കേരളീയർക്ക് രാത്രികാല ജീവിതം ഇന്നും വിദൂരസ്വപ്നമാണോ?

നഗരവൽക്കരണത്തിന്റെ പല തലങ്ങൾ സ്വാംശീകരിക്കുന്നതും അതിന്റെ വൈവിധ്യങ്ങൾ ഒത്തുചേരുന്നതുമായ ഒരു നഗരമായി കൊച്ചി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നഗരത്തിലെ രാത്രിജീവിതത്തിന് ​കൊണ്ടുവരുന്ന നിയന്ത്രണം പ്രതികൂല ഫലമാണുണ്ടാക്കുക. മറ്റു നഗരങ്ങളിലും കുറ്റകൃത്യങ്ങളുടെ എണ്ണം കുറവല്ല. പക്ഷേ, അവിടെ രാത്രി യാത്ര ചെയ്യുന്നവർക്ക് ഭരണകൂടം തന്നെ പിന്തുണ നൽകുന്നുണ്ട്. ഇത്തരം ഉത്തരവാദിത്വങ്ങളിൽനിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ല.

തീർത്തും വ്യത്യസ്തരായ ആളുകൾ ഒത്തുചേരുന്ന, ഓർമകളും നിമിഷങ്ങളും പങ്കിടുന്ന, സ്വതന്ത്രമായി വിഹരിക്കാൻ കഴിയുന്ന ഇടങ്ങളെന്ന രീതിയിലാണ് സിറ്റികൾ പൊതുവെ അറിയപ്പെടുന്നത്. മുംബൈയിലെ ബാന്ദ്ര ബാൻഡ്സ്റ്റാൻഡ്, മറൈൻ ഡ്രൈവ്, ദക്ഷിണേന്ത്യയിലേക്ക് വരികയാണെങ്കിൽ ചെന്നൈയിലെ മറീന ബീച്ച്, ബാംഗ്ലൂരിലെ കോറമംഗല, ജയനഗർ, ഗോവയിലെ ബീച്ചുകൾ എന്നിവയാണ് രാത്രികാല ജീവിതം ആസ്വദിക്കാൻ ആളുകൾ കൂടുതലായും ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ.

കൊച്ചി വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. കേരളത്തിന്റെ പുറത്തുനിന്നുള്ള പ്രദേശങ്ങളിലെ ആളുകൾ കൊച്ചിയിൽ വന്ന് ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം ഉൾക്കൊണ്ടുതന്നെ, നഗരവൽക്കരണത്തിന്റെ പല തലങ്ങൾ സ്വാംശീകരിക്കുന്നതും അതിന്റെ വൈവിധ്യങ്ങൾ ഒത്തുചേരുന്നതുമായ ഒരു നഗരമായി കൊച്ചിയും മാറിയിട്ടുണ്ട്. ഒരു നഗരം എപ്പോഴും യന്ത്രം പോലയാണ് പ്രവർത്തിക്കുന്നതെന്ന് തോന്നാറുണ്ട്. അവിടങ്ങളിൽ ജീവിക്കുന്നവർക്ക് മാനസിക സമ്മർദങ്ങളിൽ നിന്നെല്ലാം വിടുതൽ നൽകുന്ന, സ്വസ്ഥമായി കഴിയാൻ പറ്റുന്ന ഇടങ്ങളാണ് നഗരങ്ങൾ. ആ രീതിയിലേക്ക് നഗരങ്ങളെ മാറ്റുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

Photo: @Spykevasu / Twitter
Photo: @Spykevasu / Twitter

Political Philosophy: A Very Short Introduction എന്ന പുസ്തകത്തിൽ ഡേവിഡ് മില്ലർ, സ്വാതന്ത്രത്തെക്കുറിച്ചും അതിൽ ഭരണകൂടങ്ങൾക്കുള്ള പരിമിതികളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഭരണകൂടങ്ങളുടെ രാഷ്ട്രീയപ്രയോഗത്തിന്റെ പരിമിതികൾക്കപ്പുറത്തായിരിക്കണം, മനുഷ്യസ്വാതന്ത്ര്യത്തിന്റേതായ ഇടങ്ങളുടെ നിലനിൽപ് എന്ന് അദ്ദേഹം പറയുന്നുണ്ട്. എല്ലാവർക്കും വ്യക്തിഗത സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും പൂർണമായും ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് നമ്മുടെ ജനാധിപത്യ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്. സർക്കാരുകൾ ഒരിക്കലും വ്യക്തിയുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താൻ ശ്രമിക്കരുത്. അടിമുടി മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ ആരുടെയും സ്വാതന്ത്ര്യം ഹനിക്കാതെയാണ് ആളുകൾ അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റേണ്ടത്. ഭരണകൂടങ്ങളും ഇതേ തത്വത്തിൽ തന്നെയാണ് പ്രവർത്തിക്കേണ്ടത്. വ്യക്തികളുടെ സ്വാതന്ത്ര്യം വെട്ടിച്ചുരുക്കുന്നതിനു പകരം ജനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണനടപടികളാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.

സദാചാര പൊലീസിങും ആശങ്കകളും

സദാചാര പൊലീസിങ്ങിനെതിരെ 2014- ൽ നടന്ന 'കിസ് ഓഫ് ലവ്' പോലുളള നിരവധി പ്രതിഷേധങ്ങൾക്ക് കൊച്ചിയിലെ മറൈൻഡ്രൈവ് സാക്ഷിയായിട്ടുണ്ട്. 2017- ൽ, മറൈൻ ഡ്രൈവിലെത്തിയ ദമ്പതികളെ ഒരു കൂട്ടം ശിവസേനാ പ്രവർത്തകർ മർദിച്ചിരുന്നു, 2022-ൽ ഒരു കോളേജിൽ വിദ്യാർഥികൾ പരസ്പരം മടിയിലിരുന്നതിന് സ്റ്റീൽബെഞ്ച് തകർത്ത സംഭവത്തിനെതിരെ വിദ്യാർഥികൾ പരസ്പരം ആലിംഗനവും ചുംബനങ്ങളുമായി മറൈൻ ഡ്രൈവിൽ ‘ലാപ്- ടോപ്’ പ്രതിഷേധവും നടത്തിയിരുന്നു.

സദാചാര പൊലീസിങ്ങിനെതിരെ 2014- ൽ നടന്ന 'കിസ് ഓഫ് ലവ്' പോലുളള നിരവധി പ്രതിഷേധങ്ങൾക്ക് കൊച്ചിയിലെ മറൈൻഡ്രൈവ് സാക്ഷിയായിട്ടുണ്ട്.
സദാചാര പൊലീസിങ്ങിനെതിരെ 2014- ൽ നടന്ന 'കിസ് ഓഫ് ലവ്' പോലുളള നിരവധി പ്രതിഷേധങ്ങൾക്ക് കൊച്ചിയിലെ മറൈൻഡ്രൈവ് സാക്ഷിയായിട്ടുണ്ട്.

ഇപ്പോഴിതാ, മറൈൻ ​​ഡ്രൈവ് നടപ്പാതയിൽ, ഒരു മാസത്തേക്ക് രാത്രിനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ഇത് സദാചാര പോലീസിങ്ങിന്റെ മറ്റൊരു ഇ​ടപെടലായി കാണാം. ഈ മേഖല കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണമെന്നാണ് അധികാരികൾ പറയുന്നത്. പക്ഷേ ഇത്തരം ഗുരുതര പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഇതാണോ ശരിയായ മാർഗം?.

മറൈൻഡ്രൈവ് പോലുള്ള പൊതുവിടങ്ങളിലേക്കുള്ള നിയന്ത്രണം, വ്യക്തിസ്വാതന്ത്ര്യവും വ്യക്തിയുടെ തിരഞ്ഞെടുപ്പുകളുമായും ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങളിലേക്കുകൂടി ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ഇടുങ്ങിയ മനോഭാവത്തിന്റെ പ്രകടനങ്ങളാണ് ഇത്തരം നിയന്ത്രണങ്ങൾ. കൊച്ചിക്കപ്പുറമുള്ള ലോകത്ത് എന്താണ് നടക്കുന്നത്? അവിടെയുള്ള കോസ്‌മോപൊളിറ്റൻ നഗരങ്ങളെല്ലാം രാപകൽ വ്യത്യാസമില്ലാതെ ബീച്ചുകളും നടപ്പാതകളും പൊതുസ്ഥലങ്ങളുമെല്ലാം വിനോദസഞ്ചാരികൾക്കായി തുറന്നിടുകയാണ് ചെയ്യുന്നത്.

മറൈൻ ഡ്രൈവ്
മറൈൻ ഡ്രൈവ്

നഗരങ്ങളിലെ പൊതുഇടങ്ങൾ തുറന്നിടുന്നത്, കേരളത്തെ സംബന്ധിച്ച് മറ്റു നിരവധി നേട്ടങ്ങൾക്കും കാരണമാകും. പാർക്ക്, നടപ്പാതകൾ, ബീച്ചുകൾ, തെരുവുകൾ തുടങ്ങിയവ സമയനിയന്ത്രണങ്ങളില്ലാതെ തുറന്നിടുന്നത് സംസ്ഥാനത്തെ സാമ്പത്തിക നടപടികൾ സജീവമാക്കും. കോവിഡിനു ശേഷം, സംസ്ഥാന ടൂറിസം വകുപ്പിന്റെ വരുമാനത്തിലുണ്ടായ ഇടിവിൽനിന്ന് നമ്മൾ പതിയെ കര കയറിവരുന്നതേയുള്ളൂ. ഇതൊന്നും പരിഗണിക്കാതെ, മറൈൻഡ്രൈവ് നിയന്ത്രണം പോലുള്ള നടപടികൾ തുടരുകയാണെങ്കിൽ സംസ്ഥാനത്തേക്കുള്ള സഞ്ചാരികളുടെ വരവിനെ കൂടി അത് പ്രതികൂലമായി ബാധിക്കാനിടയുണ്ട്. കാരണം 2020-ലും 2021-ലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തിയത് കൊച്ചി നഗരത്തിലാണ്. നിയന്ത്രണങ്ങൾക്കുപകരം കൊച്ചിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനുമാണ് കോർപറേഷനും സംസ്ഥാന സർക്കാരും കൂടുതൽ നിക്ഷേപം നടത്തേണ്ടതെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

സദാചാര പൊലീസിങ്ങിലൂടെ ചില പ്രവർത്തനങ്ങൾ ക്രിമിനൽ കുറ്റമായി ചിത്രീകരിക്കപ്പെടുമ്പോൾ ഭീഷണിയിലാവുന്നത്, വ്യക്തിയുടെ അടിസ്ഥാന അവകാശങ്ങളാണ്. കോളേജിൽ ആൺകുട്ടിക്കോ പെൺകുട്ടിക്കോ അല്ലെങ്കിൽ സൗഹൃദമുള്ള രണ്ട് വ്യക്തികൾക്കോ ഒരുമിച്ചിരിക്കാൻ കഴിയാത്ത അന്തരീക്ഷത്തിൽ, ലിംഗഭേദമേന്യ സൗഹൃദം പോലും പങ്കിടാൻ കഴിയാത്ത സാഹചര്യത്തിൽ, ഏതുതരം വികസനത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കേണ്ടത്? കേരളം, എല്ലാ വികസന സൂചകങ്ങളിലും രാജ്യത്ത് മുന്നിലാണ്. പക്ഷേ ഇത്തരം സദാചാര പൊലീസിങ് ആ മുന്നേറ്റത്തെ പുറകോട്ടുവലിക്കുകയാണ് ചെയ്യുക. ഹാപ്പിനെസ് ഇൻഡെക്‌സിൽ രാജ്യത്ത് മൂന്നാം സ്ഥാനം കേരളത്തിനാണ്. സൂചികയ്ക്കായി ഉപയോഗിക്കുന്ന ആറ് ഘടകങ്ങളിൽ, ജീവിത തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്ന് പ്രത്യേകം ഓർക്കണം. എല്ലാ സൂചകങ്ങളും കേരളത്തിലെ ജീവിതത്തെക്കുറിച്ച് പോസീറ്റിവ് ഔട്ട്‌ലുക്ക് നൽകുമ്പോൾ അത് നിലനിർത്തികൊണ്ടുപോവുകയെന്നത് വെല്ലുവിളി തന്നെയാണ്. വ്യക്തികളുടെ അവകാശങ്ങളുടെയും തിരഞ്ഞെടുപ്പുകളുടെയും വീക്ഷണകോണുകളിൽ നിന്നു കൂടി ഈ വിശകലനങ്ങൾ നടത്തേണ്ടതുണ്ട്.

സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ വളർച്ച കൈവരിക്കുന്നതിന്, വിഭവങ്ങളിലേക്കും അവകാശങ്ങളിലേക്കുമുള്ള പ്രവേശനവും അത്യാവശ്യമാണ്. 'വികസനം സ്വാതന്ത്ര്യമാണ്’ എന്ന അമർത്യാസെന്നിന്റെ പുസ്തകത്തിൽ, വികസനം കൈവരിക്കുന്നതിന് ജനങ്ങളുടെ സ്വാതന്ത്ര്യം അവശ്യ ഘടകമാണെന്ന് പറയുന്നുണ്ട്. ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വെട്ടിക്കുറച്ചാണ് വികസനം സംഭവിക്കുന്നതെങ്കിൽ അത് വ്യക്തികളുടെ തിരഞ്ഞെടുപ്പിലൂടെയുള്ള സ്വാതന്ത്ര്യമായി കണക്കാകാൻ കഴിയില്ല.

എന്തുകൊണ്ടാണ് സർക്കാരുകൾ പരാജയപ്പെടുന്നത്?

ഗ്രേറ്റ് കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയും (GCDA) കൊച്ചി കോർപ്പറേഷനും രാത്രിജീവിതത്തിന് കർശന നിയന്ത്രണം കൊണ്ടുവരുന്നത്, വലിയൊരു പൊതു ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലും കൂടിയാണ്. ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കാതെ വേണം ഭരണകൂടം കുറ്റകൃത്യങ്ങളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും തടയാനുള്ള പദ്ധതികളാവിഷ്കരിക്കേണ്ടത്. പൊതുസ്ഥലങ്ങൾ അടച്ചുപൂട്ടിയാകരുത് ആ പരിഹാരം. പകരം സ്ട്രീറ്റ് ലൈറ്റുകൾ, ക്യാമറകൾ തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും നൈറ്റ് പട്രോളിംഗ്, സെക്യൂരിറ്റി തുടങ്ങിയവ ശക്തിപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.

ഉദ്യോഗസ്ഥർ ‘സിവിലിറ്റി’യെക്കുറച്ച് പരാതിപ്പെടുമ്പോൾ, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്ന ഉത്തരവാദിത്വത്തിൽ സർക്കാർ പരാജയപ്പെടുകയാണ് ചെയ്യുന്നത്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സമയപരിധി നിശ്ചയിക്കുന്നു എന്നതിനർഥം സർക്കാർ തങ്ങളുടെ പരാജയം സമ്മതിക്കുകയാണെന്നാണ്. രാത്രി 10 മണിക്ക് ശേഷം സ്ഥലം സുരക്ഷിതമല്ലെന്നാണ് അവർ പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കുകയും സാമൂഹിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന തരത്തിൽ സർക്കാർ സംവിധാനങ്ങളുടെയും ഉദ്യോഗസ്ഥരുടേയും മനോഭാവം മാറേണ്ടതുണ്ട്. ‌

സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്രം എല്ലാ വ്യക്തികൾക്കുമുണ്ട്. ഈ സ്വാതന്ത്ര്യമാണ് സർക്കാരിന്റെ കഴിവില്ലായ്മകൊണ്ട് തടസ്സപ്പെടുന്നത്. നാഷനൽ ​​​ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2020-ൽ ഇന്ത്യയിലെ കുറ്റകൃത്യനിരക്ക് 487.8-ൽ നിന്ന് 45.9-ആയി കുറഞ്ഞു. (​ഒരു ലക്ഷം ജനങ്ങൾക്കിടയിലെ കുറ്റകൃത്യനിരക്കിന്റെ അടിസ്ഥാനത്തിൽ). കേരളത്തിൽ 2020-ൽ 1568.4 ഉം 2021-ൽ 1477.2 ഉം ആണ് കുറ്റകൃത്യനിരക്ക്. ഇന്ത്യൻ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ഉയർന്ന കുറ്റകൃത്യനിരക്കിനുപിന്നിലെ കാരണം സംസ്ഥാനം പരിശോധിക്കേണ്ടതാണ്.

മറ്റു നഗരങ്ങളിലും കുറ്റകൃത്യങ്ങളുടെ എണ്ണം കുറവൊന്നുമല്ല. പക്ഷേ അവിടെയൊക്കെ രാത്രി യാത്ര ചെയ്യുന്നവർക്ക് ഭരണകൂടം തന്നെ പിന്തുണ നൽകുന്നുണ്ട്. സ്ത്രീകൾക്ക് സുരക്ഷിതമായി ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ദൽഹി ഗവൺമെന്റ് ഹിമ്മത് എന്ന ആപ്പ് വരെ അവതരിപ്പിച്ചു. ഇത്തരം ഉത്തരവാദിത്വങ്ങളിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഭരണകൂടം ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടുമ്പോൾ, ജനങ്ങൾ കൂടുതൽ പ്ര​കോപിതരാകുകയാണ് ചെയ്യുക. എന്തെങ്കിലും കാര്യം ചെയ്യുന്നത് നിയന്ത്രിച്ചുകൊണ്ടുള്ള പിന്തിരിപ്പൻ നടപടിയാവരുത് ഭരണം.

മറ്റു നഗരങ്ങളിലും കുറ്റകൃത്യങ്ങളുടെ എണ്ണം കുറവൊന്നുമല്ല. പക്ഷേ അവിടെയൊക്കെ രാത്രി യാത്ര ചെയ്യുന്നവർക്ക് ഭരണകൂടം തന്നെ പിന്തുണ നൽകുന്നുണ്ട്. സ്ത്രീകൾക്ക് സുരക്ഷിതമായി ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ദൽഹി ഗവൺമെന്റ് ഹിമ്മത് എന്ന ആപ്പ് വരെ അവതരിപ്പിച്ചു.
മറ്റു നഗരങ്ങളിലും കുറ്റകൃത്യങ്ങളുടെ എണ്ണം കുറവൊന്നുമല്ല. പക്ഷേ അവിടെയൊക്കെ രാത്രി യാത്ര ചെയ്യുന്നവർക്ക് ഭരണകൂടം തന്നെ പിന്തുണ നൽകുന്നുണ്ട്. സ്ത്രീകൾക്ക് സുരക്ഷിതമായി ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ദൽഹി ഗവൺമെന്റ് ഹിമ്മത് എന്ന ആപ്പ് വരെ അവതരിപ്പിച്ചു.

കർഫ്യൂവും മറ്റു നിയന്ത്രണങ്ങളും താൽക്കാലിക പരിഹാരങ്ങൾ മാത്രമാണെന്ന് കോവിഡ് കാലത്ത് നമ്മൾ തിരിച്ചറിഞ്ഞതാണ്. ചുറ്റുപാടുകളെ ദീർഘകാലത്തേക്ക് സുരക്ഷിതമാക്കാനുള്ള സ്ഥിരപരിഹാരങ്ങളിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പൊതുസ്ഥലങ്ങളിലും സ്വകാര്യസ്ഥലങ്ങളിലും സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്വമാണ്. വനിതാ സംവരണബിൽ നിയമമായ സാഹചര്യം കൂടിയാണിത്. എല്ലാ സംസ്ഥാനങ്ങളും അവരവരുടെ അധികാരപരിധിയിലുള്ള സ്ത്രീകളുടെ അവസ്ഥകൂടി പരിശോധിക്കേണ്ടതുണ്ട്.

സദാചാര പൊലീസിംഗിന്റെയും സാമൂഹിക സർവൈലൻസിന്റെയും ഇരകളാണ് മിക്കപ്പോഴും സ്ത്രീകൾ. ഒരു അധികാര കേന്ദ്രങ്ങളാലും നിയന്ത്രിക്കപ്പെടാതെ എല്ലാ വ്യക്തികൾക്കും സ്വതന്ത്രമായി ജീവിക്കാനുതകുന്ന തുല്യതയിൽ അധിഷ്ഠിതമായ സമൂഹം സൃഷ്ടിക്കാനാണ് സർക്കാർ പരിശ്രമിക്കേണ്ടത്.


Summary: Night ban at Marine Drive Walkway rs sridevi writes


ഡോ. ആർ.എസ്​. ശ്രീദേവി

ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ. മൈഗ്രഷൻ, ഡവലപ്മെന്റ് സ്റ്റഡീസ്, ജന്റർ ആന്റ് പബ്ലിക് പോളിസി മേഖലകളിൽ അന്വേഷണം നടത്തുന്നു.

Comments