സാംസ്കാരിക പ്രവർത്തകൻ കെ ജെ ബേബി അന്തരിച്ചു

News Desk

കോഴിക്കോട്: സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.ജെ. ബേബി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. വയനാട് ചീങ്ങോട്ടെ നടവയലിൽ വച്ചായിരുന്നു അന്ത്യം. വീടിനോട് ചേർന്ന കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വയനാട്ടിലെ ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കെ.ജെ.ബേബിയുടെ ഇടപെടലുകളും അതിനായി അദ്ദേഹം സ്ഥാപിച്ച കനവ് എന്ന സമാന്തര വിദ്യാഭ്യാസ സംവിധാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാടക പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ മേഖലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

കെ.ജെ. ബേബി എഴുതിയ മാവേലി മൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവർഡും മുട്ടത്ത് വർക്കി അവാർഡും ലഭിച്ചിരുന്നു.

1954-ൽ കണ്ണൂരിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ബേബി ജനിച്ചത്. കൗമാരത്തിന്റെ അവസാനത്തിൽ 1973ൽ അദ്ദേഹം വയനാട്ടിലേക്ക് താമസം മാറി. ഭാര്യ ഷെർളി. ഗീതി , ശാന്തി എന്നീ രണ്ട് പെൺമക്കളുണ്ട്. 1970-കളിലെ നക്സൽ പ്രസ്ഥാനത്തിന്റെ കാലത്ത് അദ്ദേഹം ജനകീയ സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു.

ആദിവാസികളുടെ ജീവിതത്തെ ആസ്പദമാക്കി കെ.ജെ. ബേബി നിർമിച്ച നാടുഗദ്ദിക എന്ന നാടകം കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ചു. വയനാട് സാംസ്കാരിക വേദിയുടെ കീഴിൽ ഈ നാടകം കേരളമെമ്പാടും ബേബിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ടു. ഇതിനെ തുടർന്ന് 1981 മേയ് 22-ന് കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ പൊലീസ് അറസ്റ്റ് ചെയ്തു.

1993ലാണ് ബേബി കനവ് എന്ന ബദൽ വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കുന്നത്. വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികൾക്ക് അവരുടെ ഭാഷയും കലയും ജീവിതപരിസരവും നിലനിർത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് അനിവാര്യമെന്ന തിരിച്ചറിവിൽ നിന്നാണ് കനവിൻറെ രൂപീകരണം. ആദിവാസി വിദ്യാർത്ഥികളെ സ്വന്തം നിലയിൽ സ്വാശ്രയരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹം കനവ് സ്ഥാപിച്ചത്. തങ്ങളുടെ സംസ്കാരത്തിന്റെ വൈവിധ്യങ്ങളെ മനസ്സിലാക്കാനും സാംസ്‌കാരികമായ അധിനിവേശങ്ങളെ തടയാൻ ആദിവാസികളെ പ്രാപ്തരാക്കാനും ഈ ആശയത്തിലൂടെ കെ ജെ ബേബി ലക്ഷ്യം വെച്ചിരുന്നു.

ഗുരുകല സമ്പ്രദായമെന്ന ആശയമാണ് കനവ് മുന്നോട്ട് വെച്ചിരുന്നത്. ഗോത്രവിഭാഗങ്ങളുടെ തനതായ പാട്ടുകൾ, നാടോടിക്കലകൾ, നൃത്തരൂപങ്ങൾ, ചിത്രകല, കൃഷി, ആയുധനകലകൾ തുടങ്ങിയവയുടെ പരിശീലനത്തിലൂടെ ബദൽ പഠനരീതിയാണ് കനവ് മുന്നോട്ട് വച്ചത്. 2006ൽ കനവിന്റെ പ്രവർത്തനങ്ങളിൽ നിന്നും കെ ജെ ബേബി പിൻമാറി. അദ്ദേഹം പഠിപ്പിച്ച മുതിർന്ന വിദ്യാർത്ഥികളെ ചുമതലയേൽപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റം.


Summary: KJ Baby passed away. സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.ജെ. ബേബി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. വയനാട് ചീങ്ങോട്ടെ നടവയലില്‍ വച്ചായിരുന്നു അന്ത്യം.


Comments