രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത ശേഷം അഭിവാദ്യം ചെയ്യുന്നു.

തുടർച്ചയിലെ ഇടർച്ചകൾ

കേരളത്തിന്റെ ശക്തി ദൗർബല്യങ്ങൾ മനസ്സിലാക്കിയുള്ള വികസനസാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നതിനുവേണ്ടിയുള്ള തുടക്കം രണ്ടാം പിണറായി സർക്കാർ ആരംഭിച്ചിട്ടില്ല എന്ന തോന്നലാണ് ഒരുവർഷം പൂർത്തിയാകാൻ പോകുമ്പോഴുണ്ടാവുന്ന സാമൂഹ്യവികാരം.

നാധിപത്യ സമ്പ്രദായത്തിൽ ഇന്ത്യയിലെ പൗരന്റെ ഒരവകാശമാണ് അഞ്ചുവർഷം കൂടുമ്പോൾ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നത്. എന്നാൽ ഇതുമാത്രമാണ് ജനാധിപത്യം എന്ന് തെറ്റിദ്ധരിക്കരുത്. അംബേദ്കർ ജനാധിപത്യത്തെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്: ‘‘Democracy is not merely a form of government. It is primarily a mode of associated living, of conjoint communicated experience. It is essentially an attitude of respect and reverence towards fellow men.’’

ഒരു സർക്കാരിന്റെ രൂപത്തേയോ അവരെ തെരഞ്ഞെടുത്ത രീതിയെയോ അല്ല ജനാധിപത്യം കൊണ്ട് ഉദ്ദേശിച്ചത്. മറിച്ച്, പരസ്പര ബഹുമാനത്തോടും കരുതലോടും കൂടിയ സാമൂഹ്യജീവിതമാണ്. അത്തരമൊരു സാമൂഹ്യജീവിതം ഉറപ്പാക്കാൻ കഴിയുന്ന സർക്കാരിനെയാണ് ജനങ്ങൾ തെരഞ്ഞെടുക്കുക. കേരളത്തെ സംബന്ധിച്ച് ജനങ്ങൾക്ക് പൂർണ സംതൃപ്തി നൽകുന്നവിധത്തിൽ തെരഞ്ഞെടുത്ത സർക്കാരുകൾക്ക് മുന്നേറാൻ കഴിഞ്ഞിരുന്നില്ല എന്നതുകൊണ്ടാണ് അഞ്ചുവർഷം കൂടുമ്പോൾ പൊതുവെ എൽ.ഡി.എഫ്., യു.ഡി.എഫ്. എന്ന നിലയിൽ സർക്കാരുകൾ മാറിമാറി ഭരിച്ചത്.

എന്തുകൊണ്ട്​ തുടർച്ച?

ദീർഘകാലത്തിനുശേഷം ഈ രീതി മാറ്റിക്കൊണ്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത്. കേവല ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സാമൂഹ്യക്ഷേമ പദ്ധതികൾ, പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കൽ, പ്രളയകാലത്തും കോവിഡ് കാലത്തുമുണ്ടായ മാതൃകാപരമായ ഇടപെടൽ, ആരോഗ്യം, ധനകാര്യം, പി.ഡബ്ല്യു.ഡി., കൃഷി എന്നീ മേഖലകളിലെ പ്രവർത്തനമികവ്, മതനിരപേക്ഷതയിലുള്ള ഉറച്ച നിലപാട് എന്നിവ രണ്ടാം പിണറായി സർക്കാരിനെ അധികാരത്തിലേയ്ക്ക് കൊണ്ടുവരുന്ന സാഹചര്യം സൃഷ്ടിക്കുന്ന കാര്യത്തിലുള്ള ഒന്നാം പിണറായി സർക്കാരിന്റെ സംഭാവനയാണ്.

അടിസ്ഥാനത്തിൽ കേരളത്തിന്റെ ഭൂപ്രകൃതിയ്ക്കനുയോജ്യമായ വികസനം എന്ന സങ്കല്പം പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചു എന്ന് പറയാനാകില്ല.

തെരഞ്ഞെടുപ്പിൽ പങ്കാളികളാവുന്നതിനപ്പുറം ജനാധിപത്യത്തിൽ തങ്ങൾക്കു കൂടി റോളുണ്ടെന്നു ബോധ്യപ്പെടാനും അങ്ങനെ തോന്നിപ്പിക്കാനും സർക്കാരിന് കഴിഞ്ഞിരുന്നു എന്നതും വസ്തുതയാണ്. പല സാഹചര്യങ്ങളിലും ആളും അർഥവും നൽകി ജനം സർക്കാരിനോടൊപ്പം നിന്നിരുന്നു. ജനം പണ്ടേ വിട്ടുകളഞ്ഞ ജനകീയാസൂത്രണം പോലുള്ള പ്രാദേശിക വികസനപ്രവർത്തനങ്ങളിൽ വേണ്ടത്ര വികസനം സാധ്യമായില്ല എന്നതും ശ്രദ്ധേയമായിരുന്നു. എങ്കിൽ കൂടി ജനാധിപത്യത്തെ സംബന്ധിച്ച അംബേദ്കറുടെ നിർവചനത്തോട് ഏറെ അടുത്തുനിൽക്കുന്ന പ്രവർത്തനങ്ങൾ നടന്നു എന്നത് യാഥാർഥ്യമാണ്.

പുതിയ നേതൃത്വം ഉണ്ടാവുക, പഴയ നേതൃത്വം വഴിമാറുക എന്ന രാഷ്ട്രീയമൂല്യം അംഗീകരിക്കുന്നതോടൊപ്പം ജനങ്ങളുടെ താൽപര്യം കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. / Photo: Facebook, Pinarayi Vijayan

ജനങ്ങളുടെ ആശയാഭിലാഷങ്ങളും സർക്കാരും തമ്മിലുള്ള വിടവ് കുറഞ്ഞുവരുന്നത് ഒന്നാം പിണറായി സർക്കാരിന്റെ പ്രത്യേകതയായിരുന്നു. പ്രളയാനന്തരം നവകേരള നിർമാണമെന്നത് കേരളത്തെ പുതുക്കി പണിയലല്ല, മറിച്ച് പുതിയ ഒരു കേരളത്തെ സൃഷ്ടിക്കുക എന്നതാണ് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറെ പ്രതീക്ഷയോടെയാണ് കേരളം കേട്ടത്. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും മാനിച്ചുകൊണ്ടുള്ള കേരള മോഡൽ സൃഷ്ടിക്കപ്പെടും എന്നുതന്നെയായിരുന്നു പ്രതീക്ഷ.

ജനതാൽപര്യം പരിഗണിക്കാത്ത ‘പുതുനേതൃത്വം’

പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ 98 ശതമാനവും പൂർത്തീകരിക്കുകയോ ആരംഭിക്കുകയോ ചെയ്തുവെന്ന ആത്​മവിശ്വാസത്തോടെയാണ് എൽ.ഡി.എഫ്. തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനങ്ങൾ പൂർണവിശ്വാസം രേഖപ്പെടുത്തി പതിവുരീതി ലംഘിച്ച് എൽ.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിച്ചു.
എന്നാൽ, ഒന്നാം സർക്കാരിന്റെ തുടർച്ചയല്ല രണ്ടാം സർക്കാർ എന്നുതോന്നും വിധത്തിൽ മുഖ്യമന്ത്രിയൊഴിച്ച്, സി.പി.എമ്മിലെയും സി.പി.ഐയിലെയും മുഴുവൻ മന്ത്രിമാരും പുതിയവർ ആകുന്ന സാഹചര്യമാണുണ്ടായത്. പുതിയ നേതൃത്വം ഉണ്ടാവുക, പഴയ നേതൃത്വം വഴിമാറുക എന്ന രാഷ്ട്രീയമൂല്യം അംഗീകരിക്കുന്നതോടൊപ്പം ജനങ്ങളുടെ താൽപര്യം കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. അത് പരിഗണിക്കപ്പെട്ടില്ല എന്നത് ജനാധിപത്യത്തിൽ ജനങ്ങളെ വേണ്ടത്ര പരിഗണിച്ചില്ല എന്നുതന്നെ വിലയിരുത്തേണ്ടിവരും. ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസൃതമായിരുന്നില്ല ഇത്തവണത്തെ പ്രത്യേകിച്ച്, സി.പി.എം. മന്ത്രിമാരുടെ തെരഞ്ഞെടുപ്പ്.

ഒരു പ്രദേശത്തിന്റെ വാഹകശേഷി പരിശോധിച്ചുകൊണ്ടല്ല അവിടെ നിർമാണപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. മറിച്ച്, മാളുകളും വലിയ നിർമാണങ്ങളും വികസനത്തിന്റെ തോത് നിർണയിക്കുന്ന ഘടകങ്ങളാക്കുക വഴി ഭൂപ്രദേശത്തിന്റെ സുസ്ഥിരതയ്ക്ക് യാതൊരു വിലയും ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടാവുക.

പ്രകടനപത്രികയും പ്രകടനവും

സാമൂഹ്യക്ഷേമം, ഭവനനിർമാണം, ദേശീയപാത നിർമാണം, കേരള ബാങ്ക്, കെ ഫോൺ, ധനസമാഹരണരംഗത്ത് കിഫ്ബി തുടങ്ങിയ രംഗങ്ങളിൽ ജനങ്ങൾ ആഗ്രഹിക്കുന്നവിധത്തിൽ നല്ലൊരു തുടക്കംകുറിക്കാൻ രണ്ടാം പിണറായി സർക്കാരിനായിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. എന്നാൽ പ്രളയത്തിന്റെയും കാലാവസ്ഥാ വ്യതിയാന സാഹചര്യത്തിന്റെയും അടിസ്ഥാനത്തിൽ കേരളത്തിന്റെ ഭൂപ്രകൃതിയ്ക്കനുയോജ്യമായ വികസനം എന്ന സങ്കല്പം പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചു എന്ന് പറയാനാകില്ല. ജലാശയങ്ങളെ സംരക്ഷിക്കുക എന്നത് എല്ലാ കാലത്തും പ്രകടനപത്രികയിൽ ഇടംപിടിക്കുന്ന ഒന്നാണ്. എന്നാൽ ഗൗരവമായ വകയിരുത്തലും ഇടപെടലുകളും എവിടെയും കാണുന്നില്ല. മഴ കൂടുതലായി ലഭിക്കുമ്പോഴും ജലക്ഷാമം അതിന്റെ കൂടപ്പിറപ്പായി തുടരുകയാണ്. ജലാശയങ്ങൾ നികത്തപ്പെടുന്നതല്ലാതെ പുനരുദ്ധാരണം പ്രധാന അജണ്ടയായി എവിടെയും കാണുന്നില്ല. നെൽവയൽ തണ്ണീർത്തട നിയമം കർശനമായി നടപ്പാക്കുമെന്ന് ആവർത്തിക്കുമ്പോഴും നികത്തൽ നിർബാധം തുടരുകയാണ്. പൊതു, സ്വകാര്യ കുളങ്ങളും, തോടുകളും, കനാലുകളും, കായലുകളും, പുഴകളും, നദികളും സ്ഥിരമായി സംരക്ഷിച്ചുകൊണ്ടേ സുസ്ഥിരവികസനം സാധ്യമാകൂ.

പ്രളയത്തിന്റെയും കാലാവസ്ഥാ വ്യതിയാന സാഹചര്യത്തിന്റെയും അടിസ്ഥാനത്തിൽ കേരളത്തിന്റെ ഭൂപ്രകൃതിയ്ക്കനുയോജ്യമായ വികസനം എന്ന സങ്കല്പം പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചു എന്ന് പറയാനാകില്ല. / Photo: Wikimedia Commons

റോഡ്, റെയിൽ, മറ്റ് നിർമാണങ്ങൾ എന്നിവയുണ്ടാകുമ്പോൾ തണ്ണീർത്തടങ്ങളെ കാര്യമായി ബാധിക്കാത്ത വിധത്തിൽ നിർമിക്കുകയെന്ന നയം ഇപ്പോഴും രൂപപ്പെട്ടുവന്നിട്ടില്ല. നെൽവയലുകൾക്കും തണ്ണീർത്തടങ്ങൾക്കും ഏൽക്കേണ്ടിവരുന്ന വികസനാഘാതങ്ങൾ വിലയിരുത്തുന്നതിൽ കേരളം പൂർണപരാജയം തന്നെയാണ്. കെ റെയിൽ പോലുള്ള മെഗാ പദ്ധതികൾക്കായി ചർച്ചചെയ്യുമ്പോൾ പോലും പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം കുറയ്ക്കാനല്ല ശ്രമിക്കുന്നത്, മറിച്ച് എംബാങ്ക്‌മെന്റും കട്ടിങ്ങും നടത്തി കൂടുതൽ പരിസ്ഥിതി ആഘാതം സൃഷ്ടിച്ച് ചെലവ് കുറയ്ക്കാനാണ് ശ്രമിക്കുന്നത്. ഒരു പ്രദേശത്തിന്റെ വാഹകശേഷി പരിശോധിച്ചുകൊണ്ടല്ല അവിടെ നിർമാണപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. മറിച്ച്, മാളുകളും വലിയ നിർമാണങ്ങളും വികസനത്തിന്റെ തോത് നിർണയിക്കുന്ന ഘടകങ്ങളാക്കുക വഴി ഭൂപ്രദേശത്തിന്റെ സുസ്ഥിരതയ്ക്ക് യാതൊരു വിലയും ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടാവുക.

പശ്ചിമഘട്ടത്തിനായി ഒരു മാസ്റ്റർപ്ലാൻ ഉണ്ടാക്കുന്നതിനോ, പശ്ചിമഘട്ട സംരക്ഷണത്തെ ആത്മാർഥതയോടെ സമീപിക്കുന്നതിനോ സർക്കാരിന് കഴിയുന്നില്ല.

‘‘കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിൽ പശ്ചിമഘട്ടത്തിന് സുപ്രധാന സ്ഥാനമുണ്ട്. പ്രാദേശിക ജനവിഭാഗങ്ങളുടെയും കർഷകരുടെയും പങ്കാളിത്തം ഉറപ്പാക്കി പശ്ചിമഘട്ട സംരക്ഷണപദ്ധതിക്ക് രൂപംനൽകും’’- എൽ.ഡി.എഫ്. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണിത്. ഗാഡ്ഗിൽ കമ്മിറ്റി 15 വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. കേരളത്തിന്റെ പരിസ്ഥിതി നിർണയിക്കുന്നതിൽ പശ്ചിമഘട്ടത്തിനുള്ള സ്ഥാനം പ്രത്യേകിച്ച് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. എന്നാൽ പശ്ചിമഘട്ടത്തിനായി ഒരു മാസ്റ്റർപ്ലാൻ ഉണ്ടാക്കുന്നതിനോ, പശ്ചിമഘട്ട സംരക്ഷണത്തെ ആത്മാർഥതയോടെ സമീപിക്കുന്നതിനോ സർക്കാരിന് കഴിയുന്നില്ല. പശ്ചാത്തലസൗകര്യ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന കൊടുക്കുമ്പോൾ തള്ളപ്പെടുന്നത് കേരളത്തിന്റെ സുസ്ഥിരതയ്ക്കും കാലാവസ്ഥാ നിയന്ത്രണത്തിനും ആധാരമായ പശ്ചിമഘട്ട സംരക്ഷണമാണ്.

2016-ലെയും 2021-ലെയും പ്രകടനപത്രികയിൽ പൊതുവായി കാണുന്ന ഒന്നുണ്ട്; അത് ‘‘പാറഖനനമടക്കം കേരളത്തിന്റെ ഖനിജങ്ങൾ പൊതു ഉടമസ്ഥതയിലാക്കുകയും ഖനനത്തിന് ശക്തമായ സാമൂഹ്യ നിയന്ത്രണസംവിധാനം കൊണ്ടുവരികയും ചെയ്യും'' എന്നാണ്.
പാറ, മണൽ എന്നിവയുടെ ഖനന നിയന്ത്രണങ്ങൾ പാലിക്കപ്പെടാതെ പോകുന്ന കാഴ്ചയാണ് നിരന്തരം കണ്ടുവരുന്നത്. നിർമാണങ്ങൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്താതെ, സ്‌പെഷ്യൽ പ്ലാനിങ് നടപ്പിലാക്കാതെ നമുക്കെങ്ങനെ പാറഖനനം നിയന്ത്രിക്കാൻ പറ്റും. കേരളത്തിൽ ഖനനം ചെയ്‌തെടുക്കാവുന്ന എത്ര പാറയുണ്ട്, 10 വർഷത്തേയ്ക്ക് ആവശ്യമായ പാറ എത്രയാണ്, എന്തെങ്കിലും കണക്ക് സർക്കാരിന്റെ കൈവശമുണ്ടോ? ഇതൊക്കെ ചോദിക്കുന്നവരെ വികസനവിരുദ്ധരാക്കുകയല്ല വേണ്ടത്, വികസന വക്താക്കളാക്കുകയാണ് യഥാർഥത്തിൽ ചെയ്യേണ്ടത്.

മെഗാ പദ്ധതികളും പരിസ്​ഥിതിയും

വലിയ പ്രതീക്ഷകളാണ് രണ്ടാം പിണറായി സർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്. കുറെ മെഗാ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. വ്യവസായ ഇടനാഴികൾ, കൊച്ചിയെ അന്തർദേശീയ നഗരമാക്കൽ, തെക്ക്- വടക്ക് അതിവേഗ റെയിൽപാത ഇതൊക്കെ നിർമാണാധിഷ്ഠിതമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഇത്തരം മെഗാപദ്ധതികൾ കേരളത്തിന്റെ ഭൂപരിസ്ഥിതിയ്ക്ക് അനുയോജ്യമാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ? മുതലാളിത്ത രാജ്യങ്ങളിലെ വാർപ്പുമാതൃകകൾ ഇവിടെ ഇംപ്ലിമെൻറ്​ ചെയ്താൽ അതെങ്ങനെ മാതൃകയാകും? കേരളം കുറെ കാര്യങ്ങളിൽ ഇപ്പോഴും മാതൃകയാണ്. എല്ലാവർക്കും വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന കാര്യത്തിൽ, ഒരു പരിധിവരെ വർഗീയതയെ തടഞ്ഞുനിർത്തുന്ന കാര്യത്തിൽ, സാമൂഹ്യക്ഷേമത്തിന്റെ കാര്യത്തിൽ.

പാറ, മണൽ എന്നിവയുടെ ഖനനനിയന്ത്രണങ്ങൾ പാലിക്കപ്പെടാതെ പോകുന്ന കാഴ്ചയാണ് നിരന്തരം കണ്ടുവരുന്നത്. നിർമാണങ്ങൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്താതെ, സ്‌പെഷ്യൽ പ്ലാനിങ് നടപ്പിലാക്കാതെ നമുക്കെങ്ങനെ പാറഖനനം നിയന്ത്രിക്കാൻ പറ്റും. / Photo: Wikimedia Commons

എന്നാൽ മറ്റുള്ളവരുടെ വികസനതോതനുസരിച്ച് പട്ടികജാതി, പട്ടികവർഗ വികസനത്തിൽ നമ്മൾ ഏറെ പിറകിലാണ്. വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ കാര്യത്തിൽ നാം പിറകിലാണ്, ‘സർവകലാശാലകൾ' എന്നുപറയാവുന്ന സ്ഥാപനങ്ങൾ നമുക്കുണ്ടോ എന്ന് സംശയമാണ്. ഇന്ത്യയിലെ മികച്ച സർവകലാശാലകളുടെ ഗണത്തിൽ പോലും നമുക്ക് ഇടംപിടിക്കാനായിട്ടില്ല. കേരളത്തിൽ തൊഴിലുണ്ട്, പക്ഷെ അക്കാദമിക് സർട്ടിഫിക്കറ്റിനനുസൃതമായ തൊഴിലില്ല. ഉൾക്കാഴ്ചയോടെ അഭ്യസ്തവിദ്യരെ സൃഷ്ടിക്കുന്ന കാര്യത്തിലും അവർക്ക് തൊഴിൽ ഉറപ്പാക്കുന്ന കാര്യത്തിലും നമ്മൾ പിറകിലാണ്. കുറേ റോഡുകൾ, കെട്ടിടങ്ങൾ, അതിവേഗ റെയിലുകൾ, മെട്രോകൾ, തുറമുഖങ്ങൾ എന്നിവ ഉണ്ടാക്കുക, വികസനം അതുവഴി വന്നുകൊള്ളും എന്ന ഇപ്പോഴത്തെ സമീപനം സുസ്ഥിരതയ്ക്ക് അനുഗുണമാകാനിടയില്ല. കുറഞ്ഞ ചെലവിൽ ജീവിതഗുണത - അതായിരുന്നു കേരള മോഡൽ. ഇതുപോലുള്ള മാതൃകയാണ് പിണറായി സർക്കാരിൽനിന്ന് ജനം പ്രതീക്ഷിക്കുന്നത്.

ജ്ഞാനസമൂഹ സൃഷ്ടിക്കായി പ്രൈമറി തലം മുതൽ സാങ്കേതിക, യൂണിവേഴ്‌സിറ്റി തലം വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ ഒരുക്കിയെടുക്കേണ്ടതുണ്ട്. അത്തരം ചർച്ചകൾക്ക് പൊതുസമൂഹത്തിന് വലിയ പങ്കുവഹിക്കാൻ കഴിയും.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ കഴിയുമാറ് കേരള ഭൂപരിസ്ഥിതിയെ ഒരുക്കിയെടുക്കുക എന്നത് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഏറ്റവും വലിയ ഭീഷണി നേരിടുന്ന കൊച്ചിയെ അതിനനുസൃതമാക്കി മാറ്റിയെടുക്കുന്നതിനുപകരം ലോകോത്തര സിറ്റിയാക്കുമെന്നു പറയുന്നത് പ്രളയാനന്തരം മുഖ്യമന്ത്രിയുടെ പുതിയ കേരളമെന്ന പ്രസ്താവനയുമായി ഒത്തുചേർന്നു പോകുന്നതല്ല.

കേരള പശ്ചാത്തലത്തിൽ ജ്ഞാനസമൂഹമെന്നത് പൊതിയാത്തേങ്ങയായി കിടക്കുകയാണ്. ജ്ഞാനസമൂഹത്തിലധിഷ്ഠിതമായ വികസന പ്രക്രിയകളുടെ രൂപഭാവങ്ങൾ സമഗ്ര ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ജ്ഞാനസമൂഹ സൃഷ്ടിക്കായി പ്രൈമറി തലം മുതൽ സാങ്കേതിക, യൂണിവേഴ്‌സിറ്റി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരുക്കിയെടുക്കേണ്ടതുണ്ട്. അത്തരം ചർച്ചകൾക്ക് പൊതുസമൂഹത്തിന് വലിയ പങ്കുവഹിക്കാൻ കഴിയും. അതിന് നേതൃത്വം നൽകുക എന്ന ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്തത്തോട് പിണറായി രണ്ടാം സർക്കാരിന് നീതിപുലർത്താനാകുന്നുണ്ടോ?

കെ റെയിലിൽ കുടുങ്ങിക്കിടക്കുകയാണ് നമ്മുടെ വികസന ചർച്ചകളെല്ലാം. സമ്പത്തിന്റെ അമിത ഉൽപാദനമല്ല, ആവശ്യത്തിനുള്ള സമ്പത്തുൽപാദനവും അത് എല്ലാവർക്കും ഗുണകരമായ വിധത്തിൽ ലഭ്യമാക്കുക എന്നതുമായിരിക്കണം കേരള മോഡലിന്റെ പൊതുസ്വഭാവം. അത് അട്ടിമറിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം. കേരള വികസനപ്രവർത്തനങ്ങൾ സമ്പത്തിന്റെ കേന്ദ്രീകരണത്തിന് കാരണമാകുന്നുണ്ടെങ്കിൽ പരിശോധിക്കപ്പെടണം.
ജനകീയത നഷ്ടപ്പെട്ട ജനകീയാസൂത്രണം എന്തുകൊണ്ട് നമ്മുടെ ചർച്ചാവിഷയമാകുന്നില്ല? പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് ഇനിയും ഒട്ടേറെ അധികാരങ്ങൾ താഴേക്ക് വരേണ്ടതുണ്ട്. വികസിച്ചുവരേണ്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ചുരുങ്ങേണ്ട സെക്രട്ടേറിയറ്റുമെന്ന 1996-ലെ ചർച്ചകളെ വീണ്ടെടുക്കേണ്ടതിനുപകരം സെക്രട്ടേറിയറ്റിലേയ്ക്ക് എത്താനുള്ള സമയക്കുറവിനെക്കുറിച്ചാണ് നമ്മൾ ആലോചിക്കുന്നത്. കേരള മോഡലിന്റെ സ്തംഭനാവസ്ഥയാണ് ജനകീയാസൂത്രണം ഓർമിപ്പിക്കുന്നത്.

കെ റെയിലിൽ കുടുങ്ങിക്കിടക്കുകയാണ് നമ്മുടെ വികസന ചർച്ചകളെല്ലാം. സമ്പത്തിന്റെ അമിത ഉൽപാദനമല്ല, ആവശ്യത്തിനുള്ള സമ്പത്തുൽപാദനവും അത് എല്ലാവർക്കും ഗുണകരമായ വിധത്തിൽ ലഭ്യമാക്കുക എന്നതുമായിരിക്കണം കേരള മോഡലിന്റെ പൊതുസ്വഭാവം. / Photo: Keralarail

ശാസ്ത്ര- സാങ്കേതികവിദ്യകളുടെ വികാസം മനുഷ്യരുടെ അധ്വാനത്തെയും തൊഴിലിനുവേണ്ടിയുള്ള യാത്രകളെയും വലിയതോതിൽ ലഘൂകരിച്ചിട്ടുണ്ട്. ‘വർക്ക്​ അറ്റ്​ ഹോം’ എന്നത് കോവിഡനന്തര തൊഴിൽരംഗത്തെ ഏറ്റവും വലിയ മാറ്റമാണ്. ഇതിനനുസൃതമായി തൊഴിൽസാഹചര്യങ്ങളെയും കൂടുതലായി ലഭിക്കുന്ന വിശ്രമസമയത്തെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വികസനം നമുക്ക് മുന്നോട്ടുവയ്ക്കാനാകണം.

ചെറുപ്പക്കാരിൽ വലിയൊരുവിഭാഗം ഗ്രാജുവേഷനും പോസ്റ്റ് ഗ്രാജുവേഷനും സാങ്കേതിക വിദ്യാഭ്യാസവും നേടിയവരാണ്. അവരെക്കൊണ്ട് നാടിനു ഗുണം ലഭിക്കുന്നില്ലായെങ്കിൽ അതിനർഥം നമ്മുടെ വിദ്യാഭ്യാസ പദ്ധതികൾക്ക് എന്തോ തകരാറുണ്ട് എന്നാണ്.

കേരള മോഡലുകൾ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകടനപത്രിക മുന്നോട്ടുവച്ചിട്ടുള്ള മികവിന്റെ കേന്ദ്രങ്ങൾ, 500 നവകേരള പോസ്റ്റ് ഡോക്ടറേറ്റ് ഫെല്ലോഷിപ്പുകൾ, ജഞാനസമൂഹ സൃഷ്ടിക്കായുള്ള ശാസ്ത്ര- സാങ്കേതിക ഗവേഷണസ്ഥാപനങ്ങൾ എന്നിവയൊക്കെ ആദ്യവർഷത്തിൽ തന്നെ ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിനുള്ള ആലോചനകൾ നടക്കുന്നുണ്ടോ എന്നറിയില്ല.

കേരളത്തിന്റെ ഏറ്റവും വലിയ വിഭവം അഭ്യസ്തവിദ്യരായ ജനങ്ങളാണ്. 10-ാം ക്ലാസ് വിജയിക്കാത്ത പൗരന്മാർ കുറഞ്ഞുകൊണ്ടിരിക്കുന്ന സമൂഹമാണ് നമ്മുടേത്. ചെറുപ്പക്കാരിൽ വലിയൊരുവിഭാഗം ഗ്രാജുവേഷനും പോസ്റ്റ് ഗ്രാജുവേഷനും സാങ്കേതിക വിദ്യാഭ്യാസവും നേടിയവരാണ്. അവരെക്കൊണ്ട് നാടിനു ഗുണം ലഭിക്കുന്നില്ലായെങ്കിൽ അതിനർഥം നമ്മുടെ വിദ്യാഭ്യാസ പദ്ധതികൾക്ക് എന്തോ തകരാറുണ്ട് എന്നാണ്. അല്ലെങ്കിൽ അവർക്ക് തൊഴിലവസരമുണ്ടാക്കി കൊടുക്കാൻ നമുക്ക് കഴിയുന്നില്ല എന്നാണ്. അതിന് പശ്ചാത്തലവികസനം മാത്രമുണ്ടായതുകൊണ്ടായില്ല. അതിനായി ഗൗരവപൂർണമായ സാമൂഹ്യചർച്ചകൾ ഉയർന്നുവരണം. അതിനുള്ള വഴി കണ്ടെത്തണമെന്ന വാശിയുണ്ടാകണം. വാശി കാണിക്കേണ്ടത് സുസ്ഥിരതയിലൂന്നിയ കേരളം സൃഷ്ടിക്കാനായിരിക്കണം. കുറച്ചു ഭൂമി, ആ ഭൂമി തന്നെ വളരെയേറെ പാരിസ്ഥിതിക ദൗർബല്യങ്ങൾ നിറഞ്ഞത്. അതോടൊപ്പം ഉയർന്ന ജനസംഖ്യ, ജനസംഖ്യയിൽ ഭൂരിപക്ഷവും ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർ... അങ്ങനെ കേരളത്തിന്റെ ശക്തിദൗർബല്യങ്ങൾ മനസ്സിലാക്കിയുള്ള വികസനസാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനുള്ള തുടക്കം രണ്ടാം പിണറായി സർക്കാർ ആരംഭിച്ചിട്ടില്ല എന്ന തോന്നലാണ് ഒരുവർഷം പൂർത്തിയാകുമ്പോഴുണ്ടാകുന്ന സാമൂഹ്യവികാരം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


അഡ്വ. കെ.പി. രവിപ്രകാശ്​

എഴുത്തുകാരൻ, കേരള ശാസ്​ത്രസാഹിത്യ പരിഷത്ത്​ സംസ്​ഥാന സമിതി അംഗം. ഇന്ത്യൻ ഭരണഘടന: ചരിത്രം, സംസ്​കാരം, നൈതികത എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments