സക്കറിയ

‘ക്രിസ്ത്യൻ- മുസ്‌ലിം സംഘർഷം സൃഷ്ടിക്കാൻ
​ഭീകരാക്രമണതുല്യമായ ശ്രമം നടക്കുന്നു’

കേരളത്തിൽ ഒരു വമ്പിച്ച ക്രിസ്ത്യൻ- മുസ്‌ലിം സംഘർഷം സൃഷ്ടിക്കാൻ വർഗീയവാദികൾ ഭീകരാക്രമണതുല്യമായ ശ്രമം നടത്തുന്നുണ്ട്. ഈ ഭീകരതയെ പിന്തുണയ്ക്കുന്ന കൂലിപ്പട്ടാളക്കാരും ക്രിസ്ത്യാനികൾക്കിടയിലും മുസ്‌ലിംകൾക്കിടയിലും പ്രവർത്തിക്കുന്നുണ്ട്. പ്രത്യേകിച്ച് ചില ക്രൈസ്തവ പുരോഹിതന്മാർ. ഇത് നമ്മെ ഒരു വമ്പിച്ച ആപത്തിലേക്കെത്തിക്കാൻ വഴിയുണ്ട്.

തൊണ്ണൂറുകളുടെ ഒടുവിൽ ബുദ്ധിജീവിക്ക് എഡ്വേർഡ് സൈദ് നൽകിയ നിർവചനം "ഡിസ്റ്റർബർ ഓഫ് ദ സ്റ്റാറ്റസ്‌കോ' എന്നായിരുന്നു. അധികം താമസിയാതെ ഇതിനെ സക്കറിയ ഇങ്ങനെ വായിച്ചു: "സമൂഹത്തിലെ യാഥാസ്ഥിതികത്വം നിരന്തരമായി പുനഃസ്ഥാപിക്കുന്ന അനങ്ങാപിണ്ഡം - കുലുങ്ങാപിണ്ഡ മനഃശാസ്ത്രത്തിന്റെയും എല്ലാം അപകടമാണ്, സംശയാസ്പദമാണ്, ആവശ്യമില്ല, എല്ലാം അതേപടി ഇരുന്നാൽ മതി, മാറുകയാണെങ്കിൽ തന്നെ പിറകോട്ടേ മാറാൻ പാടുള്ളൂ എന്നു പ്രഖ്യാപിക്കുന്ന വിഭാഗങ്ങളുടെയും ഒരു ശല്യക്കാരനായിരിക്കണം ബുദ്ധിജീവി.'

സക്കറിയ, ഇന്നത്തെപ്പോലെ തന്നെ അന്നും, ബുദ്ധിജീവി എന്ന നിലയിൽ ഭയങ്കര പരസ്യ ജീവിത കടമ നിർവഹിക്കുന്ന ഒരു സമയത്താണ്, കൃത്യമായി പറഞ്ഞാൽ 1998 ലെ ആഗസ്റ്റ് പകുതിയിൽ, ആദ്യമായി സക്കറിയയെ ഇന്റർവ്യൂ ചെയ്യുന്നത്, മാധ്യമം ആഴ്ചപ്പതിപ്പിനുവേണ്ടി.

ചോദിച്ചു തുടങ്ങിയത് ഇങ്ങനെയായിരുന്നു: മറിയം റഷീദ രാജ്യദ്രോഹത്തിന്റെ മൂർത്ത പദങ്ങളിലൊന്നായി മാറിയ കാലത്ത്, മലയാളി ബുദ്ധിജീവികൾ റഷീദയുടെ പ്രശ്‌നം ഒരു മനുഷ്യാവകാശ പ്രശ്‌നമായി ഉരിയാടാൻ പോലും അറച്ച സമയത്ത്, കുറേ ലക്ഷം രൂപയും സായുധർ സംരക്ഷിക്കുന്ന ശക്തഭവനവും ഉണ്ടെങ്കിൽ മറിയം റഷീദയെയും ഫൗസിസയെയും ജാമ്യത്തിൽ ഇറക്കുമെന്ന് സക്കറിയ പല തവണ എഴുതി. പൊലീസും മാധ്യമങ്ങളും തൊട്ടതിനെ, അവരത് മറന്നാൽ കൂടി, മലയാളികൾക്ക് പേടിയാണെന്നിരിക്കേ റഷീദയ്ക്ക് വേണ്ടി വാദിക്കുക എന്നത് സാഹസമായിരുന്നു. അല്ലേ?

സക്കറിയ
സക്കറിയ

ഉച്ചകഴിഞ്ഞ് രണ്ടര മണി. കോഴിക്കോട് ജാഫർഖാൻ കോളനി റോഡിലെ കലിക്കറ്റ് ടവർ ഹോട്ടലിൽ (മറൂൺ ഷർട്ടും മുണ്ടും വേഷം) സക്കറിയ ഇങ്ങനെയാണ് മറുപടി പറഞ്ഞത്: സ്ത്രീപക്ഷ സമീപനത്തിന്റെ പ്രശ്‌നമാണിത്. നമ്മൾ മനഃപൂർവം വിചാരിച്ചാൽ മാത്രമേ സ്ത്രീപക്ഷ സമീപനം എടുക്കാൻ പറ്റൂ. പുരുഷമേധാവിത്തം നമ്മുടെ ഓരോ സെല്ലിലും ഉരുക്കി ഉറപ്പിച്ച സാധനമാണ്. പിന്നെ, കേരളത്തിൽ ബുദ്ധിജീവികളും പുസ്തകപ്പുഴുക്കളും മാത്രമേ ഉള്ളൂ. ഫിക്ഷൻ വായിച്ച് ബുദ്ധിജീവി ആവുന്നതുകൊണ്ടുള്ള പ്രശ്‌നമാണിത്. ചരിത്രം, മനുഷ്യന്റെ ചിന്ത സംബന്ധിച്ച കാര്യങ്ങൾ എന്നിവയിൽ ഇക്കൂട്ടർക്ക് അറിവില്ല. ഫാസിസത്തിനെതിരെ എന്തെങ്കിലും പ്രതികരണങ്ങൾ ഉണ്ടാവാത്തതിന്റെ കാര്യം - ഫാസിസം എന്നത് കമ്യൂണിസ്റ്റുകൾ ഇറക്കുമതി ചെയ്ത ഒരു കാര്യമായിട്ടേ മലയാളികൾ അനുഭവിച്ചിട്ടുള്ളൂ. ഇവിടത്തെ ഏറ്റവും ശക്തനായ ബുദ്ധിജീവി പോലും മാർകേസിന്റെയും കുന്ദേരയുടെയും നോവലും കുറച്ച് ലിറ്റററി ക്രിറ്റിസിസവും വായിച്ച് ബുദ്ധിജീവി ആയവരാണ്. സാഹിത്യത്തിന്റെ ലെവലിലേ ഇവരിൽ പലരുടേയും ഇന്റലക്ച്വൽ കപ്പാസിറ്റി വളർന്നിട്ടുള്ളൂ. വേറൊരു തരത്തിൽ ബുദ്ധി വളരാൻ കുറച്ചു കൂടെ വിശാലമായ വായനയും അവബോധവും ഉണ്ടായേ തീരൂ. സാഹിത്യം കൊണ്ടു മാത്രം ഇതു കിട്ടില്ല. ചരിത്രം, ഭൂമി ശാസ്ത്രം, ജന്തുശാസ്ത്രം, ക്വാണ്ടം ഫിസിക്‌സ് - ഇതൊക്കെ ഉൾക്കൊണ്ടേ മതിയാവൂ.

വർഷങ്ങൾക്കിപ്പുറം, വീണ്ടുമൊരു അഭിമുഖം ഇപ്പോഴാണുണ്ടാവുന്നത്. പഴയ അഭിമുഖത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും ഇപ്പോഴത്തെ അഭിമുഖത്തിനുമുമ്പ് വെറുതെ വായിച്ചു നോക്കിയതാണ്. ഇന്നും, വരികളിൽ ഒരിടത്തും മറ്റൊരു നിരീക്ഷണം പകരം വെക്കാനില്ലാത്ത, സൂക്ഷ്മതയോടെയും ജാഗ്രതയോടെയും ഭാവികാലത്തേക്കു നീളുന്നതാണ് സക്കറിയയുടെ പഴയ ഉത്തരങ്ങളും.
എഴുത്തുകാരനും യാത്രികനുമായ സക്കറിയ മനുഷ്യരിൽ മറ്റേവരെയും പോലെ കോവിഡ് തടവുകാലത്തിലാണ് ഇപ്പോൾ. കൊറോണ വൈറസും അതിലേറെ ഉഗ്രരൂപിയും സർവവ്യാപിയുമായ വർഗീയ/ വംശീയ വൈറസുകളും ചുറ്റിലുമുണ്ടെന്ന പേടിപ്പെടുത്തുന്ന സത്യത്തിനു നടുവിലാണ് ഈ സംഭാഷണം.

ഡിജിറ്റൽ മാധ്യമങ്ങളുടെ മേൽക്കൈ സൃഷ്ടിക്കുന്നത് മാരക വിപത്തുകളാണ്. മലയാളികളുടെ ഈ കൊച്ചുദ്വീപിനെ എന്നന്നേക്കുമായി തകർക്കാൻ വർഗീയ വിഷജീവികൾ സോഷ്യൽ മീഡിയയിൽ നിരന്തര പരിശ്രമം നടത്തുകയാണ്.

കമൽറാം സജീവ്: കോവിഡ്- 19 മനുഷ്യരാശിയെ സംബന്ധിച്ച് ഒരു പാരഡൈം ഷിഫ്റ്റാണ്. ഈ മാതൃകാമാറ്റത്തിനു വിധേയമായ ലോകക്രമത്തെക്കുറിച്ച് ആധുനിക ശാസ്ത്രവും സാങ്കേതിക വിദ്യയും അടക്കമുള്ള വൈജ്ഞാനിക- ബൗദ്ധിക മേഖലകളെല്ലാം ഗൗരവമായ വിചാരങ്ങളിലാണ്. പോസ്റ്റ്‌കോവിഡ് എന്ന് പറയാൻപറ്റും എന്ന ഉറപ്പില്ലാത്തതിനാൽ "ലോംഗ് കോവിഡ് ' എന്നാണ് ഇക്കോണമിസ്റ്റ് വാരിക ഈ അവസ്ഥയെ വിശേഷിപ്പിച്ചത്. കോവിഡാനന്തര ലോകത്തെ, അല്ലെങ്കിൽ കോവിഡിനൊപ്പമുള്ള ഭാവിയെ എഴുത്തും വായനയും എങ്ങനെയാണ് രൂപപ്പെടുത്താൻ പോകുന്നത്?

സക്കറിയ: ആശയവിനിയമ മേഖലയിൽ കോവിഡ് നിർണായകങ്ങളായ രണ്ട് വഴിത്തിരിവുകൾ സൃഷ്ടിച്ചു എന്നുതോന്നുന്നു. അച്ചടിയിൽനിന്ന് ഡിജിറ്റലിലേക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവർത്തനത്തിന് അത് വേഗത കൂട്ടി. ഒപ്പം, ഡിജിറ്റലിൽ നടന്നുകൊണ്ടിരുന്ന എഴുത്തിനും വായനക്കുമൊപ്പം സൂം പോലെയുള്ള ആപ്പുകളിലൂടെ ദൃശ്യചർച്ചകൾ സ്ഥാനം പിടിച്ചു. ഇപ്പോൾ ക്ലബ് ഹൗസ് പോലെയുള്ള സംസാരപദ്ധതികളും വന്നെത്തി. ഇവയുടെ പ്രചാരം അതിവേഗവും അതിശക്തവുമാണ്. മറ്റൊരു ദൂരവ്യാപക വഴിമാറ്റം വിദ്യാർഥികൾക്കുണ്ടായതാണ്. അവരുടെ പഠനസംബന്ധിയായ എഴുത്തും വായനയും ഫോണിന്റെ അല്ലെങ്കിൽ കമ്പ്യൂട്ടറിന്റെ സ്‌ക്രീനിലേക്ക് ഏതാണ്ട് പൂർണമായും മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. അവർ എത്രമാത്രം അച്ചടി മാധ്യമത്തിലേക്ക് തിരികെപ്പോകും എന്ന് കണ്ടറിയണം. അതേസമയം, ഡിജിറ്റൽ മാധ്യമങ്ങളുടെ മേൽക്കൈ സൃഷ്ടിക്കുന്നത് മാരക വിപത്തുകളാണ്. ആസൂത്രിതമായി വർഗീയവിഷം നിറച്ച പ്രചാരണങ്ങളും പ്രതികരണങ്ങളും അതിൽ നിറയുന്നു. മലയാളികളുടെ ഈ കൊച്ചുദ്വീപിനെ എന്നന്നേക്കുമായി തകർക്കാൻ വർഗീയ വിഷജീവികൾ സോഷ്യൽ മീഡിയയിൽ നിരന്തര പരിശ്രമം നടത്തുകയാണ്. അതിനിരയാകാൻ തയാറായി നിൽക്കുന്ന മൂഢരായ വ്യക്തികളും ധാരാളം.

എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ മരണം ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നത് കാണുന്നത്.

വർഷങ്ങൾക്കുമുമ്പ് ജാരപർവം എന്ന കഥയിൽ, നട കയറുമ്പോൾ ചിറ്റപ്പൻ പറയുന്നുണ്ട്; "വക്കച്ചാ, നിനക്കറിയാമോ? മരണം കള്ളനെപ്പോലെയല്ല വരുന്നത്. ജാരനെപ്പോലെയാണ്.' ചിറ്റപ്പൻ ഒന്നു നിർത്തി തുടരുന്നത്; "ദൈവവും ജാരനെപ്പോലെയാണ് വരുന്നത്' എന്നാണ്! എവിടെയും മരണത്തക്കാണുന്ന ഭയമെന്ന ഭീകരതയെ ബ്രില്യന്റായി കഥയിൽ എഴുതിയ താങ്കൾക്ക്, ചുറ്റിലും മരണം, ഒളിഞ്ഞും മറഞ്ഞുമല്ലാതെ ഒരു സാധാരണ പരിപാടിയായി നിൽക്കുന്നത് പേടിപ്പിക്കുന്നില്ലേ? ഈ കോവിഡ് കാലത്ത് സക്കറിയയെ ഏറ്റവും ഭയപ്പെടുത്തിയതോ ആശങ്കയിലാക്കിയതോ ആയ ഒരു സംഭവമോ ചിന്തയോ പങ്കുവെക്കാമോ?

മരണം നമ്മുടെ തൊട്ടടുത്തുകൂടി, ഒരുപക്ഷെ, നമ്മെ ഉരസി കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ് എന്ന തിരിച്ചറിയൽ ജീവിതത്തെ സ്‌നേഹിക്കുന്ന ആരെയും കിടിലം കൊള്ളിക്കും. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ മരണം ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നത് കാണുന്നത്. യുദ്ധ ദുരന്തം അനുഭവിച്ചിട്ടുള്ള ജനതകളെയോർത്താൽ- തൊട്ടടുത്തുതന്നെയുള്ള ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, അരനൂറ്റാണ്ടുമുമ്പ് ബംഗ്ലാദേശ്- ഈ മഹാമാരി ഒന്നുമല്ല എന്ന് നമുക്കറിയാം. തൊട്ടടുത്ത വലയങ്ങളിലെ വ്യക്തികൾ മറഞ്ഞുപോയത് നടുക്കി. വീടിനുപുറത്തെ ലോകത്തെവിടെയും, ഏറ്റവും അപ്രതീക്ഷിതങ്ങളായ ഇടങ്ങളിലും തടയാനാവാത്ത ഒരു ശത്രു പതിയിരിപ്പുണ്ട് എന്ന അറിവ് ജീവിതത്തെ സംബന്ധിച്ച എല്ലാ ഉറപ്പുകളെയും ചീന്തിയെറിയുന്നു.

മെെസൂരിലെ ബി.എ. പഠനകാലത്ത്
മെെസൂരിലെ ബി.എ. പഠനകാലത്ത്

ജീവിതത്തെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ, ശാരീരിക അകലം പാലിക്കൽ, സാമൂഹിക ജീവിതത്തിൽ നിന്നുള്ള പിൻവാങ്ങൽ എന്നിവ കോവിഡിനോടുള്ള പ്രാഥമികമായ പ്രതികരണങ്ങളായിരുന്നു. എന്നാൽ, ഈ ആരോഗ്യ പ്രതിരോധ പ്രക്രിയകളെ ലോകത്തെങ്ങുമുള്ള ഭരണകൂടങ്ങൾ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്. നമ്മുടെ രാജ്യത്തടക്കം, democracy- dictatorship എന്നൊരു ബൈനറിയെ, കോവിഡ് കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ടോ?

‘യുദ്ധകാലാടിസ്ഥാനത്തിൽ' എന്നൊരു പദമുണ്ടല്ലോ. അത് പ്രയോഗിക്കപ്പെട്ടുകഴിഞ്ഞാൽ നടപ്പിലുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഇല്ലാതാകുന്നു. കോവിഡിന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത് എന്നു പറയാം. ഈ നിയന്ത്രണങ്ങളെ വ്യവസ്ഥാപിതമാക്കാൻ ആഗ്രഹിക്കുന്ന ഭരണകൂടങ്ങളുണ്ടാകും- ഇന്ത്യയിലടക്കം. എന്റെ ഓർമ ശരിയാണെങ്കിൽ, മോദി സർക്കാറും യു.പി. സർക്കാറും കോവിഡിനെ സംബന്ധിച്ച യഥാർഥ വിവരങ്ങൾ പുറത്തുവിട്ട മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി. പ്രബലരായ ബി.ജെ.പി ഇതര രാഷ്ട്രീയശക്തികൾ പല സംസ്ഥാനങ്ങളിലും ഭരിക്കുന്ന ഇന്നത്തെ ഇന്ത്യയിൽ ഒരു തുറന്ന സ്വേച്ഛാധിപത്യം എന്തു പേരിലാണെങ്കിലും പ്രായോഗികമാണോ എന്ന് സംശയിക്കണം. എന്റെ ഉറച്ചവിശ്വാസം- ഇത് തെറ്റാണോ എന്ന് കാലം തെളിയിക്കട്ടെ- ഒരു തള്ളവിരലിനടിയിൽ ഒതുങ്ങുന്ന രാഷ്ട്രമല്ല ഇന്ത്യ. ഗാന്ധിജി 500 ലേറെ നാട്ടുരാജ്യങ്ങളെയും നൂറുകണക്കിന് സംസ്‌കാരങ്ങളെയും ഇന്ത്യ എന്ന ആശയത്തിന്റെ കുടക്കീഴിൽ കൊണ്ടുവന്നപ്പോൾ അദ്ദേഹം താനറിയാതെ നമുക്ക് സ്വേച്ഛാധിപത്യത്തിനെതിരെയുള്ള നൂറുകണക്കിന് മുനകളുള്ള ഒരു ആയുധം തരികയായിരുന്നു. അതിന്റെ മൂർച്ച പോയിട്ടില്ല എന്നാണ് എന്റെ വിശ്വാസം.

മോദിയുടെ വളർച്ചക്കുമുന്നിൽ എല്ലാം കൈവിട്ടുപോയി എന്ന പ്രതീതി ശക്തമായിക്കൊണ്ടിരുന്നപ്പോഴാണ് ബംഗാളിലും കേരളത്തിലും തമിഴ്‌നാട്ടിലും സംശയലേശമില്ലാത്ത നിർണായകമായ പ്രതിരോധം ഉയർന്നുവന്നത്.

തുടർച്ചയായി രണ്ടുതവണ കേന്ദ്രത്തിൽ ബി.ജെ.പിക്ക് അധികാരത്തിലെത്താൻ കഴിഞ്ഞു. എന്നാൽ, ഈ രണ്ടു ടേമുകളിൽ ഇതുവരെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജനവിധി പൊതുവെ ബി.ജെ.പിക്കെതിരാണ് എന്നുതന്നെ പറയാം, പ്രത്യേകിച്ച് ഈയിടെ നടന്ന കേരളം, തമിഴ്‌നാട്, ബംഗാൾ തെരഞ്ഞെടുപ്പുകളിൽ. ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയം പോലും ഉന്നയിക്കാനാകാതെ, മതവും ദൈവവും പ്രചാരണ വിഷയമാക്കിയാണ് ഈ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി മത്സരിച്ചത്. കേരളം പോലൊരു സംസ്ഥാനത്ത് ജനവിധി അട്ടിമറിക്കാനെന്നവിധം, കുഴൽപ്പണത്തിന്റെ പോലും ഒഴുക്കുണ്ടായതായി ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നു. ജനവിധി മാത്രമല്ല, നോട്ടുനിരോധനം പോലുള്ള നടപടികൾക്കെതിരായ പ്രതിഷേധം മുതൽ, കോവിഡ് ലോക്ക്ഡൗൺ മുതൽ, കർഷക സമരം മുതൽ, കോവിഡ് വാക്‌സിൻ വിതരണം വരെ പല തലങ്ങളിൽ ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനും എതിരെ സംസ്ഥാനതലങ്ങളിൽ രൂക്ഷമായ രാഷ്ട്രീയ എതിർപ്പ് രൂപപ്പെടുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഫെഡറലിസം എന്ന ഇന്ത്യയുടെ ഭരണഘടനാപരമായ സത്തക്കെതിരെ കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്ന അതിരൂക്ഷമായ ആക്രമണത്തെ നോക്കിക്കാണാൻ. ഫെഡറലിസം എന്ന വികേന്ദ്രീകൃതമായ ഒരു രാഷ്ട്രീയാസ്തിത്വം സംരക്ഷിച്ചുനിർത്തുന്നതിലും കേന്ദ്ര ഭരണകൂടത്തിന്റെ ആക്രമണോത്സുകതയെ നേരിടുന്നതിലും പ്രാദേശിക തലങ്ങളിൽ രൂപപ്പെടുന്ന രാഷ്ട്രീയപ്രതിരോധങ്ങൾ എത്രമാത്രം സമർഥമാണ്?

പ്രാദേശിക തലത്തിലുള്ള രാഷ്ട്രീയ ശക്തികൾക്കുമാത്രമേ ഫെഡറൽ സംവിധാനത്തെ രക്ഷിക്കാനും സ്വേച്ഛാധിപത്യമോഹിയായ ഏതൊരു കേന്ദ്രഭരണകൂടത്തിനുമെതിരെ പ്രതിരോധം സൃഷ്ടിക്കാനും കഴിയൂ. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം കാണിച്ചുതരുന്ന വസ്തുതയാണത്. മോദിയുടെ വളർച്ചക്കുമുന്നിൽ എല്ലാം കൈവിട്ടുപോയി എന്ന പ്രതീതി ശക്തമായിക്കൊണ്ടിരുന്നപ്പോഴാണ് ബംഗാളിലും കേരളത്തിലും തമിഴ്‌നാട്ടിലും സംശയലേശമില്ലാത്ത നിർണായകമായ പ്രതിരോധം ഉയർന്നുവന്നത്. പുതുച്ചേരിയിൽ എ.ഐ.ഡി.എം.കെയുടെ സാരിയിൽ തൂങ്ങി ബി.ജെ.പി സംഖ്യാബലമുണ്ടാക്കിയെങ്കിലും മുഖ്യമന്ത്രിയെ കസേരയിലിരുത്താനല്ലാതെ മന്ത്രസഭയുണ്ടാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. സംഘപരിവാറിന്റെ ഇന്ത്യാസ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ മോദി എത്രമാത്രം പര്യാപ്തനാണ് എന്നുസംശയിക്കണം. കാരണം, മോദിക്ക് മോദി മാത്രമേയുള്ളൂ. അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടത്, ഒരു യോഗിയെ കാഴ്ചക്കാരനാക്കി നിർത്തിക്കൊണ്ട്, മോദി തന്നെയായിരുന്നു എന്നോർക്കുക.

പിണറായി വിജയൻ, മമതാ ബാനർജി, എം.കെ. സ്റ്റാലിൻ
പിണറായി വിജയൻ, മമതാ ബാനർജി, എം.കെ. സ്റ്റാലിൻ

ലക്ഷദ്വീപ് സംഘ്പരിവാറിന്റെയും കോർപറേറ്റുകളുടെയും ഒരു ഉന്നമാണ്. എന്നാൽ, ദ്വീപ് ജനതയ്ക്ക് ജനാധിപത്യപരമായ ഒരു ചെറുത്തുനിൽപിലേക്ക് എങ്ങനെ അവരുടെ ജീവിതത്തെ വികസിപ്പിക്കാനാകും?

സത്യം പറഞ്ഞാൽ എനിക്ക് ഉത്തരമില്ല. ദ്വീപുകാരെ ഞാൻ മനസ്സിലാക്കിയിട്ടില്ല. എന്തുകൊണ്ടാണ് ഇതൊക്കെ സംഭവിക്കും മുമ്പുതന്നെ കേന്ദ്രത്തിലെ ഭരണകൂടങ്ങൾ ലക്ഷദ്വീപിനെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നില്ല എന്നും മനസ്സിലാകുന്നില്ല. അവിടുത്തെ നിഷ്‌കളങ്കരായ മനുഷ്യരെ ആരെക്കെയോ ചേർന്ന് വർഷങ്ങളായി ചൂഷണം ചെയ്യുന്നുണ്ട് എന്നുതോന്നുന്നു. ഇപ്പോൾ വന്നിരിക്കുന്ന അഡ്മിനിസ്‌ട്രേറ്റർ ദ്വീപിനെ കേന്ദ്രീകരിച്ചുള്ള വിവിധ കോർപറേറ്റ് പദ്ധതികൾ നടപ്പിലാക്കാൻ നിയമിക്കപ്പെട്ട ഒരു പ്രൊജക്റ്റ് മാനേജർ മാത്രമാണ്. അയാളെ ഹിന്ദുത്വ പ്രൊജക്ടുകളും കൂടി ഏൽപ്പിച്ചിരിക്കുന്നു എന്നുമാത്രം. അവിടുത്തെ, ഞാൻ മനസ്സിലാക്കുന്നത് ശരിയെങ്കിൽ രാഷ്ട്രീയ തിരിച്ചറിവുകൾ തീരെക്കുറവായ ജനതയെ, പ്രക്ഷോഭത്തിലേക്കും മറ്റും തിരിച്ചുവിട്ടാൽ എന്താണ് സംഭവിക്കുക എന്നറിഞ്ഞുകൂടാ. ഈ ധാരണ തന്നെ ഒരുപക്ഷെ തെറ്റായിരിക്കാം.

ഞാൻ ഏതെങ്കിലുമൊരു പക്ഷത്താണെങ്കിൽ അത് ഇടതുപക്ഷമാണ്. പക്ഷെ, തീർച്ചയായും അതിന്റെയർഥം ഇടതുപക്ഷ പാർട്ടികളുടെയൊപ്പമാണെന്നല്ല.

ഇടതുപക്ഷത്തിന്റെ പ്രതിപക്ഷത്തായിരുന്നു സക്കറിയ എപ്പോഴും. പക്ഷേ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ്, ഇടതുപക്ഷത്തിന്റെ തുടർഭരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് താങ്കൾ ദേശാഭിമാനിയിൽ എഴുതി. പ്രതിപക്ഷത്തുനിന്ന് ഭരണപക്ഷമായ ഇടതുപക്ഷത്തേക്ക് താങ്കൾ മാറിയതിനെക്കുറിച്ച് വിമർശനങ്ങളും ഉയർന്നിരുന്നു. എന്താണ് പ്രതിപക്ഷത്തുനിന്ന് രാജിവെയ്ക്കാൻ താങ്കളെ പ്രേരിപ്പിച്ചത്? ഇടതു സർക്കാരിലെ പ്രതീക്ഷ എന്തൊക്കെയാണ്? കേരളത്തിൽ പിണറായി വിജയൻ നയിക്കുന്ന ഭരണപക്ഷത്തിന്റെയും വി.ഡി. സതീശൻ നയിക്കുന്ന പ്രതിപക്ഷത്തിന്റെയും രാഷ്ട്രീയഭാവിയെക്കുറിച്ച് എന്തു പറയുന്നു?

ഞാൻ എല്ലാ ഭരണകൂടങ്ങളുടെയും പ്രതിപക്ഷത്ത് നിൽക്കുന്നവനാണ്. നാളെ സാഹിത്യകാരന്മാരുടെ ഒരു ഭരണകൂടം നിലവിൽവന്നാലും ഞാനതിനെതിരെ നിലകൊള്ളും. കാരണം, അധികാരം വല്ലാത്ത ഒരിടപാടാണ്. അത് അശുദ്ധമാക്കാത്തവരില്ല. ഞാൻ ഏതെങ്കിലുമൊരു പക്ഷത്താണെങ്കിൽ അത് ഇടതുപക്ഷമാണ്. പക്ഷെ, തീർച്ചയായും അതിന്റെയർഥം ഇടതുപക്ഷ പാർട്ടികളുടെയൊപ്പമാണെന്നല്ല. മാർക്‌സ് മുന്നോട്ടുവച്ച, ഗാന്ധിജി മുന്നോട്ടുവെച്ച, യേശു ഉയർത്തിപ്പിടിച്ച, തോറോ വിശ്വസിച്ച, ചില സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ ചില രീതികളിൽ നിലവിലുള്ള, ഇടതുപക്ഷമാണ്.
കേരളത്തിൽ ഇന്ന് ഇടതുപക്ഷത്തോടൊപ്പം നിൽക്കേണ്ടത് കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ഭാവിയോടനുബന്ധിച്ച ഒരാവശ്യമാണ്. ഇടതുപക്ഷത്തിന് ഒരു അഖിലേന്ത്യാ സാന്നിധ്യമില്ല എന്നത് ശരിതന്നെ. പക്ഷെ, കേരളത്തിലെ ഇടതുപക്ഷത്തിന്റെ സാന്നിധ്യം അതിനാൽ തന്നെ- അതിന്റെ എല്ലാ വലുതും ചെറുതുമായ വീഴ്ചകളോടും കൂടി- കേന്ദ്രം ഭരിക്കുന്ന ഫെഡറൽ വിരുദ്ധ, മതേതരത്വ- ജനാധിപത്യ വിരോധിയായ ഭരണകൂടത്തിനെതിരെയുള്ള വളരെ പ്രധാനപ്പെട്ട പ്രതിരോധങ്ങളിലൊന്നാണ്. ഇപ്പോഴുള്ള ഭരണകൂടം ജനങ്ങൾക്കുവേണ്ടി നല്ലതുചെയ്യുമെന്ന് ഞാൻ ഹൃദയപൂർവം പ്രതീക്ഷിക്കുന്നു.
വി.ഡി. സതീശന്റെയും കെ. സുധാകരന്റെയും വരവ് ഒരു നല്ല ശകുനമായാണ് ഞാൻ കാണുന്നത്. പക്ഷെ, കോൺഗ്രസിന്റെ ജനിതകങ്ങളിലുള്ള ആത്മഹത്യാപ്രവണതയെ നേരിടാൻ അദ്ദേഹത്തിനും കഴിയുമോ? അതിലെ നിർല്ലജ്ജരായ അവസരവാദികളെ എങ്ങനെ കൈകാര്യം ചെയ്യും?

വി.ഡി. സതീശൻ
വി.ഡി. സതീശൻ

കോൺഗ്രസിന്റെ തിരിച്ചുവരവാഗ്രഹിച്ച് സക്കറിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും തമ്മിൽ വലിയ വ്യത്യാസമില്ലാത്ത വോട്ട് ഷെയർ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. കോൺഗ്രസിലെ തന്നെ നേതാക്കളുടെ അഭിപ്രായത്തിൽ പൊട്ടെൻഷ്യൽ ബി.ജെ.പി.ക്കാർ ഏറ്റവും കൂടുതലുള്ള പാർട്ടി കൂടിയാണത്. കേരള രാഷ്ട്രീയം കോൺഗ്രസിനെ ഏതുതരത്തിലാണ് ഇനി ഉൾക്കൊള്ളുക?

അത് കോൺഗ്രസ് അതിനെത്തന്നെ രക്ഷിക്കാനായി എന്തുചെയ്യുന്നുവെന്നതിനെ അനുസരിച്ചിരിക്കും. സ്ഥാനമോഹികളെയും ദ്രവ്യാർത്തിയുടെ മൂർത്തീകരണങ്ങളെയും മാറ്റിനിർത്തി, താരതമ്യേനയെങ്കിലും മലയാളികളോട് കൂറുപുലർത്തുന്ന, വർഗീയതയുടെ പ്രലോഭനങ്ങളിൽ- ശബരിമലക്കാര്യത്തിൽ സംഭവിച്ച പരിഹാസ്യമായ അബദ്ധം പോലെ- ചെന്നുവീഴാത്ത, കൃത്യമായ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന ഒരു പാർട്ടിയെ സംഘടനാതെരഞ്ഞെടുപ്പുനടത്തി ചുവട്ടിൽനിന്ന് പൊക്കിയെടുക്കാൻ കഴിഞ്ഞാൽ ആ കോൺഗ്രസ് കേരളത്തിന് ഒരു നല്ല സമ്പാദ്യമായിരിക്കും. പക്ഷെ, ഭയങ്കരമായ ഒരു ഭൂത- പ്രേത ഉച്ചാടനം അതിനാവശ്യമായി വരും. ആരത് ചെയ്യും? ഡൽഹിയിലെ ഉത്തരവുകൾ നോക്കിയിരുന്നാൽ, അടുത്ത തവണയും മറ്റാരെങ്കിലും അധികാരത്തിൽ വരുന്നത് കോൺഗ്രസിന് കണ്ടിരിക്കേണ്ടിവന്നേക്കാം. കോൺഗ്രസ് ഒരു നല്ല പാർട്ടിയാണെന്ന് വിശ്വസിക്കുന്ന കോൺഗ്രസുകാർ തന്നെ ചുരുക്കം. പക്ഷെ, എല്ലാ കോൺഗ്രസുകാരും ബി.ജെ.പിയിലേക്ക് ചേക്കേറും തുടങ്ങിയ പ്രചാരണങ്ങൾ അസംബന്ധമാണ്. നേതാക്കളുടെ ഹൃദയങ്ങളിലില്ലെങ്കിലും മലയാളികളുടെ മനസ്സിൽ മറ്റൊരു കോൺഗ്രസ് ബാക്കിനിൽക്കുന്നുണ്ട്.

സക്കറിയ, ആർ.ആർ. വർമ്മ, ജോൺ എബ്രഹാം
സക്കറിയ, ആർ.ആർ. വർമ്മ, ജോൺ എബ്രഹാം

സക്കറിയയുടെ സത്യപ്രതിജ്ഞ എന്ന കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്:
"നീ ദൈവത്തിൽ അവിശ്വസിക്കുന്നോ?'
"അവിശ്വസിക്കുന്നേൻ.'
"സത്യം?'
"ദൈവത്താണ സത്യം'
"ആമേൻ'
2006 ൽ അഡ്വ.എം.എം. മോനായിയും ഐഷ പോറ്റിയും എം.എൽ.എമാരായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന് പിണറായി വിജയൻ സെക്രട്ടറിയായ അന്നത്തെ പാർട്ടി ശാസിച്ചു. മാർക്‌സിസ്റ്റ് ദർശനത്തിന് നിരക്കാത്ത നടപടിയെന്നാണ് സംസ്ഥാന കമ്മിറ്റി വിമർശിച്ചത്. പിന്നീട്​ ഐഷ പോറ്റിക്ക് ദൃഢപ്രതിജ്ഞ എടുക്കേണ്ടിവന്നു. ഇത്തവണ നിരവധി എം.എൽ.എമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിതിട്ടും പാർട്ടി അത് അംഗീകരിച്ചു. വൈരുധ്യാത്മക ഭൗതികവാദം കേരളത്തിന്റെ സാഹചര്യത്തിൽ പ്രായോഗികമല്ല എന്ന എം.വി.ഗോവിന്ദന്റെ "കണ്ടുപിടുത്തം' ചേർത്തുവായിച്ചാൽ കേരളത്തിലെ മാർക്‌സിസ്റ്റ് പാർട്ടിക്കുണ്ടായ ഈ മാറ്റത്തെ എങ്ങനെ വ്യാഖ്യാനിക്കാം?

മാർക്‌സിസ്റ്റ് പാർട്ടി ഇത്തരം അപ്രധാന വിശദാംശങ്ങൾക്ക് വില കൽപ്പിക്കാതായി എന്നർഥം. എം.വി. ഗോവിന്ദൻ പറഞ്ഞത് ശരിയാണ്; ദൈവം ദൈവത്തിന്റെ വഴിക്ക്, പാർട്ടി പാർട്ടിയുടെ വഴിക്ക് എന്ന നിലപാടാണത്. ദൈവവിശ്വാസികൾക്ക് പാർട്ടിയിലിടമില്ല തുടങ്ങിയ നിലപാടുകൾ സ്റ്റാലിനിസ്റ്റ് കാലത്ത് വന്നുചേർന്നതാണ്. എനിക്കറിയാവുന്ന പല പൂജാരിമാരും കമ്യൂണിസ്റ്റുകാരാണ്. ഇന്ത്യയിലെ ഏറ്റവും പരിപാവനമായ ഒരു ഹിമാലയൻ ക്ഷേത്രത്തിൽ ചെന്നപ്പോൾ മലയാളിയായ പൂജാരിയുടെ മേശപ്പുറത്തുകിടക്കുന്നത് ദേശാഭിമാനിയാണ്. ഈ വൈരുദ്ധ്യാത്മകത മനസ്സിലാക്കേണ്ടതും ഉൾക്കൊള്ളേണ്ടതുമല്ലേ? ഇവിടുത്തെ മതങ്ങളുടെ അഹങ്കാരത്തേക്കാൾ വളരെ വലിയ ഒരു അഹങ്കാരത്തെയാണ് കേരള ഭരണകൂടം കേന്ദ്രത്തിൽ നേരിടുന്നത്. ഇവിടുത്തെ മതങ്ങളെ കൈകാര്യം ചെയ്യാൻ പാർട്ടി സാമാന്യം പഠിച്ചുകഴിഞ്ഞു- 1957 മുതൽ 64 വർഷമായില്ലേ അത് ഈ കളത്തിൽ കളിക്കാൻ തുടങ്ങിയിട്ട്. ജാതികളുടെ കാര്യമെടുത്താൽ, വെള്ളാപ്പള്ളി നടേശനും ജി. സുകുമാരൻ നായരും അന്തിമവിശകലനത്തിൽ, കടലാസ് പുലികൾ പോലുമല്ല എന്നും രണ്ടുമൂന്ന് പത്രങ്ങളുടെയും ചാനലുകളുടെയും നിർമിതിയാണെന്നും അറിയാത്തയാളാണോ പിണറായി വിജയൻ?

പുതിയ പിണറായി വിജയൻ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആരോഗ്യമന്ത്രി വീണാ ജോർജ്. ദെെവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ
പുതിയ പിണറായി വിജയൻ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആരോഗ്യമന്ത്രി വീണാ ജോർജ്. ദെെവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ

അതിസൂക്ഷ്മമായ ഇക്കോ വ്യൂഹങ്ങളെ കഥകളിൽ അനായാസമായി സന്നിവേശിപ്പിച്ചിട്ടുള്ള കഥാകൃത്താണ് സക്കറിയ. പാരിസ്ഥിതികമായി കേരളം അതീവ ഗുരുതരമായ അവസ്ഥയിലാണ്. കഴിഞ്ഞ വർഷങ്ങളിൽ നാം നേരിട്ട ദുരന്തങ്ങൾ പോലും നയപരിപാടികളിലെ ഒരു പാഠമായി അന്നും തുടർന്നും ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ സർക്കാറിനു മുന്നിലില്ല. പാരിസ്ഥിതിക അനുഭവങ്ങളുടെ കാര്യത്തിൽ ഒരു മാറ്റവുമില്ലാതെ തുടരുന്ന കമ്യൂണിസ്റ്റ് യാഥാസ്ഥിതികത കേരളത്തിന്റെ ഭാവിയെ എങ്ങനെ ബാധിക്കും?

പരിസ്ഥിതിയോടുള്ള പിണറായി 1.0 ന്റെ സമീപനം ഉദാസീനതകളും അലംഭാവങ്ങളും മൗനസമ്മതങ്ങളുും നിറഞ്ഞതായിരുന്നു. ഈ അലംഭാവം തുടർന്നാൽ അത് കേരളത്തിന്റെ വർത്തമാനകാലത്തെയും ഭാവിയെയും ഗുരുതരമായ രീതികളിൽ ബാധിക്കും. പുരോഗതി നേടിയ സമൂഹങ്ങളിൽ ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രം തന്നെ പരിസ്ഥിതി- അധിഷ്ഠിതമാണ്. ‘യാഥാസ്ഥിതികത' എന്ന വാക്ക് ശരിയാണ്. സി.പി.എം. ചെയ്യുന്നത് പരിസ്ഥിതിയെ സംബന്ധിച്ച ഏറ്റവും ആധുനികവും ജീവന്മരണ പ്രാധാന്യമുള്ളതുമായ തിരിച്ചറിവുകളുടെ നേരെ കണ്ണടയ്ക്കലാണ്. പുരോഗതിയും പരിസ്ഥിതിയും പരസ്പര വിരുദ്ധങ്ങളല്ല. പാശ്ചാത്യ രാജ്യങ്ങളിലെ നിത്യസന്ദർശകരായ ഇടതുപക്ഷനേതാക്കൾ അവിടെയെങ്ങനെയാണ് പരിസ്ഥിതിയും വികസനവും ഒന്നുചേർന്ന് പോകുന്നത് എന്ന് കാണാത്തവരുമല്ല. പക്ഷെ, ഇവിടെയവർ ഒരു ഫ്യൂഡൽ, പ്രതിലോമകാരിയായ സമീപനമാണ് പരിസ്ഥിതിയോട് അവലംബിക്കുന്നത്. കാരണം, ലളിതമാണ്: പരിസ്ഥിതിക്ക് അനുകൂലമായ നയങ്ങൾ ഇടതുപക്ഷത്തുതന്നെയുള്ള പരിസ്ഥിതി ചൂഷകലോബികൾക്ക് എതിരാവും.. മണൽവാരൽ മാഫിയകൾ ഇതിന്റെ കുപ്രസിദ്ധമായ ഉദാഹരണങ്ങളിലൊന്നുമാത്രമാണ്. മുതലാളിത്തമായിരുന്നു ഒരിക്കൽ ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി നശീകരണശക്തി. അതിനുപോലും മാനസാന്തരം വന്നു. അപ്പോഴിതാ, ഇടതുപക്ഷം അതേ മനഃശാസ്ത്രം വച്ചുപുലർത്തുന്നവരായിത്തീർന്നിരിക്കുന്നു.

ആർട്ടിസ്റ്റുകളുടെ സ്ത്രീകളോടുള്ള സമീപനമടക്കമുള്ള സ്വകാര്യതകളെ സദാചാരപരമോ പ്രത്യയശാസ്ത്രപരമോ ആയ അളവുകോലുകൊണ്ട് അളന്നാൽ ഒരുപക്ഷേ, വളരെ ചുരുക്കം ആർട്ടിസ്റ്റുകളേ ആ കണക്കെടുപ്പിൽ വിജയിക്കൂ.

ഇത് പരിസ്ഥിതിയോടുള്ള സമീപനത്തിന്റെ ഒരു വശം മാത്രമാണ്. മറുവശത്ത് സംസ്‌കാരചിത്തരായ ആരെയും നാണം കെടുത്തുംവിധം പരിസ്ഥിതി മലിനീകരണം നാടിനെ വിഴുങ്ങി. കേരളം ചീഞ്ഞളിയുന്ന വഴിയോര മാലിന്യക്കൂമ്പാരങ്ങളുടെയും ദുർഗന്ധം വമിക്കുന്ന മാലിന്യപ്രവാഹങ്ങളായിത്തീർന്ന പുഴകളുടെയും നാടായി മാറി. വിനോദസഞ്ചാരം ഒരേയൊരു സാമ്പത്തിക ലൈഫ് ലൈൻ ആയിത്തീർന്നിട്ടുള്ള ഒരു സമൂഹമാണ്, ഏതൊരു പരിസ്ഥിതിയാണോ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നത്, അതിനെ മാലിന്യങ്ങൾ കൊണ്ട് വിരൂപവും വിഷമയവുമാക്കിത്തീർക്കുന്നത്. മലയാളികളുടെ ആരോഗ്യപ്രശ്‌നങ്ങളുടെ പ്രധാന സ്രോതസ്സ് അഴുകിച്ചീഞ്ഞ പരിസരങ്ങളാണ് എന്ന് ഏത് ശിശുവിനും മനസിലാകേണ്ടതാണ്. കേരളത്തിലൊട്ടാകെ, സമഗ്രവും ശാസ്ത്രീയവും ജനജീവിതത്തെ ബാധിക്കാത്തതുമായ രീതിയിലുള്ള ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മാലിന്യസംസ്‌കരണശാലകളുടെ ഒരു ശൃംഖല സൃഷ്ടിക്കുകയാണ്, തിരുവനന്തപുരത്തുനിന്ന് കാസർകോട്ട് നാലുമണിക്കൂറിൽ ഓടിച്ചെല്ലാനുള്ള അസ്വഭാവികമായ തത്രപ്പാടിനേക്കാൾ പ്രധാനം. പക്ഷെ, എവിടെയോ ഇടതുപക്ഷത്തിന് മാരകമായ പിഴവ് സംഭവിച്ചിരിക്കുന്നു. മൂക്കുപൊത്താതെ വഴി നടക്കാവുന്ന ഒരു കേരളമായിരുന്നു അത് മലയാളികൾക്ക് നൽകേണ്ട സ്വപ്നങ്ങളിലൊന്ന്. പക്ഷെ, പരിസ്ഥിതി വിരുദ്ധ പഴയ സ്റ്റാലിനിസ്റ്റ് ഭൂതം അതിനെ വിട്ടുപോയിട്ടില്ല.

ഇടതുപക്ഷത്തിന്റെ സൈബർ പട്ടാളക്കാരുടെ സാംസ്‌കാരിക വിലയിടിവിനേക്കാൾ ഞാൻ ഭയപ്പെടുന്നത് വർഗീയവാദികളുടെ കൂസലില്ലാത്ത വിഷം വമിക്കലുകളെയാണ്.

ലൈംഗികതയുടെ കാര്യത്തിൽ പുലർത്തുന്ന യാഥാസ്ഥിതിക നിലപാടിനെ വിമർശിച്ചതിന് മുമ്പ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ താങ്കളെ ശാരീരികമായി ആക്രമിച്ചു. ഇന്ന് വിമർശനങ്ങളെ വെർബൽ ഹിംസ ചെയ്യുന്ന സൈബർ സംഘങ്ങൾ വ്യാപകമാണ്. സെക്യുലർ എന്നും ഇടതുപക്ഷം എന്നുമുള്ള രീതിയിൽ പ്രത്യക്ഷപ്പെടുന്നവർ തന്നെ പച്ചയായ വർഗീയതയും മനുഷ്യവിരുദ്ധതയും പ്രകടിപ്പിക്കുന്നു. സോഷ്യൽ മീഡിയക്ക് ഉണ്ടെന്നു പറയുന്ന ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും ബഹുസ്വര ലോകത്തെ ഇടതുപക്ഷം അടക്കമുള്ള പ്രത്യയ ശാസ്ത്രങ്ങളുടെ സാന്നിധ്യത്തെ എങ്ങനെ വിലയിരുത്തുന്നു?

എല്ലാ ജനാധിപത്യ സംരംഭങ്ങളെയും പോലെ സോഷ്യൽ മീഡിയയെയും അതിവേഗമാണ് ജനാധിപത്യവിരുദ്ധ, വർഗീയ, പ്രതിലോമ വിഭാഗങ്ങൾ കൈയേറിയത്. ജനാധിപത്യത്തിന്റെ ദുഃഖകരമായ യാഥാർഥ്യമാണത്. ഇന്ത്യയടക്കം എത്രയോ രാജ്യങ്ങളിൽ ജനാധിപത്യത്തിന്റെ മൃദുലതകളെയും സൗകര്യങ്ങളെയും ഉപയോഗിച്ചാണ് സ്വേച്ഛാധിപത്യ- ഫാസിസ്റ്റ് ശക്തികൾ അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പ് സമ്പ്രദായത്തെയും സമൂഹത്തിലെ വിഭാഗീയതകളെയും മാധ്യമങ്ങളുടെ അവസരവാദത്തെയും മതാന്ധതകളെയും ആസൂത്രിതമായി ഉപയോഗിക്കാൻ അവർ വിദഗ്ധരാണ്. ഇടതുപക്ഷത്തിന്റെ സൈബർ പട്ടാളക്കാരുടെ സാംസ്‌കാരിക വിലയിടിവിനേക്കാൾ ഞാൻ ഭയപ്പെടുന്നത് വർഗീയവാദികളുടെ കൂസലില്ലാത്ത വിഷം വമിക്കലുകളെയാണ്.

ജി. അരവിന്ദൻ, സക്കറിയ
ജി. അരവിന്ദൻ, സക്കറിയ

ഇന്ന് പലരും ശ്രദ്ധിച്ചുകഴിഞ്ഞതുപോലെ, വർഗീയവാദികൾ, കേരളത്തിൽ ഒരു വമ്പിച്ച ക്രിസ്ത്യൻ- മുസ്‌ലിം സംഘർഷം സൃഷ്ടിക്കാൻ നടത്തുന്ന ഭീകരാക്രമണതുല്യമായ ശ്രമങ്ങൾ ഉദാഹരണം. സോഷ്യൽ മീഡിയയാണ് അതിന്റെ പ്രധാന പ്ലാറ്റ്‌ഫോം. കേരളത്തിന്റെ അടിത്തറയെത്തന്നെ ഇളക്കിയേക്കാവുന്ന ഈ ഭീകരതയെ പിന്തുണയ്ക്കുന്ന കൂലിപ്പട്ടാളക്കാരും ക്രിസ്ത്യാനികൾക്കിടയിലും മുസ്‌ലിംകൾക്കിടയിലും പ്രവർത്തിക്കുന്നുണ്ട്. പ്രത്യേകിച്ച് ചില ക്രൈസ്തവ പുരോഹിതന്മാർ. കേരളത്തെ സ്‌നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ ഞാൻ സി.പി.എമ്മിന്റെ കൂലിപ്പട്ടാളത്തിന്റെ ആക്രമണങ്ങളേക്കാൾ ആശങ്കയോടെ കാണുന്നത് ഈ പ്രതിഭാസമാണ്. നിർഭാഗ്യവശാൽ ഇത്രമേൽ ആപത്ക്കരവും സർവനാശകരവുമായ ഒരു പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നതിനെ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയപാർട്ടിയും കണ്ടതായിപ്പോലും നടിക്കുന്നില്ല. ഭരണകൂടവും അങ്ങനെത്തന്നെ. ഇത് നമ്മെ ഒരു വമ്പിച്ച ആപത്തിലേക്കെത്തിക്കാൻ വഴിയുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾ ഇതിനെ ഇതുവരെ ഏറ്റെടുത്ത് എരിയുന്ന തീയിൽ എണ്ണയൊഴിക്കുന്നില്ല എന്നതാണ് താൽക്കാലികമായ രജതരേഖ.

ഇന്ത്യയിലെ ദാരിദ്ര്യം അവസാനിക്കാതെ ഒരു ഡിജിറ്റൽ വിപ്ലവം സാധ്യമല്ല. അതുകൊണ്ട്, ഇന്ത്യയിൽ വൻതോതിലുള്ള മാറ്റത്തിന് ഇനിയും സമയമെടുത്തേക്കും.

വൈരമുത്തുവിന് ഒ. എൻ. വി. പുരസ്‌കാരം നൽകുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുണ്ടായി. ആർട്ടിനെയും ആർട്ടിസ്റ്റിനെയും ഒന്നായി കാണണമെന്നും അതിന്റെ ആവശ്യമില്ല എന്നുമുള്ള രണ്ട് വാദങ്ങൾ ഉന്നയിക്കപ്പെട്ടു. ഒപ്പം മീ റ്റൂ പ്രസ്ഥാനവും അതിന്റെ ചരിത്രവും പരിഗണിക്കപ്പെടാതെ പോകുന്ന ലൈംഗികാക്രമണ ആരോപണങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്ന ആരോപണങ്ങളും ചർച്ച ചെയ്യപ്പെട്ടു. താങ്കളുടെ പക്ഷം ഏതാണ്?

ആർട്ട് ആർട്ടിസ്റ്റിൽ നിന്ന് വിഭിന്നമാണോ എന്ന ചോദ്യം വളരെ സാമാന്യവൽക്കരിക്കപ്പെട്ട ഒന്നാണ്. ആർട്ടിസ്റ്റിന്റെ സ്വകാര്യ ജീവിതം ആർട്ടിൽ നിന്ന് വിഭിന്നമാണോ എന്നതാണ് ചോദ്യം. ആർട്ടിസ്റ്റുകളുടെ സ്ത്രീകളോടുള്ള സമീപനമടക്കമുള്ള സ്വകാര്യതകളെ സദാചാരപരമോ പ്രത്യയശാസ്ത്രപരമോ ആയ അളവുകോലുകൊണ്ട് അളന്നാൽ ഒരുപക്ഷേ, വളരെ ചുരുക്കം ആർട്ടിസ്റ്റുകളേ ആ കണക്കെടുപ്പിൽ വിജയിക്കൂ. വൈരമുത്തുവിന്റെ കാര്യത്തിലെന്നപോലെയുള്ള ഒരു സ്ത്രീപക്ഷ കണക്കെടുപ്പ് കാണുക. ആരോപണവിധേയനാകുമ്പോൾ മാത്രമേ ഒരാൾ അത്തരമൊരു ചുഴിഞ്ഞുനോട്ടത്തിന് വിധേയനാകുന്നുള്ളു. പക്ഷെ, ഒരിക്കലും ആരോപണവിധേയനാകുന്നില്ലെങ്കിലോ? ഒരുപക്ഷേ, വേണ്ടത് പുരസ്‌കാരങ്ങളോ മറ്റ് പദവികളോ നൽകപ്പെടും മുമ്പ് സ്ത്രീകളോടുള്ള ബന്ധങ്ങളെ സംബന്ധിച്ച് ഒരു സോഷ്യൽ ഓഡിറ്റ് നിർബന്ധിതമാക്കുകയാണ്. സ്ത്രീകളിൽനിന്ന് തുറന്ന ആരോപണം നേരിട്ട- കോടതിയിൽ വരെ എത്തിച്ചേർന്നവയുണ്ട്- എത്രയോ വ്യക്തികൾ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് യാതൊരു കോട്ടവുമില്ലാതെ നിലകൊള്ളുന്നു. അപ്പോൾ, വൈരമുത്തുവിന്റെ കാര്യത്തിലെന്നപോലെയുള്ള ഒറ്റതിരിഞ്ഞ പ്രതികരണങ്ങൾക്ക് അവ്യക്തതയുണ്ട്. എന്നുവെച്ച്, മീ റ്റൂ പ്രതിനിധീകരിക്കുന്ന സ്ത്രീപക്ഷ പ്രതിരോധം അപ്രസക്തമായിത്തീരുന്നില്ല. അതിന്റെയുപയോഗം കൂടുതൽ ആലോചനാപൂർവം വേണമെന്ന് തോന്നുന്നു.

വെെരമുത്തു / Photo: Wikimedia Commons
വെെരമുത്തു / Photo: Wikimedia Commons

ഒരുപാട് യാത്രകൾ ചെയ്യുന്ന ആളാണ് സക്കറിയ. കൊറോണക്കാലം താങ്കളുടെ യാത്രകളെയും തടഞ്ഞിട്ടുണ്ടാവുമല്ലോ. ഇപ്പോൾ യാത്ര ചെയ്യാൻ പറ്റാത്ത സക്കറിയയ്ക്ക് യാത്രികനായ എഴുത്തുകാരനായ സക്കറിയയോട് എന്താണ് തോന്നുന്നത്?

കഴിഞ്ഞ വർഷം ഞാൻ കരുതി വെച്ചിരുന്ന യാത്രകളുടെമേൽ ഒരു ഇരുമ്പുമുഷ്ടി വന്നു വീണതു പോലെയായിരുന്നു കോവിഡിന്റെ വരവ്. ആ യാത്രകളെ പ്രത്യാശാപൂർവം ഈ വർഷത്തേക്ക് മാറ്റി സ്ഥാപിച്ചു. അതും വഴുതിപ്പോകുന്നത് ഞാൻ കാണുന്നു. പക്ഷേ, ഞാൻ നിരാശനാവാൻ വിസമ്മതിക്കുന്നു. ഞാൻ എന്നോടുതന്നെ പറയുന്നത്, കോവിഡ് തീർന്നാലുടൻ പുറപ്പെടാം എന്നാണ്, ഈ വർഷമല്ലെങ്കിൽ അടുത്ത വർഷം. കോവിഡ് എല്ലാ മനുഷ്യർക്കും ഏൽപ്പിച്ച ഏറ്റവും വലിയ ആഘാതങ്ങളിലൊന്ന് ഈ ബന്ധനാവസ്ഥയാണ്. രാജ്യത്തിനുപുറത്തേക്ക് എന്നല്ല, വീടിനുപുറത്തേക്ക് പോകാൻ സാധ്യമല്ലാത്ത അവസ്ഥ. എല്ലാ വാഹനങ്ങളും നിലച്ചു. വിമാനങ്ങൾ പറക്കുന്നില്ല, കപ്പലുകൾ നങ്കൂരമിട്ടു. തീവണ്ടി ഓടാത്ത അവിശ്വസനീയമായ ഒരിന്ത്യയെ നാം കാണുന്നു. എന്നിലെ യാത്രക്കാരൻ കുണ്ഠിതനാണ്. പക്ഷേ, ആശ വെടിയാത്തവനാണ്. കോവിഡിനും ഒരു അവസാനമുണ്ട്, തീർച്ച.

കാഞ്ഞിരപ്പള്ളിയിലെ സെന്റ് ഡൊമിനിക് കോളേജിൽ ലെക്ച്ചററായി ജോലി ചെയ്യുന്ന കാലം (1969)
കാഞ്ഞിരപ്പള്ളിയിലെ സെന്റ് ഡൊമിനിക് കോളേജിൽ ലെക്ച്ചററായി ജോലി ചെയ്യുന്ന കാലം (1969)

സക്കറിയ ഇപ്പോഴും പേപ്പറിലാണ് എഴുതുന്നത് എന്നു ഞാൻ വിശ്വസിക്കുന്നു. മലയാളത്തിലെ പുതിയ എഴുത്തുകാർ പലരും കോവിഡ് കാലത്തുപോലും ഡിജിറ്റലാവാൻ തയ്യാറായിട്ടില്ല. കോവിഡ് കാലവീട്ടിലിരിപ്പിൽ താങ്കൾ ഡിജിറ്റലായോ? ആവിഷ്‌കാരങ്ങളുടെ മാധ്യമം വളരെപ്പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്ന ഒരു കാലമാണ്. ഡിജിറ്റൽ മീഡിയയെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്? കഥ, കവിത, നോവൽ തുടങ്ങിയ സാഹിത്യരൂപങ്ങൾ എങ്ങനെയായിരിക്കും ഇനിയുള്ള കാലത്ത് വായിക്കുന്നവരിലേക്ക് എത്തുക? എങ്ങനെയാണ് സ്വീകരിക്കപ്പെടുക?

ഞാൻ കടലാസിൽ എഴുതുന്നത് ഡിജിറ്റലാകാനുള്ള വിസമ്മതം കൊണ്ടല്ല, നീണ്ട വർഷങ്ങളിലെ ശീലം കൊണ്ട് എഴുത്തിന് സ്വഭാവികമായ ഒരു ഒഴുക്കും വേഗതയും ലഭിക്കുന്നതുകൊണ്ടാണ്. അതേസമയം ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എഴുത്തുകൾ ഞാൻ ഡിജിറ്റലായാണ് ചെയ്യുന്നത്. ഇംഗ്ലീഷ് പൂർണമായും അങ്ങനെത്തന്നെ. ഇംഗ്ലീഷ് കടലാസിലെഴുതിയാലാണ് നീങ്ങുന്നില്ല എന്ന തോന്നൽ. ഡിജിറ്റൽ മീഡിയയാണ് ഭാവി സാഹിത്യത്തിന്റെ പാരായണ പ്രതലം എന്ന് വിശ്വസിക്കണം. കടലാസ് ഉടനടി അപ്രത്യക്ഷമാകുകയില്ലെങ്കിലും ഡിജിറ്റൽ ഇനിയും മുൻകൈ നേടും. വിദ്യാർഥികളുടെ ഒരു തലമുറ അതിലേക്ക് മാറിക്കഴിഞ്ഞുവെന്നത് നിർണായകമാണ്. അതുപോലെ തന്നെ പ്രധാനമാണ് അതിന്റെ ആഗോളമായ നിരന്തര സാന്നിധ്യം. പാലായിലിരുന്ന് ആദ്യ കഥയെഴുതുന്ന യുവാവിന്റെ രചനയുടെ ലോകം കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങുന്നില്ല, തത്സമയം തന്നെ ആഗോളമായിത്തീരുന്നു- വായിക്കപ്പെട്ടാലും ഇല്ലെങ്കിലും. ഇതൊരു വമ്പിച്ച വിപ്ലവമാണ്. എഴുത്തുകാർ ഇന്ന് മുന്നിൽ കാണേണ്ടത് തങ്ങളുടെ തൊട്ടുമുമ്പിലെ ഭാഷാസമൂഹത്തിനപ്പുറത്ത് ലോകത്തിന്റെ വിദൂരകോണുകൾ വരെ പരന്നുകിടക്കുന്ന ഒരു വായനാസമൂഹത്തെയാണ്. ഇന്ത്യയിലെ ദാരിദ്ര്യം അവസാനിക്കാതെ ഒരു ഡിജിറ്റൽ വിപ്ലവം സാധ്യമല്ല. അതുകൊണ്ട്, ഇന്ത്യയിൽ വൻതോതിലുള്ള മാറ്റത്തിന് ഇനിയും സമയമെടുത്തേക്കും. പക്ഷെ, സാഹിത്യം ഡിജിറ്റൽ പാതയിലൂടെ അതിന്റെ യാത്ര തുടങ്ങിക്കഴിഞ്ഞു, പണ്ട് ഓലയിൽനിന്ന് കടലാസിലേക്ക് യാത്ര ചെയ്തതുപോലെ.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വിജയം കേന്ദ്ര ഏജൻസികളോട് കൈകോർത്ത് പിടിച്ചുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ കിണഞ്ഞുപരിശ്രമത്തെയും മലയാളികൾ തിരസ്‌കരിച്ചുവെന്നാണ് തെളിയിക്കുന്നത്.

23 വർഷം മുമ്പാണ്, 1998 ൽ, ഞാൻ ആദ്യമായി താങ്കളെ ഇന്റർവ്യൂ ചെയ്യുന്നത്. സക്കറിയയുടെ ഇന്റലക്ച്വൽ ഹോണസ്റ്റിയോട് വലിയ ആദരവ് തോന്നിയ ഒരു കാര്യം ഇവിടെ പറയട്ടെ. നമ്മുടെ സംസാരം ആൾദൈവങ്ങളിലേക്ക് മാറിയപ്പോൾ, "മതപരമായ അധഃപതനങ്ങളുടെ നടുക്ക് സത്യസായി ബാബ റീസണബ്‌ളായ നിലപാടുള്ള ഒരാളാണെ'ന്ന് താങ്കൾ പറഞ്ഞു. പിന്നീടുള്ള എന്റെ ചോദ്യങ്ങളും സക്കറിയയുടെ ഉത്തരവും ഇങ്ങെനെ ആയിരുന്നു.
ചോദ്യം: ഏതാണ്ട് ഇതേ തിയറി തന്നെയാണ് അമൃതാനന്ദമയിയുടെ കാര്യത്തിലും സക്കറിയ അവതരിപ്പിച്ചു കണ്ടിട്ടുള്ളത്.
ഉത്തരം: അമൃതാനന്ദമയിയെക്കുറിച്ചുള്ള എന്റെ മുഴുവൻ തസീസും ഇതിനകം പറഞ്ഞുകഴിഞ്ഞതാണ്. അമൃതാനന്ദമയിയിൽ നിന്ന് ഹൈന്ദവ ഫാസിസത്തെ പിന്തുണക്കുന്ന ഒരു വാക്കു പോലും നേടിയെടുക്കാൻ ഇതുവരെ സംഘപരിവാരത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.
ചോദ്യം: അമൃതാനന്ദമയി ഹൈന്ദവ ഫാസിസത്തെ പിന്തുണക്കുന്ന ഒരു വാക്കു പോലും ഉരിയാടിയിട്ടില്ലെന്ന് സക്കറിയ ന്യായീകരിക്കുന്നു. പക്ഷേ, ഹൈന്ദവ ഫാസിസം അമൃതാനന്ദമയിയെ ഉപയോഗപ്പെടുത്തുന്നു എന്നതല്ലേ നേര്?
ഉത്തരം: അവരുടെ ആശ്രമവും വേദികളും കയ്യേറിയിട്ടാണ് വർഗീയ ഫാസിസ്റ്റുകൾ അവരെ ഉപയോഗപ്പെടുത്തുന്നത്.
വർഷങ്ങൾ കഴിഞ്ഞ്, താങ്കളുടെ മറ്റ് പല അഭിമുഖങ്ങളുടെ കൂട്ടത്തിൽ ഈ അഭിമുഖവും ശേഖരിക്കപ്പെട്ടു. പക്ഷേ, ഈ ചോദ്യവും ഉത്തരവും എടുത്തുകളയുകയല്ല താങ്കൾ ചെയ്തത്. പകരം, 'എന്റെ ഈ നിലപാടുകളിൽ പിന്നീട് മാറ്റമുണ്ടായി എന്നും അമൃതാനന്ദമയിയെ സംഘപരിവാരം ഉപയോഗിക്കുന്നതായി ബോധ്യപ്പെട്ട'തായും ഫുട്ട് നോട്ടായി ചേർത്തു. ബൗദ്ധികമായ സംവാദങ്ങളിലെ സത്യസന്ധതക്ക് നല്ലൊരു ഉദാഹരണമായിട്ടാണ് ഞാനിതിനെ കാണുന്നത്. ഏതാണ്ട് കാൽനൂറ്റാണ്ടിനിപ്പുറം നമ്മൾ വീണ്ടും സംസാരിക്കുമ്പോൾ കേരളത്തിന്റെ മത-ജാതി ബോധങ്ങൾ കൂടുതൽ ധ്രുവീകൃതവും ഭയാനകവുമായി മാറിയിരിക്കുന്നു. മതസ്പർശിയും ദൈവകേന്ദ്രീകൃതവും ആവണം രാഷ്ടീയം എന്ന ചിന്താധാര നാൾക്കുനാൾ മേൽക്കൈ നേടുന്നുണ്ട്. ഒരു പോസിറ്റീവ് നോട്ടിൽ ഈ സംഭാഷണം നമുക്ക് അവസാനിപ്പിക്കാൻ കഴിയുമോ?

അമൃതാനന്ദമയിയുടെ കാര്യം ഓർമിപ്പിച്ചതിന് നന്ദി.
വാസ്തവത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാം കണ്ടത് രാഷ്ട്രീയത്തെ മതസ്പർശിയും ദൈവകേന്ദ്രീകൃതവുമാക്കാനുള്ള ശ്രമം പൊതുവിൽ പരാജയപ്പെടുന്നതല്ലേ? മത- ജാതി ബോധങ്ങളെ കൂടുതൽ ധ്രുവീകരിക്കാനുള്ള അശ്രാന്തപരിശ്രമങ്ങൾ നടക്കുന്നുണ്ട് എന്നത് സത്യമാണ്. ആദ്യം സൂചിപ്പിച്ച ക്രിസ്ത്യൻ- മുസ്‌ലിം സംഘട്ടന നിർമാണ ശ്രമം അതിനൊരു ഉദാഹരണം. അതെ, അപകടം നമ്മെ തുറിച്ചുനോക്കുന്നുണ്ട്. നിർഭാഗ്യവശാൽ രാഷ്ട്രീയപാർട്ടികളും മാധ്യമങ്ങളും ഭരണകൂടവും ഒട്ടനവധി ബുദ്ധിജീവികളും അതിനെ അവഗണിക്കുന്നതായാണ് കാണുന്നത്. മാധ്യമങ്ങൾ പ്രത്യേകിച്ചും, ക്രൂരതയോടെ, ഹൃദയശൂന്യമായി, മലയാളികളോട് അവർക്ക് പകയുള്ളതുപോലെ വർഗീയതക്ക് വളം വെക്കുന്നു. പക്ഷെ, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വിജയം കേന്ദ്ര ഏജൻസികളോട് കൈകോർത്ത് പിടിച്ചുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ കിണഞ്ഞുപരിശ്രമത്തെയും മലയാളികൾ തിരസ്‌കരിച്ചുവെന്നാണ് തെളിയിക്കുന്നത്. അതാണ് എന്റെ അഭിപ്രായത്തിൽ നമുക്ക് എത്തിച്ചേരാവുന്ന പൊസിറ്റീവ് നോട്ട്. ▮


ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 29-ൽ പ്രസിദ്ധീകരിച്ചത്.


കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

സക്കറിയ

കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക വിമർശകൻ, യാത്രികൻ. സലാം അമേരിക്ക, ഒരു നസ്രാണി യുവാവും ഗൗളി ശാസ്ത്രവും, കണ്ണാടി കാൺമോളവും, സക്കറിയയുടെ കഥകൾ, ഇഷ്ടികയും ആശാരിയും, ഭാസ്​ക്കരപ​ട്ടേലരും എന്റെ ജീവിതവും, ഒരു ആഫ്രിക്കൻ യാത്രാവിവരണം, ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ, A Secret History of Compassionതുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments