പിണറായി വിജയൻ കെ.ടി. ജലീലിനെക്കുറിച്ച്​ എഴുതുന്നു

ജമാത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകൾ മുസ്‌ലിം ജനവിഭാഗത്തിനിടയിൽ നിലനിൽക്കുന്ന മതനിരപേക്ഷതയുടെയും പരസ്പര സ്‌നേഹത്തിന്റെയും ജീവിത രീതികളെ തകർക്കാനാണ് പരിശ്രമിക്കുന്നത്. ഇത് യഥാർത്ഥത്തിൽ ന്യൂനപക്ഷങ്ങൾക്ക് ആപത്ക്കരമായ ചിന്തകളാകുന്നത് എന്തുകൊണ്ടാണെന്ന് തെളിവുകൾ നിരത്തി കെ.ടി. ജലീൽ വിശദീകരിക്കുന്നത് പഠനാർഹമാണ്. ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായ ഇത്തരം ധാരകളെ യഥാർത്ഥ ഇസ്‌ലാം മത വിശ്വാസികൾ ഒറ്റപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും കെ.ടി. ജലീൽ വ്യക്തമാക്കുന്നുണ്ട്- മുഖ്യമ​ന്ത്രി പിണറായി വിജയൻ എഴുതുന്നു

ന്റെ സഹപ്രവർത്തകൻ കൂടിയായ ഡോ. കെ.ടി ജലീൽ വിവിധ ഘട്ടങ്ങളിലായി നടത്തിയ എഴുത്തും പ്രഭാഷണങ്ങളുമാണ് ‘മതം മതഭ്രാന്ത് മതേതരത്വം' എന്ന പുസ്തകത്തിലെ ഉള്ളടക്കം. കേരളത്തിന്റെ സാംസ്‌കാരികമായ സവിശേഷതയെയും അതിലെ വിവിധങ്ങളായ ധാരകളുടെ കൂടിച്ചേരലുകളെയും പരിചയപ്പെടുത്തുന്നതാണ് ഇതിലെ ലേഖനങ്ങൾ മിക്കതും. നാട്ടിൽ ഭിന്നതകൾ സൃഷ്ടിക്കുന്നവരെ തുറന്നുകാട്ടുകയും മനുഷ്യർക്കിടയിലെ യോജിപ്പിന്റെ മേഖലകളെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്ന അന്വേഷണമാണ് പുസ്തകത്തിലുടനീളം ജലീൽ നടത്തുന്നത്.

കെ.ടി ജലീൽ
കെ.ടി ജലീൽ

നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ ദേശീയതയുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് സമൂഹത്തെ അദ്ദേഹം വിലയിരുത്തുന്നത്. എല്ലാ സംസ്‌കൃതിയെയും നാഗരികമായ മൂല്യങ്ങളെയും അലിയിച്ചെടുത്ത് സ്വന്തമാക്കിയെടുക്കാനുള്ള പാടവമാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷത. മനുഷ്യരെ ഭിന്നിപ്പിക്കലല്ല, യോജിപ്പിക്കുകയാണ് മതവിശ്വാസികളുടെ ഉത്തരവാദിത്തമെന്ന്, ഇസ്‌ലാം മതത്തിന്റെ സവിശേഷതകളെ പരിചയപ്പെടുത്തി ഇതിൽ ഓർമപ്പെടുത്തുന്നുണ്ട്. മറ്റു വിശ്വാസങ്ങളെ ബഹുമാനിച്ചും അംഗീകരിച്ചും, ബഹുസ്വരതയുടെ അടിത്തറയിൽ നിന്നുകൊണ്ടാണ് ലേഖകന്റെ നിരീക്ഷണങ്ങൾ.

ഇസ്​ലാം കേരളത്തിൽ

കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ നിന്നുകൊണ്ട്, കേരളവും അറേബ്യയും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുന്ന ‘കേരള അറബ് സാംസ്‌കാരിക വിനിമയം ഒരു അന്വേഷണം' എന്ന ലേഖനത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. പ്രാചീനകാലം തൊട്ട് ലോക വാണിജ്യ ഭൂപടത്തിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് കേരളത്തിനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവ വാങ്ങുന്നതിനും വിനിമയം ചെയ്യുന്നതിനും അറേബ്യ ഉൾപ്പെടെയുള്ള നാടുകളിൽ നിന്ന് കേരളത്തിലേക്ക് ആളുകൾ എത്തിയിരുന്നു.
അറേബ്യയുമായി നേരത്തേ ഉണ്ടായിരുന്ന ഈ ബന്ധത്തിന്റെ തുടർച്ചയായാണ് അറബി കച്ചവടക്കാരിലൂടെ ഇസ്‌ലാം മതം കേരളത്തിൽ എത്തിച്ചേരുന്നത്. ഈ വിശ്വാസവും കേരളത്തിന്റെ സമൂഹത്തിൽ നിലനിന്ന കാഴ്ചപ്പാടുകളും തമ്മിൽ കൂടിക്കുഴയുകയും സഹവർത്തിത്വത്തിൽ ഏർപ്പെടുകയും ചെയ്യുന്ന പ്രക്രിയയെ ഈ ഗ്രന്ഥം വിശദീകരിക്കുന്നുണ്ട്.
ഒരു നാഗരിക സമൂഹത്തിന്റെ ജീവിതത്തിനാവശ്യമായ ഭൗതിക സാഹചര്യങ്ങളോടെ കേരളത്തിൽ എത്തിയ അറേബ്യൻ കച്ചവടക്കാരുമായി കേരളീയ സമൂഹം ഇടപഴകുകയായിരുന്നു. കച്ചവടം മാത്രം അറിയാമായിരുന്ന അറബികൾ മറ്റെല്ലാ ജോലികൾക്കും സേവനങ്ങൾക്കും പ്രദേശവാസികളെ ആശ്രയിച്ചു. ഇത് തദ്ദേശീയരുമായുള്ള അടുത്ത ബന്ധങ്ങളുടെ സാധ്യത തുറന്നു. ഇങ്ങനെ പരസ്പരാശ്രിതമായ ഒരു ജീവിതരീതി കേരളത്തിന്റെ തീരങ്ങളിൽ വളർന്നുവന്നു. കപ്പലുകൾ നിർമിക്കുന്നതിനും പള്ളികൾ പണിയുന്നതിനുമെല്ലാം കേരളീയരായ കരകൗശല വിദഗ്ധരെ തന്നെ ഉപയോഗപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. ഹിന്ദുമത വിശ്വാസികൾക്ക് കടൽയാത്ര നിഷിദ്ധമായിരുന്ന കാലത്ത് കച്ചവടത്തിന് യാത്ര ചെയ്യാൻ സന്നദ്ധതയുള്ളവർ നാടിന് ആവശ്യമായതിനാൽ മുസ്‌ലിം ജനവിഭാഗത്തിന്റെ വളർച്ചയും സാന്നിധ്യവും ഒരു രക്ഷാമാർഗമെന്ന നിലയിലാണ് സാമൂതിരി കണ്ടതെന്നാണ് ജലീൽ നിരീക്ഷിക്കുന്നത്.

കേരളത്തിന്റെ പരമ്പരാഗതമായ ജീവിതത്തെയും കലാരൂപങ്ങളെയും സ്വാംശീകരിച്ചുകൊണ്ട് കേരളീയമായ രീതിയിലേക്ക് മാറുന്ന ഇസ്‌ലാമിന്റെ ഉൾക്കൊള്ളലിന്റെ മുഖത്തെ ഇതിൽ പരിചയപ്പെടുത്തുന്നുണ്ട്. കല, വാദ്യം, ആരാധന, ഭക്ഷണം തുടങ്ങിയവയിലെല്ലാം രൂപപ്പെട്ടുവന്ന ഈ യോജിപ്പിനെ ജലീൽ വിശദീകരിക്കുന്നത് ചിന്താർഹമാണ്. ഇത്തരത്തിലുള്ള കൂടിച്ചേരലിന്റെ ഭാഗമായി അറബി മലയാളം എന്ന ഭാഷ തന്നെ രൂപപ്പെട്ട കാര്യവും പുസ്തകത്തിൽ വിശകലന വിധേയമാക്കുന്നുണ്ട്.
പ്രാചീനകാലത്ത് അറബികളുടെ ലക്ഷ്യസ്ഥാനം കേരളമാണെങ്കിൽ കഴിഞ്ഞ അരനൂറ്റാണ്ടുകാലം മലയാളികളുടെ പ്രധാന ലക്ഷ്യം അറബ് രാഷ്ട്രങ്ങളായി മാറിയിട്ടുണ്ട്. പ്രാചീന കാലത്ത് അറബികളെ എങ്ങനെയാണോ കേരളം സ്വീകരിച്ചത്, അതുപോലെ അറബ് രാജ്യങ്ങളും മലയാളിയെ മതഭേദമന്യേ സ്വീകരിക്കുകയും പരസ്പര ബന്ധത്തെ അന്നത്തെ പോലെ ഇന്നും അരക്കിട്ടുറപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും പ്രസ്തുത ലേഖനം ഓർമ്മപ്പെടുത്തുന്നു.

മൗദൂദിയും ഗോൾവാൾക്കറും

പ്രബോധനത്തിലൂടെയും സ്വാംശീകരണത്തിലൂടെയും കേരളീയ സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമായി മുസ്‌ലിംകൾ മാറുകയാണ് ഉണ്ടായത്. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നമ്മുടെ നാടിന്റെ സംസ്‌കാരങ്ങളെ സ്വാംശീകരിച്ചും വികസിപ്പിച്ചും മുന്നോട്ടുപോകുന്ന രീതിയാണ് മുസ്‌ലിം സമൂഹം സ്വീകരിച്ചുവന്നത്. എന്നാൽ ഇത്തരം സ്ഥിതിവിശേഷത്തിന് തടസ്സം സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രക്രിയകളെ സൂക്ഷ്മമായി തന്നെ പുസ്തകം പരിശോധിക്കുന്നുണ്ട്.

മാധവ സദാശിവ ഗോൾവാൾക്കർ
മാധവ സദാശിവ ഗോൾവാൾക്കർ

ജമാത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകൾ മുസ്‌ലിം ജനവിഭാഗത്തിനിടയിൽ നിലനിൽക്കുന്ന മതനിരപേക്ഷതയുടെയും പരസ്പര സ്‌നേഹത്തിന്റെയും ജീവിത രീതികളെ തകർക്കാനാണ് പരിശ്രമിക്കുന്നത്. ഇത് യഥാർത്ഥത്തിൽ ന്യൂനപക്ഷങ്ങൾക്ക് ആപത്ക്കരമായ ചിന്തകളാകുന്നത് എന്തുകൊണ്ടാണെന്ന് തെളിവുകൾ നിരത്തി വിശദീകരിക്കുന്നത് പഠനാർഹമാണ്. ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായ ഇത്തരം ധാരകളെ യഥാർത്ഥ ഇസ്‌ലാം മതവിശ്വാസികൾ ഒറ്റപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ജലീൽ വ്യക്തമാക്കുന്നുണ്ട്.
ഇസ്‌ലാമിക രാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന മൗദൂദിയും, ഹിന്ദുരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ഗോൾവാൾക്കറും, ആശയപരമായ ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ‘ഗോൾവാക്കറും മൗദൂദിയും ഉയർത്തുന്ന സ്വത്വഭീഷണി' എന്ന ലേഖനത്തിൽ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെയും വെൽഫെയർ പാർട്ടിയുടെയും ആദർശ അടിത്തറ മതേതരത്വവിരുദ്ധവും ജനാധിപത്യ സങ്കൽപ്പങ്ങൾക്ക് എങ്ങനെ എതിരുമായിത്തീരുന്നുവെന്ന് മൗദൂദിയുടെ പ്രസിദ്ധ ഗ്രന്ഥമായ ‘ഖുത്ബാത്തി'ലെ ഉദ്ധരണികളിലൂടെ ജലീൽ സമർത്ഥിക്കുന്നു.
ആരാധനയുടെ ലക്ഷ്യം തന്നെ ഭരണപരിശീലനമാണെന്ന് കരുതുന്നവരാണ് ജമാത്തെ ഇസ്ലാമിക്കാർ. മതമെന്നാൽ രാഷ്ട്രം തന്നെയാണെന്ന് മൗദൂദി മുതൽ അമീർ മൗലാനാ ഹുസൈനി വരെയുള്ളവർ മുന്നോട്ടുവച്ച ആശയമാണെന്ന് ഉദ്ധരണികൾ സഹിതം വിശദമാക്കുന്നത് പലർക്കും പുതിയ അറിവായിരിക്കും: ‘നമ്മുടെ വീക്ഷണത്തിൽ മതേതരത്വം, ദേശീയത, ജനാധിപത്യം എന്നീ മൂന്ന് ആശയങ്ങളും അബദ്ധജടിലങ്ങളാണെന്ന് മാത്രമല്ല, മനുഷ്യൻ അടിപ്പെട്ടുപോയ സകലദുരിതങ്ങളുടെയും വിനാശങ്ങളുടെയും നാരായവേര് ആ തത്വങ്ങളാണെന്ന് കൂടി ദൃഢമായി വിശ്വസിക്കണം' എന്ന വീക്ഷണമാണ് അബുൽ അഅ്‌ലാ മൗദൂദി മുന്നോട്ടുവച്ചിട്ടുള്ളത്. ഇത്തരത്തിൽ ആധുനിക മൂല്യങ്ങളിൽ നിന്നെല്ലാം മാറിനിൽക്കുകയും, ആർ.എസ്.എസിന്റെ ഹിന്ദുരാഷ്ട്ര സംസ്ഥാപനം പോലെ വർജ്യമാകണം ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന ഇസ്‌ലാമിക രാഷ്ട്രവാദവുമെന്നാണ് ജലീൽ വരഞ്ഞുകാട്ടുന്നത്.

അബുൽ അ‌അ്‌ലാ മൗദൂദി
അബുൽ അ‌അ്‌ലാ മൗദൂദി

മോദി ഭരണത്തിൻ കീഴിൽ മുസ്‌ലിം ജനവിഭാഗം അനുഭവിക്കുന്ന പ്രശ്‌നങ്ങളെയും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് ബ്രിട്ടീഷുകാർ ചെയ്തുവച്ച കുതന്ത്രങ്ങളെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു. അത്തരത്തിലുള്ള നിലപാടുകളാണ് ഇപ്പോൾ രാജ്യത്ത് പൊതുവിൽ ഉയർന്നുവരുന്നത്. നാനാത്വത്തിൽ ഏകത്വം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പരസ്പര ബഹുമാനത്തോടെ കഴിയേണ്ട ജനവിഭാഗത്തെ തമ്മിലടിപ്പിക്കാനുള്ള നയങ്ങളാണ് ഇപ്പോൾ രാജ്യത്ത് നടപ്പിലാക്കുന്നത് എന്ന കാര്യവും ജലീൽ ഓർമ്മപ്പെടുത്തുന്നു.

ഹാഗിയ സോഫിയ

‘ദേശീയവാദിയായ വാരിയംകുന്നൻ' എന്ന ലേഖനം മലബാർ കലാപത്തിന്റെ കരുത്തും ദൗർബല്യങ്ങളും ചൂണ്ടിക്കാട്ടുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളെ മതനിരപേക്ഷ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് വിലയിരുത്തുകയാണ് പ്രസ്തുത ലേഖനം. ഇങ്ങനെ വർത്തമാനകാലത്തെ രാഷ്ട്രീയ ചർച്ചകളിലെ സജീവ ഇടപെടലായി ഇത് മാറുന്നത് ശ്രദ്ധേയമാണ്. തുർക്കിയിലെ ‘ഹാഗിയ സോഫിയ' വിവാദം ബാബരി മസ്ജിദിന്റെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന ലേഖനം ഓരോ രാജ്യത്തും വിശ്വാസികൾ പരസ്പരം അനുവർത്തിക്കേണ്ട മാന്യമായ ധാരണകളിലേക്ക് വായനക്കാരുടെ ചിന്തയെ കൊണ്ടുപോകാൻ പര്യാപ്തമാണ്.

തുർക്കിയിലെ ഹാഗിയ സോഫിയ
തുർക്കിയിലെ ഹാഗിയ സോഫിയ

പുസ്തകത്തിന്റെ രണ്ടാംഭാഗം വിവിധ ഘട്ടങ്ങളിൽ ജലീൽ നടത്തിയ പ്രഭാഷണങ്ങളാണ്. ഈ പ്രഭാഷണങ്ങളിലെല്ലാം മതങ്ങൾ ഉയർത്തിപ്പിടിച്ച മനുഷ്യസ്‌നേഹപരമായ മുഖങ്ങളെ അനാവരണം ചെയ്യാനാണ് ശ്രമിക്കുന്നത്. വിവിധ വിശ്വാസങ്ങൾ പരസ്പരം ഇഴുകിച്ചേർന്ന് കഴിയുന്നതാണ് നമ്മുടെ പാരമ്പര്യമെന്ന് ഓർമ്മപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ പുസ്തകത്തിൽ ഉടനീളമുണ്ട്. ‘മമ്പുറം തങ്ങളും കോന്തുനായരും - നാടുണർത്തിയ സൗഹൃദം' പോലുള്ളവ ഈ സമീപനത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. ചരിത്രത്തിലെ ഇത്തരം ബന്ധങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ട് മതനിരപേക്ഷതയുടെ വളർച്ചയ്ക്ക് കരുത്തും പ്രചോദനവുമായി ഈ പുസ്തകം മാറുന്നു.

ചരിത്രാധ്യാപകൻ എന്ന നിലയിൽ സ്വാംശീകരിച്ച ജ്ഞാനവും, രാഷ്ട്രീയ- സാമൂഹ്യ രംഗങ്ങളിൽ ഇടപെട്ടുകൊണ്ട് ഉണ്ടാക്കിയ അറിവും ഈ പുസ്തകത്തെ ഏറെ സമ്പന്നമാക്കുന്നു. മതത്തിന്റെ പേരു പറഞ്ഞ് അക്രമങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ നടക്കുന്ന നമ്മുടെ നാട്ടിൽ, അവയ്‌ക്കെതിരെയുള്ള ആശയപ്രചരണങ്ങൾക്ക് സഹായിക്കുന്ന ഒട്ടേറെ വിവരങ്ങളാലും കാഴ്ചപ്പാടുകളാലും സമ്പന്നമാണ് ഈ ഗ്രന്ഥം. മതവും വർഗീയതയും രണ്ടാണെന്ന നിലപാടിൽ നിന്നുകൊണ്ട് മനുഷ്യരുടെ പരസ്പര യോജിപ്പിനെ മുന്നോട്ടുവയ്ക്കുന്ന രചനകൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം വർത്തമാനകാലത്തെ ശക്തമായ ഇടപെടലാണെന്ന കാര്യത്തിൽ സംശയമില്ല. നമ്മുടെ നാടിന്റെ സംസ്‌കാരിക സവിശേഷതകളെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഒരു കൈപ്പുസ്തകം തന്നെയാണ് 'മതം മതഭ്രാന്ത് മതേതരത്വം' എന്ന ഈ കൃതി. (ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിക്കുന്ന കെ.ടി. ജലീലിന്റെ ‘മതം മതഭ്രാന്ത് മതേതരത്വം' എന്ന കൃതിക്ക് പിണറായി വിജയൻ എഴുതിയ അവതാരിക)

Comments