തയ്യാറല്ലെങ്കിൽ നിങ്ങളുടെ സംസ്ഥാനം വലിയ പ്രതിസന്ധി നേരിടേണ്ടിവരും. പുനഃസ്ഥാപന പ്രവർത്തനങ്ങൾക്ക് എന്റെ രാജസ്ഥാനെ നിങ്ങൾക്ക് മാതൃകയായി കാണാം.

നുഷ്യരുടെ ഇടപെടലുകൾ മൂലം പ്രകൃതി വിഭവങ്ങൾക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും ആശങ്കകളും നിങ്ങൾക്കറിയാമോ? പ്രകൃതിയുമായുള്ള നിങ്ങളുടെ അവസാനബന്ധവും എവിടെ വെച്ചാണ് നഷ്ട്ടപ്പെട്ടതെന്ന് ഓർത്തെടുക്കാൻ കഴിയുന്നുണ്ടോ?

നിങ്ങൾക്കിതിന് ഉത്തരം കണ്ടെത്താനാകുന്നില്ലെങ്കിൽ, കർഷകരുടെയും പാവപ്പെട്ടവരുടെയും വിഭവങ്ങൾ ചൂഷണം ചെയ്തു ജീവിക്കുന്ന രസത്തിൽ നിങ്ങളിതും മറന്നിരിക്കുകയാണെന്നാണർത്ഥം. ഇവിടേക്ക് വരുന്ന ഒരു മണിക്കൂർ മുൻപ് ഞാൻ തുഷാരഗിരിയിലായിരുന്നു. പ്രകൃതിസൗന്ദര്യം മുഴുവനായും ഒപ്പിയെടുത്ത തുഷാരഗിരി കേരളത്തിലെ മനോഹരമായ വനങ്ങളിലൊന്നാണ്. പക്ഷേ ചില റിയൽ എസ്‌റ്റേറ്റ് പ്രഭുക്കന്മാർ തുഷാരഗിരിയിലെ ടൂറിസ്റ്റ് കോപ്ലക്സുകളിൽ മാറ്റം വരുത്തുകയും തുഷാരഗിരിയെ വിനോദ സഞ്ചാരകേന്ദ്രം മാത്രമായി മാറ്റിയെടുക്കാൻ ശ്രമിക്കുകയുമാണ്. താഴ്വരകൾ വിനോദ സഞ്ചാരത്തിന് വേണ്ടി മാത്രമുള്ളതല്ലെന്ന് അവർക്ക് നന്നായി അറിയാം. പ്രകൃതിഭംഗി എന്നത്​സമൃദ്ധമായ ഒന്നാണ്​. അതിനെ അതേ രീതിയിൽ മൂല്യം കുറയാതെ സംരക്ഷിച്ചു നിർത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

തുഷാരഗിരി സംരക്ഷണ പരിപാടിക്കായി എത്തിയ ഡോ. രാജേന്ദ്ര സിങ് / Photo : Waterman Rajendra Singh, Facebook

കേരളത്തിൽ നിരവധി വികസന പദ്ധതികൾക്ക് ഈയിടെ തുടക്കമിടുന്നുണ്ട്. ചില നദികളെ ഭൂഗർഭപാതകളായി മാറ്റിയെടുക്കുന്ന പദ്ധതികൾ വരെ ഇതിലുൾപ്പെടുന്നു. ഇത്തരം പദ്ധതികളുടെ ആവശ്യം ശരിക്കും കേരളത്തിനുണ്ടോ? അതോ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ അവരുടെ ആവശ്യങ്ങൾക്കും വരുമാനത്തിനും വേണ്ടി ഈ നദികളെ ഉപയോഗിക്കുന്നതാണോ ഈ പദ്ധതികൾ ആവിഷ്കരിക്കാൻ കാരണമാകുന്നത്. ഈ നദികളെ ഭൂഗർഭ പാതകളിലേക്കൊഴുകുന്നതിലൂടെ ആരാണ് നേട്ടം കൊയ്യാൻ പോകുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളു.

കാലാവസ്ഥാ വ്യതിയാനം ഒരു ആഗോള ഭീഷണി ആണെങ്കിലും ഇതിന്റെ പരിഹാരമാർഗം തീർത്തും പ്രാദേശികമാണ്. രാജസ്ഥാനിൽ ഞങ്ങൾ ഈ പ്രശ്നത്തിന് ‍ഞങ്ങളുടേതായ പരിഹാരമാർഗം കണ്ടുപിടിച്ചിട്ടുണ്ട്.

കേരളത്തിൽ 44 നദികളാണുള്ളത്. സ്വന്തമായി ജൈവസമ്പുഷ്ടമായ 44 നദികളെ ലഭിച്ച നിങ്ങൾ ഓരോ കേരളീയരും വളരെ ഭാഗ്യവാന്മാരാണ്. പക്ഷേ ഈ നദികളുടെയും കാടുകളുടെയും കുന്നുകളുടെയും സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും നിങ്ങൾ തയ്യാറാകുന്നില്ലെങ്കിൽ ഈ പ്രകൃതി സമ്പത്തുകൊണ്ട് വലിയ നേട്ടങ്ങളുണ്ടാകണമെന്നില്ല. ഇന്ന് ഇന്ത്യയിൽ എല്ലാ നദികളും അഴുക്കുചാലുകളായാണ് ഒഴുകുന്നത്. ഞാനെപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന വാക്കുകൾ ഇവിടെയും ആവർത്തിക്കുകയാണ്: "നിങ്ങൾക്ക് ജീവിതത്തിൽ സമാധാനവും സ്വാതന്ത്ര്യവും സമൃദ്ധിയും വേണമെങ്കിൽ നിങ്ങൾ നദികളെ സ്വതന്ത്രമായി ഒഴുകാൻ അനുവദിക്കുകയും അവയെ സംരക്ഷിക്കുകയും വൃത്തിയിൽ പരിപാലിക്കുകയും ചെയ്യുക.’

ഇതുവരെ മാറിമാറി ഭരണത്തിൽ വന്ന ഒരു സർക്കാറിനു പോലും കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും മൂലമുണ്ടാക്കുന്ന പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ തക്കതായ പരിഹാരമാർഗങ്ങൾ കണ്ടെത്താനായിട്ടില്ല. മുമ്പൊക്കെ ഉത്തരേന്ത്യയിലെ കർഷകർക്ക് മഴയുടെ പാറ്റേണനുസരിച്ച് കൃഷി ചെയ്യാനുള്ള വിളകളെകുറിച്ച് കൃത്യമായ മുൻധാരണയുണ്ടായിരുന്നു. മഴയുടെ ലഭ്യതയും വരവും വിലയിരുത്തിയാണ് അവർ കൃഷി ചെയ്യാനുള്ള വിളകൾ ഏതാണെന്ന് തീരുമാനിച്ചിരുന്നത്. എന്നാൽ കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും കാരണം ഇപ്പോൾ മഴ എപ്പോഴാണ് പെയ്യുന്നത് എന്ന്​ കൃത്യമായി മനസ്സിലാക്കാൻ കർഷകർക്ക്​ കഴിയുന്നില്ല. ഇത് ഏതുതരം വിളകളാണ് നടേണ്ടത് എന്ന കാർഷിക ആസൂത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് കാർഷിക സംരക്ഷണ ക്ഷേമത്തിന് ആസൂത്രിത സംവിധാനം ആവശ്യമാണ്.

നിങ്ങൾക്ക് ജീവിതത്തിൽ സമാധാനവും സ്വാതന്ത്ര്യവും സമൃദ്ധിയും വേണമെങ്കിൽ നിങ്ങൾ നദികളെ സ്വതന്ത്രമായി ഒഴുകാൻ അനുവദിക്കുകയും അവയെ സംരക്ഷിക്കുകയും വൃത്തിയിൽ പരിപാലിക്കുകയും ചെയ്യുക

കാലാവസ്ഥാ വ്യതിയാനം ഒരു ആഗോള ഭീഷണി ആണെങ്കിലും ഇതിന്റെ പരിഹാരമാർഗം തീർത്തും പ്രാദേശികമാണ്. രാജസ്ഥാനിൽ ഞങ്ങൾ ഈ പ്രശ്നത്തിന് ‍ഞങ്ങളുടേതായ പരിഹാരമാർഗം കണ്ടുപിടിച്ചിട്ടുണ്ട്. 10,600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള എന്റെ പ്രദേശത്തെ കർഷകർക്ക് ഇന്നും മേഘങ്ങളുടെ പാറ്റേണിൽ വരുന്ന പ്രവണതകളെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഉഷ്ണ തരംഗങ്ങൾ കാരണമാണ് മേഘങ്ങൾ അകന്നു പോകുന്നത്. ഇതു പരിഹരിക്കാൻ ഞങ്ങൾ ആദ്യം ജലസംരക്ഷണത്തിന് പ്രാധാന്യം നൽകി. ഇതിലൂടെ എന്റെ പ്രദേശത്ത് മൈക്രോ ക്ലൗഡ് രൂപീകരണം ആരംഭിച്ചു. മൈക്രോ ക്ലൗഡ് പിന്നീട് മാക്രോ ക്ലൗഡിലേക്ക് നയിക്കുകയും ഇത് ഞങ്ങളുടെ പ്രദേശത്ത് മഴ പെയ്യിക്കുകയും ചെയ്യുന്നു.

ആളുകളെ കുടിയിറക്കുന്നു, പച്ചപ്പ് നശിപ്പിക്കുന്നു, മണ്ണിനെ സ്വഭാവിക ഘടന ഇല്ലാതാക്കുന്നു തുടങ്ങി നിരവധി കാര്യങ്ങളുടെ ആകെ തുകയെയാണ് ഇന്ന് വികസനം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

വാട്ടർ എൻജിനീയറിങ്ങിനെക്കുറിച്ചോ വാട്ടർ സയൻസിനെ കുറിച്ചോ ആദ്യകാലങ്ങളിൽ എനിക്കൊന്നും അറിയില്ലായിരുന്നു. ഞാൻ ജോലി ആരംഭിച്ച സമയത്ത് , യുവാക്കളെല്ലാം ജോലി അന്വേഷിച്ച് നഗരത്തിലേക്ക് കുടിയേറി പാർക്കുകയായിരുന്നു. ജോലി ആരംഭിച്ച് മൂന്ന് വർഷങ്ങൾക്കുശേഷം ആളുകളുമായുള്ള ബന്ധത്തിലൂടെയാണ് ഞാൻ കാർഷിക രംഗത്തേക്ക് എത്തുന്നത്.

ഇന്ന് നിങ്ങളുടെ മുന്നിൽ നിവർന്നുനിന്നുകൊണ്ടു തന്നെ രാജ്യത്തെ 12 നദികൾ പുനഃസ്ഥാപിക്കാൻ സാധിച്ചുവെന്ന് എനിക്ക് പറയാൻ കഴിയും. അതിൽ മഹാരാഷ്ട്രയിലെ രണ്ട് നദികൾ, കർണാടകയിലെ രണ്ട് നദികൾ, രാജസ്ഥാനിലെ 8 നദികൾ എന്നിവ ഉൾപ്പെടുന്നു. നമുക്ക് പ്രകൃതിക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. നിങ്ങൾക്ക് പുതുതായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ പ്രകൃതി പുനഃസ്ഥാപന പ്രവർത്തനങ്ങളിലൂടെ നമുക്കതിന് തുടക്കമിടാം.

കേരളത്തിലും ഇത്തരത്തിൽ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്ന സംവിധാനങ്ങൾ നടപ്പിലാക്കിയാൽ മാത്രമേ ആവർത്തിച്ചുള്ള പ്രളയങ്ങളെ നേരിടാനാകൂ. മണ്ണൊലിപ്പും വെള്ളപ്പൊക്കവുമാണ് ഭാവിയിൽ നമ്മൾ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി.

വികസനത്തിന്റെ പേരിൽ നിരവധി സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ആളുകളെ കുടിയിറക്കുന്നു, പച്ചപ്പ് നശിപ്പിക്കുന്നു, മണ്ണിനെ സ്വഭാവിക ഘടന ഇല്ലാതാക്കുന്നു തുടങ്ങി നിരവധി കാര്യങ്ങളുടെ ആകെ തുകയെയാണ് ഇന്ന് വികസനം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
ഇതിന്റെ പരിണിത ഫലമായി വരൾച്ചയും വെള്ളപ്പൊക്കം പോലുള്ള നിരവധി പ്രകൃതിക്ഷോഭങ്ങൾ വഴിക്കു വഴിയെ വന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടിയ സമയത്ത്, ആസൂത്രണ കമീഷന്റെ കണക്കു പ്രകാരം തടാകങ്ങളും മറ്റു ജലസ്രോതസ്സുകളുമില്ലാത്ത 232 നോൺ സോഴ്സ് സ്ഥലങ്ങളാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ രാജ്യത്ത് ഇത്തരത്തിൽ ജലസ്രോതസ്സുകളില്ലാത്ത 80000 സ്ഥലങ്ങളുണ്ട്. ഇതിനെ ഒരിക്കലും വികസനമെന്ന് പറയാനാവില്ല. ഇത് ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. ശരിയായ വികസന ദിശയാണ് വേണ്ടതെങ്കിൽ, അത് നദി പുനഃസ്ഥാപനത്തിൽ നിന്നാണ് ആരംഭിക്കേണ്ടത്. നദികൾ, ജലസ്രോതസ്സുകൾ, വനങ്ങൾ എന്നിവയുടെ വീണ്ടെടുപ്പുകൾ സുസ്ഥിര വികസനത്തിന്റെ കൂടി ഭാഗമാണ്. ഇതിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും. അതുകൊണ്ട് പ്രകൃതി വിഭവങ്ങളെയും തൊഴിലുകളെയും സമന്വയിപ്പിച്ച് പ്രകൃതി സമ്പത്തിന്റെ പുനഃസ്ഥാപനം ലക്ഷ്യമാക്കിയ ഒരു വികസന മാർഗരേഖ ആവിഷ്കരിക്കേണ്ടത് അത്യാവശ്യമാണ്.

കേരളത്തിലും ഇത്തരത്തിൽ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്ന സംവിധാനങ്ങൾ നടപ്പിലാക്കിയാൽ മാത്രമേ ആവർത്തിച്ചുള്ള പ്രളയങ്ങളെ നേരിടാനാകൂ. മണ്ണൊലിപ്പും വെള്ളപ്പൊക്കവുമാണ് ഭാവിയിൽ നമ്മൾ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. പ്രകൃതി വിഭവങ്ങളുടെ പുനഃസ്ഥാപനം ക്രിയാത്മകമായി നടപ്പിലാക്കുന്നതിലൂടെ ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാം.

വികസനത്തിൻറെ പേരിൽ നടക്കുന്ന ആളുകളെ കുടിയിറക്കുക, പച്ചപ്പ് നശിപ്പിക്കുക, മണ്ണിൻറെ സ്വഭാവിക ഘടന ഇല്ലാതാക്കുക തുടങ്ങിയ സമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ ആകെ തുകയെയാണ് ഇന്ന് വികസനം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇതിൻറെ പരിണിത ഫലമായി വരൾച്ചയും വെള്ളപ്പൊക്കം പോലുള്ള നിരവധി പ്രകൃതിക്ഷോഭങ്ങൾ വഴിക്കു വഴിയെ വന്നുകൊണ്ടിരിക്കുന്നുണ്ട്.

ഇനിയും നിങ്ങൾ പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാനും ബഹുമാനിക്കാനും തയ്യാറല്ലെങ്കിൽ നിങ്ങളുടെ സംസ്ഥാനം വലിയ പ്രതിസന്ധി നേരിടേണ്ടിവരും. പുനഃസ്ഥാപന പ്രവർത്തനങ്ങൾക്ക് എന്റെ രാജസ്ഥാനെ നിങ്ങൾക്ക് മാതൃകയായി കാണാം. അവിടെ ഞങ്ങൾ തുടങ്ങി വെച്ച പുനഃസ്ഥാപന പ്രവർത്തനങ്ങൾ നിങ്ങൾക്ക് ഇവിടെയും ആരംഭിക്കാവുന്നതാണ്. രാജസ്ഥാനിലെ ഞങ്ങളുടെ പ്രദേശം 1980കൾ വരെ ഇരുണ്ട മേഖലയായാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ഉപരിതലത്തിലോ, ഭൂഗർഭത്തിലോ വെള്ളമില്ലാത്ത സ്ഥലങ്ങളെയാണ് ഇരുണ്ട മേഖലയെന്ന് പറഞ്ഞിരുന്നത്. ഇന്ന് നിങ്ങൾക്ക് ആ പ്രദേശത്തെ ഇരുണ്ട മേഖലയെന്ന് വിളിക്കാൻ കഴിയില്ല. കാരണം അവിടെ ഉപരിതലത്തിലും ഭൂഗർഭത്തിലുമായി നദികൾ വറ്റാതെ ഒഴുകി കൊണ്ടിരിക്കുകയാണ്.

ഈ വിഷയങ്ങളിലൊക്കെ മാധ്യമങ്ങൾക്ക് വലിയ ഇടപെടലുകൾ നടത്താനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. കർഷകരുടെ പ്രതിസന്ധികളും പ്രശ്നങ്ങളും മനസ്സിലാക്കി അവരുടെ അവകാശങ്ങൾക്കുവേണ്ടി എഴുതാൻ മാധ്യമങ്ങൾ തയ്യാറാകണം. മാധ്യമങ്ങളിലൂടെ സർക്കാറുകളെ കാർഷിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയെടുക്കാനും കഴിയും. ▮

(നവംബർ 24ന് കോഴിക്കോട് നടന്ന കെ. ജയചന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ നടത്തിയ കെ. ജയചന്ദ്രൻ സ്മാരക പ്രഭാഷണത്തിൽനിന്ന്. വിവർത്തനം : റിദ നാസർ)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. രാജേന്ദ്ര സിങ്

‘വാട്ടർമാൻ’ എന്നറിയപ്പെടുന്ന ഡോ. രാജേന്ദ്ര സിങ്, ജലസംരക്ഷണപ്രവർത്തനങ്ങളുടെ മുൻനിരയിലുള്ള ആക്​റ്റിവിസ്​റ്റാണ്​. ജലത്തിനുള്ള നോബൽ സമ്മാനം എന്നറിയപ്പെടുന്ന സ്​റ്റോക്ക്​ഹോം പുരസ്​കാരവും മഗ്​സാസെ അവാർഡും നേടി. പതിറ്റാണ്ടുകൾ വരണ്ടുകിടന്ന 12 നദികളെ പാരമ്പര്യ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ പുനഃസ്​ഥാപിക്കാൻ നേതൃത്വം നൽകി.

Comments