പ്രൊഫ. എം. കെ. ജയരാജിന് എന്റെ ഒരു ഒപ്പ്

കാലിക്കറ്റ്, ശ്രീ ശങ്കരാചാര്യ സർവകലാശാല വി.സിമാരായ പ്രൊഫ. എം. കെ. ജയരാജിന്റെയും പ്രൊഫ. എം. വി. നാരായണന്റെയും നിയമനത്തിലെ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാണിച്ച് ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ അവരെ പുറത്താക്കാൻ ഉത്തരവിട്ടിരുന്നു. പ്രൊഫ. എം. വി. നാരായണന് അനുകൂലമായി അന്താരാഷ്ട്ര പ്രസിദ്ധരായ ഷെൽഡൺ പൊള്ളോക്കിനെ പോലുള്ള അക്കാദമിക്കുകളും കേരളത്തിലെ കോളേജ് അധ്യാപകരും മറ്റു വ്യക്തികളും പ്രസ്താവനയിറക്കിയിരിക്കുന്നു. എന്നാൽ, പ്രൊഫ. എം. കെ. ജയരാജിനെ പുറത്താക്കുന്നതിനെക്കുറിച്ചു അവർ എന്തുകൊണ്ട് നിശ്ശബ്ദത പാലിക്കുന്നു?- ദാമോദർ പ്രസാദ് എഴുതുന്നു.

കാലിക്കറ്റ്, ശ്രീ ശങ്കരാചാര്യ സർവകലാശാലകളിലെ വൈസ് ചാൻസലർമാരായ പ്രൊഫ. എം. കെ. ജയരാജിന്റെയും പ്രൊഫ. എം. വി. നാരായണന്റെയും നിയമനത്തിലെ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാണിച്ച് ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ അവരെ പുറത്താക്കാൻ ഉത്തരവിട്ടിരുന്നു. തുടർന്ന്, ഈ ഉത്തരവ് ചോദ്യം ചെയ്ത് ഹൈകോടതിയിൽ അവർ നൽകിയ ഹരജി വാദം കേൾക്കാനും വിധി പറയാനും മാറ്റിവെച്ചിരിക്കുകയാണ്. അതുവരെ തൽസ്ഥാനത്ത് തുടരാനുള്ള താത്കാലിക സ്റ്റേ ലഭിച്ചിട്ടുണ്ട്. ഇത്രയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. നാളിതുവരെ ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു വൈസ് ചാൻസലർമാരുടെയും അക്കാദമിക് യോഗ്യത ചോദ്യം ചെയ്തിട്ടില്ല. ഒരുവേള, ഇവരുടെ അക്കാദമിക് യോഗ്യത ചോദ്യം ചെയ്യാൻ കഴിയുന്നതുമല്ല. രണ്ടു പേരുടെയും അക്കാദമിക് മികവ് വ്യക്തവും കൃത്യവുമാണ്. പ്രൊഫസർ എന്ന നിലയിൽ പത്തു വർഷത്തിലധികം പ്രവർത്തി പരിചയമുണ്ട്. ഗവേഷണ മികവ് തെളിയിച്ചവരാണ്. വിദേശ സർവകലാശാലകളിലെ പ്രവൃത്തി പരിചയവും ഇരുവർക്കുമുണ്ട്.

തീർത്തും സാങ്കേതികമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന പ്രശ്നത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടപ്പെടുന്നത്. പ്രൊഫ. എം. വി. നാരായണന്റെ കാര്യത്തിൽ, ചാൻസലർക്ക് നൽകേണ്ട മൂന്നംഗ പാനലിനു പകരം ഒരു പേര് മാത്രമാണ് നൽകിയത് എന്നാണ് സാങ്കേതിക പ്രശ്നം. ഇത് യു.ജി.സി മാനദണ്ഡത്തിനെതിരാണെന്നാണ് വ്യാഖ്യാനം. അതേസമയം, സർവകലാശാലാ നിയമം അനുശാസിക്കുന്നത് ഒരു പേര് മതിയെന്നാണ്.

പ്രൊഫ. എം. വി. നാരായണന്‍ / Photo: biju mohan, youtube

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറുടെ നിയമനത്തെ സംബന്ധിച്ചാണെങ്കിൽ, വി.സി നിയമനസമയത്തെ മാധ്യമ വാർത്തകളനുസരിച്ച്, സെലക്ഷൻ കമ്മിറ്റി നൽകിയ പാനലിൽ അവസാനത്തെ സ്ഥാനത്തായിരുന്നു പ്രൊഫ. ജയരാജിന്റെ പേര്. എങ്കിലും, ചാൻസലറുടെ വിവേചനാധികാരമുപയോഗിച്ച് പ്രൊഫ. എം.കെ. ജയരാജിനെയാണ് നിയമിച്ചത്. പ്രൊഫ. ജയരാജന് വി.സിയാകാനുള്ള എല്ലാ യോഗ്യതകളുമുണ്ടായിരുന്നു. സാങ്കേതിക പ്രശ്നമെന്ന നിലയിൽ ഉയർന്നുവന്നിരിക്കുന്നത് സെലക്ഷൻ കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയായുണ്ടായിരുന്നത് ചീഫ് സെക്രട്ടറിയാണ് എന്നാണ്. ഏതായാലും, അത് പ്രൊഫ. എം. കെ. ജയരാജന്റെ പിഴവല്ല. കാലങ്ങളായി പിന്തുടരുന്ന കീഴ് വഴക്കമാണ്.

രണ്ടു വൈസ് ചാൻസലർമാരെയും ചാൻസലർ പുറത്താക്കിയ സാഹചര്യത്തിൽ അക്കാദമിക് തലത്തിൽ നിന്ന് വിമത അഭിപ്രായം ഉയരുക സാധാരണമാണ്. അധ്യാപക സംഘടനകൾ അവരുടെ നിലയിൽ പ്രശ്നം ഉന്നയിച്ചിട്ടുണ്ട്. എങ്കിലും, സമൂഹം ബഹുമാനിക്കുന്ന ഏതാനും അക്കാദമിക്കുകൾ, വിശിഷ്യ ഇതിൽ നിലപാട് സ്വീകരിച്ച് പ്രസ്താവനായിരിക്കുന്നത് പ്രശ്നത്തിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നു. പ്രൊഫ. എം. വി. നാരായണന് അനുകൂലമായും അദ്ദേഹത്തിന്റെ പിരിച്ചുവിടലിനെ എതിർത്തും അന്താരാഷ്ട്ര പ്രസിദ്ധരായ ഷെൽഡൺ പൊള്ളോക്കിനെ പോലുള്ള അക്കാദമിക്കുകളും കേരളത്തിലെ കോളേജ് അധ്യാപകരും മറ്റു വ്യക്തികളും ചേർന്ന് പ്രസ്താവനയിറക്കിയിരിക്കുന്നു. എല്ലാ ഒപ്പിടൽ സംരഭത്തിലുമെന്ന പോലെ പ്രശസ്തരായവരുടെ പ്രസ്താവനയിൽ ഒപ്പിട്ട് പ്രശസ്തരാകാൻ അഭിലഷിക്കുന്നവരുണ്ടാകാം. പ്രസ്താവന അടിവരയിടുന്നത് സമകാലിക ഭീഷണിയായ ഹിന്ദുത്വ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്നതിനെതിരെയാണ്. പരിമിതവൃത്തത്തിൽ മാത്രം ചുരുങ്ങേണ്ട പ്രശ്നവുമല്ല.

ഇതിൽ ഒപ്പിട്ട എല്ലാവരും ഒരേപോലെ ചാൻസലറായ ആരിഫ് മുഹമ്മദ് ഖാനെ എല്ലാ വിഷയങ്ങളിലും എതിർക്കുന്നവരാണോ എന്നത് വ്യക്തമല്ല. പ്രൊഫ. എം. വി. നാരായണനെതിരെയുള്ള നടപടി മാത്രമാണ് ഇതിൽ എതിർക്കുന്നത്. പ്രൊഫ. എം. കെ. ജയരാജിനെ പുറത്താക്കുന്നതിനെക്കുറിച്ചു അവർ എന്തുകൊണ്ട് നിശ്ശബ്ദത പാലിക്കുന്നു എന്നത് വ്യക്തമല്ല. രസകരമായ കാര്യം, പ്രൊഫ. എം. കെ. ജയരാജ് വൈസ് ചാൻസലറായിരിക്കുന്ന സർവകലാശാലയിലെ അധ്യാപകർ തന്നെ പ്രൊഫ. എം. വി. നാരായണനെ പുറത്താക്കുന്നതിനെതിരെ ശക്തിയുക്തം ഈ പ്രസ്താവനയിലൂടെ പ്രതിഷേധിക്കുമ്പോൾ പ്രൊഫ. ജയരാജനെതിരെയുള്ള നടപടിയ്ക്കെതിരെ മൗനം പാലിക്കുന്നതിലെ നൈതിക അഭാവം പ്രകടമാണ്. വ്യക്തിബന്ധങ്ങളോ ഗോത്ര ഐക്യങ്ങളോ തികച്ചും വ്യക്തിഗത താല്പര്യങ്ങളോ -ഇതാണോ ഐക്യദാർഢ്യങ്ങളെ പ്രേരിപ്പിക്കുന്നത്?.

ആരിഫ് മുഹമ്മദ് ഖാൻ

പ്രൊഫ. എം. വി. നാരായണനെയും പ്രൊഫ. എം. കെ. ജയരാജനെയും വ്യത്യസ്തമായ സാങ്കേതിക പ്രശ്നങ്ങളുടെ പേരിലാണെങ്കിലും പുറത്താക്കാൻ തീരുമാനമെടുക്കുന്നത് ഒരേ അധികാരകേന്ദ്രമാണ്. ചാൻസലറാണ് പ്രസ്തുത അധികാര കേന്ദ്രം. എങ്കിൽ പ്രസ്താവനയിൽ ആരോപിക്കുന്നവിധമുള്ള കാരണങ്ങൾ തന്നെയാകില്ലേ പ്രൊഫ. എം. കെ. ജയരാജിനെതിരെയുള്ള നടപടിയിലുമുണ്ടാവുക. തികച്ചും സാങ്കേതികമാണ് നടപടിക്ക് കാരണമായി കാണിച്ചിരിക്കുന്നതെങ്കിലും പ്രസ്താവന സൂചിപ്പിക്കുന്നത്, ഹിന്ദുത്വവൽക്കരണമാണ് ഈ നടപടികൾക്ക് ആധാരമെന്നാണ്.

പ്രസ്തുത പ്രസ്താവന എഴുതി തയ്യാറാക്കിയ ഒരു കേന്ദ്രമുണ്ടാകും. അവർക്ക് യോജ്യമെന്നു തോന്നുവരുടെ ഒപ്പുകൾ അവർ സമാഹരിക്കും. അതിൽ സഹയാത്രികർ, മിത്രങ്ങൾ, പിള്ളകൾ വരെ കാണും. കേരളത്തിലെ ഒപ്പുപ്രസ്താവനകളുടെ പൊതുസംസ്കാരമാണിത്. മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ അവർക്ക് നീതി വേണമെന്ന പ്രസ്താവനയിൽ ഒപ്പിടാൻ ശങ്കിച്ചവർ അവർക്കുമാത്രം ശരിയെന്നു തോന്നുന്ന കക്ഷി രാഷ്ട്രീയപരമായ പ്രശ്നത്തിലും അല്ലെങ്കിൽ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലുള്ള തികച്ചും വ്യക്തിപരമായ പ്രേരണകളുള്ള, ഒരുവേള സങ്കുചിതമായ താല്പര്യത്തിന്റെ ഭാഗമായുള്ള പ്രസ്താവനകളിൽ ഒപ്പു ചാർത്തുക എന്നത് കേരളത്തിൽ അസ്വാഭാവികമായ സംഗതിയല്ല. കേരളം പോലെ സ്ഥലത്തെ രാഷ്ട്രീയബന്ധങ്ങളും ശ്രംഖലാബന്ധങ്ങളും സംയുക്ത പ്രസ്താവനകളിലെല്ലാം പ്രതിഫലിക്കുന്ന യാഥാർഥ്യമാണിത്.

എങ്കിൽ തന്നെയും ഒരു ചോദ്യം അവശേഷിക്കുന്നു? പ്രൊഫ. എം. കെ. ജയരാജിനെ പുറത്താക്കാനുള്ള നടപടിക്കെതിരെ അക്കാദമിക് സമൂഹം വിവേചനപരമായ നിലപാട് സ്വീകരിക്കുകയാണോ?. കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകർ തന്നെ ഈ പ്രസ്താവനയിൽ ഒപ്പിടൂമ്പോൾ തങ്ങൾ കൂടി ഭാഗമായ സർവകലാശാലയിലെ വി സി ക്കെതിരെയുള്ള നടപടിയെ എന്തുകൊണ്ട് അവഗണിക്കുന്നു. ഒരാൾക്കെതിരെയുള്ള സമീപനം ശരി, മറ്റൊരാൾക്കെതിരെയുള്ള നടപടി തെറ്റ് എന്നാണോ ഭാഷ്യം. അക്കാദമിക് സമൂഹത്തെക്കുറിച്ചു ചുരുങ്ങിയ പക്ഷം ചില തെറ്റിദ്ധാരണകളെങ്കിലും സമൂഹത്തിനുണ്ട്. ഈവിധം, യഥാതഥ കേരളീയ ‘അക്കാദമിക’ സ്വത്വത്തിലെ സങ്കുചിതത്വം സ്വയം തുറന്നുകാട്ടുകയാണോ

പ്രൊഫ. എം. വി. നാരായണനും പ്രൊഫ. എം. കെ. ജയരാജനും മികവുള്ള അധ്യാപകരും ഗവേഷകരുമാണെന്നു ആദ്യമേ സൂചിപ്പിച്ചുവല്ലോ. പ്രൊഫ. എം. വി. നാരായണനെ അധ്യാപകൻ എന്ന നിലയിൽ വ്യക്തിപരമായി വളരെ ആദരവോടെയാണ് ഞാൻ കാണുന്നത്. അധ്യാപകൻ മാത്രമല്ല മികച്ച അഡ്മിനിസ്ട്രേറ്റർ കൂടിയാണ് അദ്ദേഹം. പുറമെ നിന്നുള്ള പരിചയത്തിന്റെയോ സൗഹൃദത്തിന്റെയോ അടിസ്ഥാനത്തിൽ പറഞ്ഞതല്ല. അദ്ദേഹത്തിന്റെ ക്ലാസിൽ വിദ്യാർത്ഥിയായി ഇരുന്നുള്ള അനുഭവത്തിന്റെയും സമ്പർക്കത്തിന്റെയും അടിസ്ഥാനത്തിൽ പറയുന്നതാണ്. പ്രൊഫ. എം. വി. നാരായണന്റെ സാംസ്കാരികമായ കാഴ്ചപ്പാടും ഇടതുപക്ഷ വീക്ഷണവും അക്കാദമിക് ഇന്റെഗ്രിറ്റിയും മാതൃകാപരമാണ്. ഹിന്ദുത്വത്തിനെന്നല്ല ഒരു കക്ഷിരാഷ്ട്രീയത്തിനും കീഴ്പ്പെടുന്നതല്ല അദ്ദേഹത്തിന്റെ വ്യക്തിത്വം. പ്രൊഫ. എം. വി. നാരായണന് എന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്നതു നേരാണ്.

പ്രൊഫ. എം. കെ. ജയരാജിനെ വൈസ് ചാൻസലർ എന്ന നിലയിലാണ് എനിക്ക് പരിചയം. സൗമ്യതയോടെയല്ലാതെ ജയരാജ് സാർ പെരുമാറുകയില്ല. പ്രൊഫ. ജയരാജ് ഭൗതികശാസ്ത്ര അധ്യാപകനാണ്. മാനവിക - സാമൂഹ്യ ശാസ്ത്ര അധ്യാപകർക്കുള്ള സാമൂഹിക സ്വാധീനതയും ബന്ധങ്ങളും പൊതുവിൽ ശാസ്ത്രമേഖലയിൽ നിന്നും വരുന്നവർക്ക് കുറയും. ഇത് കേരളത്തിലെ പൊതുപ്രവണതയാണ്, നിർഭാഗ്യകരവുമാണ്. പന്ത്രണ്ടിലധികം വർഷം കൊച്ചി സർവകലാശാലയിൽ ഭൗതികശാസ്ത്ര വിഭാഗം അധ്യാപകനായിരുന്നു. വളരെ മികച്ച ഗവേഷകൻ. പാരിസിലുള്ള പിയറി ആൻഡ് മേരി ക്യുറി ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകനായിരുന്നു. ഇറ്റലിയിലെ ഇ എം ഇ എ ഗവേഷണ സ്ഥാപനത്തിൽ സോളാർ മേഖലയിൽ തുടർന്ന് ഗവേഷണം നടത്തി. ഒറിഗോൺ സ്റ്റേറ്റ് സർവകലാശാലയിൽ പോസ്റ്റ് ഡോക് ഗവേഷകനായി സേവനമനുഷ്ടിച്ചു. ലോക പ്രശസ്തമായ ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിസിറ്റിങ് പ്രഫസറാണ്. ഇന്ത്യയിലെ പ്രസിദ്ധമായ ഫിസിക്കൽ റിസർച്ച് ലാബറട്ടറിയിൽ ഗവേഷകനായിരുന്നു. ഭൗതികശാസ്ത്ര മേഖലയിൽ 250 ഗവേഷക പ്രബന്ധങ്ങൾ. നാല് പേറ്റന്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്. അക്കാദമിക് ഗൈഡ് എന്ന നിലയിൽ മേൽനോട്ടം നിർവഹിച്ച 31 ഗവേഷണങ്ങൾക്ക് പിഎച്ച് ഡി അംഗീകാരം ലഭിച്ചു. പ്രൊഫ. എം. കെ. ജയരാജിന്റെ ഗവേഷണ മികവുകൾ കൂടുതൽ ഉദ്ധരിക്കേണ്ടതില്ല.

ചാൻസലർ എന്ന നിലയിൽ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു വൈസ് ചാൻസലർമാർക്കെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത് ഒരേ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാകണം. സാങ്കേതിക കാരണങ്ങൾ വ്യത്യസ്തമാകും. കേരള സർക്കാരിനെതിരെയുള്ള ഗവർണറുടെ നിലപാടുകളുടെ പ്രതിഫലനം ഈ നടപടികളിലുണ്ടെന്നതാണ്. തികച്ചും വ്യക്തിപരമായ വിരോധം ചാൻസലറുടെ തീരുമാനത്തിനു കാരണമായിട്ടില്ല എന്നതാണ്. മാത്രമല്ല. ഒന്നുരണ്ടു വൈസ് ചാൻസലർമാരെക്കുറിച്ച് ചാൻസലർ തന്നെ നല്ല വാക്കുകൾ പറഞ്ഞതായി മാധ്യമങ്ങളിൽ നിന്നും മനസിലാക്കുന്നു.

പ്രൊഫ. ജയരാജ് വലതുപക്ഷവൽക്കരണത്തിനുകൂലമായി എന്തെങ്കിലും നയപരമായി തീരുമാനിച്ചതായി സർവകലാശാലാ തലത്തിലെ ആരും ആരോപിക്കുകയില്ല. വൈസ് ചാൻസലർക്കെതിരെയുള്ള രാഷ്ട്രീയ വിമർശനം കാമ്പസിലുണ്ടുതാനും. പക്ഷെ ഇടതുപക്ഷത്തിനനുകൂലമായുള്ള സമീപനമുണ്ടെന്ന നിലപാടിന്മേലാണ് ഇത്. വൈസ് ചാൻസലർ എന്ന നിലയിൽ അദ്ദേഹം പ്രൊഫ. പി. കെ. പോക്കറിനും പ്രൊഫ. കെ. എസ്. മാധവനുമെതിരെ സംവരണത്തിലെ ക്രമക്കേടിനെകുറിച്ചെഴുതിയ ലേഖനത്തിനെതിരെ കാരണം കാണിക്കൽ നൽകുകയുണ്ടായിട്ടുണ്ട്. വി സി യുടെ നടപടിയിൽ വിയോജിപ്പുള്ളവർ വൈസ് ചാൻസലറോട് വ്യക്തിപരമായി പറഞ്ഞിട്ടുണ്ടാകണം. എന്നാൽ, സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ട കലാശാലാ അധ്യാപകർ ഈ വിഷയത്തിൽ സഹാധ്യാപകനോടുള്ള ഐക്യത്തിന്റെ ഭാഗമായി എന്ത് നിലപാട് സ്വീകരിച്ചുവെന്നത് സ്വയം ആലോചിക്കേണ്ടതാണ്.

നമ്മുടെ കാലം ആവശ്യപ്പെടുന്ന വിവേകമുണ്ട്. അത് ഓരോതരം മേധാവിത്ത സ്വതങ്ങളിലേക്ക് കൂടുതലായി ചുരുങ്ങുകയോ സ്വയമൊരു അടഞ്ഞ ജാതിബദ്ധ സമൂഹമായോ മാറുകയോ അല്ല വേണ്ടത്, മറിച്ച്, വിസ്തൃതവും വിവേചനരഹിതവുമായ ചിന്തയും പ്രവർത്തനവും സാധ്യമാക്കുക എന്നാണ്. സങ്കുചിതത്വവും അല്പത്വവും അതിനൊരു തടസ്സമാകരുത്.

‘പ്രൊഫ. എം.വി. നാരായണനെ പുറത്താക്കിയത് രാഷ്ട്രീയ പ്രേരിതം: അക്കാദമിക് വിദഗ്ധർ’ ട്രൂകോപ്പി പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

Comments