മൂന്ന് ദശകം കൊണ്ട് കേരളീയ സമൂഹം പ്രധാനമായും ഇടത്തരക്കാർക്ക് ഭൂരിപക്ഷമുള്ള സമൂഹമായി മാറിയതായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പഠനം 2.0.
മുമ്പ് മൂന്നിലെന്നിൽ അൽപം കൂടുതൽ മാത്രമാണ് ഇടത്തരക്കാരുണ്ടായിരുന്നത്. അതിൽനിന്നാണ് ഈ മാറ്റം. ഉയർന്ന ഇടത്തരക്കാരുടെ എണ്ണത്തിൽ 140.5 ശതമാനത്തിന്റെ ഭീമമായ വർധനയാണുള്ളത്.
2004- നും 2019-നുമിടയിലുള്ള ഒന്നര ദശാബ്ദത്തിൽ കേരളീയ ജനജീവിതത്തിലുണ്ടായ മാറ്റങ്ങളാണ് രണ്ടാം കേരള പഠനത്തിലുള്ളത്.

കടത്തിലാക്കുന്ന വിവാഹം
മലയാളിയെ കടത്തിലാക്കുന്ന രണ്ട് വലിയ ചെലവുകൾ വിവാഹവും അപ്രതീക്ഷിത ചികിത്സാച്ചെലവുമാണെന്ന് കേരള പഠനം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിലെ വിവാഹച്ചെലവിനെക്കുറിച്ച് സർവേയിൽ ലഭ്യമായ ഉത്തരങ്ങളുടെ അടിസ്ഥാനത്തിൽ, കേരളത്തിൽ ഒരു വർഷം 22,810 കോടി രൂപയുടെ ചെലവുണ്ടാകുന്നുണ്ട്. (2004-ലെ വിലനിലവാരത്തിൽഇത് 8448 കോടി വരും). 2004-ലെ സർവേയിൽ ഇത് 6787 കോടിയായിരുന്നു. ഇതുവഴി ഓരോ കുടുംബത്തിനും വർഷം 28,338 രൂപയുടെ ബാധ്യത വരുന്നുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം കുടുംബവരുമാനത്തിന്റെ ഏതാണ്ട് 8.2 ശതമാനം വരുന്ന തുകയാണിത്. എന്നാൽ, 2004-നെ അപേക്ഷിച്ച് ഇതിൽ 14.7 ശതമാനത്തിന്റെ കുറവ് കാണിക്കുന്നുണ്ട്.

2004-ലെ സർവേയിൽ, താരതമ്യേന വിവാഹച്ചെലവ് കുറവുള്ള വിഭാഗമായിരുന്നു ആദിവാസികൾ. എന്നാൽ, 2019-ൽ ഇവർക്കിടയിലുണ്ടായ വർധന 277.4 ശതമാനമാണ്. അതിദരിദ്രവിഭാഗവും വിവാഹത്തിന് ശരാശരി 3,07,686 രൂപ ചെലവഴിക്കുന്നു. ഉയർന്ന ഇടത്തരക്കാരിൽ ഇത് 8,43,174 രൂപയാണ്.
വിവാഹച്ചെലവ് കൂടിയെങ്കിലും സ്ത്രീധനം വാങ്ങുന്നതിലും കൊടുക്കുന്നതിലും ഗണ്യമായ കുറവുണ്ട്. അതേസമയം, എല്ലാ രീതിയിലുമുള്ള സ്ത്രീധനങ്ങൾ കുറഞ്ഞതായി അനുഭവം വച്ച് പറയാനാകില്ല എന്നും പഠനത്തിലുണ്ട്.

സ്വർണ ഉപഭോഗം കുറഞ്ഞത് വൻ വിലവർധന മൂലമായിരിക്കാം. ശരാശരി 28 പവനിൽനിന്ന് 23 പവനായാണ് കുറഞ്ഞത്. 2019-ൽ 23 പവന് 8,10,060 രൂപയാണ് (2004-ൽ 3,03,393 രൂപ). 2004-ൽ 28 പവന് 1,63,800 രൂപ മതിയായിരുന്നു.
കിടത്തിച്ചികിത്സ എന്ന കൊടും ചെലവ്
ആശുപത്രിയിലെ കിടത്തിച്ചികിത്സയാണ് മറ്റൊരു വൻ ചെലവ്. ജീവിതശൈലീരോഗങ്ങൾ കൂടുന്നതാണ് ആളോഹരി ചികിത്സാചെലവ് കൂടാനുള്ള കാരണം. അതേസമയം, ഒറ്റത്തവണ ചികിത്സാചെലവ് വർധിച്ചിട്ടുമില്ല. കുടുംബച്ചെലവിൽ ചികിത്സാച്ചെലവിന്റെ അനുപാതം 2004-ല 13.9 ശതമാനമായിരുന്നത് 2019-ല 16.3 ശതമാനമായി. ആളോഹരി വാർഷിക ആരോഗ്യച്ചെലവ് കേരളത്തിൽഇന്ത്യൻ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. ആളോഹരി കണക്കിൽ ആരോഗ്യത്തിനായി സർക്കർചെലവാക്കുന്നതും കേരളത്തിൽ ഇന്ത്യൻ ശരാശരിയേക്കാൾ കൂടുതലാണ്. വ്യക്തിഗത ചെലവാണ് കേരളത്തിൽ കൂടുതൽ. ആകെ ചെലവിന്റെ 67.9 ശതമാനമാണ് കേരളത്തിൽ വ്യക്തിഗത ആരോഗ്യച്ചെലവ്. ഇന്ത്യൻ ശരാശരി 47.1 ശതമാനം മാത്രമാണിത്.

മരുന്നുവിലയാണ് ഏറ്റവും വലിയ ചെലവിനിടയാക്കുന്നത്. പല രോഗങ്ങൾക്കും പുതിയ മരുന്നുകൾ നിലവിൽവന്നതുകൊണ്ടും ഇതിന് വില താരതമ്യേന കുടുതലായതുകൊണ്ടും മൊത്തം ചികിത്സാച്ചെലവ് വർധിച്ചിട്ടുണ്ട്.
സാധ്യമാണ്
'സീറോ ദാരിദ്ര്യം'
2004-ലെ ആദ്യ കേരള പഠനത്തിനുശേഷം 15 വർഷത്തിനുള്ളിൽ വന്ന ഏറ്റവും നാടകീയ മാറ്റം, സാമ്പത്തിക ഗ്രൂപ്പുകളിലെ ഉയർന്ന ചലനാത്മകതയാണെന്ന് കേരള പഠനം 2.0 പറയുന്നു. അതിദരിദ്രരും ദരിദ്രരും 59.2, 26.9 ശതമാനം വീതം കുറഞ്ഞു. അതിദരിദ്രരിൽ ഇപ്പോൾ 5.7 ശതമാനം കുടുംബങ്ങളും 4.9 ശതമാനം വ്യക്തികളും മാത്രമാണുള്ളത്. എന്നാൽ, താഴ്ന്ന ഇടത്തരക്കാർ 4.7 ശതമാനമായി വളർന്നു.

ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള ജനങ്ങളുടെ അനുപാതം മൊത്തം ജനസംഖ്യയിൽ എത്രയാണ് എന്നു കാണിക്കുന്നതാണ് HCR (Poverty Head Count Ratio). പഠനം അനുസരിച്ച് ഏറ്റവും കൂടുതൽ HCR ഉള്ള ജില്ല കാസർകോടാണ്. പാലക്കാടും വയനാടുമാണ് തൊട്ടുപുറകിൽ. വടക്കൻ മേഖലയിലാണ് ഏറ്റവും കൂടുതൽ HCR. എന്നാൽ, ഏറ്റവും അധികം HCR കുറഞ്ഞതും ഈ മേഖലയിലാണ്- 30.5 ശതമാനത്തിൽനിന്ന് 14.1 ശതമാനമായി കുറഞ്ഞു.

പട്ടികജാതി- പട്ടികവർഗക്കാരുടെ ഇടയിലാണ് ദാരിദ്ര്യം ഏറ്റവും കൂടുതൽ, ഇവർക്കുപിന്നിൽ മുസ്‌ലിംകളാണ്. മുന്നാക്ക ഹിന്ദുക്കളുടെയും മുന്നാക്ക ക്രിസ്ത്യാനികളുടെയും ഇടയിലാണ് ദാരിദ്ര്യം കുറവ്. പിന്നാക്ക ഹിന്ദുക്കളുടെ സ്ഥിതി ശരാശരിക്കൊപ്പമാണ്. പട്ടികവർഗക്കാർ ഒഴികെയുള്ള എല്ലാ ഗ്രൂപ്പുകളിലും കഴിഞ്ഞ 15 വർഷത്തിനിടയിൽ HCR ഗണ്യമായി കുറഞ്ഞു. എന്നാൽ, പട്ടികവർഗക്കാരിൽ HCR 11.3 ശതമാനം കൂടി.

ദാരിദ്ര്യവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന സൂചകമാണ് ദാരിദ്ര്യവിടവ് അനുപാതം (Poverty Gap Ratio- PGR). ഉപഭോഗച്ചെലവിന്റെ വിതരണത്തിൽനിന്ന് ലഭിക്കുന്ന സൂചികയാണിത്. ദാരിദ്ര്യരേഖയുടെ ലെവലിൽനിന്ന് എത്ര കുറവാണ് ഉപഭോഗച്ചെലവ് എന്ന് അളന്നാണ് ഇത് കണക്കാക്കുന്നത്. കേരളത്തിൽ 2004- നും 2019-നും ഇടയ്ക്കുള്ള 15 വർഷത്തിൽ PGR കുത്തനെ ഇടിഞ്ഞു, പ്രത്യേകിച്ച് ഗ്രാമീണരിൽ. HCR-നൊപ്പം ദാരിദ്ര്യവിടവും ഈ കാലയളവിൽ കുറഞ്ഞു. അതായത്, കേരളത്തെ സംബന്ധിച്ച് ദാരിദ്ര്യം എന്നത് നിയന്ത്രിക്കാനാകുന്ന ഒരു പ്രശ്‌നമായി മാറിയെന്നും 'സീറോ ദാരിദ്ര്യം' അടുത്ത ഭാവിയിൽ തന്നെ നേടാവുന്ന ഒരു ലക്ഷ്യമായി മാറിയിരിക്കുന്നു എന്നും കാണുന്നു.
ഏറ്റവും കുറവ് ദാരിദ്ര്യ ഇൻഡക്‌സ് മുന്നാക്ക ക്രിസ്ത്യാനികളിൽ
ദാരിദ്ര്യത്തിന്റെയും സമ്പത്തിന്റെയും തോത് താരതമ്യം ചെയ്യുന്ന ദാരിദ്ര്യ ഇൻഡെക്‌സ് (Poverty Index) ആണ് മറ്റൊരു സൂചകം. ദരിദ്രരും ഇടത്തരക്കാരും തമ്മിലുള്ള അനുപാതമാണ് ദാരിദ്ര്യ ഇൻഡക്‌സ്. ദാരിദ്ര്യ ഇൻഡക്‌സ് എല്ലാ ജില്ലയിലും ഒന്നിൽ താഴെയായി എന്നത് ശ്രദ്ധേയമായ മാറ്റമായി കേരള പഠനം ചൂണ്ടിക്കാണിക്കുന്നു. 0.8 ശതമാനമുള്ള പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് ദാരിദ്ര്യ ഇൻഡക്‌സ് ഏറ്റവും കൂടുതൽ. 0.1 ശതമാനമുള്ള എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് കുറവ്.

ഗ്രാമ- നഗര വ്യത്യാസം 0.7 ശതമാനത്തിൽനിന്ന് 0.2 ശതമാനമായി കുറഞ്ഞു. ഏറ്റവും കുറവ് മധ്യമേഖലയിലാണ്, പിന്നെ ഉത്തരമേഖലയിലും.
സാമൂഹിക വിഭാഗങ്ങളിൽ പട്ടികവർഗ വിഭാഗം മാത്രമാണ് ദാരിദ്ര്യ ഇൻഡക്‌സ് ഒന്നിനു മുകളിലുള്ളത്. 4.7 ശതമാനമെന്ന ഉയർന്ന നിരക്കാണ് ഈ വിഭാഗത്തിലുള്ളത്. പട്ടികജാതിക്കാരിൽ മൂന്നിൽനിന്ന് 66.7 ശതമാനം കുറഞ്ഞ് ഒന്നായി. ഏറ്റവും കുറവ് ദാരിദ്ര്യ ഇൻഡക്‌സ് മുന്നാക്ക ക്രിസ്ത്യാനികളിലാണ്, പിന്നെ മുന്നാക്ക ഹിന്ദുക്കളിലും. ഇവർ തമ്മിലുള്ള അന്തരം വളരെ കുറഞ്ഞിട്ടുമുണ്ട്.

മൊത്തത്തിൽ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള വരുമാനത്തിന്റെയും ദാരിദ്ര്യത്തിന്റെയും അന്തരത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. എന്നാൽ, പട്ടികവർഗക്കാർ മാത്രം ഇതിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്നു. പൊതുവെ ജീവിതനിലവാരത്തിലുണ്ടായ ഉയർന്ന ഇവർക്ക് ബാധകമായിട്ടില്ല എന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
റേഷൻ കാർഡില്ലാത്ത വീടുകൾ
5.8 ശതമാനം
5.8 ശതമാനം വീടുകളിൽ റേഷൻ കാർഡില്ല. സാമ്പിളിലെ 8.2 ശതമാനം വീടുകളിൽ അന്ത്യോദയ സ്‌കീമിന്റെ മഞ്ഞക്കാർഡാണുള്ളത്. അതിദരിദ്രർ- 26.2, ദരിദ്രർ- 13.1, താഴ്ന്ന ഇടത്തരക്കാർ- 7.5, ഉയർന്ന ഇടത്തരക്കാർ- 0.9 ശതമാനം വീതം ഇതിലുൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണെന്ന് പഠനം പറയുന്നു. അതേസമയം യാതൊരു ആനുകൂല്യങ്ങളുമില്ലാത്ത വെള്ളക്കാർഡുകൾ വളരെ പാവപ്പെട്ട അതിദരിദ്ര വിഭാഗങ്ങളിലെ 2.8 ശതമാനത്തിന് നൽകിയതായി കണ്ടെത്തി.

വരുമാനം, സമ്പത്ത്, ഉപഭോഗം എന്നിവ എത്രത്തോളം തുല്യമായി വിതരണം ചെയ്യപ്പെടുന്നു എന്ന് അളക്കുന്നതിനുള്ള സൂചികയാണ് ജിനി ഇൻഡെക്‌സ് (Gini Index). ഗ്രാമീണമേഖലയിലെ ഉപഭോഗച്ചെലവുകളുടെ ജിനി ഇൻഡെക്‌സ് ഏറ്റവും കൂടുതൽ കേരളത്തിലാണ്. കേരളത്തിന്റെ മൊത്തം ജിനി ഇൻഡെക്‌സ് 2004-ൽ 0.42 ആയിരുന്നത് 2019-ൽ 0.43 ആയി. അസമത്വത്തിന്റെ തോതിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്ന് ഇത് കാണിക്കുന്നു. 2019-ൽ ഭൂമി ഉടമസ്ഥതയുടെ ജിനി ഇൻഡെക്‌സ് 0.285 ആയി ഉയർന്നു (2004-ൽ 0.22). കൃഷിയേതര ആവശ്യങ്ങൾക്കായി ഭൂമി ഏകീകരിക്കപ്പെടുന്നു എന്നാണിത് സൂചിപ്പിക്കുന്നത്.
ഭൂമി വിൽപ്പന എന്തിന്?
വാങ്ങുകയും വിൽക്കുകയും ചെയ്ത ഭൂമിയുടെ അഞ്ചു വർഷത്തെ കണക്ക് പഠനത്തിലുണ്ട്. 2004-ൽ ഒരു ലക്ഷം കുടുംബങ്ങൾക്കുള്ള നിരക്ക് കണക്കാക്കിയപ്പോൾ ഭൂമി വിൽപ്പന നടന്നത് 148 കോടിയുടെയും വാങ്ങിയിട്ടുള്ളത് 143 കോടിയുടേതുമാണ്. 2019-ൽ ഇത് യഥാക്രമം 665 കോടിയും 584 കോടിയുമായിരുന്നു. ഭൂമി വിൽക്കുന്നതിന് 2004-ൽ കണ്ടെത്തിയ കാരണങ്ങൾ ഇപ്പോഴും തുടരുന്നതായി പഠനം പറയുന്നു.

താഴ്ന്ന വരുമാനക്കാരിൽ ഭൂമി വിൽക്കുന്നത് മിക്കവാറും കല്യാണം, കടംവീട്ടൽ, ചികിത്സാച്ചെലവുകൾ തുടങ്ങിയവയ്ക്കാണ്. പാവപ്പെട്ടവരിൽ ചികിത്സാച്ചെലവിന് ഭൂമി വിൽക്കുന്നില്ല എന്നത് ശ്രദ്ധേയമാണെന്ന് പഠനം പറയുന്നു. പാവപ്പെട്ടവർക്കായി ആവിഷ്‌കരിച്ചിട്ടുള്ള ചികിത്സാപദ്ധതികളാകാം ഇതിനു കാരണമെന്ന് പഠനം സൂചിപ്പിക്കുന്നു.
ഭൂമി കൂടുതൽ
ക്രിസ്ത്യൻ വിഭാഗത്തിന്
കേരളത്തിലെ ശരാശരി ഭൂവുടമസ്ഥത 50.4 സെന്റാണ്. 2004-ൽ ഇത് 82.8 സെന്റായിരുന്നു. കുടുംബങ്ങളുടെ എണ്ണം കൂടിയതും കൈവശഭൂമി വിഭജിച്ചുപോയതുമാകാം കുറവിന് കാരണം. സാമൂഹിക വിഭാഗങ്ങളിൽ ഹിന്ദു, മുസ്‌ലിം വിഭാഗങ്ങളേക്കാൾ ഭൂമി കൂടുതൽ കൈവശമുള്ളത് ക്രിസ്ത്യൻ വിഭാഗത്തിനാണ്. ഇവർ കാർഷികവൃത്തിയിൽ കൂടുതൽ ഇടപെടുന്നതുമൂലമാകാമിത്.

ജാതിഗ്രൂപ്പുകളിൽ മുന്നാക്കവിഭാഗങ്ങൾക്കാണ് ഭൂമിയിൽ ഉടമസ്ഥത കൂടുതൽ. ഭൂവുടമസ്ഥതയിൽ ഏറ്റവും പിന്നാക്കം എസ്.സി വിഭാഗമാണ്. ആദിവാസികൾക്ക്, വൻതോതിലല്ലെങ്കിലും മറ്റു പല വിഭാഗങ്ങളെയും അപേക്ഷിച്ച് കൂടുതൽ ഭൂമിയുണ്ട്.
ആഭ്യന്തര വരുമാനം കൂടുതൽ
കോട്ടയത്ത്
കേരളത്തിൽ ആഭ്യന്തര വരുമാനം ഏറ്റവും കൂടുതലുള്ള ജില്ല കോട്ടയമാണ്. എറണാകുളം, വയനാട് ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. പുറംവരുമാനം കൂടുതലുള്ളത് പത്തനംതിട്ട, മലപ്പുറം, തൃശൂർ ജില്ലകളിലാണ്. മധ്യമാന വരുമാനത്തെ (Median Income) മെച്ചപ്പെട്ട വസ്തുനിഷ്ഠമായ സൂചികയായി പരിഗണിച്ചാൽ, എറണാകുളമാണ് മുന്നിലെന്ന് പഠനം പറയുന്നു. തുടർന്ന് തൃശൂരും കോഴിക്കോടുമാണ്. ഇടുക്കിയും കാസർകോഡും പത്തനംതിട്ടയുമാണ് മധ്യമാന വരുമാനത്തിൽ ഏറ്റവും പിന്നിൽ. രണ്ട് സർവേകൾക്കിടയിലെ 15 വർഷത്തിലെ കണക്കെടുത്താൽ യഥാർത്ഥ മധ്യമാന വരുമാനത്തിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായത് പാലക്കാട്, വയനാട്, ആലപ്പുഴ ജില്ലകളിലാണ്.

ആളോഹരി വരുമാനത്തിന്റെ മധ്യമാന കണക്കിൽ എറണാകുളം, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് മുന്നിൽ. സർവേ അനുസരിച്ച് കേരളത്തിന്റെ പ്രതിശീർഷവരുമാനം 85,655 രൂപയാണ്. ഇതിന്റെ മധ്യമാന അളവ് 57,000 രൂപയാണ്.
വരുമാനം കൂടുതൽ
ഹിന്ദു- മുന്നാക്ക ക്രിസ്ത്യൻ
വിഭാഗങ്ങൾക്ക്
വിവിധ സാമ്പത്തിക ഗ്രൂപ്പുകൾക്കിടയിൽ വരുമാനത്തിൽ വർധിച്ച അസമത്വം കാണുന്നു. ഏറ്റവും ഉയർന്ന സാമ്പത്തിക ഗ്രൂപ്പിന്റെ ശരാശരി വരുമാനം തൊട്ടുതാഴത്തെ ഗ്രൂപ്പിന്റേതിനേക്കാൾ ഏതാണ്ട് ഇരട്ടിയും ഏറ്റവും ദരിദ്രഗ്രൂപ്പിന്റേതിനേക്കാൾ പത്തിരട്ടിയോളവുമാണ്. ഏറ്റവും കൂടുതൽ വരുമാനമുള്ള സാമൂഹിക വിഭാഗം ഹിന്ദു, മുന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങളാണ്. ഏറ്റവും കുറവ് എസ്.സി, എസ്.ടി, മുസ്‍ലിം വിഭാഗങ്ങളും. ആളോഹരി വരുമാനത്തിൽ മുസ്‌ലിം വിഭാഗത്തിൽ കുടുംബാംഗങ്ങൾ കൂടുതലുള്ളത് പ്രതികൂലമായി കാണാൻ കഴിയും.

എല്ലാ സാമ്പത്തിക ഗ്രൂപ്പുകളിലും കേവല വരുമാന വർധനയും യഥാർഥ വരുമാന വർധനവുമുണ്ടായിട്ടുണ്ട്. ദരിദ്രർ, താഴ്ന്ന ഇടത്തരക്കാർ എന്നീ വിഭാഗങ്ങളുടെ വരുമാന വർധന ഉയർന്ന ഇടത്തരക്കാരിലേതിനേക്കാൾ ഉയർന്നതാണ്. ഇത്, വിവിധ സാമ്പത്തിക ഗ്രൂപ്പുകളിലുള്ള അസമത്വത്തിന്റെ തോത് കുറയുന്നതിനെ സൂചിപ്പിക്കുന്നു. എല്ലാ സാമൂഹിക വിഭാഗങ്ങളും സ്ഥിരമായ വിലകളിൽ വരുമാനത്തിൽ ഗണ്യമായ വർധന കാണിക്കുന്നു. പുറത്തുനിന്ന് പണം അയക്കാത്ത കുടുംബങ്ങളെ അപേക്ഷിച്ച് പണമയക്കുന്ന കുടുംബങ്ങളിലാണ് യഥാർഥ വരുമാനവർധന കൂടുതലുള്ളത്. ഗ്രാമീണ കുടുംബങ്ങൾ വരുമാനത്തിൽ ഉയർന്ന വർധനവോടെ നഗരപ്രദേശങ്ങളുടെ ഒപ്പമെത്തുന്നു, ഇത് ഗ്രാമീണ മേഖലകളുടെ ദ്രുതഗതിയിലുള്ള നഗരവൽക്കരണത്തിന്റെ സൂചനയാകാം.

ഒരാളെങ്കിലും പുറത്ത് പണി ചെയ്ത് വീട്ടിലേക്ക് പണമയക്കുന്ന കുടുംബങ്ങളുടെ അനുപാതത്തിൽ 2019-ൽ നേരിയ വർധനയുണ്ട്, 17 ശതമാനം. 2004-ൽഇത് 15.8 ശതമാനമായിരുന്നു. ഈ കുടുംബങ്ങൾ മലപ്പുറം ജില്ലയിലാണ് കൂടുതൽ, 25.5 ശതമാനം. പത്തനംതിട്ട, കാസർകോഡ് ജില്ലകളാണ് തൊട്ടടുത്ത്. ചില ജില്ലകളിൽ ഇത്തരം കുടുംബങ്ങളുടെ എണ്ണം കൂടിയപ്പോൾ മറ്റു ചിലയിടങ്ങിൽ കുറഞ്ഞു. പത്തനംതിട്ടയിലാണ് വർധന കൂടുതൽ, 10.1 ശതമാനം. കാസർകോട് 8.1 ശതമാനമാണ്. അതായത്, പുറംവരുമാനമുള്ള കുടുംബങ്ങളുടെ വർധന ഏറ്റവും കൂടുതൽ പത്തനംതിട്ട ജി്ല്ലയിലാണ്. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ നേരിയ കുറവുണ്ട്.
മൂന്നിലൊന്ന് മുസ്‌ലിം കുടുംബങ്ങളിൽ ഒരാൾ പുറത്ത് പണിയെടുക്കുന്നു. എസ്.സി- എസ്.ടി കുടുംബങ്ങളിൽ പുറത്ത് പണിയെടുക്കുന്നവർ വളരെ കുറവാണ്. പ്രവാസികളിൽനിന്ന് കൂടുതൽ വരുമാനം ലഭിക്കുന്ന കുടുംബങ്ങൾ മുന്നാക്ക ക്രിസ്ത്യാനികളുടേതാണ്. താഴ്ന്ന- ഉയർന്ന ഇടത്തരം വിഭാഗങ്ങളിലാണ് പ്രവാസികൾ കൂടുതൽ.

കുടിയേറ്റക്കാരിൽ 82.6 ശതമാനവും ഗൾഫിലാണ് തൊഴിൽ ചെയ്യുന്നത്. ഇവിടെനിന്നുതന്നെയാണ് പുറം വരുമാനം കൂടുതൽ ലഭിക്കുന്നതും.
കേരളത്തിൽനിന്ന് ഇതര സംസ്ഥാനങ്ങളിൽ പോയി പണിയെടുക്കുന്നവർ കൂടുതലുള്ളത് ദരിദ്രരാണ്.
യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ പ്രവാസി വരുമാനം എത്തുന്നത്. ഗൾഫ് പ്രവാസികളെപ്പോലെ വീട്ടിലേക്ക് സ്ഥിരമായി പണമയക്കുന്നവരല്ല അമേരിക്കയിലെയും യൂറോപ്പിലെയും പ്രവാസികൾ.

ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വരുമാനത്തിൽ മുന്നിൽ കർണാടകയാണ്, തൊട്ടുപുറകിൽ മഹാരാഷ്ട്രയും തമിഴ്‌നാടും.
പുറത്ത് ജോലി ചെയ്യുന്നവരിൽ മൂന്നിലൊന്നും കായികാധ്വാനം ചെയ്യുന്നവരാണ്. ഇലക്ട്രീഷ്യൻ, പ്ലംബർ എന്നിവരാണ് കൂടുതൽ.

ഒരു കുടുംബത്തിന്റെ ശരാശരി മാസച്ചെലവ് 15,737 രൂപയാണ്. 2004-ലെ സർവേയിൽ ഇത് 5894 രൂപയായിരുന്നു. അതായത്, ചെലവിലെ വർധന 31.5 ശതമാനം. ജീവിതനിലവാരത്തിൽ മൊത്തത്തിലുണ്ടായ വർധനവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. അതിദരിദ്ര വിഭാഗങ്ങളിൽ ഒരു കുടുംബത്തിന്റെ മാസച്ചെലവ് 5481 രൂപയും ഉയർന്ന ഇടത്തരം കുടുംബത്തിൻേറത് 26,329 രൂപയുമാണ്. ഉയർന്ന ഇടത്തരം കുടുംബം, അതിദരിദ്ര കുടുംബത്തേക്കാൾ 5.7 ഇരട്ടി പണം പ്രതിമാസം ചെലവാക്കുന്നു. 2004-ല ഇത് 3.8 ഇരട്ടിയായിരുന്നു. ഉയർന്ന ഇടത്തരം കുടുംബം പ്രധാനമായും പണം ചെലവാക്കുന്നത് ഫോൺ ബിൽ, വിനോദപരിപാടികൾ, ദീർഘസ്ഥായീ ഉപഭോഗവസ്തുക്കൾ എന്നിവയ്ക്കാണ്.

അതിദരിദ്ര വിഭാഗങ്ങളുടെ കുടുംബച്ചെലവ് കുറയുകയാണ് ചെയ്തത്. ഭക്ഷണസാധനങ്ങളും മറ്റും സബ്‌സിഡി നിരക്കിൽ ലഭിക്കുന്നതാകാം കാരണം. അവശ്യ പോഷകം ലഭ്യമാക്കുന്ന പയർവർഗങ്ങൾ, പച്ചക്കറി എന്നിവയുടെ ഉപയോഗം അതിദരിദ്രർക്കിടയിൽ വളരെ കുറവാണ്. അതി ദരിദ്ര വിഭാഗം പുതിയ സർവേയിൽ ചെറിയൊരു ശതമാനമായും കുറഞ്ഞിട്ടുണ്ട്.

ആരോഗ്യച്ചെലവുകളിൽ, വിവിധ സാമ്പത്തിക വിഭാഗങ്ങൾ തമ്മിൽ വലിയ അന്തരം കാണുന്നില്ല.
ഉയർന്ന ഇടത്തരം വിഭാഗക്കാർ അതിദരിദ്രരെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിന് 13.8 ഇരട്ടി ചെലവാക്കുന്നു. തൊട്ടുതാഴെയുള്ള, താഴ്ന്ന ഇടത്തരം വിഭാഗത്തേക്കാൾ മൂന്നിരട്ടിയും. ചിലർക്കെങ്കിലും വിദ്യാഭ്യാസം ഇന്നത്തെ കേരളത്തിൽ ഒരു ആഡംബര ചെലവായിത്തീരുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി പഠനം പറയുന്നു.




READ ALSO : സംസ്ഥാന സർക്കാർ ജോലിയിൽ
ഹിന്ദു മുന്നാക്കക്കാർക്ക് ഉയർന്ന പ്രാതിനിധ്യം- പരിഷത്ത് പഠനം

