മറയ്ക്കപ്പെട്ട
അവർണ മാനിഫെസ്റ്റോ:
‘ഈഴവർ ഹിന്ദുക്കളല്ല’

കേരളത്തെ മുൻനിർത്തിയുള്ള ആർ.എസ്.എസ് അജണ്ടയിലെ പ്രധാന ഇനമാണ് ഈഴവ സമുദായം. കേരള രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള ഒരു സമുദായത്തെ ‘ഹിന്ദുത്വ' ദേശീയ പദ്ധതി’യുടെ സഖ്യകക്ഷിയായി മുന്നോട്ട് കൊണ്ടുപോകുകയാണ് ലക്ഷ്യം. എന്നാൽ, ഇതിനെ പ്രതിരോധിക്കാനുള്ള ശക്തമായ രാഷ്ട്രീയപ്രഖ്യാപനം 90 വർഷം മുമ്പ് നടത്തിയിട്ടുള്ള സമുദായം കൂടിയാണിത്. ‘സ്വതന്ത്ര സമുദായം’ എന്ന സൈദ്ധാന്തിക പുസ്തകത്തിലൂടെ ഇ. മാധവൻ നടത്തിയ ‘ഈഴവർ ഹിന്ദുക്കളല്ല’ എന്ന പ്രഖ്യാപനത്തിന്റെ സമകാലിക പ്രസക്തി വിശകലനം ചെയ്യുന്നു, മനോജ് വി. കൊടുങ്ങല്ലൂർ.

1931- ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് നടന്ന ദേശീയ സെൻസസിലാണ് ജാതിക്കണക്ക് അവസാനമായി രേഖപ്പെടുത്തിയത്. RSS രൂപീകരിച്ച് 10 വർഷം തികയുന്നതിനുമുമ്പായിരുന്നു ആ കാനേഷുമാരി. ഇന്ത്യൻ രാഷ്ട്രീയത്തിലും രാജ്യത്തിന്റെ സോഷ്യൽ എഞ്ചിനീയറിങ്ങിലും ഹിന്ദുത്വ ആശയങ്ങൾക്ക് വലിയ സ്വാധീനമുണ്ടായിരുന്ന ആ നാളുകളിൽ, ബ്രിട്ടീഷ് സർക്കാരുമായി RSS നടത്തിയ അവിഹിത ഇടപെടലുകളുടെ ഭാഗമായാണ്, മഹാഭൂരിപക്ഷം ദലിതുകളും പിന്നാക്ക ജാതിപ്പെട്ടവരും 'Hindhu' മത വിഭാഗത്തിലേക്ക് എഴുതിച്ചേർക്കപ്പെട്ടത്. 1931-ൽ ആരംഭിച്ച ഈ പദ്ധതി, 1941-ലെ സെൻസസ്സോടെ പൂർത്തീകരിക്കപ്പെട്ടതായി പൊതുവിൽ കണക്കാക്കാം.

1881-നും 1931-നും ഇടയിൽ 'ബ്രിട്ടീഷ് ഇന്ത്യ' ജാതി ഡാറ്റ കൂടി രേഖപ്പെടുത്തിയാണ് സെൻസസ് പൂർത്തീകരിച്ചിരുന്നത്. കൊളോണിയൽ കാലത്തേതാണെങ്കിൽപ്പോലും, രാജ്യത്തെ ഭരണസമ്പ്രദായം മുന്നോട്ടു കൊണ്ടുപോകാനും സങ്കീർണ്ണമായ സാമൂഹിക ശ്രേണിയെ കുറിച്ച് മനസിലാക്കാനും ഈ വർഗ്ഗീകരണം അനിവാര്യമായ ഒന്നായിരുന്നു. എന്നിരുന്നാലും, സ്വാതന്ത്ര്യാനന്തരം ജാതി തിരിച്ച സെൻസസ് സാമൂഹിക 'വിഭാഗീയത’യ്ക്ക് കാരണമാകും എന്നു വാദിച്ച് ജാതി സെൻസസ് എന്ന കാഴ്ചപ്പാട് അന്നത്തെ ഭരണാധികാരികൾ പൂർണമായും ഉപേക്ഷിച്ചു.

1961-ൽ, OBC വിഭാഗക്കാരുടെ പട്ടിക തയ്യാറാക്കാൻ കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങൾക്ക് അനുവാദം നൽകി. എന്നാൽ, അത് സംബന്ധിച്ച് ദേശീയതലത്തിൽ കണക്കുകൾ തയ്യാറാക്കി പിന്നാക്ക വിഭാഗത്തെ കണ്ടെത്താനോ സംവരണമടക്കമുള്ള നയപരിപാടികളിൽ ഇടപെടലുകൾ നടത്താനോ കേന്ദ്ര ഭരണകൂടങ്ങൾ തയ്യാറായില്ല. 2011-ൽ UPA സർക്കാർ സാമൂഹിക-സാമ്പത്തിക- ജാതി സെൻസസ് തയ്യാറാക്കാനുള്ള ആലോചനകൾ, മുന്നണിയുടെ പൊതു മിനിമം പരിപാടിയുടെ ഭാഗമായി നടത്തിയെങ്കിലും മുന്നോട്ടുപോയില്ല.

പട്ടികവിഭാഗം- ഒ.ബി.സി വിഭാഗങ്ങളുടെ സാമൂഹിക - സാമ്പത്തിക പിന്നാക്കാവസ്ഥയും, അതിൻ്റെ വ്യക്തമായ കണക്കുകളുടെ അഭാവവും വിശ്വസനീയവുമായ കണക്കുകൾക്കായുള്ള 'ആവശ്യകതയും' ഇപ്പോഴും സങ്കീർണ്ണമായി തുടരുകയാണ്.

1941 മുതൽ ജാതി സംബന്ധിച്ച കണക്ക് സെൻസസ്സിൽ എടുത്തിരുന്നെങ്കിലും, ലഭ്യമായ 'ജാതി കണക്കുകൾ' ഒരിക്കലും നയനിർമ്മാണങ്ങൾക്കായി ഉപയോഗിച്ചില്ല. ജാതി വിഷയം ഉന്നയിച്ചിരുന്ന പ്രസ്ഥാനങ്ങൾ ഇതിനെതിരായി വിമർശനമുന്നയിച്ചിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. സ്വതന്ത്ര ഇന്ത്യയിൽ 1951-ൽ നടന്ന ആദ്യ സെൻസസ് മുതൽ, നേരത്തെ നടന്നതുപോലെ വിശാലമായ അർത്ഥത്തിലുള്ള ജാതിവിവരങ്ങൾ ശേഖരിക്കുന്നത് നിർത്തുകയായിരുന്നു. ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുന്നതിനോടൊപ്പം പട്ടികജാതിക്കാർ (SC), പട്ടികവർഗക്കാർ (ST) എന്നിവരെ മാത്രം രേഖപ്പെടുത്തിയുള്ള സെൻസസാണ് പിന്നീട് നടന്നത്.

1990-ൽ മണ്ഡൽ കമ്മീഷൻ ശുപാർശകൾ - പരിമിതമായിട്ടെങ്കിലും - നടപ്പിലായശേഷം - ജാതി സെൻസസിനായുള്ള ആവശ്യം വീണ്ടും ശക്തമായി. മണ്ഡൽ കമ്മീഷനിലൂടെ OBC-യ്ക്ക് 27 ശതമാനം കേന്ദ്ര സർക്കാർ തൊഴിലവസരങ്ങൾ നീക്കിവെക്കാൻ പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ് എടുത്ത തീരുമാനത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് RSS-ഉം സംഘ്പരിവാർ സംഘടനകളുമാണ്. രാമജന്മഭൂമി പ്രശ്നമുയർത്തി മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെ അവർ നേരിട്ടത് ചരിത്രം.

മണ്ഡൽ കമ്മീഷനിലൂടെ OBC-യ്ക്ക് 27 ശതമാനം കേന്ദ്ര സർക്കാർ തൊഴിലവസരങ്ങൾ നീക്കിവെക്കാൻ പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ് എടുത്ത തീരുമാനത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് RSS-ഉം സംഘ്പരിവാർ സംഘടനകളുമാണ്.
മണ്ഡൽ കമ്മീഷനിലൂടെ OBC-യ്ക്ക് 27 ശതമാനം കേന്ദ്ര സർക്കാർ തൊഴിലവസരങ്ങൾ നീക്കിവെക്കാൻ പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ് എടുത്ത തീരുമാനത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് RSS-ഉം സംഘ്പരിവാർ സംഘടനകളുമാണ്.

ജാതി കണക്കും
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും

ഈ സന്ദർഭത്തിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയ ജാതി കണക്കുകളെ പരിശോധിക്കുന്നത് പ്രസക്തമാണ്. ഇന്ത്യയിൽ സാമൂഹികമോ വിദ്യാഭ്യാസപരമോ പിന്നാക്കം നിൽക്കുന്നവരെ തിരിച്ചറിയുക, കണക്കെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ ആദ്യ കോൺഗ്രസ് ഇതര സർക്കാരിന്റെ കാലത്ത്, 1979 ജനുവരി ഒന്നിന് രൂപീകരിച്ച ഔദ്യോഗിക പഠന സംഘമായിരുന്നു മണ്ഡൽ കമ്മീഷൻ. കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് സ്വതന്ത്ര ഇന്ത്യയുടെ ജാതി - സംവരണ ചരിത്രത്തിലെ നാഴികക്കല്ലായി ഇന്നും വിലയിരുത്തപ്പെടുന്നു.

രാജ്യത്തെ ജനസംഖ്യയിൽ 52% പിന്നാക്കക്കാരാണെന്ന് കമ്മീഷൻ കണ്ടെത്തി. പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ നിയമനങ്ങളിൽ 27% സംവരണം ഏർപ്പെടുത്തണമെന്നായിരുന്നു പ്രധാന ശുപാർശകളിൽ ഒന്ന്. സംവരണം 50% ൽ അധികമാകാൻ പാടില്ല എന്ന സുപ്രീം കോടതി വിധി നിലവിലുള്ളതിനാൽ, 22% സംവരണമുള്ള പട്ടികജാതി /വർഗ സംവരണം കഴിച്ച് 50% എത്തുന്ന സംഖ്യവരെ മാത്രമേ പിന്നാക്കവിഭാഗ സംവരണം (കൃത്യമായി അത് 27.5 ആയിരുന്നു) ഏർപ്പെടുത്തുവാൻ കഴിയുമായിരുന്നുള്ളൂ. അങ്ങനെയാണ് പിന്നാക്ക വിഭാഗ സംവരണം 27% ആയി സ്ഥിരപ്പെടുത്തിയത്.

മണ്ഡൽ കമ്മീഷന്റെ കണ്ടെത്തലുകളടക്കമുള്ള വിവരങ്ങൾ കൂട്ടിവെച്ചുകൊണ്ട്, ആ കണക്ക് ഇങ്ങനെ സമാഹരിക്കാം:

ബ്രാഹ്മണ ജനസംഖ്യ: 3.5%.

രാഷ്ട്രീയാധികാരത്തിലെ 41.0%- വും ഈ വിഭാഗം കൈയ്യടക്കിവെച്ചിരിക്കുന്നു.
വിദ്യാഭ്യാസം പങ്കാളിത്തം: 50%.
ഉദ്യോഗ പങ്കാളിത്തം: 61.0%.
വ്യവസായ നടത്തിപ്പുകാരിൽ 10.0%-വും ഭൂമിയുടെ അവകാശികളിൽ 5.0%-വും പൗരോഹിത്യ വേലയുടെ ഉടമകളിൽ നൂറു ശതമാനവും ബ്രാഹ്മണ വിഭാഗങ്ങളാണ്.

ക്ഷത്രിയ ജനസംഖ്യ: 5.5%.

രാഷ്ട്രീയാധികാരം: 15.0%.
വിദ്യാഭ്യാസം: 16%.
ഉദ്യോഗം: 12.0%.
വ്യവസായം: 27.0%.
ഭൂമി: 80.0%.
പൗരോഹിത്യം: 0.

വൈശ്യർ: 6.0%.

രാഷ്ട്രീയാധികാരം: 10.5%.
വിദ്യാഭ്യാസം: 12.0%.
ഉദ്യോഗം: 13.0%.
വ്യവസായം: 60.0%.
ഭൂമി: 9.0%.
പൗരോഹിത്യം: 0.

ശൂദ്ര / ഒ.ബി.സി: 52.0%.

രാഷ്ട്രീയാധികാരം: 8.0%.
വിദ്യാഭ്യാസം: 12.0%.
ഉദ്യോഗം: 7.0%.
വ്യവസായം: 0.8%.
ഭൂമി: 4.0%.
പൗരോഹിത്യം: 0.

മതന്യൂനപക്ഷങ്ങൾ: 10.5%.

രാഷ്ട്രീയാധികാരം: 3.0%.
വിദ്യാഭ്യാസം: 1.5%.
ഉദ്യോഗം: 1.0%.
വ്യവസായം: 0.2%.
ഭൂമി: 0.1%.

പട്ടികജാതിക്കാർ: 15.0%.

രാഷ്ട്രീയാധികാരം: 15.0%.
വിദ്യാഭ്യാസം: 1.0%.
ഉദ്യോഗം: 0.2%.
വ്യവസായം: 0.1%.
ഭൂമി: 0%
പൗരോഹിത്യം: 0.

പട്ടികവർഗ്ഗക്കാർ: 7.5%.

രാഷ്ട്രീയാധികാരം: 7.5%.
വിദ്യാഭ്യാസം: 2.0%.
ഉദ്യോഗം: 1.0%.
വ്യവസായം: 0.1%.
ഭൂമി: 0%
പൗരോഹിത്യം: 0.

15% സവർണ വിഭാഗങ്ങൾ നൂറ്റാണ്ടുകളായി കൈവശപ്പെടുത്തിയിരിക്കുന്ന അവസരങ്ങൾ:

രാഷ്ട്രീയാധികാരം: 66.5%.
വിദ്യാഭ്യാസം: 78.0%.
ഉദ്യോഗം: 85.0%.
വ്യവസായം: 97.0%.
ഭൂമി: 94.0%.
പൗരോഹിത്യം: 100%.

85% പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്ക ന്യൂനപക്ഷങ്ങൾക്കുള്ളത്:

രാഷ്ട്രീയാധികാരം: 33.5%.
വിദ്യാഭ്യാസം: 22.0%.
ഉദ്യോഗം: 15.0%.
വ്യവസായം: 3.0%
ഭൂമി: 6.0%.

മണ്ഡൽ റിപ്പോർട്ടിലെ 52% ജനസംഖ്യയുള്ള OBC-യ്ക്ക് 27% ഉദ്യോഗ സംവരണം മാത്രം നടപ്പിലാക്കാനേ ഇക്കാലത്തിനിടയിൽ നടപടി സ്വീകരിച്ചുള്ളൂ. അതും അട്ടിമറിക്കാനുള്ള പണിപ്പുരയിലാണിപ്പോൾ 'മനുവാദി' രാഷ്ടീയ നേതൃത്വം. ഭൂപരിഷ്ക്കരണം, രാഷ്ട്രീയാധികാരം, വ്യവസായം തുടങ്ങിയവയുമായി ബന്ധപ്പെട്ട റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും 45 വർഷത്തിനുശേഷവും ഫയലിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സാമ്പത്തിക പിന്നാക്കക്കാർ (Economically Weaker Section- EWS) എന്നൊരു വിഭാഗത്തെ സൃഷ്ടിച്ചുകൊണ്ട് 10% കൂടി സംവരണം ദാനം നൽകിയത്.

ഭൂപരിഷ്ക്കരണം, രാഷ്ട്രീയാധികാരം, വ്യവസായം തുടങ്ങിയവയുമായി ബന്ധപ്പെട്ട മണ്ഡൽ കമീഷൻ റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും 45 വർഷത്തിനുശേഷവും ഫയലിലാണ്.
ഭൂപരിഷ്ക്കരണം, രാഷ്ട്രീയാധികാരം, വ്യവസായം തുടങ്ങിയവയുമായി ബന്ധപ്പെട്ട മണ്ഡൽ കമീഷൻ റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും 45 വർഷത്തിനുശേഷവും ഫയലിലാണ്.

പുതിയ കാലത്തെ
ജാതി സെൻസസ്

ഇന്ത്യയിൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന ആവശ്യത്തെ നിഷേധിക്കാൻ ഇന്ന് ആർക്കും കഴിയില്ല. അതിന് നിരവധി കാരണങ്ങളുണ്ട്. പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികനീതി, തൊഴിൽ തുടങ്ങിയ മേഖലകളിൽ ഘടനാപരമായ അസമത്വമാണ് നിലനിൽക്കുന്നതെന്ന് നിരവധി പഠനങ്ങൾ വെളിവാക്കുന്നുണ്ട്. ഈ അസമത്വം ഔപചാരികമായി വെളിപ്പെടുന്നതിനും അതിന്റെ കാരണങ്ങളിലേക്ക് സഞ്ചരിക്കുന്നതിനും പ്രാതിനിധ്യം നിഷേധിക്കപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ട് നയങ്ങളും പദ്ധതികളും രൂപകൽപ്പന ചെയ്യുന്നതിനും ജാതി സെൻസസ് അല്ലാതെ മറ്റൊരു പരിഹാരം ഇന്നത്തെ സാഹചര്യത്തിലില്ല.

രാജ്യത്തെ പട്ടികവിഭാഗം- ഒ.ബി.സി ജനസംഖ്യയുടെ വലുപ്പവും ഇവർ നേരിടുന്ന സാമൂഹിക - സാമ്പത്തിക പിന്നാക്കാവസ്ഥയും, അതിൻ്റെ വ്യക്തമായ കണക്കുകളുടെ അഭാവവും വിശ്വസനീയവുമായ കണക്കുകൾക്കായുള്ള 'ആവശ്യകതയും' ഇപ്പോഴും സങ്കീർണ്ണമായി തുടരുകയാണ്. കോവിഡിനെതുടർന്ന് മുടങ്ങുകയും പിന്നീട് അനിശ്ചിതമായി നീട്ടിവെക്കപ്പെടുകയും ചെയ്ത സെൻസസ് ​ഒടുവിൽ, 2027-ൽ നടക്കാനിരിക്കുകയാണ്. അടുത്ത സെൻസസിൽ ജാതി കണക്കെടുപ്പ് നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും ഇതി​നുള്ള കൃത്യമായ മാർഗരേഖ പ്രഖ്യാപിച്ചിട്ടില്ല.

സമീപ വർഷങ്ങളിൽ ബീഹാർ, കർണാടക, തെലങ്കാന എന്നിവയുൾപ്പെടെ ചില സംസ്ഥാനങ്ങൾ, ജാതി കണക്കുകളുടെ നിലവിലുള്ള 'വിടവ്' നികത്താൻ സ്വന്തമായി ജാതി സർവ്വേ നടത്തി. 2023-ൽ ബിഹാറിൽ നടന്ന കണക്കെടുപ്പിൽ, ഒ.ബി.സി, പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾ ചേർന്നാൽ സംസ്ഥാനത്തെ ജനസംഖ്യയുടെ 84.46% വരുമെന്ന് കണ്ടെത്തി. രാഷ്ട്രീയപാർട്ടികളുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങളെ മാത്രമല്ല, സംസ്ഥാനത്തിന്റെ വികസന പൊതുനയങ്ങളെയും ഗണ്യമായി സ്വാധീനിക്കാൻ കഴിയുന്ന കണക്കുകളാണിവ. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി പദ്ധതികളുണ്ടാകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇടക്കാലത്തുവെച്ച് ആ സർക്കാരിന് അധികാരമൊഴിയേണ്ടി വന്നു.

കര്‍ണാടകയില്‍ ജനസംഖ്യയുടെ 70 ശതമാനം ഒ.ബി.സി വിഭാഗമാണെന്ന് ജാതി സെന്‍സസ് കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒ.ബി.സി സംവരണം 51 ശതമാനമാക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. റിപ്പോര്‍ട്ടിന് മന്ത്രിസഭാഗോയം അംഗീകാരവും നല്‍കിയിട്ടുണ്ട്.

2024 ലെ പൊതുതെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ _ ജാതി സെൻസസ് നടത്തുമെന്നും അതിനനുസരിച്ചുള്ള സംവരണം നടപ്പിലാക്കുമെന്നും കോൺഗ്രസ്സിന്റെ ഹൈദരാബാദ് സമ്മേളനം വ്യക്തമാക്കുകയും ‘ഇന്ത്യ’ മുന്നണി ഇലക്ഷൻ വാഗ്ദാനമായി മുന്നോട്ടുവെക്കുകയും ​ചെയ്തിരുന്നു. ഇതേതുടർന്നാണ് ദേശീയ രാഷ്ട്രീയത്തിൽ ജാതി സെൻസസ് ഒരിടവേളയ്ക്കുശേഷം വീണ്ടും സജീവ ചർച്ചയായതും ചില സംസ്ഥാനങ്ങളിൽ ജാതി സർവേ നടന്നതും. ​

ജാതി സെൻസസ്, വിവിധ ജാതി ഐഡന്റിറ്റികളെ ശക്തിപ്പെടുത്തി ഇപ്പോഴുള്ള സാമൂഹിക വിഭജനം കൂടുതൽ ആഴത്തിലാക്കുമെന്ന് വാദിച്ച് ജാതി സെൻസസിനെതിരായ നിലപാടും പ്രബലമാണ്. അടുത്ത സെൻസസിൽ ജാതി കണക്ക് എടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത്തരം ഡാറ്റകൾക്ക് അനുസൃതമായ നയനിലപാടുകളിലേക്ക് ഭരണകൂടങ്ങൾ പോകുമോ എന്നത് ഇന്നും ചോദ്യചിഹ്നമാണ്, പ്രത്യേകിച്ച് ആർ.എസ്.എസും അത് നിയന്ത്രിക്കുന്ന ബി.ജെ.പിയും.

‘ഈഴവർ ഹിന്ദുക്കളല്ല’ എന്ന ഇ. മാധവന്റെ വാദം അക്കാലത്ത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും പുസ്തകം നിരോധിച്ചു. അന്ന് ഈ മൂന്നു സ്വതന്ത്ര രാജ്യങ്ങളിലും ഒരുപോലെ - ഏതാണ്ട് 'ഐക്യ കേരള' സങ്കല്പം എന്ന നിലയിലാണ് പുസ്തകനിരോധനം നടപ്പിലാക്കിയത്.

ഈഴവർ എന്ന
‘സ്വതന്ത്ര സമുദായം’

ദേശീയ തലത്തിൽ ജാതി സെൻസസ് എന്ന ആവശ്യം അതിശക്തമായ രാഷ്ട്രീയ മുദ്രാവാക്യമായി ഉയർന്ന സമയത്തും, കേരളം അതിൽനിന്ന് വിട്ടുനിന്നത് ​ശ്രദ്ധേയമായിരുന്നു. ജാതി സെൻസസിനെക്കുറിച്ച് സംസ്ഥാന സർക്കാർ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽനിന്നും കാര്യമായ സമ്മർദ്ദവും ഇതുവരെ ഉയർന്നിട്ടില്ല എന്നത് ശ്രദ്ധേയം. അതേസമയം, എൻ.എസ്.എസിനെപ്പോലുള്ള ​ജാതിസംഘടനകൾ, ജാതി സെൻസസിനെതിരെ കേന്ദ്ര സർക്കാറിന് നിവേദനം നൽകുകയും നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതാണ് ജാതി സെന്‍സസ് എന്നാണ്, ഈ പ്രബല ജാതി സംഘടനയുടെ പരാതി.

അധികാര രാഷ്ട്രീയത്തിലും അതിനു പുറത്തും സ്വാധീനം ചെലുത്തുന്ന ജാതി- സാമുദായിക രാഷ്ട്രീയത്തെ കൃത്യമായി വിശകലനം ചെയ്താലേ, ജാതിസെൻസസി​നോടുള്ള കേരളത്തിന്റെ പ്രതികരണത്തിൽ അടങ്ങിയ അന്തർധാരകളെ തിരിച്ചറിയാനാകൂ. ഇക്കാര്യത്തിൽ, 1931- ലെ ജാതി സെൻസസും, കേരളത്തിലെ ഈഴവ സമുദായവും എസ്.എൻ.ഡി.പി യോഗം നേതാവായിരുന്ന ഇ. മാധവൻ 1934-ൽ എഴുതിയ ‘സ്വതന്ത്ര സമുദായം’ എന്ന സൈദ്ധാന്തിക ഗ്രന്ഥവും ചരിത്രപരമായി പ്രാധാന്യമുള്ളതാണ്.

ബ്രിട്ടീഷുകാർ നടപ്പിലാക്കിയ സെൻസസിന്റെ ഭാഗമായാണ്, 1931-ൽ തിരുവിതാംകൂറിലെയും മലബാറിലെയും കൊച്ചിയിലെയും ഈഴവ- തിയ്യ വിഭാഗത്തിൽപ്പെട്ട ആളുകളെ 'ഹിന്ദു' മതത്തിൽ കൂട്ടിച്ചേർക്കപ്പെട്ടത്. അതിൻ്റെ പ്രതിഫലനമാണ്, ഇ. മാധവൻ 'ഈഴവർ ഹിന്ദുക്കളല്ല’ എന്ന ശക്തമായ പ്രസ്താവനയുമായി 'സ്വതന്ത്ര സമുദായം' എന്ന പുസ്തകം എഴുതുന്നത്. ‘സ്വതന്ത്ര സമുദായ’ത്തിന് 90 വയസ്സ് പൂർത്തിയായ ഈ വേളയിൽ തന്നെയാണ് കേരളത്തിലെ പിന്നാക്കവിഭാഗരാഷ്ട്രീയം നിർണായക വഴിത്തിരിവിലൂടെ കടന്നുപോകുന്നത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഈഴവ സമൂഹത്തിൻ്റെ അവസ്ഥ പരിശോധിക്കുന്നത് കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

‘ഈഴവർ ഹിന്ദുക്കളല്ല’ എന്നും അവർ ഒരു 'സ്വതന്ത്ര സമുദായം' ആണെന്നുമുള്ള ഇ. മാധവന്റെ വാദം അക്കാലത്ത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്ത്‍യിരുന്നു. മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത് നിരോധിച്ചു. അന്ന് ഈ മൂന്നു സ്വതന്ത്ര രാജ്യങ്ങളിലും ഒരുപോലെ - ഏതാണ്ട് 'ഐക്യ കേരള' സങ്കല്പം എന്ന നിലയിലാണ് പുസ്തകനിരോധനം നടപ്പിലാക്കിയത്.

1931-ലെ സെൻസസിലൂടെയാണ് തിരുവിതാംകൂറിലെയും മലബാറിലെയും കൊച്ചിയിലെയും ഈഴവ- തിയ്യ വിഭാഗത്തിൽപ്പെട്ട ആളുകൾ 'ഹിന്ദു' മതത്തിൽ കൂട്ടിച്ചേർക്കപ്പെട്ടത്. അതിൻ്റെ പ്രതിഫലനമാണ്, ഇ. മാധവൻ 'ഈഴവർ ഹിന്ദുക്കളല്ല’ എന്ന ശക്തമായ പ്രസ്താവനയുമായി 'സ്വതന്ത്ര സമുദായം' എന്ന പുസ്തകം എഴുതുന്നത്.
1931-ലെ സെൻസസിലൂടെയാണ് തിരുവിതാംകൂറിലെയും മലബാറിലെയും കൊച്ചിയിലെയും ഈഴവ- തിയ്യ വിഭാഗത്തിൽപ്പെട്ട ആളുകൾ 'ഹിന്ദു' മതത്തിൽ കൂട്ടിച്ചേർക്കപ്പെട്ടത്. അതിൻ്റെ പ്രതിഫലനമാണ്, ഇ. മാധവൻ 'ഈഴവർ ഹിന്ദുക്കളല്ല’ എന്ന ശക്തമായ പ്രസ്താവനയുമായി 'സ്വതന്ത്ര സമുദായം' എന്ന പുസ്തകം എഴുതുന്നത്.

‘ഈഴവർ ഹിന്ദുക്കളല്ല' എന്ന വാദം സങ്കീർണ്ണമായ ചരിത്ര- സാമൂഹിക നിലപാടായിരുന്നു. ഇത് ഈഴവ സമുദായത്തിന്റെ ആഭ്യന്തരമായ നിലനിൽപ്പിന്റെ ഭാഗമായി ഉയർത്തപ്പെട്ട വാദമായിരുന്നുവെന്ന് പറയാമെങ്കിലും, കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക ചരിത്രവുമായി ഇതിന് വലിയ ബന്ധമുണ്ട്. ഈ വീക്ഷണം ഏറ്റവും ശക്തമായി മുന്നോട്ടുവെക്കപ്പെട്ടത് എസ്.എൻ.ഡി.പി യോഗം എന്ന സംഘടനയുടെ ഭാഗമായാണ്. യോഗത്തിന്റെ ജനറൽ സെക്രട്ടറി കൂടിയായിരുന്നു ഇ. മാധവൻ.

എന്താണ് ഈ വാദത്തിന്റെ സാരം?
ചരിത്രപരമായ വേർതിരിവ് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഈഴവർ, ഇന്ത്യയിൽ ആര്യന്മാർ വരുന്നതിനു മുമ്പുതന്നെ നിലനിന്നിരുന്ന ‘സ്വതന്ത്ര' സമൂഹ’മായിരുന്നു എന്നതാണ് ആ വാദത്തിൻ്റെ പ്രധാന കാഴ്ചപ്പാട്. ഈഴവർക്ക് സ്വന്തമായി ഒരു സംസ്കാരവും ആരാധനാരീതികളും സാമൂഹിക സംവിധാനങ്ങളും ഉണ്ടായിരുന്നു. ബ്രാഹ്മണ്യ വ്യവസ്ഥയിൽനിന്നുള്ള അന്യത - ഈഴവർ ഹിന്ദുമതത്തിന്റെ ചട്ടക്കൂടിലെ 'നാലംശ' വർണ്ണവ്യവസ്ഥയുടെ ഭാഗമല്ല, മറിച്ച് അതിന് പുറത്തുള്ളവരാണെന്നും പിന്നീടുള്ള കാലഘട്ടങ്ങളിൽ അവരെ 'ബലപ്രയോഗത്തിലൂടെ' ആ വ്യവസ്ഥയിൽ താഴെയുള്ള സ്ഥാനത്ത് ഉൾപ്പെടുത്തി എന്നതുമായിരുന്നു ആ വാദം. അതിനാൽ, 'ഹിന്ദു' എന്ന വർഗ്ഗീകരണം അവരുടെ സ്വതന്ത്ര സ്വത്വത്തെ മറയ്ക്കുന്നു.

ഈഴവർ ഹിന്ദുക്കളല്ല എന്നത് ഒരു വർഗ്ഗീയ രാഷ്ട്രീയ വാദമാണെന്ന് പറയുന്നവരോടുള്ള മറുപടി ഇതാണ്: നിങ്ങൾ ഈഴവ സമുദായത്തെ സാമൂഹ്യമുന്നേറ്റ പാതയിലേക്ക് കൊണ്ടുവരുന്നതിനെ തടയുകയാണ് ചെയ്യുന്നത്. മറിച്ച്, ഈ വാദം തീർത്തും രാഷ്ട്രീയ പ്രസ്താവനയാണ്. ഈഴവർക്ക് ഹിന്ദുമതത്തിന്റെ ചട്ടക്കൂടുകളിൽ നിന്ന് സ്വതന്ത്രമായി ഒരു രാഷ്ട്രീയ സമുദായമായി വളരണമെന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പ്രസ്താവനയാണത്. ‘സ്വതന്ത്ര സമുദായം’ എന്ന പുസ്തകം ഈഴവ സമുദായത്തിന്റെ സ്വത്വത്തെക്കുറിച്ചുള്ള അടിസ്ഥാന പുനഃവിചിന്തനമായി കണക്കാക്കുന്നു. ഈഴവരുടെ ചരിത്രത്തെ, ബ്രാഹ്മണ്യ ചരിത്രരചനയിൽ നിന്ന് വ്യത്യസ്തമായി വ്യാഖ്യാനിക്കുന്നു എന്നതുതന്നെയാണ് ഈ ചരിത്ര പുനർവായനയുടെ പ്രാധാന്യം.

ബി.ഡി.ജെ.എസ് പോലെ, ഈഴവരുടെ പേരിൽ രൂപീകരിച്ചിട്ടുള്ള രാഷ്ട്രീയ സംഘടനകൾക്ക് സംഘപരിവാറിന്റെ സഖ്യകക്ഷിയാകാൻ ഒരു തടസ്സവുമില്ലാത്തത്, അവർക്ക് ഹിന്ദുത്വത്തിന്റെ സങ്കുചിതമായ ഐഡന്റിറ്റി പൊളിറ്റിക്സിനോട് പൊരുത്തപ്പെടാനാകുന്നതുകൊണ്ടാണ്.

READ ALSO: ഭരണകൂടം നിരോധിച്ച ‘സ്വതന്ത്ര സമുദായം’
കേരളം ഏറ്റെടുക്കാത്ത പുസ്​തകം

ഇന്ത്യയിലും കേരളത്തിലും നിലനിന്നിരുന്ന, അല്ല, നിലനിൽക്കുന്ന, വൈദിക ബ്രാഹ്മണ്യ വ്യവസ്ഥയുടെ ഭാഗമല്ലാത്ത, സ്വതന്ത്ര കർഷകരും യോദ്ധാക്കളുമായിരുന്നു കേരളത്തിലെ ഈഴവ സമൂഹമെന്ന് ഇ. മാധവൻ തെളിവുകൾ സഹിതം ഈ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. സംസ്കാരത്തിന്റെ സ്വാതന്ത്ര്യം - ഹിന്ദുമതത്തിലെ പുരോഹിത വർഗ്ഗത്തിന് അധീനമല്ലാത്ത, സ്വതന്ത്രമായ ആരാധനാ പദ്ധതികളും നാടൻ ദേവതാമാതൃകകളും ഈഴവർക്കുണ്ടായിരുന്നു എന്ന് ‘സ്വതന്ത്ര സമുദായം’ എടുത്തുപറയുന്നു. ഈഴവർക്ക് കേരളത്തിന്റെ ചരിത്രത്തിൽ നിർണായക സ്ഥാനമുണ്ട്. ചരിത്രപരമായി ഈഴവർ കേരളത്തിലെ ആദിവാസികളുടെയോ പുരാതന കാർഷിക സമൂഹത്തിന്റെയോ ഭാഗമെന്ന നിലയ്ക്ക് കണക്കാക്കപ്പെടുന്നു.

എന്നാൽ, ബ്രാഹ്മണ്യം അടിച്ചേൽപ്പിച്ച ജാതിവ്യവസ്ഥയിൽ അവർക്ക് 'അവർണ്ണ'രാകേണ്ടിവന്നു. ഇതോടെ കഠിനമായ ജാതി വിവേചനത്തിനും ഇരയാക്കപ്പെട്ടു. വഴി നടക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടത് സാമൂഹിക അടിച്ചമർത്തലിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. കള്ളുചെത്ത്, തടിസംസ്ക്കരണം തുടങ്ങിയ പരമ്പരാഗത തൊഴിലുകൾ ചെയ്തിരുന്ന ഈഴവർ കേരളത്തിലെ ഉൽപാദന മേഖലയിലെ തൊഴിലുകളുമായി ബന്ധപ്പെട്ട സമൂഹമായിരുന്നുവെന്ന് ചരിത്രം പഠിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയും. ഇത് അവർക്ക് നിശ്ചിത സാമ്പത്തിക പ്രാധാന്യം നൽകിയിരുന്നുവെങ്കിലും, ഭൂമി ഉടമസ്ഥതയില്ലാത്തതും കൂലിക്കും ശമ്പളത്തിനും വേണ്ടി പണിയെടുക്കുന്നതുമായ ഒരു വർഗ്ഗമായി അവരെ 'ബ്രാഹ്മണ്യം' സ്ഥാപിച്ചടുക്കി.

ശ്രീനാരായണഗുരു അടക്കമുള്ളവർ, ബ്രാഹ്മണ്യത്തിനെതിരെ വലിയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കുകയും അത് കേരളീയ നവോത്ഥാനത്തിൽ പ്രമുഖ സ്ഥാനം നേടുകയും ചെയ്തു. ഈ മുന്നേറ്റത്തിന് നേതൃത്വം നൽകിയ നവോത്ഥാന രാഷ്ട്രീയ നേതൃത്വത്തിന് ഈഴവ സമുദായത്തിൽനിന്നുതന്നെ തുടർച്ചകളുണ്ടായി. 19-20 നൂറ്റാണ്ടുകളിൽ, ഈഴവ സമുദായം അതിവേഗം സാമൂഹിക - സാംസ്കാരിക ഉണർവ്വ് കൈവരിച്ചു. ഈ പരിവർത്തനത്തിന് നേതൃത്വം നൽകിയ വ്യക്തികളാണ് ഇന്നത്തെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭൂപടം രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ശ്രീനാരായണഗുരു, കുമാരനാശാൻ, സഹോദരൻ അയ്യപ്പൻ, സി. കേശവൻ തുടങ്ങിയ നവോത്ഥാന നേതാക്കളുടെ സംഭാവനകളാണ് സമുദായത്തെ സംഘടിതവും രാഷ്ട്രീയ ബോധമുള്ളതുമായ ശക്തിയാക്കി മാറ്റിയത്. അവരുടെ ഇടപെടലുകളുടെ ഫലമായാണ്, ഈഴവരടക്കമുള്ള പിന്നാക്ക ജനവിഭാഗം കേരളത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക ജീവിതത്തിലെ സ്വാധീനശക്തിയായി മാറിയത്. ചരിത്രം, സമുദായസ്വത്വം, രാഷ്ട്രീയം എന്നിവയുടെ സങ്കീർണ്ണമായ കൂടിക്കലരലായിരുന്നു അത്.

ഈഴവർക്ക് കേരളത്തിന്റെ ചരിത്രത്തിൽ നിർണായക സ്ഥാനമുണ്ട്.  ചരിത്രപരമായി ഈഴവർ കേരളത്തിലെ ആദിവാസികളുടെയോ പുരാതന കാർഷിക സമൂഹത്തിന്റെയോ ഭാഗമെന്ന നിലയ്ക്ക് കണക്കാക്കപ്പെടുന്നു.
ഈഴവർക്ക് കേരളത്തിന്റെ ചരിത്രത്തിൽ നിർണായക സ്ഥാനമുണ്ട്. ചരിത്രപരമായി ഈഴവർ കേരളത്തിലെ ആദിവാസികളുടെയോ പുരാതന കാർഷിക സമൂഹത്തിന്റെയോ ഭാഗമെന്ന നിലയ്ക്ക് കണക്കാക്കപ്പെടുന്നു.

സംഘ്പരിവാർ കുടക്കീഴിലാക്കാൻ
ശ്രമിക്കുന്ന ഈഴവ സമുദായം

90 വർഷങ്ങൾക്കുശേഷം ‘സ്വതന്ത്ര സമുദായം’ എന്ന പുസ്തകത്തിന്റെ പുനർവായനയുടെ പ്രാധാന്യമെന്താണ്? ‘ഞങ്ങൾ ഹിന്ദുക്കളല്ല' എന്ന ഒരു വലിയ സമുദായത്തിന്റെ പ്രഖ്യാപനം ഇന്ന് ചെന്നു​ കൊള്ളുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖത്താണ്. കേരളത്തിന്റെ രാഷ്ട്രീയ - സാമൂഹിക ചരിത്രവും ഈഴവ സമുദായവും അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ ഈ പ്രഖ്യാപനത്തിന് ഇന്ന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

കഴിഞ്ഞ ഏതാനും ദശകങ്ങളായി ഹിന്ദുത്വ ആശയത്തിന് രാഷ്ട്രീയമായും സാമൂഹികമായും ശക്തമായി കടന്നുകയറാനായിട്ടുണ്ട്. ആർ.എസ്.എസിന് 100 വയസ്സ് തികഞ്ഞ വേളയിൽ, 'ഒരു രാഷ്ട്രം–ഒരു സംസ്കാരം' എന്ന ആശയം മുന്നോട്ടുവെച്ച്, വിവിധ ജാതി–സമുദായങ്ങളെ ഹിന്ദുത്വത്തിന്റെ പൊതുചട്ടക്കൂടിനുള്ളിലേക്ക് ചേർക്കാനുള്ള ശ്രമങ്ങൾ ഇന്ന് ശക്തമാണ്. കേരളവും ഈ ആർ.എസ്.എസ് അജണ്ടയിൽനിന്ന് മുക്തമല്ല. എസ്.എൻ.ഡി.പി യോഗവും അതിന്റെ പുതിയ നേതൃത്വവും ഈയൊരു ഹിന്ദുത്വ രാഷ്ട്രീയത്തിന് അടിപ്പെടുകയാണ്. ഈഴവരുടെ സംഘബലത്തെ രാഷ്ട്രീയ വിലപേശലിനുള്ള കുറുക്കുവഴിയായാണ് ഇന്നത്തെ എസ്.എൻ.ഡി.പി യോഗനേതൃത്വം കാണുന്നത്.

കേരള രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള ഒരു സമുദായത്തെ സംഘപരിവാറിനൊപ്പം സാമൂഹ്യാടിസ്ഥാനത്തിൽ തുന്നിച്ചേർക്കാനായാൽ, അത് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ആർ.എസ്.എസിനറിയാം.

ഹിന്ദു ഐക്യം എന്ന മധുരമനോജ്ഞ മുദ്രാവാക്യം മുഴക്കി, കീഴ്ജാതിക്കാരെയടക്കം ‘ഉൾക്കൊള്ളിച്ചു’കൊണ്ടുള്ള ഒരു വിശാല ഹിന്ദുവിനുവേണ്ടി ആർ.എസ്.എസ് വ്യാപകമായി കാമ്പയിൻ നടത്തുന്നുണ്ട്. അതിൻ്റെ ഭാഗമായി കൂടിയാണ് എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിൽനിന്നുതന്നെ, സമാനമായ ഹിന്ദു ഐക്യ ആഹ്വാനമുണ്ടാകുന്നതും അതിനായി സംഘപരിവാറുമായി സഹകരണം വേണമെന്നുമുള്ള വാദങ്ങളുയരുന്നത്. ബി.ഡി.ജെ.എസ് പോലെ, ഈഴവരുടെ പേരിൽ രൂപീകരിച്ചിട്ടുള്ള രാഷ്ട്രീയ സംഘടനകൾക്ക് സംഘപരിവാറിന്റെ സഖ്യകക്ഷിയാകാൻ ഒരു തടസ്സവുമില്ലാത്തത്, അവർക്ക് ഹിന്ദുത്വത്തിന്റെ സങ്കുചിതമായ ഐഡന്റിറ്റി പൊളിറ്റിക്സിനോട് പൊരുത്തപ്പെടാനാകുന്നതുകൊണ്ടാണ്.

ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന്റെ (SNDP) തലപ്പത്ത് ഇന്ന് ആരാണുള്ളത് എന്ന ചോദ്യമുയർത്താൻ സമുദായം തയ്യാറാകേണ്ടിയിരിക്കുന്നു. ഒരുകാലത്ത് കേരളത്തിന്റെ രാഷ്ട്രീയ - സാംസ്കാരിക - നവോത്ഥാന മുന്നേറ്റത്തെ മുന്നോട്ടുകൊണ്ടുപോവുകയും, അതിനാവശ്യമായ ധൈഷണിക - പ്രായോഗിക പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്ത നേതാക്കളുടെ സ്ഥാനത്ത്, ഒരു കൂട്ടം വിലപേശൽ കച്ചവടക്കാരാണ് എസ്.എൻ.ഡി.പി യോഗത്തെയും അതിന്റെ സംഘടനാ രൂപങ്ങളെയും ഇന്ന് നിയന്ത്രിക്കുന്നത്.

ജഗന്നാഥക്ഷേത്രത്തിന്റെ ആവിർഭാവ കാലത്ത്​ ശ്രീനാരായണ ഗുരു തല​​ശ്ശേരിയിൽ. ശ്രീ ജ്​ഞാനോദയ യോഗത്തിന്റെ ആദ്യ പ്രസിഡൻറ്​ കൊറ്റിയത്ത്​ രാമുണ്ണി വക്കീൽ, കുമാരനാശാൻ എന്നിവരാണ്​ പുറകിൽ നിൽക്കുന്നത്​.
ജഗന്നാഥക്ഷേത്രത്തിന്റെ ആവിർഭാവ കാലത്ത്​ ശ്രീനാരായണ ഗുരു തല​​ശ്ശേരിയിൽ. ശ്രീ ജ്​ഞാനോദയ യോഗത്തിന്റെ ആദ്യ പ്രസിഡൻറ്​ കൊറ്റിയത്ത്​ രാമുണ്ണി വക്കീൽ, കുമാരനാശാൻ എന്നിവരാണ്​ പുറകിൽ നിൽക്കുന്നത്​.

ആർ.എസ്.എസ് കേരളത്തെ മുൻനിർത്തി രൂപപ്പെടുത്തിയെടുത്തിട്ടുള്ള സോഷ്യൽ എൻജിനീയറിംഗ് കൃത്യമാണ്. ഈഴവർ പോലുള്ള സമുദായങ്ങളെ ഒപ്പം നിർത്തി, ഉത്തരേന്ത്യയിലേതുപോലെ കേരളത്തിലും ഒരു OBC പക്ഷമായി സ്വയം സ്ഥാപിച്ചെടുക്കുക. ക്ഷേത്രപ്രവേശന സ്മരണാഘോഷങ്ങളിൽ ഹിന്ദുത്വ ശക്തികൾ വ്യാപകമായി പങ്കുചേരുന്നതും, ഗുരുവിന്റെ ഓർമ്മകളെ ‘ഹിന്ദു നവോത്ഥാന’ത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നതും ചില ഉദാഹരണങ്ങൾ. ഇത് യഥാർഥത്തിൽ സംഘപരിവാറിന്റെ പ്രഖ്യാപിത രാഷ്ട്രീയത്തിന് വിരുദ്ധമാണ്. എന്നാൽ ആർ.എസ്.എസിന്റെ ബ്രാഹ്മണ്യ രാഷ്ട്രീയത്തിന് നിലനിൽക്കാൻ രാജ്യത്തെ മഹാഭൂരിപക്ഷം പിന്നാക്ക ജാതിക്കാരെ താൽക്കാലികമായെങ്കിലും കൂട്ടിപ്പിടിക്കേണ്ടതുണ്ടെന്ന് അവർ കൃത്യമായി വിലയിരുത്തുന്നു.

ഗുരുവിനെയും കേരളത്തിലെ പിന്നാക്ക വിഭാഗ രാഷ്ട്രീയത്തെയും വീണ്ടെടുക്കാൻ ശേഷിയുള്ള നിലപാടാണ് ഇന്നും 'ഈഴവർ ഹിന്ദുക്കളല്ല' എന്ന കാലാതീത പ്രസക്തമായ പ്രഖ്യാപനം.

ഇതിന്റെ സാമൂഹ്യ - രാഷ്ട്രീയ പ്രതിഫലനമാകട്ടെ വളരെ ഗുരുതരമായിരിക്കും. കാരണം, കേരളീയ നവോത്ഥാനത്തിന്റെ ഭാഗമായി ഉയർന്നുവന്ന, 'സർവ മാനവികത' എന്ന ആശയം ജാതിവിരുദ്ധവും എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ ഒന്നായിരുന്നു, ആ 'ഗുരുദർശനം' ഇപ്പോഴത്തെ സമുദായ നേതൃത്വത്തിന്റെ കീഴിൽ ‘ഹിന്ദു സമൂഹഐക്യം' എന്ന ഏകമുഖ വായനയായി മാറുന്നു. സ്വതന്ത്ര സാമൂഹ്യ- രാഷ്ട്രീയ നിലപാടിൽ നിരന്തരം വെള്ളം ചേർത്ത് ഈഴവ സമുദായത്തെ ബ്രാഹ്മണ്യത്തിന് അടിപ്പെടുത്തുകയാണ് ഇതിലൂടെ സംഭവിക്കുന്നത്. നേരത്തെ ഇടതുപക്ഷത്തോട് ശക്തമായ ബന്ധം പുലർത്തിയിരുന്ന അവസ്ഥയിൽനിന്ന് മാറി, ‘ഹിന്ദുത്വ' ദേശീയ പദ്ധതി’യുടെ സഖ്യകക്ഷിയായി മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികൾ തുറന്നിടുന്നു. കേരള രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള ഒരു സമുദായത്തെ സംഘപരിവാറിനൊപ്പം സാമൂഹ്യാടിസ്ഥാനത്തിൽ തുന്നിച്ചേർക്കാനായാൽ, അത് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ആർ.എസ്.എസിനറിയാം.

ഈഴവരുടെ സ്വതന്ത്ര നവോത്ഥാന പാരമ്പര്യം അതിശക്തമായി ഉയർത്തിപ്പിടിച്ച് ഒരു രാഷ്ട്രീയശക്തിയായി മാറേണ്ട കാലത്ത്, ‘ഹിന്ദു മതത്തിന്റെ’ ഭാഗമെന്ന നിലയിലേക്ക് സങ്കുചിതപ്പെടുത്തുകയാണ് എസ്.എൻ.ഡി.പി നേതൃത്വം ചെയ്യുന്നത്. അതിനായി ഗുരുവിന്റെ സർവ്വ മാനവിക ദർശനത്തെ ഹിന്ദു ഐക്യത്തിന്റെ പേരിൽ വ്യാഖ്യാനിക്കുന്നു. ഗുരുവിനെയും കേരളത്തിലെ പിന്നാക്ക വിഭാഗ രാഷ്ട്രീയത്തെയും വീണ്ടെടുക്കാൻ ശേഷിയുള്ള നിലപാടാണ് ഇന്നും 'ഈഴവർ ഹിന്ദുക്കളല്ല' എന്ന കാലാതീത പ്രസക്തമായ പ്രഖ്യാപനം. ഈഴവ സമുദായത്തിന്റെ ചരിത്രപരമായ അനുഭവങ്ങളുടെയും രാഷ്ട്രീയ അവകാശവാദങ്ങളുടെയും യുക്തിസഹമായ വിശദീകരണം കൂടിയാണിത്. അത് നിരന്തരം ചർച്ച ചെയ്യപ്പെടണം. ഒരു 'സ്വതന്ത്ര സമുദായം' എന്ന നിലയിൽ ഈഴവർ നിലനിൽക്കേണ്ട ആവശ്യകത അങ്ങനെ സ്ഥാപിച്ചെടുക്കേണ്ട കാലഘട്ടം കൂടിയാണിത്.


Summary: Manoj V. Kodungallur analyzes the contemporary relevance of E. Madhavan's declaration that 'Ezhavas are not Hindus' through his theoretical book 'Swathanthra Samudayam'.


മനോജ്​ വി. കൊടുങ്ങല്ലൂർ

വിദ്യാഭ്യാസ പ്രവർത്തകൻ, റിട്ട. അധ്യാപകൻ. സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ വിലയിരുത്തലിനായി, സുപ്രീം കോടതി നിയമിച്ച റിവ്യൂ മിഷനിലെ അംഗം.

Comments