മമ്മൂട്ടി

വെളുപ്പിക്കാൻ
തുടങ്ങിയത്
മമ്മൂട്ടിയല്ല

മമ്മൂട്ടിയാൽ മാത്രം വെളുപ്പിക്കപ്പെട്ട സംഘ്പരിവാർ ശരീരമല്ല, ബി. ഗോപാലകൃഷ്ണന്റേത്. അത് നേരത്തെ സംഭവിച്ചിരുന്നു. ആ വെളുപ്പിക്കൽ യഥാർത്ഥത്തിൽ ഗോപാലകൃഷ്ണനുമാത്രം കിട്ടിയ ആനുകൂല്യവുമല്ല. ഗോപാലകൃഷ്ണന്റെ വിവാഹക്ഷണം സ്വീകരിച്ച ഏക മതേതതരനൊന്നുമല്ല, മമ്മൂട്ടി. എന്തിന് ഇന്ത്യയിലെ ഏറ്റവും ശക്തനായ മാർക്‌സിസ്റ്റ് നേതാവ് പിണറായി വിജയൻ പോലും ആ വിവാഹ സ്വീകരണത്തിൽ ക്ഷണം സ്വീകരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ഗോപാലകൃഷ്ണന്റെ കല്യാണഹാളിലെ പിണറായി സാന്നിധ്യം ഓൺലൈൻ രോഷത്തിന് കാരണമായിട്ടില്ല: എൻ.കെ. ഭൂപേഷ് എഴുതുന്നു.

കേരളത്തിൽ, മതേതരത്വത്തോടുള്ള പ്രതിബന്ധതയുടെ 'ഉരക്കല്ലായി' മമ്മൂട്ടി മാറിയിരിക്കുന്നുവെന്ന് കരുതാൻ. മമ്മൂട്ടിയെന്ന നടന്റെ സ്വകാര്യ പ്രവർത്തനങ്ങൾ, കേരള സമൂഹത്തിന് മതേതരത്വത്തിന്റെ കാര്യത്തിൽ വന്നു പെട്ടിട്ടുള്ള ജാഗ്രതക്കുറവിന്റെ അമ്പരപ്പിക്കുന്ന സൂചനകളാണെന്നറിഞ്ഞ് ഞെട്ടിത്തരിക്കുകയാണ് കേരളത്തിന്റെ 'മുഖ്യധാര മതേതരത്വം'.

ഇച്ഛാഭംഗം കൂടുതലായി ഏറ്റിട്ടുള്ളത് സിപിഎമ്മുകാരായി സ്വയം പരിചയപ്പെടുത്തുന്നവരിലാണ്. തങ്ങളുടേതെന്ന് കരുതി അഭിമാനിച്ച മഹാനടൻ, ഇടതുപക്ഷ സഹയാത്രികൻ എന്നു വിശ്വസിച്ചുപോന്ന കലാകാരൻ, അദ്ദേഹം ഒരിക്കലും ആലോചിക്കാൻ പോലും പാടില്ലാത്ത സൗഹൃദങ്ങളിലേക്ക് അധഃപതിച്ചിരിക്കുന്നുവെന്നതാണ് പല രൂപത്തിൽ രോഷ പ്രതികരണങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. ഇത് കേരളത്തിൽ ഹിന്ദുത്വത്തെ സ്വാഭാവികവൽക്കരിച്ചേക്കുമെന്ന് അവർ ആശങ്കപ്പെടുന്നു. ഈ മനുഷ്യരുടെ മതേതര സങ്കടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലെ മുഖ്യ ഇനം. നേതാക്കൾ പറഞ്ഞിട്ടൊന്നും ഈ ഓൺലൈൻ സങ്കട-രോഷ പ്രതികരണങ്ങൾക്ക് കുറവൊന്നുമില്ല. മതേരതരത്വത്തോടുള്ള കേരളത്തിന്റെ കരുതാലായി ഇതിനെ കാണുകയാണെങ്കിൽ ഇതിനെ ഒരു രാഷ്ട്രീയ ആകാംക്ഷയായി വേണം കണക്കാക്കാൻ.

BJP നേതാവ് ബി. ഗോപാലകൃഷ്ണന്റെ മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശനം നടത്തിയതായാണ് മമ്മൂട്ടിയുമായി ബന്ധപ്പെട്ട ഒടുവിലത്തെ വിവാദം. അതിനുമുമ്പ്, സർദാർ പട്ടേലിന്റെ പ്രതിമ സന്ദർശിച്ചും ആ സന്ദർശനസംഘത്തിൽ ഒരു BJP നേതാവിനെ ഉൾപ്പെടുത്തിയതും വിവാദമായതാണ്. ഇതിനിടയിൽ SFI- DYFI നേതാക്കളെ മമ്മൂട്ടി വിളിച്ചു വരുത്തി കണ്ടതും സൈബർ മേഖലയിൽ ഇടപെടുന്ന ഇടതുപക്ഷക്കാരായി അറിയപ്പെടുന്നവരിൽ കാര്യമായ സ്വാധീനം ചെലുത്തിയില്ല. മമ്മൂട്ടിയിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്ന് DYFI നേതാക്കൾ പറഞ്ഞെങ്കിലും അതൊന്നും നേരത്തെ പറഞ്ഞ വിഭാഗത്തെ തൃപ്തിപ്പെടുത്തിയില്ല. അവരുടെ രോഷ പ്രകടനങ്ങളെ പാർട്ടിനേതൃത്വം തള്ളികളഞ്ഞശേഷമാണ് ഗോപാലകൃഷ്ണന്റെ വീട്ടിൽ മമ്മൂട്ടി കല്യാണആശംസകളുമായി എത്തിയത്.

ബി. ഗോപാലകൃഷ്ണൻ കേരളത്തിന്റെ മുഖ്യധാരയ്ക്ക് അത്ര അനഭിമതനല്ല. അതായത് മമ്മൂട്ടിയാൽ മാത്രം വെളുപ്പിക്കപ്പെട്ട സംഘ്പരിവാർ ശരീരമല്ല, ഗോപാലകൃഷ്ണന്റേത് എന്നർത്ഥം. അത് നേരത്തെ സംഭവിച്ചിരുന്നു. ആ വെളുപ്പിക്കൽ യഥാർത്ഥത്തിൽ ഗോപാലകൃഷ്ണനുമാത്രം കിട്ടിയ ആനുകൂല്യവുമല്ല.

മമ്മൂട്ടിയുടെ സന്ദർശനം, ഹിന്ദുത്വവാദികൾക്ക് പൊതുസമൂഹത്തിൽ സ്വീകാര്യത കിട്ടാൻ സഹായിക്കുമെന്ന വാദം നൂറു ശതമാനം ശരിയാണ്. അതും പരസ്യമായി വെറുപ്പും വിദ്വേഷവും യാതൊരു മറയില്ലാതെ പറയുന്ന, അതിൽ അഭിരമിക്കുകയും ചെയ്യുന്ന ഗോപാലകൃഷ്ണൻ എന്ന നേതാവുമായി ബന്ധപ്പെട്ടാകുമ്പോൾ ആ ആശങ്കയ്ക്ക് ബലമേറും. വിദ്വേഷം പറച്ചിലും വെറുപ്പുണ്ടാക്കലിനും മാത്രമായി പ്രസ്താവനകൾ നടത്താറുളള ശശികല എന്ന സംഘ്പരിവാർ നേതാവും ഗോപാലകൃഷ്ണനും തമ്മിൽ വ്യത്യാസമൊന്നുമില്ല. എങ്കിലും ശശികലയോടുളളത്ര 'അകൽച്ച', ഗോപാലകൃഷ്ണനോട് പൊതുവിൽ കാണാറില്ല. അയാൾ ഗുരുവായൂരിൽ ഹിന്ദു എം എൽ എ വേണമെന്നും, മുസ്ലീം പേരുകാർക്ക് സിനിമ അവാർഡ് കിട്ടുന്നതിൽ അജണ്ട കണ്ടെത്തിയാലുമെല്ലാം, കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും 'ഗോപു ഏട്ടന്റെ' ഓരോരോ തമാശമാത്രമായിട്ടാണ് ഇതിനെ കാണാറ്. അയാൾ മതേതരത്തിനുവേണ്ടി വാദിക്കുന്ന അവതാരകർക്കുപോലും സ്വീകാര്യനായ വലുതപക്ഷ മുഖമാണ്. ശശികലയെ പോലെയല്ല ഗോപാലകൃഷ്ണൻ, കേരളത്തിന്റെ മുഖ്യധാരയ്ക്ക് അത്ര അനഭിമതനല്ല. അതായത് മമ്മൂട്ടിയാൽ മാത്രം വെളുപ്പിക്കപ്പെട്ട സംഘ്പരിവാർ ശരീരമല്ല, ഗോപാലകൃഷ്ണന്റേത് എന്നർത്ഥം. അത് നേരത്തെ സംഭവിച്ചിരുന്നു. ആ വെളുപ്പിക്കൽ യഥാർത്ഥത്തിൽ ഗോപാലകൃഷ്ണനുമാത്രം കിട്ടിയ ആനുകൂല്യവുമല്ല.

ഗോപാലകൃഷ്ണന്റെ വിവാഹക്ഷണം സ്വീകരിച്ച ഏക മതേതതരനൊന്നുമല്ല, മമ്മൂട്ടി. എന്തിന് ഇന്ത്യയിലെ ഏറ്റവും ശക്തനായ മാർക്‌സിസ്റ്റ് നേതാവ് പിണറായി വിജയൻ പോലും ആ വിവാഹ സ്വീകരണത്തിൽ ക്ഷണം സ്വീകരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ഗോപാലകൃഷ്ണന്റെ കല്യാണഹാളിലെ പിണറായി സാന്നിധ്യം ഓൺലൈൻ രോഷത്തിന് കാരണമായിട്ടില്ല. നേതാവിനോടുള്ള ഭയമാണോ കാരണമെന്നറിയില്ല. ചിലപ്പോൾ, ഉന്നതനായ നേതാവിനോടുള്ള രോഷം പോലും മമ്മൂട്ടിയേലേക്ക് തിരിച്ചുവിട്ടതുമാകാനും സാധ്യതയുണ്ട്.

ഈ കൗതുകങ്ങൾക്കപ്പുറം, ഈ വിവാദം വേറെ ചില പരിശോധനകൾ നടത്താനുള്ള അവസരം കൂടിയാണ്. കേരളം ഹിന്ദുത്വത്തെ എങ്ങനെയൊക്കെയാണ് സ്വാഭാവികവൽക്കരിച്ചതെന്ന ചോദ്യവും സ്വാഭാവികമായും ഈ വിവാദത്തിനിടയിൽ ഉയരേണ്ടതാണ്.

BJP നേതാവ് ബി. ഗോപാലകൃഷ്ണന്റെ മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ മമ്മൂട്ടി.
BJP നേതാവ് ബി. ഗോപാലകൃഷ്ണന്റെ മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ മമ്മൂട്ടി.


ആർ എസ് എസ്സിന്റെ അല്ലെങ്കിൽ സംഘ്പരിവാർ സംഘടനകളുടെ നേതാക്കൾക്ക് സമൂഹത്തിൽ ലഭിച്ച സാധ്വീനത്തിൽ ഒരു പാറ്റേൺ ഉണ്ടെന്നുപറയാം. ദേശീയതലത്തിൽ എ.ബി. വാജ്‌പേയ്, 'മോശം പാർട്ടിയിൽ എത്തപ്പെട്ട നല്ല മനുഷ്യൻ' എന്നായിരുന്നു 90-കൾ വരെ അദ്ദേഹത്തെ കുറിച്ചുള്ള ലിബറൽ ആശങ്കകൾ. പിന്നീടാണ് നേതാക്കളുടെ തീവ്രത കൂടി കൂടി വന്നത്, അല്ലെങ്കിൽ അനുഭവപ്പെട്ടത്. അദ്വാനിയിലേക്കും, മോദിയിലേക്കും ആദിത്യനാഥിലേക്കും അത് വികസിച്ചു.

ഇതേ പാറ്റേൺ കേരളത്തിലും കാണാം. കെ. ജി. മാരോരാടും, പി. പരമേശ്വരനോടും കേരളത്തിലെ കമ്മ്യൂണിസ്റ്റ് ആചാര്യന്മാർ പോലുമെടുത്ത സമീപനം സംവാദത്തിന്റെതായിരുന്നു. ഇ. എം. എസ്സും, പി. ഗോവിന്ദ പിള്ളയെയും പോലുള്ള കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികർ, പി. പരമേശ്വരനുമായി സംവദിക്കുന്ന കാലത്ത്, വർഗീയ കലാപങ്ങളിലുടെയും ആസുത്രണത്തിലൂടെയുമെല്ലാം, RSS അതിന്റെ മനുഷ്യത്വവിരുദ്ധത കാണിച്ചിരുന്നു. പക്ഷെ സംവാദം തുടർന്നു. അക്കാലത്ത് അവർക്ക് ഭരണമുണ്ടായിരുന്നില്ലെന്നു മാത്രം. എന്തായാലും പി. പരമേശ്വരനൊക്കെ മുഖ്യധാരയിലേക്ക് ഒരു എൻട്രി കിട്ടിയത് ഈ സംവാദങ്ങളിലുടെയായിരുന്നു. ഈ സംവാദങ്ങൾ കൊണ്ട് ഇടതുകേരളത്തിന് എന്തു ഗുണമുണ്ടായി എന്നറിയില്ല.

സംഘ്പരിവാർ സ്വാഭാവികവൽക്കരണത്തിൽ ഇടതുപക്ഷത്തെക്കാൾ വലിയ റോൾ എടുത്തവരാണ് കേരളത്തിലെ കോൺഗ്രസും അവർ നയിക്കുന്ന മുന്നണിയും. അവരുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധത, മറ്റൊന്നും കാണാനുള്ള രാഷ്ട്രീയശേഷി ഇല്ലാതാക്കി കഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി.

ഫാഷിസ്റ്റുകളെ നേരിടാനും സംവാദത്തിന്റെതായ മാർഗമുണ്ടെന്ന് അവർ അക്കാലത്ത് കരുതിയിട്ടുണ്ടാകാം. RSS എന്താണെന്ന് രാജ്യവും ലോകവും പിന്നീടാണ് കൂടതലായി അനുഭവിച്ചറിഞ്ഞത്. ബാബ്‌റി പള്ളി തകർക്കുകയും ഗുജറാത്തിൽ വംശഹത്യ ഒരു രാഷ്ട്രീയ മോഡൽ എന്ന രീതിയിൽ പ്രയോഗിക്കപ്പെടുകയും അതിന് മതേതര ഇന്ത്യയിൽ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തത് പിന്നീടാണ്. പിന്നീട് മാർക്‌സിസ്റ്റുകൾക്ക് ആർ എസ് എസ്സുമായി സൈദ്ധാന്തികമായി സംവദിച്ചുകളയാം എന്ന ആലോചനയുണ്ടായതായി അറിയില്ല. പിന്നീടാണ് പി. പരമേശ്വരൻ മരിക്കുന്നത്. അദ്ദേഹത്തിന്റെ ദർശനങ്ങൾ വലിയൊരു ജനവിഭാഗത്തെ രണ്ടാംകിട മനുഷ്യരാക്കുന്നത്, ലോകം അനുഭവിച്ചുകൊണ്ടിരുന്ന ഘട്ടത്തിൽ. എങ്കിലും CPM പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, അദ്ദേഹത്തെ ഋഷിസമാനനായ വ്യക്തിയെന്നാണ് അനുശോചിച്ചത്. അതും ഒരു ഔപചാരികതയാവാം. പക്ഷെ കേരളം എങ്ങനെയൊക്കെയാണ് ഈ മനുഷ്യത്വ വിരുദ്ധ ആശയത്തെയും അതിന്റെ പ്രചാരകരെയും സ്വാഭാവികവൽക്കരിച്ചതെന്ന് പറയുമ്പോൾ ഇതെല്ലാം അതിന്റെ ഭാഗമായി വരും.

പിന്നീടാണ് ഒരു 'യോഗി'യുടെ നേതൃത്വത്തിൽ രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാനുള്ള RSS- CPM നേതാക്കളുടെ അടച്ചിട്ട മുറിയിലുള്ള ചർച്ച നടന്നത്. അതും കഴിഞ്ഞാണ്, ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ, RSS നേതാവിനെ പോയി രഹസ്യമായി കാണുന്ന വാർത്ത പുറത്തുവരുന്നത്. (ആ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്താൻ ആർക്കും താൽപര്യമില്ല). ആദിത്യനാഥ് എന്ന ഹിന്ദുത്വ വാദിയുടെ നല്ല വാക്കുകൾ അയ്യപ്പസംഗമത്തിൽ CPM സെക്രട്ടറിയേറ്റ് അംഗം കൂടിയായ മന്ത്രിവായിച്ച് തൃപ്തിയടഞ്ഞതു മൊക്കെ ഇതിന് ശേഷമാണ്.
ആദ്യം മൃദുലമായും പിന്നീട് തീവ്രതകൂടിയവരെയും അവതരിക്കുകയെന്ന ദേശീയരീതി തന്നെയാണ് BJP കേരളത്തിലും പ്രയോഗിച്ചത്. കെ. ജി. മാരാർക്ക് ശേഷമാണ് അത് ശശികലയിലേക്കും സുരേന്ദ്രനിലേക്കും, ഗോപാലകൃഷ്ണനിലേക്കുമെല്ലാം തീവ്രത കൂട്ടി അവതരിച്ചെത്തിയത്.

SFI- DYFI നേതാക്കളുമായി മമ്മൂട്ടി നടത്തിയ കൂടിക്കാഴ്ച.
SFI- DYFI നേതാക്കളുമായി മമ്മൂട്ടി നടത്തിയ കൂടിക്കാഴ്ച.

മമ്മൂട്ടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വിഭാഗം കടുത്ത അധിക്ഷേപങ്ങൾ ചൊരിഞ്ഞപ്പോഴും, ഗോപാലകൃഷ്ണൻ അതിലും ഒരു സാധ്യതയാണ് കണ്ടതെന്ന് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നുണ്ട്. CPM അണികളാവില്ല, മമ്മൂട്ടിയെ വിമർശിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അപ്പോൾ ആരാണെന്ന് വ്യക്തമാണല്ലോ. ഈ വിവാദത്തിനിടയിലും താൻ ചെയ്യുന്ന രാഷ്ടീയത്തിന്റെ സാധ്യതകളാണ് അദ്ദേഹം തേടിയത്.

സംഘ്പരിവാരത്തെ സാമൂഹ്യ ബഹിഷ്‌ക്കരണത്തിലൂടെയാണോ നേരിടേണ്ടത് എന്ന ചോദ്യത്തിന് അങ്ങനെ സാധിക്കില്ലെന്ന് തന്നെയാണ് തോന്നുന്നത്. എന്നാൽ ഒരു വലിയ ജനവിഭാഗത്തെ രണ്ടാംകിട പൗരരാക്കുന്ന, ജനാധിപത്യവിരുദ്ധമായ ഒരു വംശീയ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളെ, രാഷ്ട്രീയ എതിരാളികൾ എന്ന ലേബലിൽ പെടുത്തി, ജനാധിപത്യ ഇടപെടലിന്റെ ഭാഗമായി മാത്രമാണോ കാണേണ്ടതെന്നതാണ് ചോദ്യം.

ഈ സംഘ്പരിവാർ സ്വാഭാവികവൽക്കരണത്തിൽ ഇടതുപക്ഷത്തെക്കാൾ വലിയ റോൾ എടുത്തവരാണ് കേരളത്തിലെ കോൺഗ്രസും അവർ നയിക്കുന്ന മുന്നണിയും. അവരുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധത, മറ്റൊന്നും കാണാനുള്ള രാഷ്ട്രീയശേഷി ഇല്ലാതാക്കി കഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ബേപ്പൂരിലും, വടകരയിലും RSS പ്രതിനിധികളെ സംയുക്ത സ്ഥാനാർത്ഥികളാക്കുകയും, അവർക്ക് വേണ്ടി വോട്ട് പരസ്യമായി ചോദിച്ചവരുമാണ് കേരളത്തിലെ കോൺഗ്രസും അവരുടെ മുന്നണിയും. അന്ന് ആ കോൺഗ്രസ്- ലീഗ്- ബി ജെ പി പരീക്ഷണം വിജയിച്ചിരുന്നുവെങ്കിൽ, കേരളം, ആ അസംബന്ധ രാഷ്ട്രീയ പരീക്ഷണം അതിജീവിച്ചില്ലായിരുന്നുവെങ്കിൽ, എന്ത് സംഭവിക്കുമായിരുന്നുവെന്ന് മാത്രം ആലോചിച്ചാൽ മതി. കക്ഷിരാഷ്ട്രീയത്തിന്റെ ഇട്ടാവട്ടത്തിനുപ്പുറം ഫാഷിസ്റ്റ് ഭീഷണിയെ കാണാനുള്ള ശേഷി കോൺഗ്രസിന് ഇല്ലാതായ പോയതിന്റെ ദുരന്തത്തെ കേരളം തലനാരിഴയ്ക്കാണ് അന്ന് താൽക്കാലികമായെങ്കിലും അതിജീവിച്ചത്.

സംഘ്പരിവാറിന് വിശ്വാസ്യതയും സ്വീകാര്യതയും ഉണ്ടാക്കി കൊടുത്തത്, വലിയ രാഷ്ട്രീയ നിലപാടുകളൊന്നുമെടുത്തിട്ടില്ലാത്ത മമ്മൂട്ടിയെന്ന നടനല്ല, അത് കേരളത്തിലെ ഇടതു- വലത് രാഷ്ട്രീയക്കാരും മാധ്യമങ്ങളും തന്നെയാണ്.

മമ്മൂട്ടിയും പിണറായി വിജയനും കല്യാണത്തിന് പോയപ്പോൾ കേരളത്തിലെ കോൺഗ്രസ് മന്ത്രിമാരിൽ മിക്കവരും പോയത് ഒരു വലതുപക്ഷ മാധ്യമ പ്രവർത്തകന്റ പിതാവിന്റെ മരണത്തിൽ അനുശോചിക്കാനാണ്. അതും വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ചിലർ അതിൽ തീവ്ര വലതുപക്ഷത്തോടുള്ള കോൺഗ്രസിന്റെ അനുഭാവത്തിന്റെ സൂചനയായി കണ്ടു. ഒരു സാമൂഹ്യ മര്യാദയെന്ന് ഈ സന്ദർശനങ്ങൾ എന്ന് സ്വാഭാവികമായും ന്യായികരിക്കപ്പെട്ടു. എന്നാൽ ആ മാധ്യമ പ്രവർത്തകന്റെ ഹിന്ദുത്വ പക്ഷത്തുനിന്നുള്ള CPM വിമർശനത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കളാണ് തങ്ങളെന്നും ആ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയാണ് സന്ദർശനങ്ങളുടെ യഥാർത്ഥ കാരണമെന്നും ആർക്കും മനസ്സിലാക്കാവുന്നതെയുള്ളൂ. എന്നാൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കും ഇതുവഴി ഒരു പൊതു സ്വീകാര്യത കിട്ടിയെന്നുമാത്രം. അത് പക്ഷെ കക്ഷിരാഷ്ട്രീയ കണക്കൂകൂട്ടലുകളിൽ പെടുന്നതല്ലാത്തതുകൊണ്ട്, കോൺഗ്രസുകാർക്ക് വിഷയമാകില്ല.

മമ്മൂട്ടി ഗുജറാത്തിൽ സർദാർ പട്ടേലിന്റെ പ്രതിമ സന്ദർശിച്ചതും ആ സന്ദർശനസംഘത്തിൽ ഒരു BJP നേതാവുണ്ടായിരുന്നതും വിവാദമായതാണ്.
മമ്മൂട്ടി ഗുജറാത്തിൽ സർദാർ പട്ടേലിന്റെ പ്രതിമ സന്ദർശിച്ചതും ആ സന്ദർശനസംഘത്തിൽ ഒരു BJP നേതാവുണ്ടായിരുന്നതും വിവാദമായതാണ്.

സംഘ്പരിവാറിന് വിശ്വാസ്യതയും സ്വീകാര്യതയും ഉണ്ടാക്കി കൊടുത്തത്, വലിയ രാഷ്ട്രീയ നിലപാടുകളൊന്നുമെടുത്തിട്ടില്ലാത്ത മമ്മൂട്ടിയെന്ന നടനല്ല, അത് കേരളത്തിലെ ഇടതു- വലത് രാഷ്ട്രീയക്കാരും മാധ്യമങ്ങളും തന്നെയാണ്. ഗുജറാത്തിൽ DYFI ഉണ്ടായിരുന്നെങ്കിൽ അവിടെ കലാപമുണ്ടാകില്ലെന്ന മമ്മൂട്ടിയുടെ പ്രസ്താവനയാണ് ഇപ്പോഴും അദ്ദേഹത്തിൽ ആരോപിക്കപ്പെടുന്ന 'വലിയ’ രാഷ്ട്രീയ പ്രസ്താവന. അത് 2014 നുമുന്നെ സംഭവിച്ചത്. ഇന്ന് അത്തരമൊരു പ്രസ്താവന, അതിനോട് സമാനമായ ഒരു പ്രസ്താവന പോലും അദ്ദേഹം പരസ്യമായി നടത്താൻ സാധ്യതയില്ല. അതിന് അദ്ദേഹം നസറുദ്ദീൻ ഷായല്ല, പ്രകാശ് രാജുമല്ല.

എന്നാൽ സംഘ്പരിവാറിനോട് 'ഇടതും വലതും' കാണിക്കുന്ന മാനുഷികതയും, നാട്ടുമര്യാദയും പക്ഷെ, എല്ലാവരുടെ കാര്യത്തിലുമുണ്ടാകില്ല. ഫാഷിസ്റ്റ് ഭീഷണിയെക്കുറിച്ച് പറയുമ്പോൾ ഇടത്- മതേതര ലിബറലുകൾ തൂക്കം കണക്കാക്കി ഒപ്പിച്ച് പറയുന്ന ' ന്യൂനപക്ഷ വർഗീയത' ഈ നാട്ടുമര്യാദയ്ക്ക് അർഹരല്ല. തീവ്ര സ്വഭാവം ആരോപിക്കപ്പെടുന്ന ഒരു ഇസ്ലാമിസ്റ്റ് സംഘടന നേതാവിന്റെ കല്യാണത്തിനോ, സൽക്കാരത്തിനോ, 'പ്രമുഖ വ്യക്തിത്വങ്ങൾ' പോയി വിവാദത്തിൽ പെടാൻ ആഗ്രഹിക്കില്ല. കാരണം ഗോപാലകൃഷ്ണന്റെ വീട് സന്ദർശനം പോലെ ആ വിവാദം ഒരു സാമൂഹ്യ രാഷ്ട്രീയ മൂലധനമായല്ല, മാറുക, മറിച്ച് വലിയ സംശയത്തിലേക്കും അതുവഴി അപകടത്തിലേക്കുമായിരിക്കുമെന്ന വിവേകം ഇപ്പോഴത്തെ 'രാഷ്ട്രീയം' അവർക്ക് നൽകിയിട്ടുണ്ട്.

മുസ്ലീംലീഗിന്റെ രാഷ്ട്രീയ പ്രസക്തിയെക്കുറിച്ച് പറയുമ്പോഴും അവർ ഇല്ലെങ്കിൽ തീവ്രവാദികൾ ആ സ്ഥാനം ഏറ്റെടുത്തെനേ എന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഈയടത്തും പറഞ്ഞത്. അതായത്, ലീഗിനാൽ നിയന്ത്രിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ, ഏതുസമയവും ഭീകരരായി മാറിയേക്കാവുന്ന ഒരു സമൂഹമാണ് മുസ്ലീങ്ങളുതെന്നാണ് നെഹ്‌റുവിയൻ ലെഫ്റ്റായി സ്വയം അടയാളപ്പെടുത്തുന്ന നേതാവിന്റെ പോലും തോന്നൽ. ഈ പൊതുബോധം ഉൾക്കൊണ്ടാണ് നമ്മൾ സംഘപരിവാറിനെ നേരിട്ടുകൊണ്ടിരിക്കുന്നത്.

മമ്മൂട്ടിയുടെ സന്ദർശനത്തോടെ, ഗോപാലകൃഷ്ണൻ സ്‌നേഹത്തെകുറിച്ച് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നവെന്നാണ് ഈ വിവാദവുമായി കേട്ട ഒരു അഭിപ്രായം. അതുകൊണ്ട് ആ സന്ദർശനം നന്നായെന്നും, അവർ ആശ്വാസം കൊള്ളുന്നു. ഹിന്ദുത്വ ഭീകരതയെ ലളിതമായി ക്രിയചെയ്യാൻ ഓരോരുത്തർക്കും ഓരോ വഴികൾ, കക്ഷിരാഷ്ട്രീയ കണ്ണട മാത്രം വെച്ച് ലോകം കാണുന്ന, രാഷ്ട്രീയമെന്നാൽ കക്ഷിരാഷ്ട്രീയമാത്രമാണെന്ന ധരിച്ചുവശായി പോയവർ കണ്ടെത്തിയിട്ടുണ്ട്. കാറ്റാടി യന്ത്രങ്ങളോട് യുദ്ധം ചെയ്തുകൊണ്ടെയിരിക്കുമെന്നാണ് ഇവർ ആവർത്തിച്ചു പറയുന്നത്.


Summary: N.K. Bhoopesh Writes about the political controversy surrounding Mammootty and B. Gopalakrishnan and the selective criticism of political associations.


എൻ. കെ. ഭൂപേഷ്

മാധ്യമപ്രവര്‍ത്തകന്‍. ‘ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. കുല്‍ദിപ് നയ്യാറുടെ ആത്മകഥ Beyond the lines, രാമചന്ദ്രഗുഹയുടെ Rebels against the Raj, ഇന്ത്യ വിഭജനത്തെക്കുറിച്ച് പറയുന്ന പാക്-അമേരിക്കന്‍ ചരിത്രകാരി ആയിഷ ജലാലിന്റെ Sole Spokesman എന്നീ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപെടുത്തിയിട്ടുണ്ട്.

Comments