ആധുനിക ജീവിതസൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. പ്രകൃതികൊണ്ടും പ്രതിഭ കൊണ്ടും ഭാവന കൊണ്ടും ഇന്ന് കേരളീയർ ലോകത്തിൽ ഏറെ മുന്നിലാണ്. ആ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി കൂടുതൽ മുന്നോട്ട് പോകാനാകണം. ഒരു തീവ്രവർഗ്ഗീയ രാഷ്ട്രീയപ്രസ്ഥാനം രാജ്യം ഭരിക്കുന്ന സാഹചര്യത്തിൽ വിദ്വേഷവും വിഭജനനീക്കവും സംസ്ഥാനത്തും ഉണ്ടാവാനിടയുണ്ട്. തലശ്ശേരിയും മാറാടുകളും ഓർമ്മയിലുണ്ടാവണം. ഒരു തരത്തിലുള്ള മതവർഗ്ഗീയതയുമായും ബന്ധമില്ലാത്ത തികഞ്ഞ മതനിരപേക്ഷ നിലപാടുള്ള ഒരു സർക്കാരാകണം നമുക്ക് വേണ്ടത്.
അത്യന്തം സങ്കീർണ്ണമായ ലോകസാഹചര്യത്തിൽ ലോകത്തെക്കുറിച്ചും സംസ്ഥാനത്തെക്കുറിച്ചും നിരന്തരം പഠിക്കുന്ന - ഗൃഹപാഠം ചെയ്യുന്ന - രാഷ്ട്രീയപാർട്ടികളും പ്രവർത്തകരുമായിരിക്കണം അധികാരത്തിൽ വരേണ്ടത്. പ്രക്ഷോഭങ്ങളും പരിവർത്തനങ്ങളും നിയമപരിഷ്ക്കാരങ്ങളും ധാരാളം ഉണ്ടായെങ്കിലും അതിനനുസരിച്ച ഒരു സാംസ്കാരികാവബോധം ജനങ്ങളിൽ ഉണ്ടായിട്ടില്ല. ജന്മിത്വം അവസാനിച്ചെങ്കിലും അതിൻ്റെ ഭാഗമായ സാംസ്കാരിക ജീർണ്ണതകൾ ശക്തമായി നിലനിൽക്കുന്നു. നവോത്ഥാനകാലം മുതൽ ഇവിടെ തുടങ്ങിയ ജനാധിപത്യവൽക്കരണ പ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു സാംസ്കാരികനയവും പരിപാടിയും നമുക്കുണ്ടാണം.
ഇന്നോളമുള്ള സാമൂഹ്യജീവിതം കൊണ്ട് ഇന്ത്യക്കാകെ മാതൃകയാവാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനുള്ള പ്രധാനകാരണം ദേശീയപ്രസ്ഥാനം രൂപപ്പെടുത്തിയ അജണ്ടകളും മുദ്രാവാക്യങ്ങളും നടപ്പാക്കാൻ തുടക്കം മുതൽ നമ്മൾ ശ്രമിച്ചു എന്നതാണ്. ഇന്ത്യയിൽ നടന്ന സ്വാതന്ത്ര്യസമരം കേവലം വിദേശാധിപത്യത്തിനെതിരായ പോരാട്ടമായിരുന്നില്ല. അത് ഇന്ത്യയെ കണ്ടെത്തിയ മഹത്തായൊരു പ്രക്രിയയായിരുന്നു. സാമൂഹ്യനീതിയും കർഷകമുന്നേറ്റവും ദേശീയപ്രസ്ഥാനത്തിൻ്റെ അജണ്ടകളായിരുന്നു. സ്വാതന്ത്ര്യസമരകാലത്തും പിന്നീടും അവ നടപ്പാക്കാൻ കേരളം മുന്നിൽ നിന്നു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ അധികാരത്തിൽ വന്നത് കോൺഗ്രസാണ്. ഇന്ത്യയെ കണ്ടെത്തിയവരിൽ പ്രമുഖനായ ഒരാളായിരുന്നു ഭരണത്തലവൻ. പക്ഷേ നിർഭാഗ്യം എന്നു പറയട്ടെ, ദേശീയസമരം രൂപപ്പെടുത്തിയ എല്ലാ ആശയങ്ങളും ബലികഴിച്ചുകൊണ്ടാണ് ഭരണത്തിലൂടെ അവർ നീങ്ങിയത്. ഏറ്റവും പ്രധാനമായ സംഗതി: ഇന്ത്യയിലെ അവശിഷ്ട ഫ്യൂഡൽ ഭൂപ്രഭുത്വവുമായി അവർ സന്ധിചെയ്തു എന്നതാണ്. അതോടെ കാർഷികമുന്നേറ്റേവും, സാമൂഹ്യനീതിയും പെട്ടിയിൽ അടച്ചു വെക്കേണ്ടി വന്നു. ഇന്ത്യയെ കണ്ടെത്തിയ ആൾക്ക് നോക്കുകുത്തിയായി നിൽക്കേണ്ടിവന്നു. രാജ്യത്തിൻ്റെ തകർച്ചയും ഹിന്ദുത്വത്തിൻ്റെ രാഷ്ട്രീയ മേധാവിത്വത്തിലേക്കുള്ള വഴിയും അവിടെ തുടങ്ങുന്നു.
1956- ലാണ് കേരളസംസ്ഥാനം രൂപീകരിക്കുന്നത്. 1957- ൽ ആദ്യത്തെ സർക്കാർ വരുന്നു. അതിൻ്റെ മുഖ്യമന്ത്രിയോട് അന്ന് പത്രക്കാർ ചോദിച്ചു: "കമ്യൂണിസ്റ്റ് പരിപാടിയാണോ നിങ്ങൾ നടപ്പാക്കുക?"
അദ്ദേഹം മറുപടി പറഞ്ഞു: "അല്ല; ദേശീയപ്രസ്ഥാനമായിരിക്കെ കോൺഗ്രസ് പാർട്ടി രാജ്യത്തെ ജനങ്ങൾക്ക് ചില വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. കേന്ദ്രത്തിൽ അധികാരത്തിലെത്തി പത്തുവർഷമായിട്ടും കോൺഗ്രസ് അതൊന്നും നടപ്പാക്കാൻ ശ്രമിച്ചിട്ടില്ല. ഒരു പ്രാദേശിക സർക്കാരിൻ്റെ പരിമിതിയിൽ നിന്നു കൊണ്ടുതന്നെ അവ ഒന്നൊന്നായി നടപ്പിലാക്കാനാണ് ഞങ്ങൾ ശ്രമിക്കുക."
ജനങ്ങൾക്ക് വേണ്ടിയുള്ള ബദൽവഴി സ്വീകരിച്ചതിൻ്റെ ഫലമായി ഇവിടത്തെ സർക്കാരുകൾ നിരന്തരം ആക്രമണങ്ങൾക്ക് വിധേയമായി. ആദ്യ സർക്കാരിനെ കേന്ദ്രസർക്കാർ തന്നെ തികച്ചും ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ടു. പിന്നീടും നിരന്തരമായ "വിമോചനസമര"ങ്ങൾ ഇവിടെ നടന്നു.
ഇന്ത്യക്ക് മാതൃകയായ കേരളത്തിൻ്റെ യാത്ര അവിടെ ആരംഭിക്കുന്നു. 1957- ലെ സർക്കാർ ഒഴിപ്പിക്കൽ തടഞ്ഞതിലൂടെ കേരളത്തിൻ്റെ കാർഷികരംഗത്തും മനുഷ്യജീവിതത്തിലും ഉണ്ടായതുപോലെ ഒരു മാറ്റം ലോകത്തിൽ തന്നെ വേറെ ഉണ്ടായിട്ടില്ല. തുടർന്ന് വിദ്യാഭ്യാസപരിഷ്കാരം വരുന്നു. പിന്നെ അധികാര വികേന്ദ്രീകരണത്തിനുള്ള നിരന്തരമായ ശ്രമങ്ങൾ. ഇവയെല്ലാം ദേശീയപ്രസ്ഥാനത്തിൻ്റെ മുദ്രാവാക്യങ്ങളായിരുന്നു എന്നത് ഓർക്കണം. അതുകൊണ്ടാണ് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കരയ്യർ അടുത്തിടെ വന്ന് മഹാത്മജിയുടെ സ്വപ്നങ്ങൾ നടപ്പാക്കിയ സംസ്ഥാനം എന്ന് കേരളത്തെ വാഴ്ത്തിയത്.
തുടക്കം മുതൽ തന്നെ അങ്ങേയറ്റം പ്രതികൂലമായ സാഹചര്യങ്ങളിലൂടെയാണ് കേരളത്തിൻ്റെ വികസനമാതൃക മുന്നോട്ടു പോയത്. ജനങ്ങൾക്ക് വേണ്ടിയുള്ള ബദൽവഴി സ്വീകരിച്ചതിൻ്റെ ഫലമായി ഇവിടത്തെ സർക്കാരുകൾ നിരന്തരം ആക്രമണങ്ങൾക്ക് വിധേയമായി. ആദ്യ സർക്കാരിനെ കേന്ദ്രസർക്കാർ തന്നെ തികച്ചും ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ടു. പിന്നീടും നിരന്തരമായ "വിമോചനസമര"ങ്ങൾ ഇവിടെ നടന്നു; പിന്നെ ഭരണവർഗ്ഗത്തിൻ്റെ ഭാഗമായ മാധ്യമങ്ങളുടെ കടന്നാക്രമണങ്ങൾ. പല മന്ത്രിസഭകൾക്കും കാലാവധി പൂർത്തിയാക്കാനായില്ല.

ഏതാണ്ടൊരു "പാമ്പും കോണിയും" കളിപോലെയാണ് കേരളമാതൃക നീണ്ടകാലം മുന്നോട്ടു പോയത്. അതിൻ്റെ പരിമിതികൾ ഭൂപരിഷ്ക്കരണത്തിലും വിദ്യാഭ്യാസ പരിഷ്ക്കാരത്തിലും നമുക്ക് കാണാം. 2016- 2026 ലെ പത്തുവർഷമാണ് നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോവാനായത്. പ്രതിസന്ധികൾക്കു മുന്നിൽ ജനങ്ങളെ അണിനിരത്താനായി എന്നതാണ് ആ കാലത്തെ ഏറ്റവും വലിയ നേട്ടം. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, കൃഷി തുടങ്ങിയ അടിസ്ഥാന മേഖലകളിൽ വലിയ കുതിപ്പുണ്ടാക്കാൻ ഇക്കാലത്ത് കഴിഞ്ഞു.
ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസത്തിൽ നമുക്കുണ്ടായ പുരോഗതിയുടെ ഫലമാണ് ഇന്ന് ശാസ്ത്ര സാങ്കേതികമേഖലകളിൽ ലോകമെങ്ങുമുള്ള മലയാളിസാന്നിധ്യം. ഉന്നത വിദ്യാഭ്യാസരംഗത്തും ഈ മട്ടിലൊരു പുരോഗതി കൈവരിക്കാൻ കഴിയണം. അതിനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുക എന്ന ദൗത്യമാണ് കേന്ദ്രത്തിൻ്റെ പ്രതിനിധികളായി എത്തുന്ന ഗവർണ്ണർമാർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
ഭരണഘടനയേയോ അത് മുന്നോട്ടുവെക്കുന്ന ഫെഡറൽ ഘടനയേയോ ഒട്ടും മാനിക്കാത്ത ഒരു മതഭീകരപ്രസ്ഥാനമാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അത് കേരളത്തിൻ്റെ ബദൽ മുന്നേറ്റത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
ഭരണഘടനയേയോ അത് മുന്നോട്ടുവെക്കുന്ന ഫെഡറൽ ഘടനയേയോ ഒട്ടും മാനിക്കാത്ത ഒരു മതഭീകരപ്രസ്ഥാനമാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അത് കേരളത്തിൻ്റെ ബദൽ മുന്നേറ്റത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. തങ്ങൾക്ക് വഴങ്ങാത്ത കേരളത്തെ തകർക്കാനുള്ള നീക്കമാണ് കേന്ദ്രഭരണാധികാരികളും അവരുടെ രാഷ്ട്രീയ/സാംസ്കാരിക സംവിധാനവും നടത്തുന്നത്. "കേരളാ സ്റ്റോറി"കളിലൂടെയും വാട്സാപ്പ് പ്രചരണങ്ങളിലൂടെയും മലയാളികളെ മുഴുവൻ അപമാനിക്കാനുള്ള നീക്കം നടക്കുന്നു. അതുകൊണ്ട് "കേരളത്തെക്കുറിച്ചുള്ള അഭിമാനം" ഈ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ വിഷയമാകേണ്ടതുണ്ട്. ഭാഷയുടേയും സംസ്കാരത്തിൻ്റെയും പേരിൽ ഐക്യപ്പെട്ടു നിൽക്കുന്ന ഒരു സംസ്ഥാനത്തെ അങ്ങനെ ആർക്കും കടന്നാക്രമിക്കാനാവില്ല. തമിഴ്നാട് തന്നെ പ്രധാന ഉദാഹരണം. ഭാഷയിലൂടെ ഐക്യപ്പെടുമ്പോൾ മത / ജാതി / രാഷ്ട്രീയകക്ഷി വിഭാഗിയതകൾക്ക് പ്രസക്തി കുറയും.

നിരന്തരം പ്രതിസന്ധിയിലാവുന്ന മുതലാളിത്ത വ്യവസ്ഥയെ രക്ഷിക്കാൻ പണിയെടുക്കുന്ന ജനതയെ പരമാവധി പിഴിയുക എന്ന ദൗത്യമാണ് കേന്ദ്രസർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളം എന്ന ബദൽ മാതൃക എങ്ങിനെ മുന്നോട്ടു പോകും? രാജ്യത്തിൻ്റെ സമ്പത്ത് കോർപ്പറേറ്റ് ഭീമന്മാർക്ക് മാത്രം അവകാശപെട്ടതാണ് എന്നു കരുതുന്നവർ രാജ്യം നിയന്ത്രിക്കുന്നു. ഈ സന്ദർഭത്തിൽ രാജ്യത്തിൻ്റെ സമ്പത്ത് അത് ഉണ്ടാക്കുന്നവർക്ക് എന്ന കേരളമാതൃകയുമായി മുന്നോട്ടു പോകണമെങ്കിൽ വരാൻ പോകുന്ന കേരളസർക്കാർ ഒരു സർക്കാർസംവിധാനം എന്നതിനപ്പുറം ഒരു ജനകീയപ്രസ്ഥാനമായി മാറേണ്ടിവരും.
പ്രളയവും കോവിഡും ചൂരൽമലയും പ്രതിസന്ധികൾക്കു മുന്നിൽ ഐക്യപ്പെടുന്ന ഒരു ജനതയെ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ ഫെഡറൽഘടന തകരുമ്പോൾ ആ ഐക്യകേരളമാണ് നമ്മെ രക്ഷിക്കുക.
