കേരളത്തിലെ സർക്കാരും അതിന് നേതൃത്വം നൽകുന്ന സി.പി.എം അടക്കമുള്ള ഭരണകക്ഷികളും ചേർന്ന് അസാധാരണമായ വിധത്തിൽ ജനങ്ങളുടെ ജനാധിപത്യബോധത്തെ കുടിലമായ കൗശലത്തോടെ അട്ടിമറിക്കാൻ ശ്രമിച്ചൊരു തെരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിൽ നടന്നത്. ആ തെരഞ്ഞെടുപ്പിൽ, മറ്റെന്തൊക്കെ ദൗർബ്ബല്യങ്ങളും പ്രശ്നങ്ങളുമുണ്ടെങ്കിലും സമഗ്രാധിപത്യ ഹുങ്കിന്റെ രാഷ്ട്രീയാധികാരഭാഷയേയും അതിന്റെ വിഷപ്പൂക്കളേയും ജനം തെളിഞ്ഞ ഭാഷയിൽ തല്ലിക്കൊഴിച്ചിരിക്കുന്നു. അങ്ങനെയാണ് നിലമ്പൂർ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സി.പി.എമ്മിന്റെയും പിണറായി വിജയൻ സർക്കാരിന്റെയും സ്ഥാനാർത്ഥി പരാജയപ്പെട്ടത്.
കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ജനാധിപത്യ സംവാദത്തിനുള്ള സാദ്ധ്യതകൾ വീണ്ടെടുക്കാനുള്ള സമരങ്ങൾക്കൊപ്പമാണ് നിലമ്പൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ തോൽവി. അത് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ വിജയത്തിനപ്പുറം, പിണറായി വിജയൻ സർക്കാരിന്റെയും സി.പി.എം അടക്കമുള്ള ഭരണകക്ഷിസംഘങ്ങളുടെയും പ്രകടമായ ജനാധിപത്യവിരുദ്ധതക്കെതിരായ ജനരോഷമാണ്. സ്വാഭാവികമായും തോറ്റ ഭരണകക്ഷി സ്ഥാനാർത്ഥി പറയുന്നത്, “ജനങ്ങൾക്ക് എന്തെങ്കിലും വ്യാമോഹമുണ്ടായിട്ടുണ്ടോ” എന്നും പരിശോധിക്കും എന്നുമാണ്. ദുരധികാരത്തിന്റെ മൂർത്തികളെ കാലുവാരി താഴെയടിക്കാനുള്ള ജനങ്ങളുടെ വ്യാമോഹത്തിന്റെ സാദ്ധ്യതകൾ ഇനിയും ജനാധിപത്യത്തിന്റെ ഈ കടുത്ത ദുർബ്ബലാവസ്ഥയിലും നിലനിൽക്കുന്നുണ്ടോ എന്നായിരിക്കും അദ്ദേഹത്തിന് സംശയം. തീർച്ചയായും അത്തരം വ്യാമോഹങ്ങളെ എത്തിപ്പിടിക്കാനുള്ള സമരമാണ് ലോകത്ത് ഇടതുപക്ഷ രാഷ്ട്രീയവും ജനാധിപത്യ രാഷ്ട്രീയവും നടത്തുന്നത്.
നിലമ്പൂരിലെ എൽ ഡി എഫ് തോൽവി എന്നത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധമാണെന്നത് ഭരണകക്ഷിയുടെ വാഴ്ത്തുപാട്ട് സംഘത്തിനൊഴികെ ആർക്കും അംഗീകരിക്കാവുന്ന സംഗതിയാണ്. സാംസ്ക്കാരിക വിധേയസംഘത്തിനും വാഴ്ത്തുപാട്ടുകാർക്കും സി.പി.എം നേതൃത്വത്തിനും ഈ വസ്തുത അംഗീകരിക്കാനുള്ള ജനാധിപത്യബോധമോ സ്വയംവിമർശന സന്നദ്ധതയോ ഒരിക്കലുമുണ്ടാകില്ല. കാരണം, അത്തരത്തിലൊരു ജനാധിപത്യവിമർശനത്തിന് പാകമല്ലാത്ത രാഷ്ട്രീയ ആവാസവ്യവസ്ഥയെ സൃഷ്ടിക്കുന്ന പ്രക്രിയക്കുകൂടി വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നത്.

നിലമ്പൂരിൽ നടത്തിയത് രാഷ്ട്രീയപ്പോരാട്ടമാണ് എന്നും മതേതര-ജനാധിപത്യ രാഷ്ട്രീയമാണ് എന്നുമുള്ള ഭരണകക്ഷിയുടെ അവകാശവാദങ്ങൾക്കുനേരെ എതിരായിരുന്നു വാസ്തവത്തിൽ അവർ നടത്തിയ പ്രചാരണവും അതിലുപയോഗിച്ച അടവുകളും. വളരെ കൃത്യവും സൂക്ഷ്മമവുമായി മതവർഗീയതയുടെ അടിയൊഴുക്കുകളുണ്ടെങ്കിൽ അതിൽ തങ്ങൾക്കനുകൂലമാക്കാൻ കഴിയുന്ന പക്ഷമേത് എന്നായിരുന്നു സി.പി.എം തിരഞ്ഞത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തോടെ മുസ്‌ലീം സമുദായത്തിന്റെ വോട്ടുകൾ ഒരു വിഭാഗമെന്ന നിലയിൽ തങ്ങൾക്കനുകൂലമാക്കിയെടുക്കാൻ കഴിഞ്ഞില്ല എന്നവർ മനസിലാക്കി. മുസ്ലീങ്ങൾ ഒരു ജനാധിപത്യസമൂഹത്തിലെ രാഷ്ട്രീയ സമ്മതിദായകർ എന്നതിനപ്പുറം മതബദ്ധമായ രീതിയിൽ മാത്രം വോട്ടുചെയ്യുന്നവർ എന്ന സംഘ്പരിവാറിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ആഖ്യാനത്തെയാണ് ഒരു മടിയും കൂടാതെ സി.പി.എം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ ശ്രമിച്ചതും അതിനുശേഷവും പ്രയോഗിച്ചതും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആ ആഖ്യാനം മുസ്‌ലിം വോട്ടുകൾ തങ്ങൾക്കനുകൂലമായി വരുത്താനാണ് പ്രയോഗിച്ചതെങ്കിൽ പിന്നീടത് മുസ്‌ലിം വോട്ടുകൾ മതാടിസ്ഥാനത്തിൽ ധ്രുവീകരിക്കുന്നുവെന്നും അതുകൊണ്ട് മുസ്‌ലിം വർഗീയതക്കെതിരായി ഹിന്ദു ഭൂരിപക്ഷവോട്ടുകൾ തങ്ങൾക്ക് തരൂ എന്നുമുള്ള അടവായിരുന്നു പ്രയോഗിച്ചത്.
മുസ്ലീങ്ങൾ ഒരു ജനാധിപത്യസമൂഹത്തിലെ രാഷ്ട്രീയ സമ്മതിദായകർ എന്നതിനപ്പുറം മതബദ്ധമായ രീതിയിൽ മാത്രം വോട്ടുചെയ്യുന്നവർ എന്ന സംഘ്പരിവാറിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ആഖ്യാനത്തെയാണ് ഒരു മടിയും കൂടാതെ സി.പി.എം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ ശ്രമിച്ചതും അതിനുശേഷവും പ്രയോഗിച്ചതും.
മുസ്‌ലിം ഭൂരിപക്ഷമുള്ള മലപ്പുറത്ത് ഹിന്ദുക്കൾക്ക് സ്വതന്ത്രവായു ശ്വസിച്ചു ജീവിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ എസ് എൻ ഡി പി തലവൻ വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ മന്ത്രിസഭയിലെ സി.പി.എം, സി.പി.ഐ മന്ത്രിമാർ തമ്പടിച്ചുകിടന്നതും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി, അദ്ദേഹം മഹാനാണെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഇതിന്റെ കൂടി പശ്ചാത്തലത്തിൽവേണം കാണാൻ.
മുസ്‌ലിം വിരുദ്ധതയുടെ ഹിന്ദുത്വ രാഷ്ട്രീയപ്രയോഗങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുകയാണെങ്കിൽ അത് സ്വീകാര്യമാണെന്ന് സി.പി.എം ഒരു മടിയുമില്ലാതെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നിലമ്പൂരിൽ ഹിന്ദുക്കൾ സ്വരാജിന് വോട്ടു ചെയ്യുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് ഇത്തരത്തിലൊരു പ്രതീതി വാസ്തവമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്. മലപ്പുറത്ത് ഹിന്ദുക്കൾക്ക് ജീവിക്കാൻ കഴിയുന്ന അവസ്ഥയല്ലെന്നും പിണറായി വിജയൻ മൂന്നാം വട്ടവും അധികാരത്തിൽ വരണമെന്നും പറയുന്നത് ഒരേ വെള്ളാപ്പള്ളിയാകുന്നത് യാദൃച്ഛികമല്ല.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിണറായി വിജയൻ സർക്കാരിനെക്കുറിച്ചുള്ള എന്തെങ്കിലും തരത്തിലുള്ള ചർച്ചകൾ ഒഴിവാക്കുന്നതിന് വളരെ കൃത്യമായിത്തന്നെ സി.പി.എം ശ്രമിച്ചിരുന്നു. അതിനവർ കണ്ടെത്തിയ ഏറ്റവും കുടിലമായ വഴി തെരഞ്ഞെടുപ്പ് ചർച്ചകളെ പൂർണ്ണമായും വർഗീയവത്ക്കരിക്കുക എന്നതാണ്. ‘ഒരു വർഗീയവാദിയുടെയും വോട്ടു വേണ്ട’ എന്നൊക്കെയുള്ള വാചകമടികൾ അണികൾക്കായി നടത്തുമ്പോഴും വാസ്തവത്തിൽ തെരഞ്ഞെടുപ്പിനെ മതാധിഷ്ഠിതമായി വോട്ടുചെയ്യുന്ന മനുഷ്യരോടുള്ള വർത്തമാനമാക്കി മാറ്റാനാണ് ഭരണപക്ഷം ശ്രമിച്ചതു മുഴുവൻ. തങ്ങൾക്ക് വോട്ടു ചെയ്ത് കൂറ് പ്രഖ്യാപിക്കുന്നതിനനുസരിച്ചാണ് കേരളത്തിലെ മുസ്ലീങ്ങളുടെ മതവർഗീയതയുടെ അളവ് നിശ്ചയിക്കുകയെന്ന വൃത്തികെട്ട അവസരവാദസമീപനം സി.പി.എം എടുക്കാൻ തുടങ്ങിയിട്ടുണ്ട്. അങ്ങനെയാണ് പി ഡി പി മുതൽ ജമാ അത്തെ ഇസ്‌ലാമി വരെയുള്ളവർക്കുള്ള സാക്ഷ്യപത്രങ്ങൾ ഓരോകാലത്തും തയ്യാറാക്കുന്നത്. ഇസ്‌ലാമിക മതവർഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളായ ജമാ അത്തെ ഇസ്‌ലാമിയും പി ഡി പിക്കുമൊക്കെ പലകാലങ്ങളിൽ പലതരത്തിലാണ് സി.പി.എം വ്യാഖ്യാനമെന്നത് അങ്ങനെയാണ് സംഭവിക്കുന്നത്.
ഹിന്ദു സമൂഹത്തിലെ ഹിന്ദുത്വ വോട്ടുകൾ ബി ജെ പിക്ക് പോകാതെ തങ്ങൾക്ക് ലഭിക്കാൻ സംഘപരിവാറിന്റെ അതേ മുസ്‌ലിം വിരുദ്ധ ആഖ്യാനങ്ങൾ സി.പി.എം പ്രയോഗിക്കുന്നത് എത്ര അപകടകരമാണെന്നത് നാം കേരളസമൂഹത്തിൽ അനുഭവിക്കുന്നുണ്ട്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സി പി എം സെക്രട്ടറി ആർ എസ് എസ് ബന്ധത്തെ ചരിത്രപരമായി ന്യായീകരിച്ചത് ഒട്ടും നിഷ്ക്കളങ്കമായിരുന്നില്ല. അത് നിരന്തരമായി ഇസ്‌ലാമിക് രാഷ്ട്രീയത്തെ എതിർവശത്ത് നിർത്തുന്ന ഒരു വാചാടോപം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ്. ജമാ അത്തെ ഇസ്‌ലാമിയുമായി യു ഡി എഫ് സഖ്യമുണ്ടാക്കി, ജമാ അത്തെ ഇസ്‌ലാമി വർഗീയവാദികളാണ് എന്നാരോപിക്കുന്ന സി പി എം, രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ആർ എസ് എസുമായി ചേർന്നുനിൽക്കണമെങ്കിൽ അങ്ങനെയാകാമെന്നും അതൊന്നും പറയുന്നതിൽ തങ്ങൾക്കൊരു മടിയുമില്ലെന്നും പറയുമ്പോൾ, അത് ഭൂരിപക്ഷ ഹിന്ദു സമൂഹത്തിലെ ഹിന്ദുത്വ രാഷ്ട്രീയ വോട്ടുകൾ തങ്ങൾക്ക് ലഭിക്കാനുള്ളൊരു കുടിലതന്ത്രം കൂടിയാണ്. മലപ്പുറത്ത് കള്ളക്കടത്തടക്കമുള്ള കുറ്റകൃത്യങ്ങൾ കൂടുതലാണെന്ന് അവിടുത്തെ മുസ്‌ലിം ഭൂരിപക്ഷ ജനസംഖ്യയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചതും ഇതേതരത്തിലുള്ള ഹിന്ദുത്വ രാഷ്ട്രീയാഖ്യാനത്തിന്റെ ആയുധങ്ങളുപയോഗിച്ചാണ്. ഹിന്ദു സമൂഹത്തിലെ ഹിന്ദുത്വ വോട്ടുകൾ ബി ജെ പിക്ക് പോകാതെ തങ്ങൾക്ക് ലഭിക്കാൻ സംഘപരിവാറിന്റെ അതേ മുസ്‌ലിം വിരുദ്ധ ആഖ്യാനങ്ങൾ സി.പി.എം പ്രയോഗിക്കുന്നത് എത്ര അപകടകരമാണെന്നത് നാം കേരളസമൂഹത്തിൽ അനുഭവിക്കുന്നുണ്ട്.
ആർ.എസ്.എസിനും
മുറിയുണ്ടോ സി.പി.എമ്മിന്റെ
പുത്തൻ കാര്യാലയത്തിൽ?
പഹൽഗാമിലെ ഭീകരാക്രമണത്തെ ജമാ അത്തെ ഇസ്‌ലാമി അപലപിച്ചില്ല എന്ന എം.വി. ഗോവിന്ദന്റെ മുൻ പ്രസ്താവനയുമായി ഇത് ചേർത്തുവായിക്കണം. സംഘപരിവാറിന്റെ അതേ രാഷ്ട്രീയാരോപണമാണ് ഇസ്‌ലാമിക രാഷ്ട്രീയ സംഘങ്ങൾക്കെതിരെ സി പി എം ഉയർത്തുന്നത്. അത് മതവർഗീയതക്കെതിരായ തൊഴിലാളിവർഗ കാഴ്ചപ്പാടിന്റെ ഭാഗമായ, രാഷ്ട്രീയവ്യക്തതയുള്ളതല്ല, മറിച്ച് സങ്കുചിത ദേശീയതയുടെ മുസ്‌ലിം വിരോധത്തിന്റെ സംഘപരിവാർ ഭാഷയിലാണ് എന്നതാണ് അതിനെ അപകടകരമാക്കുന്നത്. ദേശസ്നേഹം എല്ലാ ദിവസവും പ്രഖ്യാപിക്കാനും ഓരോ ഭീകരാക്രമണസമയത്തും മുസ്ലീങ്ങളെന്ന നിലയിൽ തങ്ങൾക്കതിനോട് അനുഭാവമില്ലെന്ന് പറയാനും ഇന്ത്യയിലെ മുസ്ലീങ്ങളോടും മുസ്‌ലിം സംഘടനകളോടും നിരന്തരം ആവശ്യപ്പെടുന്ന സംഘപരിവാർ ഭാഷ സി.പി.എം സെക്രട്ടറി പ്രയോഗിക്കുന്നത് ഇസ്‌ലാമിക വർഗീയതയോടുള്ള ഇടതുപക്ഷ രാഷ്ട്രീയത്തിനോടല്ല ചേർന്നുനിൽക്കുന്നത്.

കേരളത്തിലെ പൊതു ജനാധിപത്യ മണ്ഡലത്തെ അതീവ ദുർബ്ബലമാക്കിയ ഭരണ- രാഷ്ട്രീയാധികാരകാലമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ സംവാദത്തിന്റേതായ എല്ലാ തുറവുകളോടും ഇത്രയേറെ അടഞ്ഞുനിൽക്കുന്നൊരു കാലം മുഖ്യധാരാ ഇടതുപക്ഷത്തിനുണ്ടായിട്ടില്ല. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷണങ്ങളൊന്നും അവരിൽ നമ്മളാരും തിരഞ്ഞു മെനക്കെടുന്നില്ല. എന്നാൽ ഒരു ഉദാര ജനാധിപത്യ രാഷ്ട്രീയകക്ഷിയുടെ പ്രാഥിക ജനാധിപത്യ മര്യാദകളെങ്കിലും അവർ പാലിക്കേണ്ടതുണ്ട്. ഇന്ത്യയിലാകെ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെടുകയും ജനാധിപത്യരഹിതമായ സമൂഹവും അതിനുമുകളിലുള്ള രാഷ്ട്രീയാധികാരവും ഭീതിദമായ ഒരു യാഥാർത്ഥ്യമായി അതിവേഗം മാറുകയും ചെയ്യുന്നൊരു ഘട്ടത്തിൽ, ഒരു ഉദാര ജനാധിപത്യ രാഷ്ട്രീയകക്ഷിയെടുക്കേണ്ട ജനാധിപത്യ സമീപനം പോലും സി.പി.എമ്മും പിണറായി സർക്കാരും എടുത്തില്ല. മറിച്ച് തങ്ങളോട് സമ്പൂർണ്ണ വിധേയത്വം പ്രഖ്യാപിക്കാത്തവരെയെല്ലാം കടന്നാക്രമിക്കിക്കുകയും ഇല്ലാതാക്കുകയും ചെയ്യുമെന്ന കടുത്ത ജനാധിപത്യവിരുദ്ധതയാണ് അവർ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. മതേതര രാഷ്ട്രീയത്തിന്റെ ചില മേഖലകൾ മാറ്റിനിർത്തിയാൽ സംഘപരിവാറിന്റെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മിക്ക സമഗ്രാധിപത്യ പ്രയോഗങ്ങളും കേരളത്തിൽ പിണറായി സർക്കാർ അതേപടി പകർത്തുകയാണ് ചെയ്തത്. കേരളത്തിലെ പൊലീസിനെ പൗരാവകാശ വിരുദ്ധമായൊരു സ്വയംഭരണ റിപ്പബ്ലിക്കാക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും കസ്റ്റഡി പീഡനങ്ങളുമടക്കമുള്ള കടുത്ത മനുഷ്യാവകാശലംഘനങ്ങൾ ചോദ്യം ചെയ്യാതിരിക്കുക എന്നത് ഇടതുപക്ഷ രാഷ്ട്രീയമായി അവതരിപ്പിക്കുകയായിരുന്നു ഭരണപക്ഷം.
തൊഴിലാളി സമരങ്ങളോടും ജനകീയ പ്രതിഷേധങ്ങളോടും പിണറായി സർക്കാർ കൈക്കൊള്ളുന്ന നിലപാട് മോദി സർക്കാരിന്റേതിൽ നിന്നും അതിന്റെ ആശയപരമായ എതിർപ്പിൽപ്പോലും ഭിന്നമല്ല എന്നതാണ് വസ്തുത.
തൊഴിലാളി സമരങ്ങളോടും ജനകീയ പ്രതിഷേധങ്ങളോടും പിണറായി സർക്കാർ കൈക്കൊള്ളുന്ന നിലപാട് മോദി സർക്കാരിന്റേതിൽ നിന്നും അതിന്റെ ആശയപരമായ എതിർപ്പിൽപ്പോലും ഭിന്നമല്ല എന്നതാണ് വസ്തുത. ജനകീയ സമരങ്ങളിൽ മാവോവാദി സാന്നിധ്യവും തീവ്രവാദി പങ്കാളിത്തവും അന്താരാഷ്ട്ര ഗൂഢാലോചനയുമൊക്കെ ആരോപിക്കുന്ന മോദി സർക്കാരിനെ എത്ര അച്ചടക്കത്തോടെയാണ് പിണറായി സർക്കാരും സി.പി.എമ്മും പിന്തുടരുന്നതെന്നത് കാണാം. അദാനിക്ക് വിഴിഞ്ഞം തുറമുഖം തീറെഴുതിയതിനെതിരെ ഉപജീവനമാർഗം നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾ സമരം നടത്തിയപ്പോൾ ദേശാഭിമാനി പത്രം ചിത്രസഹിതം തലക്കെട്ട് നൽകി അവരെ ആക്ഷേപിച്ചത്, അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ആ സമരമെന്നാണ്. അദാനിയുമായുള്ള സഖ്യത്തിൽ മോദിയെക്കാളും ഒട്ടും പിന്നിലല്ല പിണറായി വിജയൻ. അതിന്റെ ധനലാഭങ്ങൾ ഏതു വഴിക്കൊക്കെ പോകുന്നുവെന്നത് അദാനി ലോകത്താകെ പ്രവർത്തിക്കുന്ന രീതിവെച്ചുനോക്കിയാൽ അത്ര നിഗൂഢമല്ല താനും.
മിനിമം കൂലി കിട്ടണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന ആശാ തൊഴിലാളികളുടെ സമരത്തോട് പിണറായി വിജയൻ സർക്കാർ എടുത്ത സമീപനം തീർത്തും തൊഴിലാളിവിരുദ്ധരായ സർക്കാരുകൾ പോലും ഒരു ജനാധിപത്യ സമൂഹത്തിൽ എടുക്കാൻ മടിക്കുന്നതാണ്. ആ കേവലം 232 രൂപ ദിവസക്കൂലിയുള്ള അസംഘടിത സ്ത്രീതൊഴിലാളികളുടെ സമരത്തെ അതിഹീനമായ ഭാഷയിലാണ് സി.പി.എം നേതൃത്വവും സർക്കാരും അധിക്ഷേപിച്ചത്. തൊഴിലാളി സമരക്കാർ കുത്തിത്തിരിപ്പുകാരും പാട്ടകുലുക്കികളുമൊക്കെയായി പുച്ഛിക്കപ്പെട്ടു. പുതിയ ദേശീയ ജനറൽ സെക്രട്ടറിയ്ക്ക് വിമോചന സമരത്തിന്റെ ഓർമ്മകൾ വന്നു. ദിവസക്കൂലി 232 രൂപയിൽ നിന്നും കൂട്ടണമെന്നാവശ്യപ്പെട്ട് അസംഘടിത സ്ത്രീതൊഴിലാളികൾ സമരം ചെയ്യുമ്പോൾ മാണി കോൺഗ്രസിനെയും വെള്ളാപ്പള്ളി നടേശനെയും തരാതരത്തിൽ എൻ എസ് എസിനെയുമൊക്കെ കൂടെനിർത്തുന്ന സി.പി.എമ്മിന് വിമോചനസമരം ഓർമ്മവരുന്നത് അന്നത്തെ ചരിത്രത്തിലെ കോമാളിത്തം നിറഞ്ഞ വൈരുദ്ധ്യമാണ്.

തൊഴിലാളി സമരത്തിലെ ആവശ്യങ്ങളുന്നയിക്കുകയും എന്താണ് ഞങ്ങൾക്ക് തരാൻ കഴിയുക എന്ന് ചർച്ചയുടെ അവസാനം ചോദ്യമുന്നയിച്ച റോസമ്മ എന്ന ആശാ തൊഴിലാളി നേതാവിനെ ആരോഗ്യമന്ത്രി വീണ ജോർജ്ജ് അധിക്ഷേപിച്ചത്, “ഇതെന്താ ലേലം വിളിയാണോ” എന്ന് ചോദിച്ചാണ്. മുതലാളിത്തവും ഭരണകൂടങ്ങളുമായുള്ള നിരന്തരമായുള്ള വിലപേശലും ബലാബലവുമാണ് തൊഴിലാളികളുടെയും സാധാരണ മനുഷ്യരുടെയും സമരമെന്ന് കൃസ്ത്യൻ സഭാവോട്ടുകളുടെ കണക്കിൽ വിപ്ലവമാമോദീസ മുങ്ങിയ മന്ത്രിക്ക് അറിയില്ല. സമരം നിർത്തി വീട്ടിൽപ്പോകാനാണ് പിണറായി വിജയൻ ആജ്ഞാപിച്ചത്. കേരളം മുഴുവൻ രാപ്പകൽ സമരയാത്ര നടത്തിയ ആശാ തൊഴിലാളികൾ സമരഭരിതമാക്കിയ ഒരു കേരളം കൂടിയാണ് നിലമ്പൂരിൽ വിധിയെഴുതിയത്.
ജനാധിപത്യ രാഷ്ട്രീയത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും നീതിബോധത്തെയും സമത്വബോധത്തെയും മുഴുവൻ പുറങ്കാൽകൊണ്ട് തൊഴിച്ചുകളഞ്ഞ പുതിയ ദുരധികാര രാഷ്ട്രീയത്തിന്റെ കെട്ടുകാഴ്ച കൂടിയായിരുന്നു നിലമ്പൂരിൽ നടന്നത്. ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയുടെ വ്യക്തിമാഹാത്മ്യങ്ങളിലായിരുന്നു അവരാസകലം മുഴുകിയത്. വായനക്കാരൻ, പണ്ഡിതൻ, അറിവിന്റെ നിറകുടം എന്നിങ്ങനെയൊക്കെയുള്ള വാക്കുകൾ ഇനിയാർക്കെങ്കിലും പ്രയോഗിക്കാൻ ലജ്ജതോന്നുംവിധം വീശിയെറിഞ്ഞുകൊണ്ടിരുന്നു. വായനയുടെ ആഴത്തിന്റെയോ പരപ്പിന്റെയോ പ്രത്യേക ലക്ഷണങ്ങളൊന്നും സവിശേഷമായി കാണിക്കാത്ത ഒരു സാധാരണ രാഷ്ട്രീയപ്രവർത്തകനെ ബിംബനിർമ്മാണമെന്ന സുകുമാരകലയിലൂടെ ഊതിവീർപ്പിക്കുകയായിരുന്നു. ഒരു ജനാധിപത്യ രാഷ്ട്രീയ മത്സരത്തിൽ നിന്നും കേവലം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽപ്പോലും ഉപേക്ഷിക്കപ്പെട്ട ഇത്തരം കോമാളിത്തങ്ങളിലേക്ക് കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം ഒരു മടിയുമില്ലാതെ കൂപ്പുകുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, ഫലം വരുന്നതിന് മുമ്പ് അന്തരിച്ച യു ഡി എഫ് സ്ഥാനാർത്ഥിയുടെ വീട്ടിലെ സന്ദർശനവും അവരുടെ ആതിഥേയത്വത്തെ രാഷ്ട്രീയപ്രചാരണായുധമാക്കാനുള്ള കുടിലതയുമൊക്കെയാണ് പുതിയ നിലമ്പൂർ നിലവാരം.
ഒരു ജനാധിപത്യ രാഷ്ട്രീയ മത്സരത്തിൽ നിന്നും കേവലം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽപ്പോലും ഉപേക്ഷിക്കപ്പെട്ട കോമാളിത്തങ്ങളിലേക്ക് കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം ഒരു മടിയുമില്ലാതെ കൂപ്പുകുത്തി.
ഭരണാധികാരരാഷ്ട്രീയത്തിനൊപ്പം നിൽക്കുന്നതിന്റെ നാനാവിധ സൗഭാഗ്യങ്ങൾക്കപ്പുറം ജനാധിപത്യ രാഷ്ട്രീയപ്രശ്നങ്ങളോട് സംവദിക്കാൻ സന്നദ്ധതയില്ലാത്ത സാംസ്ക്കാരികവിധേയർ ലജ്ജാരഹിതമായി നിലമ്പൂരിലെയും കേരളത്തിലെയും മനുഷ്യരോട്, ‘ഇതാ ഒരു പണ്ഡിതൻ’, ‘വായനയുടെ രാവണൻ’ എന്നൊക്കെപ്പറഞ്ഞുള്ള പ്രചാരണാശ്ലീലം നടത്തുന്നത് അമ്പരപ്പോടെയാണ് നമ്മളൊക്കെ കണ്ടത്. വലിയ വായനക്കാരനെ തെരഞ്ഞെടുക്കണമെങ്കിൽ എം. കൃഷ്ണൻ നായരെ കേരളം മുഖ്യമന്ത്രിയാക്കണമായിരുന്നു. വാസ്തവത്തിൽ സാഹിത്യമോഷണം മുതൽ അറിവിന്റെ നുറുങ്ങുകൾ ശൈലിയിലുള്ള കഥാകഥനങ്ങൾ വരെ സാംസ്കാരിക, രാഷ്ട്രീയ പണ്ഡിതപ്പട്ടം നേടുന്ന ദാരിദ്ര്യത്തിലാണ് കേരളത്തിലെ ഭരണ ഇടതുപക്ഷ ചേരി. അവിടെ ഇനി വരാനിരിക്കുന്ന ഇത്തരം ദുരന്തങ്ങൾക്കൂടി കാണാൻ നമ്മൾ തയ്യാറെടുക്കേണ്ടതുണ്ട്.
അധികാരസദസ്സിലെ മഹാകവികളൊക്കെ സഹൃദയത്വം ആവോളം ദർശിച്ച സ്ഥാനാർത്ഥി, കെ-റെയിൽ സമരക്കാലത്ത് സിൽവർ ലൈൻ പദ്ധതിക്കെതിരെ നിലപാടെടുത്ത കവിയോട്, ധൃതി “നിന്റെ അപ്പൂപ്പന്റെ അടിയന്തരത്തിന് പോകാൻ” എന്നാണ് കേകയിലോ കാകളിയിലോ മൊഴിഞ്ഞത്. കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ രക്തസാക്ഷ്യമായി അവതരിപ്പിച്ച സ്ഥാനാർത്ഥി, മുപ്പത്തിയാറ് ലക്ഷം രൂപയുടെ കാറ് വാങ്ങിയാണ് ലാളിത്യത്തിന്റെ മഹാമാതൃക തീർത്തത്. ഒരു കാറ് വാങ്ങണമെന്ന് തോന്നിയപ്പോൾ മൂന്നര ദശലക്ഷത്തിൽ കുറഞ്ഞൊന്നും മനസ്സിൽ വരാഞ്ഞ നേതാവ് 232 രൂപ ദിവസക്കൂലി കൂട്ടിത്തരണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാ സമരക്കാരെ ‘അഖില ലോക അലവലാതികൾ’ എന്നാണ് വിശേഷിപ്പിച്ചത്. കേരള സർക്കാർ ഒരു ആശാ തൊഴിലാളിക്ക് കിട്ടുന്നു എന്നവകാശപ്പെടുന്ന പരമാവധി മാസക്കൂലിയായ 13,000 രൂപയുടെ പകുതിയും മാസമടവായി നൽകിയാലും നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ കാറ് അവർക്ക് വാങ്ങണമെങ്കിൽ പലിശയൊന്നുമില്ലാതെ കാറിന്റെ വില മാത്രമായി അടയ്ക്കാൻ 46 വർഷം വേണ്ടിവരും. വെറുതെയല്ല അയാൾക്ക് ആശാ സമരക്കാർ ‘അലവലാതികളാ’യത്.

സ്ഥാനാർത്ഥിബിംബവത്ക്കരണമെന്നത് മറ്റൊരു വലിയ ജനാധിപത്യവിരുദ്ധ രാഷ്ട്രീയത്തിന്റെ കൂടിയാണ്. അത് നേതൃബിംബങ്ങളേയും രക്ഷകരേയും പരമാധികാരികളെയുമുണ്ടാക്കുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ മാതൃകയുടെ പ്രയോഗം കൂടിയാണ്. ബി ജെ പിക്കും സംഘ്പരിവാറിനും ഹിന്ദു സമ്രാട്ട് നരേന്ദ്ര മോദിയാണ് ഇപ്പോഴാ രക്ഷക, സർവ്വാധികാര ചക്രവർത്തിയെങ്കിൽ കേരളത്തിലെ സി.പി.എമ്മിനത് പിണറായി വിജയനാണ്. അയാൾക്ക് ചുറ്റുമായി സർവ്വ അധികാരവും ആശ്രിതന്മാരും കേന്ദ്രീകരിക്കുന്നു. ഇതേ നേതൃരക്ഷക ബിംബനിർമ്മാണം ഓരോ തട്ടിലേക്കും വ്യാപിക്കും. അങ്ങനെയാണ് ഉപദേവതകൾക്കും സമാനമായ പ്രചാരണ തന്ത്രങ്ങളുണ്ടാകുന്നത്. നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ പ്രചാരണം മുഴുവനും അത്തരത്തിലുള്ള വലതുപക്ഷ രാഷ്ട്രീയപ്രയോഗങ്ങളിലൂടെയായിരുന്നു.
ജനങ്ങളുടെ ജനാധിപത്യ കർതൃത്വത്തെയും നീതിബോധത്തെയും സമത്വത്തെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിനെയുമാണ് രക്ഷകബിംബങ്ങളുടെ കെട്ടിയിറക്കലുകളിലൂടെ കേരളത്തിലെ ഭരണപക്ഷവും അവരുടെ സാംസ്കാരിക വിധേയരും വെല്ലുവിളിച്ചത്
നിലമ്പൂരിലെ ആദിവാസി ഭൂസമരത്തോടുള്ള സർക്കാരിന്റെ നിലപാടെന്താണെന്ന് അവിടെയവർ പറഞ്ഞില്ല. ഒരു കൊല്ലത്തിലേറെ കുടിൽകെട്ടി സമരം നടത്തിയതിനുശേഷമാണ് അറുപതോളം ആദിവാസി കുടുംബങ്ങൾക്ക് അരയേക്കർ ഭൂമി നൽകാമെന്ന് സർക്കാർ ഉറപ്പുനൽകിയത്. എന്നാൽ ആ ഉറപ്പ് പാലിക്കപ്പെടാഞ്ഞതിനെത്തുടർന്ന് ആദിവാസികൾ നിലമ്പൂരിൽ മൂന്നുമാസത്തോളമായി വീണ്ടും സമരത്തിലാണ്. അവരുടെ മുന്നിലൂടെയാണ് 36 ലക്ഷത്തിന്റെ കാറിന്റെ ചില്ലുജാലകങ്ങൾ അറ്റാച്ചിട്ട് ഇടതുമുന്നണിയുടെ പാവങ്ങളുടെ പടത്തലവനും നിലപാടുകളുടെ രാജകുമാരനും രാജാവുമൊക്കെ യാത്രചെയ്യുന്നത്. രാഷ്ട്രീയാശ്ലീലം ചായംപൂശി എഴുന്നള്ളുകയാണ്.
ജനങ്ങളുടെ ജനാധിപത്യ കർതൃത്വത്തെയും നീതിബോധത്തെയും സമത്വത്തെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിനെയുമാണ് രക്ഷകബിംബങ്ങളുടെ കെട്ടിയിറക്കലുകളിലൂടെ കേരളത്തിലെ ഭരണപക്ഷവും അവരുടെ സാംസ്കാരിക വിധേയരും വെല്ലുവിളിച്ചത്. ‘ഒരു ലക്ഷം മനുഷ്യർക്ക് തുല്യമാണ് നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി’ എന്നായിരുന്നു ചില സിനിമകളിലൊക്കെ വേഷമിട്ടിട്ടുള്ള ഒരു ഭരണാധികാര പുത്തൻ സാംസ്ക്കാരിക ദാസന്റെ വാഴ്ത്ത്. ഓരോ മനുഷ്യനും തലയുയർത്തുന്ന നീതിയുടെ ആകാശത്തിനുവേണ്ടിയുള്ള സമരത്തെ ഒറ്റുകൊടുക്കുകയും ആകാശത്തെ രക്ഷക നക്ഷത്രങ്ങളെ നോക്കുന്ന ലക്ഷങ്ങളായ പുൽക്കൊടികളാക്കി ജനങ്ങളെ തരംതാഴ്ത്തുകയും ചെയ്യുന്ന ഇത്തരം ഫ്യൂഡൽ മൂല്യബാധയുടെ പ്രേതങ്ങളാണ് ഇപ്പോൾ ഇടതുപക്ഷത്തിന്റെ ആലയിൽ പുല്ലുതിന്ന് അയവിറക്കിക്കിടക്കുന്നത്.
ഇടതുപക്ഷ രാഷ്ട്രീയത്തിനെക്കുറിച്ചുള്ള എന്തെങ്കിലുമൊരു വീണ്ടുവിചാരത്തിനോ സ്വയംവിമർശനത്തിനോ സാധ്യമല്ലാത്ത വിധത്തിൽ സംഘടനാ, പ്രത്യയശാസ്ത്ര ആരോഗ്യം നഷ്ടപ്പെട്ട ജീർണസ്ഥാപനങ്ങളാണ് കേരളത്തിലെ ഭാരപേക്ഷ ഇടതുപക്ഷം. അതിന്റെ ഉപശാലകളിൽ മുഴുവൻ ഇത്തരത്തിലുള്ള പരാദങ്ങൾ നിറഞ്ഞിരിക്കുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേക്കെത്തിച്ച അൻവറിന്റെ രാജിക്കുമുമ്പ്, അൻവർ ഇടതുമുന്നണയുടെ ഭരണപക്ഷ എം എൽ എ ആയിരുന്നു. അവിടെനിന്നുകൊണ്ട് അയാൾ നടത്തിയ എല്ലാവിധ വൃത്തികേടുകളും പിണറായി വിജയൻ സർക്കാരിനും ഇടതുമുന്നണിക്കും വേണ്ടി, അവരുടെ സമ്പൂർണ്ണ പിന്തുണയോടെയായിരുന്നു. സ്ത്രീമാധ്യമപ്രവർത്തകരെ പ്രത്യേകമായി ലൈംഗികാധിക്ഷേപം നടത്താനുള്ള വിദഗ്‌ധരടക്കമുള്ള സൈബർ ആക്രമണസംഘങ്ങൾ അയാൾക്കൊപ്പമുണ്ടായിരുന്നത് സി.പി.എമ്മിന്റെ പക്കൽ നിന്നുള്ള സംഭാവനയായിരുന്നു. അൻവർ പോയപ്പോഴും സി.പി.എമ്മിന്റെ സൈബർ കടന്നാൽ സംഘങ്ങൾ ലൈംഗികാധിക്ഷേപ ആക്രമണങ്ങളടക്കമുള്ള എല്ലാ ആയുധങ്ങളുമായി ഇപ്പോഴും ഭരണാധികാരത്തിനൊപ്പമുണ്ട്. അൻവർ സി.പി.എമ്മിനെ ബാധിച്ച രോഗമല്ല, സി.പി.എമ്മിന്റെ പുതിയ സ്വഭാവത്തിനൊപ്പം ചേരുംപടി ചേർന്ന വൃത്തികേടാണ്.

അൻവറിനെപ്പോലൊരു രാഷ്ട്രീയ അവസരവാദി മുതലാളിയെ ഒരു തെരഞ്ഞെടുപ്പിലെങ്കിലും തങ്ങളിൽനിന്നും അകറ്റിനിർത്തി എന്നത് യു ഡി എഫിന്റെ രാഷ്ട്രീയനേട്ടമാണ്. അതെത്രമാത്രം മുന്നോട്ടുപോകുമെന്നത് കണ്ടറിയണമെങ്കിലും മുതലാളിമാരുമായി പങ്കുവെക്കുന്ന വോട്ടുകളിൽ ജീവിക്കുന്ന രാഷ്ട്രീയം എത്രമാത്രം അപകടകരമാകുമെന്നത് മറക്കാതിരിക്കണം.
നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലെ വോട്ടുനില കാണിക്കുന്നത് സംഘടനാപരമായും സർക്കാർ എന്ന നിലയിലും പുതിയ ഒരാളെയെങ്കിലും തങ്ങൾക്കനുകൂലമാക്കുന്നതിൽ ഭരണമുന്നണി പരാജയപ്പെട്ടു എന്നതാണ് (2021-ൽ എൽ.ഡി.എഫ് നേടിയത് 81227 വോട്ട്, ഇത്തവണ 66660, കുറവ്: 14,567 വോട്ട്). കൊട്ടിഘോഷിച്ച സ്ഥാനാർത്ഥിബിംബവും ഒരു പ്രയോജനവുമുണ്ടാക്കിയില്ല. സ്വതന്ത്ര സ്ഥാനാർത്ഥിയായി നിന്ന് അൻവർ നേടിയ വോട്ടുകളിൽ (19760 വോട്ട്) ഭൂരിപക്ഷവും കഴിഞ്ഞ രണ്ടു തവണ എൽ ഡി എഫ് സ്ഥാനാർത്ഥിയായി നിന്നപ്പോൾ അയാൾക്കൊപ്പമുണ്ടായിരുന്ന വോട്ടുകളാണ്. ബി ജെ പി സ്ഥാനാർത്ഥിയും സാമാന്യമായി കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടുനില നിലനിർത്തി (8648 വോട്ട്). അതായത് വളരെ കൃത്യമായ തരത്തിൽ ഈ സർക്കാരിനെതിരെ ജനങ്ങൾ വോട്ടുചെയ്തു എന്നുതന്നെ കാണാം.
സാധാരണ മനുഷ്യർക്ക് ഒന്നെത്തിനോക്കാൻ പോലും കഴിയാത്തവിധത്തിൽ ജനാധിപത്യപ്രക്രിയകൾ അവരിൽനിന്നും അകലുകയാണ്. എന്നിട്ടും ദുരധികാരത്തിനെതിരായുള്ള ഏതെങ്കിലുമൊരു സാധ്യതയെ ജനം തിരിച്ചുപിടിക്കുന്നുണ്ടെങ്കിൽ നിലമ്പൂരിൽ അതുണ്ടായിട്ടുണ്ട്.
പ്രചാരണ മാമാങ്കങ്ങൾക്കപ്പുറം അകം പൊള്ളയായൊരു സർക്കാരും ഭരണകക്ഷിയുമാണ് കേരളത്തിലുള്ളത്. കേരളത്തിലെ ജനാധിപത്യ സംവാദ മണ്ഡലത്തെ സമ്പൂർണ്ണമായും ഇല്ലാതാക്കാനുള്ള എല്ലാ ശ്രമവും അവർ നടത്തുന്നുണ്ട്. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് ഇതിന്റെ മറ്റൊരുവശംകൂടി കാണിക്കുന്നു. അത് കേരളത്തിലെ ദൃശ്യമാധ്യമങ്ങളിൽ പലതും ഉപയോഗിക്കുന്ന നൈതികതയില്ലാത്തൊരു തട്ടിപ്പിനെയാണ്. വാർത്താ അവതാരകർ കൃത്യമായി പക്ഷം പ്രഖ്യാപിക്കുകയും സ്ഥാനാർത്ഥികൾക്കുവേണ്ടി ചേരിതിരിഞ്ഞു സംസാരിക്കുകയും ചെയ്യുന്നു. അത് എല്ലാ കക്ഷികളിലേയും ആളുകളെ കാഴ്ചക്കാരായി കിട്ടാനുള്ള തട്ടിപ്പുകൂടിയാണ്. ഒപ്പം വാർത്തകളേയും വിവരങ്ങളേയും എങ്ങനെയാണോ രാഷ്ട്രീയകക്ഷികൾ പ്രചാരണത്തിനുപയോഗിക്കുന്നത് അതേ ഭാഷയിലും രീതിയിലും അവതരിപ്പിക്കുന്നു. സ്ഥാനാർത്ഥികൾക്ക് വേണ്ടി കൃത്യമായി ആസൂത്രണം ചെയ്ത പ്രചാരണവാർത്തകളുണ്ടാക്കുന്നു. നിലമ്പൂരിൽ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയായിരുന്നു. അതെല്ലായ്പോഴും അങ്ങനെയാകണമെന്നില്ല. ദേശീയ തലത്തിൽ സംഘ്പരിവാറാണ് ഈ പരിപാടിയുടെ വലിയ പ്രായോജകർ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിലോ പ്രസംഗമത്സരവേദികളിലോ നിന്ന് പുരോഗമിക്കാത്ത അല്പവിഭവരാണ് രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും പുതിയ മുഖങ്ങളായി വരുന്നതെന്നത് വലതുപക്ഷവത്ക്കരണത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണം കൂടിയാണ്.
കേരളത്തിലെ സർക്കാരും ഭരണകക്ഷികളും എല്ലാ സന്നാഹങ്ങളുമുപയോഗിച്ചായിരുന്നു നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലിറങ്ങിയത്. തൃക്കാക്കരയിലും പാലക്കാടുമൊക്കെ അങ്ങനെത്തന്നെ ചെയ്തു. എല്ലായിടത്തും പിണറായി വിജയൻ നേതൃത്വം നൽകി. എല്ലായിടത്തും തോൽക്കുകയും ചെയ്തു. അത് തുടരാനാണ് സാധ്യത, കാരണം തിരുത്തലുകൾക്കുള്ള ഒരു സാധ്യതയും അതിനുള്ളിലില്ല. ഒപ്പം മറ്റൊന്നുകൂടിയുണ്ട്. തെരഞ്ഞെടുപ്പുകൾ എങ്ങനെയാണ് ഇത്രയേറെ പണവും ആൾബലവും നിറയുന്ന തരത്തിലുള്ള പൂരങ്ങളും കെട്ടുകാഴ്ചകളുമാകുന്നതെന്നതാണ്. സാധാരണ മനുഷ്യർക്ക് ഒന്നെത്തിനോക്കാൻ പോലും കഴിയാത്തവിധത്തിൽ ജനാധിപത്യപ്രക്രിയകൾ അവരിൽനിന്നും അകലുകയാണ്. എന്നിട്ടും ദുരധികാരത്തിനെതിരായുള്ള ഏതെങ്കിലുമൊരു സാധ്യതയെ ജനം തിരിച്ചുപിടിക്കുന്നുണ്ടെങ്കിൽ നിലമ്പൂരിൽ അതുണ്ടായിട്ടുണ്ട്.
