കെ.ജെ. ബേബി എന്തായിരിക്കും പറയാൻ ശ്രമിച്ചത്?

കെ.ജെ. ബേബിയെപ്പോലെ അനന്യമായ ഉൾക്കാഴ്ചകളാലും അനുഭവവൈവിധ്യത്താലും സമൃദ്ധമായ ജീവിതത്തിനുടമയായ ഒരാൾ എങ്ങനെ തന്റെ ജീവിതത്തിനു സ്വയം അന്ത്യം കുറിച്ചു എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരുന്നു- എ.കെ. ഷിബുരാജ് എഴുതുന്നു.

കെ.ജെ. ബേബി എന്തായിരിക്കും തന്റെ സംഭവബഹുലമായ ജീവിതത്തിലൂടെ പറയാൻ ശ്രമിച്ചത്? മലയാളി സമൂഹം ആ മനുഷ്യന്റെ അപ്രതീക്ഷിതമായ വിടവാങ്ങലിനുശേഷം ഏതാനും ദിവസങ്ങളായി അന്വേഷിക്കുന്ന പ്രഹേളിക ഇതാണെന്നു തോന്നുന്നു.

കെ.ജെ. ബേബിയെപ്പോലെ അനന്യമായ ഉൾക്കാഴ്ചകളാലും അനുഭവവൈവിധ്യത്താലും സമൃദ്ധമായ ജീവിതത്തിനുടമയായ ഒരാൾ എങ്ങനെ തന്റെ ജീവിതത്തിനു സ്വയം അന്ത്യം കുറിച്ചു എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരുന്നു. തന്റെ ജനനം ഒഴികെ മറ്റു ജീവിതവ്യവഹാരങ്ങൾ വ്യവസ്ഥാപിതരീതിയിൽ നിന്നു വഴിമാറി സ്വച്ഛന്ദം ഒഴുകാൻ വിട്ടുകൊണ്ടാണ് ബേബി ഇക്കാലമത്രയും ജീവിച്ചത്.

അങ്ങനെ ആരാലും നയിക്കപ്പെടാനിഷ്ടപ്പെടാത്ത യാത്രയ്ക്കായുള്ള ജൈവികപ്രേരണയാൽ പ്രചോദിതനായി ജീവിക്കാൻ ശീലിച്ച ഒരാൾ എങ്ങനെയാണ് അത് അവസാനിപ്പിക്കാനുള്ള സ്വയം നിർണ്ണിത അവസരം പാഴാക്കാൻ ഒരുമ്പെടുക? ജീവിതം പോലെ മരണവും ഒരു സ്വയം നിർണ്ണയാവകാശമായി അയാൾ കരുതിയിട്ടുണ്ടാവാം. അങ്ങനെയുള്ള ഒരാൾ ആ വഴി തെരഞ്ഞെടുത്തതിൽ ദുഃഖിക്കുകയും അയാൾ കുറച്ചുകാലം കൂടി തങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നെങ്കിൽ എന്നാശിക്കുകയും ചെയ്യുന്നത് ജീവിച്ചിരിക്കുന്ന മനുഷ്യന്റെ തികഞ്ഞ സ്വാർത്ഥതയും അഹന്തയും ഉൾച്ചേർന്ന മനോവ്യാപാരം മാത്രമാണ്.

തന്റെ പ്രവൃത്തികളുടെ പരിണിതഫലത്തെക്കുറിച്ചു വ്യാകുലനാവാതെ കർമനിരതനായി ജീവിച്ച കെ. ജെ. ബേബി സ്വന്തം മരണത്തെയും അതേ ഉദാസീനതയോടെയേ സമീപിച്ചിട്ടുണ്ടാവുള്ളൂ. ശ്രദ്ധാപൂർവ്വം തയ്യാറാക്കി തിരുത്തി മിനുക്കിയ സ്ക്രിപ്റ്റിനനുസരിച്ചു ജീവിതം ക്രമീകരിച്ച ഒരാളല്ല കെ. ജെ. ബേബി എന്ന ജൈവമനുഷ്യൻ.

തന്റെ ജനനം ഒഴികെ മറ്റു ജീവിതവ്യവഹാരങ്ങൾ വ്യവസ്ഥാപിതരീതിയിൽ നിന്നു വഴിമാറി സ്വച്ഛന്ദം ഒഴുകാൻ വിട്ടുകൊണ്ടാണ് ബേബി ഇക്കാലമത്രയും ജീവിച്ചത്.
തന്റെ ജനനം ഒഴികെ മറ്റു ജീവിതവ്യവഹാരങ്ങൾ വ്യവസ്ഥാപിതരീതിയിൽ നിന്നു വഴിമാറി സ്വച്ഛന്ദം ഒഴുകാൻ വിട്ടുകൊണ്ടാണ് ബേബി ഇക്കാലമത്രയും ജീവിച്ചത്.

താൻ ജീവിക്കുന്ന പരിസരത്തിൽ നിന്ന് ആവശ്യത്തിനുള്ള ഊർജ്ജവും പ്രകാശവും വലിച്ചെടുത്ത് ഒന്നിനോടും പ്രത്യേക മമത കാത്തുസൂക്ഷിക്കാതെ ഒഴുക്കിൽ സ്വയം ഇല്ലാതായും പുനർനിർമ്മിച്ചും ഇക്കാലമത്രെയും ജീവിച്ച മനുഷ്യന് മരണം ഒരിക്കലും ജീവിതത്തിനു നേർവിപരീതമായ ഒരു അനുഭവമായിരിക്കുകയില്ല. സ്വയം മരണത്തെ വരിക്കാൻ എന്തെങ്കിലും സമീപകാല കാരണങ്ങൾ കണ്ടെടുക്കാൻ ജീവിച്ചിരിക്കുന്നവർക്കു കഴിഞ്ഞാലും, ബേബിയുടെ ജീവിതസങ്കൽപ്പങ്ങളുടെ നാനാർത്ഥങ്ങളുമായി അതിനെ കൂട്ടിച്ചേർത്തു വായിക്കാൻ അത്ര എളുപ്പം കഴിയുകയുമില്ല.

ആടിയും പാടിയും ജീവിതത്തെ ആഘോഷമാക്കിയ ബേബിയുടെ ജീവിതത്തിൽ നിശ്ശബ്ദതയും ആത്മ നിരാസവും നിരാശയുടെയും പ്രത്യാശയുടെയും ഉള്ളൊഴുക്കും ഒക്കെ സംഗമിക്കുമ്പോൾ കാണാൻ കഴിയുന്ന സങ്കീർണ്ണവും, എന്നാൽ, ജൈവികവുമായ ജീവൽപ്രക്രിയയെ നിർധാരണം ചെയ്തെടുക്കുക അത്ര എളുപ്പവുമല്ല. അതുകൊണ്ടു താനിതുവരെ തുടർന്ന ജീവിതത്തിന് മറ്റൊരു വിസ്താരം തേടിപ്പോയ ബേബിയുടെ അപ്രതീക്ഷിതമായ യാത്രയെ ആദരവോടെയും സ്നേഹവായ്പ്പോടെയും കാണുകയായിരിക്കും ജീവിച്ചിരിക്കുന്ന സഹൃദയർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ശേഷക്രിയ.

സ്വയം മരണത്തെ വരിക്കാൻ എന്തെങ്കിലും സമീപകാല കാരണങ്ങൾ കണ്ടെടുക്കാൻ ജീവിച്ചിരിക്കുന്നവർക്കു കഴിഞ്ഞാലും, ബേബിയുടെ ജീവിതസങ്കൽപ്പങ്ങളുടെ നാനാർത്ഥങ്ങളുമായി അതിനെ കൂട്ടിച്ചേർത്തു വായിക്കാൻ അത്ര എളുപ്പം കഴിയുകയുമില്ല.

തരംതിരിച്ചും വർഗ്ഗീകരിച്ചും കള്ളികളിലാക്കി കാര്യങ്ങളെ വിഭജിച്ച് വിശകലനം ചെയ്യാൻ പരിശീലിപ്പിക്കപ്പെട്ട ഒരു സമൂഹത്തിന് പ്രിയം, മനുഷ്യ ജീവിതത്തിന്റെ സത്തയെയും അങ്ങനെ വിശകലന വിധേയമാക്കി പൊരുൾ കണ്ടെത്തി സ്വയം സായൂജ്യമടയുന്നതിലായിരിക്കും. അതിന്റെ ഭാഗമായി ബേബി വിടപറഞ്ഞതിനുശേഷം ഒട്ടനവധി വിശേഷണങ്ങൾ സൗകര്യംപൂർവം തീർത്തുകൊണ്ടിരിക്കുകയാണ്, അദ്ദേഹത്തെ നേരിട്ടറിയുന്നവരും അല്ലാത്തവരും.

ഗോത്ര ജനതയുടെ രക്ഷകൻ, ഗായകൻ, നാടകക്കാരൻ, എഴുത്തുകാരൻ, ബദൽ വിദ്യാഭ്യാസ അന്വേഷകൻ, സാംസ്ക്കാരിക പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ, ആത്മീയാന്വേഷകൻ തുടങ്ങി ഓരോരുത്തരുടെയും അഭിലാഷങ്ങൾക്കും ഭാവനയ്ക്കും അനുസൃതമായി ബേബിയുടെ ജീവിതം വെവ്വേറെ കളങ്ങളിലാക്കപ്പെടുന്ന പ്രക്രിയ തുടരുന്നു.

ജീവിച്ചിരിക്കുന്ന കാലത്ത് വ്യക്തികളുടെയും സംഘടനകളുടെയും ഭരണകൂടത്തിന്റെയും ഇത്തരം വെളിപാടുകളിൽ അഭിരമിക്കാൻ താൽപ്പര്യം കാട്ടാതിരിക്കുന്ന ബേബിക്ക് മരണാനന്തരമുള്ള അത്തരം വ്യാഖ്യാനങ്ങളെക്കുറിച്ച് ഒരു സ്വപ്നവും ആശങ്കയും ഉണ്ടായിക്കാണാൻ സാധ്യതയില്ല. എന്തിനോട് അടുപ്പം പുലർത്തണം എന്നും എന്തിനോട് അകലം കാത്തുസൂക്ഷിക്കണം എന്നും നല്ല ബോധ്യമുണ്ടായിരുന്ന അദ്ദേഹം ജീവിത സ്വാതന്ത്ര്യത്തിനും അന്തഃസത്തയ്ക്കും നിരക്കാത്ത ഒന്നിനെയും തന്റെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുകയോ അതിന്റെ പ്രലോഭനങ്ങൾക്ക് സ്വയം വിട്ടുകൊടുക്കുകയോ ചെയ്തിരുന്നില്ല എന്നുവേണം കരുതാൻ. അതുകൊണ്ടു തന്നെ തന്റെ പരിശ്രമങ്ങളെ സ്ഥാപനവൽക്കരിക്കാനോ അത് അംഗീകാരത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള മൂലധനമാക്കാനോ അദ്ദേഹം മെനക്കെട്ടതുമില്ല.

വയനാടിന്റെ തുടിയിൽ
പ്രകമ്പനം കൊണ്ട ജീവിതം

മൂലധനത്തിന്റെ ജെ.സി.ബി മുഴക്കങ്ങൾ അത്രമേൽ വികൃതമാക്കിയിട്ടില്ലാത്ത വയനാടൻ മണ്ണിലെ വയൽപ്പരപ്പിന്റെയും കോടമഞ്ഞിന്റെയും വശ്യതയിൽ വീണുപോകാതിരിക്കാനുള്ള നാഗരാവേശം എഴുപതുകളിലെ യുവ കുടിയേറ്റക്കാരനായ ബേബിയുടെ മനസ്സിൽ സന്നിവേശിച്ചിരുന്നില്ല. അതുകൊണ്ട് ബോംബെയിലെ ഐ.ടി.ഐ. പഠനം പാതി നിർത്തി മണ്ണിലിറങ്ങി കാളപൂട്ടാൻ ബേബിക്ക് അനായാസം കഴിഞ്ഞു.

കാളപൂട്ടുന്നത് ഏറെ താൽപ്പര്യത്തോടെ ചെയ്തിരുന്ന ബേബി ആസ്വദിച്ചത്, അത് ചലിച്ചുകൊണ്ട് ചെയ്യാവുന്ന ഒരു പ്രവൃത്തിയായതുകൊണ്ടു കൂടിയായിരുന്നു. മനസും ശരീരവും എന്നും ചലനാത്മകമായി നിലനിർത്തി, അതിൽ തന്റെ ഉള്ളിലെ സംഗീതം ചേർത്തുവച്ച താള ബോധത്താൽ അനുഗ്രഹീതമായ പ്രവർത്തനങ്ങളാണ് പല കാലങ്ങളിൽ തനിക്കൊപ്പം ചേർന്ന മനുഷ്യരെ ആവേശഭരിതരാക്കിയത്. കാളപൂട്ടുമ്പോൾ താൻ പാടുന്ന പാട്ട് കാളകൾ ആസ്വദിച്ചിരുന്നു എന്നും അവയ്ക്ക് താനുമായി ആത്മബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബേബിയുടെ ഉള്ളിൽ 'സമാധിയായി' കിടന്നിരുന്ന ജൈവ മനുഷ്യനെ ഉണർത്തിയത് വയനാട്ടിലേക്ക് പറിച്ചുനടപ്പെട്ട ആദ്യനാളുകളിലെ ഒരു സന്ധ്യാനേരത്ത് തൊട്ടടുത്ത ഊരിൽ നിന്ന് തന്നെത്തേടിയെത്തിയ തുടിയുടെ നാദമായിരുന്നു.
ബേബിയുടെ ഉള്ളിൽ 'സമാധിയായി' കിടന്നിരുന്ന ജൈവ മനുഷ്യനെ ഉണർത്തിയത് വയനാട്ടിലേക്ക് പറിച്ചുനടപ്പെട്ട ആദ്യനാളുകളിലെ ഒരു സന്ധ്യാനേരത്ത് തൊട്ടടുത്ത ഊരിൽ നിന്ന് തന്നെത്തേടിയെത്തിയ തുടിയുടെ നാദമായിരുന്നു.

ബേബിയുമായി ഇടപഴകിയ ഏതു മനുഷ്യനാണ് അദ്ദേഹം ഉള്ളിൽ വഹിച്ച അപാരമായ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രസരണത്തിൽ പെട്ട് മനസ്സ് പ്രകാശപൂരിതമാവുന്നത് അനുഭവിക്കാതിരുന്നിട്ടുണ്ടാവുക? ബേബിയുടെ ഉള്ളിൽ 'സമാധിയായി' കിടന്നിരുന്ന ജൈവ മനുഷ്യനെ ഉണർത്തിയത് വയനാട്ടിലേക്ക് പറിച്ചുനടപ്പെട്ട ആദ്യനാളുകളിലെ ഒരു സന്ധ്യാനേരത്ത് തൊട്ടടുത്ത ഊരിൽ നിന്ന് തന്നെത്തേടിയെത്തിയ തുടിയുടെ നാദമായിരുന്നു. ആദ്യ കേൾവിയിൽ തന്നെ അതിന്റെ പ്രകമ്പനം ബേബിയെ ഗോത്രജീവിതത്തിന്റെ സാമൂഹിക സാംസ്ക്കാരിക ജീവിതവുമായി അടുപ്പിക്കുകയായിരുന്നു. ആ ഊരിലെ മാതപ്പെരുമൻ പരിചയപ്പെടുത്തിയ തുടിയും കുഴലും പിന്നീട് ബേബിയുടെ ജീവിതത്തിലെ വഴിത്തിരിവാവുകയായിരുന്നല്ലോ.

മാതപ്പെരുമനുമായുള്ള ബന്ധം സ്വാഭാവികമായും മുറുകുകയും വയനാട്ടിലെ ഗോത്രവർഗക്കാരുടെ ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ വികസിപ്പിക്കുന്നതിന് ബേബിക്ക് സഹായകരമാവുകയും ചെയ്തു. അങ്ങനെയാണ് കീയോര്ത്തി, മേലൊരച്ചൻ എന്നിവരാണ് അവരുടെ ആദി കാരണവന്മാരെന്ന കഥയും അവരുടെ വിച്ഛിന്നമായ സ്വപ്‌നങ്ങൾ അടിമത്തത്തിന്റെ ചാട്ടവാറുകളുടെ ഇരയായിരുന്നുവെന്നും ബേബി മനസിലാക്കുന്നത്.

പിന്നീട് ബേബിയുടെ നാടുഗദ്ദിക എന്ന നാടകത്തിലും, മാവേലിമൻറം എന്ന നോവലിലും ഇതിവൃത്തമായി അവർ മാറുന്നുമുണ്ട്. മാവേലിമൻറം ആദികാരണവന്മാർക്കു നഷ്ടപ്പെട്ട പറുദീസ തിരിച്ചുപിടിക്കാൻ പുറപ്പെടുന്ന കൈപ്പാടന്റെയും ഈരയുടെയും യാത്രയാണല്ലോ. സത്യത്തിൽ അത് ബേബിയെന്ന അന്വേഷകന്റെ യാത്രകൂടി അടയാളപ്പെടുത്തുന്നുണ്ട്. മാതപ്പെരുമാനിൽ നിന്നാരംഭിച്ച ഗോത്രചരിത്രം അന്വേഷിച്ചുള്ള യാത്ര യാദൃച്ഛികമായി തിരുനെല്ലിയിൽ എത്തിയപ്പോഴും ബേബി തുടരുന്നു.

അവിടെ ജവരപ്പെരുമൻ എന്നയാളെ കണ്ടുമുട്ടുകയും മാവേലി മനുവത്തിയുടെ കഥ കേൾക്കാനിടയാവുകയും ചെയ്യുന്നു. ആ മൂപ്പന്റെ കീഴിൽ ജാതി- മത, തൊഴിലാളി- മുതലാളി വിഭജങ്ങൾ ഇല്ലാതെ ഒന്നിച്ചുകഴിഞ്ഞിരുന്ന ഒരു ജനതയെ കറുപ്പും വെളുപ്പും അടിസ്ഥാനമാക്കി വിഭജിക്കുകയും മൂപ്പനെ അടിച്ചോടിക്കുകയും ബാക്കി മനുഷ്യരെ മൂന്ന് തമ്പുരാക്കന്മാർ അടിമകളാക്കുകയും ചെയ്ത കഥയും ബേബി അറിയുന്നു. ആയുധങ്ങൾകൊണ്ടും മാളി എന്ന ദൈവത്തിനു രൗദ്ര ഭാവം നൽകി പേടിപ്പിച്ചും ആ ജനതയെ ശാരീരികമായും മാനസികമായും മേലാളവിഭാഗം അടിമപ്പെടുത്തിയ കഥ ബേബി തന്റെ സൃഷ്ടികളിൽ കൊണ്ടുവരുന്നത് അങ്ങനെയാണ്.

മാവേലി മനുവത്തിയുടെ കഥ

തിരുനെല്ലിയിലെത്തി ഗോത്രവിഭാഗങ്ങളുമായി കൂടുതൽ ഇടപഴകാൻ അവസരം ലഭിക്കുകയും ജെവരപ്പെരുമനിൽ നിന്ന് മാവേലി മനുവത്തിയുടെ കഥ കേൾക്കുകയും ചെയ്യുമ്പോൾ തന്നെ അടിച്ചമർത്തപ്പെട്ടവരുടെ വിമോചനസമരത്തിൽ രക്തസാക്ഷിയായി മാറിയ വർഗ്ഗീസിന്റെ കഥകളും ബേബി കേൾക്കുന്നുണ്ട്. താൻ കണ്ണൂരിൽ കേട്ട ഭീകരനും കൊള്ളക്കാരനുമായ വർഗ്ഗീസല്ല തിരുനെല്ലിക്കാരുടെ വർഗ്ഗീസ് എന്ന് ബേബി ഏറെ അത്ഭുതത്തോടെ തിരിച്ചറിയുന്നുണ്ട്.

 താൻ കണ്ണൂരിൽ കേട്ട ഭീകരനും കൊള്ളക്കാരനുമായ വർഗ്ഗീസല്ല തിരുനെല്ലിക്കാരുടെ വർഗ്ഗീസ് എന്ന് ബേബി ഏറെ അത്ഭുതത്തോടെ തിരിച്ചറിയുന്നുണ്ട്.
താൻ കണ്ണൂരിൽ കേട്ട ഭീകരനും കൊള്ളക്കാരനുമായ വർഗ്ഗീസല്ല തിരുനെല്ലിക്കാരുടെ വർഗ്ഗീസ് എന്ന് ബേബി ഏറെ അത്ഭുതത്തോടെ തിരിച്ചറിയുന്നുണ്ട്.

വ്യവസ്ഥാ മാറ്റത്തിനായി സായുധ പോരാട്ട ശ്രമങ്ങൾ തുടരുന്ന എഴുപതുകളിൽ ബേബി പിന്തുടർന്നതും സൃഷ്ടികളിലൂടെ വിമോചനസ്വപ്‌നങ്ങൾ ഉണർത്താൻ ശ്രമിക്കുന്നതും ആ ജനതയുടെ സഹനനിർഭരമായ ജീവചരിത്രവും ഐതിഹ്യങ്ങളും ഉശിരാർന്ന ആദിവാസി ഭാഷയുടെ താളവും വിശകലനം ചെയ്തുകൊണ്ടായിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതിഹാസങ്ങളും കീഴാള ചരിത്രവുമായിരുന്നു ബേബി കണ്ടെത്തിയ ആയുധം.

ജനങ്ങളുടെ മനസിൽ വിപ്ലവകാരിയായി വർഗ്ഗീസ് ജ്വലിച്ചുനിൽക്കുമ്പോഴാണ് ബേബി അങ്ങനെയൊരു കഥാനായകനിൽ കേന്ദ്രീകരിക്കാതെ ഗോത്ര ജനവിഭാഗങ്ങളുടെ ഇടയിൽ വാമൊഴിയായും പാട്ടായും ജീവിക്കുന്ന അടിമചരിത്രം ഇതിവൃത്തമാക്കി അപൂർണ്ണ, നാടുഗദ്ദിക എന്നീ നാടകങ്ങൾ രചിക്കുന്നത്. മാവേലിമൻറം എന്ന ആദ്യ നോവലിന്റെ കീഴാള ഭാവുകത്വത്തിലൂന്നിയ ഭാഷയും പ്രമേയപരമായ വ്യത്യസ്തതയും മലയാളി ഉൽബുദ്ധതയ്ക്ക് മനസിലാകാതെ പോയതുകൊണ്ടാണ് മാതൃഭൂമിയും കലാകൗമുദിയും ഡി.സി. ബുക്‌സും ഒക്കെ അന്ന് അത് പ്രസിദ്ധീകരിക്കാതെ തിരിച്ചയക്കുന്നതും പിന്നീട് ബേബി സ്വന്തമായി പ്രസിദ്ധീകരിച്ച് നടന്നുവിൽക്കുന്നതും.

ജീവിതത്തിലൂടനീളം പൂർവ്വനിർമ്മിത മാതൃകൾക്കുള്ളിൽ നിന്നുകൊണ്ട് തന്റെ ജീവിതവും പ്രവർത്തനവും രൂപീകരിച്ചെടുക്കുന്ന ശീലം ബേബിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. എഴുപതുകളിൽ സജീവമായിരുന്ന തീവ്ര ഇടതുപക്ഷവും അതിന്റെ സാംസ്കാരിക പ്രവർത്തനങ്ങളും ബേബിയിലുണ്ടാക്കിയ സ്വാധീനത്തെക്കാൾ ബേബിയുടെ പ്രവർത്തനങ്ങളിൽ സ്വാഭാവികമായി കടന്നുവന്ന രാഷ്ട്രീയ നിലപാടുകൾ സംഘടിത പ്രസ്ഥാനങ്ങൾക്ക് സ്വീകാര്യമായതായി കണക്കാക്കുന്നതായിരിക്കും ഉചിതം.

ഗോത്ര ജീവിതത്തിന്റെ ഭാഷയിലും സംസ്‌കാരത്തിലും വിശാസപ്രമാണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ഭാവനയിലും ആഴ്ന്നിറങ്ങുകയും വിമോചനത്തിനുള്ള സാധ്യതകൾ തേടുകയുമാണ് ബേബി ചെയ്യുന്നത്.
ഗോത്ര ജീവിതത്തിന്റെ ഭാഷയിലും സംസ്‌കാരത്തിലും വിശാസപ്രമാണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ഭാവനയിലും ആഴ്ന്നിറങ്ങുകയും വിമോചനത്തിനുള്ള സാധ്യതകൾ തേടുകയുമാണ് ബേബി ചെയ്യുന്നത്.

പ്രത്യേകിച്ച് തൊഴിലാളി വർഗ്ഗ സർവാധിപത്യ പ്രത്യശാസ്ത്രത്തിനകത്ത് ഗോത്രവിഭാഗങ്ങളുടെ തന്മയും സ്വയംഭരണവും വേറിട്ട് കാണാൻ സാധിക്കാതിരുന്ന കാലത്ത്. മനുഷ്യസമൂഹത്തിന്റെ ബഹുമുഖമായ പ്രശ്നങ്ങൾക്കും സംഘർഷങ്ങൾക്കുമുള്ള ഉത്തരം ഏതെങ്കിലും ബൃഹദാഖ്യാനത്തിന്റെ ചുവടുപിടിച്ച് കണ്ടെത്താൻ കഴിയുന്നതാണെന്നുള്ള മൗഢ്യം ഒരു കാലത്തും ബേബി പുലർത്തിയിരുന്നില്ല.

മനുഷ്യജീവിതത്തിന്റെ ഭൗതികേതരമായ തലങ്ങൾ ചരിത്രവുമായും സംസ്കാരവുമായും കെട്ടുപിണഞ്ഞു കിടക്കുന്നു എന്ന് തിരിച്ചറിയുന്ന ബേബി, ഗോത്രസമൂഹം നേരിടുന്ന പ്രതിസന്ധികളെ ആധുനികതയുടെ മൂല്യങ്ങളാൽ നിർധാരണം ചെയ്തെടുക്കാൻ ശ്രമിക്കുന്നതേയില്ല. പകരം അവരുടെ ഭാഷയിലും സംസ്കാരത്തിലും വിശാസപ്രമാണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ഭാവനയിലും ആഴ്ന്നിറങ്ങുകയും വിമോചനത്തിനുള്ള സാധ്യതകൾ തേടുകയുമാണ് ചെയ്യുന്നത്.

തൊഴിലാളി -മുതലാളി, കുടിയേറ്റ ജനത-ഗോത്ര ജനത തുടങ്ങിയ ബൈനറിക്കകത്തു മാത്രം നിന്ന് സാമൂഹ്യ യാഥാർഥ്യങ്ങളെ കാണാനോ പ്രഖ്യാപിത ശത്രുവിനെതിരെയുള്ള നിരന്തരയുദ്ധമായി രാഷ്ട്രീയ പ്രവർത്തനത്തെ വിഭാവനം ചെയ്യാനോ ബേബി ഒരുക്കമായിരുന്നില്ല. പകരം, സവിശേഷമായ ചരിത്രത്തിന്റെ സന്നിഗ്ധ ഘട്ടങ്ങളിലും സംസ്ക്കാരത്തിന്റെ അദൃശ്യ ഇടങ്ങളിലും കാണാതെപോയ ആയുധങ്ങൾ ഖനനം ചെയ്യുകയും മൂർച്ചകൂട്ടുകയുമായിരുന്നു അദ്ദേഹം. അങ്ങനെ ആധുനികതയുടെ യുക്തിഭദ്രതയ്ക്കകത്തു നിന്നുകൊണ്ട് രക്ഷാകർത്താവായി പരിണമിക്കാൻ ബേബി സ്വയം ശ്രമിച്ചില്ല എന്നതായിരിക്കും ഒരു സാംസ്ക്കാരിക പ്രവർത്തകൻ എന്ന നിലയിൽ ബേബിയെ വ്യത്യസ്തനാകുന്നതെന്ന് തോന്നുന്നു.

ഗോത്രജനതയ്ക്ക് മണ്ണും വിണ്ണും നദിയും വെറും ഭൗതികവസ്തുക്കളല്ല അവരുടെ ദൈവങ്ങളും വിശ്വാസങ്ങളും മരിച്ചുപോയ ആളുകളുടെ ആത്മാക്കളും കൂടിയാണെന്നും ബേബി പറയുന്നുണ്ട്.
ഗോത്രജനതയ്ക്ക് മണ്ണും വിണ്ണും നദിയും വെറും ഭൗതികവസ്തുക്കളല്ല അവരുടെ ദൈവങ്ങളും വിശ്വാസങ്ങളും മരിച്ചുപോയ ആളുകളുടെ ആത്മാക്കളും കൂടിയാണെന്നും ബേബി പറയുന്നുണ്ട്.

യുക്തിഭദ്രമായ ചിന്തകൾക്കും പ്രത്യയശാസ്ത്ര തീർപ്പുകളാലും മനസിലാക്കാൻ കഴിയുന്നതല്ല, ചരിത്രപരമായ ഒട്ടേറെ സവിശേഷതകളാലും വൈവിധ്യത്താലും ഏറെ വിശാലമാക്കപ്പെട്ട മാനവ ചരിത്രം എന്ന തിരിച്ചറിവ് ബേബിക്കുണ്ടായിരുന്നു. അതുകൊണ്ട് ഗോത്രജനതയ്ക്ക് മണ്ണും വിണ്ണും നദിയും വെറും ഭൗതികവസ്തുക്കളല്ല എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് അവരുടെ മലകളിലുള്ളത് വെറും മണ്ണും പാറയുമല്ലെന്നും അവരുടെ ദൈവങ്ങളും വിശ്വാസങ്ങളും മരിച്ചുപോയ ആളുകളുടെ ആത്മാക്കളും കൂടിയാണെന്നും അദ്ദേഹം പറഞ്ഞത്. കബനിയിലൂടെ ഒഴുകുന്നത് വെറും വെള്ളം മാത്രമല്ല, വലിയൊരു കഥകൂടിയാണെന്നും. അതുകൊണ്ട് ഗോത്ര ജനതയ്ക്ക് അവരുടെ മണ്ണിൽ നിന്ന് കുടിയിറങ്ങാൻ ഒരു നഗരവാസിയെപ്പോലെ സാധ്യമല്ലെന്നും ബേബി പറയുകയുണ്ടായി.

ആനിയും കുഞ്ഞിമായനും
ചേർന്ന കെ.ജെ. ബേബി

ഗുഡ്‌ബൈ മലബാർ എന്ന അവസാന നോവലിൽ വില്യം ലോഗന്റെ പങ്കാളിയായ ആനിയും ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ഒറ്റയ്ക്ക് ആയുധമില്ലാതെ പടപൊരുതിയ തലശ്ശേരിയിലെ കുഞ്ഞിമായനും കടന്നുവരുന്നുണ്ട്. ബസ്‌പുർക്കാനയുടെ രണ്ടാം ഭാഗം എഴുതാൻ തിരുവണ്ണാമലയിൽ വച്ച് മലബാർ മാന്വൽ വായിക്കുന്നതിനിടെയാണ് വില്യം ലോഗന്റെ ധീരോധാത്തവും വേറിട്ടതുമായ മലബാർ മേഖലയിലെ പ്രവർത്തനങ്ങളെ ബേബി അറിയുന്നത്.

ആ വായന ലോഗന്റെ ജീവിതവും പ്രവർത്തനവും ആസ്‌പദമാക്കിയുള്ള ഗുഡ്ബൈ മലബാർ എന്ന നോവൽ രചനയിലേക്കെത്തുകയായിരുന്നു. എന്നാൽ ഈ നോവലിൽ ബേബി സൃഷ്ടിച്ചെടുത്ത ആനിയിലൂടെയാണ് ആഖ്യാനം മുന്നേറുന്നത്. വളരെ സങ്കീർണ്ണവും എന്നാൽ ഏറെ സുതാര്യവുമായ മാനസിക വ്യവഹാരങ്ങൾക്കുടമയായ ആനി അകമഴിഞ്ഞ കാരുണ്യവും രാഷ്ട്രീയ നിശ്ചയദാർഢ്യവും സ്വാതന്ത്ര്യബോധവും കൊണ്ട് വായനക്കാരുടെ മനസ്സിൽ സ്ഥിതപ്രതിഷ്ഠ നേടുന്ന കഥാപാത്രമാണ്.

അതുപോലെ ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ആദ്യമായി നിരായുധനായി സ്വന്തം ഭാഷയിലൂടെ ഈസ്റ്റിന്ത്യ കമ്പനിക്കെതിരെ ഒറ്റയ്ക്ക് പോരാടിയ കുഞ്ഞിമായനെ ആസ്പദമാക്കി പിന്നീട് 'കുഞ്ഞിമായൻ എന്തായിരിക്കും പറയാൻ ശ്രമിച്ചത്?' എന്ന നാടകവും ബേബി രചിക്കുകയും അവതരിപ്പിക്കുകയുമുണ്ടായി. ഒരുപക്ഷെ കെ.ജെ. ബേബി എന്ന മനുഷ്യനോട് ഏറെ ചേർന്ന് നിൽക്കുന്ന രണ്ടു മനുഷ്യരാണ് ആനിയും കുഞ്ഞിമായനും. ആനിയിലെ അകമഴിഞ്ഞ കാരുണ്യത്താലും കൃത്യമായ രാഷ്ട്രീയ ബോധ്യത്താലും പ്രചോദിതമായ കർമരംഗത്തെ കുതിപ്പും കുഞ്ഞിമായനിലെ അഹിംസാപാതയിൽ ചരിക്കുന്ന കാതലുള്ള ധിക്കാരിയും ഒത്തുചേരുമ്പോൾ കെ.ജെ. ബേബിയുടെ ഇതിഹാസ തുല്യമായ കർമമേഖലയുടെ രാസത്വരകങ്ങളെ ഏറെക്കുറെ മനസിലാക്കാൻ കഴിഞ്ഞേക്കും.

മണ്ണിന്റെ ഉർവ്വരത കണക്കെ ബേബിയിൽ ജൈവിക സാന്നിധ്യമായി എന്നും സ്ത്രൈണതയുടെ നിലാവെളിച്ചം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയായിരിക്കണം ലോഗന്റെ ഭരണ നിർവ്വഹണത്തിലൂടെ ആഖ്യാനം തുടരുന്നത് ബേബിക്ക് ബുദ്ധിമുട്ടാവുകയും ആനിയിലൂടെ അത് മനോഹരമായി നിർവ്വഹിക്കുകയും ചെയ്യുന്നത്.

ബേബിയിലെ ഈ സ്ത്രൈണത ജീവിതത്തിലൂടനീളം അധികാരത്തെ നിഷേധിക്കുകയും അഹം ബോധത്തെ കടിഞ്ഞാണിടുകയും ഹിംസയെ മയപ്പെടുത്തുകയും മേൽക്കോയ്മയെയും അടിച്ചേൽപ്പിക്കലിനെയും പ്രതിരോധിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. അല്ലെങ്കിൽ 'ഇരുട്ടിൽ' കഴിയുന്ന ഗോത്രവിഭാഗത്തെ മുഖ്യധാരയിൽ എത്തിക്കുന്ന രക്ഷാകർത്താവായി ബേബിയിലെ സാമൂഹ്യ പ്രവർത്തകൻ മാറിയേനെ. ഈ സ്ത്രൈണത തന്നെയാണ് എല്ലാവരെയും ചേർത്തുപിടിക്കാനും ആരെയും ബലപ്രയോഗത്തിലൂടെ മാറ്റിത്തീർക്കുവാനും മുതിരാതെ സഹജമായ നിർമ്മമതയോടെ ചില ഇടപെടലുകൾ നടത്തിക്കൊണ്ട് ബേബി ശാന്തനായി പരിഭവങ്ങൾ ഇല്ലാതെ സഹൃദയർക്കിടയിൽ നിന്നും ഇറങ്ങിപ്പോയത്.

വില്യം ലോഗന്‍
വില്യം ലോഗന്‍

ബേബിയെ അറിയാൻ
കുറുക്കുവഴികളില്ല

ബേബിയുടെ നാടകങ്ങളോ നോവലുകളോ, എന്തിന്, കനവ് എന്ന വിദ്യാഭ്യാസ പ്രവർത്തനമോ മാത്രം വിശകലനം ചെയ്‌താൽ മനസിലാവുന്നതല്ല ആ മനുഷ്യൻ പറയാൻ ശ്രമിച്ച കാര്യങ്ങൾ. അത് ഉൾച്ചേർന്നിരിക്കുന്നത്, പൊതുസമൂഹത്തിനുമുന്നിൽ തന്റെ സർഗാത്മകതയുടെ ഉൽപ്പന്നങ്ങളായി (Products) ബേബി അവശേഷിപ്പിച്ച ഒന്നിലും അല്ല. ബേബി എന്താണ് പറയാൻ ശ്രമിച്ചത് എന്ന് മനസിലാക്കാൻ കഴിയുക ഈ ഉൽപ്പന്നങ്ങളുടെ നിർമാണപ്രക്രിയ (Process) എന്തായിരുന്നു എന്നറിയുമ്പോഴാണ്. കാരണം അവിടെയാണ് കെ. ജെ. ബേബി എന്ന മനുഷ്യജീവിയുടെ സൗന്ദര്യം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കിൽ വയനാട്ടിലെത്തിയ ശേഷമുള്ള അര നൂറ്റാണ്ടു കാലത്തെ ജീവിതത്തെ ആസ്‌പദമാക്കി എണ്ണമറ്റ ലേഖനങ്ങളും കഥകളും നോവലുകളും എഴുതി മുഖ്യധാരയിൽ സജീവമായി നിൽക്കാനുള്ള സാധ്യതയെ ബേബി റദ്ദാക്കിയത് ഉൽപ്പന്നങ്ങളിൽ ഊറ്റം കൊള്ളാത്ത അവബോധത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാവണം.

താൻ ദീർഘകാലം പ്രവർത്തിച്ച കനവ് വിജയമോ പരാജയമോ എന്നുള്ള അന്തിമവിശകലനത്തിന് കെ. ജെ. ബേബി മുതിർന്നിരുന്നില്ല. താൻ പഠിപ്പിക്കുകയായിരുന്നില്ല, മറിച്ച്, കുട്ടികൾക്കൊപ്പം പലതും പഠിക്കുകയും അനുഭവിക്കുകയും ചെയ്ത് അതിനുള്ള സാഹചര്യങ്ങൾ ഒരുക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്. ഒന്നിന്റെയും ഭാരമേറ്റാൻ താൽപര്യമില്ലാത്ത ഒരു നിതാന്ത സഞ്ചാരിക്ക് ഒരു പ്രവർത്തനവും സുരക്ഷിതമായി കഴിയാനുള്ള ആജീവനാന്ത താവളമല്ല എന്ന് ബേബിയെ അടുത്തറിയാവുന്നവർക്ക് മനസിലാക്കാൻ കഴിയും. അയാൾക്ക് ജീവിതം ഒരു പ്രവാഹമാണ്. അതിന്റെ ഒഴുക്കിൽ സ്ഥാപനങ്ങൾ കെട്ടിപ്പൊക്കാൻ അയാൾക്ക് കഴിയുകയില്ലല്ലോ.

അത് മനസിലാവുമ്പോഴേ തിരുവണ്ണാമലയിലെ ബേബിയുടെ ജീവിതവും 'നർമ്മദാ പരിക്രമൺ' അനുഭവങ്ങൾ തേടി (നർമ്മദയുടെ ഉത്ഭവ സ്ഥാനത്തു നിന്നു തുടങ്ങി കടലിൽ അവസാനിക്കുന്നതുവരെയും തിരിച്ചും ഉള്ള യാത്ര) ഒറ്റയ്ക്കുള്ള യാത്രയുടെ പൊരുളും മനസിലാവുകയുള്ളൂ. തന്നിലെയും മറ്റു മനുഷ്യരിലേയും വിശ്വാസത്തെ വീണ്ടെടുക്കാൻ, മാനവസ്നേഹത്തെ നവീകരിക്കാൻ ഈ യാത്രകൾ തന്നെ സഹായിച്ചു എന്ന് ബേബി പറയുന്നുണ്ട്. അതിനെ ആത്മമുക്തിക്കായുള്ള അലൗകികമായ അന്വേഷണമായി കാണുന്നതിൽ അപാകതയുണ്ട്. മനസ്സിൽ ഒന്നും കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കാൻ യാത്രകൾ സഹായിച്ചു എന്ന് ബേബി വ്യക്തമാക്കുന്നുണ്ട്. പുഴ ഒഴുകുന്നപോലെ മനസിനെ വർത്തമാനകാലത്തിൽ പിടിച്ചു നിർത്താനും അത് സഹായിക്കുന്നു എന്നും.

ഒരാളും ഒരു സ്ഥലത്തും അധികകാലം തങ്ങരുത്. അങ്ങനെ സംഭവിച്ചാൽ ആ പ്രദേശമാണ് ഭൂമിയുടെ ഒത്ത നടു എന്നയാൾക്ക്‌ തോന്നും. അതോടെ ആൾ മയ്യത്തായി- ബഷീറിന്റെ ഈ വാക്കുകൾ കെ.ജെ. ബേബിയും പിന്തുടരുന്നത് കാണാം. ആരോടും യാത്ര പറയാതെ, ഒരു മുന്നറിയിപ്പ് നൽകാതെ, ഉദാസീനനായി ബേബി നടന്നകന്നത് ജീവിതത്തിലെ മൃത്യുസന്ധിയെ മറികടക്കാൻ കൂടിയാവാം. അല്ലെങ്കിലും ഒരുസ്ഥലത്തും അധികകാലം തങ്ങാൻ അയാൾക്കാവില്ലല്ലോ.

Comments