ജനാധിപത്യ യുഗത്തിലെ ദേശരാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ ഭാഷയുടെ സ്ഥാനം നിർണ്ണായകമാണ്. മാതൃഭാഷ എന്ന സങ്കല്പം ദേശരാഷ്ട്രത്തോടൊപ്പമാണ് പിറവി കൊള്ളുന്നത്. അതിനു മുമ്പ് എൻ്റെ രാഷ്ട്രവുമില്ല എൻ്റെ ഭാഷയുമില്ല. എസ് എസ് എൽ സി സർട്ടിഫിക്കറ്റു വന്നപ്പോൾ, അതിൽ ദേശീയത ഏതെന്നും മാതൃഭാഷ ഏതെന്നും പൂരിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. ഒരു ഭാഷ സംസാരിക്കുന്നവർ എല്ലാവരും ഒരു സമൂഹമാണെന്നും മറ്റു ഭാഷക്കാർ മറ്റൊരു സമൂഹമാണെന്നുമുള്ള തരംതിരിവ് ആധുനികമായ ഒരു രാഷ്ട്രീയ ബോധനിർമ്മിതിയാണ്. അതായത് ഭാഷാടിസ്ഥാനത്തിലുളള ദേശരാഷ്ട്ര നിർമ്മാണം ഭാഷയെ സാമൂഹ്യ ഐക്യത്തിൻ്റെ വൈകാരിക ഉപാധിയാക്കി മാറ്റിയപ്പോൾ മുതൽ ഭാഷ ഒരു രാഷ്ട്രീയ വിഷയമായി തീർന്നു.
അഞ്ചു നൂറ്റാണ്ടിൻ്റെ പഴക്കമുണ്ട് ഭാഷയെ കൊണ്ട് രാഷ്ട്രീയമായി ഐക്യമുള്ള ജനതയെ ചേർത്തുവെച്ച് ദേശരാഷ്ട്രം നിർമ്മിച്ചെടുക്കുന്നതിന്. ഇങ്ങനെ ഭാഷയെ ആധാരമാക്കി ആദ്യമായി രൂപം കൊണ്ട ദേശരാഷ്ട്രമാണ് ഫ്രാൻസ്. 16-ാം നൂറ്റാണ്ടിൻ്റെ ആദ്യത്തിൽ ഫ്രാൻസിലെ രാജഭരണം ഫ്രഞ്ചുഭാഷാ ദേശീയത എന്ന ആശയം മുന്നോട്ടു വെച്ച് ഭരണഭാഷയായി ഫ്രഞ്ചിനെ അവരോധിച്ചു; സമൂഹത്തിലെ ഭൂരിപക്ഷത്തിൻ്റെ ഭാഷ ഏതാണോ അതിനെ രാഷ്ട്രഭാഷയാക്കി മാറ്റി. ഫ്രാൻസ് എന്നാൽ ഫ്രഞ്ചുഭാഷ സംസാരിക്കുന്നവരുടെ രാജ്യം എന്ന പുതിയ വൈകാരിക രാഷ്ട്രീയാർത്ഥം വന്നു ചേർന്നു. ഭാഷയെന്നത് ആശയവിനിമയ മാധ്യമം എന്നതിൽ നിന്നും അമ്മിഞ്ഞപ്പാലിൻ്റെ "അമ്മ"ഭാഷയായി അതിൽ രക്തബന്ധം അവരോധിതമായി.
16-ാം നൂറ്റാണ്ടിൻ്റെ ആരംഭമെന്നത് യൂറോപ്പിൽ രാജ്യങ്ങൾ തമ്മിൽ അമേരിക്കൻ ഭൂഖണ്ഡങ്ങളിലും പരിസരങ്ങളിലുമുള്ള പ്രദേശങ്ങളിൽ രാഷ്ട്രീയാധിപത്യം ഉറപ്പിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനുള്ള കടുത്ത മത്സരങ്ങളുടെ കപ്പലോട്ട കാലമായിരുന്നു. രാജാക്കന്മാരോ അവർ അഗീകാരം നൽകിയ കൊളംബസിനെയും ഗാമയെയും പോലുള്ളവരോ മാത്രം വിചാരിച്ചാൽ നടക്കാത്ത കാര്യമായിരുന്നു വിദൂര ദേശങ്ങളെ അധീനപ്പെടുത്തലും, അവിടങ്ങളിലെ സ്വർണ്ണവേട്ടയും കരിമ്പ്, കാപ്പി, പുകയില എന്നിങ്ങനെയുള്ള പ്ലാൻ്റേഷൻ പദ്ധതികളും. അതിന് ധാരാളം സൈനികരും സൂപ്പർവൈസർമാരും അടിമകളും വേണ്ടത്ര ധനസമാഹരണവും, ഇവയുടെയെല്ലാം കയറ്റുമതി ഇറക്കുമതി മാനേജ്മെൻ്റും വേണം. അതായത് രാജ്യത്തിൻ്റെ അഭിവൃദ്ധിയെന്നത് സമൂഹത്തിൻ്റെ മൊത്തം ആവശ്യമാക്കി മാറ്റിയാലേ കോളനി ആധിപത്യം സാധ്യമാകൂ. കോളനി ആധിപത്യമെന്ന ഏകലക്ഷ്യത്തിലേക്ക് സമൂഹത്തെ സംഘടിപ്പിച്ച് അവരെ ഏകീകൃതമായി കോർത്തിണക്കാൻ കണ്ടുപിടിച്ച രാഷ്ട്രീയ-സാംസ്ക്കാരിക മാധ്യമമാണ് മാതൃഭാഷ.
മാതൃഭാഷ എന്ന രാഷ്ട്രീയ-സാംസ്ക്കാരിക മാധ്യമത്തെ ദേശരാഷ്ട്ര നിർമ്മാണത്തിനും അതുവഴി കോളനി ആധിപത്യത്തിനും ഉപയുക്തമാക്കിയ ആദ്യ പാശ്ചാത്യ രാഷ്ട്രമായ ഫ്രാൻസ്, രാജ്യത്തെ ഭൂരിപക്ഷത്തിൻ്റെ ഭാഷയെ ഔദ്യോഗിക ഭാഷയാക്കി ഭരണത്തിലും വിദ്യാഭ്യാസത്തിലും അടിച്ചേൽപ്പിച്ചു കൊണ്ടാണ് ഫ്രഞ്ചുദേശീയത എന്ന വികാരത്താൽ സമൂഹത്തെ ഭരണകൂടത്തിനു പിന്നിൽ അണിനിരത്തിയത്. തുടർന്ന് ഇതേ മാതൃക ഇംഗ്ലണ്ടും സ്പെയിനും ജർമ്മനിയും ഇറ്റലിയും തുടങ്ങി, മറ്റു കോളനി മത്സരശക്തികൾ പിൻതുടരുന്നതു കാണാം. കാരണം ക്രിസ്തുമതവും ലാറ്റിനും ഭാഷാതിർത്തികളെ അതിലംഘിച്ചു അവിടെ നിലനിൽക്കുന്നതിനാൽ, ദേശരാഷ്ട്ര നിർമ്മാണത്തിലൂടെ ദേശാഭിമാനം വളർത്തി, ഭരണകൂടത്തിൻ്റെ എല്ലാ ചെയ്തികൾക്കും ശരീരം കൊണ്ടും മനസ്സു കൊണ്ടും സമ്പത്തു കൊണ്ടും ഒപ്പം നിൽക്കുന്ന ജനതയെ സൃഷ്ടിക്കാൻ ഭൂരിപക്ഷത്തിൻ്റെ ഭാഷയല്ലാതെ മറ്റൊരു ജനപ്രിയ വൈകാരിക ഉത്തേജക ശക്തി പാശ്ചാത്യലോകത്ത് കണ്ടുപിടിക്കാൻ സാധിച്ചിരുന്നില്ല.
ഫ്രാൻസിലെ ഭരണാധികാരികളും അവിടുത്തെ ജ്ഞാനോദയ കാല എഴുത്തുകാരും ചേർന്ന് ഭൂരിപക്ഷത്തിൻ്റെ ഭാഷയായ ഫ്രഞ്ചിനെ പരിപോഷിപ്പിക്കുക മാത്രമല്ല ചെയ്തത്. അക്കാലമത്രയും ഫ്രാൻസിൽ നിലനിന്നിരുന്ന ന്യൂനപക്ഷഭാഷകളെ അവർ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അത്തരം ഭാഷകളെ ദേശീയമായ ഐക്യത്തിനു ഭീഷണിയായി അവർ കണക്കാക്കി അവയെ വിദ്യാഭ്യാസത്തിൽ നിന്നും പുറത്താക്കി, അവഗണനയുടെ ഓരങ്ങളിലേക്കു തള്ളിയിട്ടു. ബ്രിട്ടനിലും ഇംഗ്ലണ്ടിൻ്റെ ആധിപത്യത്താൽ ഇംഗ്ലീഷ് ദേശഭാഷയായി സ്ഥാനം നേടിക്കൊണ്ട് ചെറുഭാഷകളെ നിഷ്ക്കാസനം ചെയ്യുന്നതു കാണാം. മറ്റു പശ്ചാത്യശക്തികളും തങ്ങളുടെ രാഷ്ട്രത്തിലെ ഇതരഭാഷകളെ നിർവീര്യമാക്കി ഭൂരിപക്ഷ ഭാഷയെ - അതിൽ നിലവാരപ്പെടുത്തൽ നടത്തിക്കൊണ്ട് ന്യൂനപക്ഷങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുന്നുണ്ട്.
ഫ്രാൻസും ഇംഗ്ലണ്ടും മറ്റും നടപ്പിലാക്കിയ ഏകഭാഷാ വിദ്യാഭ്യാസത്തിൽ അവിടുത്തെ Welsh, Breton, Scots, Gaelic തുടങ്ങിയ ന്യൂനപക്ഷ ഭാഷകൾ സംസാരിച്ചാൽ വിദ്യാർത്ഥികളെ ശിക്ഷിച്ചിരുന്നു. മാത്രമല്ല വീടുകളിലും ഇത്തരം ഭാഷകളെ വിലക്കി അവയുടെ തലമുറ കൈമാറ്റവും അസാധ്യമാക്കി മാറ്റി. ഭരണകൂടം ഭാഷകളെ പല തട്ടുകളിലായി ശ്രേണീകരിച്ച് ഉത്തമം അധമം എന്നീ വിഭജനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യമില്ലാത്ത ഭാഷകൾ വിദ്യാഭ്യാസത്തിൽ അവഗണിക്കപ്പെട്ടു. ജനതയിൽ ഭൂരിപക്ഷ ഭാഷാസ്നേഹത്തെ ദേശസ്നേഹത്തിൻ്റെ അടയാളമാക്കി വളർത്തിയെടുത്തു.
ഇപ്രകാരം കോളനിവൽക്കരണ ലക്ഷ്യങ്ങളുടെ ഭാഗമായി രൂപം കൊണ്ട പാശ്ചാത്യരീതിയിലുള്ള ഭാഷാഭിമാനവും ദേശാഭിമാനവും യൂറോപ്യൻ ശക്തികളുമായുള്ള സമ്പർക്കത്താലും, ഈ യജമാനവർഗ്ഗങ്ങളെ ആദർശമാതൃകകളായി ഉൾക്കൊള്ളാൻ നിർബ്ബന്ധിതമായതിനാലും കോളനിയടിമ രാജ്യങ്ങളിലേക്കും എത്തപ്പെട്ടു. ദേശീയ വിമോചനത്തിൻ്റെ ഐക്യ പ്രതീകമായി മതത്തോടൊപ്പം തന്നെ ഭാഷയും രാഷ്ട്രീയ വിഷയമായി മാറുന്നത് എവിടെയും കാണാം. അതിനാൽ ഇന്ത്യയിൽ ഹിന്ദിയില്ലാതെയും പാക്കിസ്ഥാനിൽ ഉറുദുവില്ലാതെയും ദേശീയ വിമോചനത്തെപ്പറ്റി ചിന്തിക്കാൻ പോലും സാധ്യമല്ലെന്നായി.
അതായത് പാശ്ചാത്യ ലോകത്ത് കോളനിവൽക്കരണ യത്നങ്ങളുടെ ഭാഗമായി അനിവാര്യമായി മാറിയ ശക്തമായ കേന്ദ്രീകൃത ഭരണകൂടാധികാരം നിർമ്മിച്ചെടുക്കുന്നതിനുള്ള ജനസമ്മതിക്ക് ഭൂരിപക്ഷ ഭാഷയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയെങ്കിൽ ഇന്ത്യയിലും പാക്കിസ്ഥാനിലും ഭരണകൂടാധികാരം ശക്തമാക്കുന്നതിനും ആഭ്യന്തര കോളനീകരണം നടപ്പിലാക്കുന്നതിനുമുള്ള ജനപിന്തുണക്കു ഹിന്ദിയും ഉറുദുവും വഴിയൊരുക്കുന്നു.
പടിഞ്ഞാറ് എങ്ങനെയാണോ ഭരണകൂട നിർമ്മിതമായ ഭൂരിപക്ഷത്തിൻ്റെ ഭാഷാഭിമാനം ന്യൂനപക്ഷ ഭാഷകളെ നിഷ്ക്രിയമാക്കിയത് അതേപോലെ സ്വാതന്ത്ര്യാനന്തരം നിരവധി നാട്ടുഭാഷകൾ ഔദ്യോഗിക ഭാഷയുടെ അധിനിവേശത്തിൽ അസ്തപ്രജ്ഞരായി മാറിയിട്ടുണ്ട്. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിൻ്റെ മാതൃക ഏതാനും ഭൂരിപക്ഷ പ്രാദേശിക ഭാഷകൾക്ക് വ്യക്തിത്വ പ്രകാശനത്തിനും വളർച്ചക്കും അവസരം നൽകിയെങ്കിലും ഇന്ത്യയിലെ ന്യൂനപക്ഷഭാഷകൾ മൂന്നുതരം ഭാഷാധിപത്യങ്ങളുടെ അടിയിൽ ശ്വാസംമുട്ടി ഇല്ലാതായി കൊണ്ടിരിക്കുന്നു. അതിൽ ഒന്നാമത്തേത് മതരാഷ്ട വാദത്തിൻ്റെ ഭാഷാമുഖമായ ഹിന്ദിയുടെ മേൽക്കോയ്മയാണെങ്കിൽ, രണ്ടാമത്തെ ആധിപത്യം മലയാളം പോലുള്ള പ്രാദേശിക ഭൂരിപക്ഷ ഭാഷകളുടേതാണ്. മൂന്നാമത്തേതാകട്ടെ ഇനിയും ഭരണത്തിലും കോടതിയിലും മറ്റും ഔദ്യോഗിക പദവി നിലനിർത്തി പോരുന്ന ഇംഗ്ലീഷിൻ്റെ മേൽക്കോയ്മയാണ്.
ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ട് കേരളം പിറന്ന ഈ ദിനത്തിൽ കേരളത്തിലെ ന്യൂനപക്ഷഭാഷകളുടെ സ്ഥിതിയെ പറ്റിയാണ് നമ്മുടെ കണ്ണുതുറക്കേണ്ടത്. ആദിവാസികളുടെ തനതു ഭാഷകൾ (പണിയർ, ഇരുളർ, മുതുവാൻ തുടങ്ങിയവരുടെ), കാസറഗോഡു പ്രദേശങ്ങളിലെ തുളു തുടങ്ങിയ ഭാഷകൾ ഇവയെല്ലാം മലയാളത്തിൻ്റെ കേരള ദേശീയതയിൽ നിന്നും വംശനാശത്തിൻ്റെ കടുത്ത ഭീഷണികൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. ഇതിൻ്റെ കാരണം ഭാഷയെന്നത് കോളനിവൽക്കരണത്തിൻ്റെ രാഷ്ട്രീയ - സാംസ്ക്കാരിക ഉപകരണമായി നിൽക്കുന്നതാണ്. കേരളത്തിൽ ആദിവാസികളും മറ്റുമടങ്ങിയ ഭാഷാന്യൂനപക്ഷങ്ങൾ മലയാളിയുടെ ആഭ്യന്തര കോളനിവൽക്കരണത്തിൻ്റെ ഇരകളാണല്ലോ. മലയാളിയെന്ന പൊതുബോധമാണ് ആദിവാസി ഭൂമിയും ഭാഷയും സംസ്ക്കാരവും കീഴടക്കപ്പെടേണ്ടതാണെന്ന വിശ്വാസത്തെ താങ്ങി നിർത്തുന്നത്.
ഇന്ന് പാശ്ചാത്യലോകത്ത് ന്യൂനപക്ഷ ഭാഷകൾ ഉയിർത്തെഴുന്നേൽക്കുന്നതു കാണാം. സ്പെയിനിൽ Catalan, Basque, Galician എന്നീ ഭാഷകളെ അംഗീകരിക്കാൻ നിർബ്ബന്ധിതമായി. ബ്രിട്ടൺ Welsh, Scots, Gaelic എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. അയർലൻ്റിൽ Irish Gaelic സ്ക്കൂളുകളിൽ പഠിപ്പിക്കുന്നു ഇപ്പോൾ. വെയ്ൽസ് ഭാഷയിലുള്ള മാധ്യമങ്ങൾക്ക് വെയ്ൽസ് സർക്കാർ പിന്തുണ നൽകുന്നു.
കോളനിവൽക്കരണത്തിനായി യൂറോപ്പിൽ അഞ്ചു നൂറ്റാണ്ട് മുമ്പ് നാമ്പിട്ട ദേശരാഷ്ട്രം, ദേശഭാഷ എന്നീ രാഷ്ട്രീയ-സാംസ്ക്കാരിക അധികാരങ്ങളാൽ ആയിരക്കണക്കിനു ഭാഷകൾ നഷ്ടപ്പെട്ടിരിക്കുന്നു. ഭാഷാനഷ്ടമെന്നത് സാംസ്ക്കാരിക വൈവിധ്യത്തിൻ്റെ തിരോധാനമാണ്. അത് ഒരു സമൂഹത്തിൻ്റെ തന്നെ പാർശ്വവൽക്കരണവും നിർമ്മാർജ്ജനവുമാണ്. അതാകട്ടെ ജനാധിപത്യത്തിൻ്റെ ലേബലിൽ നടക്കുന്ന ഭൂരിപക്ഷത്തിൻ്റെ അധികാര പ്രയോഗമാണ്. എന്നാൽ യഥാർത്ഥ ജനായത്തമാകട്ടെ അധികാരത്തിൻ്റെ വ്യാജമായ വൈകാരിക ഭൂരിപക്ഷ നിർമ്മിതിയിൽ നിന്നും സമ്പൂർണ്ണമായ ന്യൂനപക്ഷ സംരക്ഷണമല്ലാതെ മറ്റൊന്നല്ല.