പിണറായി വിജയൻ

പുതിയ ഇടതുപക്ഷ സർക്കാറിന് ബംഗാളിൽനിന്ന് പാഠങ്ങളുണ്ട്

പാർട്ടി എന്ന നിലയ്ക്ക് എങ്ങനെയാണ് ജനങ്ങളെ അണിനിരത്തി സർക്കാറിനെ തിരുത്തേണ്ടത് എന്നതിന്റെ രാഷ്ട്രീയമായി ശരിയായ രീതി അവലംബിക്കാൻ കേരളത്തിൽ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്

1957ൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നു എന്നത് ഒരു ചരിത്രമാണ്. അതിനുസമാനമാണ് ഇത്തവണ ഇടതുപക്ഷത്തിന് തുടർഭരണം സാധ്യമാക്കിയ വിജയം. ഈ വിജയത്തോടെ കേരളത്തിന്റെ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളുണ്ടാകാൻ പോകുകയാണ്. ഈ വിജയത്തിനിടയാക്കിയ ചില രാഷ്ട്രീയ സാഹചര്യങ്ങളുണ്ട്. അവയെ വിശാലമായി തന്നെ വിശകലനം ചെയ്യേണ്ടതുണ്ട്.

വിജയഘടകങ്ങൾ:
​ഒന്ന്​: വികസന നയം

ഒന്നാമത്തെ ഘടകം, വികസന നയമാണ്.
ലോകത്താകെ, മുതലാളിത്ത രാജ്യങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ ലോക മുതലാളിത്ത പ്രതിസന്ധി മുപ്പതുകളിലെ മഹാമാന്ദ്യത്തെപ്പോലെ ഒരു വ്യവസ്ഥാ പ്രതിസന്ധിയാണ്. അത് ലോകത്തിന്റെയാകെ രാഷ്ട്രീയത്തെ വൻതോതിൽ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടുതൽ വലിയ മാറ്റങ്ങളിലേക്കാണ് അത് പോകുന്നത്. ഈ പ്രതിസന്ധി മൂലം, ഇന്ത്യയിലും കേരളത്തിലും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക നയങ്ങൾ കടുത്ത വെല്ലുവിളി നേരിടുന്നു. ഉദാരവൽക്കരണ നയങ്ങൾ അവയുടേതായ പ്രത്യാഘാതങ്ങൾ മൂലം ജനങ്ങളിൽനിന്ന് വൻ എതിർപ്പ് നേരിടുകയാണ് ഇന്ത്യയിൽ. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ, ഉദാരവൽക്കരണ നയങ്ങൾ വലിയ പരാജയം നേരിടുകയുമാണ്. ഈ അവസ്ഥയിൽ കേരളത്തിലെ സർക്കാർ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. നമ്മുടെ ചെലവും വരവും പരിശോധിച്ചാൽ, റവന്യൂ ചെലവിനുള്ള തുക പോലും വരുമാനമായി ലഭിക്കുന്നില്ല.

പ്രസ്ഥാനവും വ്യക്തിയും തമ്മിലുള്ള വൈരുധ്യാത്മക ബന്ധത്തെയും അതിൽ വ്യക്തിക്കുള്ള പ്രാധാന്യത്തെയും അതുപോലെ പരിമിതിയെയും ശരിയായി വിലയിരുത്തിക്കൊണ്ടുളള ശാസ്ത്രീയമായ മാർക്‌സിയൻ കാഴ്ചപ്പാടുതന്നെയാണ് പിണറായി വിജയന്റെ ‘ക്യാപ്റ്റൻ’ എന്ന വിശേഷണവുമായി ബന്ധപ്പെട്ട് പാർട്ടിയും ജനങ്ങളും എടുത്തത്.

ഈ സാഹചര്യത്തിൽ കഴിഞ്ഞ അഞ്ചുവർഷം സംസ്​ഥാന സർക്കാർ നടപ്പാക്കിയ വികസന നയം പ്രത്യേകിച്ച്, കിഫ്ബി എന്ന പരീക്ഷണത്തിലൂടെ ബജറ്റിനുപുറമേനിന്ന്, സംസ്ഥാന വികസനത്തിന് സഹായകമായ രീതിയിൽ, പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കണ്ടെത്താനുള്ള റിസ്‌ക് ഏറ്റെടുക്കാൻ സർക്കാർ തയാറായി. അതിലൂടെ, വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക മുൻകൂട്ടി കണ്ടെത്തി സാമ്പത്തിക തകർച്ച ജനങ്ങളെ ബാധിക്കുന്നില്ല എന്നുറപ്പുവരുത്താനായി. ഒപ്പം, അടിസ്ഥാന പാശ്ചാത്തല സൗകര്യവികസനം അടക്കം വൻതോതിൽ നിക്ഷേപം ആവശ്യമുള്ള പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകുന്നില്ല എന്നുറപ്പ് വരുത്താനും മുമ്പില്ലാത്ത വേഗതയിൽ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും സാധിച്ചു.

കർഷരും തൊഴിലാളികളും സാമ്പത്തിക പ്രതിസന്ധിയുടെ ദുരിതം പേറുന്ന സാഹചര്യത്തിലാണ് എൽ.ഡി.എഫ് സർക്കാർ ക്ഷേമപെൻഷൻ വർധിപ്പിക്കുകയും അത് കൃത്യമായി വിതരണം ചെയ്യാൻ സംവിധാനമേർപ്പെടുത്തുകയും ചെയ്തത്. / Photo: CPIM, twitter

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന താഴ്ന്ന വരുമാനമുള്ളവർക്ക് ഏറ്റവും പ്രശ്‌നമായി വരാറ്​, ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ ചെലവാണ്. സ്വകാര്യമേഖലയെ ആശ്രയിക്കാതെ, പൊതുമേഖലയിലേക്ക് ജനങ്ങളെ തിരിച്ചുകൊണ്ടുവരുന്ന തരത്തിലുള്ള പ്രവർത്തനമാണ് ഈ മേഖലകളിൽ സർക്കാർ നടത്തിയത്. അതുകൊണ്ട്, വിദ്യാഭ്യാസ- ആരോഗ്യ ചെലവ്​ സാധാരണക്കാരന് വലിയ പ്രതിസന്ധി ഉണ്ടാക്കിയില്ലെന്നുമാത്രമല്ല, സൗജന്യമായി തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസവും ആരോഗ്യസേവനവും ലഭ്യമാക്കാൻ സാധിച്ചു. ഇത് ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലായിരുന്നു.

രണ്ട്​: ലോക്ക്​ഡൗൺ കാലത്ത്​ ഭക്ഷണം

രണ്ടാമത്തെ ഘടകം; സാമ്പത്തിക പ്രതിസന്ധിയിൽ ഏറ്റവും ദുരിതം നേരിടുന്ന വിഭാഗം അടിസ്ഥാന വിഭാഗങ്ങളായ കർഷകരും തൊഴിലാളികളുമാണ്. അവരുടെ ജോലിയും വരുമാനവും നഷ്ടപ്പെടുകയും കൂലി വെട്ടിക്കുറക്കപ്പെടുകയും ചെയ്യുന്നു. കൃഷി നഷ്ടമാകുന്നു, കർഷകർക്ക് വില കിട്ടുന്നില്ല, വരുമാനം ഇടിയുന്നു. ഇത് അതീവ രൂക്ഷമാണ് കേരളത്തിൽ. ഇത്തരമൊരു സാഹചര്യത്തിലാണ് 600ൽനിന്ന് 1600 രൂപയായി ക്ഷേമ പെൻഷൻ വർധിപ്പിച്ച് അത് കൃത്യമായി കൊടുക്കാൻ സംവിധാനമേർപ്പെടുത്തിയത്. ഏതാണ്ട് 34,000 കോടി രൂപയാണ് 60 ലക്ഷം പേർക്ക് കൊടുക്കുന്നത്.

ബി.പി.എൽ- എ.പി.എൽ ഭേദമില്ലാതെ പട്ടിണി കിടക്കാതെ ജീവിക്കാനാവശ്യമായ പിന്തുണ സർക്കാർ ലഭ്യമാക്കി.

കൂടാതെ, ലോക്ക്ഡൗൺ സമയത്ത്, എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യക്കിറ്റ് നൽകാനെടുത്ത തീരുമാനവും പ്രധാനമാണ്. 4600 കോടി രൂപ ഇതിന് ചെലവാക്കി. ബി.പി.എൽ- എ.പി.എൽ ഭേദമില്ലാതെ പട്ടിണി കിടക്കാതെ ജീവിക്കാനാവശ്യമായ പിന്തുണ സർക്കാർ ലഭ്യമാക്കി. ഇത്തരം ബദൽ നയങ്ങളിലൂടെ, ലോക സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതത്തിൽനിന്ന് അടിസ്ഥാന വർഗങ്ങളെ സംരക്ഷിച്ചുനിർത്താനും ശമ്പളം അടക്കം മുടങ്ങാതെ കൃത്യമായ സാമ്പത്തിക മാനേജുമെൻറ്​ പാലിക്കാനും പുതിയ ആശയങ്ങളും പുതിയ പദ്ധതികളും ആവിഷ്‌കരിക്കാനും കാലഘട്ടത്തിനനുസൃതമായ വിധത്തിൽ 20 ലക്ഷം പുതിയ തൊഴിലവസരം ഉറപ്പുവരുത്താനും കഴിഞ്ഞു.

ലോക്ഡൗൺ സമയത്ത് എ.പി.എൽ-ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യക്കിറ്റ് നൽകിക്കൊണ്ട് കോവിഡ് വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധികളുടെ പ്രത്യാഘാതങ്ങളിൽ നിന്ന് അടിസ്ഥാന വർഗങ്ങളെ സംരക്ഷിച്ചു.

സാമ്പത്തിക മേഖലയിൽ ദീർഘവീക്ഷണത്തോടെ ഇത്തരം ഇടപെടൽ നടത്താനായി എന്നത് ഏറെ പ്രധാനമായിരുന്നു.

മൂന്ന്​: ബദൽ കാർഷിക നയങ്ങൾ

മൂന്നാമത്തെ ഘടകം, കേരളത്തിലെ കാർഷിക മേഖലയിൽ ബദൽ നയങ്ങളിലൂടെ, ദീർഘവീക്ഷണത്തോടെ, സർക്കാർ നടത്തിയ ഇടപെടലാണ്. ഉദാഹരണത്തിന് സുഭിക്ഷ കേരളം പദ്ധതി. ഒരു നിയമനിർമാണത്തിന്റെ അടുത്ത് വന്നില്ലെങ്കിൽ പോലും വിവിധ ഉത്തരവുകളിലൂടെ സഹകരണം, തദ്ദേശ സ്വയംഭരണം, വിപണി തുടങ്ങിയ മേഖലകളെ സംയോജിപ്പിച്ച് കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുക പ്രധാനമാണ് എന്നൊരു തലത്തിലേക്ക് സർക്കാർ വന്നു. എടുത്തുപറയാവുന്ന ഒരു കാര്യം, ഇന്ത്യയിൽ 1850 രൂപയാണ് ഒരു ക്വിന്റൽ നെല്ലിന് മിനിമം താങ്ങുവില എങ്കിൽ, മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വലിയ തുകയിൽ, കേരളത്തിൽ 2850 രൂപ ക്വിന്റലിന് തറവില നിശ്ചയിക്കാനും അത് സഹകരണമേഖലയിലൂടെ സംഭരിക്കാനുള്ള സംവിധാനമൊരുക്കാനും കേരളത്തിലെ സർക്കാർ തയാറായി. കേരളത്തിലെ നെൽകർഷകർക്ക് വലിയൊരു ആശ്വാസമായിരുന്നു ഈ നടപടി.

ഉപരിപ്ലവമായ കുറെ ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവന്നു എന്നതല്ലാതെ അഴിമതിക്കാർ എന്ന നിലയ്ക്കുള്ള ഒരു ചിത്രം എവിടെയും സർക്കാറിനോ മന്ത്രിമാർക്കോ നേരെ ഉണ്ടായില്ല എന്നത് വലിയ ഘടകമാണ്.

കാർഷിക മേഖലയിൽ വിപണി പിന്തുണ കൊടുക്കാനായി. നാളികേരത്തിനും റബറിനും താങ്ങുവില നിശ്ചയിച്ച് സംഭരണം ഉറപ്പുവരുത്തി വില തകർച്ചയിൽനിന്ന് കർഷകരെ രക്ഷിക്കുന്ന വൻതോതിലുള്ള വിപണി ഇടപെടൽ സർക്കാർ നടത്തി. ദീർഘവീക്ഷണത്തോടെയുള്ള നിരവധി പദ്ധതികൾ കാർഷിക മേഖലയിൽ കൊണ്ടുവന്നു, അതിന് സഹകരണമേഖലയുടെ പിന്തുണ ഉറപ്പാക്കി. വയനാട് കോഫി പദ്ധതി ഉദാഹരണം. ഇന്ത്യയിൽ ആദ്യമായാണ് ഒരു സർക്കാർ, കാപ്പിക്ക് തറവില നിശ്ചയിച്ചത്. 60- 65 രൂപയാണ് ഉണ്ടക്കാപ്പിക്ക് കിട്ടുന്നത് എങ്കിൽ 90 രൂപ തറവില നിശ്ചയിച്ച് ഉണ്ടക്കാപ്പി സംഭരിച്ച് പൊടിയാക്കി വിറ്റുകിട്ടുന്ന വരുമാനം കർഷകർക്ക് അധിക വിലയായി കൊടുക്കാൻ സംവിധാനമുണ്ടാക്കുകയാണ് ചെയ്തത്. ഇത് റബർ അടക്കമുള്ള എല്ലാ വിളകളിലും നടപ്പാക്കാവുന്ന പദ്ധതിയാണ്. ഉൽപ്പന്നങ്ങൾ പച്ചക്ക് പറിച്ച് വിൽക്കുന്നതിനുപകരം, അവ മൂല്യവർധന വരുത്തി, ഉപഭോക്തൃ ഉൽപ്പന്നങ്ങളാക്കി വിറ്റ് അതിൽനിന്നു കിട്ടുന്ന വരുമാനം കർഷകർക്ക് എത്തിക്കുക. അങ്ങനെ കൃഷിഭൂമി കർഷകരുടേതായതുപോലെ, കാർഷിക വ്യവസായവും വിപണിയും കർഷകരുടെ കൂട്ടായ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ വേണ്ടിയുള്ള, ഉദാരവൽക്കരണത്തിന് ബദലായ ഒരു നയമാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ചത്.

ഇന്ത്യയിൽ 1850 രൂപയാണ് ഒരു ക്വിന്റൽ നെല്ലിന് മിനിമം താങ്ങുവില എങ്കിൽ കേരളത്തിൽ 2850 രൂപ ക്വിന്റലിന് തറവില നിശ്ചയിക്കാനും അത് സഹകരണമേഖലയിലൂടെ സംഭരിക്കാനുള്ള സംവിധാനമൊരുക്കാനും കേരളത്തിലെ സർക്കാർ തയാറായി.

കേരള ചിക്കൻ പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ ഉദ്യോഗസ്ഥന്മാർക്ക് കഴിയാതെ പോയിട്ടുണ്ട് എന്നത് വസ്തുതയാണെങ്കിലും അതിനെ കേരളത്തിലെ സഹകരണകൃഷിയുടെ ആദ്യ മാതൃകയായി കൊണ്ടുവരാൻ- കുടുംബശ്രീ ഏതാണ്ട് 200ഓളം ഫാമുകൾ സ്ഥാപിച്ചുകഴിഞ്ഞു. സ്വകാര്യമേഖലയിൽ ആറുരൂപയാണ് വളർത്തുകൂലിയായി കിട്ടുന്നത് എങ്കിൽ, 13 രൂപ വരെ കുടുംബശ്രീയിൽ കർഷകർക്ക് വളർത്തുകൂലി കൊടുക്കാൻ കഴിയുന്ന പദ്ധതിയാണിത്. ഇതിനായി വ്യാപകമായി തുക ചെലവഴിക്കാൻ കഴിയേണ്ടതായിരുന്നു. അതിന് കഴിഞ്ഞില്ല. എന്നാൽ, അതൊരു വിജയകരമായ മാതൃകയായി സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

നാല്: അഴിമതിരഹിതം

നാലാമത്തെ ഘടകം, അഴിമതിക്കെതിരായ നിരന്തര നിലപാടാണ്. അഴിമതി ഇല്ലാത്ത സംശുദ്ധ ഭരണം ഉറപ്പുവരുത്താൻ കഴിഞ്ഞ അഞ്ചുവർഷം സാധിച്ചു എന്നുമാത്രമല്ല, അഴിമതിക്കെതിരായി ഒരു നിലപാടുണ്ട് എന്ന് താഴെത്തട്ടിലേക്കുവരെ വ്യക്തമായ സന്ദേശം എത്തിക്കാനും സർക്കാറിനുകഴിഞ്ഞു. ഉപരിപ്ലവമായ കുറെ ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവന്നു എന്നതല്ലാതെ അഴിമതിക്കാർ എന്ന നിലയ്ക്കുള്ള ഒരു ചിത്രം എവിടെയും സർക്കാറിനോ മന്ത്രിമാർക്കോ നേരെ ഉണ്ടായില്ല എന്നത് വലിയ ഘടകമാണ്.

അഞ്ച്​: മനുഷ്യനും മൃഗത്തിനും ഭക്ഷണം നൽകിയ സർക്കാർ

അഞ്ചാമത്തെ ഘടകം, ഭരണമികവാണ്. നിപ്പ, രണ്ട് പ്രളയങ്ങൾ, കോവിഡ് തുടങ്ങിയ കടുത്ത പ്രതിസന്ധി ഘട്ടങ്ങളിൽ, ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്ന ഒരു സർക്കാറാണ് എന്ന അനുഭവം ജനങ്ങൾക്കുണ്ടായി.

ഒരു വിട്ടുവീഴ്ചയുമില്ലാതെ ബി.ജെ.പിയെ ചെറുക്കാൻ കേരളത്തിലെയും ഇന്ത്യയിലെയും ഇടതുപക്ഷം എടുക്കുന്ന രാഷ്ട്രീയ നയം മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന പൗരന്മാരെ ആകർഷിക്കുന്നുണ്ട്.

സാധാരണക്കാരിലെത്തുന്ന തരത്തിലുള്ള ഭരണം. കോവിഡിന്റെ കാലത്ത് ഏറ്റവും സാധാരണക്കാർക്കും, എന്തിന് മൃഗങ്ങൾക്കുപോലും ഭക്ഷണം ഉറപ്പുവരുത്താൻ കഴിയുന്ന രൂപത്തിൽ ഭരണസംവിധാനമുണ്ടായി. എടുത്ത തീരുമാനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ ജനങ്ങളെയാകെ അണിനിരത്താൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനം നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ, അടിവസ്ത്രം ഉൾപ്പെടെ, ഒരു വീട്ടിൽ ലഭിക്കുന്ന സുരക്ഷയും സൗകര്യങ്ങളും രോഗികൾക്ക് ലഭ്യമായി. അന്തർസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണവും വസ്ത്രവും പിന്തുണയും ഉറപ്പുവരുത്തി. അവരെ രോഗമുക്തരാക്കി തിരിച്ചയക്കുന്ന ഒരു ഭരണസംവിധാനം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു.

2020ൽ ലോക്ഡൗൺ കാലത്ത് നാട്ടിലേക്ക് മടങ്ങാനാകെ സംസ്ഥാനത്ത് കുടുങ്ങിപ്പോയ തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സർക്കാർ കൗൺസിലിങ് നൽകിയപ്പോൾ / Photo: PRD kerala

കൂടാതെ, പ്രകടന പത്രികയിൽ ഉറപ്പുനൽകിയ വാഗ്ദാനങ്ങൾ 99 ശതമാനവും നടപ്പിലാക്കി എന്ന രൂപത്തിലേക്ക് ഓരോ വർഷവും റിവ്യൂ ചെയ്ത് പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച്, പോരായ്മകൾ നികത്തി, മാതൃകാപരമായ ഒരു ഭരണസംസ്‌കാരം ഉണ്ടാക്കിയെടുത്തു, മുഖ്യമന്ത്രിയുടെ വ്യക്തിപരമായ മേൽക്കൈയും നിർബന്ധബുദ്ധിയും അതിലുണ്ടായി.

ആറ്: ബി.ജെ.പിയിൽനിന്ന് ഇടതുപക്ഷത്തേക്ക്

ആറാമത്തെ ഘടകം, വർഗീയതക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. 2014ലാണ് കേന്ദ്രത്തിൽ ഭരണകക്ഷിയായി ബി.ജെ.പി വരുന്നത്. അതോടെ, കോൺഗ്രസിനുണ്ടായിരുന്ന ഭരണവർഗ പാർട്ടിയെന്ന സ്ഥാനം ബി.ജെ.പിക്കായി. ഭരണവർഗ പാർട്ടിയെന്ന നിലക്ക് ബി.ജെ.പി നിലനിൽപിന് ഉപയാഗപ്പെടുത്തുന്നത് വർഗീയതയെയാണ്. ജനങ്ങളെ വിഭജിച്ചും വോട്ടുബാങ്കുകൾ സൃഷ്ടിച്ചുമാണ്, ഭരണവർഗങ്ങൾക്ക് തുടർന്നും ഭരണത്തിൽ തുടരാൻ കഴിയുന്ന രാഷ്ട്രീയപാർട്ടിയെന്ന നിലയിൽ ബി.ജെ.പി പ്രവർത്തിക്കുന്നത്. ഏറ്റവും ശക്തമായി അവരെ നേരിടേണ്ടത് മുഖ്യപ്രതിപക്ഷമെന്ന നിലയ്ക്ക് കോൺഗ്രസാണ്. കോൺഗ്രസിന് അതിന് കഴിയുന്നില്ല എന്നു മാത്രമല്ല, കോൺഗ്രസിൽ നിന്ന് വ്യാപകമായി നേതാക്കന്മാരും എം.എൽ.എമാരും എം.പിമാരുമെല്ലാം ബി.ജെ.പിയിലേക്ക് പോകുകയാണ്. കോൺഗ്രസ് പാർട്ടി ഒന്നിച്ചുതന്നെ ബി.ജെ.പിയിൽ ചേരുന്ന സംഭവങ്ങൾ ത്രിപുര പോലുള്ള സ്ഥലങ്ങളിലുണ്ടായി. ഇതോടെ, ബി.ജെ.പിയെ ചെറുക്കാൻ കോൺഗ്രസിന് കഴിയില്ല എന്ന സ്ഥിതിയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഒരു വിട്ടുവീഴ്ചയുമില്ലാതെ ബി.ജെ.പിയെ ചെറുക്കാൻ കേരളത്തിലെയും ഇന്ത്യയിലെയും ഇടതുപക്ഷം എടുക്കുന്ന രാഷ്ട്രീയ നയം മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന പൗരന്മാരെ ആകർഷിക്കുന്നുണ്ട്.

ബി.ജെ.പിയെക്കുറിച്ച് പൊതുവെയുണ്ടായിരുന്ന ഒരു വ്യാമോഹം, അവർ വൻതോതിൽ വികസനപ്രവർത്തനം നടത്തുന്നവരാണ് എന്നതായിരുന്നു. ഇന്ത്യയെപ്പോലൊരു കാർഷിക രാജ്യത്ത്, 70 ശതമാനം കർഷകരുള്ളിടത്ത്, ഇത് വികസനമല്ല, ചൂഷണമാണ് എന്ന് ജനങ്ങൾക്ക് ബോധ്യമായി.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ, മുമ്പ് കോൺഗ്രസിനെ ആശ്രയിച്ചിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളും ഇത് തിരിച്ചറിയുന്നു. ഇത്തരമൊരു പുതിയ രാഷ്ട്രീയ സാഹചര്യം ഇന്ത്യയിലും കേരളത്തിലും വളർന്നുവരുന്നത് മതന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ചിന്തയിലും മാറ്റമുണ്ടാക്കുന്നുണ്ട്. അവരെ ആകർഷിക്കുന്നത് ഇടതുപക്ഷമാണ്. ഈ തിരിച്ചറിവിലൂടെ കൂടുതൽ ആളുകൾ ഇക്കുറി, പ്രത്യേകിച്ച്, നേരത്തെ ബി.ജെ.പിക്ക് വോട്ടുചെയ്തിരുന്ന ഹിന്ദുവിഭാഗത്തിലുള്ളവരുൾപ്പെടെ, വലിയ വിഭാഗം ബി.ജെ.പിയിൽനിന്ന് അകലുകയും അവർ ഇടതുപക്ഷത്തിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തു എന്ന ഘടകം ഈ തെരഞ്ഞെടുപ്പിൽ തുടർഭരണത്തിന് കാരണമായിട്ടുണ്ട്.

സിന്ധു അതിർത്തിയിൽ കർഷക സമരത്തെ പിന്തുണച്ചു നടന്ന പ്രതിഷേധ പ്രകടനത്തിൽ നിന്ന്‌/ Photo: All India Kisan Sabha

ദേശീയതലത്തിൽ നടക്കുന്ന കർഷക സമരത്തെ ഇതിനോട് ചേർത്തുകാണണം. കാർഷികോൽപ്പന്നങ്ങളുടെ വില തകർക്കുകയും അവ കോർപറേറ്റുകൾക്ക് കൈമാറാൻ ഒത്താശ ചെയ്യുകയും ചെയ്യുന്ന ഒരു നയത്തിനെതിരെയാണ് കർഷക സമരം. കേരളത്തിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത്, ബി.ജെ.പിക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിൽ, ഈ സമരം വലിയ പങ്കുവഹിച്ചു. നിയമസഭ തെരഞ്ഞെടുപ്പുനടക്കുമ്പോഴും കാർഷിക സമരം തുടരുകയാണ്. ബി.ജെ.പിയെക്കുറിച്ച് പൊതുവെയുണ്ടായിരുന്ന ഒരു വ്യാമോഹം, അവർ വൻതോതിൽ വികസനപ്രവർത്തനം നടത്തുന്നവരാണ് എന്നതായിരുന്നു. ഇന്ത്യയെപ്പോലൊരു കാർഷിക രാജ്യത്ത്, 70 ശതമാനം കർഷകരുള്ളിടത്ത്, ഇത് വികസനമല്ല, ചൂഷണമാണ് എന്ന് ജനങ്ങൾക്ക് ബോധ്യമായി. ഇത് ആരുടെ വികസനമാണ് എന്ന ചോദ്യം ഉയർത്തിക്കൊണ്ടുവരാനും, അതിലൂടെ കർഷകരെയും തൊഴിലാളികളെയും ബി.ജെ.പിയെക്കുറിച്ചുള്ള വ്യാമോഹത്തിൽനിന്ന്​ മുക്തരാക്കാനും ഈ സമരം സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബി.ജെ.പിക്കെതിരെ പൊതുവായ ഒരു രാഷ്ട്രീയമുന കൂർപ്പിച്ചെടുക്കാൻ, കൃത്യമായി അടയാളപ്പെടുത്താൻ, അതിനെ കോർണർ ചെയ്യാൻ, കഴിയുന്ന സാഹചര്യമുണ്ടായി.

ഏഴ്​: കൊലപാതക രാഷ്ട്രീയത്തിനെതിരെ

ഏഴാമത്തെ ഘടകം ക്രമസമാധാനമാണ്. മുമ്പ്, ഇടതുപക്ഷ ഭരണത്തിനെതിരെ ഉന്നയിക്കാറുള്ള ആക്ഷേപമാണ് കൊലപാതക രാഷ്ട്രീയം എന്നത്. ഇടതുപക്ഷത്തിന്റെ തുടർഭരണ സാധ്യത ഇല്ലാതാക്കാൻ മാധ്യമങ്ങൾ എല്ലാ കാലത്തും ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു കാര്യം കൂടിയാണിത്. കൊലപാതക രാഷ്ട്രീയം ഏകപക്ഷീയമല്ല കേരളത്തിൽ എന്ന് ഏവർക്കും അറിയാം. കൊല്ലപ്പെടുന്നതിലേറെയും ഇടതുപക്ഷക്കാരാണ് എന്നും കണക്കുകൾ പറയും. എന്നാൽ, കൊലപാതകം നടത്തുന്നത് ഇടതുപക്ഷമാണ് എന്ന പ്രചാരണം വ്യാപകമായി നടത്താനും ഒരു പൊതുസമ്മതി ഈ അഭിപ്രായത്തിനുണ്ടാക്കാനും വൈകാരികവും മറ്റുമായ സാഹചര്യം സൃഷ്ടിച്ച് മാധ്യമ മേൽക്കൈയിൽ കഴിഞ്ഞിട്ടുണ്ട്.

കൊലപാതക രാഷ്ട്രീയത്തിൽ ഏറ്റവും വില കൊടുക്കേണ്ടിവരുന്നതും ഇടതുപക്ഷമാണ്, സി.പി.എമ്മാണ് എന്ന് ബോധ്യപ്പെട്ടുകൊണ്ടുതന്നെ, അത് അവസാനിപ്പിക്കാനുള്ള ശ്രമം നടത്താൻ ശ്രമിക്കേണ്ടതുണ്ട് എന്ന ബോധ്യത്തിലേക്ക് എല്ലാ വിഭാഗത്തെയും കൊണ്ടുവരിക തന്നെയാണ് വേണ്ടത്.

ഈ അഞ്ചുവർഷവും എത്രയോ സഖാക്കൾ കൊല്ലപ്പെട്ടു, എന്നിട്ടും അത് ക്രമസമാധാന പ്രശ്‌നം എന്ന നിലയിലേക്ക് മാറാതിരിക്കാനും കൊലപാതക രാഷ്ട്രീയമായി പരിണമിക്കാതിരിക്കാനും സഹായകമായ കൃത്യമായ നിലപാടെടുക്കാൻ ഇടതുപക്ഷ സർക്കാറിന് കഴിഞ്ഞു. ത്യാഗം സഹിച്ച്, കൊലപാതക രാഷ്ട്രീയത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു പൊതുവികാരം കേരളത്തിലെ എല്ലാ വിഭാഗങ്ങൾക്കുമിടയിൽ ശക്തമായി വികസിപ്പിച്ചെടുക്കാനും ഉറപ്പുവരുത്താനും സർക്കാർ നടപടികളിലൂടെ കഴിഞ്ഞു. സി.പി.എം അടക്കമുള്ള ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ വലിയ പങ്കുവഹിച്ചു. മനുഷ്യന്റെ ജീവൻ പ്രധാനമാണ് എന്ന തരത്തിൽ, മനുഷ്യത്വമില്ലാത്ത രാഷ്ട്രീയ സംസ്‌കാരം അവസാനിപ്പിക്കേണ്ടതാണ് എന്ന സമീപനമെടുക്കാനും കഴിഞ്ഞിട്ടുണ്ട്.
ഇതുപറയുമ്പോൾ ഒരു കാര്യം ഓർക്കണം. കൊലപാതക രാഷ്ട്രീയത്തിൽ ഏറ്റവും വില കൊടുക്കേണ്ടിവരുന്നതും ഇടതുപക്ഷമാണ്, സി.പി.എമ്മാണ് എന്ന് ബോധ്യപ്പെട്ടുകൊണ്ടുതന്നെ, അത് അവസാനിപ്പിക്കാനുള്ള ശ്രമം നടത്താൻ ശ്രമിക്കേണ്ടതുണ്ട് എന്ന ബോധ്യത്തിലേക്ക് എല്ലാ വിഭാഗത്തെയും കൊണ്ടുവരിക തന്നെയാണ് വേണ്ടത്.

എട്ട്​: തലമുറ മാറ്റം സംഭവിച്ചു

എട്ടാമത്തെ ഘടകം, സംഘടനാപ്രവർത്തനത്തിലുണ്ടായ മുന്നേറ്റമാണ്. സർക്കാറിനെ സൃഷ്ടിക്കുന്നത് ജനങ്ങളാണ്. അവർക്കിടയിൽ പ്രവർത്തിക്കുന്ന ബഹുജന- പാർട്ടി- മുന്നണി സംഘടനകളെ കഴിഞ്ഞ അഞ്ചുവർഷവും ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിലേക്ക് ഊന്നൽ നൽകാൻ കഴിഞ്ഞു. താഴെത്തട്ടിൽ ജനങ്ങളുമായി ബന്ധം നിലനിർത്താനും ഒരു വിഷയം ഉയർന്നുവരുമ്പോൾ അപ്പോൾ തന്നെ ഇടപെട്ട് പരിഹാരമുണ്ടാക്കാൻ കഴിയുന്ന, ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ കഴിയുന്ന സംഘടനാ സംവിധാനം ഉണ്ടാക്കിയെടുക്കാനും അതിനെ ചലിപ്പിക്കാനും കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. ആ സംഘടനാ സംവിധാനം നന്നായി ചലിച്ചിടത്തെല്ലാം വലിയ മുന്നേറ്റം രാഷ്ട്രീയമായി ഉണ്ടാക്കിയെടുക്കാനുമായി.

ഭരണത്തിലുള്ളതുപോലെ തന്നെ പാർട്ടി പ്രവർത്തനത്തിനും സംഘടനാ പ്രവർത്തനത്തിനും വലിയ പ്രാധാന്യം നൽകാനും അതിൽ നേതൃപരമായ ഇടപെടൽ നടത്തി പുതിയ നേതൃത്വത്തെ വളർത്തിയെടുക്കാനും, പ്രത്യേകിച്ച് ചെറുപ്പക്കാരെയും, സ്ത്രീകളെയും ഭരണപരവും സംഘടനാപരവുമായ നേതൃപദവികളിലേക്ക് കൈപിടിച്ചുയർത്താനും കഴിഞ്ഞു.

ഭരണവിരുദ്ധ വികാരം ബാധിക്കാത്ത തരത്തിൽ, നേരത്തെയുണ്ടായിരുന്നതിനേക്കാൾ കൂടുതൽ എം.എൽ.എമാരെ ഓരോ ജില്ലയിലും ജയിപ്പിച്ചെടുക്കാൻ കഴിയുംവിധം അതാതിടങ്ങളിൽ പാർട്ടി- ബഹുജന- മുന്നണി സംഘടനകൾ പ്രവർത്തിച്ചു. ഭരണത്തിലുള്ളതുപോലെ തന്നെ പാർട്ടി പ്രവർത്തനത്തിനും സംഘടനാ പ്രവർത്തനത്തിനും വലിയ പ്രാധാന്യം നൽകാനും അതിൽ നേതൃപരമായ ഇടപെടൽ നടത്തി പുതിയ നേതൃത്വത്തെ വളർത്തിയെടുക്കാനും, പ്രത്യേകിച്ച് ചെറുപ്പക്കാരെയും, സ്ത്രീകളെയും ഭരണപരവും സംഘടനാപരവുമായ നേതൃപദവികളിലേക്ക് കൈപിടിച്ചുയർത്താനും കഴിഞ്ഞു. തലമുറ മാറ്റം തന്നെ കൊണ്ടുവരാൻ കഴിഞ്ഞുവെന്നത് ഈ തെരഞ്ഞെടുപ്പുവിജയത്തിലെ പ്രധാന ഘടകമാണ്.

വിമർശനങ്ങൾ: വെൽഫെയറിസം സൗജന്യമല്ല

തെരഞ്ഞെടുപ്പുകാലത്ത് ചർച്ചയായ വിഷയമാണ് വെൽഫെയർ പൊളിറ്റിക്‌സ്. സർക്കാറിന്റെ സാമൂഹിക ക്ഷേമ പദ്ധതികൾ നവ- ഉദാരവാദത്തിന്റെയും ജീവകാരുണ്യത്തിന്റെയും സങ്കേതങ്ങളെന്ന നിലയിൽ വിമർശിക്കപ്പെടുന്നത്, ലോക മുതലാളിത്ത പ്രതിസന്ധിയുടെ യഥാർഥ പ്രശ്‌നം തിരിച്ചറിയാത്തതുകൊണ്ടാണ്. അതായത്, നമ്മുടെയെല്ലാം ജീവിതത്തെ ബാധിക്കുന്ന തരത്തിൽ ലോക മുതലാളിത്തത്തിന്റെ തകർച്ച പ്രകടമായിരിക്കുന്നു. സാമ്പത്തിക സുരക്ഷയുണ്ട് എന്നു കരുതിയിരുന്ന വിഭാഗങ്ങൾക്കുപോലും അത് നഷ്ടപ്പെടുന്ന വിധത്തിലുള്ള പ്രതിസന്ധി. നിഷേധ വളർച്ചയിലേക്ക് ലോകമെത്തി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഇത് രൂക്ഷമായി ബാധിക്കുന്നത് അടിസ്ഥാനവർഗങ്ങളായ തൊഴിലാളികളെയും കർഷകരെയുമാണ്. അവർക്ക് മിനിമം കൂലിയും മിനിമം വിലയും നിഷേധിക്കപ്പെടുന്നു. വരുമാനമില്ലാതാകുന്ന കർഷകരും കൂലിയില്ലാതാകുന്ന തൊഴിലാളികളും അടങ്ങുന്ന വലിയൊരു ജനസഞ്ചയം നാട്ടിൽ ശക്തിപ്പെടുകയാണ്. ഈ സന്ദർഭത്തിൽ അവരുടെ പർച്ചേസിംഗ് കപ്പാസിറ്റി കുറയും. കർഷകർക്കും തൊഴിലാളികൾക്കും പൊതുജനസാമാന്യത്തിനും വിപണിയിൽനിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയാതെ വരുമ്പോൾ, ഉൽപ്പന്നങ്ങൾ കെട്ടിക്കിടക്കും. അത് സ്വഭാവികമായും മുതലാളിത്ത പ്രതിസന്ധി രൂക്ഷമാക്കും. ഇതാണ് ചാക്രിക പ്രതിസന്ധിയായി വരുന്നത്. ഇത് വ്യവസ്ഥാ പ്രതിസന്ധിയായി മാറിയിട്ടുണ്ട്.

മുതലാളിത്തത്തിന്റെ സാമ്പത്തിക പ്രതിസന്ധി ക്രയശേഷി തകർക്കുമ്പോൾ, അവർക്ക് വലിയൊരാശ്വാസം കൊടുക്കുകയാണ്. അതിനൊപ്പം, മുതലാളിത്ത വിപണിയെ തിരിച്ചുപിടിക്കാൻ ഒരിടപെടൽ നടത്തുന്നുവെന്നതുമാണ് വെൽഫെയർ പൊളിറ്റിക്‌സിന്റെ അടിസ്ഥാനം

ചാക്രിക പ്രതിസന്ധിയിൽനിന്ന് വ്യവസ്ഥാ പ്രതിസന്ധിയിലേക്ക് വരുന്നതിൽ ഏറ്റവും പ്രധാന ഘടകം, പർച്ചേസിങ് കപ്പാസിറ്റി ഇല്ലാതാകുന്നതാണ്. ഈയൊരു സാഹചര്യത്തിലാണ് സാധാരണക്കാർക്ക് ജീവിക്കാനവശ്യമായ മിനിമം വരുമാനമുണ്ടാക്കിക്കൊടുക്കാൻ കഴിയുന്ന പെൻഷൻ സംവിധാനത്തിന്റെ പ്രസക്തി. ഇപ്പോൾ നൽകുന്ന 1600 രൂപ 2500 രൂപയാക്കുമെന്ന് എൽ.ഡി.എഫ് പ്രകടനപത്രികയിൽ ഉറപ്പുനൽകിയിട്ടുണ്ട്. ഈ തുക ബാങ്ക് നിക്ഷേപമായി മാറില്ല, ഒരു മനുഷ്യന് ജീവിക്കാൻ വേണ്ട മിനിമം തുകയിലേക്ക് പെൻഷൻ എത്തിക്കാൻ കഴിഞ്ഞാൽ അത് മാർക്കറ്റിലാണ് ചെലവഴിക്കപ്പെടുക. അത് സ്വഭാവികമായും വിപണി വളർച്ചയെ സഹായിക്കും. മുതലാളിത്തത്തിന്റെ സാമ്പത്തിക പ്രതിസന്ധി ക്രയശേഷി തകർക്കുമ്പോൾ, അവർക്ക് വലിയൊരാശ്വാസം കൊടുക്കുകയാണ്. അതിനൊപ്പം, മുതലാളിത്ത വിപണിയെ തിരിച്ചുപിടിക്കാൻ ഒരിടപെടൽ നടത്തുന്നുവെന്നതുമാണ് വെൽഫെയർ പൊളിറ്റിക്‌സിന്റെ അടിസ്ഥാനം. ഇത് വളരെ പ്രധാനമാണ്.

അടിസ്ഥാനവർഗങ്ങൾക്ക് വീടുവെക്കുന്നതിനും മറ്റും പണം ചെലവാക്കുന്നതും, സമ്പത്തിന്റെ പുനർവിതരണവുമായി ബന്ധപ്പെട്ട് ചെയ്യുന്നതാണ്. അതിലൂടെയാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരാനാകുക. / Photo: lifemissionmis.kerala

പണം സാധാരണക്കാരന്റെ കൈകളിലേക്ക് എത്തിച്ചുകൊടുക്കാൻ കഴിയുക എന്നത്, മുതലാളിത്ത പ്രതിസന്ധി മറികടക്കാൻ സ്വീകരിക്കാവുന്ന ഒരു മാർഗമാണ്. കൂടുതൽ പേരിലേക്ക് പണം എത്തിച്ചുകൊടുക്കുകയാണ് വേണ്ടത്. അതുകൊണ്ട് വെൽഫെയറിസത്തെ സൗജന്യമായോ അതിനുള്ള ഉപകാരസ്മരണയായോ അല്ല കാണേണ്ടത്. മറിച്ച്, ക്രയശേഷി നഷ്ടപ്പെടുന്ന വിഭാഗങ്ങൾക്ക് ക്രയശേഷി തിരിച്ചുകൊടുക്കാൻ കഴിയുന്ന തരത്തിൽ വിഭവങ്ങളുടെ പുനർവിതരണമാണ് ഇതിലൂടെ നടക്കുന്നത്. മുതലാളിത്തത്തിന്റെ മഹാമാന്ദ്യത്തിൽനിന്ന് വെൽഫെയർ സിസ്റ്റത്തിലൂടെയാണ് തിരിച്ചുവന്നത് എന്നോർക്കണം. അതിനുനേരെ വിപരീതമായ, അങ്ങേയറ്റം അപകടകരമായ, മുതലാളിത്തത്തിന്റെ നിലനിൽപിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒരു വ്യവസ്ഥാ പ്രതിസന്ധിയിലാണ് നാം നിൽക്കുന്നത് എന്നത് ഇതുമായി ബന്ധപ്പെട്ട് കാണേണ്ടതുണ്ട്.

എന്താണ്​ ബംഗാളിലെ തകർച്ചയുടെ യഥാർഥ പാഠം. ബംഗാളിലെ ഇടതുപക്ഷം, പാർട്ടി പരിപാടി മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ് പ്രശ്‌നം. 1964ലെ സി.പി.എം പരിപാടി എന്നു പറഞ്ഞാൽ, ജനകീയ ജനാധിപത്യ വിപ്ലവമാണ്. ഇത് കാർഷിക വിപ്ലവമാണ്

അടിസ്ഥാനവർഗങ്ങൾക്ക് വീടുവെക്കുന്നതിനും മറ്റും പണം ചെലവാക്കുന്നതും, സമ്പത്തിന്റെ പുനർവിതരണവുമായി ബന്ധപ്പെട്ട് ചെയ്യുന്നതാണ്. അതിലൂടെയാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരാനാകുക. പ്രത്യേകിച്ച്, വിദ്യാഭ്യാസ- ആരോഗ്യ മേഖലയിലെ നടപടികൾ നോക്കൂ. ചെലവില്ലാതെ, അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ ചെലവിൽ, ഏറ്റവും മികച്ച സേവനം സാധാരണക്കാർക്ക് എത്തിച്ചുകൊടുത്ത് പണക്കാർക്കുപോലും ലഭിക്കാത്ത പിന്തുണയാണ് സർക്കാർ ഏർപ്പെടുത്തിയത്. അത്രയും ഉയർന്ന സംവിധാനങ്ങൾ ആരോഗ്യ- വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞത് ഒരു മാതൃക തന്നെയാണ്. അത് ലോകത്തിനുതന്നെ മാതൃകയായി നാളെ ഉയർത്തിക്കാട്ടപ്പെടാൻ പോകുകയാണ്.

ബംഗാളിൽ സംഭവിച്ച പിഴവ്

തുടർഭരണം ഇടതുപക്ഷത്ത് താൻപോരിമയും അമിതാധികാരപ്രവണതയും കൊണ്ടുവരും, അത് സംഘടനയെ ദുർബലമാക്കും, അതുകൊണ്ട് തുടർച്ചയായി ഭരണപക്ഷത്തിരിക്കാൻ പാടില്ല എന്നൊരു വിമർശനം ഇടതുപക്ഷ സഹായാത്രികരെന്ന് അവകാശപ്പെടുന്നവർ നടത്തുന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്വത്തെയാണ് സൂചിപ്പിക്കുന്നത്. ബംഗാളിനെയാണ് അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

ബംഗാൾ താകി റോഡിലെ ദേഗംഗയിലുള്ള സി.പി.എം ഓഫീസ് (2015 ലെ ചിത്രം)

ബംഗാളിന്റെ തകർച്ചയിൽനിന്ന് തെറ്റായ പാഠം പഠിക്കരുത്. ബംഗാളിലെ തകർച്ചക്കുകാരണം, അഴിമതിയുടെയോ അമിതാധികാരത്തിന്റെയോ സ്വജനപക്ഷപാതത്തിന്റെയോ പ്രശ്‌നങ്ങളാണ് എന്നാണോ പ്രാഥമികമായി വിലയിരുത്തേണ്ടത്? ഇത്തരം പ്രവണതകൾ അവിടെ എത്രത്തോളം ഉണ്ട് എന്ന് പരിശോധിച്ച് അതിന്റെ ഗൗരവത്തിൽ വിമർശിക്കാം.
എന്നാൽ, ഇതൊന്നുമല്ല ബംഗാളിലെ തകർച്ചയുടെ യഥാർഥ പാഠം. ബംഗാളിലെ ഇടതുപക്ഷം, പാർട്ടി പരിപാടി മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ് പ്രശ്‌നം. എന്താണ് സി.പി.എമ്മിന്റെ പരിപാടി? 1964ലെ സി.പി.എം പരിപാടി എന്നു പറഞ്ഞാൽ, ജനകീയ ജനാധിപത്യ വിപ്ലവമാണ്. അതാണ് തന്ത്രം. ഇത് കാർഷിക വിപ്ലവമാണ്. അതായത്, സ്വാതന്ത്ര്യത്തിനുശേഷം അധികാരത്തിൽ വന്ന വൻകിട ബൂർഷ്വാ- മുതലാളിത്ത വർഗം ഭൂപ്രഭുക്കളുമായി സന്ധി ചെയ്തു. അവർ ലോക ധനമൂലധനവുമായി നിരന്തരം സഹകരിച്ചുകൊണ്ട് കാർഷിക വിപ്ലവം നടപ്പിലാക്കാൻ തയാറായില്ല എന്നതാണ് ഇന്ത്യയിലെ മുതലാളിത്തം നേരിടുന്ന പ്രതിസന്ധി. കാർഷിക വിപ്ലവം പൂർത്തീകരിക്കണം. ഇത് മുതലാളിത്തം ചെയ്യേണ്ട കടമയാണ്. ഇത് അവർ ചെയ്യാതിരിക്കുമ്പോൾ തൊഴിലാളിവർഗം മുന്നോട്ടുവന്ന് അത് ഏറ്റെടുത്ത് നിർവഹിക്കണം. അതാണ്, ഇ.എം.എസിന്റെ നേതൃത്വത്തിൽ ഭൂപരിഷ്‌കരണം നടപ്പാക്കി കേരളത്തിൽ മുൻകൈയെടുത്തത്. പിന്നീട്, ബംഗാളിലും ത്രിപുരയിലുമെല്ലാം തുടർന്നത്.

ഹർകിഷൻ സിങ് സുർജിത്തും ജോതി ബസുവും / Photo: Soman, Wikimedia Commons

എന്നാൽ, ഭൂപരിഷ്‌കരണം മാത്രമല്ല, കാർഷിക വിപ്ലവം. ഭൂപരിഷ്‌കരണത്തിനുശേഷം ഭൂമി കിട്ടുന്ന കൃഷിക്കാരൻ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കുമേൽ വൻകിട മുതലാളിത്തം ചൂഷണം നടത്തും. കുത്തക കമ്പനികൾ ആ ഉൽപ്പന്നങ്ങൾ ചുരുങ്ങിയ വിലയ്ക്ക് വാങ്ങിയെടുത്ത് വലിയ വിലയ്ക്ക് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റി ലാഭമുണ്ടാക്കും. അത് തടയാൻ കഴിയണമെങ്കിൽ കാർഷിക വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകണം. അതിന് ആഭ്യന്തര വിപണി വികസിപ്പിക്കണം. ഈ കടമ നിർവഹിക്കാൻ ബംഗാളിൽ 35 വർഷം ഭരിച്ച ഇടതുപക്ഷ സർക്കാറിന് കഴിയാതെ പോയി. പാർട്ടി പരിപാടി ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

കേരളത്തിലുമുണ്ട്​ അപകടം

ഇതേ അപകടം കേരളത്തിലുമുണ്ട്. ഇതിനുകാരണം ഇവിടെ തുടർഭരണം ഇല്ലാത്തതാണ്. കേരളത്തിലെ കാർഷിക പ്രശ്‌നങ്ങളെ ഭൂപരിഷ്‌കരണത്തിനപ്പുറത്തേക്ക് വികസിപ്പിക്കണം. വിളയടിസ്ഥാനത്തിലുള്ള കാർഷിക വ്യവസായങ്ങൾ, അതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വിപണിയുടെ വികസനം, തൊഴിലവസരങ്ങളുടെ വളർച്ച... ഇതായിരിക്കണം കേരളം ഏറ്റെടുക്കേണ്ട കാർഷിക പരിഷ്‌കരണം. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിലുള്ള രാഷ്ട്രീയ മേൽക്കൈ ഉപയോഗപ്പെടുത്തി ഈ കാർഷിക പരിഷ്‌കരണം ഏറ്റെടുക്കാനുള്ള ശേഷി ഇടതുപക്ഷത്തിന് ഇല്ലാതെ പോയത് തുടർഭരണം ഇല്ലാത്തതുകൊണ്ടാണ്. ബംഗാളിൽ തുടർഭരണമുണ്ടായിരുന്നുവെങ്കിലും അത് ഏറ്റെടുക്കാൻ കഴിയാതെപോയി.

അഴിമതിയുണ്ടാകും, സ്വജനപക്ഷപാതമുണ്ടാകും അതുകൊണ്ട് നിങ്ങൾ ഭരിക്കേണ്ട, നിങ്ങൾ പ്രതിപക്ഷത്തിരുന്നാൽ മതി എന്നുപറയുന്നത് എത്ര വികലമായ, ഉപരിപ്ലവമായ വീക്ഷണമാണ്. ഈ വാദം സണ്ണി കപിക്കാടും കെ. വേണുവും ആവർത്തിക്കുമ്പോൾ, അവർക്ക് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വീക്ഷണം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നുവേണം പറയാൻ.

കാർഷിക പ്രശ്‌നത്തെ, പാർട്ടി പരിപാടിയെ കേരളത്തിന്റെയും ബംഗാളിന്റെയും സവിശേഷ സാഹചര്യത്തിൽ ഇന്ത്യയിലെ ബൂർഷ്വാ- ഭൂപ്രഭു രാഷ്ട്രീയ സാമൂഹിക ഘടനയുടെ പരിമിതികൾക്കകത്തുനിന്നുകൊണ്ട് എങ്ങനെ നടപ്പിലാക്കാൻ കഴിയും? ഇതേ ബൂർഷ്വാ- ഭൂപ്രഭു സാമൂഹിക ഘടനയുടെ പരിമിതികൾക്കകത്തുനിന്നുകൊണ്ടാണല്ലോ കേരളത്തിൽ ഭൂപരിഷ്‌കരണം നടപ്പാക്കി ജന്മിത്വത്തെ ഇല്ലാതാക്കുകയും 32 ലക്ഷത്തോളം കുടുംബങ്ങൾക്ക് കൃഷിഭൂമിയുടെ ഉടമസ്ഥത ലഭ്യമാക്കുകയും ചെയ്തത്. തൊഴിലാളികൾക്കും കർഷകർക്കും അനുകൂലമായ നിരവധി കാര്യങ്ങൾ ചെയ്യാനുള്ള സാധ്യത ഉപയോഗപ്പെടുത്താൻ കഴിയും. അത് നമ്മൾ തെളിയിച്ചിട്ടുണ്ട്. അത് ബംഗാളിൽ ഏറ്റെടുത്ത് നടത്താൻ കഴിഞ്ഞില്ല. അത് നടത്തിയിരുന്നുവെങ്കിൽ ബംഗാളിലെയും ത്രിപുരയിലെയും സർക്കാറുകൾ തുടരുമായിരുന്നു.

സണ്ണി എം. കപിക്കാട്, കെ. വേണു

ഒരു പരിധിവരെ ഈ കാര്യങ്ങൾ ഏറ്റെടുക്കാൻ കേരളത്തിലെ കഴിഞ്ഞ രണ്ട് ഇടതുമുന്നണി സർക്കാറുകളുടെ കാലത്ത് സാധിച്ചു. പ്രത്യേകിച്ച്, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ കാർഷിക പ്രശ്‌നത്തെ നേരിടാൻ നിരവധി നടപടികളെടുത്തു. സുഭിക്ഷ കേരളം പദ്ധതി, വയനാട് കോഫി പദ്ധതി, കേരള ചിക്കൻ പദ്ധതി, വിപണി ഇടപെടൽ പദ്ധതി തുടങ്ങിയവ ഉദാഹരണം. കേന്ദ്ര സർക്കാർ കൊടുക്കുന്നതിലും കൂടിയ വിലയ്ക്ക്, ആയിരം രൂപ കൂടുതൽ കൊടുത്ത് നെല്ല് സംഭരിക്കാൻ സഹകരണ മേഖലയെ ഉപയോഗപ്പെടുത്തി. ഇതെല്ലാം കാർഷിക പ്രശ്‌നത്തെ അഭിമുഖീകരിക്കാൻ അഞ്ചുവർഷത്തെ പരിധിക്കുള്ളിൽ നിന്ന് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളാണ്. ഇതിലൂടെയാണ് കർഷകരുടെ വിശ്വാസമാർജിക്കാനും അവരുടെ പിന്തുണ ഉറപ്പാക്കാനും സാധിച്ചത്.

വീണ്ടും വിജയിച്ച സാഹചര്യത്തിൽ ബംഗാളിൽ നിന്ന് പാഠം പഠിക്കേണ്ടത് ഇങ്ങനെയാണ്. അല്ലാതെ അഴിമതിയുണ്ടാകും, സ്വജനപക്ഷപാതമുണ്ടാകും അതുകൊണ്ട് നിങ്ങൾ ഭരിക്കേണ്ട, നിങ്ങൾ പ്രതിപക്ഷത്തിരുന്നാൽ മതി എന്നുപറയുന്നത് എത്ര വികലമായ, ഉപരിപ്ലവമായ വീക്ഷണമാണ്. ഈ വാദം സണ്ണി കപിക്കാടും കെ. വേണുവും ആവർത്തിക്കുമ്പോൾ, അവർക്ക് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വീക്ഷണം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നുവേണം പറയാൻ. കാർഷിക പ്രശ്‌നമുന്നയിച്ച് ഇന്ത്യയിലാകെ വലിയൊരു സമരം നടന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, കേരളത്തിലെ ഇടതുപക്ഷ തുടർഭരണത്തിന് ഏറെ പ്രാധാന്യമുണ്ട്. കാർഷിക പ്രശ്‌നത്തെ ഇന്ത്യയിലെ മറ്റൊരു ബൂർഷ്വ- ഭൂപ്രഭു സർക്കാറുകൾക്കും നേരിടാൻ കഴിയില്ല. അതിന് കഴിയുന്ന ഏക സർക്കാർ ഇടതുപക്ഷ സർക്കാറാണ്. അതാണ്, ഈ സർക്കാറിന്റെ ദേശീയപ്രാധാന്യം.

വെല്ലുവിളികൾ: ഇടതുപക്ഷം എന്ന ഭരണപക്ഷം

അതേസമയം, ഭരണപക്ഷമായിരിക്കുക എന്നത് എല്ലാ നിലയ്ക്കും വലിയ വെല്ലുവിളിയാണ് ഇടതുപക്ഷത്തിന് നൽകുക. അത് ഒരു അവസരമായി കാണുന്ന വൈരുധ്യാത്മക സമീപനമുണ്ടാകുക എന്നതാണ് ഏറ്റവും പ്രധാനം, അതുതന്നെയാണ് വലിയ വെല്ലുവിളിയും. ഏതൊരു വിഷയത്തെയും വൈരുധ്യാത്കമായി കണ്ട് പരിഹാരം കണ്ടെത്താനും ഒരു അപകടത്തെ, ഒരു പ്രതിസന്ധിയെ അവസരമാക്കി മാറ്റി അതിനെ മറികടക്കാനും കഴിയുന്ന ശരിയായ വൈരുദ്ധ്യാത്മക വീക്ഷണം പാർട്ടിയുടെയും സർക്കാറിന്റെയും ഉയർന്ന തലത്തിലുള്ള മുഴുവൻ സഖാക്കളെയും വേണ്ടരീതിയിൽ പരിശീലിപ്പിക്കുക എന്നതുതന്നെയാണ് ഏറ്റവും പ്രധാന വെല്ലുവിളി.

ഇൻഫ്രാസ്ട്രക്ചറുണ്ടാക്കിയാൽ വിദേശമൂലധനം വന്നുകൊള്ളും എന്ന മട്ടിൽ, നവ ഉദാരവൽക്കരണ നയത്തിന് അനുസൃതമായ വികസന കാഴ്ചപ്പാട് കേരളത്തിൽ വിജയിക്കില്ല. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും എല്ലാം ഉണ്ടാക്കിയെടുക്കണം. പക്ഷെ, നമ്മുടെ മുൻഗണന ഉൽപാദനമേഖലക്കായിരിക്കണം.

സാമ്പത്തിക പ്രശ്‌നമാണ് ഇതുമായി ബന്ധപ്പെട്ട ഒരു വിഷയം. വീണ്ടും കേരളത്തിന്റെ ഭരണത്തിലേക്ക് ഇടതുപക്ഷം വരുമ്പോൾ, ലോക മുതലാളിത്തം നേരിടുന്ന പ്രതിസന്ധി മുന്നിലുണ്ട്. കേരളത്തിന്റെ സമ്പദ്ഘടനയിൽ അടിസ്ഥാന വർഗം നേരിടുന്ന തൊഴിലില്ലായ്മയുടെ രൂക്ഷമായ പ്രശ്‌നമുണ്ട്. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുണ്ട്. തൊഴിലില്ലായ്മ കാർഷിക പ്രശ്‌നങ്ങളുടെ പരിഹാരവുമായി ബന്ധപ്പെട്ട് നിൽക്കുന്നതാണ്. അതുപോലെ, കേരളത്തിന്റെ വ്യവസായവൽക്കരണത്തിന്റെ പ്രശ്‌നങ്ങൾ. ഈ കാര്യങ്ങൾ കാർഷിക പ്രശ്‌നമെന്ന രീതിയിൽ കണ്ട് നേരിടാൻ കഴിയണം. അതിനായി കേരളത്തിന്റെ കാർഷിക പ്രശ്‌നത്തെ സവിശേഷമായി അടയാളപ്പെടുത്തി എന്താണ് സ്വീകരിക്കേണ്ട ബദൽ എന്നതുസംബന്ധിച്ച് വ്യക്തതയുണ്ടാക്കണം. അങ്ങനെ ഭൂപരിഷ്‌കാരാനന്തര കാർഷിക പരിഷ്‌കാരം ഏറ്റെടുക്കുകയാണ് വേണ്ടത്. അതിനുപുറകിൽ കർഷക ജനവിഭാഗങ്ങളെയും കർഷക തൊഴിലാളികളെയും അണിനിരത്തുക എന്നതാണ് സർക്കാറിന്റെ മുഖ്യ കടമ.

കമ്യൂണിസ്റ്റ് പാർട്ടി വർഗസമരത്തിൽ വിശ്വസിക്കുന്നു. തൊഴിലാളി വർഗ നേതൃത്വത്തിലുള്ള പാർട്ടിയെന്ന നിലയ്ക്ക് ഉൽപാദനമേഖലയിലാണ് നമ്മൾ കേന്ദ്രീകരിക്കേണ്ടത്. എന്നാൽ, ഇൻഫ്രാസ്ട്രക്ചറുണ്ടാക്കിയാൽ വിദേശമൂലധനം വന്നുകൊള്ളും എന്ന മട്ടിൽ, നവ ഉദാരവൽക്കരണ നയത്തിന് അനുസൃതമായ വികസന കാഴ്ചപ്പാടാണ് രാജ്യത്താകെ വലതുപക്ഷ രാഷ്ട്രീയപാർട്ടികൾ മുന്നോട്ടുവെക്കുന്നത്. കേരളത്തിൽ ഈ കാഴ്ചപ്പാട് മുന്നോട്ടുവെച്ചാൽ വിജയിക്കാൻ കഴിയില്ല. ഇൻഫ്രാസ്ട്രക്ചറിന് പ്രാധാന്യമുണ്ട്, അതിന് ഇപ്പോൾ കാണിച്ചതുപോലുള്ള ഭാവനാപൂർണമായ, ധീരമായ ഇടപെടലുകൾ നടത്തി, റോഡുകളും പാലങ്ങളും കെട്ടിടങ്ങളും എല്ലാം ഉണ്ടാക്കിയെടുക്കണം, അതിലൊന്നും അഭിപ്രായവ്യത്യാസങ്ങളുണ്ടാകേണ്ടതില്ല. പക്ഷെ, നമ്മുടെ മുൻഗണന ഉൽപാദനമേഖലക്കായിരിക്കണം. അതിൽ പ്രാഥമികമായി വേണ്ടത് കാർഷിക പ്രശ്‌നത്തിന്റെ പരിഹാരമാണ്.

കേരളത്തിന്റെ കാർഷിക പ്രശ്‌നത്തെ സവിശേഷമായി അടയാളപ്പെടുത്തി എന്താണ് സ്വീകരിക്കേണ്ട ബദൽ എന്നതുസംബന്ധിച്ച് വ്യക്തതയുണ്ടാക്കണം. / Photo: pxhere

മറ്റൊന്ന്, കേരളത്തിന് അനുയോജ്യമായ വ്യവസായവൽക്കരണമാണ്. പരിസ്ഥിതി പ്രശ്‌നങ്ങളുള്ളതുകൊണ്ട് കേരളത്തിൽ വലിയ രൂപത്തിലുള്ള കെമിക്കൽ വ്യവസായങ്ങളോ മറ്റോ സാധിക്കില്ല. കേരളത്തിലെ വിഭവങ്ങൾ എന്താണ്? അത് 82 ശതമാനം വരുന്ന നാണ്യവിളകളാണ്. കേരളത്തിന്റെ വിഭവം നമ്മുടെ പരിസ്ഥിതി തന്നെയാണ്, മാനവശേഷിയാണ്. ഇവയെ കേന്ദ്രീകരിച്ചുള്ള വ്യവസായവൽക്കരണ സാധ്യതകളാണ് ഏറ്റെടുക്കേണ്ടത്.

ശബരിമല വിശ്വാസികളടെ വിഷയമാണ്​

പ്രധാന പരിഗണനയർഹിക്കുന്ന മറ്റൊരു വിഷയമുണ്ട്​. കേരളം വലിയ ജനാധിപത്യ- രാഷ്ട്രീയ ബോധമുള്ള സമൂഹമാണ്. അത്തരമൊരു സമൂഹത്തിൽ ഏറ്റവും ഉന്നതമായ ജനാധിപത്യ സങ്കൽപ്പങ്ങളെ ബഹുമാനിക്കാനും സംരക്ഷിക്കാനും കഴിയണം, അതിന് വ്യക്തികളുടെ സ്വാതന്ത്ര്യം അംഗീകരിക്കാൻ കഴിയണം. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. അതിൽ വിശ്വാസികൾ ഉൾപ്പെടെയുള്ളവരുടെ സ്വാതന്ത്ര്യം പ്രധാനമാണ്. വിശ്വാസികളുടെ സ്വാതന്ത്ര്യം ഒരുതരത്തിലും വെല്ലുവിളിക്കപ്പെടുന്നില്ല എന്നുറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നിർവഹിക്കപ്പെടേണ്ടതുണ്ട്. അത് നിർവഹിക്കുമ്പോൾ തന്നെ, അനാചാരങ്ങളെയും അയുക്തികരമായ നിലപാടുകളെയും സംരക്ഷിക്കുന്നതായി തെറ്റിദ്ധരിക്കപ്പെടാനും പാടില്ല. അതിന് കഴിയുംവിധം ബൗദ്ധിക ഇടപെടലുണ്ടാകണം. വ്യക്തി വികസനം, വിശ്വാസത്തോടുള്ള ശാസ്ത്രീയ സമീപനം എന്ന രൂപത്തിൽ നമുക്ക് അതിനെ സമീപിക്കാൻ കഴിയണം, അവധാനതയോടെ.

ശബരിമല അടക്കമുള്ള വിഷയങ്ങൾ ഹിന്ദു മതവിഭാഗത്തിനകത്ത്, ഹിന്ദു വിശ്വാസികൾ തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. രാഷ്ട്രീയമായോ സ്ഥാപനം എന്ന നിലയ്‌ക്കോ മാത്രം കൈകാര്യം ചെയ്യേണ്ടതല്ല

ശബരിമല അടക്കമുള്ള വിഷയങ്ങൾ ഹിന്ദു മതവിഭാഗത്തിനകത്ത്, ഹിന്ദു വിശ്വാസികൾ തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. രാഷ്ട്രീയമായോ സ്ഥാപനം എന്ന നിലയ്‌ക്കോ മാത്രം കൈകാര്യം ചെയ്യേണ്ടതല്ല. ഭരണഘടനാ സ്ഥാപനങ്ങൾ മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമല്ല അത്. മറിച്ച്, ഹിന്ദുമത വിശ്വാസികൾക്കകത്ത് നടക്കേണ്ട ചടുലമായ, വിപുലമായ ചർച്ചകളിലൂടെയാണ് ശബരിമലയിലെ സ്ത്രീപ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ ശരിയായ നിലപാട് എടുക്കേണ്ടത്. അത്തരത്തിൽ നിലപാട് എടുക്കേണ്ടതിനുപകരം അതിനെ കക്ഷിരാഷ്ട്രീയപ്രശ്‌നമാക്കി, വോട്ടുബാങ്കു രാഷ്ട്രീയമായി ചുരുക്കിക്കളയുന്നതിനെ തുറന്നുകാണിക്കുന്ന ചർച്ച നടത്തുക തന്നെയാണ് വേണ്ടത്. അതിൽ അവർ തന്നെ തീരുമാനമെടുക്കട്ടെ, അതിന് അവർക്ക് ശേഷിയുമുണ്ട്. ആ ശേഷിയിലേക്ക് അവരെ എത്തിച്ചുകൊടുക്കുകയാണ് പുരോഗമന പ്രസ്ഥാനങ്ങൾ ചെയ്യേണ്ടത്.

സ്​ത്രീ പ്രശ്​നം

കേരളത്തെ സംബന്ധിച്ച് മറ്റൊരു പ്രധാന പ്രശ്‌നമാണ് സ്ത്രീകളുമായി ബന്ധപ്പെട്ടത്. ഇത്ര ഭീകരമായ വിധത്തിൽ പുരുഷ മേധാവിത്തവും സ്ത്രീ​വിരുദ്ധതയും ഗാർഹിക അക്രമങ്ങളും ലൈംഗിക അരാജകത്വവും നിലനിൽക്കുന്ന ഒരു സമൂഹം ഇല്ല എന്നത് സ്വയം നമ്മൾ മനസ്സിലാക്കണം. അത് സ്വയം തിരിച്ചറിഞ്ഞ് തുറന്നുപറയാൻ കഴിയുക എന്നത് ഉയർന്ന സംസ്‌കാരമുള്ളവർക്ക് കഴിയുന്ന കാര്യമാണ്.

ഹിന്ദുമത വിശ്വാസികൾക്കകത്ത് നടക്കേണ്ട ചടുലമായ, വിപുലമായ ചർച്ചകളിലൂടെയാണ് ശബരിമലയിലെ സ്ത്രീപ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ ശരിയായ നിലപാട് എടുക്കേണ്ടത്. അത്തരത്തിൽ നിലപാട് എടുക്കേണ്ടതിനുപകരം അതിനെ കക്ഷിരാഷ്ട്രീയപ്രശ്‌നമാക്കി, വോട്ടുബാങ്കു രാഷ്ട്രീയമായി ചുരുക്കിക്കളയുന്നതിനെ തുറന്നുകാണിക്കുന്ന ചർച്ച നടത്തുക തന്നെയാണ് വേണ്ടത്.

ആ വിഷയം ഏറ്റവും ശക്തമായി ഉന്നയിക്കപ്പെടണം. സ്ത്രീകളുടെ അവകാശം സംരക്ഷിക്കാൻ കഴിയുന്ന, സുപ്രീംകോടതി നിർദേശിച്ച, ജെൻഡർ സെൻസിറ്റീവ് കമ്മിറ്റികളുൾപ്പെടെ പ്രാദേശികമായി തന്നെ ഉണ്ടാകണം. തൊഴിൽ സ്ഥലങ്ങളിലുണ്ടാകണം, വീടുകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംവിധാനം വേണം. ഒരു കാരണവശാലും ഒരു സ്ത്രീയുടെ അവകാശം ചോദ്യം ചെയ്യപ്പെടുന്ന, നിഷേധിക്കപ്പെടുന്ന, അതിക്രമിക്കപ്പെടുന്ന അവസ്ഥ കേരളത്തിൽ ഉണ്ടാകില്ല എന്നുറപ്പുവരുത്താൻ കഴിയണം. സ്ത്രീകളെ വൻതോതിൽ നേതൃത്വ പദവിയിലേക്ക് കൊണ്ടുവരാനും അതിന്റെ ഭാഗമായി കഴിയണം.

ആദിവാസികൾക്ക് ഭൂമി മാത്രം മതിയോ?

മറ്റൊരു മുഖ്യ പ്രശ്‌നം ആദിവാസികൾ അഭിമുഖീകരിക്കുന്നതാണ്. കാർഷിക മേഖലയുടെ പ്രശ്‌നം പരിഹരിക്കുന്നതോടെ ആദിവാസി പ്രശ്‌നവും പ്രധാനമായും പരിഹരിക്കാൻ കഴിയും. ആദിവാസികൾക്കെല്ലാം ഭൂമി കൊടുത്തുകൊണ്ടല്ല അത് പരിഹരിക്കേണ്ടത്, മറിച്ച് അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന വരുമാനമുള്ള തൊഴിലവസരം ഉറപ്പുവരുത്തിക്കൊണ്ടുകൂടിയാണ്. ഭൂമി പ്രശ്‌നവും തൊഴിൽ പ്രശ്‌നവും കൂട്ടിച്ചേർത്ത് ആദിവാസികൾക്കുവേണ്ടി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കാൻ കഴിയണം.

മുതലാളിത്തത്തെയോ സ്വകാര്യ മൂലധനത്തെയോ നിഷേധിക്കേണ്ടതില്ല, അതേസമയം, തൊഴിലാളികളുടെ നേതൃത്വത്തിൽ തൊഴിലാളി സഹകരണസംഘങ്ങൾക്ക് തോട്ടങ്ങൾ ഏൽപ്പിച്ചുകൊടുക്കാൻ കഴിയണം.

കേരളത്തിലെ മറ്റൊരു വിഭാഗമാണ് തോട്ടം തൊഴിലാളികൾ. വലിയൊരു വിഭാഗമാണവർ. അവർ ഇപ്പോഴും ജീവിക്കുന്നത് കൊളോണിയൽ കാലത്തേതിന് തുല്യമായ സാഹചര്യങ്ങളിലാണ്. ഫ്‌ളാറ്റുകൾ നിർമിക്കുന്നതുൾപ്പെടെ കഴിഞ്ഞ സർക്കാർ ഈ പ്രശ്‌നം അഭിമുഖീകരിച്ചുതുടങ്ങിയിട്ടുണ്ട്. അതുമാത്രം പോരാ. തോട്ടം മേഖലയിലെ ഭൂകേന്ദ്രീകരണം ഗൗരവമുള്ള വിഷയമാണ്. 60,000- 70,000 ഹെക്ടർ ഭൂമി ഒരു കമ്പനി കൈവശം വെക്കുകയാണ്. ഭൂപരിഷ്‌കരണം ഏറ്റവും നന്നായി നടപ്പാക്കിയ കേരളത്തിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂമിയുടെ കേന്ദ്രീകരണവും ഉള്ളത്. ഒന്നരലക്ഷം ഹെക്ടർ ഭൂമി ഹാരിസൺ മലയാളത്തിന്റെയും ടാറ്റ കമ്പനിയുടെയും കൈയിലാണ്. ഈ ഭൂപരിധി കുറയ്ക്കണം. എസ്‌റ്റേറ്റുകളായി നിലനിർത്തിക്കൊണ്ടുതന്നെ ഭൂമിയൂടെ അളവ് കുറച്ച് അതിനകത്ത് മുതലാളിത്ത വളർച്ചയുണ്ടാക്കാനും സാങ്കേതികവിദ്യ വിന്യാസം കൊണ്ടുവരാനും പരസ്പരം മത്സരം കൊണ്ടുവരാനും കഴിയുംവിധം തോട്ടം മേഖലയെ നവീകരിക്കണം.

എസ്‌റ്റേറ്റുകളായി നിലനിർത്തിക്കൊണ്ടുതന്നെ ഭൂമിയൂടെ അളവ് കുറച്ച് അതിനകത്ത് മുതലാളിത്ത വളർച്ചയുണ്ടാക്കാനും സാങ്കേതികവിദ്യ വിന്യാസം കൊണ്ടുവരാനും പരസ്പരം മത്സരം കൊണ്ടുവരാനും കഴിയുംവിധം തോട്ടം മേഖലയെ നവീകരിക്കണം. / Photo: minister-labour.kerala.gov.in

മുതലാളിത്തത്തെയോ സ്വകാര്യ മൂലധനത്തെയോ നിഷേധിക്കേണ്ടതില്ല, അതേസമയം, തൊഴിലാളികളുടെ നേതൃത്വത്തിൽ തൊഴിലാളി സഹകരണസംഘങ്ങൾക്ക് തോട്ടങ്ങൾ ഏൽപ്പിച്ചുകൊടുക്കാൻ കഴിയണം. തൊഴിലാളിസംഘടനകൾ ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തക്ക മുദ്രാവാക്യങ്ങൾ മുന്നോട്ടുവെക്കണം. അത് നടപ്പിലാക്കാൻ സർക്കാർ നിയമഭേദഗതിയും കൊണ്ടുവരണം.

മൃഗങ്ങൾക്കുവേണ്ടിയാകാം, അൽപം മനുഷ്യത്വം

പരിസ്ഥിതി, കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. കേരളത്തിലെ വനങ്ങൾ യഥാർഥത്തിൽ വനങ്ങളല്ല, തേക്കുതോട്ടങ്ങളാണ്. അത് സർക്കാറുകൾ തന്നെ ചെയ്ത തെറ്റാണ്. വനത്തിൽ മൃഗങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത ആവാസവ്യവസ്ഥയാണുള്ളത്. തേക്കിൻതോട്ടങ്ങളിൽ ഒരു പുല്ലുപോലും വളരില്ല. അങ്ങനെ വെള്ളവും പുല്ലുമില്ലാതെ പുറത്തേക്കിറങ്ങേണ്ടിവരുന്ന കാട്ടുമൃഗങ്ങൾ വയനാട്ടിലൊക്കെ മനുഷ്യനെ കടിച്ചുതിന്നുകയാണ്.

ഫലപ്രദമായ സാമൂഹിക ഇടപെടൽ നടത്തുന്നവരായി കേരളത്തിലെ അധ്യാപക സമൂഹത്തെയാകെ മാറ്റിയെടുക്കാൻ കഴിഞ്ഞാൽ, അത് കേരള വികസനത്തിന് നൽകുന്നത് വലിയ സംഭാവനയായിരിക്കും.

കാടും നാടും വേർതിരിക്കുകയാണ് ആദ്യം വേണ്ടത്. അതിന് വനനയത്തിൽ തിരുത്തലാണ് ആവശ്യം. വനങ്ങളിലെ ആവാസ വ്യവസ്ഥ മാറ്റണം. തോട്ടങ്ങൾ ഘട്ടംഘട്ടമായി വെട്ടിമാറ്റി സ്വഭാവിക വനം വച്ചുപിടിപ്പിച്ചാൽ മൃഗങ്ങൾക്ക് വനത്തിനകത്തുതന്നെ ജീവിക്കാൻ കഴിയും. തേക്കുതോട്ടങ്ങളും കൃത്രിമ തോട്ടങ്ങളും മൃഗവിരുദ്ധമായ നടപടിയാണ്. സുപ്രീംകോടതിയുടെ അടക്കം ശ്രദ്ധയിൽകൊണ്ടുവന്ന് അത് പരിഹരിക്കുക എന്നത് ദീർഘവീക്ഷണത്തോടെ ചെയ്യേണ്ട കാര്യമാണ്. അങ്ങനെ മാത്രമേ വനമേഖലയിലെ കൃഷിയും കർഷകരെയും സംരക്ഷിക്കാൻ കഴിയൂ. മൃഗങ്ങൾക്ക് അനുകൂലമായ ഒരു വനനയമാണ് വേണ്ടത്. മനുഷ്യത്വപരമായ സമീപനം മൃഗങ്ങളോട് എടുക്കാൻ കഴിയണം.

സർവകലാശാലകൾ എന്തിന്?

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന വലിയ പ്രശ്‌നം, അവിടത്തെ ഗവേഷണങ്ങൾ ജീവിതഗന്ധിയല്ല എന്നതാണ്. കേരളത്തിന്റെ ഓരോ മേഖലയിലുമുള്ള ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഗവേഷണങ്ങളും അതിനനുസരിച്ച നയരൂപീകരണങ്ങളും നടക്കേണ്ട സർവകലാശാലകളെ ഈ ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയുന്ന രൂപത്തിലേക്ക്, ജനാധിപത്യത്തിന്റെ ശ്വാസകോശങ്ങളെന്ന നിലയ്ക്ക് പരിവർത്തിപ്പിക്കണം. വികസനവുമായി ബന്ധപ്പെട്ട, കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ബദൽ നയങ്ങൾക്ക് ഊർജം പകരാൻ കഴിയുന്ന കേന്ദ്രങ്ങളായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറണം.

സുനിൽ പി. ഇളയിടം

അതിന് കേരളത്തിലെ അധ്യാപക സമൂഹത്തെ വലിയ തോതിൽ രാഷ്ട്രീയവൽക്കരിക്കേണ്ടതുണ്ട്. ഏറ്റവും വലിയ തൊഴിൽ സുരക്ഷയുള്ള ഒരു മേഖലയാണിത്. സുനിൽ പി. ഇളയിടത്തിനെപ്പോലെ ഫലപ്രദമായ സാമൂഹിക ഇടപെടൽ നടത്തുന്നവരായി കേരളത്തിലെ അധ്യാപക സമൂഹത്തെയാകെ മാറ്റിയെടുക്കാൻ കഴിഞ്ഞാൽ, അത് കേരള വികസനത്തിന് നൽകുന്നത് വലിയ സംഭാവനയായിരിക്കും.

ഇത്തരം കാര്യങ്ങളിലെല്ലാം പുതിയ സർക്കാറിന് വലിയ പങ്കുവഹിക്കാൻ കഴിയും.
കാമ്പസുകളിൽ ഇപ്പോൾ വലിയൊരു മാറ്റം വന്നുകഴിഞ്ഞിട്ടുണ്ട്. നേരത്തെുണ്ടായിരുന്നതുപോലുള്ള അക്രമരാഷ്ട്രീയം കുറഞ്ഞിട്ടുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പാശ്ചാത്തലത്തിൽ, കർഷക സമരങ്ങളുടെ പാശ്ചാത്തലത്തിൽ കാമ്പസുകളെ യഥാർഥ രാഷ്ട്രീയ ചർച്ചാകേന്ദ്രങ്ങളാക്കി മാറ്റുകയാണ് വേണ്ടത്.

സർക്കാറിനെ തിരുത്തുന്ന പാർട്ടി

വലിയ തോതിൽ വിമർശിക്കപ്പെട്ട യു.എ.പി.എ ഒരിക്കലും കേരളത്തിൽ നടപ്പാക്കപ്പെടാൻ പാടില്ല. അത് നടപ്പാക്കുന്നത് രാഷ്ട്രീയ പരാജയമാണ്. രാജ്യമൊട്ടാകെ നിരവധി യുവാക്കൾ യു.എ.പി.എയുടെ പേരിൽ യൗവനം മുഴുവൻ ജയിലിൽ കഴിച്ചുകൂട്ടുകയാണ്. ഇതിനെ മനുഷ്യവകാശപ്രശ്‌നമെന്ന നിലക്ക് ഏറ്റെടുക്കാൻ കഴിയണമെങ്കിൽ, കേരളത്തിൽ കൃത്യമായ രാഷ്ട്രീയ നിലപാട് എടുക്കേണ്ടതുണ്ട്.

സർക്കാറിനെ ഉൾപ്പെടെ തിരുത്താൻ കഴിയുംവിധം ഇടപെടാൻ കഴിയുന്ന സി.പി.എമ്മിന്റെ ശേഷിയും കഴിവും യു.എ.പി.എ സംഭവത്തിലുണ്ടായതാണ്. സർക്കാർ എടുത്ത, ഉദ്യോഗസ്ഥന്മാർ എടുത്ത തെറ്റായ നിലപാടിനെ രണ്ടും രണ്ടായി കാണാനും രണ്ടിനെയും വിമർശിക്കാനും പാർട്ടിക്കുകഴിഞ്ഞു.

ഏത് രാഷ്ട്രീയനിലപാടുള്ളവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പരമപ്രധാനമാണ്. അഭിപ്രായ സ്വാതന്ത്ര്യവും സംഘടിക്കാനുള്ള സ്വാതന്ത്ര്യവും രാഷ്ട്രീയപ്രവർത്തനം നടത്താനുള്ള സ്വാതന്ത്ര്യവും എല്ലാ വിഭാഗങ്ങൾക്കും ഉറപ്പുവരുത്തുക എന്നത് പരമപ്രധാനമാണ്. ഇത്തരം വിഷയങ്ങളെ ഉയർന്ന സംവേദനശേഷിയുള്ള പ്രശ്‌നങ്ങളെന്ന നിലയ്ക്ക് കാണാനും അതിനെ സംവേദനക്ഷമതയോടെ അഭിമുഖീകരിക്കാനുമുള്ള ശേഷി രാഷ്ട്രീയ നേതൃത്വത്തിനുണ്ടാകണം. സർക്കാറിനെ ഉൾപ്പെടെ തിരുത്താൻ കഴിയുംവിധം ഇടപെടാൻ കഴിയുന്ന സി.പി.എമ്മിന്റെ ശേഷിയും കഴിവും യു.എ.പി.എ സംഭവത്തിലുണ്ടായതാണ്. സർക്കാർ എടുത്ത, ഉദ്യോഗസ്ഥന്മാർ എടുത്ത തെറ്റായ നിലപാടിനെ രണ്ടും രണ്ടായി കാണാനും രണ്ടിനെയും വിമർശിക്കാനും പാർട്ടിക്കുകഴിഞ്ഞു. അതായത്, അത് തടയാൻ സർക്കാറിന് കഴിയണമായിരുന്നു എന്നുതന്നെയാണ് സി.പി.എമ്മിന്റെ നിലപാടായി വന്നത്. പാർട്ടി എന്ന നിലയ്ക്ക് എങ്ങനെയാണ് ജനങ്ങളെ അണിനിരത്തി സർക്കാറിനെ തിരുത്തേണ്ടത് എന്നതിന്റെ രാഷ്ട്രീയമായി ശരിയായ രീതി അവലംബിക്കാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്.

യു.എ.പി.എയുമായി പാർട്ടിക്ക് ഒരുതരത്തിലും യോജിപ്പില്ല എന്ന പാർട്ടിനയം തുറന്നുപറയാനും ചർച്ചക്ക് വിധേയമാക്കാനും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ, പ്രത്യേകിച്ച് പൊലീസ് മേഖലയിലുള്ള ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കേന്ദ്രീകരണ സ്വഭാവത്തെ ശക്തമായ വിമർശനത്തിന് വിധേയമാക്കാനും രാഷ്ട്രീയമായി സർക്കാർ നിലപാടിനെ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യിപ്പിക്കാനും രാഷ്ട്രീയമായി സി.പി.എം നിലപാട് ഇന്നതാണ് എന്ന് വ്യക്തമായി പറയാനും പാർട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. ഇനിയും ഇത്തരം സംഭവവികാസങ്ങൾ മുൻകൂട്ടി മനസ്സിലാക്കി മനുഷ്യത്വപരമായി ഇടപെടാൻ പാർട്ടി നേതൃത്വം എന്ന നിലയ്ക്കും സർക്കാർ നേതൃത്വം എന്ന നിലയ്ക്കും എപ്പോഴും സാധിക്കുന്നു എന്നത് വലിയ കാര്യമാണ്. വീഴ്ച വരുന്നുണ്ടെങ്കിൽ അവയെ സൂക്ഷ്മമായി വിലയിരുത്തി മറികടക്കാൻ കഴിയുന്ന, ജനപക്ഷ സമീപനം എടുക്കുകയാണ് ഇത്തരം കാര്യങ്ങളിൽ വേണ്ടത്.

പിണറായി മാറിക്കൊണ്ടിരിക്കുകയാണ്

ഈ തെരഞ്ഞെടുപ്പിന്റെ വിജയം ജനങ്ങളുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ്. പാർട്ടിയുടെയും ബഹുജനസംഘടനകളുടെയും കരുത്തിന്റെ വിജയമാണ്. പക്ഷെ, ആ ശക്തിയും കരുത്തും പ്രതിഫലിപ്പിക്കുന്നത് ചില വ്യക്തികളിലൂടെയാണ്. വ്യക്തികൾ പ്രതീകങ്ങളാണ്. പ്രതീകങ്ങളെന്ന നിലയ്ക്ക് ആ വ്യക്തികൾക്ക് വലിയ പ്രാധാന്യമുണ്ട്. മാർക്‌സിയൻ കാഴ്ചപ്പാടും അതുതന്നെയാണ്. അതായത്, ആ വ്യക്തികൾ ഒരു കാലഘട്ടത്തിൽ രൂപപ്പെട്ടുവരുന്നതാണ്. ആ കാലഘട്ടമാണ് ആ വ്യക്തിയെ ഒരു പ്രതീകമാക്കി ഉയർത്തിക്കൊണ്ടുവരുന്നത്.

പിണറായി വിജയനെ 'ക്യാപ്റ്റൻ' ആയി ചിത്രീകരിച്ചുള്ള പോസ്റ്റർ

പിണറായി വിജയനേക്കാൾ കഴിവും ശേഷിയുമുള്ള എത്രയോ കരുത്തരായ പ്രവർത്തകന്മാർ കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായിട്ടുണ്ട്, ഇപ്പോഴുമുണ്ട്. പക്ഷെ, ഒരു ചരിത്രഘട്ടത്തിൽ അവർ എവിടെ നിൽക്കുന്നു എന്നിടത്തുനിന്നാണ് ആ വ്യക്തി അവിടെ പ്രതീകമായി രൂപപ്പെട്ടുവരിക. അങ്ങനെ പ്രതീകമായി രൂപപ്പെട്ടുവന്ന, കരുത്തും ശേഷിയുമുള്ള, ജനങ്ങളുടെ നന്മയെ പ്രതിനിധാനം ചെയ്യാൻ സാധിച്ച, ജനങ്ങളോടുള്ള ഇടപെടലിലൂടെ സ്വയം മാറാൻ തയാറായ ഭരണാധികാരിയാണ്​ പിണറായി വിജയൻ. സ്വയം മാറുക എന്നത്​ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്​, അതായത്, പിണറായി വിജയൻ എന്നു പറയുന്നത്, പത്തുവർഷം മുമ്പത്തെ അല്ലെങ്കിൽ ഒരു വർഷം മുമ്പത്തെ പിണറായി വിജയനല്ല. അദ്ദേഹം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നുണ്ട്, പുതിയ പുതിയ സാഹചര്യങ്ങളിൽ. നിപ്പ വന്ന സമയത്ത്, കോവിഡ് വന്ന സമയത്ത്, പുതിയ രാഷ്ട്രീയ പ്രതിസന്ധി നേരിടേണ്ടിവന്ന ഘട്ടത്തിൽ, ഈ ഘട്ടങ്ങളിലെല്ലാം അതിനോട് ഇടപെട്ടുകൊണ്ട് സ്വയം മാറാൻ തയാറാകുന്ന, വൈരുധ്യാത്മകമായി വിലയിരുത്തി അതിൽ ശരിയുടെ നിലപാടെടുക്കാൻ തയാറാകുന്ന ശേഷി- അതാണ് കമ്യൂണിസ്റ്റ് പാർട്ടി ഓരോ വ്യക്തിയെയും പരിശീലിപ്പിക്കുന്നത്. അത് പരിശീലിക്കാനും മറ്റുള്ളവരെ പരിശീലിപ്പിക്കാനും ശേഷിയുള്ള ഏറ്റവും സമർഥനായ ഭരണാധികാരിയായി ആ അവസരങ്ങളെ ഉപയോഗപ്പെടുത്തി, അതിനനുസരിച്ച് ഉയർന്നുവരാൻ കഴിയുന്നുവെന്നത് ഒരു നേട്ടം തന്നെയാണ്, എല്ലാവർക്കും ഇങ്ങനെ ജയിക്കാൻ കഴിയണം എന്നില്ല. അങ്ങനെയുള്ള നേട്ടം വ്യക്തി എന്ന നിലയിൽ പ്രതീകവൽക്കരിക്കപ്പെടുകയാണ്.

പിണറായി വിജയൻ എന്നു പറയുന്നത്, പത്തുവർഷം മുമ്പത്തെ അല്ലെങ്കിൽ ഒരു വർഷം മുമ്പത്തെ പിണറായി വിജയനല്ല. അദ്ദേഹം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നുണ്ട്, പുതിയ പുതിയ സാഹചര്യങ്ങളിൽ.

എത്ര കാലം കഴിഞ്ഞാലും മഹാത്മാഗാന്ധിക്കുള്ള സ്ഥാനം ഇന്ത്യയിൽ ആ വ്യക്തിക്കുണ്ട്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് ആ കാലഘട്ടത്തെയാണ്. അദ്ദേഹത്തിലേക്ക് എല്ലാം ചുരുക്കിക്കെട്ടപ്പെടുന്നു എന്ന അർഥത്തിലല്ല ഇതിനെ കാണേണ്ടത്. മറിച്ച്, അതിന് പ്രാധാന്യമുണ്ട് എന്നുതന്നെയാണ് കാണേണ്ടത്. എന്നാൽ, ഈ പ്രാധാന്യം ഉണ്ടാകുന്നത്, വൈരുധ്യാത്മകമായി നോക്കുമ്പോൾ കൂട്ടായ്മയുടെ കരുത്തിൽ നിന്നാണ്. അതായത്, പാർട്ടിയുടെ കരുത്തിൽനിന്നാണ് പാർട്ടിനേതാവിന്റെ കരുത്ത് രൂപപ്പെട്ടുവരുന്നത്. ആ കരുത്തിനെ ജനങ്ങൾ അംഗീകരിക്കുന്നു. ജനങ്ങൾ അതിനെ ഒരു പ്രതീകമായി കാണുന്നു. അപ്പോൾ ജനങ്ങൾ വിശ്വസിക്കുന്നതും പിന്തുണക്കുന്നതും പാർട്ടിയെ തന്നെയാണ്.

നാളെ, ഈ പാർട്ടിയുടെ നിലപാടുകൾക്ക് വിരുദ്ധമായ സമീപനം ഈ വ്യക്തികൾ എടുത്താൽ ആ വ്യക്തികളെയല്ല, പാർട്ടിയെയായിരിക്കും ജനം അംഗീകരിക്കുക. ഇത് തിരിച്ചറിയാനുള്ള രാഷ്ട്രീയബോധം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിശീലനത്തിലൂടെയും നേതൃപരമായ ഇടപെടലിലൂടെയും കേരളത്തിലെ പൊതുസമൂഹത്തിനുണ്ട്. അതുകൊണ്ട് കേരളത്തിലെ പൊതുസമൂഹം എപ്പോഴും ജാഗ്രതയോടെ തന്നെ അത് കാണുകയും ചെയ്യും. അതുകൊണ്ട് ഇത്തരം വ്യക്തികളുടെ വില കുറച്ചുകാണിക്കേണ്ടതില്ല. അവർക്ക് പ്രാധാന്യമുണ്ട്. അതിനെ ജനം അംഗീകരിക്കും. അങ്ങനെ കേരളത്തിൽ, ഇന്ത്യയിൽ ഇടതുപക്ഷ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന ഒരു വ്യക്തി, ഒരു ഭരണാധികാരി എന്ന നിലയ്ക്ക് പിണറായി വിജയന് ഈ തെരഞ്ഞെടുപ്പിൽ വലിയ പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പങ്ക് ഈ അർഥത്തിൽ വസ്തുനിഷ്ഠമായി വിലയിരുത്താൻ കഴിയേണ്ടതാണ്.

വീരാരാധന തിരു​ത്തേണ്ടത്​ ആരാധകർ തന്നെയാണ്​

എന്നാൽ, മറുവശത്ത്, അന്ധമായ ഭക്തിയിലേക്ക് പോകുന്ന പ്രവണത സ്വഭാവികമായി ഉണ്ടാകാറുണ്ട്. അത്തരം അന്ധമായ ഭക്തിയിലേക്കും വ്യക്തി വിധേയത്വത്തിലേക്കും വ്യക്തി ആരാധനയിലേക്കും താഴ്ന്നുപോകുന്നുവെന്ന അവസ്ഥ വരാതിരിക്കാൻ ഓരോ വ്യക്തികളുമാണ് ശ്രദ്ധിക്കേണ്ടത്​. അത് പ്രതീകവൽക്കരിക്കപ്പെട്ട വ്യക്തിയല്ല മറിച്ച്; ആ വ്യക്തിയോട് ആരാധന വികസിപ്പിച്ചെടുക്കുന്ന വ്യക്തികളാണ് തിരുത്തേണ്ടത്. അങ്ങനെയുള്ള വ്യക്തി ആരാധനയിലേക്ക് ആരും പോകേണ്ടതില്ല. പാർട്ടിയും വ്യക്തിയും തമ്മിലുള്ള പാരസ്പര്യം, ശാസ്ത്രീയമായും വൈരുധ്യാത്മകയും ഉൾക്കൊള്ളുകയും മനസ്സിലാക്കുകയും ചെയ്യുകയാണ് വേണ്ടത് എന്ന സമീപനം തന്നെയാണ് എല്ലാ ഘട്ടത്തിലും പിണറായി വിജയൻ അടക്കമുള്ള സഖാക്കൾ എടുത്തിട്ടുള്ളത്.

കോടിയേരി ബാലകൃഷ്ണനും പി. ജയരാജനും

കമ്യൂണിസ്റ്റ് പാർട്ടിയിലെ ‘ക്യാപ്റ്റൻ’ എന്ന നിലയ്​ക്ക്​ വി​ശേഷണം വന്നപ്പോൾ, അതിനെ കൃത്യമായി ചൂണ്ടിക്കാണിച്ച് വലിയൊരു ചർച്ച ഉയർന്നുവന്നു. പി.ജയരാജൻ, കോടിയേരി ബാലകൃഷ്ണൻ, എ. വിജയരാഘവൻ, പിണറായി വിജയൻ തുടങ്ങിയ നേതാക്കളെല്ലാം സ്വതന്ത്രമായ അഭിപ്രായം പറഞ്ഞു. പ്രസ്ഥാനവും വ്യക്തിയും തമ്മിലുള്ള വൈരുധ്യാത്മക ബന്ധത്തെയും അതിൽ വ്യക്തിക്കുള്ള പ്രാധാന്യത്തെയും അതുപോലെ പരിമിതിയെയും ശരിയായി വിലയിരുത്തിക്കൊണ്ടുളള ശാസ്ത്രീയമായ മാർക്‌സിയൻ കാഴ്ചപ്പാടുതന്നെയാണ് പിണറായി വിജയന്റെ ‘ക്യാപ്റ്റൻ’ എന്ന വിശേഷണവുമായി ബന്ധപ്പെട്ട് പാർട്ടിയും ജനങ്ങളും എടുത്തത്. അതൊരിക്കലും വ്യക്തി ആരാധനയിലേക്കും വീരാരാധനയിലേക്കും വഴുതിവീഴേണ്ടതില്ല എന്ന ഒരു കരുതൽ പിണറായി വിജയന്റെ വാക്കുകളിൽ ഉണ്ടായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

സാധ്യതകൾ: ബി.ജെ.പിക്കെതിരെ ഇനി ഇടതുപക്ഷം

ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ ജനവിധിയാണ് മിക്ക സംസ്ഥാനങ്ങളിലുമുണ്ടായത്. ഈ ജനവിധിയിൽ കർഷക സമരം വലിയ പങ്കുവഹിച്ചിട്ടുണ്ട്. കാരണം, ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിയില്ല എന്നൊരു ബോധത്തെ വിപ്ലവകരമായി മാറ്റിമറിക്കുകയാണ് കർഷകർ ചെയ്തത്. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പുനടന്നാൽ നിരവധി സംസ്ഥാനങ്ങളിൽ ബി.ജെ.പി വലിയ പരാജയം നേരിടും.

ഇന്ത്യൻ ഫെഡറലിസത്തെ സംരക്ഷിക്കാനും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെ ഭരണഘടനക്കനുസൃതമായി അഴിച്ചുപണിയാനും വേണ്ടിയുള്ള പോരാട്ടമാണ് ദേശീയതലത്തിൽ ഇനി ശക്തിപ്രാപിക്കാൻ പോകുന്നത്. അത് പ്രാദേശിക മുതലാളിത്ത വർഗങ്ങളെയും അവരുടെ രാഷ്ട്രീയ പാർട്ടികളെയും ഇടതുപക്ഷത്തോട് ഒരുമിച്ചു നിൽക്കാൻ നിർബന്ധിക്കും.

ഇന്ത്യയിൽ ബി.ജെ.പിക്ക് ഒരു എം.എൽ.എ പോലും ഇല്ലാത്ത സംസ്ഥാനം കേരളമായിരിക്കും. ദേശീയ രാഷ്ട്രീയത്തിൽ തന്നെ ബി.ജെ.പിയെ ചെറുക്കാനും ദുർബലപ്പെടുത്താനും നേതൃപരമായ പങ്കുവഹിക്കാൻ കഴിയുന്ന ഒരു ശക്തി ഇടതുപക്ഷമാണ് എന്ന സന്ദേശം കേരളത്തിലെ വിജയത്തിലൂടെ രാജ്യത്തിനാകെ നൽകാനായിട്ടുണ്ട്. ഇത് ഇടതുപക്ഷത്തിന്റെ ദേശീയതലത്തിലുള്ള വളർച്ചക്ക് വലിയ സാധ്യത നൽകും. ഭാവിയിലേക്ക് മറ്റു സംസ്ഥാനങ്ങളിലുൾപ്പെടെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താൻ കഴിയുന്ന ഒരു സാഹചര്യം ഉരുത്തിരിഞ്ഞുവരും.

ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷതയാണ് ഫെഡറലിസം. ശക്തമായ കേന്ദ്രവും ശക്തമായ സംസ്ഥാനങ്ങളും എന്ന നയമാണ് ഉൽപാദന ബന്ധങ്ങളുടെ വൈവിധ്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് അനിവാര്യമായത്. സംസ്ഥാനങ്ങളുടെ, ഉൽപാദന ബന്ധങ്ങളുടെ വളർച്ചാഘട്ടം എന്താണെന്ന് വിലയിരുത്തി അതിനനുസരിച്ച് ശരിയായ വികസനനയം കൊണ്ടുവരാനും സമൂഹത്തിന്റെ വളർച്ച ഉറപ്പുവരുത്താനും പ്രത്യേകിച്ച് അടിസ്ഥാനവർഗ താൽപര്യം സംരക്ഷിക്കാനും ഫെഡറലിസം നിലനിൽക്കുക എന്നത് പ്രധാനമാണ്. അതിനെ തകർത്തുകൊണ്ടാണ് ജി.എസ്.ടിയും വൺ നേഷൻ വൺ മാർക്കറ്റ് എന്ന കാഴ്ചപ്പാടും കേന്ദ്രം കൊണ്ടുവരുന്നത്. ഒരു പ്രസിഡൻഷ്യൽ സിസ്റ്റമാണ് അവരുടെ സ്വപ്നം. അതെല്ലാം പുതിയ സാഹചര്യത്തിൽ പൊളിയുകയാണ്.

കാർഷിക നിയമഭേദഗതിയ്‌ക്കെതിരായ കർഷകരുടെ പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചപ്പോൾ

പ്രസിഡൻഷ്യൽ ഭരണത്തിലേക്കുള്ള ബി.ജെ.പിയുടെ സ്വപ്‌നങ്ങളെല്ലാം സമരങ്ങളുടെയും തെരഞ്ഞെടുപ്പുകളുടെയും കാലഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിന് നേതൃത്വം കൊടുക്കാൻ കോൺഗ്രസിന് കഴിയില്ല. ഇത്തരം മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാനും ഫെഡറലിസത്തെ സംരക്ഷിക്കാനും കഴിയുന്ന ഒരു ശക്തിയുണ്ടെങ്കിൽ അത് തൊഴിലാളി വർഗമാണ്, കർഷക വർഗമാണ്, അവരുടെ രാഷ്ട്രീയ പാർട്ടിയായ കമ്യൂണിസ്റ്റ് പാർട്ടിയാണ്, ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിന് ഫെഡറൽ നിലപാടെടുത്ത് ശക്തമായി മുന്നോട്ടുവരാൻ കഴിയണം. ഇന്ത്യൻ ഫെഡറലിസത്തെ സംരക്ഷിക്കാനും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെ ഭരണഘടനക്കനുസൃതമായി അഴിച്ചുപണിയാനും വേണ്ടിയുള്ള പോരാട്ടമാണ് ദേശീയതലത്തിൽ ഇനി ശക്തിപ്രാപിക്കാൻ പോകുന്നത്. അത് പ്രാദേശിക മുതലാളിത്ത വർഗങ്ങളെയും അവരുടെ രാഷ്ട്രീയ പാർട്ടികളെയും ഇടതുപക്ഷത്തോട് ഒരുമിച്ചു നിൽക്കാൻ നിർബന്ധിക്കും. ബി.ജെ.പിക്കെതിരെ ഇടതുപക്ഷവും പ്രാദേശിക രാഷ്ട്രീയ പാർട്ടികളും ചേർന്നുള്ള ഒരു മുന്നണി വളർന്നുവരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതായിരിക്കും കേരളത്തിലെ വിജയം. ദേശീയ രാഷ്ട്രീയത്തിൽ ഇടപെടാനുള്ള കേരളത്തിന്റെ ശേഷി വർധിപ്പിക്കുന്നതാണ് ഈ വിജയം.

കേരളത്തിലേതുപോലെ ദേശീയതലത്തിൽ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപപ്പെടുത്താൻ കഴിയും. ഇടതുപക്ഷ ഐക്യം ശക്തമാക്കാൻ കഴിയും. രാജ്യത്തിന്റെ തന്നെ രാഷ്ട്രീയത്തെ ഇടതുപക്ഷത്തിന് അനുകൂലമാക്കാനും കർഷക- തൊഴിലാളി വർഗ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരു ബദൽ രാഷ്ട്രീയ ചേരി വളർത്തിയെടുക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ്.

അഖിലേന്ത്യാ അടിസ്ഥാനത്തിൽ കർഷകരുടെയും തൊഴിലാളികളുടെയും വർഗബഹുജനസംഘടനകളുടെയും സമരങ്ങൾ ശക്തിപ്പെടുത്തിയെടുക്കുന്നതിൽ കുറച്ചുവർഷങ്ങളായി ഇടതുപക്ഷം നല്ല രൂപത്തിൽ വിജയിക്കുന്നുണ്ട്.

പാർലമെന്റിനകത്തും പുറത്തുമുള്ള ഇടതുപക്ഷം

പാർലമെന്ററി- പാർലമെന്റേതര പ്രവർത്തനം ചേർത്തുവെച്ചാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്. പാർലമെന്ററി പ്രവർത്തനങ്ങൾക്ക് മേൽക്കെ കിട്ടുന്ന ഒരു പ്രശ്‌നം 1978ൽ സാൽകിയ പാർട്ടി പ്ലീനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബംഗാളിലും കേരളത്തിലും ഇടതുപക്ഷ സർക്കാറുകൾ തുടർച്ചയായി വരുന്നതിന്റെ ഭാഗമായി പാർലമെന്ററി പ്രവർത്തനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു പ്രവണത വരാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടപ്പെട്ടത്. അഖിലേന്ത്യ തലത്തിൽ പാർലമെന്റേതര പ്രവർത്തനങ്ങളും പാർട്ടിയെയും ശക്തിപ്പെടുത്താൻ പാർട്ടിക്ക് അഖിലേന്ത്യ തലത്തിൽ കേഡർമാരെയും ഫണ്ടും വിഭവങ്ങളും ആവശ്യമുണ്ട്. ഇത് ഉറപ്പുവരുത്തുന്നതിൽ വീഴ്ച വന്നാൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ പാർട്ടിയുടെ വളർച്ച മുരടിപ്പിക്കും തുടങ്ങിയ വിഷയങ്ങളാണ് പ്ലീനം ചർച്ച ചെയ്തത്. ഇന്ത്യൻ കുത്തക മുതലാളിത്ത വർഗവും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പാർട്ടിയെ കടന്നാക്രമിക്കുമ്പോൾ അതിനെ സംരക്ഷിക്കാൻ അഖിലേന്ത്യ അടിസ്ഥാനത്തിൽ പാർട്ടിയുണ്ടാകില്ല എന്ന സ്ഥിതിയിലേക്കുപോകും. ഈ വിഷയവും പ്ലീനം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ബംഗാളിന്റെ അനുഭവം നോക്കുമ്പോൾ, അന്ന് വിലയിരുത്തിയ സാഹചര്യം എത്രത്തോളം ശരിയാണ് എന്ന് ഇന്നുനോക്കുമ്പോൾ കാണാൻ കഴിയും. ഈ പറഞ്ഞ പ്രശ്‌നം മറികടന്നുകൊണ്ട് അഖിലേന്ത്യാ അടിസ്ഥാനത്തിൽ കർഷകരുടെയും തൊഴിലാളികളുടെയും വർഗബഹുജനസംഘടനകളുടെയും സമരങ്ങൾ ശക്തിപ്പെടുത്തിയെടുക്കുന്നതിൽ കുറച്ചുവർഷങ്ങളായി ഇടതുപക്ഷം നല്ല രൂപത്തിൽ വിജയിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കർഷക- തൊഴിലാളി സമരങ്ങൾ രാജ്യത്തെ ആകമാനം പിടിച്ചുകുലുക്കുന്ന രൂപത്തിൽ ഇടതുപക്ഷ നേതൃത്വത്തിൽ വികസിപ്പിക്കാനായത്, പ്രത്യേകിച്ച് സി.പി.എമ്മിന് വലിയൊരു പങ്ക് അതിനകത്തുണ്ട്. അഖിലേന്ത്യ കിസാൻ സഭയുടെയും സി.ഐ.ടി.യുവിന്റെയുമൊക്കെ നിർണായക, നേതൃപരമായ ഇടപെടൽ അതിലുണ്ട്.
രാജ്യത്താകെയുള്ള ഈ പുതിയ സാഹചര്യത്തോടൊപ്പം വസ്തുനിഷ്ഠമായ ചില കാര്യങ്ങൾ കൂടി ചേർത്തുവെക്കണം.

ഇടതുപക്ഷ- ജനാധിപത്യ- മതനിരപേക്ഷ രാഷ്ട്രീയ പാർട്ടികളുടെ ഒരു ചേരി- കേരളത്തിലെ എൽ.ഡി.എഫിനെപ്പോലെ, ദേശീയാടിസ്ഥാനത്തിൽ തന്നെ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി- രൂപപ്പെട്ടുവരിക എന്നതിലേക്കാണ് പോകുന്നത്.

അതായത്, 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത്, കുത്തക മുതലാളിമാരുടെ നേതൃത്വത്തിൽ ഭരണം ആരംഭിക്കുകയാണ്. മുതലാളിത്ത വളർച്ചയുടെ ഒരു ഘട്ടമാണ് ആ കാലഘട്ടം. ആ കാലത്താണ് രാജ്യമാകെ കോൺഗ്രസിന്റെ തുടർഭരണമുണ്ടായത്. അമ്പതുവർഷത്തോളം തുടർച്ചയായി ഭരണത്തിലിരുന്നു. അതിനുശേഷം ഭരണവർഗ പാർട്ടിയെന്ന രൂപത്തിൽനിന്ന് അവർ പുറത്താക്കപ്പെടുകയും ബി.ജെ.പി ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ബി.ജെ.പി വർഗീയ രാഷ്ട്രീയം ഉപയോഗപ്പെടുത്തിയാണ് ഭരണം നിലനിർത്താനുള്ള ശേഷി കൈവരിക്കാൻ ശ്രമിക്കുന്നത്. അത് വലിയ രൂപത്തിൽ ജനങ്ങളാൽ എതിർക്കപ്പെടുകയാണ്. ബി.ജെ.പി ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്ന പാർട്ടിയല്ല, ബി.ജെ.പി മുന്നോട്ടുവെക്കുന്ന വികസനനയങ്ങൾ കോർപറേറ്റുകളുടെ താൽപര്യങ്ങളാണ് സംരക്ഷിക്കുന്നത്, ഈ എതിർപ്പ് ഉത്തരേന്ത്യയിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലടക്കം ഉണ്ട് എന്ന് വ്യക്തമാക്കാൻ ഈ സമരങ്ങൾക്കുകഴിഞ്ഞു.

സ്വഭാവികമായും പാർലമെന്റേതര പ്രവർത്തനങ്ങൾക്ക് ശക്തമായ പ്രാധാന്യം ഉത്തരേന്ത്യയിൽ വരികയാണ്. അതിനനുസരിച്ച് അത് മുന്നോട്ടുപോകണമെങ്കിൽ കൂടുതൽ കേഡർമാരെയും കൂടുതൽ ഫണ്ടും വിഭവങ്ങളുമെല്ലാം അഖിലേന്ത്യ അടിസ്ഥാനത്തിൽ സമാഹരിക്കാൻ ഇടതുപക്ഷത്തിന് കഴിയണം. അങ്ങനെ മറ്റു സംസ്ഥാനങ്ങളിലുൾപ്പെടെ ഇടതുപക്ഷത്തെ പാർലമെന്റേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ശക്തിപ്പെടുത്തണം. കർഷക, തൊഴിലാളി, ബഹുജന സമരങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും വളർത്തിയെടുക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് നമ്മൾ പോകുന്നത്.

കർഷക സമരത്തിന് ഐക്യദാർഢ്യമറിയിച്ചുകൊണ്ട് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ട്രാക്ടർ റാലിയിൽ നിന്ന്‌

ഈ സാഹചര്യത്തിൽ, ഇതിന് ഊർജം പകരാൻ കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഈ വലിയ വിജയം സഹായിക്കും, കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും പാർട്ടി നേതൃത്വത്തിൽ വലിയൊരു ആവേശം ഇതുണ്ടാക്കിയെടുക്കും. ദേശീയാടിസ്ഥാനത്തിൽ തന്നെ ഇതിനാവശ്യമായ ഒരു കാഴ്ചപ്പാടും തന്ത്രവും സമര പദ്ധതികളും എല്ലാം ആവിഷ്‌കരിക്കേണ്ടതുണ്ട്. അങ്ങനെ ബി.ജെ.പിക്കെതിരെ തൊഴിലാളികളുടെയും കർഷകരുടെയും നേതൃത്വത്തിൽ ഇടതുപക്ഷ- ജനാധിപത്യ- മതനിരപേക്ഷ രാഷ്ട്രീയ പാർട്ടികളുടെ ഒരു ചേരി- കേരളത്തിലെ എൽ.ഡി.എഫിനെപ്പോലെ, ദേശീയാടിസ്ഥാനത്തിൽ തന്നെ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി- രൂപപ്പെട്ടുവരിക എന്നതിലേക്കാണ് പോകുന്നത്.

ഭാവിയിൽ ഒരു കമ്യൂണിസ്റ്റ് ഐക്യം, കമ്യൂണിസ്റ്റ് പുനരേകീകരണം എന്ന രൂപത്തിലേക്ക് രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവരും.

തീർച്ചയായും ഒന്നുരണ്ടു ദശകങ്ങൾക്കുള്ളിൽ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമായി ഇടതുപക്ഷം മാറും. തൊഴിലാളി- കർഷക ഐക്യം എന്നതായിരിക്കും അതിന്റെ പ്രധാന മുദ്രാവാക്യം, അതുപോലെ ഇടതുപക്ഷ ഐക്യമായിരിക്കും അതിന്റെ നേതൃത്വ ഘടകം. ഈ ഇടതുപക്ഷ ഐക്യത്തിൽനിന്ന് ഭാവിയിൽ ഒരു കമ്യൂണിസ്റ്റ് ഐക്യം, കമ്യൂണിസ്റ്റ് പുനരേകീകരണം എന്ന രൂപത്തിലേക്ക് രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവരും. അതിന് കഴിയുന്ന വിധത്തിൽ സി.പി.എം, സി.പി.ഐ, സി.പി.ഐ (എം.എൽ) തുടങ്ങി അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ ഭാഗമായി നിൽക്കുന്ന കർഷക- തൊഴിലാളി സംഘടനകളും എല്ലാം ശക്തമായ ഇടപെടലാണ് ദേശീയതലത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് വളരെ ആവേശകരമായ ഒരു കാലഘട്ടമാണ്. ഈ കാലഘട്ടത്തിൽ ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷ മുന്നേറ്റമുണ്ടാകുന്നതിന് സഹായകമാകുന്ന വസ്തുനിഷ്ഠ സാഹചര്യം രൂപപ്പെട്ടുവന്നിട്ടുണ്ട്. അതിനെ മുന്നോട്ടുകൊണ്ടുപോകാൻ കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ വിജയം സഹായിക്കും. അഖിലേന്ത്യ അടിസ്ഥാനത്തിൽ ബി.ജെ.പിയെ ചെറുത്തുതോൽപ്പിക്കാൻ കഴിയുന്ന വിധത്തിലേക്കുള്ള കേഡർമാരെയും വിഭവങ്ങളും അഖിലേന്ത്യ അടിസ്ഥാനത്തിൽ വിന്യസിക്കുന്നതിൽ കേരളത്തിനും വലിയ പങ്ക് വഹിക്കാനുണ്ട്. ഇനിയുള്ള കാലങ്ങളിലും കേരളം അത് വഹിക്കുമെന്നത് ഉറപ്പാണ്.▮


പി. കൃഷ്ണപ്രസാദ്

രാജ്യത്തെ കർഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള സി.പി.എം എം.എൽ.എയായിരുന്നു

Comments