വൈകീട്ട് കേരളത്തിലെ തെരുവുകളിലൂടെ നടക്കുമ്പോൾ സംഘ്പരിവാറുകാർക്ക് മാത്രം ശവത്തിന്റെ മണം അടിക്കുന്നതെന്ത് കൊണ്ടാവാം? നഗരങ്ങളിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലെയും തെരുവുകളിലൂടെ നടക്കുമ്പോൾ ഉയരുന്ന ശവത്തിന്റെ ഗന്ധമാണെന്നാണ് ആർഎസ്എസ് പ്രസിദ്ധീകരണമായ കേസരിയുടെ പത്രാധിപർ എൻ.ആർ മധു പറയുന്നത്. RSS- കാരുടെ ഘ്രാണശേഷി മറ്റുള്ള മനുഷ്യരിൽനിന്ന് വ്യത്യസ്തമായതുകൊണ്ടാണോ പെട്ടെന്ന് കേരളത്തിലെ തെരുവുകളിൽ ശവം മണക്കുന്നതായി അനുഭവപ്പെടുന്നത്. അതോ, ആ സംഘടനയുടെ അടിസ്ഥാന രാഷ്ട്രീയം ഒരോ കാലത്തും ഉണ്ടാക്കിയെടുക്കുന്ന 'അറിവ്' ആണോ പെട്ടെന്ന് തെരുവുകളിലെ കടകളിൽ നിന്നുണ്ടാകുന്നത് ശവത്തിന്റെ മണമാണെന്ന തോന്നലുണ്ടാക്കിയതും അത് പ്രസംഗിച്ചു നടക്കുന്നതിനും കാരണം?
ആർ എസ് എസ്സിന്റെ മാംസാഹാര വിരുദ്ധ നിലപാടുമാത്രമായി ഈ നേതാവിന്റെ ശവം മണക്കൽ പ്രസംഗത്തെ കാണാൻ കഴിയില്ല. അത് മുസ്ലീം വ്യാപാര സ്ഥാപനങ്ങൾക്കെതിരെ പല രീതിയിൽ കഴിഞ്ഞ കാലങ്ങളിൽ കേരളത്തിൽ നടക്കുന്ന സംഘ്പരിവാർ പ്രചാരണത്തിന്റെ തുടർച്ച കൂടിയാണ്. തീർച്ചയായും ബ്രാഹ്മണ ഭക്ഷണമാണ് ശ്രേഷ്ഠം എന്ന ആർഎസ്എസ് നിലപാടും ഇതിൽ ഉൾച്ചേർന്നിട്ടുണ്ടെന്നത് സത്യമാണ്. പക്ഷെ ഊന്നൽ ആദ്യം പറഞ്ഞതിലാണ്.

നേരത്തെ സൂചിപ്പിച്ച, എൻ.ആർ മധുവിന്റെ പ്രശ്നം പലതാണ്. ഒന്ന് അദ്ദേഹത്തിനും അദ്ദേഹത്തെ പോലുള്ളവർക്കും കേരളത്തിലെ തെരുവുകളിലൂടെ വൈകീട്ട് നടക്കുമ്പോൾ ശവത്തെ മണക്കുന്നു. കാഴ്ചശക്തി ഒരോരുത്തരിലും വ്യത്യാസപ്പെടാം. ചിലർക്ക് ഹൃസ്വ ദൃഷ്ടി, മറ്റു ചിലർക്ക് ദീർഘ ദൃഷ്ടി, ചിലർക്ക് കളർ ബ്ലൈന്റ്നെസ് അങ്ങനെ പലതും. നേരത്തെ സൂചിപ്പിച്ച സംഘ്പരിവാർ പത്രാധിപർക്കും അദ്ദേഹത്തിന്റെ കൂട്ടർക്കും മാത്രം മണത്തെടുക്കാൻ പറ്റുന്ന ഗന്ധം കേരളത്തിന്റെ തെരുവുകളിൽ എന്തുകൊണ്ട് നിറയുന്നുവെന്ന് ഒന്നാലോചിച്ചാൽ മനസ്സിലാകും. അപര വിദ്വേഷം വ്യക്തമായി പറഞ്ഞാൽ മുസ്ലീം വിരോധത്തിന്റെ രോഗവാസ്ഥയിൽ കഴിയുന്ന ആർഎസ്എസ്സുകാർക്ക് മാത്രം മണത്തെടുക്കാൻ പറ്റുന്നതാണ് കേരളത്തിലെ തെരുവുകളിൽ നിറയുന്ന ശവമണം.
കേരളത്തിൽ മുസ്ലീങ്ങളുടെ സ്ഥാപനങ്ങൾക്കെതിരായ വെറുപ്പുൽപാദനമാണ് ഷവർമ പ്രസംഗത്തിന്റെ ലക്ഷ്യമെന്ന് മനസ്സിലാക്കുകയെന്നത് കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രധാനമാണ്.
ഒരു ഇടവേളയ്ക്കുശേഷമാണ് സംഘ്പരിവാർ ഭക്ഷണവുമായി ബന്ധപ്പെടുത്തി മുസ്ലീം വിദ്വേഷം ആരംഭിക്കുന്നത്. ഷവർമ കഴിച്ചാൽ മുസ്ലീം കൃസ്ത്യൻ നാമധാരികൾ മരിക്കില്ലെന്നും ആക്രാന്തം പിടിച്ച് ഷവർമ കഴിച്ച് മരിക്കുന്നവന്റെ പേരാണ് ഹിന്ദുവെന്നുമാണ് സംഘ്പരിവാർ നേതാവ് പറഞ്ഞത്. ഒരു ഭക്ഷണ ജിഹാദിന്റെ സാധ്യതകൾ ഈ സംഘ് നേതാവ് അവശേഷിപ്പിക്കുന്നു. അറേബ്യൻ ഭക്ഷണം കഴിച്ച്/കൊടുത്ത്, മുസ്ലീങ്ങളെല്ലാത്തവരെ കൊലയ്ക്ക് കൊടുക്കുന്നുവെന്നാണ് ആർഎസ്എസ് നേതാവ് പറഞ്ഞതിന്റെ പൊരുൾ. നേരത്തെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ഹലാൽ ഭക്ഷണങ്ങൾക്കെതിരെയും, അതുപൊലെ മുസ്ലീം ഹോട്ടലുകളിൽ തുപ്പിയാണ് ഭക്ഷണം നൽകുന്നതെന്നുമുള്ള പ്രചണ്ടമായ പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഹലാൽ ഭക്ഷണത്തിന് പകരം നോൺ ഹലാൽ ഹോട്ടലും ആരംഭിച്ചിരുന്നു. (അതിന്റെ അവസ്ഥ ഇപ്പോൾ എന്തായി എന്നറിയില്ല).
മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷക്കരിക്കുകയെന്നത് RSS പലയിടങ്ങളിലും പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്ത രാഷ്ട്രീയ പദ്ധതിയാണ്. 2002-ൽ ഗുജറാത്തിലും 2013-ൽ പശ്ചിമ ഉത്തർപ്രദേശിലും വർഗീയ സംഘർഷങ്ങൾ നടന്നപ്പോൾ മുസ്ലീം സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയും, പലയിടങ്ങളിലും മുസ്ലീം സ്ഥാനപങ്ങൾ ബഹിഷക്കരിക്കാനുള്ള ആഹ്വനം നടപ്പിലാക്കപ്പെടുകയും ചെയ്തു. ഗുജറാത്ത് വംശഹത്യയുടെ സമയത്ത് മുസ്ലീം വ്യാപാര സ്ഥാപനങ്ങൾ ബഹിഷ്ക്കരിക്കണമെന്ന് പറഞ്ഞുകൊണ്ട് ഹിന്ദുത്വ സംഘങ്ങൾ ഇറക്കിയ ലഘുലേഖകളെ കുറിച്ച് പിന്നീട് വന്ന മനുഷ്യാവകാശ റിപ്പോർട്ടുകളിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹരിയാനയിൽ 2023-ൽ നൂവിലും പരിസരത്തും ഉണ്ടായ വർഗീയ കലാപത്തിന്റെ സമയത്തും മുസ്ലീം ബഹിഷ്ക്കരണ ആഹ്വാനങ്ങൾ വ്യാപകമായിരുന്നു. അതുമാത്രമല്ല, മുസ്ലീങ്ങളെ ജോലിക്ക് വെയ്ക്കുന്ന സ്ഥാപനങ്ങളെ ബഹിഷ്കരിക്കുമെന്നു കൂടിയായിരുന്നു അന്ന് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ പോലുള്ള ഹിന്ദുത്വ സംഘടനകളുടെ നിലപാട്. മുസ്ലീങ്ങളെ പൂർണമായും തകർക്കുകയെന്ന പദ്ധതിയുടെ ഭാഗമാണ് ഈ ബഹിഷ്‌ക്കരണ ആഹ്വാനങ്ങൾ.
സംഘ്പരിവാരം ആസൂത്രണം ചെയ്യുന്ന വർഗീയ ലഹളകളുടെ, 2000-ത്തിനുശേഷമെങ്കിലുമുള്ള ഒരു പൊതുസവിശേഷത മുസ്ലീംങ്ങളെ നേരിട്ട് ആക്രമിക്കുകയെന്നത് മാത്രമായിരുന്നില്ല. അവരുടെ വ്യാപാര സ്ഥാപനങ്ങൾ, അല്ലെങ്കിൽ അവരുടെ ജീവനോപാധികൾ ഇല്ലാതാക്കുകയെന്നത് കൂടിയായിരുന്നു. കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലുണ്ടായിരുന്നപ്പോൾ പുറത്തിറക്കിയ ഒരു ഉത്തരവ് ക്ഷേത്രങ്ങളുടെ ഉൽസവങ്ങളുടെ സമയത്ത് മുസ്ലീങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾ അനുവദിക്കരുതെന്നതായിരുന്നു. ഇത് വലിയ വിവാദമായിരുന്നു.

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ ഭക്ഷണശാലകൾക്ക് മുമ്പിൽ ഉടമകളുടെ പേരുവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിച്ചത് കഴിഞ്ഞ വർഷമായിരുന്നു. ഇത് നിർബന്ധമാക്കാൻ പറ്റില്ലെന്ന് പിന്നീട് സുപ്രീം കോടതി നിലപാടെടുക്കുകയായിരുന്നു.
കേരളത്തിലെ സംഘപരിവാറിന്റെ മുസ്ലീം ഹോട്ടലുകൾക്കെതിരായ പ്രചാരണം, ദേശീയ വ്യാപകമായി പലയിടങ്ങളിലും ഹിന്ദുത്വവാദികൾ നടത്തുന്ന മുസ്ലീം ബഹിഷ്ക്കരണത്തിന്റെ ഭാഗമായി വേണം കാണാൻ. സുരേന്ദ്രനും ചില തീവ്രവർഗീയ വാദികളും കഴിഞ്ഞ വർഷങ്ങളിൽ ശ്രമിച്ചിട്ടും കേരളം ഈ മുസ്ലീം ബഹിഷ്ക്കരണത്തെ പ്രതിരോധിച്ച് മുന്നോട്ടു പോയി എന്നത് വാസ്തവമാണ്. എന്നാൽ സംഘപരിവാരത്തിന് തങ്ങളുടെ വിദ്വേഷ പ്രൊജക്റ്റ് അങ്ങനെ കൈയൊഴിയാൻ പറ്റില്ല. അതാണ് ഷവർമ കഴിച്ച് വർമമാർ മാത്രം മരിക്കുന്നുവെന്ന അസംബന്ധ പ്രഖ്യാപനവുമായി ഒരു സംഘി നേതാവ് രംഗത്തെത്തിയത്.
മുസ്ലീങ്ങളെ നേരിടാൻ, അവരെ രണ്ടാം കിടക്കാരാക്കാൻ കണ്ടെത്തിയ മാർഗമായി കൂടി മാംസാഹാര വിരുദ്ധ പ്രചാരണങ്ങൾ സമീപകാലങ്ങളിൽ മാറിയിട്ടുണ്ട്.
മുസ്ലീങ്ങളെ നേരിടാൻ, അവരെ രണ്ടാം കിടക്കാരാക്കാൻ കണ്ടെത്തിയ മാർഗമായി കൂടി മാംസാഹാര വിരുദ്ധ പ്രചാരണങ്ങൾ സമീപകാലങ്ങളിൽ മാറിയിട്ടുണ്ടെന്ന് പറയാനാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ അതോടൊപ്പം തന്നെ മാംസാഹാരികൾക്കെതിരായ ബ്രാഹ്മണ്യ നിലപാടുകളും സംഘ്പരിവാറിന്റെ പ്രധാന ആശയടിത്തറകളിലൊന്നായി തുടരുന്നു. മാംസാഹാരം കഴിക്കുന്നവരുടെ ചിന്തയ്ക്ക് കുഴപ്പമുണ്ടാകുമെന്ന് ആർഎസ്എസ്സിന്റെ പരമോന്നതൻ മോഹൻ ഭാഗവത് ഇടക്കിടെ പറയുന്ന കാര്യങ്ങളാണ്. മാംസാഹാരം കഴിക്കുന്നവരെ ആക്രമോൽസുകരാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ജാതി സമൂഹത്തിൽ ശുദ്ധിയെന്നത് വെജിറ്റേറിയനിസവുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്. ശരീരത്തിന്റെയും ആത്മാവിന്റെയും ശുദ്ധി ഏറ്റവും ശരിയായി പുലർത്തുന്നത് ബ്രാഹ്മണരാണെന്ന ജാതി വ്യവസ്ഥിതി ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. ബ്രാഹ്മണരൊഴികളെയുള്ള ജാതി സമൂഹത്തിൽ ശ്രേണിയിൽ താഴോട്ട് വരുന്തോറും മാംസഭുക്കുകളുടെ എണ്ണം വർധിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ സാമൂഹ്യ ശാസ്ത്രജ്ഞൻ എം. എൻ. ശ്രീനിവാസൻ ‘സാൻസ്‌ക്രിറ്റൈസേഷൻ’ എന്നു വിളിക്കുന്ന പക്രിയയിലൂടെ ബ്രാഹ്‌മണരീതികൾ മറ്റുള്ളവർ പാലിക്കണമെന്ന ആഗ്രഹമാണ് സംഘപരിവാർ പുലർത്തുന്നത്. 'സാൻസ്‌ക്രിറ്റൈസേഷൻ' എന്ന പ്രക്രിയ ആർഎസ്എസ്സ് ആഗ്രഹിക്കുന്ന തരത്തിലുള്ള ഹിന്ദു 'ഏകീകരണം' സാധ്യമാക്കുമെന്ന് അവർ കരുതുന്നു. ബ്രാഹ്മണ്യ രീതികൾ അനുവർത്തിച്ച് മറ്റ് ജാതി വിഭാഗങ്ങൾ കഴിയുകയെന്നതിനർത്ഥം അവരുടെ സാമൂഹ്യ പദവി മാറിയെന്നല്ല, അങ്ങനെ ഒരു തോന്നൽ ജാതി ശ്രേണിയിൽ താഴെ കഴിയുന്നവരിൽ ഉണ്ടാക്കിയെടുക്കുകയെന്നതാണ്. അല്ലാതെ യഥാർത്ഥത്തിൽ സാമൂഹ്യ പദവിയിൽ ഒരു മാറ്റവും ഉണ്ടാകുന്നില്ല. സാൻസ്‌ക്രിറ്റൈസേഷൻ എന്നതിലൂടെ സംഭവിക്കുന്നത് ഇതാണ്. ഭൻവാർ മേഗ്‌വാൻഷി എന്ന മുൻ ആർഎസ്എസ്സുകാരൻ തന്റെ പ്രശസ്തമായ I could not be Hindu എന്ന പുസ്തകത്തിൽ തന്റെ അനുഭവമായി വിശദീകരിക്കുന്നത് ഇതു തന്നെയാണ്. തന്റെ വീട്ടിൽ പാകം ചെയ്ത ഭക്ഷണം കൊടുത്തപ്പോൾ അത് വഴിവക്കിൽ കളഞ്ഞ ആർഎസ്എസ് നേതാക്കളുടെ പ്രവർത്തിയാണ് രാഷ്ട്രീയ തിരിച്ചറിവ് നൽകിയതെന്ന് മേഗ്വാൻഷി പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

ഏതെങ്കിലും വർമ, ഷവർമയാൽ മരിച്ചതുകൊണ്ടോ, തെരുവിലെ ശവഗന്ധമോ അല്ല, എൻ.ആർ മധുവിനെപോലുള്ള ആർഎസ്എസുകാർ ഭക്ഷണത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തിയത്. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിലാണ് ആർഎസ്എസ് അടിയുറപ്പിച്ചിരിക്കുന്നത്. അതിന്റെ 100 വർഷത്തെ ചരിത്രത്തിൽ വെറുപ്പിനെ മാറ്റി നിർത്തിയുള്ള സമീപനങ്ങൾ കാണാൻ കഴിയില്ല. ഒരോ ഇടത്തും സാഹചര്യത്തിനും അനുസരിച്ചുള്ള വെറുപ്പിന്റെ പ്രയോഗങ്ങളിലാണ് അത് ഇന്ത്യൻ സമൂഹത്തിൽ വേരാഴ്ത്തിയത്. ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതൽ സ്വീകരിച്ച സമീപനത്തിൽ അത് കാണാൻ കഴിയും. ഗോവധ നിരോധനം, പള്ളിതകർക്കൽ, പൗരത്വം, അങ്ങനെ സംഘപരിവാരത്തിന്റെ നിലപാടുകളുടെ അടിത്തറ വെറുപ്പിൽ ഊന്നികൊണ്ടുള്ളതാണ്. ഇതാണ് കേരളത്തിലും ലക്ഷ്യമിടുന്നത്. കേരളത്തിൽ മുസ്ലീങ്ങളുടെ സ്ഥാപനങ്ങൾക്കെതിരായ വെറുപ്പുൽപാദനമാണ് ഷവർമ പ്രസംഗത്തിന്റെ ലക്ഷ്യമെന്ന് മനസ്സിലാക്കുകയെന്നത് കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രധാനമാണ്.
