കേരള സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലെ നേട്ടങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഈ ദിവസങ്ങളിൽ ചർച്ചയായിരിക്കുകയാണല്ലോ. കേരള മോഡൽ എന്നു വിശേഷിപ്പിക്കപ്പെടുന്നത് പ്രധാനമായും ആരോഗ്യം, വിദ്യാഭ്യാസം, പൊതുജീവിതം എന്നീ രംഗങ്ങളിൽ സമൂഹത്തിലുണ്ടായ മുന്നേറ്റത്തെയാണ്. ഉയർന്ന ആയുർദൈർഘ്യം (75 വയസ്സ്), ശിശുമരണനിരക്ക് (1000 ൽ 7) മാതൃമരണനിരക്ക് (1000 ൽ 1.9), സാക്ഷരതാനിരക്ക് (93.2%) എന്നീ സൂചികകളിൽ അഞ്ചുദശാബ്ദക്കാലമായി കേരളം മുൻപന്തിയിലാണ്. അടിസ്ഥാനപരമായി ഉൽപാദനരംഗത്തും, കാർഷികരംഗത്തും കാര്യമാത്രപ്രസക്തമായ പുരോഗതിയില്ലാതെ, നാമമാത്രമായ മൂലധനനിക്ഷേപത്തിലൂടെ, വികസിതരാജ്യങ്ങളോടു കിടപിടിക്കുന്ന സാമൂഹ്യവികസന സൂചികകൾ കൈവരിക്കാൻ കഴിഞ്ഞതാണ് കേരളമോഡലിന്റെ അടിത്തറ.
സാമ്പത്തികമുരടിപ്പും, മാന്ദ്യവും ഉള്ളപ്പോൾത്തന്നെ ഈ രീതിയിൽ ജീവിതനിലവാര സൂചികകളിലെയും, സാമൂഹ്യവികസനത്തിന്റെയും മുന്നേറ്റത്തിലെ വൈരുദ്ധ്യം സാമ്പത്തികവിദഗ്ധരെ അതിശയിപ്പിച്ചിട്ടുണ്ട്. താരതമ്യേന കുറഞ്ഞ പ്രതിശീർഷ വരുമാനം, വ്യാവസായികമാന്ദ്യം, പുതിയ സംരംഭകരെ ആകർഷിക്കാനുള്ള കഴിവില്ലായ്മ, 50 ലക്ഷത്തോളം വരുന്ന തൊഴിൽരഹിതർ എന്നിവ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലേയ്ക്ക് കേരളത്തെ മാറ്റാൻ കാരണമായി. ഭാഷാടിസ്ഥാനത്തിൽ 1957-ൽ നിലവിൽവന്ന കേരളത്തിൽ പരിമിതികൾക്കുള്ളിൽ നിന്നുള്ള സ്ഥായിയായ വികസനം പൊതുജീവിതത്തിലും, സേവനമേഖലയിലുമുണ്ടായതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ സാക്ഷരതാ നയം, കാർഷികപരിഷ്‌കാരങ്ങൾ, ഭൂപരിഷ്‌കരണം, ജാതി-വർണ വിവേചനങ്ങൾക്കെതിരായ നടപടികൾ, സ്ത്രീശാക്തീകരണം എന്നിവയാണ് ഇതിന്റെ അടിത്തറ പാകിയത്. പത്താം പഞ്ചവത്സരപദ്ധതി (2002-2007) യാണ് കേരള മോഡൽ വികസനം മാനുഷിക വികസന സൂചികകളുടെ അടിസ്ഥാനത്തിൽ നിർവചിച്ചത്. പിന്നീട് 2013-ൽ ഐക്യരാഷ്ട്രസഭ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കിന്റെ അടിസ്ഥാനത്തിൽ ഇത് അംഗീകരിക്കുകയും ചെയ്തു. 335 ദശലക്ഷം ജനങ്ങളുള്ള കേരളത്തിന്റെ പ്രതിശീർഷ മൊത്ത ആഭ്യന്തര ഉൽപാദനം (പ്രതിവർഷം 1000 ഡോളർ) ഇന്ത്യയുടെ ശരാശരിയേക്കാൾ (1200 ഡോളർ) കുറവാണ്. ഇങ്ങനെ വിവിധ തലത്തിലുള്ള വാദങ്ങൾകൊണ്ട് കേരള മോഡൽ നിർവചിക്കുകയും, ആത്യന്തികമാണെന്ന് സമർത്ഥിക്കുകയും ചെയ്യാമെങ്കിലും ഈ മാതൃക ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് പല സാമ്പത്തികവിദഗ്ധരും ചോദിച്ചുതുടങ്ങിയിട്ടുണ്ട്.
ന്യൂനതകൾ എന്തെല്ലാം?
കാർഷികരംഗം
ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും നിർദേശിക്കുന്ന സുസ്ഥിരവികസന ലക്ഷ്യങ്ങൾ (Sustainable Developmental Goals) മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് കേരളം ഇപ്പോൾ മുന്നോട്ടുവെയ്ക്കുന്നത്. ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത് ഈ സൂചികകൾ കൈവരിക്കുന്നതിന് നിലവിലെ നമ്മുടെ സാമൂഹ്യ- വിദ്യാഭ്യാസ സാഹചര്യങ്ങൾ ഒരളവുവരെ അനുകൂലവുമാണ്. പൊതുസമൂഹത്തെ ഈ ദിശകളിൽ ബോധവൽകരിക്കുന്നതിന് സാധിക്കുന്ന രീതിയിലുള്ള സാക്ഷരത, ജനകീയ ബോധവൽകരണ പരിപാടികൾ, പ്രത്യേക ശ്രദ്ധചെലുത്തുന്ന കർമപദ്ധതികൾ എന്നിവ ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് ശക്തമായ കെട്ടുറപ്പുള്ള കേരളസമൂഹത്തിൽ വലിയ പ്രയാസമുള്ള കാര്യമല്ല. സാമ്പത്തികമായി കേരളത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഉത്പാദനരംഗത്ത് ഉണർവുണ്ടാക്കുന്നതിനുവേണ്ട നയപരിപാടികൾ ആവിഷ്‌കരിക്കേണ്ടതുണ്ട്. കാർഷികരംഗത്ത് കേരളം ക്രമാനുഗതമായി പുറകോട്ടടിക്കുന്ന കാഴ്ചയാണ് തൊണ്ണൂറുകളിലും, രണ്ടായിരാമാണ്ടിന്റെ ആദ്യദശകത്തിലും കണ്ടത്. കൃഷി അനാകർഷകമായതിന് പല കാരണങ്ങളുണ്ട്. വ്യക്തിപരമായി പല കർഷകരും ഇപ്പോൾ കൃഷി ജീവനോപാധിയായി കാണുന്നില്ല. കൃഷിയിതര മാർഗങ്ങളിൽ നിന്ന് ജീവിതവരുമാനം കണ്ടെത്തുന്നതിനുള്ള സാധ്യതകൾ (സർക്കാർ-സ്വകാര്യ മേഖലയിലെയും, വിദേശ രാജ്യങ്ങളിലെയും ജോലികൾ), കർഷക തൊഴിലാളികളുടെ ദൗർലഭ്യം, കാർഷികവൃത്തിയിൽ നിന്ന് വേണ്ടത്ര വരുമാനം ലഭ്യമാകില്ലെന്ന യാഥാർഥ്യം, സ്ത്രീതൊഴിലാളികൾ താരതമ്യേന കൂടുതലുണ്ടായിരുന്ന കാർഷികമേഖലയിൽ നിന്ന് സ്ത്രീകളുടെ പിന്മാറ്റം എന്നിവയെല്ലാം കാർഷികരംഗത്തെ പിന്നോട്ടടിക്ക് കാരണമായിട്ടുണ്ട്. ഇക്കാരണങ്ങളാൽ കേരളത്തിൽ വീട്ടാവശ്യങ്ങൾക്കല്ലാതെ, കാർഷിക ഉൽപ്പന്നങ്ങൾ മൂല്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നത് കുറഞ്ഞുവരുന്നു. 1980-81 വർഷത്തിൽ കൃഷിയുടെ പങ്ക് സംസ്ഥാനത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 39.1 % മായിരുന്നെങ്കിൽ, 1997-98 കാലഘട്ടത്തിൽ ഇത് 30.6% ആയി ചുരുങ്ങി. ഇപ്പോഴത് (2018-19) 11.27% ആണ്.
മാർക്കറ്റിലെ മത്സരവും കർഷകവിരുദ്ധമായ അന്താരാഷ്ട്ര കരാറുകളും, മൂല്യവർധിതമായി കൃഷിയെ മാറ്റുന്നതിനുള്ള ദേശീയ കാർഷികനയത്തിന്റെ അഭാവവും മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലെ കർഷകരെയും കാർഷികവൃത്തിയിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചു. നെൽകൃഷിക്കും മറ്റു കാർഷികവിളകൾക്കും പ്രോത്സാഹനം നൽകുന്നതിന് മണ്ണിന്റെ ഗുണനിലവാരം വർധിപ്പിക്കൽ, കർഷകർക്ക് സാമ്പത്തികസഹായം നൽകൽ, സാങ്കേതികവിദ്യയിലൂന്നിയുള്ള പുത്തൻ കൃഷിരീതി നടപ്പാക്കൽ, ഉത്പന്നങ്ങൾക്ക്വിപണി സജ്ജമാക്കൽ, കാർഷികവിളകൾക്ക് ഇൻഷുറൻസ് പദ്ധതികൾ, കർഷകരുടെയും കർഷക തൊഴിലാളികളുടേയും കൂട്ടായ്മയായി വിപുലമായ കോർപറേറ്റീവുകൾ എന്നിവയും നടപ്പാക്കേണ്ടതാണ്. കാർഷികോത്പാദനം ഈ രീതിയിൽ പുനഃസംഘടിപ്പിച്ച്, അനുബന്ധ വ്യവസായങ്ങൾ ക്രമാനുഗതമായി വികസിപ്പിച്ച് സംസ്ഥാനത്തിനകത്ത് മൂല്യോത്പാദനം വർധിപ്പിച്ചാൽ മാത്രമെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും ഇതര സേവനമേഖലകളിലും നിക്ഷേപം നടത്താൻ സംസ്ഥാനത്തിന് സാധിക്കൂ. അല്ലാത്തപക്ഷം സേവനമേഖലകളിൽ നിന്നുള്ള പടിപടിയായ പിൻമാറ്റം വേഗതയാർജിക്കും. മൂല്യവർധിത വിപണി കാർഷികവിളകൾക്ക് ലഭ്യമാക്കുന്നതിന് ശേഖരണ- സംസ്‌കരണ യൂണിറ്റുകളുടെ സ്ഥാപനം, കുടുബശ്രീ തുടങ്ങിയ കൂട്ടായ്മകളിലൂടെയും വാർഡുതല പ്രതിവാര ചന്തകളിലൂടെയുമുള്ള വിപണനം തുടങ്ങിയവ പരിഗണിക്കാവുന്നതാണ്. കാർഷികരംഗത്ത് കേരളം ഇനി സ്വയംപര്യാപ്തത കൈവരിച്ചേ മതിയാകൂ. നവകേരള മോഡലിൽ പ്രസക്തമായി പരിഗണിക്കേണ്ട രംഗങ്ങളിലൊന്ന് കൃഷി.
തൊഴിലവകാശങ്ങൾക്കുവേണ്ടിയുള്ള തൊഴിലാളികളുടെ മുന്നേറ്റം വ്യവസായവിരുദ്ധാന്തരീക്ഷമായി ചിത്രീകരിക്കപ്പെട്ടതും ഒരളവുവരെ വ്യാവസായികാന്തരീക്ഷത്തെ പുറകോട്ടടിക്കാൻ കാരണമായിട്ടുണ്ട്.
വ്യാവസായികരംഗം
വ്യാവസായികരംഗത്ത് കേരളത്തിന്റെ വളർച്ച താരതമ്യേന മന്ദഗതിയിലാണ്. ഇന്ത്യയിൽ ജനസംഖ്യയുടെ 2.8% വരുന്ന ജനസംഖ്യയുള്ള കേരളത്തിന്റെ സംഭാവന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ 4.1% മാത്രമേയുള്ളൂ. കയർ, കൈത്തറി, കശുവണ്ടി, ടൂറിസം, കപ്പൽ, കരകൗശല വസ്തുക്കളുടെ നിർമാണം, എണ്ണസംസ്‌കരണം തുടങ്ങിയ വ്യവസായങ്ങളിലൂടെ പൊതുസാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ പോലും ധാതുലവണങ്ങൾ, ലോഹങ്ങൾ, പ്രകൃതിവിഭവങ്ങൾ എന്നിവയുടെ അപര്യാപ്തത വ്യാവസായികാന്തരീക്ഷത്തെ പുറകോട്ടടിക്കാൻ കാരണമായിട്ടുണ്ട്. തൊഴിലവകാശങ്ങൾക്കുവേണ്ടിയുള്ള തൊഴിലാളികളുടെ മുന്നേറ്റം വ്യവസായവിരുദ്ധാന്തരീക്ഷമായി ചിത്രീകരിക്കപ്പെട്ടതും ഒരളവുവരെ ഈ മാന്ദ്യത്തിന് കാരണമായി. വ്യാവസായികാന്തരീക്ഷത്തിൽ കേരളം ഇന്ത്യയിൽ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ടെന്ന് Industrial Development & Economic Grands in Kerala , India Brand Equity Foundation (IBEF) പഠനങ്ങൾ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ റബ്ബർ, നാളികേരം, കയർ എന്നിവയുടെ ഉത്പാദനത്തിൽ കേരളം ഒന്നാംസ്ഥാനത്താണ്. 1950-ൽ ഇന്ത്യയിലെ പ്രതിശീർഷ സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിൽ (Capital SDP) കേരളം ഒന്നാംസ്ഥാനത്തായിരുന്നെങ്കിൽ, ഇപ്പോൾ 16-ാമതാണ്. പൊതുമേഖലാ വ്യവസായസംരംഭങ്ങളുടെ കാര്യത്തിലും കേരളം കഴിഞ്ഞ രണ്ടുദശാബ്ദത്തിൽ കാര്യമാത്രപ്രസക്തമായ പുരോഗതി നേടിയിട്ടില്ലെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. ലോകത്തിനുതന്നെ അസൂയാവഹമായ പുരോഗതി വിദ്യാഭ്യാസരംഗത്തു കൈവരിച്ചിട്ടും വ്യാവസായിക- തൊഴിൽ-ഉത്പാദനരംഗത്തെ ഈ മുരടിപ്പ് ഗൗരവതരമായി പരിശോധിക്കേണ്ടതാണ്. കേരളത്തിലെ വ്യാവസായിക മുരടിപ്പിനുകാരണമായി പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത് വ്യവസായസംരംഭങ്ങൾ തമ്മിലുള്ള ഏകോപനമില്ലായ്മ, ഊർജരംഗത്തെ കമ്മി, പ്രതിശീർഷ യൂണിറ്റുത്പാദനത്തിന്റെ ഉയർന്ന ചെലവ്, ഭൂമിയുടെ ഉയർന്ന വില എന്നിവയാണ്. കേരളത്തിലെ തനതു വ്യവസായമേഖലകളെ പ്രാത്സാഹിപ്പിക്കുന്ന പരിപാടികൾ നടപ്പിലാക്കുകയും, പുതിയ വ്യവസായങ്ങൾ കേരളത്തിന്റെ പാരിസ്ഥിതികഘടകങ്ങൾ പരിഗണിച്ച് കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട്. കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധിത വിപണി സൃഷ്ടിക്കുന്നതിനാവശ്യമായ കർമപദ്ധതികളുടെ കൃഷി അടിസ്ഥാനമാക്കിയുള്ള വ്യവസായസംരംഭങ്ങളെ ശാക്തീകരിക്കുവാൻ കഴിയും. കോവിഡ്-19 സൃഷ്ടിച്ച വിദേശ മലയാളികളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഇത്തരം നീക്കങ്ങൾ സഹായകരമാകും.
വിദ്യാഭ്യാസരംഗത്തു ചെലവഴിക്കുന്ന സമ്പത്ത് ഭാവിയിലെ ജോലി വഴി തിരിച്ചെടുക്കാമെന്ന സാമ്പത്തികശാസ്ത്രബോധത്തിലൂടെയാണ് പലപ്പോഴും മലയാളിസമൂഹം മുന്നോട്ടുപോകുന്നത്.
വിദ്യാഭ്യാസരംഗം
വിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ച് അടിസ്ഥാന വിദ്യാഭ്യാസമേഖലയിൽ കേരളം ഒന്നാംസ്ഥാനത്തു നിൽക്കുമ്പോഴും, വിദ്യാഭ്യാസയോഗ്യതകളുള്ള യുവാക്കൾക്ക്തൊഴിലവസരങ്ങളില്ല. കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ പങ്കാളിത്തം വലുതാണ്. അതോടൊപ്പം, സാമൂഹ്യസംഘടനകളുടെ ഇടപെടലുകളും ശക്തമാണ്. എന്നാൽ പിൽക്കാലത്ത് സ്വാശ്രയമേഖലയുടെ കടന്നുകയറ്റം ഒരളവുവരെ സാമ്പത്തികമായി പിന്നോട്ടുനിൽക്കുന്ന കുട്ടികളെ ഉന്നതവിദ്യാഭ്യാസരംഗത്തുനിന്നും പ്രത്യേകിച്ച്, പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ നിന്ന് അകറ്റിനിർത്തുന്നുണ്ട്. പൊതുവിദ്യാഭ്യാസമേഖലയിൽ ഉറപ്പുവരുത്തപ്പെട്ട സൗജന്യ വിദ്യാഭ്യാസം, പഠനോപകരണങ്ങൾ, ലംപ്‌സം ഗ്രാൻറ്, യൂണിഫോമുകൾ, ഉച്ചഭക്ഷണം എന്നിവ വിദ്യാർഥികളുടെ അധ്യായനരംഗത്തെ പിൻവാങ്ങലിനെ ഒരു പരിധിവരെ തടഞ്ഞുനിർത്തുന്നതിൽ സഹായകരമായിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തു ചെലവഴിക്കുന്ന സമ്പത്ത് ഭാവിയിലെ ജോലി വഴി തിരിച്ചെടുക്കാമെന്ന സാമ്പത്തികശാസ്ത്രബോധത്തിലൂടെയാണ് പലപ്പോഴും മലയാളിസമൂഹം മുന്നോട്ടുപോകുന്നത്. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള ബന്ധം, ഏതുതരം വിദ്യാഭ്യാസമേഖല തെരഞ്ഞെടുക്കണമെന്നത്തീരുമാനിക്കുന്നതിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമൂഹത്തെ ഒരളവുവരെ സ്വാധീനിക്കുന്നുണ്ട്.
കാർഷികരംഗത്തിന് ഊർജം പകരുന്നതിനുതകുന്ന കാർഷിക എൻജിനീയറിങ് ഡിപ്ലോമ- ഡിഗ്രി കോഴ്‌സുകൾ, ഭക്ഷ്യസംസ്‌ക്കരണമേഖലയിൽ തൊഴിൽ ലഭ്യമാക്കുന്ന ഫുഡ് പ്രോസസിങ് ടെക്‌നോളജി കോഴ്‌സുകൾ, അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് മേഖലയ്ക്കുതകുന്ന എം.ബി.എ. കോഴ്‌സുകൾ, ബയോ മെഡിക്കൽ രംഗത്തെ ബിരുദ- ബിരുദാനന്തര കോഴ്‌സുകൾ എന്നിവയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസരംഗത്തെ നിലവിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും തിരിച്ചറിയുന്നതിനും പരിഹാരങ്ങൾ നിർദേശിക്കുന്നതിനും വേണ്ടിയുള്ള കർമ്മസമിതി ഉടൻ രൂപീകരിക്കുകയും സമയബന്ധിതമായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും വേണം.
ആരോഗ്യരംഗം
ആരോഗ്യരംഗത്തെ കേരളത്തിന്റെ മികവ് സ്ഥായിയായ രൂപത്തിലാക്കുന്നതിനുവേണ്ട ഒട്ടേറെ വെല്ലുവിളികൾ നമ്മുടെ മുൻപിലുണ്ട്. നിത്യവരുമാനത്തിന്റെ സിംഹഭാഗവും ചികിത്സയ്ക്കും ആരോഗ്യശുശ്രൂഷയ്ക്കും ചെലവഴിക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഒരുവശത്ത് വികസിതരാജ്യങ്ങൾക്കു തുല്യമായ തോതിൽ വർധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളും മറുവശത്ത് അസാധാരണമായ രീതിയിൽ സാംക്രമികരോഗങ്ങളുടെ തിരിച്ചുവരവും കേരള മോഡലിന്റെ പുത്തൻ വെല്ലുവിളികളാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ ഇരുരംഗത്തും ഉണ്ടാകേണ്ടതുണ്ട്. ജീവിതശൈലീരോഗ പ്രതിരോധത്തിനുവേണ്ടി പഞ്ചായത്തുതല വ്യായാമ പാർക്കുകൾ, പൊതുകളിസ്ഥലങ്ങൾ, ജിംനേഷ്യങ്ങൾ എന്നിവ ലഭ്യമാക്കണം. രോഗസാധ്യത കൂടുതലുള്ളവരെ കണ്ടെത്തുന്നതിനുവേണ്ട സാമൂഹിക പരിശോധനകൾ (Community Screening), വിദ്യാഭ്യാസതലം മുതൽ ജോലിസ്ഥലങ്ങൾ വരെയുള്ള ബോധവൽകരണ പരിപാടികൾ എന്നിവ സാധാരണയായി സംഘടിപ്പിക്കേണ്ടതുണ്ട്. സാംക്രമികരോഗ പ്രതിരോധത്തിനുവേണ്ടി സമ്പൂർണ നിർബന്ധിത പ്രതിരോധ കുത്തിവെപ്പ് (Universal Immunization), മാലിന്യസംസ്‌ക്കരണം, ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കൽ, സമഗ്രമായ നിരീക്ഷണ (Surveillance) കർമ പദ്ധതികൾ എന്നിവ വേണം. സർക്കാർ ആശുപത്രികളിലെ മാനുഷിക വിഭവശേഷി വർധിപ്പിക്കൽ, തസ്തികകളുടെ എണ്ണം കാലാനുസൃതമായി പരിഷ്‌കരിക്കൽ, സേവനത്തിലിരിക്കെയുള്ള പരിശീലനപരിപാടികൾ, തുടർവിദ്യാഭ്യാസ ശിൽപശാലകൾ, തിരക്കു കുറയ്ക്കുന്നതിനുവേണ്ട ഓൺലൈൻ ബുക്കിങ് സമ്പ്രദായം എന്നിവയും കർശനമായ റഫറൽ സമ്പ്രദായവും ഉണ്ടാവേണ്ടതുണ്ട്. സംസ്ഥാനത്തെ ആരോഗ്യരംഗത്തെ എല്ലാ നിയമനങ്ങളും വർഷംതോറും നടക്കുന്നുവെന്നുറപ്പാക്കുന്നതിന് മെഡിക്കൽ സർവീസ് റിക്രൂട്ട്മെന്റ് സെൽ രൂപീകരിക്കണം. ഇതുവഴി എല്ലാ ഒഴിവുകളും സമയബന്ധിതമായി നികത്താൻ കഴിയുന്നതാണ്. പൊതു-സ്വകാര്യ മേഖലകളുടെ കൈകോർക്കൽ കൂടുതൽ മൂലധനനിക്ഷേപമാവശ്യമുള്ള മേഖലകളിൽ പരിശോധിക്കാവുന്നതാണ്. പ്രത്യേക രോഗനിർണയ പരിശോധനകൾക്ക് (സി.ടി. സ്‌കാൻ, എം.ആർ.ഐ. സ്‌കാൻ, PET സ്‌കാൻ) കുറഞ്ഞ ചെലവിൽ ഉയർന്ന ചെലവുള്ള രോഗനിർണയ പരിശോധനകൾ പ്രാപ്യമാക്കാൻ സാധിക്കും. ചെറുകിട- ഇടത്തരം സ്വകാര്യ ആശുപത്രികളുടെ നിലനിൽപ്പിനും പ്രോത്സാഹനത്തിനുമുതകുന്ന രീതിയിലുള്ള നയങ്ങൾ ആവിഷ്‌കരിക്കണം. ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ഉറപ്പാക്കുന്ന ഇത്തരം സ്ഥാപനങ്ങൾ നിലനിന്നേ തീരൂ. മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണാധികാരം നൽകുകയും കൂടുതൽ മെച്ചപ്പെട്ട പഠന-ഗവേഷണ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുകയും വേണം. കേരളത്തിലെ മെഡിക്കൽ ഗവേഷണം ഊർജിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കേരള മെഡിക്കൽ റിസർച്ച് കൗൺസിൽ രൂപീകരിക്കണം. ഇതുവഴി കേരളത്തിലെ എല്ലാ മെഡിക്കൽ ഗവേഷണങ്ങളും ഏകോപിപ്പിക്കുന്നതിനുപുറമെ ക്ലിനിക്കൽ റിസർച്ച് കോർഡിനേറ്റർ (CRC) എന്ന തൊഴിലധിഷ്ഠിത കോഴ്‌സ് ആരംഭിക്കുവാനും കഴിയും. ആയുഷ് രംഗത്തെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ആയുഷ് സർവകലാശാല രൂപീകരിക്കുകയും നിലവിലെ കേരള ആരോഗ്യ സർവകലാശാലയിൽ നിന്നും വേർപെടുത്തുകയും ചെയ്യണം. പൊതുജനാരോഗ്യരംഗത്തെ ഇടപെടലുകൾ കർശനമാക്കുന്നതിനും, തുടർനിരീക്ഷണം ഉറപ്പുവരുത്തുന്നതിനും സഹായകരമായ പബ്ലിക് ഹെൽത്ത് ആക്ട് നിയമസഭയിൽ പാസാക്കുന്നതിനുമുൻപ് വിപുലമായ ചർച്ചകൾ നടത്തി നടപ്പിലാക്കണം.
കേരളത്തിന് കേന്ദ്രസർക്കാരിൽ നിന്ന് കിട്ടുന്ന സാമ്പത്തികസഹായത്തിൽ ഒരു പ്രധാന സ്രോതസ്സാണ് ദേശീയ ആരോഗ്യ ത്യം (National Health Mission). അടിസ്ഥാനവികസനസൗകര്യത്തിന് ഇതുവഴി കാര്യമായ മുന്നോട്ടുപോക്ക് സംസ്ഥാനത്തുണ്ടായിട്ടുണ്ടെങ്കിലും ആരോഗ്യരംഗത്തെ മാനുഷികവിഭവശേഷി സ്ഥായിയായ രൂപത്തിൽ വർധിപ്പിക്കുന്നതിന് മിഷൻ സഹായകരമായിട്ടില്ല. മറിച്ച് ഡോക്ടർമാർ, നഴ്സുമാർ, മറ്റാരോഗ്യപ്രവർത്തകർ എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന രീതിയാണ് തുടക്കം മുതൽ കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. കേരളത്തിൽ പൊതുജനാരോഗ്യരംഗത്ത് സ്ഥിരമായി സൃഷ്ടിക്കപ്പെടേണ്ട തസ്തികകളുടെ എണ്ണത്തിൽ ഇതുമൂലം കുറവുവരുന്നു. ജോലിസ്ഥിരതയില്ലായ്മ, താരതമ്യേന കുറഞ്ഞ വേതനം, കരാറടിസ്ഥാനത്തിലുള്ള ജോലി എന്നിവ ഈ രംഗത്തെ അനാകർഷണത്തിനു കാരണങ്ങളാകും. ഭൂരിഭാഗം മധ്യവർഗത്തിൽപ്പെട്ട ജനങ്ങളുള്ള, സാക്ഷരതയിലും അവകാശബോധത്തിലും മുൻപന്തിയിലുള്ള കേരളത്തിൽ സാർവത്രികാരോഗ്യനയം നടപ്പാക്കാൻ വേണ്ട ചർച്ചകളും പ്രായോഗിക നടപടികളും ഉടൻ ആരംഭിക്കേണ്ടതുണ്ട്. നിലവിലെ പൊതുജനാരോഗ്യമേഖലയിലെ അസന്തുലിത രോഗി- ഡോക്ടർ അനുപാതവും, സ്വകാര്യമേഖലയിലെ ചികിത്സാചെലവും മൂലം ശരാശരി മലയാളിയ്ക്ക് ചികിത്സ ഒരു വലിയ സാമ്പത്തികബാധ്യതയായി മാറുന്നതുകാണാം. ഇൻഷുറൻസ് മോഡൽ ഇതിനു പരിഹാരമാകുമെന്നു നിലവിലെ അനുഭവത്തിന്റെയടിസ്ഥാനത്തിൽ പറയാൻ വയ്യ. സർക്കാർ ജീവനക്കാർക്കായി നടപ്പാക്കുവാൻ പോകുന്ന ‘മെഡിസെപ് പദ്ധതി' നിലവിലെ ചികിത്സാ ചെലവുകളുമായി ഒത്തുപോകുമോയെന്ന ആശങ്കയും ഇല്ലാതില്ല. പ്രളയ സെസ്, വിദ്യാഭ്യാസ സെസ് എന്നിവ നടപ്പാക്കിയപോലെ ആരോഗ്യ സെസ് നടപ്പിൽ വരുത്തുന്നതും ചർച്ച ചെയ്യാവുന്നതാണ്.
സൃഷ്ടിക്കപ്പെടേണ്ട നവ കേരളം
കേരളപ്പിറവിയ്ക്കുശേഷം നാം ആർജിച്ച നേട്ടങ്ങൾ - ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സ്ത്രീശാക്തീകരണം എന്നിവ മുന്നോട്ടുകൊണ്ടുപോകുമ്പോൾ പോലും ഉത്പാദനമേഖലയിലെ മാന്ദ്യം, കാർഷികമേഖലയിലെ നവീകരണത്തിന്റെയും ശാക്തീകരണത്തിന്റെയും അഭാവം, രോഗാതുരതയിലുള്ള വർധനവ് എന്നിവ കേരളസമൂഹത്തിന്റെ മുന്നോട്ടുള്ള സുഗമമായ പ്രയാണത്തെ മന്ദഗതിയിലാക്കുന്നതായി കാണാം. മുന്നണി സംവിധാനത്തിലൂന്നിയ കേരള രാഷ്ട്രീയമണ്ഡലത്തിൽ നയരൂപീകരണങ്ങൾ ഉൾപ്പെടെയുള്ള കാതലായ പ്രശ്‌നങ്ങൾ പലപ്പോഴും ഗൗരവകരമായി ചർച്ചചെയ്യാതെ പോകുന്നുണ്ട്. പൊതുജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനും, പുരോഗതിയാർജിക്കുന്നതിനുമുതകുന്ന തരത്തിൽ കക്ഷിരാഷ്ട്രീയപ്രസ്ഥാനങ്ങൾ ഉയർന്നുവന്ന് ശ്രമിക്കേണ്ടതുണ്ട്.
കേരളമോഡലിൽ നാം അഭിമാനം കൊള്ളുമ്പോഴും അടിസ്ഥാനപരമായി നിലവിലെ ന്യൂനതകൾ തിരച്ചറിഞ്ഞ് പരിഹാരങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ഭാവിയിൽ പ്രത്യാഘാതങ്ങൾക്കു സാധ്യതയുണ്ട്.
പ്രശ്‌നാധിഷ്ഠിത പരിഹാരമാർഗങ്ങളിലൊതുങ്ങാതെ വർഷങ്ങൾക്കപ്പുറത്തേയ്ക്കുള്ള വികസനകാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനാവശ്യമായ അടിസ്ഥാന സ്ഥിതിവിവരക്കണക്കുകൾ സ്വരൂപിക്കുകയും, പൊതുസമൂഹത്തിനുമുൻപാകെ ചർച്ചകൾ ഉയർത്തിക്കൊണ്ടുവരികയും ചെയ്യണം. തദ്ദേശസ്ഥാപനങ്ങൾ പോലും പലപ്പോഴും പ്രാദേശികവികസനരേഖകൾ ജനകീയവിശകലനത്തിനു സമർപ്പിക്കുന്നില്ല. ആധുനിക സാങ്കേതിക ആശയവിനിമയമാർഗങ്ങളിലൂടെ വിവിധ നയങ്ങൾ ചർച്ചകൾക്കുവിധേയമാക്കുന്ന പുത്തൻ സംസ്‌കാരവും ഉണ്ടാകേണ്ടതുണ്ട്. പ്രഖ്യാപിക്കുന്ന നയങ്ങളും പദ്ധതികളും സമയബന്ധിതമായി നടപ്പാക്കപ്പെടുന്നുണ്ടോയെന്ന ഓഡിറ്റ് എല്ലാ തലത്തിലുമുണ്ടാകണം.
കേരളമോഡലിൽ നാം അഭിമാനം കൊള്ളുമ്പോഴും അടിസ്ഥാനപരമായി നിലവിലെ ന്യൂനതകൾ തിരച്ചറിഞ്ഞ് പരിഹാരങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ഭാവിയിൽ പ്രത്യാഘാതങ്ങൾക്കു സാധ്യതയുണ്ട്. കാർഷിക- വ്യവസായിക രംഗങ്ങളിൽ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുകയും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ നിലവിലെ നേട്ടങ്ങൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുകയുമാണ് നമ്മുടെ ഇനിയുള്ള ദൗത്യം. അതുതന്നെയാണ് നവകേരള മോഡലിന്റെ കാതലും...▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.