പാലക്കാട്ട് ‘സ്റ്റെതസ്കോപ്പ്’ ചിഹ്നം ഉറപ്പിക്കാൻ സി.പി.എം ചെയ്ത ‘തന്ത്രം’
ഡോ. പി. സരിൻ വെളിപ്പെടുത്തുന്നു

കാമ്പയിനിലുടനീളം സി.പി.എം എഡ്ജ് നിലനിർത്തുന്നുണ്ടെന്നും അത് രാഷ്ട്രീയ എതിരാളികളിൽ രണ്ടോ മൂന്നോ പേർക്ക് അറിയാമെന്നും അതുകൊണ്ടാണ് ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്നതെന്നും ഡോ. പി. സരിൻ.

News Desk

പാലക്കാട്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിന്റെ ചിഹ്നം സ്റ്റെതസ്കോപ്പ് ആണ്. ഡോക്ടർ കൂടിയായ സരിനെ സംബന്ധിച്ച്, വോട്ടർമാർക്കുമുന്നിൽ ഏറ്റവും എളുപ്പം വിശദീകരിക്കാനാകുന്ന ചിഹ്നം കൂടിയാണിത്. ഇതുവരെ, പാർട്ടി സ്ഥാനാർഥിക്ക് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വോട്ടു ചെയ്തുവന്നവരിൽ സ്വതന്ത്ര സ്ഥാനാർഥിയും പുതിയ ചിഹ്നവും സൃഷ്ടിച്ചേക്കാവുള്ള ആശയക്കുഴപ്പത്തെ മറികടക്കാനായി സ്റ്റെതസ്കോപ്പ് എന്ന ചിഹ്നം കിട്ടാൻ സാധാരണ ഇലക്ഷനുകളിൽ പയറ്റാത്ത തന്ത്രം പ്രയോഗിച്ചുവെന്ന് വെളിപ്പെടുത്തുന്നു, ട്രൂകോപ്പി തിങ്കിനുവേണ്ടി എഡിറ്റർ ഇൻ ചീഫ് മനില സി. മോഹനുമായുള്ള അഭിമുഖത്തിൽ, ഡോ. പി. സരിൻ.

‘‘സ്ഥാനാർഥികൾ ചിത്രത്തിൽ വരുന്ന സമയത്ത് വ്യക്തമായ മുൻതൂക്കം എൽ.ഡി.എഫിനായിരുന്നു, എങ്കിലും ചിഹ്‌നം ഒരു വിഷയമായിരുന്നു. എൽ.ഡി.എഫിന് ‘സ്റ്റെതസ്കോപ്പ്’ എന്ന ചിഹ്‌നം കിട്ടിയത് 30ന് വൈകീട്ട് അഞ്ചരക്കാണ്. ഞങ്ങൾ ആവശ്യപ്പെട്ട ആദ്യത്തെ ചിഹ്‌നം, ഞങ്ങൾ അത് ആവശ്യപ്പെട്ടു എന്നറിഞ്ഞപ്പോൾ തന്നെ, യൂത്ത് കോൺഗ്രസ് അസംബ്ലി സെക്രട്ടറിയെക്കൊണ്ട് നോമിഷേൻ കൊടുപ്പിച്ച്, അയാളെ കൊണ്ട് ആ ചിഹ്‌നം ആവശ്യപ്പെടുകയാണ് കോൺഗ്രസ് ചെയ്തത്. അങ്ങനെ നറുക്കെടുപ്പിൽ ആദ്യം ഞങ്ങൾ ആവശ്യപ്പെട്ട ആ ചിഹ്നം നഷ്ടമായി. എന്നാൽ, ഞങ്ങൾക്ക് ശരിക്കും ആവശ്യമായ ചിഹ്‌നം രണ്ടാമതാണ് വച്ചത്. അത് ഞങ്ങൾക്ക് കിട്ടുകയും ചെയ്തു. ഡോക്ടറും ഡോക്ടറുടെ ‘കുഴലും’ ജനങ്ങളിലേക്ക് എത്തുകയും ചെയ്തു’’.

Read: പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്കായി കോൺഗ്രസ് തോറ്റുകൊടുക്കുകയായിരുന്നു-
ഡോ. പി. സരിൻ

‘‘സ്വതന്ത്രനായതിനാൽ സ്ഥാനാർഥി ലിസ്റ്റിൽ ഒമ്പതാമത്തെ പേരാണ് എന്റേത്. ആകെ പത്തു പേരാണ് മത്സരിക്കുന്നത്. KL 9 ആണല്ലോ പാലക്കാടിന്റെ നമ്പർ. അപ്പോൾ പാലക്കാടിനുവേണ്ടയാളെ കറക്റ്റായാണ് പ്ലേസ് ചെയ്തിരിക്കുന്നത്. അങ്ങനെ ഒമ്പതാം സ്ഥാനവും വിഷയമല്ലാതായി’’- സരിൻ പറഞ്ഞു.

കാമ്പയിനിലുടനീളം സി.പി.എം എഡ്ജ് നിലനിർത്തുന്നുണ്ടെന്നും അത് രാഷ്ട്രീയ എതിരാളികളിൽ രണ്ടോ മൂന്നോ പേർക്ക് അറിയാമെന്നും അതുകൊണ്ടാണ് ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്നതെന്നും സരിൻ പറഞ്ഞു. അവർ പത്‍യുന്നതിന് വിരുദ്ധമായ വസ്തുതകളാണ് സി.സി.ടി.വി ക്യാമറാദൃശ്യങ്ങൾ കൂടുതൽ പരിശോധിക്കുമ്പോൾ മറനീക്കി പുറത്തുവരുന്നത്. സാഹചര്യതെളിവുകൾ അവർക്ക് എതിരാണ്. ട്രോളി ബാഗിലുണ്ടായിരുന്നത് അവർ പറയുന്ന സാധനങ്ങളല്ല എന്ന് വ്യക്തം. എന്താണ് അതിലുണ്ടായിരുന്നത് എന്ന് കണ്ടെത്തേണ്ടതുണ്ട്. അത്, ഒരു രൂപയാണെങ്കിലും നൂറു കോടിയാണെങ്കിലും, വോട്ടിനെ സ്വാധീനീക്കാൻ പണം എന്നത് അംഗീകരിക്കാനാകില്ല. ആർക്ക് കൊടുക്കാൻ, ആരിൽനിന്ന് കൈപ്പറ്റിയത് എന്ന് തെളിയണം. നടന്നു എന്നത് പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വ്യക്തമാണെന്നും ഡോ. പി. സരിൻ പറഞ്ഞു.

Comments