കുടില പദ്ധതിയുടെ കാലത്തെ മിത്ത്​, യാഥാർഥ്യം

‘ഗണപതിയുടെ ഉല്‍പ്പത്തിയെ കുറിച്ചുള്ള ജനിതകശാസ്ത്ര കഥയെയും ക്ഷീരസേവയെയും മറ്റും ഹാസ്യരൂപേണ മാത്രം കേട്ടിരുന്ന കേരളീയ മനസ്സുകളില്‍ യാഥാര്‍ത്ഥ്യബോധത്തിനു പകരം മിത്തുകളിലുള്ള വിശ്വാസം കൊണ്ടു നിറയ്ക്കാനുള്ള അത്യന്തം കുടിലമായ ഒരു പദ്ധതിയുടെ ഭാഗമായി ഇപ്പോഴത്തെ വിവാദങ്ങൾ മനസ്സിലാക്കപ്പെടണം’- വി. വിജയകുമാർ എഴുതുന്നു.

ന്ത്യയിലെ പ്രമുഖ ചരിത്രകാരനായ ദാമോദര്‍ ധര്‍മ്മാനന്ദ് കൊസാംബിയുടെ പ്രധാനപ്പെട്ട രചനകളിലൊന്നായ 'മിത്തും യാഥാര്‍ത്ഥ്യവും' പുറത്തിറങ്ങുന്നത് 1962- ലാണ്. 61 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മിത്തുകള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും ഇടയിലെ വൈരുദ്ധ്യങ്ങളെ വിസ്തൃതമായി വികലനം ചെയ്യുന്നതിനപ്പുറം മിത്തുകളെ അഴിക്കാന്‍ശ്രമിച്ചുകൊണ്ട്, അവയ്ക്കടിയിലെ യാഥാര്‍ത്ഥ്യത്തെ വിവൃതമാക്കാനാണ് കൊസാംബി ആ പുസ്തകത്തിലൂടെ ശ്രമിക്കുന്നതെന്ന് അതിന്റെ ഉപരിതലത്തെ സ്പര്‍ശിക്കുന്ന പരിശോധനകള്‍ നടത്തുന്നവര്‍ക്കു പോലും ഗ്രഹിക്കാന്‍ കഴിയും.

വിശ്വാസങ്ങളും ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും പോലും മനുഷ്യമനസ്സിനെ കീഴടക്കി കഴിഞ്ഞാല്‍ അത് ഒരു ഭൗതികശക്തിയായി പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ചിലപ്പോള്‍ (ചില ചരിത്രസന്ദര്‍ഭങ്ങളില്‍, ചില സവിശേഷസമൂഹങ്ങളില്‍) ജീവിതത്തിലെ അനുഭവയാഥാര്‍ത്ഥ്യത്തേക്കാളും കടുത്ത ഭൗതികശക്തിയായി അതു മാറിത്തീരുമെന്നും മാര്‍ക്സിസ്റ്റ് വികലനരീതികള്‍ അവലംബിച്ചിരുന്ന കൊസാംബിക്ക് അറിയാമായിരുന്നു. മിത്തും യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ട പഠനങ്ങളെ ഇന്ത്യന്‍ സംസ്‌കാരരൂപീകരണത്തെ കുറിച്ചുള്ള പഠനങ്ങളായിട്ടാണ് അദ്ദേഹം കണ്ടത്. പുസ്തകത്തിന്റെ ഉപശീര്‍ഷകമായി ഇതു പ്രത്യക്ഷപ്പെടുന്നതും നമുക്കു കാണാം. ഭഗവത്ഗീതയുടെ സാമൂഹിക, സാമ്പത്തികവശങ്ങളെ കുറിച്ചും അമ്മ ദൈവാരാധനാസ്ഥലങ്ങളെ കുറിച്ചും ഒക്കെ പഠിക്കുന്ന കൊസാംബിയുടെ പുസ്തകത്തിന്റെ ആമുഖത്തില്‍ തന്നെ ഗണേശനെ (ഗണപതിയെ) കുറിച്ചുള്ള ചില പരാമര്‍ശങ്ങളുണ്ട്. തങ്ങളുടെ വര്‍ഗീയപ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ഒരു പ്രതീകവും തര്‍ക്കവിഷയവുമായി ഗണപതിയെ സംഘപരിവാറും മറ്റു പുനരുത്ഥാനവാദത്തിന്റെ ശക്തികളും ഉയര്‍ത്തിക്കൊണ്ടുവരികയും അതിനെ ശാസ്ത്രയാഥാര്‍ത്ഥ്യത്തിന്റെ മുകളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സമകാലസന്ദര്‍ഭത്തില്‍ ചരിത്രത്തിനുള്ളില്‍ ഗണേശമിത്തിന്റെ സ്ഥാനം കണ്ടെത്താനും അതിന്റെ യാഥാര്‍ത്ഥ്യത്തെ വെളിവാക്കാനും കൊസാംബി എഴുതുന്ന വാക്കുകളെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു.

ദാമോദര്‍ ധര്‍മ്മാനന്ദ് കൊസാംബി

'...ശിവസമാനനായ ദൈവം നേരത്തെ പ്രധാന ആരാധനാമൂര്‍ത്തികളായിരുന്ന അമ്മദൈവങ്ങളുമായി ഒരു ഘട്ടത്തില്‍ അക്രമാസക്തമായ സംഘര്‍ഷങ്ങളില്‍ വരെ എത്തുകയുണ്ടായി...തറയില്‍ വീണുകിടക്കുന്ന ശിവന്റെ ശരീരം, ഒരു വേള മൃതശരീരം, പാര്‍വ്വതി കാളിയുടെ രൂപത്തില്‍ ചവിട്ടിമെതിക്കുന്നതായി കാണിക്കുന്ന വിഗ്രഹങ്ങളുടെയും കാളിഘട്ടിലെ ചിത്രങ്ങളുടെയും മേല്‍ വെളിച്ചം വീശാന്‍ മേല്‍ ചൊന്ന വസ്തുതകള്‍ ഉപകരിക്കും. പാര്‍വ്വതിയുടെ ചവിട്ടടിയില്‍ നിന്ന്​ ശിവന്‍ വീണ്ടും ജീവന്‍ പ്രാപിക്കുന്നത് അനിഷേധ്യമായ ഒരു സംഘര്‍ഷത്തെ ലഘൂകരിക്കാനായി കൂട്ടിച്ചേര്‍ത്തതാണെന്നത് സ്പഷ്ടമാണ്. വിവാഹത്തിലൂടെ ശിവ- പാര്‍വ്വതീ സംഗമം നടന്നെങ്കിലും ഒരു ചൂതുകളിയിലൂടെ പാര്‍വ്വതി ശിവന്റേതായ സകലതും അപഹരിച്ചെടുത്തതായി വിശ്വസിച്ചു പോരുന്നുണ്ട്. നന്ദിയെന്ന കാള, സര്‍പ്പം, ഭൂതഗണങ്ങള്‍ എന്നിവരും ആനത്തലയുള്ള ഗണേശന്‍, ആറുതലയുള്ള സ്‌കന്ദന്‍ എന്നീ മക്കളും അദ്ദേഹത്തിന്റെ അനുഗാമികളാണ്. മിത്ത് അനുസരിച്ച്, പാര്‍വ്വതിയുടെ ശരീരത്തില്‍ നിന്നുണ്ടായ മകന്‍ ശിവന്റേതല്ലെന്നും ശിവന്‍ ആ കുട്ടിയുടെ തല ഛേദിച്ചശേഷം പിന്നീട് ആനയുടെ തല പകരം വെച്ചതുമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. മറിച്ച്, സ്‌കന്ദനാകട്ടെ, ശിവബീജത്തിലൂടെയാണെങ്കിലും പാര്‍വ്വതി അവനെ ഗര്‍ഭം ധരിച്ചിട്ടില്ല.
... എല്ലാ പ്രാകൃത ഉര്‍വ്വരതാനുഷ്ഠാനങ്ങളിലും ഗോത്രവൈദ്യന്റെയോ മന്ത്രവാദിയുടെയോ നൃത്തം ഒരു അവശ്യഘടകമായിരുന്നുവെന്നു മനസ്സിലാകുന്നതോടെ എന്തുകൊണ്ട് ശിവന്‍ ഒരു ബ്രഹ്മാണ്ഡ നര്‍ത്തകനായിരുന്നുവെന്നത് വിശദീകരിക്കാനുള്ള വഴി വ്യക്തമാകുന്നു. ...ചിലപ്പോഴൊക്കെ ആനത്തലയുള്ള ഗണേശനും ഒരു നര്‍ത്തകനായി -നൃത്തഗണേശ്- പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു പ്രാചീന ആനയുടെ മുഖംമൂടിയും ധരിച്ച് കൈകള്‍ കൊണ്ട് ആനക്കൊമ്പുകളെ അനുകരിച്ചു നൃത്തമാടുന്ന യൂറോപ്യന്‍ ഹിമയുഗനര്‍ത്തകനുമായി ഗണേശന് യാതൊരു ബന്ധവുമില്ലേ? ഇന്ത്യന്‍ ഗോത്രനര്‍ത്തകന് രണ്ടു കൈകള്‍ കൊണ്ടു മാത്രം ഒരേ സമയം ഒരു തുമ്പിക്കൈയും രണ്ടു കൊമ്പുകളും നടിച്ചു കാണിക്കാന്‍ കഴിയുമായിരുന്നില്ല. ഗണേശന് ഒറ്റക്കൊമ്പു മാത്രമേയുള്ളൂവെന്ന വസ്തുതയെ അത്തരം നര്‍ത്തകര്‍ വിശദീകരിക്കുന്നില്ലേ?'

ഹിന്ദുത്വ കർസേവകർ ബാബറി മസ്​ജിദ്​ തകർക്കുന്നു.

കൊസാംബിക്കുശേഷവും ചരിത്രസാമഗ്രികള്‍ക്കനുസരണം ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്ന ചരിത്രപഠനരീതി ഇവിടെ നിലനിന്നിരുന്നു. കൊസാംബിയുടെ ചരിത്രരചനാരീതി അദ്വിതീയമാണെന്നോ അതു വിമര്‍ശിക്കപ്പെട്ടുകൂടെന്നോ വാദിക്കുന്ന ഒരു സമീപനത്തില്‍ നിന്നുകൊണ്ടല്ല ഈ വാക്കുകള്‍ എഴുതുന്നത്. ചരിത്രരചനയില്‍ ചരിത്രസാമഗ്രികളോടൊപ്പം പ്രത്യയശാസ്ത്രവും ആത്മനിഷ്ഠതയും ഒക്കെ പ്രവര്‍ത്തിക്കുന്നുണ്ടാകും. ഇന്ത്യയിലെ ഇടതു ചരിത്രകാരന്മാര്‍ക്കും പ്രശ്നങ്ങളും പരിമിതികളും ഉണ്ടെന്നു തന്നെ കരുതണം. കേവലചരിത്രം, നിഷ്പക്ഷചരിത്രം എന്നൊക്കെ പറയുന്നത് ആദര്‍ശാത്മകപാഠങ്ങളാണ്. ചരിത്രത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് നമുക്കു ലഭ്യമാകുന്നതെന്നു തീര്‍ച്ച. വൈദേശിക ചരിത്രകാരന്മാര്‍ക്കും ഓറിയന്റലിസ്റ്റു ചരിത്രകാരന്മാര്‍ക്കും ദേശീയ ചരിത്രകാരന്മാര്‍ക്കും മാര്‍ക്സിസ്റ്റു ചരിത്രകാരന്മാര്‍ക്കും കീഴാള ചരിത്രകാരന്മാര്‍ക്കും ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് വ്യത്യസ്ത പരിപ്രേക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ വ്യത്യസ്ത നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നു. അവയെല്ലാം ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങളില്‍ വ്യത്യസ്ത അനുപാതങ്ങളിലാണെങ്കിലും കടന്നുവന്നിരുന്നു. ചരിത്രവിദ്യാര്‍ത്ഥികള്‍ ചരിത്രത്തിലെ വ്യത്യസ്ത സ്‌കൂളുകളെ കുറിച്ചു പഠിച്ചിരുന്നു. അവരുടെ ആശയങ്ങള്‍ക്കിടയില്‍ സംവാദമണ്ഡലങ്ങള്‍ തുറക്കപ്പെട്ടിരുന്നു. അങ്ങനെ, അര്‍ത്ഥപൂര്‍ണ്ണമായ ഒരു സംവാദമണ്ഡലം തുറക്കുന്നത് ജനാധിപത്യപരവും യാഥാര്‍ത്ഥ്യബോധാധിഷ്ഠിതവുമായ ഒരു വൈജ്ഞാനികാന്തരീക്ഷം സൃഷ്ടിക്കുന്നതിനാവശ്യമാണ്.

ചരിത്രരേഖകളുടെയും ഇതരസാമഗ്രികളുടെയും കൃത്രിമനിര്‍മ്മാണം, തങ്ങള്‍ക്ക് അനഭിമതമായ രേഖകള്‍ നീക്കം ചെയ്യല്‍ എന്നിങ്ങനെയുള്ള ക്രൂരകൃത്യങ്ങള്‍ ഹിന്ദുത്വചരിത്രകാരന്മാര്‍ എന്നു വിളിക്കേണ്ടവരുടെ നേതൃത്വത്തില്‍ ഇവിടെ അരങ്ങേറുന്നു.

ഒരു പരിധി വരെയെങ്കിലും ചരിത്രപഠനത്തില്‍ രാജ്യത്ത് നിലനിന്നിരുന്ന സന്തുലിതമായ അവസ്ഥയെ തകര്‍ത്തത് ബാബറി മസ്ജിദ് തകര്‍ക്കുന്നതിനോടൊപ്പവും, തുടര്‍ന്ന്​ വാജ്പേയി സര്‍ക്കാരിന്റെ കാലത്തും, ചരിത്രം തിരുത്തിയെഴുതുന്നതിനായി നടന്ന ഹിന്ദുത്വവാദികളുടെ ശ്രമങ്ങളാണ്. ചരിത്രരേഖകളുടെയും ഇതരസാമഗ്രികളുടെയും കൃത്രിമനിര്‍മ്മാണം, തങ്ങള്‍ക്ക് അനഭിമതമായ രേഖകള്‍ നീക്കം ചെയ്യല്‍ എന്നിങ്ങനെയുള്ള ക്രൂരകൃത്യങ്ങള്‍ ഹിന്ദുത്വചരിത്രകാരന്മാര്‍ എന്നു വിളിക്കേണ്ടവരുടെ നേതൃത്വത്തില്‍ ഇവിടെ അരങ്ങേറുന്നു. സിന്ധുതടനാഗരികതയിലെ കാളയെ കുതിരയാക്കാനും ബാബറി മസ്ജിദ് തകര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൃത്രിമമായി നിര്‍മ്മിച്ച ലിഖിതങ്ങളും മറ്റും ഒളിപ്പിച്ചു വയ്ക്കാനും മറ്റും നടന്ന ശ്രമങ്ങള്‍ ഓര്‍ക്കുക. (ബാബറി മസ്ജിദ് തകര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൃത്രിമമായി നിര്‍മ്മിച്ച തെളിവുകള്‍ ഒളിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് ഫ്രണ്ട്ലൈന്‍ ദ്വൈവാരിക വിശദമായ ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നത് ഞാന്‍ ഓര്‍ക്കുന്നു.)

രാഹുൽ ഗാന്ധി

ബുദ്ധകാലചരിത്രത്തെയോ മുഗള്‍ ചരിത്രത്തെയോ കുറിച്ചുള്ള വ്യാഖ്യാനങ്ങളില്‍ നമുക്കു തര്‍ക്കിക്കാം. എന്നാല്‍, ഗാന്ധിയുടെ വധം നേരിട്ടറിഞ്ഞവരുടെ തലമുറ ഈ മണ്ണില്‍ നിന്ന്​ പൂര്‍ണ്ണമായും പോയിട്ടില്ലല്ലോ? ഗാന്ധിവധത്തെ കുറിച്ചും അതിനെ തുടര്‍ന്ന് ആര്‍ എസ് എസ് നിരോധിക്കപ്പെട്ടതിനെ കുറിച്ചും ആര്‍ക്കാണ് സംശയം? അക്കാര്യങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ഹിന്ദുത്വസര്‍ക്കാര്‍ നീക്കുന്ന ഒരു സന്ദര്‍ഭമാണ്, രാജ്യത്തെ പരമോന്നതസഭകളിലെ പല രേഖകളും നശിപ്പിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണ്, രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം പോലും സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യുന്ന ഒരു സന്ദര്‍ഭമാണ്, ‘ഗാന്ധി ആത്മഹത്യ ചെയ്തതിന്റെ കാരണങ്ങള്‍’ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പറില്‍ പ്രത്യക്ഷപ്പെടുന്ന സന്ദര്‍ഭമാണ്, സിന്ധു നദീതടത്തിലെ കാളയെ കുതിരയാക്കി മാറ്റുന്ന സന്ദര്‍ഭമാണ് സമകാലത്തിന്റേത്. യാഥാര്‍ത്ഥ്യത്തെ ചരിത്രത്തില്‍ നിന്നും വിജ്ഞാനത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും തുടച്ചുനീക്കിക്കൊണ്ട് തങ്ങള്‍ക്കാവശ്യമുള്ള നുണകളേയും പുരാവൃത്തങ്ങളേയും വിശ്വാസങ്ങളേയും പകരം പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വത്തിന്റെ ദൂഷിതകാലമാണിത്.

ശാസ്ത്രം മേല്‍ക്കൈ നേടുന്ന മണ്ഡലങ്ങളില്‍ തങ്ങളുടെ വിശ്വാസങ്ങള്‍ശാസ്ത്രീയമാണെന്നു പ്രചരിപ്പിക്കാനും ഉറപ്പിക്കാനും ഹിന്ദുത്വ ശക്തികൾ അധികാരത്തെ ഉപയോഗിക്കുന്നു.

ഏറെ ദൂഷിതമായ ഈ സത്യാനന്തരസന്ദര്‍ഭത്തിലാണ് ഗണപതി തങ്ങള്‍ക്ക്​ മിത്തല്ലെന്നും ശാസ്ത്രത്തിനു മുകളിലാണ് വിശ്വാസത്തിനു സ്ഥാനമെന്നും ഒരു ജാതിസംഘടനയുടെ നേതാവ് പറയുന്നത്. ഇക്കാര്യങ്ങളെ ഘോഷിക്കുന്ന മ്ലേച്ചവും ലജ്ജാകരവുമായ നാമജപയാത്രകള്‍ നടത്തുന്നതും. ശാസ്ത്രം തങ്ങളുടെ ജീവിതത്തിനു നല്‍കിയിട്ടുള്ള എല്ലാ സംവിധാനങ്ങളും സുഖസൗകര്യങ്ങളും ഉപയോഗിച്ചു കൊണ്ടാണ് ശാസ്ത്രത്തിനെതിരെ തങ്ങളുടെ വിശ്വാസത്തിനു വേണ്ടി ഇവര്‍ പ്രചരണങ്ങള്‍ നടത്തുന്നത്. ഗണപതിയുടെ ഉല്‍പ്പത്തിയെ കുറിച്ചുള്ള ജനിതകശാസ്ത്രകഥയേയും ക്ഷീരസേവയേയും മറ്റും ഹാസ്യരൂപേണ മാത്രം കേട്ടിരുന്ന കേരളീയ മനസ്സുകളില്‍ യാഥാര്‍ത്ഥ്യബോധത്തിനു പകരം മിത്തുകളിലുള്ള വിശ്വാസം കൊണ്ടു നിറയ്ക്കാനുള്ള അത്യന്തം കുടിലമായ ഒരു പദ്ധതിയുടെ ഭാഗമായി ഇതു മനസ്സിലാക്കപ്പെടണം. ഹിന്ദുത്വശക്തികള്‍ അവയുടെ പ്രവര്‍ത്തനങ്ങളിലുടനീളം യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നതും മിത്തുകളേയും കെട്ടുകഥകളേയും നിര്‍മ്മിക്കുന്നതും അവയുടെ ബോധപൂര്‍വ്വമായ പ്രചാരണത്തിലൂടെ ജനാധിപത്യത്തിന്റേയും പൗരാവകാശത്തിന്റേയും ശാസ്ത്രബോധത്തിന്റേയും സ്ഥാപനങ്ങളെ ഒന്നൊന്നായി നിഹനിക്കുന്നതും നാം കണ്ടു കൊണ്ടിരിക്കുന്നു. ജീവിതനിലവാരവുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര സൂചകങ്ങളുടെ കാര്യത്തിലും ഇന്ത്യാമഹാരാജ്യം കൂടുതല്‍ കൂടുതല്‍ നീചമായ സ്ഥിതിയിലേക്കു നിപതിച്ചുകൊണ്ടിരിക്കുമ്പോഴും രാജ്യത്തെ ചൂഴ്ന്നുനില്‍ക്കുന്ന ദാരിദ്ര്യമോ വിലക്കയറ്റമോ തൊഴിലില്ലായ്മയോ സ്ത്രീ സുരക്ഷയോ മാധ്യമസ്വാതന്ത്ര്യമോ പോലുള്ള പ്രശ്നങ്ങളില്‍ തരിമ്പും ശ്രദ്ധിക്കാതെ പ്രതിമകളുടെയും ക്ഷേത്രങ്ങളുടെയും പാര്‍ലമെന്റ് മന്ദിരത്തിന്റെയും മറ്റും നിര്‍മ്മാണത്തിനും പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവം ഉയര്‍ത്തിക്കാണിക്കുന്നതിനും കോടിക്കണക്കിനു രൂപ ചെലവഴിക്കുന്ന ഹിന്ദുത്വ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യത്തെ അഭിസംബോധന ചെയ്യാതെ മിത്തുകളെ നിര്‍മ്മിക്കുന്ന പ്രക്രിയയിലാണ് മുഴുകിയിരിക്കുന്നതെന്നു കാണാം.

എൻ.എസ്​.എസ്​ ജനറൽ​ സെക്രട്ടറി ജി. സുകുമാരൻ നായർ

യാഥാര്‍ത്ഥ്യത്തിലുപരി മിത്തുകളെയാണ് നിരക്ഷരരോ വിദ്യാരഹിതരോ ശാസ്ത്രാവബോധം ആര്‍ജ്ജിക്കാത്തതോ ആയ ജനങ്ങള്‍ ആശ്രയിക്കുന്നതെന്നും അതിനാണ് ദീര്‍ഘകാലം മനുഷ്യമനസ്സുകളെ കീഴ്പ്പെടുത്താന്‍ കഴിയുന്നതെന്നും അറിയുന്ന ഹിന്ദുത്വത്തിന്റെ ഭരണം പാചകവാതകത്തിന്റെ വില കുറയ്ക്കുന്നതോ പാവപ്പെട്ട ജനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതോ ചെയ്യുന്നതിനേക്കാളുപരിയായി, തങ്ങള്‍ക്കു ചെയ്യാനുള്ളത് ദീര്‍ഘകാലം മനുഷ്യരില്‍ വിശ്വാസമായി നിലകൊള്ളുന്ന ക്ഷേത്രങ്ങളോ പ്രതിമകളോ നിര്‍മ്മിക്കലാണെന്നു തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. അത്യന്തം കുടിലമായ ഒരു ബുദ്ധിയാണിത്. ജനങ്ങളെ ദാരിദ്ര്യത്തിനും ദുരിതങ്ങള്‍ക്കും വര്‍ഗ്ഗീയകലാപങ്ങള്‍ക്കും എറിഞ്ഞു കൊടുത്തുകൊണ്ട് ഹിന്ദുത്വം അധികാരത്തെ ഉറപ്പിക്കാനും ഹിന്ദുരാഷ്ട്രപദ്ധതികളെ മുന്നോട്ടു കൊണ്ടുപോകാനും ശ്രമിക്കുകയാണ്. യാഥാര്‍ത്ഥ്യത്തെ വിളംബരം ചെയ്യുന്നതും ജനങ്ങളുടേയും രാജ്യത്തിന്റേയും ജീവിതനിലവാരത്തേയും സാമ്പത്തികസ്ഥിതിയേയും മറ്റും കുറിക്കുന്നതുമായ സര്‍വ്വേഫലങ്ങളെ അത് അട്ടിമറിക്കുന്നു. അട്ടിമറിക്കു കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥന്മാരെ പുറത്താക്കുന്നു. സംസ്‌കാരത്തിന്റേയും വിശ്വാസത്തിന്റേയും ചരിത്രത്തിന്റേയും മണ്ഡലങ്ങളില്‍ മിത്തിനെ വളര്‍ത്തിയെടുക്കുന്നവര്‍ രാഷ്ട്രീയത്തിലും ഭരണരംഗത്തും അതു തന്നെ നിര്‍വ്വഹിക്കുന്നു. അവര്‍ സൃഷ്ടിച്ച ഈ മിത്തുകളാണ് യാഥാര്‍ത്ഥ്യമെന്ന ബോധത്തെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന് എല്ലാത്തരം മാധ്യമങ്ങളേയും പണം കൊണ്ടും അധികാരശക്തി കൊണ്ടും തങ്ങളുടെ വരുതിയിലാക്കുന്നു. ശാസ്ത്രം ഉള്‍പ്പെടെ യാഥാര്‍ത്ഥ്യാധിഷ്ഠിതമായ വ്യവഹാരങ്ങളെ നിഹനിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ മലിനീകരിക്കുകയോ ചെയ്യുന്നു. ശാസ്ത്രം മേല്‍ക്കൈ നേടുന്ന മണ്ഡലങ്ങളില്‍ തങ്ങളുടെ വിശ്വാസങ്ങള്‍ ശാസ്ത്രീയമാണെന്നു പ്രചരിപ്പിക്കാനും ഉറപ്പിക്കാനും അധികാരത്തെ ഉപയോഗിക്കുന്നു.

സാമൂഹിക യാഥാര്‍ത്ഥ്യാധിഷ്ഠിതമല്ലാത്ത വിശ്വാസങ്ങള്‍ ഭൗതികശക്തിയായി മാറിത്തീര്‍ന്നതിന്റെ ചില ഫലങ്ങളാണ് ഗുജറാത്തിലും മണിപ്പുരിലും മറ്റും നാം കാണുന്നത്.

വിശ്വാസങ്ങളും ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും പോലും മനുഷ്യമനസ്സിനെ കീഴടക്കി കഴിഞ്ഞാല്‍ അത് ഒരു ഭൗതികശക്തിയായി പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ചിലപ്പോള്‍ (ചില ചരിത്രസന്ദര്‍ഭങ്ങളില്‍, ചില സവിശേഷസമൂഹങ്ങളില്‍) ജീവിതത്തിലെ അനുഭവയാഥാര്‍ത്ഥ്യത്തേക്കാളും കടുത്ത ഭൗതിക ശക്തിയായി അതു മാറിത്തീരുമെന്നും പറഞ്ഞു കൊണ്ടാണ് ഈ ലേഖനം ആരംഭിച്ചത്. സാമൂഹികയാഥാര്‍ത്ഥ്യാധിഷ്ഠിതമല്ലാത്ത വിശ്വാസങ്ങള്‍ ഭൗതികശക്തിയായി മാറിത്തീര്‍ന്നതിന്റെ ചില ഫലങ്ങളാണ് ഗുജറാത്തിലും മണിപ്പുരിലും മറ്റും നാം കാണുന്നത്. തങ്ങളുടെ ജീവിതസാഹചര്യങ്ങളുടെ നീചാവസ്ഥക്കു കാരണം അന്യഗോത്രക്കാരനാണെന്നോ അന്യമതസ്ഥനാണെന്നോ വിശ്വസിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നിടത്തോളം ഉറയ്ക്കുന്ന യാഥാര്‍ത്ഥ്യബോധരഹിതമായ വിശ്വാസങ്ങള്‍ മനുഷ്യര്‍ക്കു മനുഷ്യരോടു വെറുപ്പിനുള്ള കാരണമായി മാറുന്നു. കാലുഷ്യങ്ങളിലേക്ക്, കലഹങ്ങളിലേക്ക്, ലഹളകളിലേക്ക്, കലാപങ്ങളിലേക്ക്, കൂട്ടക്കൊലകളിലേക്ക് അതു നയിക്കപ്പെടുന്നു.

എൻ.എസ്​.എസ്​ നടത്തിയ നാമജപ ഘോഷയാത്ര

പ്രതിലോമകരമായ ഒരു പ്രതിപ്രയാണത്തെ ലക്ഷ്യമാക്കുന്ന പുനരുത്ഥാനവാദത്തിന്റെ ശക്തികള്‍ക്കെതിരെ, ഹിന്ദുത്വവാദത്തിനെതിരെ സാമൂഹിക യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാനും നമ്മുടെ നിലപാടുകളെ നിരന്തരം നവീകരിക്കാനും ജനാധിപത്യപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കാനും കഴിയുന്ന, പരമാവധി വസ്തുനിഷ്ഠതയുടെ മൂല്യങ്ങളെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രത്തിന്റെയും വിമര്‍ശനാത്മകചിന്തയുടേയും വ്യവഹാരങ്ങളെ സ്വീകരിക്കേണ്ടതുണ്ട്. ശാസ്ത്രത്തിനും വിമര്‍ശനാത്മകചിന്തയ്ക്കും വേണ്ടിയുള്ള വാദം ജനാധിപത്യപരമായ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള വാദമായി മാറിത്തീരേണ്ട പ്രകരണമാണിത്. അതുകൊണ്ടു തന്നെ ശാസ്ത്രത്തെ കേവലസത്യ(absolute truth)മായും 'ശാസ്ത്രദൈവ'മായും മറ്റും അവതരിപ്പിക്കുന്ന സത്താവാദപരമായ (Essentialist) വ്യാഖ്യാനങ്ങള്‍ ത്യജിക്കപ്പെടണമെന്നും ഞാന്‍ കരുതുന്നു.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments