കേരളത്തിൽ യുവാക്കളടക്കമുള്ളവർക്ക് സന്തോഷത്തോടെ സമയം ചെലവാക്കാൻ കഴിയുന്ന അപൂർവ്വം ഇടങ്ങളിൽ ഒന്നാണ് കൊച്ചിയിലെ മറൈൻ ഡ്രൈവ്. ടൂറി്സ്റ്റുകൾക്കും ആകർഷകമായ സ്ഥലമാണത്. അവിടം സാമൂഹ്യവിരുദ്ധരുടെ പ്രശ്നമെന്ന പേരിൽ രാത്രി പത്ത് മണി മുതൽ അടച്ചിടാൻ തീരുമാനിച്ചതായി അറിയുന്നു.
എലിയെ തോൽപ്പിച്ച് ഇല്ലം ചുടുക എന്നൊരു പ്രയോഗം ഉണ്ടല്ലോ. അതാണ് ഇത് കണ്ടപ്പോൾ ഓർമ്മ വന്നത്.
ആരാണ് സാമൂഹ്യ വിരുദ്ധർ? അങ്ങനെ ഒരു വിഭാഗം ഉണ്ടോ? കുറ്റം ചെയ്തവരെ അത് ചെയ്തവർ എന്ന് നമുക്ക് വിശേഷിപ്പിക്കാൻ കഴിയാത്തത് എന്ത് കൊണ്ടാണ്? കുറ്റവും നാട്ടുനടപ്പും തമ്മിൽ വേർ തിരിക്കാൻ നമ്മുടെ നിയമ സംവിധാനങ്ങൾ പരാജയപ്പെടുന്നതാണ് പലപ്പോഴും കാണുന്നത്. ലൈംഗിക സദാചാരം, മയക്കു മരുന്ന് ദുരുപയോഗം, മദ്യപാനം, സ്ത്രീപീഡനം, തുടങ്ങിയ കാര്യങ്ങളിലാണ് മിക്കവാറും ഇതു നടക്കുന്നത്. പണവും സ്വാധീനവും ഉള്ളിടത്തേക്കുള്ള ചായ്വ്, കുറ്റത്തെ കൃത്യമായി വേർതിരിക്കാതെ അവ്യക്തമായി നിലനിർത്താൻ ഉള്ള ഉൾപ്രേരണ നൽകുന്നുണ്ടാകണം. കുറ്റത്തേക്കാൾ നാട്ടു നടപ്പിനു വില കൊടുക്കുന്ന സംസ്കാരമാണ് നമ്മുടെ ഉദ്യോഗസ്ഥരിലും കുടിയിരിക്കൂന്നത്.
ഭരണപരമായ സൗകര്യം, ആളുകൾക്ക് അവകാശങ്ങളും സംരക്ഷണവും ഒപ്പം നൽകുന്നതിലല്ല, ആട്ടിൻ കൂട്ടത്തെ പോലെ മേയ്ക്കുന്നതിലാണ് അവർ കണ്ടെത്തുന്നത്. ഈ സാഹചരൃങ്ങളൊക്കെ ആയിരിക്കണം ഇത്തരം തീരുമാനങ്ങളിലേക്ക് അധികാരികളെ എത്തിക്കൂന്നത്.
ഇന്നലെ പങ്കെടുത്ത ഒരു സെമിനാറിൽ ഐ.ഐ.ടി പ്രൊഫസർ പറഞ്ഞത് ഓർമ്മ വരുന്നു. ദളിത് വിദ്യാർഥികളുടെ ആത്മഹത്യകൾ ഒരു പ്രശ്മായി വന്നപ്പോൾ അത് പരിഹരിക്കാൻ ഹോസ്റ്റലുകളിൽ ബലം കുറഞ്ഞ ഫാൻ കൊളുത്തുകൾ മാറ്റി ഘടിപ്പിച്ചതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അവിശ്വസനീയമാം വിധം വിചിത്രമായ കാരൃം. ഇത്രയും ഇൻസെൻസിറ്റീവ് ആകാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയുമോ? ഭരണയുക്തിയുടെ ഇടുങ്ങിയ നോട്ടം ആണ് ഇവിടെയും പ്രശ്നം.
രണ്ട് വർഷം മുൻപ് വടക്കൻ കേരളത്തിലെ ഒരു ടൗണിൽ വൈകുന്നേരം പെൺകുട്ടികൾക്ക് റോഡിൽ നടക്കാൻ കഴിയാത്ത ഒരു പ്രശ്നമുണ്ടായി. 'സാമൂഹ്യവിരുദ്ധരുടെ' ശല്യം തന്നെ പ്രശ്നം. അവർ പെൺകുട്ടികളെ ശല്യപ്പെടുത്തുന്നു. ഈ സാമൂഹ്യവിരുദ്ധരെ തിരിച്ചറിഞ്ഞ് നിയമ പ്രകാരമുള്ള കുറ്റം ചുമത്താനോ ആ പ്രത്യേക കുറ്റം ചെയ്തവരായി അടയാളപ്പെടുത്താനോ കഴിയുന്നില്ല. പകരം സദാചാര സംരക്ഷകരായി വേറൊരു കൂട്ടം പ്രത്യക്ഷപ്പെടുകയാണ്. അത് നേതാക്കളുടെതാണ്. ഗ്രാമീണതയും മൂല്യങ്ങളും സംരക്ഷിക്കാൻ എത്തുന്ന ഇവരുടെ ചങ്ങാത്തം പൊലീസിന് സഹായകരമാണ്. എല്ലാ പെണ്ണുങ്ങളെയും പെങ്ങൻമാരായി കാണുന്ന ഇവർ അവരുടെ സദാചാര സംരക്ഷണം ഏറ്റെടുക്കും. പൊലീസിന് കുറ്റക്കാരെ കണ്ടെത്തുന്ന പണി ലഘൂകരിച്ച് കിട്ടും. പൊലീസുകാരും ആദ്യം ചിന്തിക്കുന്നത് വീട്ടിലിരിക്കേണ്ട പെങ്ങൻമാരെ കുറിച്ചോ പെൺമക്കളെ കുറിച്ചോ ആണ്. പെണ്ണുങ്ങളെ പൗരകളായി കാണാൻ കഴിയാത്തതാണ് പ്രശ്നം. ആ സംഭവത്തിൽ അവസാനം പെൺകുട്ടികൾ വൈകിട്ട് ഏഴു മണി കഴിഞ്ഞ് പുറത്ത് ഇറങ്ങേണ്ട എന്ന് പൊലീസ് ആങ്ങളമാരും നേതാക്കളും കൂടി തീരുമാനത്തിലെത്തി. ഇത് തന്നെയാണ് നാട്ടിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.
സൈബർ ആക്രമണത്തെ പറ്റി സ്ത്രീകൾ പരാതിപ്പെട്ടാൽ എങ്ങനെ സൈബർ ഉപയോഗം നിയന്ത്രിക്കണമെന്ന ഉപദേശമാണ് നിയമപാലകരിൽ നിന്നും ലഭിക്കുന്നത്.
മയക്കു മരുന്നുപയോഗവും അതെ തുടർന്ന് ഉണ്ടായേക്കാവുന്ന സ്ത്രീകൾക്ക് നേരെയുള്ള അക്രമവും തടയുന്നതിന് പ്രചരിപ്പിക്കുന്ന വീഡിയോകളും ഈയിടെ കാണാനിടയായി. സ്ത്രീകൾ എങ്ങനെ ഇത്തരം അപകടങ്ങളിൽ പെടാതെ നോക്കണമെന്നും കുട്ടികൾ എങ്ങനെ കച്ചവടക്കാരിൽ നിന്നും രക്ഷ നേടണം എന്നുള്ള ഉപദേശങ്ങൾ മാത്രമാണിതിലെല്ലാമുള്ളത്. എങ്ങനെ കുറ്റവാളികളാകാതെയുള്ള ജീവിതം നയിക്കാൻ കഴിയും , അതിനുള്ള സാഹചര്യം എങ്ങനെ ഉണ്ടാകാം എന്നത് ഇവിടെ വിഷയമല്ല. പ്രത്യേകിച്ച് സ്ത്രീ ആക്രമണങ്ങളുടെ കാര്യത്തിൽ. അത് സ്വാഭാവികം ആയതു കൊണ്ട് എങ്ങനെ രക്ഷപ്പെടാമെന്നുള്ളത് സ്ത്രീകൾ സ്വയം കണ്ടെത്തി കൊള്ളണമെന്നുള്ളതാണ്. അതിനുള്ള മാർഗ്ഗമാണ് സഞ്ചാരം പരിമിതപ്പെടുത്തൽ .
നമ്മൾ കാലങ്ങളായി തുടർന്ന് പോരുന്ന ഈ പൗര വിരുദ്ധമായ, മനുഷ്യ വിരുദ്ധമായ പൊതുബോധത്തിന്റെ ആവർത്തനം ആണ് മറൈൻ ഡ്രൈവിലും കാണുന്നത്. മാറിക്കൊണ്ടിരിക്കുന്ന യുവാക്കളുടെ ചിന്താഗതി മനസ്സിലാക്കാതെ ഈ രീതികൾ ആവർത്തിക്കുന്നത്. ഇപ്പോൾ പ്രതിസന്ധിയിലായി കൊണ്ടിരിക്കുന്ന നമ്മുടെ വികസനത്തിന് ഇത് സഹായകരമായിരിക്കില്ല. സ്വന്തം അവകാശങ്ങളെ പറ്റി യുവതികൾക്ക് നല്ല ബോധം വന്നിട്ടുണ്ട്. അവർ സ്വാതന്ത്ര്യവും ജോലി സാദ്ധ്യതയുമുള്ള വിദേശങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു. ടൂറിസ്റ്റുകൾ ധാരാളമായി വന്നു കൊണ്ടിരിക്കുന്ന ഇടം കൂടിയാണ് മറൈൻ ഡ്രൈവ്. അവർക്കും കേരളത്തിൽ സ്വതന്ത്രമായി ഉല്ലസിക്കാൻ കഴിയുന്ന അപൂർവ്വം ഇടങ്ങളിൽ ഒന്ന്. ബിനാലെ പോലെയുള്ള സാംസ്കാരിക ആഘോഷങ്ങൾ കൂടി നടക്കുന്ന ഇടം. അവിടെ കിട്ടിക്കൊണ്ടിരുന്ന സ്വാതന്ത്ര്യം എത് വിധേനയും സംരക്ഷിച്ച് നിർത്തേണ്ടതുണ്ട്.
നടപ്പ് സമ്പ്രദായങ്ങൾ തിരുത്തിയേ മതിയാവൂ. പണിയെടുക്കാൻ ആളില്ലാത്തതാണോ നിയമ സംവിധാനങ്ങളിലെ പ്രശ്നം? അങ്ങനെയാണെങ്കിൽ പ്രായോഗികമായി അതിനുള്ള പോംവഴികൾ കണ്ടെത്തണം. വിഭവങ്ങൾ സമാഹരിച്ച് കൂടുതൽ ആൾക്കാരെ നിയോഗിക്കണം.
പ്രാകൃതമായ നടപ്പ് വഴികൾ ഉപേക്ഷിക്കണം. മുഖമില്ലാത്ത സദാചാര വിരുദ്ധരെന്ന സങ്കൽപ്പത്തിന് മാറുന്ന സമൂഹത്തിൽ നിലനിൽപ്പില്ല. കുറ്റം ചെയ്യുന്നവരെ കണ്ടെത്തി അവരെ നിയമ വിധയരാക്കുകയേ മാർഗ്ഗമുള്ളൂ.
നമ്മുടെ സ്വതന്ത്രമായ സാംസ്കാരിക ഇടങ്ങൾ അങ്ങനെ തന്നെ നില നിർത്തണം. എലിയെ തോൽപ്പിക്കാൻ ഇല്ലം ചുടരുത്.