രാഷ്ട്രീയത്തിൽ
ഒരു മരക്കുറ്റിയുടെ പങ്ക്
അഥവാ നിലമ്പൂരിലെ അടിയൊഴുക്ക്

രണ്ടു തവണത്തെ ഭരണം പൂർത്തിയാക്കുന്ന പിണറായി വിജയൻ സർക്കാർ സ്വയം വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് ജനം കൈയടിച്ചു സ്വീകരിച്ചില്ല എന്ന വസ്തുതയാണ് നിലമ്പൂർ റിസൽട്ട് കാണിച്ചുതരുന്നത്- ദാമോദർ പ്രസാദ് എഴുതുന്നു.

രു മരക്കുറ്റി സന്ദർശന വിവാദത്തിൽ നിന്നാണ് എല്ലാം തുടങ്ങുന്നത്. ദിനംതോറുമെന്നോണം വിവാദം പുതിയ പുതിയ തലങ്ങളിലേക്ക് മാറുകയും തുടങ്ങിയിടത്തു മറ്റു പ്രശ്നങ്ങളിലേക്ക് അത് സംക്രമിക്കുകയും ചെയ്തു. വിവാദം തുടങ്ങിവെച്ച പി.വി. അൻവർ എൽ ഡി എഫ് വിടുകയും എം എൽ എ സ്ഥാനം രാജിവെക്കുകയും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. യു ഡി എഫിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി അടുത്ത വിവാദത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുകയും അൻവർ തന്നെ സ്വയം സ്ഥാനാർഥിയായി രംഗപ്രവേശം നടത്തുകയും ചെയ്തു. ഏറ്റവുമൊടുവിൽ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിക്കുകയും നിയമസഭയിൽ കോൺഗ്രസ് അതിന്റെ സംഖ്യ ഉയർത്തുകയും ചെയ്തു.

സമീപകാല രാഷ്ട്രീയ ചരിത്രത്തിൽ മൂന്നു കാരണങ്ങൾ കൊണ്ടാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ശ്രദ്ധ പിടിച്ചുപറ്റിയത്:

ഒന്ന്: തീർത്തും രാഷ്ട്രീയമായ കാരണങ്ങളാണ് ഉപതെരഞ്ഞെടുപ്പിന് അവസരമൊരുക്കിയത്. അതായത് മണ്ഡലത്തിൽ നിന്നുള്ള എം എൽ എ മരിച്ചശേഷമോ മറ്റു അവസരങ്ങൾക്കായി രാജിവെച്ച ഒഴിവിലോ അല്ല ഉപതെരഞ്ഞെടുപ്പുണ്ടായത്.

രണ്ട്: ഏതാനും മാസങ്ങൾ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിലേക്കും അതിനുശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പിലേക്കുമുള്ള ദൂരം.

മൂന്ന്: ഉപതെരഞ്ഞെടുപ്പ് ഭാവികേരളത്തിന് നിർണായകമാകാൻ പോകുന്ന നേതാക്കളുടെ അങ്കക്കളരിയെന്ന നിലയിലും ശ്രദ്ധ നേടി. നിലമ്പൂർ റിസൽട്ട് കേരളത്തിന്റെ സമീപഭാവിയിൽ വരാൻ പോകുന്ന രാഷ്ട്രീയ മത്സരങ്ങളുടെ പരിണതിയെക്കുറിച്ചുള്ള സൂചന കൂടിയാകും.

ഈ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കുകയും ഇറങ്ങിക്കളിക്കുകയും രംഗവിധാതാവാകാൻ ഒട്ടൊക്കെ പരിശ്രമിക്കുകയും ചെയ്ത നടൻ ഒടുവിൽ പാർശ്വകഥാപാത്രമായി പരിണമിച്ചെങ്കിലും, താൻ നേടിയ വോട്ടുകളുടെ ബലത്തിൽ, താൻ വേദിയിൽ തന്നെ തുടരുമെന്നതിന്റെ പ്രഖ്യാപനമായി മാറ്റാനായി.

പ്രായോഗിക രാഷ്ട്രീയത്തിൽ പുലർത്തേണ്ട സാമാന്യ മര്യാദ അൻവർ ഇനിയും വശപ്പെടുത്തേണ്ടിയിരിക്കുന്നു. ഏറനാട്ടിലെ ഒരു പ്രമാണിയായിരിക്കാനുള്ള  ശീലങ്ങൾക്കപ്പുറം പക്വത ആർജ്ജിക്കേണ്ടതുണ്ട്, അദ്ദേഹം.
പ്രായോഗിക രാഷ്ട്രീയത്തിൽ പുലർത്തേണ്ട സാമാന്യ മര്യാദ അൻവർ ഇനിയും വശപ്പെടുത്തേണ്ടിയിരിക്കുന്നു. ഏറനാട്ടിലെ ഒരു പ്രമാണിയായിരിക്കാനുള്ള ശീലങ്ങൾക്കപ്പുറം പക്വത ആർജ്ജിക്കേണ്ടതുണ്ട്, അദ്ദേഹം.

ആ മരക്കുറ്റി നാടകം…

മലപ്പുറം എസ് പിയായിരുന്ന ശശിധരന്റെ ക്യാമ്പ് ഓഫീസിലെ മരം വെട്ടിയതിനു ശേഷം അവശേഷിച്ച കുറ്റി കാണാൻ മാധ്യമങ്ങളെയും കൂട്ടി ലഘുവായൊരു നാടകം സൃഷ്ടിച്ചപ്പോൾ, തുടർന്നുവരാൻ പോകുന്ന രംഗങ്ങളെക്കുറിച്ചോ പരിണാമത്തെക്കുറിച്ചോ നിലമ്പൂർ എം എൽ എയായിരുന്ന പി.വി. അൻവർ വിഭാവനം ചെയ്തിട്ടുണ്ടാവില്ല. എസ് പി ശശിധരനെതിരെ ആഭ്യന്തര വകുപ്പിനെക്കൊണ്ട് ഒരു താത്കാലിക നടപടിയെടുപ്പിക്കുക, തന്റെ വീരസ്യം നാട്ടുകാർക്കുമുന്നിൽ ബോധ്യപ്പെടുത്തുക- ഇത്രമാത്രമായിരിക്കണം അൻവറിന്റെ പ്രതീക്ഷ. പക്ഷെ; രാഷ്ട്രീയത്തിലാകട്ടെ സാമാന്യ ജീവിതത്തിലാകട്ടെ, വിധി ഒളിപ്പിച്ചുവെച്ചിരിക്കുന്ന രഹസ്യം മനുഷ്യർക്ക് എപ്പോഴെങ്കിലും മുന്നേ കാണാൻ പറ്റുമോ? മരക്കുറ്റി സന്ദർശനത്തിനു മുമ്പ് ഒരു ചടങ്ങിൽ എസ് പിയായിരുന്ന ശശിധരനെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. ഈ ചടങ്ങിൽ നിന്ന് ഈ പോലീസ് ഉദ്യോഗസ്ഥൻ ഇറങ്ങിപ്പോവുകയാണുണ്ടായത്.

സർക്കാരിനെതിരെ പ്രചാരണം നടത്തിയ യു ഡി എഫിന്റെയും അൻവറിന്റെയും വോട്ടുകൾ ചേർത്തുവെച്ചാൽ 55.4 ശതമാനം വരും. അൻവറിന്റെ വോട്ട് കുറെയെങ്കിലും യു ഡി എഫിന് ലഭിക്കേണ്ടതാണ്. ആ നിലയിൽ ലഭിക്കുമായിരുന്ന വമ്പിച്ച ഭൂരിപക്ഷം സർക്കാരിനെതിരായ വികാരത്തിന്റെ അടിയൊഴുക്കായി കാണാവുന്നതാണ്.

മരക്കുറ്റി സന്ദർശനം മാധ്യമങ്ങൾ ആദ്യം പരിഹാസമായാണ് അവതരിപ്പിച്ചത്. മാധ്യമങ്ങളിൽ ഒരു ‘ചട്ടമ്പി പരിവേഷ’മായിരുന്നു അൻവറിന് അന്നുവരെ. മാധ്യമങ്ങളുടെ പരിഹാസം സ്വന്തം പ്രതിച്ഛായക്ക് ക്ഷതമേല്പിക്കുന്നതാണെന്ന് മനസ്സിലാക്കിയ അൻവർ അടുത്തഘട്ട മാധ്യമ സമ്മേളനം ഉടനെ വിളിക്കുകയും സുജിത് ദാസ് എന്ന മുൻ റൂറൽ എസ് പിക്കും എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനുമെതിരെ വാക്കാൽ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. അപ്പോഴും അൻവർ ആണയിട്ടു പറഞ്ഞിരുന്നത്, മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ അഭിവന്ദ്യ പിതാവിനെ പോലെയാണെന്നാണ്. മുഖ്യമന്ത്രിയിൽ അൻവർ പരിപൂർണമായും വിശ്വാസമർപ്പിച്ചിരുന്ന ഘട്ടം കഴിഞ്ഞിരുന്നില്ല അപ്പോഴും. താൻ ഉയർത്തുന്ന വാദങ്ങൾ സഖാക്കളുടേതാണെന്ന് ആവർത്തിച്ച അൻവർ, സി.പി.എം സംസ്ഥാന സെക്രട്ടറി തന്റെ അഭിപ്രായങ്ങൾക്ക് കാതു തരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.

മാധ്യമങ്ങൾ, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾ, അൻവറിന്റെ പകൽവാർത്തസമ്മേളനങ്ങളിലൂടെയുള്ള വിവാദച്ചൂരിൽ നിന്ന് ലഭിക്കുന്ന പ്രേക്ഷകശ്രദ്ധ തിരിച്ചറിഞ്ഞു. അൻവർ ത്വരിതഗതിയിലാണ് പിന്നെ മുന്നോട്ടുപോയത്. തന്റെ ബദ്ധശത്രുവായിരുന്ന 'മറുനാടൻ മലയാളി' അധിപൻ ഷാജൻ സ്‌ക്കറിയയെ പോലീസ് അറസ്റ്റിൽ നിന്ന് രക്ഷപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചു. ഈ ഘട്ടത്തിലും തനിക്ക് അപ്രിയങ്കരരായ മാധ്യമ പ്രവർത്തകർക്കെതിരെ ഒളിയമ്പ് എയ്യാനും മറന്നില്ല.

മലപ്പുറം എസ് പിയായിരുന്ന എസ്. ശശിധരൻ മുസ്ലിം വിരോധമുള്ള പോലീസ് ഉദ്യോഗസ്ഥനാണെന്ന്, അൻവറിന്റെ വാദത്തെ പിന്തുണച്ച്, ജോലിയിൽ നിന്നു വിരമിച്ച ഒരു ജുഡീഷ്യൽ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്, വിവാദങ്ങളെ മറ്റൊരു തലത്തിലേക്ക് മാറ്റി.
മലപ്പുറം എസ് പിയായിരുന്ന എസ്. ശശിധരൻ മുസ്ലിം വിരോധമുള്ള പോലീസ് ഉദ്യോഗസ്ഥനാണെന്ന്, അൻവറിന്റെ വാദത്തെ പിന്തുണച്ച്, ജോലിയിൽ നിന്നു വിരമിച്ച ഒരു ജുഡീഷ്യൽ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്, വിവാദങ്ങളെ മറ്റൊരു തലത്തിലേക്ക് മാറ്റി.

രാഷ്ട്രീയ വിവാദം യഥാർത്ഥത്തിൽ പുതിയ തലത്തിലേക്ക് മാറുന്നത്, മലപ്പുറത്തെ സ്വർണ്ണ കള്ളക്കടത്തിന്റെയും മയക്കുമരുന്ന് വേട്ടയുടെയും പേരിൽ യുവാക്കൾ പീഡിപ്പിക്കപ്പെടുന്നതിന്റെ പ്രശ്നം ഉന്നയിച്ചാണ്. ഇതിലൊക്കെ റൂറൽ എസ് പി യായിരുന്ന സുജിത് ദാസിനും എ ഡി ജി പി എം.ആർ. അജിത്കുമാറിനും പങ്കുള്ളതായും ആരോപിച്ചു. ഇതിനിടയിൽ, മലപ്പുറം എസ് പിയായിരുന്ന എസ്. ശശിധരൻ മുസ്ലിം വിരോധമുള്ള പോലീസ് ഉദ്യോഗസ്ഥനാണെന്ന്, അൻവറിന്റെ വാദത്തെ പിന്തുണച്ച്, ജോലിയിൽ നിന്നു വിരമിച്ച ഒരു ജുഡീഷ്യൽ ഉദ്യോഗസ്ഥനും മാധ്യമങ്ങളോട് വെളിപ്പെടുത്തി.

രണ്ടു തവണത്തെ ഭരണം പൂർത്തിയാക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ സ്വയം വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രോഗ്രസ് റിപ്പോർട്ട് ജനം കൈയടിച്ചു സ്വീകരിച്ചില്ല എന്ന വസ്തുതയാണ് നിലമ്പൂർ റിസൽട്ട് കാണിച്ചുതരുന്നത്.

അൻവറിന്റെ ദിനേനയുള്ള വാർത്താസമ്മേളനങ്ങൾ പ്രേക്ഷകരും അൻവർ തന്നെയും ആസ്വദിക്കാൻ തുടങ്ങിയതോടെ മാധ്യമങ്ങൾ പ്രത്യേകം പ്രത്യേകം അഭിമുഖം നൽകി ഇതിനെ പൊലിപ്പിക്കാൻ ശ്രമിച്ചു. അൻവറിന്റെ നീക്കങ്ങൾ യഥാർത്ഥത്തിൽ ആഭ്യന്തരവകുപ്പിനെ പ്രതിസന്ധിയിൽപ്പെടുത്തുന്നതായിരുന്നു. വാർത്താസമ്മേളനത്തിൽ റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണം കേൾപ്പിച്ച്, തന്റെ കൈയിൽ ചോർത്തിയ ഫോൺ സംഭാഷണങ്ങളുണ്ടെന്നും അൻവർ പറഞ്ഞു. മാത്രമല്ല, ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഫോൺ ചോർത്തുന്നുവെന്നും ആരോപിച്ചു. ഗവർണർ തന്നെ ഇക്കാര്യത്തിൽ സർക്കാരിനോട് വിശദീകരണം തേടി. അൻവറിന്റെ അടുത്ത ലക്ഷ്യം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. എ ഡി ജി പി എം.ആർ. അജിത്കുമാറിന്റെ സംരക്ഷകൻ പി ശശിയാണെന്നായിരുന്നു ആരോപണം.

മലപ്പുറത്തെ സംബന്ധിച്ച സവിശേഷ പ്രശ്നമുന്നയിക്കുന്നതോടൊപ്പം രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള അവിശുദ്ധ ബന്ധവും അൻവറിന്റെ ആരോപണങ്ങളുടെ ഉള്ളടക്കമായിരുന്നു. അൻവറിന്റെ രാഷ്ട്രീയ വിമർശനം വലുതായി സ്വീകരിക്കപ്പെട്ടതിന്റെ തെളിവാണ് മാധ്യമങ്ങൾ അൻവറിനായി നൽകിയ സമയം.

തുടക്കത്തിൽ പി.വി. അൻവറിന്റെ ലക്ഷ്യങ്ങളിലൊരാൾ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. എ ഡി ജി പി എം.ആർ. അജിത്കുമാറിന്റെ സംരക്ഷകൻ പി  ശശിയാണെന്നായിരുന്നു ആരോപണം.
തുടക്കത്തിൽ പി.വി. അൻവറിന്റെ ലക്ഷ്യങ്ങളിലൊരാൾ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. എ ഡി ജി പി എം.ആർ. അജിത്കുമാറിന്റെ സംരക്ഷകൻ പി ശശിയാണെന്നായിരുന്നു ആരോപണം.

അൻവറും സി.പി.എമ്മും തമ്മിൽ…

അൻവറിനോടുള്ള പ്രതികരണത്തിൽ സി പി എം മൃദുസമീപനമാണ് ആദ്യഘട്ടത്തിൽ സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടറിയേയും മുഖ്യമന്ത്രിയെയും അൻവർ നേരിൽ കാണുകയും തന്റെ പരാതികൾ ബോധ്യപ്പെടുത്തുകയും ചെയ്തു. അവരിൽനിന്ന് തനിക്ക് അനുകൂലമായ പ്രതികരണമാണുണ്ടായതെന്ന മട്ടിലാണ് ഈ ഘട്ടത്തിൽ അൻവർ പ്രതികരിച്ചത്. പി. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന വാർത്തയും പരന്നു. എസ് പി സ്ഥാനത്തുനിന്ന് വിജിലൻസിലേക്ക് ശശിധരൻ സ്ഥലം മാറ്റപ്പെട്ടു. സുജിത്ദാസിനെ സസ്‌പെൻഡ് ചെയ്തു. എ ഡി ജി പി അജിത്കുമാറിനെതിരെയും നടപടി വരുമെന്ന വാർത്ത പ്രചാരത്തിലുണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതോടെ, തൃശൂർ പൂരം അട്ടിമറിയിലുള്ള എ ഡി ജി പിയുടെ പങ്കിനെക്കുറിച്ച് അൻവർ ആരോപണം ഉന്നയിച്ചു. മാത്രമല്ല, ആർ എസ് എസ് നേതാവിനെ കാണാൻ പോയതും വാർത്തയാക്കി. ഈ വാർത്ത സ്ഥിരീകരിക്കപ്പെട്ടു. അൻവർ എൽ ഡി എഫിൽ നിന്ന് പൂർണമായും വിച്ഛേദിക്കപ്പെട്ടത് മുഖ്യമന്ത്രി തന്നെ അൻവറുമായുള്ള കൂടിക്കാഴ്ചയെ പറ്റി വിശദീകരിച്ചതോടെയാണ്. ഏതാനും നിമിഷങ്ങൾ മാത്രമാണ് കൂടിക്കാഴ്ച നടത്തെന്നും താനൊരു ഉറപ്പും അൻവറിനു നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ പ്രസ്താവന അവസാന ആണിയടിയായി പരിണമിച്ചു. അൻവറിന്റെ പ്രതിച്ഛായക്ക് ഇടിവുപറ്റി. അൻവർ ചുങ്കത്തറയിൽ പൊതുയോഗം വിളിച്ച് എൽ ഡി എഫിൽ നിന്ന് വിടുകയാണെന്നും എം എൽ എ സ്ഥാനം രാജിവെയ്ക്കുകയാണെന്നും പ്രഖ്യാപിച്ചു. ഇതിനു ബദലായി സി പി എം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. എം സ്വരാജായിരുന്നു മുഖ്യ പ്രസംഗികൻ.

യു.ഡി.എഫിന്
ഉജ്ജ്വല തിരിച്ചുവരവ്,
വോട്ട് ചോർന്ന് എൽ.ഡി.എഫ്;
രാഷ്ട്രീയക്കണക്ക് തെറ്റിച്ച നിലമ്പൂർ

സസ്പെൻഡ് ചെയ്യപ്പെട്ട റൂറൽ എസ്.പി. സുജിത്ദാസ്
സസ്പെൻഡ് ചെയ്യപ്പെട്ട റൂറൽ എസ്.പി. സുജിത്ദാസ്

അൻവറിന്റെ പിന്നീടുള്ള ആക്രമണം പ്രധാനമായും മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചായി. ഇതേ തുടർന്നാണ് കേരള രാഷ്ട്രീയത്തിന്റെ അന്തരീക്ഷം മാറുന്നത്. പ്രതിപക്ഷം കാര്യമായ സമരമൊന്നും നടത്തിയിരുന്നില്ല. ആശാ വർക്കേഴ്സ് സമരം സ്വതന്ത്ര തൊഴിലാളി സംഘടനയുടെ സമരമായിരുന്നു. അൻവർ എൽ ഡി എഫ് വിരുദ്ധ രാഷ്ട്രീയത്തിന്റെ കുന്തമുനയായി. ദ ഹിന്ദു പത്രത്തിൽ മലപ്പുറത്തെക്കുറിച്ച് മുഖ്യമന്ത്രിയുടേതായി വന്ന അഭിമുഖത്തി​ലെ പരാമർശം വിവാദമായി. തുടർന്ന് വെള്ളാപ്പള്ളി നടത്തിയ വിവാദ പ്രസ്താവനയെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചില്ല എന്ന വിമർശനവും ഉയർന്നു.

നിലമ്പൂരിൽ
ദുരധികാരത്തിനെതിരായ
ജനവിധി

തുടർഭരണത്തിനു കിട്ടിയ മാൻഡേറ്റ്, ഏതൊരു നയസമീപനം സ്വീകരിക്കാനും ചർച്ച ചെയ്യാതെ നടപ്പാക്കാനുമുള്ള അംഗീകാരമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ആശ വർക്കർ സമരത്തോടുള്ള സർക്കാരിന്റെ നിസ്സംഗധാർഷ്ട്യം, സർക്കാരിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇടതുപക്ഷ പ്രതിച്ഛായയെ കൂടുതൽ ക്ഷയിപ്പിച്ചു.

അൻവറും യു.ഡി.എഫും തമ്മിൽ…

കോൺഗ്രസിൽ തമ്മിൽത്തല്ല് തുടരുന്ന വേളയിലാണ് സണ്ണി ജോസഫിനെ കെ പി സി സി പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്. ഈ ഘട്ടത്തിലാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. സാധാരണഗതിയിൽ ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ട എൽ ഡി എഫ്, സ്ഥാനാർത്ഥിയെ ചൊല്ലി യു ഡി എഫ് ക്യാമ്പിൽ നടക്കുന്ന തർക്കങ്ങൾ എങ്ങനെ പരിണമിക്കുമെന്നു ക്ഷമാപൂർവം കാത്തിരിക്കാൻ തീരുമാനിച്ചു. സ്ഥാനാർഥി തർക്കത്തിനിടയാക്കിയത്, ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ പരാജയപ്പെടുമെന്ന അൻവറിന്റെ പരസ്യ പ്രസ്താവനയാണ്. അൻവർ തന്റെ സ്ഥാനാർഥി എന്ന നിലയിൽ ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് വി.എസ്. ജോയിയെ നിർദേശിച്ചു. കോൺഗ്രസിനെ ഇത് വെട്ടിലാക്കി. അൻവറിന് കോൺഗ്രസ് കീഴപ്പെടുന്നു എന്ന പ്രതീതിയാണിത് സൃഷ്ടിച്ചത്. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ ഇടപെടലാണ് ആര്യാടൻ ഷൗക്കത്തിനെ തന്നെ സ്ഥാനാർത്ഥിയാക്കി നിർത്താൻ കോൺഗ്രസിന് പ്രേരണയായത്. അല്പസ്വല്പം മുറുമുറുപ്പുണ്ടായിരുന്നെങ്കിലും അൻവറിന്റെ പരസ്യ പ്രസ്താവനകൾ യു ഡി എഫിനുതന്നെ ബുദ്ധിമുട്ടാക്കുന്നതിനാൽ സംഘടിതമായി തന്നെ അൻവറിന്റെ പരസ്യ പ്രസ്താവനകളെ എതിർത്തു, യു ഡി എഫ് നേതൃത്വം. അങ്ങനെ അസാധാരണ ഐക്യം ദൃശ്യമായി.

താൻ നിർദേശിച്ച സ്ഥാനാർഥിയില്ലെങ്കിൽ തൃണമൂൽ കോൺഗ്രസിനെ യു.ഡി.എഫ് ഘടകക്ഷിയാക്കണമെന്ന ആവശ്യമാണ് അൻവർ പിന്നെ ഉന്നയിച്ചത്. അൻവറിന്റെ തുടർന്നുള്ള പരസ്യ പ്രസ്താവനകൾ, യു ഡി എഫിൽ തന്നെ അദ്ദേഹത്തിനോട് താല്പര്യമുള്ളവരെ പോലും അദ്ദേഹത്തിനെതിരെ നിലപാടെടുക്കാൻ നിർബന്ധിതരാക്കി. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയും യു ഡി എഫ് അതിനെ പിന്തുണയ്ക്കുകയും ചെയ്തതോടെ കോൺഗ്രസ് ധാർമിക വിജയം നേടി. വിജയിക്കുമെന്ന പൂർണ ആത്മവിശ്വാസത്തോടെയാണ് കോൺഗ്രസ് കളത്തിലറങ്ങിയത്.

പി.വി അൻവറിന്റെ ആക്രമണം പ്രധാനമായും മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചായതോടെയാണ്, കേരള രാഷ്ട്രീയത്തിന്റെ അന്തരീക്ഷം തന്നെ മാറുന്നത്.
പി.വി അൻവറിന്റെ ആക്രമണം പ്രധാനമായും മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചായതോടെയാണ്, കേരള രാഷ്ട്രീയത്തിന്റെ അന്തരീക്ഷം തന്നെ മാറുന്നത്.

എൽ ഡി എഫ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമാക്കി മാറ്റാൻ തീരുമാനിക്കുകയും എം. സ്വരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. അൻവർ ഈ സന്ദർഭത്തിലും രണ്ടു മുന്നണികൾക്കുമെതിരെ പതിവുശൈലിയിൽ ആക്രമണം തുടർന്നു. ഒടുവിൽ മത്സരരംഗത്തേക്ക് തന്നെത്തന്നെ സ്വയം നിയോഗിച്ചു. എൻ ഡി എ നേതൃത്വമാണെങ്കിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നും അടർത്തിയെടുത്ത ഒരാളെയാണ് സ്ഥാനാർത്ഥിയാക്കിയത്. ആദ്യം തങ്ങൾക്ക് പറ്റിയ മണ്ഡലമല്ലെന്നും സ്ഥാനാർഥിയുണ്ടാകില്ലെന്നുമാണ് ബി ജെ പി പ്രസിഡന്റ് പ്രഖ്യാപിച്ചത്. വർഗീയ സ്വഭാവത്തിൽ മണ്ഡലത്തെ അടയാളപ്പെടുത്തുന്ന പ്രസ്താവനയായിരുന്നു ഇത്.

തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ തന്നെ പിണറായി വിജയനും വി. ഡി. സതീശനും വ്യക്തിഗതമായ സ്റ്റേക്കുള്ള തെരഞ്ഞെടുപ്പാണിതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടിയ ജനവിധിയാണ് ഉണ്ടായത്.

തെരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ

ചതുഷ്‌കോണ മത്സരം എന്ന നിലയിലാണ് മാധ്യമങ്ങൾ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ ചിത്രീകരിച്ചത്. പൊടിപാറിയ രാഷ്ട്രീയ മത്സരമായി മാറിയ നിലമ്പൂരിൽ തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടു ഘട്ടത്തിലും ഏറ്റുമുട്ടൽ എം. സ്വരാജും ആര്യാടൻ ഷൗക്കത്തും തമ്മിലായിരുന്നു. എൽ ഡി എഫിനെയും സ്വരാജിനെയും വ്യക്തിപരമായി പിന്തുണയ്ക്കുന്ന, പാർട്ടി വളർത്തുന്ന സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും സാംസ്കാരിക സംഘടനക്കാരും നിലമ്പൂരിൽ സി പി എമ്മിനായി പ്രചാരണത്തിനിറങ്ങി. പിണറായി വിജയൻ നിലമ്പൂരിൽ ക്യാംപ് ചെയ്തു പ്രവർത്തിച്ചു. നിലമ്പൂർ തെരഞ്ഞെടുപ്പ് വിജയം സംസ്ഥാന സർക്കാരിന്റെ വിധിയെഴുത്താകുമെന്ന് എം.വി. ഗോവിന്ദനും പ്രചാരണ ചുമതലയുള്ള എ. വിജയരാഘവനും പറഞ്ഞു.

വെൽഫെയർ പാർട്ടി യു ഡി എഫിനെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദമായിരുന്നു പിന്നീടുണ്ടായത്. ഈ വിഷയം വർഗീയവൽക്കരിക്കാൻ സി പി എമ്മിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി (സി പി എം അനുകൂല സാംസ്കാരിക പ്രവർത്തകർ വെൽഫെയർ പാർട്ടിയുടെ യു ഡി എഫ് പിന്തുണയെ എതിർത്തോ അനുകൂലിച്ചോ ഒരക്ഷരം പോലും മിണ്ടിയില്ല എന്നത് അവർക്കിടയിലെ കൺഫ്യൂഷൻ വ്യക്തമാക്കി).

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ  മത്സരമാക്കി മാറ്റാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ്, എൽ ഡി എഫ്  എം. സ്വരാജിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമാക്കി മാറ്റാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ്, എൽ ഡി എഫ് എം. സ്വരാജിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.

തെരഞ്ഞെടുപ്പിന്റെ അവസാന റൗണ്ടിൽ നിലമ്പൂരിൽ നിലയുറപ്പുള്ള മാധ്യമ പ്രവർത്തകരായ ചിലർ തന്ന സൂചന, അൻവർ സ്വാധീനം തിരികെ പിടിക്കുന്നുവെന്നായിരുന്നു. യഥാർത്ഥത്തിൽ അൻവറാണ് ഈ തെരഞ്ഞെടുപ്പിന് അവസരമൊരുക്കിയത്. സർക്കാർ വിരുദ്ധ പ്രചാരണത്തിന് രാഷ്ട്രീയദിശ നൽകിയതിലും അൻവറിന് നിസ്തുല പങ്കുണ്ട്. ‘പിണറായിസ’വും ജനവും തമ്മിലാണ് മത്സരമെന്ന അൻവറിന്റെ പൊളിറ്റിക്കൽ ഫ്രേയ്മിങ് പ്രതിപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടിനെ കനപ്പെടുത്തുന്നതായിരുന്നു.

എന്നാലും, പ്രായോഗിക രാഷ്ട്രീയത്തിൽ പുലർത്തേണ്ട സാമാന്യ മര്യാദ അൻവർ ഇനിയും വശപ്പെടുത്തേണ്ടിയിരിക്കുന്നു. ഏറനാട്ടിലെ ഒരു പ്രമാണിയായിരിക്കാനുള്ള ശീലങ്ങൾക്കപ്പുറം പക്വത ആർജ്ജിക്കേണ്ടതുണ്ട്, അദ്ദേഹം. തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്താണെങ്കിലും 19760 വോട്ട് അൻവറിന്റെ രാഷ്ട്രീയ അസ്തിത്വത്തിനുള്ള കരുതലാകുന്നു. അൻവറിനു ലഭിച്ചത് 11.23 ശതമാനം വോട്ടാണ്. സ്വരാജിന് 37.88, ആര്യാടൻ ഷൗക്കത്തിന് 44.17 ശതമാനം വീതവും.
കരുത്തുള്ള സ്ഥാനാർത്ഥിയാണ് താനെന്ന് അൻവറിന് തെളിയിക്കാനായി. ഇതൊക്കെയാണെങ്കിലും, എം എം എ ആയിരുന്നയാൾ മത്സരിച്ചപ്പോൾ മൂന്നാം സ്ഥാനത്തായി എന്ന യാഥാർഥ്യവുമുണ്ട്. സ്ഥാനവും പോയി അർഹതപ്പെട്ട മറ്റു സ്ഥാനങ്ങളൊന്നും കിട്ടിയതുമില്ല. എല്ലാ കാലത്തും ആവർത്തിക്കാവുന്നതല്ല, 19000-ലേറെ വോട്ടിന്റെ പിൻബലം എന്നും ഓർക്കേണ്ടതുണ്ട്.

വി.ഡി. സതീശന് വ്യക്തിപരമായി നേട്ടമാകുന്ന റിസൽട്ടാണിത്. പി.വി. അൻവർ തന്റെ പ്രതിയോഗികളായി സതീശനെയും പിണറായി വിജയനെയുമാണ് അവതരിപ്പിച്ചത്. അൻവറിന്റെ നേട്ടം ഒരു പരിധിക്കപ്പുറം ഉയരാതിരുന്നത് സതീശന് ഗുണകരമായി.

സതീശന്റെ ജയം,
പിണറായിയുടെ
പ്രതിച്ഛായാ തോൽവി

ആര്യാടൻ ഷൗക്കത്തിന്റേത്, യു ഡി എഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ വിജയമാണ്. ഒപ്പം ലീഗിന്റെ കഠിനാധ്വാനത്തിന്റെയും. വി.ഡി. സതീശന് വ്യക്തിപരമായി നേട്ടം അവകാശപ്പെടാവുന്ന വിജയം. സ്ഥാനാർഥി നിർണയം മുതൽ അചഞ്ചലമായി സ്ഥാനാർഥിക്കുവേണ്ടി നിലകൊണ്ടത് സതീശനാണ്. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വത്തിന്റെ സമ്മതമില്ലാതെ അൻവറുമായി ചർച്ച നടത്തിയത് തൽക്ഷണം തിരുത്തുകയാണ് സതീശൻ ചെയ്തത്. അത്തരം അനുരഞ്ജനത്തിന് തയ്യാറല്ലാത്ത സമീപനം സതീശന് അംഗീകാരം നേടിക്കൊടുക്കുന്നതാണ്.

അതേസമയം, കോൺഗ്രസ് പോലെ ലിബറൽ രാഷ്ട്രീയ പാരമ്പര്യമുള്ള സംഘടനയുടെ നേതാക്കൾക്ക് പൊതുവെ വിലയിരുത്തപ്പെടുന്ന ഗുണമാണ് വിട്ടുവീഴ്ചാ മനോഭാവം എന്നത്. തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങളിൽ ഘടകകക്ഷികൾ സതീശന്റെ അഭിപ്രായങ്ങളെ പ്രധാനമായും മാനിക്കും. സതീശന് വ്യക്തിപരമായി നേട്ടമാകുന്ന റിസൽട്ടാണിത്. അൻവർ തന്റെ പ്രതിയോഗികളായി സതീശനെയും പിണറായി വിജയനെയുമാണ് അവതരിപ്പിച്ചത്. അൻവറിന്റെ നേട്ടം ഒരു പരിധിക്കപ്പുറം ഉയരാതിരുന്നത് സതീശന് ഗുണകരമായി.

ആര്യാടൻ ഷൗക്കത്തിന്റേത്, യു ഡി എഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ വിജയമാണ്. ഒപ്പം ലീഗിന്റെ കഠിനാധ്വാനത്തിന്റെയും.
ആര്യാടൻ ഷൗക്കത്തിന്റേത്, യു ഡി എഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ വിജയമാണ്. ഒപ്പം ലീഗിന്റെ കഠിനാധ്വാനത്തിന്റെയും.

തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ തന്നെ പിണറായി വിജയനും വി. ഡി. സതീശനും വ്യക്തിഗതമായ സ്റ്റേക്കുള്ള തെരഞ്ഞെടുപ്പാണിതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടിയ ജനവിധിയാണ് ഉണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പിലും സമാന അനുഭവമായിരുന്നു. പൗരപ്രമുഖരുമായുള്ള സമ്പർക്കവും സർക്കാർ തന്നെ സ്വയം മാർക്കിടുന്ന പ്രോഗ്രസ് റിപ്പോർട്ടും സർക്കാരിന്റെ ഇച്ഛാശക്തിയെ സ്വയം ശ്ലാഘിക്കുന്ന വികസന മുന്നേറ്റത്തെക്കുറിച്ചുള്ള വായ്ത്താരികളും ഗുണഭോക്താക്കളായ എഴുത്തുകാരെക്കൊണ്ട് രചിക്കപ്പെടുന്ന സ്തോത്ര- ശ്രുതികളും ജനം സ്വീകരിക്കുന്നില്ല എന്നു മാത്രമല്ല വളരെ വിമർശനാത്മക മനോഭാവത്തോടെയാണ് ഇതിനോടെല്ലാം ജനം പ്രതികരിക്കുന്നതെന്നും നിലമ്പൂർ റിസൽട്ട് വ്യക്തമാക്കുന്നു.

സാമുദായിക വോട്ട് ലക്ഷ്യം വെച്ചാണ് സി.പി.എം രാഷ്ട്രീയ വിഷയങ്ങൾ അവതരിപ്പിക്കുന്നതെന്ന വിമർശനം ലോക്സഭാ പ്രചാരണം മുതൽക്കുള്ളതാണ്.

തുടർഭരണത്തിനു കിട്ടിയ മാൻഡേറ്റ്, ഏതൊരു നയസമീപനം സ്വീകരിക്കാനും ചർച്ച ചെയ്യാതെ നടപ്പാക്കാനുമുള്ള അംഗീകാരമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ആശ വർക്കർ സമരത്തോടുള്ള പിണറായി സർക്കാരിന്റെ നിസ്സംഗധാർഷ്ട്യം കേരളീയ സമൂഹത്തിൽ സർക്കാരിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇടതുപക്ഷ പ്രതിച്ഛായയെ കൂടുതൽ ക്ഷയിപ്പിക്കുകയാണ് ചെയ്തത്. സാമുദായിക വോട്ട് ലക്ഷ്യം വെച്ചാണ് രാഷ്ട്രീയ വിഷയങ്ങൾ അവതരിപ്പിക്കുന്നതെന്ന വിമർശനം ലോക്സഭാ പ്രചാരണം മുതൽക്കുള്ളതാണ്. പ്രചാരണത്തിന്റെ മൂർധന്യത്തിൽ, അടിയന്തരാവസ്ഥക്കാലത്ത് സി.പി.എം ആർ എസ് എസുമായി സഹകരിച്ചു എന്ന സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന, ബി ജെ പിയെ എതിർക്കുന്ന രാഷ്ട്രീയം പ്രകടിപ്പിക്കുന്ന സി പി എമ്മിന്റെ സെക്യുലർ പ്രതിച്ഛായക്ക് വലിയ ചേതമുണ്ടാക്കി. പരസ്യ തിരുത്ത് അർഹിക്കുന്ന പ്രസ്താവനയാണ് എം. വി. ഗോവിന്ദൻ നടത്തിയത്; പ്രകാശ് ജാദ് വേദ്കറെ കണ്ടതിന് മുതിർന്ന നേതാവ് ഇ പി ജയരാജന് വിമർശനം നേരിടേണ്ട സാഹചര്യവുമായി ​ചേർത്തുവെക്കുമ്പോൾ പ്രത്യേകിച്ചും.

വി.ഡി. സതീശന് വ്യക്തിപരമായി നേട്ടം അവകാശപ്പെടാവുന്ന വിജയമാണ് നിലമ്പൂരിലേത്. സ്ഥാനാർഥി നിർണയം മുതൽ അചഞ്ചലമായി സ്ഥാനാർഥിക്കുവേണ്ടി നിലകൊണ്ടത് സതീശനാണ്.
വി.ഡി. സതീശന് വ്യക്തിപരമായി നേട്ടം അവകാശപ്പെടാവുന്ന വിജയമാണ് നിലമ്പൂരിലേത്. സ്ഥാനാർഥി നിർണയം മുതൽ അചഞ്ചലമായി സ്ഥാനാർഥിക്കുവേണ്ടി നിലകൊണ്ടത് സതീശനാണ്.

കേരളത്തിന്റെ രാഷ്ട്രീയ സംക്രമണത്തിൽ ഒരു മരക്കുറ്റിയുടെ പങ്ക് ചരിത്രത്തിൽ രേഖപ്പെടുത്തുമായിരിക്കില്ല. രാഷ്ട്രീയ പ്രക്രിയയിൽ അനിവാര്യമായ മാറ്റങ്ങൾക്ക് നിദാനമാകുന്നത് ഇതുപോ​ലുള്ള നിസ്സാര സംഭവങ്ങളാകാം. ഒരു വൻമാറ്റത്തെ ചലിപ്പിച്ചുവിടുന്ന, തീർത്തും പരാമർശവിധേയം പോലുമല്ലാത്ത സംഭവങ്ങൾ. നിമിത്തമെന്ന നിലയ്ക്ക് ഇത് സംഭവിക്കുകയും രാഷ്ട്രീയ മാറ്റങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

രണ്ടു തവണത്തെ ഭരണം പൂർത്തിയാക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ സ്വയം വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രോഗ്രസ് റിപ്പോർട്ട് ജനം കൈയടിച്ചു സ്വീകരിച്ചില്ല എന്ന വസ്തുതയാണ് നിലമ്പൂർ റിസൽട്ട് കാണിച്ചുതരുന്നത്. വികസന നേട്ടമായി കാണിച്ച ദേശീയ ഹൈവേ നിർമാണം മലപ്പുറത്ത് തന്നെ വിണ്ടു കീറിയത് ‘സമയം അത്ര അനുകൂലമല്ല’ എന്ന സൂചനയായി വിധിവിശ്വാസികൾ കണ്ടേക്കാം. എന്നാൽ വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിക്കുന്ന പാർട്ടി, മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ ബലത്തിൽ മാത്രം വോട്ടു നേടാനാകില്ല എന്ന് ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ടാകാം. ആശ വർക്കർ സമരം, അവർക്കനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ട് അവസാനിപ്പിക്കേണ്ടതിനുപകരം സി ഐ ടി യു നേതാക്കളെക്കൊണ്ടും പാർട്ടി വളർത്തുന്ന സമൂഹമാധ്യമ ചോറ്റുപട്ടാളത്തെക്കൊണ്ടും നേരിടുകയായിരുന്നു ചെയ്ത്. ഇത്, പ്രകീർത്തിക്കപ്പെടുന്ന സർക്കാരിന്റെ ഇച്ഛാശക്തി രാഷ്ട്രീയം എന്നത്, മൂലധന സംരംഭങ്ങൾക്ക് മാത്രം അനുകൂലമായി പ്രവർത്തിക്കുന്ന ശക്തിയാണ് എന്ന് വ്യാഖ്യാനിക്കാനാകുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്.

പ്രചാരണത്തിന്റെ മൂർധന്യത്തിൽ, അടിയന്തരാവസ്ഥക്കാലത്ത് സി.പി.എം ആർ എസ് എസുമായി സഹകരിച്ചു എന്ന സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന, ബി ജെ പിയെ എതിർക്കുന്ന  രാഷ്ട്രീയം പ്രകടിപ്പിക്കുന്ന സി പി എമ്മിന്റെ സെക്യുലർ പ്രതിച്ഛായക്ക് വലിയ ചേതമുണ്ടാക്കി.
പ്രചാരണത്തിന്റെ മൂർധന്യത്തിൽ, അടിയന്തരാവസ്ഥക്കാലത്ത് സി.പി.എം ആർ എസ് എസുമായി സഹകരിച്ചു എന്ന സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന, ബി ജെ പിയെ എതിർക്കുന്ന രാഷ്ട്രീയം പ്രകടിപ്പിക്കുന്ന സി പി എമ്മിന്റെ സെക്യുലർ പ്രതിച്ഛായക്ക് വലിയ ചേതമുണ്ടാക്കി.

ശരികൾ മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും ചെയ്യാൻ പോകുന്നതെന്നും വിശ്വസിക്കുകയും വിശ്വസിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന ഒരു സർക്കാരും വിമർശനങ്ങളെ മുഖവിലയ്‌ക്കെടുക്കാൻ സാധ്യതയില്ല. പകരം, വൈതാളിക്കാരെക്കൊണ്ട് ആവതും അസഭ്യം പറയിപ്പിക്കാനാകും ഉദ്യമിക്കുക. ജനത്തിന്റെ കൂട്ടായ ഇച്ഛാശക്തി സർക്കാരിനെ തന്നെ മാറ്റാൻ കെല്പുള്ളതാണെന്നു തിരിച്ചറിയുക എന്നതാണ് പ്രധാനം. കണക്കുകൾ നോക്കുകയാണെങ്കിൽ, സർക്കാരിനെതിരെ പ്രചാരണം നടത്തിയ യു ഡി എഫിന്റെയും അൻവറിന്റെയും വോട്ടുകൾ ചേർത്തുവെച്ചാൽ 55.4 ശതമാനം വോട്ടു വരും. അൻവറിന്റെ വോട്ടുകൾ കുറെയെങ്കിലും യു ഡി എഫിന് ലഭിക്കേണ്ടതാണ്. ആ നിലയിൽ ലഭിക്കുമായിരുന്ന വമ്പിച്ച ഭൂരിപക്ഷം കേരളത്തിലെ സർക്കാരിനെതിരെയുള്ള വികാരത്തിന്റെ അടിയൊഴുക്കായി കാണാവുന്നതാണ്. ഈ സാഹചര്യത്തിൽ, കൂടുതൽ ഫലപ്രദമായി പരാജയപ്പെടാനുള്ള തയാറെടുപ്പുകളായി മാറാറുണ്ട്, പ്രതിച്ഛായ മിനുക്കൽ യജ്ഞം. ചരിത്രത്തിൽ നിന്നുമുള്ള ഉദാഹരണങ്ങളയെത്രയെത്ര!

Comments