കോവിഡ് 19-നുശേഷം നാം മനുഷ്യരെ കാണുന്നത് മാസ്ക് ധാരികളായിട്ടാണ്. മനുഷ്യന് പുറത്തിറങ്ങാൻ മാസ്ക് വേണം. 2022-ൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അതിജീവനത്തിനുള്ള ഉപാധിയാണ് വിപ്ലവത്തിന്റെ മുഖപടം. വിപ്ലവം മുഖപടമായി മാറുന്ന കാലത്ത് നയവ്യതിയാനം അർഥലോപം വന്ന എഞ്ചുവടിയാണ്. സി.പി.എമ്മിന്റെ 23-ാം പാർട്ടി കോൺഗ്രസിന് പ്രത്യേകിച്ചൊരു നയരേഖയും ഉണ്ടായിരുന്നില്ല. അഥവാ ഉണ്ടായിരുന്നെങ്കിൽ അത് പൊതുസമൂഹത്തിനുമുന്നിൽ ചർച്ച ചെയ്യാൻ പാർട്ടി ആഗ്രഹിച്ചിരുന്നില്ല. അതിനാൽ അതിനെക്കുറിച്ച് എഴുതാൻ ഒന്നുമില്ല. പകരം കേരള പാർട്ടി അവതരിപ്പിച്ച നയരേഖയാണ് ചർച്ച ചെയ്യുന്നതും എഴുതുന്നതും.
വിപ്ലവ സിദ്ധാന്തങ്ങൾ രൂപപ്പെട്ട കാലത്ത് ഉയർന്ന പ്രധാന ചോദ്യം, ആരാണ് വിപ്ലവത്തിന് ഒരുക്കം നടത്തേണ്ടത് എന്നതായിരുന്നു. പൂവിരിയുന്നതുപോലെ സ്വമേധയാ നടക്കുന്ന ഒരു പ്രതിഭാസമല്ല വിപ്ലവം. ചിട്ടയായ മുന്നൊരുക്കങ്ങളുടെ കൃത്യതയാർന്ന പ്രയോഗമായിരുന്നു അത്. പഴയ സിലബസിൽ അത് പ്രൊഫഷണൽ റവല്യൂഷണറികളുടെ നിയോഗമായിരുന്നു. വിപ്ലവത്തിന്റെ മുന്നണിപ്പട പാർട്ടിയാണ്. വ്യവസായ തൊഴിലാളികളും റെയിൽവേ തൊഴിലാളികളും കർഷക തൊഴിലാളികളും വിപ്ലവ ഏജൻസിയായി പ്രവർത്തിച്ചിരുന്നു. എന്നാൽ ഇന്ന് വിപ്ലവ ഏജൻസി എന്ന നിലയിൽ തൊഴിലാളിവർഗം പ്രവർത്തിക്കുന്നില്ല. വിപ്ലവ പാർട്ടി പോലും വിപ്ലവത്തിന്റെ ഏജൻസിയായി മാറുന്നില്ല.
സി.പി.എമ്മിന്റെ നവകേരളത്തിനുവേണ്ടിയുള്ള രേഖ കൈയിലെത്താൻ ഞാൻ കാത്തിരുന്നു. അവസാനം അത് കൈയിലെത്തി. വായിച്ചപ്പോൾ, തോന്നിയത് ഒരു പത്താം ക്ലാസ് വിദ്യാർഥിയുടെ ഉപന്യാസ പ്രബന്ധം പോലെ ഒന്നാണ് അതെന്നാണ്
നവകേരളത്തിന്റെ ഇടതുകാഴ്ച
പുതിയ കേരളം ഒരു സ്വപ്നമാണ്. അതിനെക്കുറിച്ച് സി.പി.എം., അതിന്റെ സംസ്ഥാന സമ്മേളനത്തിൽ ഒരു നയരേഖ അവതരിപ്പിച്ചു, ‘‘''. ഈ രേഖ സമ്മേളനത്തിൽ അംഗീകരിക്കുകയും ചെയ്തു. ‘വരുന്ന 25 വർഷത്തെ മാർക്‌സിയൻ കാഴ്ചപ്പാടിലുള്ള കേരളത്തിന്റെ മാഗ്നാകാർട്ട’ എന്ന് നയരേഖയെ പത്രങ്ങളും ചാനലുകളും വിസ്തരിപ്പിച്ചവതരിപ്പിച്ചു. രേഖ കൈയിലെത്താൻ ഞാൻ കാത്തിരുന്നു. അവസാനം അത് കൈയിലെത്തി. വായിച്ചപ്പോൾ, തോന്നിയത് ഒരു പത്താം ക്ലാസ് വിദ്യാർഥിയുടെ ഉപന്യാസ പ്രബന്ധം പോലെ ഒന്നാണ് അതെന്നാണ്. മൂർത്തമായ ഭൗതികസാഹചര്യങ്ങളെ വിലയിരുത്തി മൂർത്തമായ മാറ്റത്തിന്റെ ഒരു പദ്ധതി പോലും അതിലൊരിടത്തും കണ്ടെത്താനായില്ല. പാർട്ടികൾക്കിപ്പോൾ ആവശ്യം വിപ്ലവത്തിന്റെ മുഖപടം മാത്രമാണ്. മൗലികചിന്തയും പ്രയോഗവും ആവശ്യമില്ല. അതിജീവനത്തിനുള്ള കൗശലങ്ങൾ മാത്രം മതി.
കേരളത്തിലെ ഇടതുപക്ഷ സ്വപ്നം നവലിബറൽ സ്വപ്നങ്ങളുമായി ഇടകലരുമ്പോൾ ബാക്കിയാവുന്നത് എന്തായിരിക്കും? നാലുഭാഗങ്ങളിലായി നാൽപത്തിയേഴ് പേജുകളിലായി പരന്നുകിടക്കുന്ന രേഖയിൽ മൂർത്ത യാഥാർഥ്യങ്ങളെ മാർക്‌സിയൻ കാഴ്ചപ്പാടിൽ അഭിസംബോധന ചെയ്യുന്നതായി മനസ്സിലാക്കാൻ കഴിയില്ല. രേഖയിൽ പറയുന്നത് ആലങ്കാരികമാണോ എന്ന് സംശയിക്കാവുന്ന തരത്തിലുള്ള മൂർത്തമായ പ്രസ്താവനകൾ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടത്തുന്നത് നാം കേൾക്കുന്നുണ്ട്. രേഖയുടെ നാലാം ഭാഗത്ത് 46-ാം പേജിൽ കെ റെയിൽ പദ്ധതിയെ പരാമർശിക്കുന്നിടത്ത് പറയുന്ന പ്രധാന വാചകം ഇതാണ്: ‘‘ബഹുജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടല്ലാതെ ഒരു പദ്ധതിയും വിജയകരമായി നടപ്പാക്കാനാവില്ല''.
ഇടതുപക്ഷ രാഷ്ട്രീയലൈൻ വെള്ളിരേഖ പോലെ തിളങ്ങുന്ന ഈ വരികളിലെ ആശയത്തെ പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനും തല്ലിക്കൊല്ലുന്നത് ‘‘ആര് എതിർത്താലും കെ റെയിൽ പദ്ധതി നടപ്പാക്കും'' എന്ന ചാട്ടയടി കൊണ്ടാണ്. നയരേഖയും പാർട്ടി നേതൃത്വവും രണ്ട് ദിശയിലാണ്. അതുകൊണ്ടാണ് നയരേഖ മുഖപടമാവുന്നത്. കെ.ജി. ശങ്കരപ്പിള്ള ഈയടുത്ത് ഒരു കവിതയിലൂടെ ചോദിച്ചു, ‘‘പാളം വിരിക്കാനടുക്കളയിൽ
പോർവിളിയന്ത്രം കുഴിതുരക്കെ,
മണ്ണിൽ നീതിഞരമ്പ് മുറിഞ്ഞ ചോര;
കോമരനെറ്റിയായ് മുറ്റം''.
ബഹുജനങ്ങളെ വിശ്വാസത്തിലെടുത്താൽ ഒരാൾക്കിങ്ങനെ നിലവിളിക്കേണ്ടിവരില്ലായിരുന്നു.
ഗെയിൽ പൈപ്പ്‌ലൈനിനെതിരെ എറണാകുളത്ത് സമരം ചെയ്തതിന്റെ നേതൃത്വം ഇപ്പോഴത്തെ വ്യവസായ മന്ത്രി പി. രാജീവിനായിരുന്നു. സമരത്തിന് പ്രത്യയശാസ്ത്ര വിയോജിപ്പുണ്ടായിരുന്നില്ല
‘‘ആരെതിർത്താലും കെ റെയിൽ പദ്ധതി നടപ്പാക്കും’’ എന്ന പ്രയോഗം ബഹുജനങ്ങളെ വിശ്വാസത്തിലെടുക്കാത്ത ജനവിരുദ്ധ പ്രസ്താവനയാണ്. ജനങ്ങളെ വെല്ലുവിളിക്കലാണ്. അത് ഇടതുപക്ഷ ശബ്ദമല്ല. അത്തരം ഒരു ശബ്ദം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉയർത്തണമെങ്കിൽ അവർ അധഃസ്ഥിതരായ മനുഷ്യരുടെ പ്രതിനിധികൾ അല്ലാതാവണം. ഗെയിൽ പൈപ്പ്‌ലൈൻ പൂർത്തീകരിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും നിതിൻ ഗഡ്ഗരിയും പിണറായി വിജയനെ സ്തുതിച്ചു. ഒന്നും നടക്കാത്ത കേരളമല്ല പിണറായി വിജയന്റെ കേരളം. എന്തും നടക്കുന്ന കേരളമാണ് അത്. മോദിയുടെ പ്രോത്സാഹനത്തിൽ രമിച്ചുപോയതുകൊണ്ടാവാം കെ റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് പിണറായി പ്രതീക്ഷിക്കുന്നത്. മോദിക്കെതിരെ പറയാൻ പിണറായിക്കൊന്നുമില്ല. പിണറായിക്കെതിരെ പറയാൻ മോദിക്കുമൊന്നുമില്ല.
ഗെയിൽ പൈപ്പ്‌ലൈനിനെതിരെ എറണാകുളത്ത് സമരം ചെയ്തതിന്റെ നേതൃത്വം ഇപ്പോഴത്തെ വ്യവസായ മന്ത്രി പി. രാജീവിനായിരുന്നു. സമരത്തിന് പ്രത്യയശാസ്ത്ര വിയോജിപ്പുണ്ടായിരുന്നില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി നടത്തുന്ന പദ്ധതിയാണ്. അതിനാൽ അതിനെതിരെ സമരം. മുഖ്യമന്ത്രി മാറി, പിണറായി വിജയൻ വന്നപ്പോൾ ഗെയ്ൽ പൈപ്പ്‌ലൈൻ സമരം രാജീവ് നിർത്തി. പിന്നീട് അതിന്റെ ഗുണഭോക്താവായി. ഇതിന് സമാനമായ പലതും പല കാലത്തും സി.പി.എം. നേതൃത്വം നിർവഹിച്ചിട്ടുണ്ട്. ആയിരക്കണക്കിനേക്കർ നെൽപ്പാടം നികത്തി നെടുമ്പാശ്ശേരിയിൽ വിമാനത്താവളം പണി ആരംഭിച്ചപ്പോൾ അതിനെതിരെ സമരം ചെയ്തത് സി.പി.എം. മുൻ സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായിരുന്ന എസ്. ശർമയാണ്. ‘എന്റെ ശവത്തിനുമുകളിലൂടെ വേണം റൺവേയിലൂടെ വിമാനമോടാൻ’ എന്നാണ് അന്ന് ശർമ പ്രഖ്യാപിച്ചത്. പിന്നീട് ശർമ അതിന്റെ ഗുണഭോകതാവായി. നെടുമ്പാശ്ശേരി വിമാനത്താവള ഡയറക്ടർ ബോർഡ് അംഗമായി.
കെ റെയിൽ സമരകാലത്താണ് കോടിയേരി ബാലകൃഷ്ണൻ കെ. കരുണാകരനെ വികസന നായകനാക്കി വാഴ്ത്തിയത്. എറണാകുളത്തെ അന്താരാഷ്ട്ര സ്റ്റേഡിയവും നെടുമ്പാശ്ശേരി വിമാനത്താവളവും കെ. കരുണാകരെന്റ മേൽനോട്ടത്തിൽ നിർവഹിച്ച വൻകിട പദ്ധതികളായിരുന്നു. രാഷ്ട്രീയമായി ഏറ്റവും നിഷേധാത്മക മനോഭാവം നിർമിച്ച കരുണാകരനെ വ്യക്തിപരമായി പിണറായി വിജയന് പുകഴ്ത്താൻ ബുദ്ധിമുട്ടായിരിക്കും. അടിയന്തരാവസ്ഥയിൽ കരുണാകരന്റെ അമിതാധികാരശക്തി പിണറായി വിജയെന്റ ശരീരത്തിൽ പൊലീസിന്റെ രൂപത്തിൽ മേഞ്ഞിറങ്ങിയതാണ്. അതങ്ങനെ മറവിയിലേയ്ക്ക് മറയേണ്ടതല്ല. അടിയന്തരാവസ്ഥയുടെ നിഷ്ഠൂരമായ നാളുകൾ, എൻജിനീയറിങ് കോളേജ് വിദ്യാർഥി രാജനെ കത്തിച്ച് ചാരമാക്കി കക്കയം ഡാമിലൊഴുക്കിയതും ഈച്ചരവാര്യർ എന്ന അച്ഛനെയും കേരളം മറക്കില്ല. കോടിയേരിക്ക് ഉളുപ്പില്ലാതെ എന്തും പറയാനും വെളുക്കെ ചിരിക്കാനും കഴിയും. അതിനൊരു കരുണാകരൻ ടച്ചുണ്ടാതാനും. പക്ഷെ, അതിന് മാർക്‌സിസവുമായി ഒരു ബന്ധവുമില്ല. കോടിയേരിയുടെ കരുണാകരസ്തുതി വികസിച്ചാൽ കരുണാകരന്റെ ചിത്രം എ.കെ.ജി. സെന്ററിൽ കയറി ഇരിക്കുമായിരിക്കും.
തൃശ്ശൂരിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖ കൈരളത്തിന്റെ മോൾഡിങ്ങിനുള്ള അച്ചായിരുന്നു. ഐക്യകേരള രൂപീകരണത്തിനുമുമ്പേ കേരളം എങ്ങനെയായിരിക്കണം എന്നതിന്റെ ബ്ലൂ പ്രിൻറ്ആയിരുന്നു അത്.
56-ലെ രേഖയും 2022- ലെ രേഖയും
1956 ജൂൺ 22, 23, 24 തീയതികളിൽ തൃശ്ശൂരിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖ കൈരളത്തിന്റെ മോൾഡിങ്ങിനുള്ള അച്ചായിരുന്നു. ഐക്യകേരള രൂപീകരണത്തിനുമുമ്പേ കേരളം എങ്ങനെയായിരിക്കണം എന്നതിന്റെ ബ്ലൂ പ്രിൻറ് ആയിരുന്നു അത്. അതിനുസമാനമാണ് പുതിയ നയരേഖ എന്ന അവകാശവാദം ഒരു ദുരന്തമാണ്. ഇടതുപക്ഷം ദുരന്തമായി മാറുന്നതിന്റെ നിലവിളിയാണത്.
1956-ൽ ഐക്യകേരളത്തിന്റെ അജണ്ട തയ്യാറാക്കുന്നതിന് കമ്യൂണിസ്റ്റ് പാർട്ടി വിശേഷാൽ സമ്മേളനം വിളിക്കുകയായിരുന്നു. കേരളത്തിന്റെ വികസനത്തിനുള്ള സമഗ്രരേഖ ആ സമ്മേളനത്തിൽ അവതരിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രകടനപത്രിക മുന്നിൽ വച്ചാണ് അന്ന് കമ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ പരിഷ്‌കരണം, വ്യവസായ പരിഷ്‌കരണം, ആരോഗ്യമേഖലയുടെ പുനർനിർമാണം എന്നീ പദ്ധതികൾ മനുഷ്യാഭിമുഖ്യത്തോടുകൂടി സാക്ഷാത്കരിക്കാനുള്ള വികസനരേഖയായിരുന്നു അത്.
കേരളരാഷ്ട്രീയം പഠിക്കാൻ ശ്രമിക്കുന്ന ഒരു വിദ്യാർഥിക്ക് അത് വിസ്മയകരമായ ഒരു രാഷ്ട്രീയരേഖയായി തോന്നും. ഒരു സമൂഹത്തിന്റെ സമഗ്രമുന്നേറ്റത്തിന് ആവശ്യമായ പലതും അതിൽ അന്നത്തെ രാഷ്ട്രീയനേതൃത്വം വിഭാവനം ചെയ്തിരുന്നു. ആ രേഖയിൽ അവതരിപ്പിച്ച ഹ്രസ്വ- ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ പര്യാപ്തമായിരുന്നു. എന്നാൽ അന്ന് അവതരിപ്പിച്ച പല പദ്ധതികളും 66 വർഷത്തിനുശേഷം ഇന്നും സാക്ഷാത്കരിക്കാനായില്ല. അന്ന് അവതരിപ്പിച്ച പദ്ധതികൾ ഇപ്പോഴും പ്രചോദനത്തിന്റെ ഉറവിടമാണ്.
അവയിൽ ചിലത് ഇവയായിരുന്നു:
പുതിയ നയരേഖയിൽ ഒരിടത്തു പറയുന്നത്, പരമ്പരാഗത വ്യവസായങ്ങളെ ശാസ്ത്രീയമായി പുനർജനിപ്പിക്കണമെന്നാണ്. ‘‘വ്യവസായ ഇടനാഴി, തുറമുഖം, ഷിപ്പിങ്, ഉൾനാടൻ ജലഗതാഗതം എന്നിവയുടെ വികസനത്തിലൂടെ അവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വളർച്ച നേടാനാവണം. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളെ ശാസ്ത്ര- സാങ്കേതിക നേട്ടങ്ങളെ ഉപയോഗപ്പെടുത്തി നവീകരിക്കണം.''
ഇതിന്റെ ഡൈമൻഷൻ പത്താം ക്ലാസ് വിദ്യാർഥിയുടെ ഉപന്യാസ പ്രബന്ധത്തിന്റേതാണ്. പരമ്പരാഗത വ്യവസായങ്ങളായ കയർ, കശുവണ്ടി, കളിമൺ പാത്രനിർമാണം, കുട്ടനെയ്ത്ത്, മത്സ്യബന്ധനം, നെയ്ത്ത്, കള്ളുചെത്ത്, ചെള്ളകുത്ത്, മണൽ വാരൽ, കക്ക വാരൽ തുടങ്ങിയ മേഖലയിൽ എന്തുതരം ഇടപെടലുകളാണ് ഉണ്ടാവേണ്ടത് എന്നതിന്റെ ഒരു ചെറിയ സ്കെച്ച് പോലും നൽകാൻ പുതിയ നയരേഖയ്ക്ക് ശേഷിയില്ല.
വിപ്ലവത്തിന്റെ പൈതൃകം
കമ്യൂണിസ്റ്റ് പൈതൃകം എന്നത് ഒരു പ്രൊമത്തിയൻ സ്വപ്നമാണ്. സ്വർഗലോകത്തുനിന്ന് മനുഷ്യരാശിക്ക് അഗ്നി നൽകിയ മഹാനാണ് പ്രൊമത്യൂസ്. തന്റെ സൽപ്രവൃത്തിക്ക് പ്രൊമത്യൂസിന് കടുത്ത ശിക്ഷ ലഭിച്ചു. ചങ്ങലയിൽ ബന്ധിതനായ പ്രൊമത്യൂസിന്റെ കരൾ കഴുകൻ കൊത്തിത്തിന്നുകൊണ്ടിരിക്കും. കരൾ കഴുകൻ കൊത്തിനുറുക്കുന്ന വേദന പോരാട്ടവീര്യത്തിന്റെ തീയിലെരിച്ചു കളയുകയായിരുന്നു പ്രൊമത്യൂസ്. മനുഷ്യരാശിയെ വിമോചിപ്പിക്കാനുള്ള ആഗ്രഹത്തിൽ നിന്ന് പ്രൊമത്യൂസ് പിൻവാങ്ങിയില്ല. വിപ്ലവം ഒരു ആഗ്രഹമാണ് എന്ന് പ്രസ്താവിക്കുന്നത് പ്രൊമത്യൂസാണ്. പ്രൊമത്തിയൻ മെറ്റഫർ ഏറ്റവും മനോഹരമായി സ്വാംശീകരിച്ചത് കാൾ മാർക്‌സായിരുന്നു. അങ്ങനെയാണ് കേരളത്തിൽ മാർക്‌സിസത്തിന് അനുയായികളുണ്ടാവുകയും അവർ മനുഷ്യമോചനത്തിനായി പോരാടാനിറങ്ങിയതും.
1939 ഡിംസബർ 31-നാണ്, മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടം നിയോജക മണ്ഡലത്തിലെ പാറപ്രത്ത് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണം നടന്നത്. പിറവിയെടുത്ത് ഒരു ദശകത്തിനുള്ളിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സമത്വപൂർണമായ ലോകനിർമിതിക്കുവേണ്ടി അനേകം സായുധപോരാട്ടങ്ങൾ നടത്തി. 1940-ൽ മൊറാഴ സമരം- പട്ടിണിക്കാരായ മനുഷ്യർ ചോരചീന്തി നടത്തിയ പോരാട്ടം. ക്രൂരമായ ജന്മി- ഭൂപ്രഭുവർഗത്തിനെതിരെയുള്ള യുദ്ധം. 1941-ലാണ് കയ്യൂർ പോരാട്ടം. 1946-ൽ പുന്നപ്ര- വയലാറും കരിവെള്ളൂരും കാവുമ്പായിയും. ചോര പരന്നൊഴുകിയ ആ പോരാട്ടങ്ങൾ നാടിനെ ചുവപ്പിച്ചു. 1948-ൽ ഒഞ്ചിയത്തും മുനയൻകുന്നിലും അധ്വാനിക്കുന്ന മനുഷ്യരുടെ പോരാട്ടം. 1949-ൽ ശൂരനാട്. 1950- ൽ പാടികുന്നും ഇടപ്പള്ളിയും. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കർഷകരും തൊഴിലാളികളും നടത്തിയ അത്യുജ്വല സമരപരമ്പരകളിൽ ചിലതാണ് സൂചിപ്പിച്ചത്.
"ഓർമകളാണ് ജീവിതം' എന്ന എറിക് ഹോബ്‌സ്ബാംമിന്റെ ചിന്ത കേരളത്തിൽ മാർക്‌സിസ്റ്റ് പാർട്ടി അതിന്റെ പ്രവർത്തനോർജം ശേഖരിക്കാൻ ഉപയോഗിക്കുന്നു. കേരളത്തിന്റെ അനശ്വരമായ വിപ്ലവഓർമകളെ ഉപയോഗിച്ചാണ് പാർട്ടി ദൈനംദിന പ്രവർത്തനങ്ങളെ ചലനാത്മകമാക്കിക്കൊണ്ടിരിക്കുന്നത്. 23-ാം പാർട്ടി കോൺഗ്രസിന് ഉയർത്താനുള്ള കൊടി വന്നത് പുന്നപ്ര വയലാറിൽ നിന്നാണ്. അത് ഉയർത്താനുള്ള കൊടിമരം വന്നത് കയ്യൂർ രകതസാക്ഷി മണ്ഡപത്തിൽ നിന്നാണ്. പൂർവകാല കേരളത്തിൽ കമ്യൂണിസ്റ്റ് ലീഗ് ആരംഭിച്ച എൻ.സി. ശേഖറുടെ കുട്ടി പട്ടിണി കിടന്നാണ് മരിച്ചത്. അതിനെ മറവുചെയ്യാൻ പോലും ആ കുടുംബം അന്ന് വല്ലാതെ കഷ്ടപ്പെട്ടു. പാർട്ടി പ്രവർത്തനം ആരംഭിച്ചശേഷം ഏതാണ്ട് പത്തുവർഷം കേരളത്തിൽ നടന്ന വിപ്ലവങ്ങളും കലാപങ്ങളുമാണ് പാർട്ടിയെ വളർത്തിയത്.
സി.പി.എമ്മിനുപകരം കോൺഗ്രസോ ബി.ജെ.പി.യോ കേരളം ഭരിച്ചാൽ ഇതിനെക്കാൾ നല്ലതായിരിക്കുമോ?. തീർച്ചയായും എന്റെ ഉത്തരം അല്ല എന്നാണ്. സി.പി.എമ്മിന് കുറച്ചുകൂടി ഇടതുപക്ഷത്തു നിന്നുകൂടേ എന്ന ആഗ്രഹമാണ് ഈ വിമർശനത്തിന്റെ കാതൽ.
അന്നത്തെ സാധാരണക്കാർ നവകേരളത്തിനുവേണ്ടി രക്തസാക്ഷികളാവുകയായിരുന്നു. അവരുടെ അർപ്പണബോധമാണ് പിന്നീട് കേരളത്തിൽ ജനകീയമുന്നേറ്റമുണ്ടാക്കിയത്. ജനകീയമുന്നേറ്റം കമ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്തിച്ചു. പിന്നീട് പാർട്ടിനേതൃത്വം ക്രമികമായി ആ അധികാരം നിലനിർത്തുന്നതിനുള്ള സംവിധാനമായി മാറിക്കൊണ്ടിരുന്നു. 2022-ൽ പാർട്ടി സമ്മേളനം നടക്കുമ്പോൾ അതിന്റെ പ്രധാന ചിന്ത മാർക്‌സിസത്തിന്റെ പ്രത്യയശാസ്ത്ര പുനർനിർമിതിയായിരുന്നില്ല. അധികാരം കാക്കാനുള്ള വഴിയാണ് അത് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. എറിക് ഹോബ്‌സ്ബാം തന്നെ, അധികാരത്തിലിരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ വിരോധാഭാസത്തെയും തുറന്നുകാണിക്കുന്നുണ്ട്. നിരന്തര ചലനങ്ങളിലൂടെ സമൂഹത്തിന്റെ വിരുദ്ധശക്തികളുടെ പ്രവർത്തനത്തിൽ നിന്ന് പുതിയ ലോകം വളർന്നുവരുന്നത് സ്വപ്നം കണ്ട കമ്യൂണിസ്റ്റ് പാർട്ടി ഭരണപാർട്ടിയായി മാറുമ്പോൾ കടുത്ത യാഥാസ്ഥിതികരായി രൂപപ്പെടുന്നതാണ്, പാർട്ടിയുടെ വിരോധാഭാസമായി ഹോബ്‌സ്ബാം കാണുന്നത്.
കേരളത്തിൽ സി.പി.എമ്മിന്റെ ഭാഷയിൽ പോലും ഈ യാഥാസ്ഥിതികത്വമുണ്ട്. സുസ്ഥിരതയും തുടർച്ചയും എന്നതാണ് പുതിയ കാഴ്ചപ്പാട്. നിരന്തര ചലനവും നിരന്തര മാറ്റവും എന്ന പ്രത്യയശാസ്ത്രം അപ്പാടെ മാറുന്നു. പഴയകാല പഠന ക്ലാസുകളിൽ ഒരു വാചകം ആവർത്തിക്കപ്പെട്ടിരുന്നു, ‘മാറ്റമില്ലാതെ ഒന്നുമാത്രം; അത് മാറ്റമാണ്.' അത് മാറി. മാറ്റം പാടില്ല എന്നതാണ് ഇപ്പോഴത്തെ ആവശ്യം. രണ്ടാമൂഴത്തിലെത്തിയ പാർട്ടി മൂന്നാമൂഴം സ്വപ്നം കാണുന്നു. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് യഥാർഥ സ്വാതന്ത്ര്യം എന്ന് മാർക്‌സിസ്റ്റുകളെ പഠിപ്പിച്ച റോസ ലക്‌സംബർഗ് സമ്മേളന നഗരിയുടെ ചുമരുകളെ അലങ്കരിക്കുന്നുണ്ട്. സമ്മേളനത്തിന്റെ ആത്മാവിലവരില്ല. ഏത് പദ്ധതിയും അവതരിപ്പിക്കപ്പെടുമ്പോൾ അതിന്റെ തെരഞ്ഞെടുപ്പ്, അത് ആർക്കുവേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലൂടെയാണ് നിശ്ചയിക്കപ്പെടേണ്ടതെന്ന മാർക്‌സിയൻ കാഴ്ചപ്പാട് അപ്പാടെ മറന്ന് പൗരപ്രമുഖരുടെ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി തീരുമാനിക്കുകയും അത് ‘ഹര ഹരോ ഹര' എന്ന നിലയിൽ അനുയായികൾ ആവർത്തിക്കുകയും ചെയ്യുന്നത് അഭിപ്രായങ്ങൾ ഉടലെടുക്കാത്ത മണലാരണ്യമായി പാർട്ടിയുടെ ഭൂമിക മാറുന്നതുകൊണ്ടാണ്. യോജിപ്പിനും വിയോജിപ്പിനും ഇടമില്ലാതാകുമ്പോൾ അത് അമൃതാനന്ദമയിയുടെ ഭക്തജനസംഘമായി മാറും.
ചുരുക്കത്തിൽ, ഒരു പാർട്ടി മുഴുവനുമായി വിശ്വാസക്കൂട്ടമായി മാറുന്ന വലിയൊരു രൂപാന്തരീകരണ പ്രക്രിയ അവിടെ നടന്നുവരുന്നു. അങ്ങനെയാകുമ്പോൾ പാർട്ടി നേതാവ് പറയുകയും അണികൾ അനുസരിക്കുകയും ചെയ്യുന്ന രീതിയിലേയ്ക്ക് കാര്യങ്ങളെത്തും. ഇതിന് കേരള സമൂഹത്തിന്റെ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും. അത് മനുഷ്യവിരുദ്ധതയുടെ മുനമ്പിലേയ്ക്ക് സമൂഹത്തെ ചലിപ്പിക്കും.
പുതിയ തലമുറ രാഷ്ട്രീയം പഠിക്കുന്നതും ജീവിതം രൂപപ്പെടുത്തുന്നതും കേരളത്തിലെ പ്രബല രാഷ്ട്രീയ ബലതന്ത്രം കണ്ടാണ്. അവിടെ മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രം കൂടുതൽ ശക്തിയോടെ വ്യാപിച്ചുവരുന്നതു കാണാം. നേരത്തെ കേരളം മതനിരപേക്ഷവും യുക്തികേന്ദ്രീകൃതവും ശാസ്ത്രാഭിമുഖ്യം പുലർത്തുന്നതും ആയിരുന്നു. അത്, അന്നത്തെ രാഷ്ട്രീയം സമൂഹത്തിലേയ്ക്ക് പ്രസരിപ്പിച്ചിരുന്ന ജീവിതാശയങ്ങൾ കൊണ്ടായിരുന്നു. ‘ജാതി ഏതായാലും മനുഷ്യൻ നന്നായാൽ മതി' എന്നതും ‘ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്' എന്നതും സമൂഹത്തിൽ സഞ്ചരിച്ചിരുന്ന ആശയങ്ങളാണ്. ഇന്ന് കേരളത്തിൽ സഞ്ചരിക്കുന്ന ആശയങ്ങൾ ‘ലൗ ജിഹാദും' ‘നാർകോട്ടിക് ജിഹാദു'മാണ്. കൊലപാതകങ്ങൾ നടക്കുമ്പോഴും പ്രണയമുണ്ടാകുമ്പോഴും അതിന്റെ പിറകിൽ നിന്ന് വർഗീയത തോണ്ടിയെടുക്കുന്ന കോഴിക്കുഞ്ഞുങ്ങളായി മനുഷ്യർ മാറിക്കൊണ്ടിരിക്കയാണ്. മുതലാളിത്തം പ്രചോദിപ്പിക്കുന്ന ആശയങ്ങളുടെ വലിയൊരു ചന്തയായി കേരളം മാറിക്കൊണ്ടിരിക്കുന്നു. കല, ജനകീയ സിനിമ, അശ്ലീലക്കാഴ്ചകൾ, ഫാഷൻ ഷോ, സൗന്ദര്യമത്സരങ്ങൾ, മദ്യശാലകൾ, പബുകൾ, ബിയർ പാർലറുകൾ എന്നിവയെല്ലാം മുതലാളിത്തം വിപണനാവശ്യങ്ങൾക്കാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അതെല്ലാം മുതലാളിത്തത്തിനേക്കാൾ ആവേശത്തിൽ ഒരു ഇടതുസർക്കാർ വാരിപ്പുണർന്നാൽ അതിന്റെ രാഷ്ട്രീയസ്വരൂപം എന്താകും?
‘ഗാംങ്സ്റ്റർ സ്റ്റേറ്റ്’ എന്ന വിശേഷം ബംഗാളിന് നേടിക്കൊടുത്തത് സി.പി.എം. ആയിരുന്നു. കേരളത്തിൽ സ്ത്രീകൾക്കുനേരെയുള്ള കൈയേറ്റങ്ങളും മുതിർന്ന പൗരന്മാരോടുള്ള അവഗണനയും വർയധിച്ചുവരുന്നത് മനുഷ്യത്വം ദ്രവിച്ചുതീരുന്നതുകൊണ്ടാണ്.
കേരളത്തിന്റെ പൊതു ധാർമികത വല്ലാതെ മാറിക്കൊണ്ടിരിക്കയാണ്. അതിലെല്ലാം കേരളം ഭരിക്കുന്ന പാർട്ടിയുടെ കൈമുദ്രകളുണ്ട്. നമ്മുടെ സമൂഹം സ്ത്രീവിരുദ്ധതയുടെ പാഠങ്ങൾ പഠിക്കുന്നത് എവിടെ നിന്നാണ്? പാർട്ടിയുടെ പ്രമുഖനായ ഒരു നേതാവിന്റെ മകളോട് അപമര്യാദ കാണിച്ച നേതാവിനെ പാർട്ടി ശിക്ഷിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിശ്ചയിക്കുന്നതിലെ അധാർമികത വാക്കുകളിലൊതുങ്ങി നിൽക്കുന്നതല്ല. അത് പാർട്ടിസ്വരൂപത്തിൽ നിന്ന് സമൂഹത്തിലേയ്ക്ക് ഇറങ്ങി പ്രസരിക്കും.
മനുഷ്യവിരുദ്ധതയ്ക്കും ജനാധിപത്യനിരാസത്തിനും പിടിച്ചുപറിക്കും ചെങ്കൊടി കാവലായി മാറിയാൽ അത് സാമൂഹ്യമനഃസാക്ഷിയുടെ വക്രീകരണത്തിലാണ് ചെന്നെത്തുക. ‘ഗാംങ്സ്റ്റർ സ്റ്റേറ്റ്’ എന്ന വിശേഷം ബംഗാളിന് നേടിക്കൊടുത്തത് സി.പി.എം. ആയിരുന്നു. കേരളത്തിൽ സ്ത്രീകൾക്കുനേരെയുള്ള കൈയേറ്റങ്ങളും മുതിർന്ന പൗരന്മാരോടുള്ള അവഗണനയും വർയധിച്ചുവരുന്നത് മനുഷ്യത്വം ദ്രവിച്ചുതീരുന്നതുകൊണ്ടാണ്. സർക്കാരോഫീസിൽ തൊട്ടടുത്ത കസേരയിൽ ജോലിചെയ്യുന്ന അപരന്റെ ജാതിയും മതവും സ്വകാര്യത്തിൽ അന്വേഷിക്കുന്നത് മതേതരത്വം ദുർബലമാകുന്നതുകൊണ്ടാണ്. ശവസംസ്കാരവേളയിൽ മൃതദേഹത്തിനുചുറ്റും നിൽക്കാൻ അപരജാതി മതജീവികളില്ലാതാകുന്നതും മതേതരത്വം ദ്രവിച്ചുപോകുന്നതുകൊണ്ടാണ്. ഭരണവർഗപാർട്ടിയായി മാറിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയസമീപനങ്ങളിൽ വരുന്ന മാറ്റം മനസ്സിലാക്കാൻ നവകേരളരേഖ അപര്യാപ്തമാകുന്നത് ഈ മൂർത്ത സാമൂഹ്യയാഥാർഥ്യങ്ങളുടെ മുന്നിലാണ്.
ചിലപ്പോൾ ചോദിക്കും, സി.പി.എമ്മിന് പകരം കോൺഗ്രസോ ബി.ജെ.പി.യോ കേരളം ഭരിച്ചാൽ ഇതിനെക്കാൾ നല്ലതായിരിക്കുമോ എന്ന്. തീർച്ചയായും എന്റെ ഉത്തരം അല്ല എന്നാണ്. സി.പി.എമ്മിന് കുറച്ചുകൂടി ഇടതുപക്ഷത്തു നിന്നുകൂടേ എന്ന ആഗ്രഹമാണ് ഈ വിമർശനത്തിന്റെ കാതൽ.
സി.പി.എം. ഫെഡറൽ സംഘടനാ രൂപത്തിലേയ്ക്ക്
സി.പി.എമ്മിന്റെ സംഘടനാസംവിധാനം കേന്ദ്രീകൃത ജനാധിപത്യത്തിന്റേതാണ്. ബ്രാഞ്ചിൽനിന്ന് ലോക്കൽ കമ്മിറ്റിയിലേയ്ക്കും ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഏരിയ കമ്മിറ്റിയിലേയ്ക്കും പിന്നീട് ജില്ലാ കമ്മറ്റി, സംസ്ഥാന കമ്മിറ്റി, കേന്ദ്ര കമ്മറ്റി എന്ന നിലയിലാണ് അതിന്റെ ഹൈറാർക്കി. പോളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റിയുടെ ഒരു സഹായക സംവിധാനം മാത്രം. ഈ സംവിധാനം തകരുന്ന കാഴ്ചയാണ് 23-ാം പാർട്ടി കോൺഗ്രസിൽ കണ്ടത്. കേരളത്തിന് ആവശ്യമുള്ളത് കേരളം പറയും, മറ്റ് സ്റ്റേറ്റുകൾക്ക് ആവശ്യമുള്ളത് അവരും പറയും. ഇതൊക്കെ മുമ്പും സംഭവിച്ചിരുന്നു. പക്ഷേ അവസാന തീരുമാനം കേന്ദ്ര കമ്മിറ്റിയുടേതായിരുന്നു. എന്നാൾ ഇപ്പോൾ കേന്ദ്ര കമ്മിറ്റിയുടെ റോൾ ചുരുങ്ങി. പ്രത്യേകിച്ച്, രണ്ട് കാര്യങ്ങളിൽ ഇത് വ്യക്തമായിരുന്നു. ഒന്ന് സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിലും മറ്റൊന്ന് ബി.ജെ.പി,ക്കെതിരെ വിശാലമുന്നണി രൂപീകരിക്കുന്ന കാര്യത്തിലും.
കേരളത്തിൽ പാർട്ടി അവതരിപ്പിക്കേണ്ട നയരേഖ അവതരിപ്പിച്ചത് പാർട്ടി സെക്രട്ടറിയായിരുന്നില്ല, മുഖ്യമന്ത്രിയായിരുന്നു. കേന്ദ്രീകൃത ജനാധിപത്യ പാർട്ടി എന്ന നിലയിൽ സി.പി.എം. പ്രവർത്തിക്കുമ്പോൾ പാർട്ടിയാണ് സർക്കാരിന് നിർദേശം നൽകുന്നത്. എന്നാൽ ഇവിടെ സർക്കാർ പാർട്ടിക്ക് നിർദേശം കൊടുക്കുകയാണ്, ‘ഞങ്ങൾ ഇങ്ങനെ ഭരിക്കും. നിങ്ങൾ അതിന് ജനങ്ങളുടെ അംഗീകാരം വാങ്ങിതരണം’. അതുകൊണ്ടാണ് കേരളജനതയെ ഒട്ടാകെ കടക്കെണിയിലാക്കി കോർപറേറ്റ് മൂലധനശക്തികൾക്ക് കീഴടങ്ങി കാണാച്ചരടുകൾക്ക് കഴുത്തുനീട്ടി ഒരു വൻ മൂലധനപദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിക്കുകയും ജനങ്ങളെ അതിന് വിധേയമാക്കാൻ പാർട്ടിയോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്യുന്നത്. അതിന്റെ പ്രതിസന്ധികൾ സമ്മേളനവേദിയിൽ പ്രകടമായിരുന്നു. നയരേഖയിലെ പ്രധാന ഇനമായ സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്ന് സമ്മേളനവേദിയിലെ സ്വാഗതപ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോട് സിൽവർലൈൻ പദ്ധതി പാർട്ടി ലൈനിലാണോ എന്നുചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ‘സിൽവർലൈൻ പദ്ധതി കേരള സർക്കാരിന്റെയും കേരള പാർട്ടിയുടെയും സ്വപ്നപദ്ധതിയാണ് എന്നാണ്'. ഇതിന്റെ അർഥം, അത് സി.പി.എമ്മിന്റെ സ്വപ്നപദ്ധതി അല്ല എന്നാണ്. പാർട്ടി കോൺഗ്രസ് അജണ്ടയിൽ ഇല്ലാത്തതും സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗീകരിക്കാത്തതുമായ പദ്ധതിയാണ്. കേന്ദ്രകമ്മിറ്റി അംഗീകരിക്കാത്ത ഒരു പദ്ധതി കേരള പാർട്ടി നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴാണ് കേരള പാർട്ടി കേന്ദ്രപാർട്ടിയിൽ നിന്ന് അർധസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. അതായത് സി.പി.എം. സംഘടനാ സംവിധാനം ക്വാസി ഫെഡറൽ (Quasi Federal) ആയി മാറിക്കഴിഞ്ഞു.
അടിയന്തരാവസ്ഥയിൽ ജനാധിപത്യ സംരക്ഷണത്തിന് കോൺഗ്രസേതരപാർട്ടികളുടെ സഖ്യമാണ് യാഥാർഥ്യമായത്. അതിൽ ആർ.എസ്.എസും സി.പി.എമ്മും അരികിലിരുന്നവരാണ്. അത് ഒരു രാഷ്ട്രീയസാധ്യതയാണ്.
സി.പി.എം. സംഘടനാ സംവിധാനത്തെ അർധ ഫെഡറൽ വഴിയിലേയ്ക്ക് കൊണ്ടുപോകുന്ന രണ്ടാമത്തെ വിഷയം ബി.ജെപി.ക്കെതിരെ വിശാലമുന്നണി എന്ന സങ്കൽപ്പമാണ്. കേരളഘടകം പ്രഖ്യാപിച്ചത്, ഈ വിശാലസഖ്യത്തിൽ കോൺഗ്രസ് പാടില്ലെന്നാണ്. ഇത് പറയാൻ കേരളത്തിൽ നിന്നാലെ പറ്റുകയുള്ളൂ. തമിഴ്‌നാട്ടിലെത്തിയാൽ അത് നടക്കില്ല. ഇന്ത്യയിലെമ്പാടും ഇരുപതു ശതമാനത്തിലധികം വോട്ടുള്ള ഒരു പാർട്ടി തീർച്ചയായും ബി.ജെ.പി.ക്കുള്ള ബദലിലുണ്ടാകും. രണ്ട് ശതമാനം വോട്ടുള്ള പാർട്ടി ഇരുപതുശതമാനം വോട്ടുള്ള പാർട്ടിയെ ചേർക്കില്ലെന്ന് പറയുന്നത് ഇലക്ടറൽ രാഷ്ട്രീയത്തിലെ അസംബന്ധമാണ്. കേരളത്തിൽ സി.പി.എമ്മിന്റെ മുഖ്യശത്രു കോൺഗ്രസാണ്. അതിനാൽ കോൺഗ്രസുമായി സഖ്യമില്ല എന്നത് ന്യായം. എന്നാൽ കേരളത്തിനുപുറത്ത് കോൺഗ്രസാണ് പ്രധാനം. അതുകൊണ്ട്, ബി.ജെ.പി.ക്കെതിരെ വിശാലസഖ്യം യാഥാർഥ്യമാക്കാൻ ബി.ജെ.പി.യിതര പാർട്ടികളുടെ വിശാലസഖ്യമാണ് ശരി. അടിയന്തരാവസ്ഥയിൽ ജനാധിപത്യ സംരക്ഷണത്തിന് കോൺഗ്രസേതരപാർട്ടികളുടെ സഖ്യമാണ് യാഥാർഥ്യമായത്. അതിൽ ആർ.എസ്.എസും സി.പി.എമ്മും അരികിലിരുന്നവരാണ്. അത് ഒരു രാഷ്ട്രീയസാധ്യതയാണ്. ഇക്കാര്യത്തിലും പാർട്ടി സംഘടനാ സംവിധാനം ക്വാസി ഫെഡറൽ ആയിക്കൊണ്ടിരിക്കയാണ്. സി.പി.എമ്മിന്റെ ഏറ്റവും വലിയ മാറ്റം സംഘടനാപരമായ ഈ അർധ ഫെഡറൽ വ്യതിയാനമാണ്. കേന്ദ്ര കമ്മിറ്റിയുടെ റോൾ ചുരുങ്ങികൊണ്ടിരിക്കയാണ്.
വിദ്യാഭ്യാസരംഗത്തും മറ്റു മേഖലകളിലും വിദേശമൂലധനത്തെ ആകർഷിക്കാൻ സി.പി.എം. ശ്രമിക്കുന്നതിന്റെ ഫലമായി മൂലധന താത്പര്യ സംരക്ഷകരായി ഞങ്ങൾ മാറിക്കൊള്ളാമെന്ന് പ്രഖ്യാപിക്കുകയാണ്. അതായത് മാർക്‌സിസവുമായി എല്ലാ മേഖലയിലും അകൽച്ച പ്രഖ്യാപിച്ച് മാർക്‌സിസത്തിന്റെ വിപ്ലവ മുഖപടം വച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുന്ന വിസ്മയകരമായ പ്രയോഗ രാഷ്ട്രീയം എല്ലാവരെയും സി.പി.എം. പഠിപ്പിച്ചുകൊണ്ടിരിക്കയാണ്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.