വലതുപക്ഷ പുണ്യാളന്മാരെ വിശുദ്ധരാക്കുന്ന ഇടതുരാഷ്ട്രീയം

രിത്രം എങ്ങോട്ടാണ് ചലിക്കുന്നതെന്ന് ഗുരുവിന്റെ പ്രവർത്തനങ്ങൾ നോക്കിയാൽ മനസ്സിലാക്കാൻ കഴിയുമെന്ന് കെ. പി. അപ്പൻ എഴുതിയിട്ടുണ്ട്. ചരിത്രത്തെ അഗാധമാക്കിയ ഗുരുവിനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ അധികാര രാഷ്ട്രീയത്തിലെ കൗശലം കൊണ്ടുമാത്രം ഓർമിക്കപ്പെടുന്ന നേതാക്കളെ എങ്ങനെയാണ് അടയാളപ്പെടുത്തുക? ചരിത്രാനുഭവങ്ങളെ രാഷ്ട്രീയ സമൂഹം ഉൾക്കൊള്ളുന്നത് അതതു കാലത്തെ രാഷ്ട്രീയത്തിനനുസരിച്ചുമായിരിക്കും. ചുരുക്കത്തിൽ അത്, ഏതുവഴിക്കാണ് സമൂഹത്തിന്റെ ചലനം എന്നതിന്റെ സൂചന കൂടിയാണെന്ന് പറയാം.

കഴിഞ്ഞ ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ സജീവമായി ചർച്ച ചെയ്ത, ഇപ്പോഴും തുടരുന്ന ചില വിവാദങ്ങളിലും ചരിത്രത്തിന്റെ നിഴലുകളാണ് വീണുകിടക്കുന്നത്. മരിച്ചുപോയ രാഷ്ട്രീയ നേതാക്കൾക്ക് സ്മാരകം പണിയാനുളള പിണറായി വിജയൻ സർക്കാരിന്റെ തീരുമാനം ഈ സന്ദർഭത്തിൽ പരിശോധിക്കാവുന്നതാണ്.

ആദിവാസി നേതാവ് സി. കെ. ജാനുവിന് എൻ.ഡി.എ മുണിയിൽ ചേരാൻ ബി.ജെ.പി പണം നൽകിയെന്ന ആരോപണമുണ്ടായപ്പോഴും ചരിത്രത്തെ പിടിച്ചായിരുന്നു പ്രതിരോധവും ആക്രമണവും. കെ. എം. മാണിക്കും ആർ. ബാലകൃഷ്ണപിള്ളക്കും എം.പി. വീരേന്ദ്രകുമാറിനും കെ. ആർ. ഗൗരിയമ്മക്കും സ്മാരകം പണിയാൻ പിണറായി വിജയൻ സർക്കാർ പണം നീക്കിവെച്ചതോടെ, അവരെ അവർ തങ്ങളുടെ ജീവിതകാലത്ത് നിർവഹിച്ച രാഷ്ട്രീയത്തിൽനിന്ന് മോചിപ്പിക്കുകയാണോ മറച്ചുപിടിക്കുകയാണോ സി.പി.എം നേതൃത്വത്തിലുള്ള സർക്കാർ ചെയ്യുന്നത്? രാഷ്ട്രീയത്തിൽ ഓരോ കാലത്തും ആധിപത്യം ചെലുത്തുന്നവർ അവരുടെ താൽപര്യത്തിനനുസരിച്ച് പൊതുവ്യക്തിത്വങ്ങളെ വിശുദ്ധരാക്കി മാറ്റാറുണ്ട്. അതിന് ഇന്ത്യയിൽ നിരവധി ഉദാഹരണങ്ങളുമുണ്ട്. എന്നാൽ പുരോഗമന കേരളത്തിന്റെ ഒരു സവിശേഷത, ഈ നാട്ടിൽ ജീവിച്ചുമരിച്ച ലക്ഷണമൊത്ത വലതുപക്ഷ തീവ്രവലുതപക്ഷ, പ്രതിലോമ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളാണ് ഇങ്ങനെ വിശുദ്ധരാക്കപ്പെടുന്നത് എന്നതാണ്. ഇങ്ങനെ വലതുപക്ഷ വക്താക്കളെ വിശുദ്ധരാക്കിയെടുത്തത് മുഖ്യധാരാ ഇടതുപക്ഷമാണെന്നതാണ് വൈചിത്ര്യം.

പിൻകാല പ്രാബല്യത്തോടെ ഒരു തിരുത്ത്

ചരിത്രത്തിൽ വ്യക്തികൾ എന്തുപങ്ക് വഹിച്ചുവെന്നതിനെക്കുറിച്ചുപോലും ഓരോ കാലവും വിലയിരുത്തുന്നത് അക്കാലത്ത് അധീശത്വം നേടിയിട്ടുള്ള ആശയപരിസരത്തുനിന്നുകൂടിയായിരിക്കും. ഗാന്ധി വധക്കേസ് പ്രതിയും, ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് നിരവധി മാപ്പേപേക്ഷകൾ ബ്രീട്ടീഷ് സർക്കാരിന് നൽകി ജയിൽ മോചിതനാകുകയും ചെയ്ത വി. ഡി. സവർക്കരെ ആരാധ്യപുരുഷനാക്കി മാറ്റുന്നത് രാജ്യം ഭരിക്കുന്ന ഹിന്ദുത്വ ശക്തികളാണ്. ബ്രീട്ടീഷ് ഭരണത്തെ സേവിച്ചുകഴിഞ്ഞുകൊള്ളാം എന്നുപറഞ്ഞയാളെ സ്വാതന്ത്ര്യ സമര സേനാനിയാക്കി പാർലമെന്റിൽ വിഗ്രഹമാക്കിയത് ഹിന്ദുത്വരാഷ്ട്രീയമാണ്. ചില ചരിത്ര പുരുഷന്മാർ നിർവഹിച്ച ദൗത്യം പിൻകാല പ്രബല്യത്തോടെ മാറ്റിയെഴുതാനും അധികാരത്തിലുള്ളവർക്ക് സാധിക്കും. അതുകൊണ്ട് അതതു കാലത്ത് അധീശത്വം വഹിക്കുന്ന രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായാണ് ചരിത്രത്തിലെ വ്യക്തികൾ അവതരിപ്പിക്കപ്പെടാറ്. കേരളത്തിൽ ഇത് വളരെ വ്യക്തമാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് ആർ. ബാലകൃഷ്ണപ്പിള്ളയ്ക്കും കെ. എം. മാണിക്കും കിട്ടിയ സ്മാരക ബഹുമതി.

കെ. ആർ. ഗൗരി അമ്മ, 1983-ൽ റോബിൻ ജെഫ്രി പകർത്തിയ ചിത്രം.
കെ. ആർ. ഗൗരി അമ്മ, 1983-ൽ റോബിൻ ജെഫ്രി പകർത്തിയ ചിത്രം.

പിണറായിയുടെ കരുണാകരൻ

പ്രതിമകളിലൂടെയല്ലാതെ ചിലരെ വിശുദ്ധരാക്കിയെടുക്കാനുള്ള ശ്രമങ്ങളും നേരത്തെ നടന്നിട്ടുണ്ട്. കേരളത്തിൽ കെ. കരുണകാരനെ, അദ്ദേഹത്തിന്റെ പ്രതിലോമ, രാഷ്ട്രീയ പ്രതിച്ഛായയിൽനിന്ന് മുക്തനാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പറഞ്ഞ ഒരു കാര്യം ഇതുമായി ചേർത്തുവെക്കാം. കരുണാകരൻ ഡി.ഐ.സി രൂപീകരിക്കുകയും ഇടതുമുന്നണി സഹകരണത്തിനായി കാത്തിരിക്കുകയും ചെയ്യുന്ന സമയത്തായിരുന്നു അത്. അടിയന്തരാവസ്ഥയിൽ ഭരണകൂടം അഴിച്ചുവിട്ട ക്രൂരപീഡനത്തിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരനെ ഇടതുപക്ഷത്തേക്ക് ചേർക്കുന്നതിലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യത്തോട് പിണറായി വിജയന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. അടിയന്തരാവസ്ഥ ഒരു വൈകാരിക സമസ്യയല്ല, മറിച്ച് ഒരു രാഷ്ട്രീയ പ്രയോഗമായിരുന്നു എന്നാണ്​ അദ്ദേഹം പറഞ്ഞത്. (പിണറായി വിജയനുമായി കമൽറാം സജീവ് നടത്തിയ അഭിമുഖം - ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും എന്ന പുസ്തകത്തിൽ). കരുണാകരന്റെ രാഷ്ട്രീയം അടിയന്തരാവസ്ഥക്കാലത്ത് കെട്ടിനിൽക്കുന്നതല്ലെന്നായിരിക്കും അദ്ദേഹം വ്യക്തമാക്കാൻ ശ്രമിച്ചത്. ഇടതുപക്ഷത്തോട് ചേരുമ്പോൾ, അല്ലെങ്കിൽ കേവല അധികാര തർക്കവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ ചോദ്യം ചെയ്യുമ്പോൾ ആ രാഷ്ട്രീയം മൗലികമായി പിൻകാല പ്രാബല്യത്തോടെ മാറിപ്പോകുമെന്ന നിലപാടാണ് അദ്ദേഹം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്. അധികാര രാഷ്ട്രീയത്തിന്റെ മെയ്‌വഴക്കമാണത്. ഇങ്ങനെയുമാണ് ഈ രാഷ്ട്രീയം നിലനിൽക്കുന്നതും.

യഥാർത്ഥത്തിൽ ഇത് കരുണാകരനിലും തുടങ്ങിയതല്ല. വിമോചന സമര നേതാക്കളിലൊരാളും സാമുദായിക നേതാവുമായിരുന്ന മന്നത്ത് പത്മനാഭൻ, ഇപ്പോൾ നവോത്ഥാന നായകനായി യാതൊരു തരത്തിലുമുള്ള ചോദ്യംചെയ്യലുകളുമില്ലാതെ വാഴ്ത്തപ്പെടുന്നത് ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. വിമോചന സമരം മാത്രമല്ല, അദ്ദേഹം അതിനുശേഷം നടത്തിയ ഇതര സമൂഹ വിദ്വേഷ പ്രസംഗങ്ങൾ എത്രയോ ഉണ്ട്. അതൊക്കെ മറച്ചുവെച്ചാണ് നവോത്ഥാന നായക പദവി മന്നത്തിന് കേരളത്തിൽ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ രാഷ്ട്രീയ പാർട്ടികൾ നൽകിയിരിക്കുന്നത്. അത്രമേൽ കേരളത്തിന്റെ അധികാര രാഷ്ട്രീയത്തെ സ്വാധീനിക്കാൻ എൻ.എസ്.എസിന് കഴിയുന്നുവെന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. മന്നം ജനിച്ച ദിവസം അദ്ദേഹത്തെക്കുറിച്ച് ദേശാഭിമാനിയിൽ വന്ന ലേഖനത്തിൽ പോലും അദ്ദേഹം നിർവഹിച്ച പ്രതിലോമ ഇടപെടലുകളുടെ വിമർശനമല്ല ഉണ്ടായത്.

പിണറായിയുടെ പി. പരമേശ്വരൻ

ആർ.എസ്.എസിന്റെ ആദ്യ പ്രവർത്തന കേന്ദ്രങ്ങളിലൊന്നാണ് കേരളം. പതിറ്റാണ്ടുകൾ പല രീതിയിൽ കേരളത്തെ കീഴടക്കാൻ ആർ.എസ്.എസും പിന്നീട് പലപ്പോഴായി രൂപീകരിക്കപ്പെട്ട സംഘ്പരിവാർ സംഘടനകളും ശ്രമിച്ചു. കലാപശ്രമങ്ങളും, രാഷ്ട്രീയാക്രമണങ്ങളും ഉൾപ്പെടെ നിരവധി പദ്ധതികൾ ഏറെ കാലം നടത്തിയിട്ടും കേരളത്തെ കീഴടക്കാൻ ആർ.എസ്.എസിനും സംഘ്പരിവാറിനും കഴിഞ്ഞില്ല. ഈ പദ്ധതികളിൽ ആർ.എസ്.എസിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ച ആളാണ് പി. പരമേശ്വരൻ. ആർ.എസ്.എസിനുവേണ്ടി ജീവിതം മാറ്റിവെച്ച പി. പരമേശ്വരനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തി അവതരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്നതാണ് വൈചിത്ര്യം. അഗാധമായ പാണ്ഡിത്യത്തോടെ ഋഷിതുല്യമായ ജീവിതം നയിച്ചയാൾ എന്നായിരുന്നു പിണറായി വിജയൻ പരമേശ്വരനെ, അദ്ദേഹം മരിച്ചപ്പോൾ വിശേഷിപ്പിച്ചത്. അദ്ദേഹം നയിച്ചതായി പറയുന്ന ഋഷിതുല്യമായ ജീവിതം ലക്ഷ്യം കാണാത്തതുകൊണ്ട് കേരളം ഇതുപോലെ നിലനിൽക്കുന്നുവെന്ന ആശ്വാസത്തിലാണ് ഇന്നാട്ടിലെ സാധാരണക്കാർ. അദ്ദേഹത്തിന്റെ പാണ്ഡിത്യം കേരളത്തിൽ പ്രയോഗിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലുള്ള നമ്മുടെ നാടിന്റെ അവസ്ഥ എന്തായിരിക്കുമെന്ന ആലോചന പോലും ഭീതിപ്പെടുത്തുന്നതാണ്. ഭാഗ്യത്തിന് പരമേശ്വരന് സ്മാരകം നിർമിക്കുമെന്നുമാത്രം സർക്കാർ പറഞ്ഞില്ല! പി. പരമേശ്വരൻ കേരളത്തിൽ എല്ലാവരും സ്വീകരിക്കപ്പെടുന്ന പണ്ഡിതനായി അവതരിപ്പിക്കാൻ സംഘ്പരിവാറിന് ഈ അനുസ്മരണക്കുറിപ്പ് സഹായകരമാകും എന്ന കാര്യത്തിൽ തർക്കമില്ല. മരണം കൊണ്ടു മാത്രം മഹാന്മാരായി തീരുന്നവരുണ്ട്. അല്ലെങ്കിൽ അങ്ങനെ ആക്കി തീർക്കപ്പെടുവരുണ്ട്. അവരിൽ ഇതുവരെയുള്ള കണക്കിൽ അവസാനത്തേതാണ് കെ. എം. മാണിയും ആർ. ബാലകൃഷ്ണപ്പിള്ളയും.

പിണറായി വിജയൻ
പിണറായി വിജയൻ

റദ്ദാക്കപ്പെട്ട പിള്ളയും വീരേന്ദ്രകുമാറും

കേരളത്തിന്റെ ചരിത്രത്തിൽ അഴിമതിക്കേസിൽ ജയിലിലടക്കപ്പെട്ട ഏക നേതാവാണ് ബാലകൃഷ്ണപിള്ള. ജയിലിലടക്കപ്പെട്ടപ്പോൾ ‘കൽതുറങ്കിലേക്ക് ഒരു മാടമ്പി വഴി' എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ സി.പി.എം വിലയിരുത്തിയത്. രാഷ്ട്രീയ നേതാവാകുന്നതിന് മുമ്പുതന്നെ ലക്ഷണമൊത്ത മാടമ്പിയായി ബാലകൃഷ്ണപിള്ള വിളയാടിയതെങ്ങിനെ എന്ന് അന്ന് പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീടും അതു തന്നെ തുടർന്നുവെന്നതിന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തന്നെ സാക്ഷി. ആദ്യകാലം മുതൽ എൻ.എസ്.എസിന്റെയും പിന്നീട് പലപ്പോഴും സി.പി.എമ്മിന്റെയും വിശ്വസ്തനാകാൻ കഴിഞ്ഞുവെന്നതായിരുന്നു ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ മൂലധനം. സി.പി.എമ്മുമായി നേടിയ സൗഹൃദം അദ്ദേഹത്തിന്റെ മാടമ്പിത്തരം പിൻകാല പ്രാബല്യത്തോടെ റദ്ദാക്കി കൊടുത്തു. അയാളെ ജയിലിലടച്ചപ്പോൾ അഴിമതിക്കെതിരായ വിജയത്തിൽ പ്രകടനം നടത്തിയവർ തന്നെ ഇപ്പോൾ പിള്ളയ്ക്കുവേണ്ടിയുള്ള സ്മാരകത്തിന് മുൻകൈയെടുക്കുന്നു.

എം.പി. വീരേന്ദ്രകുമാർ ഇടതുമുന്നണി വിട്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഭൂമി കൈയേറ്റത്തെക്കുറിച്ചുളള തുടരൻ കഥകൾ സി.പി.എം മുഖപത്രത്തിൽ നിറഞ്ഞത്. യു.ഡി.എഫിൽനിന്ന് അദ്ദേഹം തിരിച്ചെത്തിയതോടെ സമീപനം മാറി. മരണാനന്തരം അദ്ദേഹത്തിനും ലഭിച്ചു അഞ്ച് കോടിയുടെ സ്മാരകം.

ഉന്നയിച്ച ആരോപണങ്ങൾക്കുപിന്നിലെ യാഥാർത്ഥ്യങ്ങൾ മാത്രം അധികാര രാഷ്ട്രീയത്തിന്റെ ഔദാര്യമില്ലാത്തതിനാൽ ചർച്ചകളിൽനിന്ന് മാറ്റപ്പെട്ടിരിക്കുന്നു.
അര നൂറ്റാണ്ടോളം നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിനിടെ കെ. എം. മാണി കേരള രാഷ്ട്രീയത്തിൽ വഹിച്ച പങ്കെന്തായിരിക്കും?. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ കേരളത്തിലെ മാതൃകാ പുരുഷനായിരുന്നു കെ. എം. മാണി. ബാർ കോഴയിൽ ഒതുങ്ങാത്ത, കേരള രാഷ്ട്രീയത്തിലെ വലതുഅവസരവാദത്തിന്റെ അപ്പോസ്തലൻ. തന്റെ നിലപാടിൽ ഒരു അണുപോലും വ്യതിചലിക്കാതെ, തന്റെ പ്രഖ്യാപിത രാഷ്ട്രീയത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താതെ തന്നെ മാണി ഇടതുപക്ഷ സർക്കാരിനാൽ വിശുദ്ധനാക്കപ്പെട്ടു.

കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഗതി പുരോഗമനമായ രീതിയിൽ മാറ്റിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ. ആർ. ഗൗരിയമ്മക്കൊപ്പം ആർ. ബാലകൃഷ്ണപിള്ളയും മാണിയും വീരേന്ദ്രകുമാറുമെല്ലാം സ്മാരക നിർമ്മാണ പ്രഖ്യാപനത്തിലൂടെ സമീകരിക്കപ്പെട്ടിരിക്കുന്നു. അനുവദിച്ച തുകയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ഗൗരിയമ്മയുടെ സ്ഥാനം എവിടെയാണ് ഇടതുസർക്കാർ അടയാളപ്പെടുത്തിയിട്ടുള്ളത്?

മന്നത്ത് പത്മനാഭൻ
മന്നത്ത് പത്മനാഭൻ

വലതുപക്ഷത്തെ, അല്ലെങ്കിൽ പ്രതിലോമ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് സി.പി.എം സ്മാരക നിർമാണ ഔദാര്യം കാണിച്ച് വിശുദ്ധരാക്കിയെടുത്തിട്ടുള്ളവരിൽ ഏറെയും. അല്ലെങ്കിൽ മറ്റെതേങ്കിലും ഇടതുപക്ഷക്കാരോട് സി.പി.എം ഈ ഔദാര്യം കാണിച്ചിട്ടുണ്ടോ? വിഖ്യാതനായ കെ. ദാമോദരനോടോ, പണ്ഡിതനായ എൻ. ഇ. ബലാറാമിനോടോയെങ്കിലും ഇത്തരമൊരു സമീപനം സി.പി.എമ്മിന് സാധ്യമല്ല. ഇത് സി.പി.ഐയോട് സി.പി.എം കാണിക്കുന്ന സമീപനമായി കാണേണ്ടതില്ല. തങ്ങളിൽ പെടാത്ത മറ്റൊരു കമ്യൂണിസ്റ്റിനെയും അംഗീകരിക്കുന്ന പതിവ് ഒരു വിപ്ലവ പാർട്ടിയുടെയും ചരിത്രത്തിലില്ല. അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട പി. രാജന്റെ പ്രതിമ സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ അതിനെ നായനാരുടെ നേതൃത്വത്തിലുള്ള സർക്കാർ നേരിട്ട കാര്യവും ഇതോടൊപ്പം ഓർക്കാം. ചെ ഗുവേരയെക്കുറിച്ചുള്ള കഥകൾ ചുമരെഴുത്തുകളാക്കുമ്പോഴും എ. വർഗീസ് ഇപ്പോഴും മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് വഴിപിഴച്ചുപോയ അതിസാഹസികൻ മാത്രമാണ്.

അധികാരത്തുടർച്ചക്കും സുസ്ഥിരതയ്ക്കും വലതുപ്രതിലോമ നായകരെയാണ് സ്മാരകം പണിത് വിശുദ്ധരാക്കേണ്ടതെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർട്ടിക്കറിയാം. അതാണ് പ്രായോഗികതയുടെ സമകാലിക ഇടതുരാഷ്ട്രീയത്തിന്റെ ഒരു പാഠം. ചരിത്രം എങ്ങോട്ടാണ് പോകുന്നതെന്ന് കമ്യൂണിസ്റ്റ് പാർട്ടി സൃഷ്ടിച്ചെടുക്കുന്ന സ്മാരകങ്ങൾ നോക്കിയാലും അറിയാൻ കഴിയും.


എൻ. കെ. ഭൂപേഷ്

മാധ്യമപ്രവര്‍ത്തകന്‍. ‘ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. കുല്‍ദിപ് നയ്യാറുടെ ആത്മകഥ Beyond the lines, രാമചന്ദ്രഗുഹയുടെ Rebels against the Raj, ഇന്ത്യ വിഭജനത്തെക്കുറിച്ച് പറയുന്ന പാക്-അമേരിക്കന്‍ ചരിത്രകാരി ആയിഷ ജലാലിന്റെ Sole Spokesman എന്നീ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപെടുത്തിയിട്ടുണ്ട്.

Comments