പിണറായി വിജയൻ / ഫോട്ടോ: പ്രസൂൺ കിരൺ

കേരളത്തിന്റെ പ്രശ്​നങ്ങളിൽ
​പിണറായി വിജയന്റെ മറുപടി

തുടർ ഭരണം ലഭിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മാധ്യമത്തിന് നൽകുന്ന ആദ്യ അഭിമുഖമാണിത്. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് നേരെയുയർന്നിട്ടുള്ള ഭീഷണി, സംസ്ഥാനങ്ങൾ തമ്മിലുണ്ടാവേണ്ട ഐക്യം, സാമ്പത്തിക സംവരണ വിഷയത്തിലും 80:20 ന്യൂനപക്ഷ സംവരണ വിഷയത്തിലുമുള്ള സർക്കാർ നിലപാട്, സൈബർ സ്പേസിൽ നടക്കുന്ന വർഗ്ഗീയ-വിദ്വേഷ പ്രചാരണങ്ങൾ, ആരോഗ്യ പ്രവർത്തകരുടെ കോവിഡ് കാലത്തെ ജീവിത - പ്രൊഫഷണൽ പ്രതിസന്ധി, കോവിഡ് കാലം ദരിദ്രരാക്കിയ ആർട്ടിസ്റ്റുകളുടെ ജീവിതം, കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കൽ, പരിസ്ഥിതി സംരക്ഷണവും വികസന പ്രവർത്തനങ്ങളും, ഉത്പാദന മേഖലയിലെ സ്വയം പര്യാപ്തത, ആഭ്യന്തര വകുപ്പും പൊലീസിന്റെ രാഷ്ട്രീയവും തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങൾക്ക് വിശദമായ ഉത്തരമാണ് മുഖ്യമന്ത്രി ഈ ദീർഘ അഭിമുഖത്തിൽ നൽകിയത്.

ഈ വിഷയങ്ങളിലെല്ലാമുള്ള മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും നിലപാടുകളിൽ യോജിക്കുകയും വിയോജിക്കുകയും ചെയ്യേണ്ടതായ നിരവധി ഘടകങ്ങളുണ്ട്. അത്തരത്തിലുള്ള ക്രിയാത്മകവും ജൈവികവുമായ രാഷ്ട്രീയ സംവാദത്തിന് വഴിതുറക്കുകയാണ് ട്രൂകോപ്പി. വ്യക്തിപരവും വൈകാരികവുമായ ആരോപണ പ്രത്യാരോപണങ്ങൾ കോവിഡ് കാലത്തിലൂടെ കടന്നുപോകുന്ന കേരളത്തിന് ഒരു ഗുണവും ഉണ്ടാക്കാൻ പോകുന്നില്ല. രോഗാതുരരായ, കടുത്ത സാമ്പത്തിക പ്രതിസന്ധികളെ നേരിടുന്ന, വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും ആശങ്കകൾ നിറയുന്ന ഒരു കാലത്ത് രാഷ്ട്രീയമായ ചോദ്യം ചോദിക്കലുകൾക്കാണ് ഏറ്റവും പ്രസക്തിയുള്ളത്. അത്തരം ചോദ്യങ്ങളോട് ഭരണകൂട അദ്ധ്യക്ഷൻ നടത്തുന്ന പ്രതികരണങ്ങൾ ഒരു തുടർ സംവാദത്തിന് കാരണമാവുകയും വേണം.

മനില സി. മോഹൻ: ഇന്ത്യൻ സംസ്ഥാനങ്ങൾ, രാജ്യത്തെ ഫെഡറൽ സംവിധാനത്തെക്കുറിച്ച് ആശങ്കപ്പെടുകയും ഏറ്റവും ജാഗ്രതയോടെ പെരുമാറാൻ തീരുമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സന്ദർഭമാണിത്. ഫെഡറൽ സംവിധാനത്തെ കീഴ്​മേൽ മറിയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ എങ്ങനെയാണ് കേരളം രാഷ്ട്രീയമായി നേരിടാൻ പോകുന്നത്?

പിണറായി വിജയൻ: ഇന്ത്യൻ രാഷ്ട്രീയ- സാമൂഹ്യ അവസ്ഥയിൽ എന്തുകൊണ്ടാണ് ഒരു ഫെഡറൽ സംവിധാനം പ്രധാനമാകുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കാതെ, എന്തുകൊണ്ടാണ് കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും, അല്ലെങ്കിൽ സി.പി.ഐ-എമ്മിനെ പോലെയുള്ള ഇടതുപക്ഷ പാർട്ടികളും ചില പ്രാദേശിക രാഷ്ട്രീയ കക്ഷികളും നമ്മുടെ ഭരണഘടനയിൽ ഉൾച്ചേർത്തിട്ടുള്ള ഫെഡറൽ തത്വങ്ങളുടെ സംരക്ഷണത്തിന് നിലകൊള്ളുന്നത് എന്ന് പൂർണമായി മനസ്സിലാക്കാൻ കഴിയില്ല. അതുകൊണ്ട് ആദ്യം അതിനെക്കുറിച്ച് പറയുന്നതായിരിക്കും ഉചിതം എന്നുകരുതുന്നു, പ്രത്യേകിച്ച് ചെറുപ്പക്കാരായ നിരവധി ഫോളോവേഴ്‌സ് ഉണ്ടാകാനിടയുള്ള ഇതുപോലത്തെ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമുമായി സംവദിക്കുമ്പോൾ.

ഏകശിലാരൂപത്തിലുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ പരിശ്രമിക്കുന്ന സംഘപരിവാറിനാൽ നയിക്കപ്പെടുന്ന കേന്ദ്ര സർക്കാരിന്റെ ഫെഡറലിസത്തിനെതിരായുള്ള നീക്കങ്ങളെ ചെറുക്കേണ്ടത് അനിവാര്യ രാഷ്ട്രീയ കടമയാണ്​

ഇന്ത്യയുടെ വൈവിധ്യങ്ങളാണ് അതിന്റെ ശക്തി എന്നത് പൊതുവെ നാമെല്ലാവരും അംഗീകരിക്കുന്ന കാഴ്ചപ്പാടാണ്. അതുകൊണ്ടാണ് സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാലം മുതൽക്കേ നാനാത്വത്തിൽ ഏകത്വം എന്ന ആപ്തവാക്യം ശ്രദ്ധേയമായി ഉയർന്നു വന്നത്. ആ വൈവിധ്യങ്ങൾ ഓരോ പ്രദേശത്തും പ്രത്യേകമായി നിലനിൽക്കുന്നവയാണ്. അവയെ സ്വാംശീകരിക്കാൻ കഴിയുന്ന വിധത്തിലാണ് മുൻപ് ബ്രിട്ടിഷ് ഇന്ത്യയിൽ പ്രവിശ്യകളും നാട്ടുരാജ്യങ്ങളുമായിരുന്നവയെ സ്വതന്ത്ര ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളായി പുനഃസംഘടിപ്പിച്ചത്. വിവിധ സംസ്‌കാരങ്ങളും ഭാഷകളും പിന്തുടരുന്ന ഈ സംസ്ഥാനങ്ങൾ ഒന്നിക്കുന്നതാണ് ഇന്ത്യ എന്ന രാജ്യം. ഈ പശ്ചാത്തലത്തിലാണ് ഫെഡറലിസത്തിന് ഇന്ത്യൻ സാഹചര്യങ്ങളിൽ പ്രാധാന്യം കൈവരുന്നത്.

ഇന്ത്യൻ ഭരണഘടനയിൽ ഉൾച്ചേർത്തിട്ടുള്ള ഫെഡറൽ തത്വങ്ങൾ സാംസ്‌കാരികമായും ഭാഷാപരമായും ജീവിതചര്യാപരമായുമൊക്കെ വ്യത്യസ്തങ്ങളായ സംസ്ഥാനങ്ങളെ പരിപോഷിപ്പിക്കാനുള്ളവയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എന്നു മാത്രമല്ല, നമ്മുടെ രാജ്യത്താകെയുള്ള വൈവിധ്യങ്ങളുടെ വരെ അസ്തിത്വത്തിനും നിലനില്പിനുമൊക്കെ ഒഴിച്ചുകൂടാനാവാത്ത സമീപനമാണ് ഫെഡറലിസത്തെ ശക്തിപ്പെടുത്തുക എന്നത്. ഈ പശ്ചാത്തലത്തിലാണ് ഏകശിലാരൂപത്തിലുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ പരിശ്രമിക്കുന്ന സംഘപരിവാറിനാൽ നയിക്കപ്പെടുന്ന ഇന്നത്തെ കേന്ദ്ര സർക്കാരിന്റെ ഫെഡറലിസത്തിനെതിരായുള്ള നീക്കങ്ങളെ ചെറുക്കേണ്ടത് അനിവാര്യ രാഷ്ട്രീയ കടമയായി മാറുന്നത്.

അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് സമന്വയത്തിന്റെ പാതയിലൂടെ വിവിധ സംസ്ഥാനങ്ങളെ ഒന്നിച്ചുനിർത്താൻ കേരളം മുൻകൈ എടുത്തിട്ടുണ്ട്.

നമ്മുടെ ദേശീയ പ്രതിജ്ഞയിൽ പറയുന്നതുപോലെ, ഇന്ത്യയുടെ സമ്പന്നവും വൈവിദ്ധ്യപൂർണവുമായ പരമ്പരാഗത സമ്പത്തിൽ അഭിമാനിക്കുന്ന ഏതൊരു വ്യക്തിയുടെയും കടമയാണത്. ആ കടമ ഉത്തരവാദിത്വബോധത്തോടുകൂടി ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ജി.എസ്.ടി നടപ്പാക്കിയപ്പോൾ, ജമ്മു കാശ്മീരിന്റെ സംസ്ഥാനമെന്ന പദവി എടുത്തുകളഞ്ഞപ്പോൾ, സി.എ.എ ആവിഷ്‌കരിച്ചപ്പോൾ, പുതിയ കർഷക നിയമങ്ങൾ പാസാക്കിയപ്പോൾ ഒക്കെ ഇതുകണ്ടു. വാക്‌സിൻ ലഭ്യതയുടെ കാര്യത്തിൽ വരെ ഇന്ത്യയുടെ ഭരണഘടനയെയും മതേതരത്വത്തെയും ഫെഡറലിസത്തെയും ഒക്കെ സംരക്ഷിക്കുന്ന കൃത്യമായ നിലപാട് കേരളം കൈക്കൊണ്ടിട്ടുണ്ട്.
അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് സമന്വയത്തിന്റെ പാതയിലൂടെ വിവിധ സംസ്ഥാനങ്ങളെ ഒന്നിച്ചുനിർത്താൻ കേരളം മുൻകൈ എടുത്തിട്ടുണ്ട്. അതിനിയും തുടരും. കാരണം, നേരത്തെ പറഞ്ഞതുപോലെ, അങ്ങനെ ചെയ്തില്ല എന്നുണ്ടെങ്കിൽ നമ്മുടെ അസ്തിത്വം തന്നെ ഇല്ലായ്മ ചെയ്യപ്പെടും.

കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന സർക്കാരുകൾക്കിടയിൽ ഐക്യം വേണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞു. നരേന്ദ്ര മോദി സർക്കാരുമായി ഓപ്പൺ ഫൈറ്റിലാണ് മമത. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേന്ദ്രത്തിന്റെ ജനാധിപത്യപരമല്ലാത്ത നീക്കങ്ങളെ തുറന്നെതിർക്കുക തന്നെയാണ്. കേരളം, തമിഴ്നാട്, ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം കേന്ദ്ര സർക്കാരിനെതിരായ, ഹിന്ദുത്വ രാഷ്ടീയത്തിനെതിരായ വിധിയെഴുത്തായാണ് വിലയിരുത്തപ്പെട്ടത്. കാശ്മീർ, സി.എ.എ തുടങ്ങിയ വിഷയങ്ങൾ മുന്നിലുണ്ട്. വിദ്യാഭ്യാസ - ആരോഗ്യ രംഗങ്ങളിലെ പ്രതിലോമകരമായ നിലപാടുകളും മുന്നിലുണ്ട്. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ, നിലവിലെ മുന്നണി സംവിധാനങ്ങൾക്കപ്പുറത്ത് പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന്റെ അച്ചുതണ്ടായി മമത-സ്റ്റാലിൻ-പിണറായി മുഖ്യമന്ത്രിമാരെ ദേശീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. പുതിയ രാഷ്ട്രീയ സമവാക്യങ്ങളിൽ കേരളത്തിന്റെയും, പിണറായി വിജയന്റെയും, കേരളം നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിന്റെയും റോൾ എന്തായിരിക്കും?

ശക്തമായ കേന്ദ്രം, സംതൃപ്തമായ സംസ്ഥാനങ്ങൾ, പ്രാദേശിക സർക്കാരുകളായി നിലകൊള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്ന അടിസ്ഥാന പ്രമാണമാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ ഇടതുപക്ഷത്തെ നയിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ മുൻനിർത്തി അവ തമ്മിൽ സഹകരണം ഉണ്ടാവുന്നത് ഉചിതമാണ്, അത് നമ്മുടെ ജനാധിപത്യത്തെ തന്നെ കൂടുതൽ മികവുറ്റതാക്കും എന്ന കാര്യത്തിൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിന് സംശയമില്ല.

ആദ്യം സൂചിപ്പിച്ചതുപോലെ ഇന്ത്യയുടെ ഭരണഘടനയെയും മതേതരത്വത്തെയും ഫെഡറലിസത്തെയും ഒക്കെ സംരക്ഷിക്കുന്ന കൃത്യമായ നിലപാട് കേരളം കൈക്കൊള്ളുകയും അതിനു ശക്തിപകരാൻ വ്യത്യസ്ത അഭിപ്രായങ്ങളുള്ള വിവിധ സംസ്ഥാനങ്ങളെ സമന്വയത്തിന്റെ പാതയിലൂടെ ഒന്നിച്ചുനിർത്താൻ കേരളം മുൻകൈ എടുക്കുകയും ചെയ്തിട്ടുണ്ട്. ആ പാതയിലൂടെ തന്നെയായിരിക്കും നാം ഇനിയും മുന്നോട്ടു പോകുക.

പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നാവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ നടന്ന സംയുക്ത സത്യാഗ്രഹം

ഇപ്പോൾ കോവിഡിനെതിരായ പോരാട്ടത്തിലാണ് നാം. രാജ്യമാകെ ഈ മഹാമാരിയെ അതിജീവിക്കണമെന്നുണ്ടെങ്കിൽ നമ്മുടെ ജനത ഹേർഡ് ഇമ്മ്യൂണിറ്റി നേടേണ്ടതുണ്ട്. അതിന് സാർവത്രികമായും സൗജന്യമായും വാക്‌സിനേഷൻ നടത്തണം. ആരോഗ്യ മേഖലയിൽ സ്വതന്ത്ര ഇന്ത്യയുടെ മുഖമുദ്രകളിൽ ഒന്നായിരുന്ന ആ നയം പിന്തുടർന്നാൽ മാത്രമേ ഒരാൾ പോലും ഇതിൽ നിന്ന് ഒഴിവാകുന്നില്ല എന്നുറപ്പുവരുത്താൻ കഴിയൂ. 135 കോടി ജനങ്ങൾക്ക് വേണ്ടത്ര വാക്‌സിൻ ലഭിക്കണമെങ്കിൽ കേന്ദ്ര സർക്കാർ തന്നെ മുൻകൈ എടുക്കണം എന്ന നിലപാട് ആദ്യം മുന്നോട്ടുവെച്ചത് കേരളമാണ്. കോവിഡ് വാക്‌സിൻ ലഭ്യത ഉറപ്പാക്കാൻ കേന്ദ്രത്തിന്മേൽ സംസ്ഥാനങ്ങൾ സംയുക്തമായി സമ്മർദ്ദം ചെലുത്തുന്ന അവസ്ഥ ഉണ്ടായതു തന്നെ ഇന്ത്യയിലെ പല സംസ്ഥാന മുഖ്യമന്ത്രിമാർക്കും കേരളം കത്തയച്ചതിനു ശേഷമാണ്. ഇത് ഈ സർക്കാരിന്റെ കാലത്ത് നടന്നിട്ടുള്ള ഇടപെടലാണ്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം എന്നത് സി.പി.ഐ-എമ്മിന്റെ പ്രഖ്യാപിത നിലപാടാണ്. കോൺഗ്രസും ലീഗും ഉൾപ്പെടെയുള്ള കേരളത്തിലെ പ്രതിപക്ഷത്തിനും അതേ നിലപാടാണുള്ളത്

പിണറായി വിജയൻ എന്ന വ്യക്തിയ്ക്കല്ല ഇക്കാര്യത്തിൽ പ്രസക്തി, കമ്യൂണിസ്റ്റ് പാർട്ടികൾക്കും ഇടതുപക്ഷത്തിനും ജനാധിപത്യ പ്രസ്ഥാനങ്ങൾക്കുമാണ്. ഈ കോവിഡ് ഘട്ടത്തിൽ ജനങ്ങൾക്ക് എങ്ങനെയൊക്കെ ആശ്വാസം നൽകാം എന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാരിനു മുൻപാകെ കൃത്യമായ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളത് ഇടതുപക്ഷമാണ്. പ്രതിപക്ഷ കക്ഷികളെയാകെ സംയോജിപ്പിച്ച് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും പക്കൽ ആ പരിപാടികൾ നടപ്പാക്കാനായി നിവേദനങ്ങൾ സമർപ്പിക്കാൻ മുൻകൈ എടുത്തതും ഇടതുപക്ഷമാണ്.

കമ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവുമാകട്ടെ, കഴിഞ്ഞ നാളുകളിലെല്ലാം കേന്ദ്രത്തിൽ നിന്നുണ്ടായ ജനദ്രോഹ നടപടികൾക്കെതിരായ പ്രതിഷേധങ്ങളുടെയെല്ലാം മുൻപന്തിയിലുണ്ട്. പൊതുമേഖലയെ വിറ്റുതുലയ്ക്കുന്ന നടപടിയുടെയും സി.എ.എയുടെയും പുതിയ കർഷക നിയമങ്ങളുടെയും പശ്ചാത്തലത്തിൽ നോക്കിയാൽ ജനങ്ങളുടെ പക്ഷത്തുനിന്ന് നമ്മുടെ നാടിന് ദോഷകരമായ നയങ്ങൾക്കെതിരെയുള്ള സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത് ഇടതുപക്ഷമാണ്. ഇവയൊക്കെ കൂടുതൽ ജനവിഭാഗങ്ങൾ ഏറ്റെടുക്കുമെന്നും അങ്ങനെ രാജ്യത്തിനാപത്തായ സംഘ പരിവാർ രാഷ്ട്രീയത്തിനെതിരെ പൊതുവായ മുന്നേറ്റമുണ്ടാകുമെന്നുമുള്ള കാര്യത്തിൽ തർക്കമില്ല.

വ്യാജ വാർത്തകൾ അവതരിപ്പിക്കാനും അശാസ്ത്രീയത പ്രചരിപ്പിക്കാനും മാത്രമല്ല വിദ്വേഷം പരത്താനുള്ള ഇടമായി കൂടി സൈബർ സ്‌പേസ് ഉപയോഗിക്കപ്പെടുന്നു എന്നത് വസ്തുതയാണ്.

സാമ്പത്തിക സംവരണ വിഷയത്തിൽ ഇടതുപക്ഷ സർക്കാർ വ്യാപക വിമർശനം നേരിടുന്നുണ്ട്. സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാട് സാമ്പത്തിക സംവരണത്തിനനുകൂലമായിരുന്നു എല്ലാക്കാലത്തും എങ്കിലും സാമ്പത്തിക സംവരണം ആശയപരമായിത്തന്നെ സംവരണമെന്ന ആശയത്തിന്റെ അന്തസത്തയ്ക്കെതിരാണ് എന്ന വാദം ഇടതുപക്ഷത്തുനിന്ന് തന്നെ ഉയർന്നു വന്നിട്ടുണ്ട്. സംവരണം 50% ൽ അധികം പാടില്ല എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക സംവരണം പുനഃപരിശോധിക്കുമോ?

ആയിരത്താണ്ടുകളായി അടിച്ചമർത്തപ്പെട്ടവർ നമ്മുടെ സമൂഹത്തിലുണ്ട്. അവരിപ്പോഴും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വന്നിട്ടില്ല. പടിപടിയായി അവരെ കൈപിടിച്ച് ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്. അതിനുള്ള ഉപാധികളിലൊന്നാണ് സംവരണം. അത് ഒട്ടും തന്നെ വെള്ളം ചേർക്കപ്പെടാതെ തുടരേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. അതേസമയം നമ്മുടെ സമൂഹത്തിൽ ഇന്ന് പ്രകടമാവുന്ന മറ്റൊരു പ്രതിഭാസം നാം കാണാതിരുന്നുകൂടാ താനും.
മുപ്പതു വർഷം മുൻപ് കോൺഗ്രസ് നടപ്പാക്കാൻ ആരംഭിച്ചതും ഇപ്പോൾ വർദ്ധിത വീര്യത്തോടെ ബി.ജെ.പി നടപ്പാക്കുന്നതുമായ നവലിബറൽ നയങ്ങൾ എല്ലാ വിഭാഗങ്ങളിൽപ്പെടുന്ന ജനങ്ങളെയും സാമ്പത്തികമായി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ദാരിദ്യവും അസമത്വവും തൽഫലമായി ഇന്ത്യയിൽ വർധിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഒരു കൈത്താങ്ങുണ്ടാവണം എന്ന തരത്തിലുള്ള ചർച്ചകൾ ഇന്ത്യയിൽ നടന്നിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് സംവരണേതര വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തണമെന്ന പൊതുഅഭിപ്രായം ഉയർന്നുവന്നത്.
ചോദ്യത്തിൽ തന്നെ പറഞ്ഞിട്ടുള്ളതുപോലെ അത് സി.പി.ഐ-എമ്മിന്റെ പ്രഖ്യാപിത നിലപാടാണ്. കോൺഗ്രസും ലീഗും ഉൾപ്പെടെയുള്ള കേരളത്തിലെ പ്രതിപക്ഷത്തിനും അതേ നിലപാടാണുള്ളത്, യു.ഡി.എഫ് പ്രകടന പത്രികയിൽ തന്നെ സാമ്പത്തിക സംവരണം നടപ്പാക്കലാണ് തങ്ങളുടെ നയം എന്നവർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലാകെ സംവരണേതര വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ചിരിക്കുന്നത് 103ാം ഭരണഘടനാ ഭേദഗതി പ്രകാരമാണ്. അതിനേതുടർന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനങ്ങൾക്കനുസൃതമായാണ് കേരളത്തിൽ ഭരണഘടനാ ഭേദഗതിക്കൊത്ത ഇടപെടലുകൾ നടന്നിട്ടുള്ളത്.

വർഗീയതയാണെങ്കിലും - ഭൂരിപക്ഷത്തിന്റെതായാലും ന്യൂനപക്ഷത്തിന്റെതായാലും - അതിനെ അകറ്റി നിർത്തേണ്ടതുണ്ട് എന്ന നയം സുവ്യക്തമായി എൽ.ഡി.എഫ് അവതരിപ്പിച്ചിരുന്നു.

സുപ്രീം കോടതിയുടെ വിധി അതുമായി ബന്ധപ്പെട്ടതല്ലെങ്കിൽ കൂടി, 600 പേജിലധികമുള്ള ആ വിധിന്യായം വിശദമായി പഠിച്ചശേഷമേ പ്രതികരിക്കാൻ കഴിയൂ. സുപ്രീം കോടതി വിധിയെക്കുറിച്ച് സംസ്ഥാനങ്ങൾക്കുള്ള അഭിപ്രായം കോടതി ആരാഞ്ഞിട്ടുണ്ട്. ആ അഭിപ്രായം രൂപീകരിക്കുന്ന പ്രക്രിയയിലാണ് ഇപ്പോൾ നമ്മൾ. നിയമ വിദഗ്ദ്ധരും വകുപ്പും വിശദമായി ആ വിധി പഠിച്ചിട്ട് അവരുടെ അഭിപ്രായം രേഖപ്പെടുത്തട്ടെ.

അധഃസ്ഥിത വിഭാഗങ്ങൾക്ക് സംവരണമുള്ളതുകൊണ്ടാണ് ബാക്കിയുള്ളവർക്ക് അർഹതപ്പെട്ടത് ലഭിക്കാത്തത് എന്നു പറയുന്നവരുണ്ട്. അവരുടേത് വികലവാദമാണ്. ഇന്ന് പല വിഭാഗം ജനങ്ങളും അനുഭവിക്കുന്ന ജീവിതദൈന്യാവസ്ഥയ്ക്കു കാരണം, നിലനിൽക്കുന്ന വ്യവസ്ഥിതിയാണ്. അതിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്താനാണ് ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നത്. ആർക്കും സംവരണം ഇല്ല എന്നു വെക്കുക; അതുകൊണ്ടു പരിഹൃതമാവുന്നതാണോ പൊതുവിൽ രാജ്യത്തുള്ള സാമ്പത്തിക ഉച്ചനീചത്വങ്ങളും അടിച്ചമർത്തലും ചൂഷണവും?

80:20 ന്യൂനപക്ഷ സംവരണ വിഷയത്തിലെ ഹൈക്കോടതി വിധിയെ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യും? സച്ചാർ കമ്മിറ്റിയും തുടർന്ന് വന്ന പാലൊളി കമ്മിറ്റിയും ഉദ്ദേശിക്കുകയും നിർദ്ദേശിക്കുകയും ചെയ്ത കാര്യങ്ങളിൽ പിന്നീടുവന്ന ഉത്തരവുകളിലൂടെ വെള്ളം ചേർക്കപ്പെട്ടു എന്നത് വസ്തുതയാണ്. ക്രിസ്ത്യൻ സമുദായങ്ങൾക്ക് ക്ലെയിം ഉന്നയിക്കാൻ പാകത്തിൽ വിധി സമ്പാദിക്കാൻ പറ്റി. ഇടതുപക്ഷത്തിന്റെ മുസ്‌ലിം സമുദായത്തോടുള്ള രാഷ്ട്രീയ നിലപാട് എന്തായിരിക്കും എന്ന തരത്തിൽ സമുദായ സംഘടനകളിൽ നിന്ന് ചോദ്യമുയരാൻ തുടങ്ങിയിട്ടുണ്ട്. നിയമപരമായ തുടർനടപടികളിലേക്ക് ഇടതു സർക്കാർ പോകുമോ?

സമൂഹത്തിൽ വിഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്ന വിഷയങ്ങളിലെല്ലാം സമവായം സൃഷ്ടിക്കാൻ സർക്കാർ പൊതുവായ ഒരു നിലപാട് കൈക്കൊണ്ടിട്ടുണ്ട്. ചർച്ച ചെയ്ത് പരിഹാരം കാണുക എന്നതാണ് ആ നിലപാട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും നാടിനെ ബാധിക്കുന്ന പ്രശ്‌നങ്ങളിലൊക്കെ ഇത്തരത്തിൽ കൂട്ടായി ചർച്ച ചെയ്ത് മുന്നോട്ടുപോകുകയാണ് സർക്കാർ ചെയ്തിട്ടുള്ളത്.

ഇക്കാര്യത്തിലും അതുതന്നെയാണ് സർക്കാർ ചെയ്തത്, സർവകക്ഷി യോഗം വിളിച്ച് ചർച്ച നടത്തി. ആ യോഗത്തിൽ ധാരണയായത് വിധിയിൽ നിയമപരമായ പരിശോധന നടത്താനും വിദഗ്ദ്ധ സമിതിയുടെ പഠനം നടത്താനും മറ്റു പ്രായോഗിക നിർദ്ദേശങ്ങൾ കൂടി പരിഗണിക്കാനുമാണ്. ഇവയെയെല്ലാം സമന്വയിപ്പിച്ച് മുന്നോട്ടുപോകാനാണ് ആ യോഗത്തിൽ തീരുമാനിച്ചിട്ടുള്ളത്. തുടർന്നും ഇക്കാര്യത്തിൽ ചർച്ചകൾ സാധ്യമാണ് എന്ന നിലപാടാണ് യോഗത്തിൽ അറിയിച്ചത്. ഏതായാലും നമ്മുടെ സമൂഹം ആർജ്ജിച്ചിട്ടുള്ള പൊതുഅന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തിൽ യോജിച്ച അഭിപ്രായമാണ് സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഉണ്ടായിരുന്നത്.

പാലോളി മുഹമ്മദ് കുട്ടി, ജസ്റ്റിസ് രജീന്ദർ സച്ചാർ

നമ്മുടെ സൈബർ സ്പേസ്, വ്യാപകമായി മത വർഗീയ പ്രചാരണ വേദിയായി, ഉപയോഗിച്ചുകൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. സൈബർ സ്പേസ് മാത്രമല്ല, കേരളത്തിന്റെ സാംസ്‌കാരിക ഇടങ്ങൾ തന്നെ വർഗീയ - വിദ്വേഷ പ്രചാരണങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ പോലും ഭിന്നതയും അപരവൽക്കരണവും നടത്തി പുതിയ മത വർഗീയത പ്രചരിപ്പിക്കാനും സജീവശ്രമം നടക്കുന്നു. അതിനെ പ്രതിരോധിക്കേണ്ടത് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തമല്ലേ? സൈബർ ഇടങ്ങളിലെ പതിവു പോസ്റ്റർ പ്രചാരണത്തിനപ്പുറം, സൈദ്ധാന്തികമായ ആശയ അടിത്തറയിൽ നിന്നുകൊണ്ട് വർഗീയതയെ ചെറുക്കാൻ - ഇ.എം.എസ്സിന്റെയും മറ്റും കാലത്തിലെന്ന പോലെ - ഇടതുപക്ഷം പുതിയ ബൗദ്ധിക പരിപാടികൾ ആവിഷ്‌കരിക്കേണ്ടതില്ലേ? അതിന് സംഘടനാപരമായ എന്തു നടപടികളാണ് അണിയറയിലുള്ളത്?

വ്യാജ വാർത്തകൾ അവതരിപ്പിക്കാനും അശാസ്ത്രീയത പ്രചരിപ്പിക്കാനും മാത്രമല്ല വിദ്വേഷം പരത്താനുള്ള ഇടമായി കൂടി സൈബർ സ്‌പേസ് ഉപയോഗിക്കപ്പെടുന്നു എന്നത് വസ്തുതയാണ്. ഇതിനെതിരെ ശക്തമായ നിയമനിർമ്മാണം ആവശ്യമാണ് എന്ന് ഒരു ഘട്ടത്തിൽ പൊതുഅഭിപ്രായം തന്നെ നമ്മുടെ നാട്ടിൽ രൂപീകൃതമായിരുന്നു.

മാധ്യമ മേധാവികൾ വരെ ആവശ്യപ്പെട്ട ഒന്നായിരുന്നു അത്. എന്നാൽ ഒരു കാര്യം ഓർമിക്കണം- ഇരുതല വാളാണത്. സൈബർ സ്‌പേസിലെ ജനാധിപത്യപരമായ വിമർശനത്തിനുള്ള ഭരണഘടനാദത്തമായ സ്വാതന്ത്ര്യത്തെ ഹനിക്കാനായി ഇത് ദുരുപയോഗിക്കില്ല എന്നുറപ്പു വരുത്തണം. മറിച്ചുള്ള സംഭവങ്ങൾ നിത്യേന നാം ദേശീയ തലത്തിൽ തന്നെ കാണുന്നുണ്ടല്ലോ. ഇടതുപക്ഷം ഇക്കാര്യത്തിൽ അതിന്റേതായ കടമ നിർവ്വഹിക്കുന്നുണ്ട്.

രണ്ടാം കൊവിഡ് പാക്കേജിൽ വകയിരുത്തിയിരിക്കുന്ന ആകെ തുകയുടെ 86 ശതമാനവും ഉപജീവനങ്ങൾ സംരക്ഷിക്കാനുള്ളതാണ്.

സമൂഹത്തിന്റെ വലതുപക്ഷവൽക്കരണത്തെക്കുറിച്ച് ഇ.എം.എസ് അക്കാദമിയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് സംസ്ഥാന തലത്തിൽ ഒരു ശില്പശാല സംഘടിപ്പിച്ചിട്ടുണ്ട്. അതൊരു തുടർ പ്രക്രിയ ആക്കാനുള്ള ആലോചനകൾ നടന്നിട്ടുണ്ട്. ആ ശില്പശാലയിൽ അവതരിപ്പിച്ച നയരേഖയും അതോടൊപ്പം വിവിധ മേഖലകളിലെ പ്രമുഖർ അവർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെക്കുറിച്ച് അവതരിപ്പിച്ച അവതരണങ്ങളുടെ ചുരുക്കവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളാകട്ടെ വർഗീയതയ്‌ക്കെതിരെ നിരവധി പരിപാടികൾ നടത്തിയിട്ടുണ്ട്.

എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഒരു ഘട്ടത്തിൽ എല്ലാ ജില്ലകളിലും നവോത്ഥാന റാലികൾ സംഘടിപ്പിച്ചിരുന്നു. കൃത്യമായ ആശയ അടിത്തറയിൽ നിന്നുകൊണ്ട്, വർഗീയതയെ തലോടിയാൽ അതെവിടെ ചെന്നു നിൽക്കും എന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധത്തിൽ ആ റാലികളിലൂടെ പൊതുസമൂഹവുമായി ഇടതുപക്ഷം സംവദിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഉൾപ്പെടെ ഏതു തരത്തിലുള്ള വർഗീയതയാണെങ്കിലും - ഭൂരിപക്ഷത്തിന്റെതായാലും ന്യൂനപക്ഷത്തിന്റെതായാലും - അതിനെ അകറ്റി നിർത്തേണ്ടതുണ്ട് എന്ന നയം സുവ്യക്തമായി എൽ.ഡി.എഫ് അവതരിപ്പിച്ചിരുന്നു.

എന്നാൽ, നിർഭാഗ്യവശാൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ മുന്നണികളും അപ്രകാരം ചിന്തിച്ചില്ല. വർഗീയതയെ പ്രതിരോധിക്കാൻ ഏതെങ്കിലുമൊരു വ്യക്തിയോ സംഘടനയോ സർക്കാരോ മാത്രം ശ്രമിച്ചാൽ മതിയാവില്ല. സമൂഹമാകെ അതിന്റെ വിപത്തുകൾക്കെതിരെ ബോധവാന്മാരാവണം. അതിനുള്ള ശ്രമങ്ങൾ തുടർന്നും ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടാകും.

കോവിഡ് കാലം പെട്ടെന്ന് അവസാനിക്കുന്ന ഒന്നല്ല എന്നത് യാഥാർത്ഥ്യമാണ്. ആരോഗ്യരംഗത്ത് കേരളം ലോകത്തിനു തന്നെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. പക്ഷേ ഇപ്പോൾ ആരോഗ്യ പ്രവർത്തകർ അസ്വസ്ഥരാണ് എന്ന വാർത്തകൾ പുറത്തു വരുന്നു. അത് കേരളത്തിൽ മാത്രമല്ല ലോകം മുഴുവൻ അങ്ങനെയാണ്. ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം, ആരോഗ്യം, സാമ്പത്തികാവസ്ഥ, കുടുംബ ജീവിതാവസ്ഥ, ആശുപത്രികളിലെ ജീവിതം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അടിയന്തിരമായി പരിഗണിക്കപ്പെടേണ്ടതുണ്ട്. എങ്ങനെയാണ് നേരിടാൻ പോകുന്നത്?

ശരിയാണ്, ഈ മഹാമാരി കുറച്ചുനാൾ നമ്മോടൊപ്പം ഉണ്ടാകും. ലോകജനതയുടെ ഭൂരിഭാഗവും വാക്‌സിനേറ്റ് ചെയ്യപ്പെടുകയും അങ്ങനെ മനുഷ്യരാശിയാകെത്തന്നെ ഹേർഡ് ഇമ്മ്യൂണിറ്റി നേടിയെടുക്കുകയും ചെയ്യുന്നതുവരെ കോവിഡിനോടൊത്ത് ജീവിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞവർഷം, കോവിഡിന്റെ ഒന്നാമത്തെ തരംഗത്തിന്റെ സമയത്തു തന്നെ ദിവസേനയുള്ള പത്രസമ്മേളനങ്ങളിൽ ഞാൻ ഒരു കാര്യം വ്യക്തമാക്കിയിരുന്നു; കോവിഡ് നമ്മെ പരീക്ഷിക്കുന്നത് ശാരീരികമായും സാമ്പത്തികമായും മാത്രമല്ല, മാനസികമായി കൂടിയാണ്. ഈ രോഗത്തോടു പോരാടി ജയിക്കാൻ നമ്മുടെ ശരീരങ്ങളുടെ ആരോഗ്യവും നമ്മുടെ സമ്പദ്ഘടനയുടെ ശേഷിയും എന്നതോടൊപ്പം തന്നെ, നമ്മുടെ മനസ്സുകളുടെ ശക്തിയും അതിപ്രധാനമാണ്.

കോവിഡ് ടെസ്റ്റിനായി സ്വാബ് ശേഖരിക്കുന്ന ആരോഗ്യപ്രവർത്തകർ

കോവിഡിലൂടെ പരീക്ഷിക്കപ്പെടുന്നത് നമ്മുടെ perseverance, അല്ലെങ്കിൽ endurance ആണ്. അതുകൊണ്ടാണ് മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കുവേണ്ടി നിരവധി ഇടപെടലുകൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' തുടങ്ങിയവ ആരോഗ്യപ്രവർത്തകർക്കുകൂടി ലഭ്യമാക്കിയിട്ടുള്ള സേവനങ്ങളാണ്. ആശാ വർക്കർമാരെയും, വാർഡ് സമിതി അംഗങ്ങളെയും, പൊലീസുകാരെയും, സന്നദ്ധപ്രവർത്തകരെയുമൊക്കെ പോലെ ആരോഗ്യ പ്രവർത്തകരും ഈ മഹാമാരിയിൽ നമ്മുടെ മുന്നണി പോരാളികളാണ്. അവരെയൊക്കെ ഈ പോരാട്ടത്തിൽ ഊർജ്ജസ്വലരായി നിലനിർത്താൻ വേണ്ട ഇടപെടലുകൾ സ്വാഭാവികമായും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും.

വികസന പ്രവർത്തനങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. അവയുടെ അടിസ്ഥാനത്തിലാണ് നമുക്ക് വ്യവസായ വളർച്ച കൈവരിക്കാനാവുക. അതില്ലാതെ നമ്മുടെ ചെറുപ്പക്കാർക്ക് അഭിരുചികൾക്കും ശേഷികൾക്കുമൊത്ത തൊഴിലുകൾ ഇവിടെത്തന്നെ ലഭ്യമാവുകയില്ല.

അതുപോലെത്തന്നെയുള്ള വിഭാഗമാണ് കലാരംഗത്ത് പ്രവർത്തിക്കുന്നവർ. വിസിബിലിറ്റിയുള്ള സിനിമാ ലോകം മാത്രമല്ല, നാടകം, സംഗീതം, നൃത്തം, വാദ്യകല തുടങ്ങി ഒട്ടേറെ മേഖലയിലുള്ളവർ അക്ഷരാർത്ഥത്തിൽ തൊഴിൽ രഹിതരാണ്. ലോക്ക് ഡൗണിന് ശേഷം മറ്റ് തൊഴിൽ മേഖലകൾ പ്രവർത്തിക്കാൻ തുടങ്ങിയാലും ഇവരുടെ കാര്യം കഷ്ടമായിരിക്കും. എന്ത് ചെയ്യാൻ പറ്റും?

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ തുടക്കം മുതൽ നാം സ്വീകരിച്ച നിലപാട് ജീവനും ഉപജീവനവും സംരക്ഷിക്കുക എന്നതാണ്. രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളതും ഇവ രണ്ടിനും പ്രാമുഖ്യം നൽകിക്കൊണ്ടാണ്. 20,000 കോടി രൂപയുടെ രണ്ടാം പാക്കേജിലൂടെ ആരോഗ്യരംഗത്തെ അടിയന്തര സാഹചര്യം നേരിടുന്നതിനായി 2,800 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത് എങ്കിൽ ഉപജീവനം പ്രതിസന്ധിയിലായിരിക്കുന്നവർക്കുവേണ്ടി 8,900 കോടി രൂപയും പലിശ സബ്‌സിഡികൾക്കായി 8,300 കോടി രൂപയുമാണ് ലഭ്യമാക്കുന്നത്. അതായത് രണ്ടാം കൊവിഡ് പാക്കേജിൽ വകയിരുത്തിയിരിക്കുന്ന ആകെ തുകയുടെ 86 ശതമാനവും ഉപജീവനങ്ങൾ സംരക്ഷിക്കാനുള്ളതാണ്.

കോവിഡിന്റെ ഈ രണ്ടാം തരംഗത്തിൽ കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ രണ്ടാമത്തെ വാരത്തിൽ തന്നെ ക്ഷേമനിധികളിൽ അംഗങ്ങളായിട്ടുള്ള എല്ലാ അംഗങ്ങൾക്കും 1,000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിലും സമാനമായ സഹായം നൽകിയിരുന്നു. അത് ഇതുപോലെയുള്ള കലാകാർക്കും ലഭ്യമാകും, കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിലൂടെ. ഇനി അഥവാ അവരിലാരെങ്കിലും അതിൽ അംഗങ്ങളല്ല എന്നുണ്ടെങ്കിൽ ക്ഷേമനിധികളിൽ അംഗങ്ങളല്ലാത്തതും ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളതുമായ കുടുംബങ്ങൾക്കും ഈ ലോക്ക്ഡൗൺ കാലത്ത് ധനസഹായം നൽകുന്നുണ്ട്.

ഇവരുൾപ്പെടെ ജോലിയും വരുമാനവുമില്ലാതെ ഇരിക്കുന്നവർ പട്ടിണി കിടക്കരുത് എന്ന് കരുതുന്നതുകൊണ്ടാണ് സർക്കാർ എല്ലാ മാസവും മുടങ്ങാതെ ഭക്ഷ്യധാന്യ കിറ്റ് ലഭ്യമാക്കുന്നതും വർധിപ്പിച്ച നിരക്കിൽ ക്ഷേമ പെൻഷനുകൾ ലഭ്യമാക്കുന്നതും. ഇതിനൊക്കെ പുറമെ ഏതെങ്കിലും വിഭാഗങ്ങൾക്ക് സവിശേഷമായ സഹായം വേണ്ടതുണ്ടെങ്കിൽ അത് നമുക്ക് പരിശോധിക്കാവുന്നതാണ്.

ഏതെങ്കിലുമൊരു വികസന പ്രവർത്തനത്തിന്റെ പേരിൽ ആളുകൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്ന പ്രശ്‌നം ഇന്ന് കേരളത്തിലുണ്ടോ?

64,000 കോടി രൂപ ചെലവിൽ കെ- റെയിൽ പദ്ധതിയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. തീരദേശ ജനതയുടെ, ദളിതരുടെ, ആദിവാസികളുടെ, മലയോര ജനതയുടെ ഒക്കെ ഭൂമി പ്രശ്നം കേരളത്തിൽ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. ഒപ്പം പലതരം വികസന പദ്ധതികൾക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത പുനരധിവാസ പ്രശ്നങ്ങളും ഉണ്ട്. സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയ്ക്ക് വേണ്ടി ഇനിയും കുടിയൊഴിപ്പിക്കൽ നടപ്പാക്കാൻ പോവുകയാണ്. ഇതൊരു അവശ്യ പദ്ധതിയാവുന്നത്, ഏറ്റവും ആദ്യം പരിഗണിക്കേണ്ട വിഷയമായി മാറുന്നത് എന്തുകൊണ്ടാണ് എന്ന് വിശദമാക്കാമോ?

കഴിഞ്ഞ സർക്കാരിനെപോലെ തന്നെ, ഈ സർക്കാരും വികസന പ്രവർത്തനങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. കാരണം, അവയൊക്കെ നാടിന് ഒഴിച്ചുകൂടാനാവാത്തതാണ്. അവ സൃഷ്ടിക്കുന്ന അടിസ്ഥാനത്തിലാണ് നമുക്ക് വ്യവസായ വളർച്ച കൈവരിക്കാനാവുക. അതില്ലാതെ നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് അവരുടെ അഭിരുചികൾക്കും ശേഷികൾക്കുമൊത്ത തൊഴിലുകൾ ഇവിടെത്തന്നെ ലഭ്യമാവുകയില്ല. തൊഴിലുൽപാദനത്തിന് മുന്തിയ പരിഗണന നൽകുമ്പോൾ അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാതിരിക്കാനാവില്ല.

Screen Grab From Kerala Rail website

എന്നാൽ, ഏതെങ്കിലുമൊരു വികസന പ്രവർത്തനത്തിന്റെ പേരിൽ ആളുകൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്ന പ്രശ്‌നം ഇന്ന് കേരളത്തിലുണ്ടോ? ഗെയ്ൽ പൈപ്പ് ലൈനിന്റെയും ദേശീയപാതാ വികസനത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ കേരള ജനതയ്ക്ക് അക്കാര്യത്തിൽ ഒരാശങ്കയും വേണ്ടതില്ല എന്നു നാം തെളിയിച്ചിട്ടില്ലേ? കേരളത്തിലാണ് ഭൂമി ഏറ്റെടുക്കാൻ ഏറ്റവുമധികം പണം ചെലവഴിക്കേണ്ടി വരുന്നത് എന്ന് കേന്ദ്ര സർക്കാർ തന്നെ പറഞ്ഞിട്ടില്ലേ? ഭൂമി ഏറ്റെടുക്കൽ സുഗമമാക്കാൻ കേരളം തന്നെ അതിനായി വേണ്ടി വരുന്ന ചെലവിന്റെ വലിയൊരു വിഹിതം ഏറ്റെടുത്ത് മാതൃക സൃഷ്ടിച്ചിട്ടുണ്ട്.

കാർഷിക വിളകൾക്കു വരെ രാജ്യത്ത് ഏറ്റവുമുയർന്ന നഷ്ടപരിഹാരം നൽകുന്ന സംസ്ഥാനമാണ് കേരളം. ഇന്നത്തെ നമ്മുടെ ആവശ്യങ്ങളെ മാത്രം മനസ്സിൽ കണ്ടുകൊണ്ടല്ല സെമി ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പാക്കുന്നത്. അത് നമ്മുടെ ഭാവിയെ കൂടി മനസ്സിൽ കണ്ടുകൊണ്ടുള്ള പദ്ധതിയാണ്. നാലാമത്തെ വിമാനത്താവളം കേരളത്തിന് ആവശ്യമുണ്ടോ എന്നു ചോദിച്ചവരില്ലേ? എന്നാലിന്ന് നാലും നല്ല നിലയ്ക്ക് പ്രവർത്തിക്കുന്നില്ലേ? അടുത്ത 25 വർഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ തന്നെ വികസിത, മധ്യ വരുമാന രാഷ്ട്രങ്ങൾക്ക് സമാനമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ അവിടങ്ങളിൽ ഉള്ളതിനു സമാനമായ അടിസ്ഥാന സൗകര്യങ്ങൾ - ഗതാഗത മേഖലയിൽ ഉൾപ്പെടെ - നമ്മുടെ നാട്ടിൽ ഉണ്ടാവേണ്ടതുണ്ട്.

ഇടതുപക്ഷത്തെ സംബന്ധിച്ച് വികസന പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചുകൊണ്ടുപോകണം എന്ന കാഴ്ചപ്പാട് അടിസ്ഥാനപരമായ ഒന്നാണ്, അത് വെറുമൊരു പാഴ്‌വാക്കല്ല

ഇതൊക്കെ സാധ്യമാക്കുമ്പോൾ തന്നെ നമ്മുടെ വികസന പ്രക്രിയ എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്ന് ഉറപ്പ് വരുത്തും. ഒരാളെയും ഒഴിച്ചുനിർത്തില്ല എന്നതാണ് എൽ.ഡി.എഫിന്റെ വികസന പ്രക്രിയയെ നയിക്കുന്ന പ്രമാണം. വികസനപ്രവർത്തനങ്ങളോടൊപ്പം തന്നെ ക്ഷേമ നടപടികളെ കൂടി മുന്നോട്ടു കൊണ്ടുപോകുന്നു എന്നതിൽ നിന്ന് ആ പ്രമാണം നാം പാലിക്കുന്നുണ്ട് എന്നത് വ്യക്തമാണല്ലോ.

പൊതുജനാരോഗ്യരംഗത്തും പാരിസ്ഥിതിക മേഖലയിലും അഴിമതിയടക്കമുള്ള സാമൂഹിക തിന്മകളെ അഡ്രസ്സ് ചെയ്യുന്നതിലും ശക്തമായ ആശയസംഘട്ടനങ്ങളും വിഭിന്നതാൽപര്യങ്ങൾ തമ്മിലുള്ള സംവാദവും നടന്ന നാലഞ്ചു വർഷങ്ങൾക്കു ശേഷം നടന്നൊരു തിരഞ്ഞെടുപ്പിലെ വിധിയെഴുത്ത് എന്ന നിലയിൽ ശക്തവും വ്യക്തവും കൃത്യവുമായ ജനഹിതം ഈ സർക്കാരിനു സ്വന്തമായുണ്ട്. അതുകൊണ്ടു തന്നെ, ഭാവിയിൽ ഏതുതരം ഭരണമാറ്റം ഉണ്ടായാലുമില്ലെങ്കിലും, ഭാവികേരളത്തിന്റെ വികസനരൂപരേഖ തയ്യാറാക്കേണ്ട ഉത്തരവാദിത്തവും ബാധ്യതയും ഈ സർക്കാരിനുണ്ട്. വികസനവും പരിസ്ഥിതിയും ഒന്നിച്ചു കൊണ്ടുപോകുമെന്ന പതിവു ഭരണകൂട പല്ലവിക്കപ്പുറം, പുതിയ കാലത്തിന്റെ രാഷ്ട്രീയം ഉൾക്കൊണ്ടുകൊണ്ടും, പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും നൽകിയ പാഠങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടും പുതിയൊരു വികസനനയം തന്നെ ഈ സർക്കാരിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നുണ്ട്. ഇന്നത്തെക്കാലത്ത് എല്ലാ വൻകിട വികസന പരിപാടികളിലും കോർപ്പറേറ്റ് താൽപര്യങ്ങൾ കടന്നുകൂടുക സ്വാഭാവികമാണെന്ന അപകടവുമുണ്ട്. അതിനെ ചെറുക്കാൻ എന്തുതരം മുൻകരുതലുകളാണ് സർക്കാർ പുലർത്തുന്നത്?

ഇടതുപക്ഷത്തെ സംബന്ധിച്ച് വികസന പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചുകൊണ്ടുപോകണം എന്ന കാഴ്ചപ്പാട് അടിസ്ഥാനപരമായ ഒന്നാണ്, അത് വെറുമൊരു പാഴ്‌വാക്കല്ല. അതിന് വ്യക്തമായ ഒരുദാഹരണം പങ്കുവെക്കാം. 2019 ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം അതിനു മുമ്പ് നടത്തിയ കണക്കെടുപ്പിനെ അപേക്ഷിച്ച് വനവിസ്തൃതി വർധിച്ച സംസ്ഥാനമാണ് കേരളം. 2017നെ അപേക്ഷിച്ച് കേരളത്തിന്റെ വനവിസ്തൃതി 823 ചതുരശ്ര കിലോമീറ്റർ കണ്ട് വർധിച്ചതായാണ് കേന്ദ്ര സർക്കാരിന്റെ തന്നെ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തിൽ രാജ്യത്തിനുതന്നെ മാതൃകയാവാൻ നമ്മുടെ നാടിനു കഴിയുന്നു. ഇതിൽ നിന്നു തന്നെ വ്യക്തമല്ലേ വികസന പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചുകൊണ്ടുപോകാൻ നമുക്കു കഴിയുന്നു എന്നത്.

മനുഷ്യനും പ്രകൃതിയും പരസ്പര പൂരകങ്ങളാണ്. രണ്ടും നിലനിൽക്കുകയും അഭിവൃദ്ധിപ്പെടുകയും വേണം. ഇവിടെയാണ് സുസ്ഥിര വികസന കാഴ്ചപ്പാടിന്റെ പ്രസക്തി വർധിക്കുന്നത്. ആ സുസ്ഥിര മാർഗ്ഗത്തിലൂടെയാണ് കേരളം മുന്നോട്ടുപോകുന്നത്. കേരള പുനർനിർമ്മാണത്തിലും നവ കേരള നിർമിതിയിലുമൊക്കെ നാം ഊന്നൽ നൽകുന്നത് സുസ്ഥിര വികസനം എന്ന ആശയത്തിലാണ്. ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഈ നയസമീപനം കൂടുതൽ വ്യക്തമായിട്ടുണ്ട്.

ഇന്നവേഷനുകളെ പ്രോത്സാഹിപ്പിക്കുകയാണ്, അതിനായി പ്രത്യേക ഇന്നവേഷൻ ഫണ്ട് തന്നെ ബജറ്റിൽ ഒരുക്കിയിരുന്നു. അവയെ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തോട് പ്രതികരിക്കുന്നതിന് കേരളത്തെ ശക്തിപ്പെടുത്താനായി സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് പരിഷ്‌കരിക്കുകയാണ്. ക്ലൈമറ്റ് റസിലിയന്റ് കാർഷിക രീതികൾ കേരളത്തിൽ നടപ്പാക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ച് മാലിന്യം ഒരു പരിസ്ഥിതി പ്രശ്‌നമായി ഉയർന്നു വരികയാണ്. മാലിന്യ സംസ്‌കരണത്തിനായി ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുകയാണ്. സെപ്‌റ്റേജും സീവേജും വരെ ട്രീറ്റ് ചെയ്യണം എന്ന നിലയിലെത്തി നിൽക്കുകയാണ് കേരളമിപ്പോൾ. അതിനുള്ള മാർഗ്ഗങ്ങൾ ആരായുകയാണ്.

നമ്മുടെ സംസ്ഥാനത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനുളളിൽ നീർത്തട അടിസ്ഥാനത്തിൽ മണ്ണ്, ജലം എന്നിവയുടെ സംരക്ഷണത്തിനും കൃഷി പരിപാലനത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതികൾ ആവിഷ്‌കരിച്ചത്. അവയെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലുൾപ്പെടുത്തി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയിരുന്നു. അതോടൊപ്പം, ജലാശയങ്ങൾ സംരക്ഷിക്കുന്നതിനും ഖര-ജലമാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നതിനും പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്തു. ഹരിത കേരളം മിഷനിലൂടെ ജലാശയങ്ങൾ പുനരുജ്ജീവിപ്പിക്കാൻ മാത്രമല്ല, കൃഷിയിടങ്ങൾ വീണ്ടെടുക്കാനും നമുക്ക് കഴിഞ്ഞു.

പ്രാദേശിക ജൈവവൈവിധ്യ രജിസ്റ്റർ പരിഷ്‌ക്കരിക്കുക, കനാലുകളും, പുഴകളും മാലിന്യമുക്തമാക്കുക, പശ്ചിമഘട്ട സംരക്ഷണ പദ്ധതി രൂപീകരിക്കുക, മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, നെൽവയൽ നീർത്തട സംരക്ഷണ നിയമം അനുശാസിക്കുന്ന പ്രകാരം ഡേറ്റാ ബാങ്കുകൾ പൂർത്തിയാക്കുക തുടങ്ങിയവയാകട്ടെ അടുത്ത അഞ്ചു വർഷം കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

നമ്മുടെ നാട് മുന്നോട്ടുപോകാൻ വികസനം എല്ലാവരിലേക്കും എത്തണം. വികസനത്തിന് വ്യവസായ വളർച്ച അത്യന്താപേക്ഷിതമാണുതാനും. വ്യവസായങ്ങൾക്കാകട്ടെ ഊർജ്ജം വലിയ തോതിൽ ആവശ്യമാണ്. കേരളത്തിലെ വൈദ്യുത മേഖലയിൽ അടുത്ത അഞ്ചു വർഷം കൊണ്ട് പാരമ്പര്യേതര ഊർജ്ജത്തിൽ - അതും സോളാർ വൈദ്യുതിയുടെ കാര്യത്തിൽ മാത്രം - മൂന്നു മടങ്ങ് വളർച്ചയാണ് നാം ലക്ഷ്യമിടുന്നത്. നമ്മുടെ പൊതുഗതാഗത സംവിധാനങ്ങളെയും അത്തരത്തിൽ പൂർണ്ണമായി ഹരിത ഇന്ധനങ്ങളിലേക്ക് പരിവർത്തിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഇത്തരത്തിൽ വികസന പ്രവർത്തനങ്ങളെയും പ്രകൃതി സംരക്ഷണ ശ്രമങ്ങളെയും സമന്വയിപ്പിക്കുന്ന നിലപാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനുള്ളത്. അതാണ്, ഈ കാലഘട്ടത്തിന്റെ ആവശ്യം, അത് ശാസ്ത്രീയമാണുതാനും.

ഉത്പാദന മേഖലയിൽ സാധ്യമായ അളവിൽ സ്വയംപര്യാപ്തത കൈവരിക്കാതെ കേരളം പോലൊരു സംസ്ഥാനത്തിന് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനാവില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ - സോപ്പ് മുതൽ മൈബൈൽ ഫോൺ വരെയുള്ള - കോർപ്പറേറ്റ് ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയുമാണ് കേരളം. സംസ്ഥാനത്തുള്ള ശക്തവും 'പ്രശസ്തവു'മായ മനുഷ്യ വിഭവശേഷി ഉപയോഗിച്ച് ഈ മേഖലയിൽ സർക്കാരിന് ക്രിയാത്മകവും സർഗാത്മകവുമായി ഇടപെട്ട് വലിയ അദ്ഭുതങ്ങൾ തന്നെ സൃഷ്ടിക്കാനാവും. (സഹകരണ മേഖലയിൽ അതിന് വിജയകരമായ മാതൃകകളുണ്ട്). അതിനു സഹായകമായ പദ്ധതികളോ പരിപാടികളോ ആലോചിക്കുന്നുണ്ടോ?

ഉത്പാദന മേഖലകളിൽ വളർച്ച കൈവരിച്ച അതിലൂടെ ലഭ്യമാകുന്ന അധിക വിഭവങ്ങളുടെ നീതിയുക്തമായ വിതരണം സാധ്യമാക്കി സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനം കൈവരിക്കാനാണ് നാം ശ്രമിക്കുന്നത്. അതാകട്ടെ കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ ആരംഭിച്ച പ്രക്രിയയുടെ തുടക്കമാണ്. കാർഷിക-കാർഷികാനുബന്ധ, വ്യവസായ, സാങ്കേതിക വിദ്യാ മേഖലകളാണ് കേരളത്തിന് സാധ്യതകളുള്ള ഉത്പാദന മേഖലകൾ. അവയിൽ നമ്മുടെ ശേഷികളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്.

കാർഷിക മേഖലയിൽ - പ്രത്യേകിച്ച് പച്ചക്കറിയുടെയും പാലിന്റെയും കാര്യത്തിൽ - സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തന്നെ നടക്കുകയാണ്. അതിനുപുറമെ മുട്ട, മാംസം, മത്സ്യം എന്നീ മേഖലകളിൽ സവിശേഷശ്രദ്ധ നാം പതിപ്പിക്കുന്നുണ്ട്. ഉൾനാടൻ മത്സ്യക്കൃഷി വ്യാപിപ്പിക്കാനും, കേരള ചിക്കൻ യാഥാർത്ഥ്യമാക്കി ഇറച്ചിക്കോഴിയുടെ തദ്ദേശീയ ഉത്പാദനം വർധിപ്പിക്കാനും, ആധുനിക സ്ലോട്ടർഹൗസുകൾ ഒരുക്കാനുമൊക്കെ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമായാണ്. കാർഷികോല്പന്നങ്ങളുടെ മൂല്യവർദ്ധനവിന്, പ്രത്യേകിച്ച ഭക്ഷ്യസംസ്‌കരണത്തിന് മികച്ച സാധ്യതകളാണ് കേരളത്തിലുള്ളത്. അഗ്രോ പാർക്ക്, ഫുഡ് പാർക്ക്, സ്‌പൈസസ് പാർക്ക് എന്നിവയൊക്കെ ആ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ട് ആവിഷ്‌കരിച്ചിട്ടുള്ളവയാണ്.

വ്യവസായങ്ങളെ ആകർഷിക്കാനും ഇവിടെ വ്യവസായങ്ങൾ ആരംഭിക്കാനുമൊക്കെ സഹായകമായ നിലപാടുകൾ നാം കഴിഞ്ഞ അഞ്ചു വർഷങ്ങളായി കൈക്കൊള്ളുകയാണ്. പ്രവാസികൾ, യുവജനങ്ങൾ, സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ്ഗക്കാർ, കൈപ്പണിക്കാർ എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങൾക്ക് സംരംഭകത്വത്തിനുള്ള വഴികൾ കഴിഞ്ഞ ബജറ്റിലും പുതുക്കിയ ബജറ്റിലും തുറന്നുകൊടുത്തിട്ടുണ്ട്. ഇന്നവേഷനുകളെ പ്രോത്സാഹിപ്പിക്കുകയാണ്, അതിനായി പ്രത്യേക ഇന്നവേഷൻ ഫണ്ട് തന്നെ ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ ഒരുക്കിയിരുന്നു. അവയെ പ്രാദേശിക തലത്തിൽ കൂടി പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിൽ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

മുൻ കൃഷി മന്ത്രി വി.എസ്.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നെല്ല് കൊയ്‌തെടുക്കുന്നു

കേരളത്തിലെ സർവകലാശാലകളേയും അക്കാദമിക് സ്ഥാപനങ്ങളേയും വ്യവസായങ്ങളോടൊപ്പവും നൂതന സാങ്കേതികവിദ്യാ മേഖലകളിലും പ്രവർത്തിക്കുന്നതിന് പ്രോത്സാഹനം നൽകുകയാണ്. വിദ്യാർഥികളെയും അധ്യാപകരെയും സ്റ്റാർട് അപ്പുകൾ ആരംഭിക്കുന്നതിനും ഹൈ ടെക്‌നോളജി സംരംഭങ്ങളിൽ ഏർപ്പെടുന്നതിനും പ്രോത്സാഹിപ്പിക്കുകയാണ്. ഹാർഡ്വെയർ സെക്ടറിലെ നിക്ഷേപം വർധിപ്പിച്ചു അതിനെ വികസിപ്പിക്കാൻ വേണ്ട ഇടപെടലുകൾ സർക്കാർ നടത്തുകയാണ്. അടുത്ത മൂന്നു മുതൽ അഞ്ചു വർഷം കൊണ്ട് കേരളത്തിലെ ഐടി കയറ്റുമതിയുടെ മൂല്യം ഇരട്ടിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

ചോദ്യത്തിൽ പരാമർശിച്ചതുപോലെ സഹകരണമേഖലയുടെ സാധ്യതകളെക്കൂടി കേരളത്തിന്റെ വ്യാവസായിക വളർച്ചയിൽ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്. Cooperatives' Initiative for Agriculture Infrastructure in Kerala അത്തരത്തിലുള്ള ഒരിടപെടലാണ്. ഇതിലൂടെ പ്രാദേശിക വിപണികൾ, ഗോഡൗണുകൾ, കോൾഡ്‌ചെയ്ൻ സൗകര്യങ്ങൾ, സംസ്‌കരണകേന്ദ്രങ്ങൾ എന്നിവ ഒരുക്കാൻ വേണ്ട മൂലധനം ഒരുക്കുകയാണ്. ഈ സാമ്പത്തിക വർഷത്തിൽ തന്നെ ഇതിനുതകുന്ന വായ്പയായി സഹകരണ സംഘങ്ങൾക്ക് 2,000 കോടി രൂപ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.

ക്രമസമാധാനം ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ ജനസേവകരായി കൂടി പൊലീസ് നിലകൊള്ളണമെന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനുള്ളത്

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കശുവണ്ടി, കയർ, കൈത്തറി എന്നീ മേഖലകളുടെ വളർച്ചയ്ക്കും അങ്ങനെ ഉത്പാദനം വർധിപ്പിക്കുന്നതിനും ഇടപെട്ടിട്ടുണ്ട്. പരമ്പരാഗത മേഖലയുടെ ആധുനികവൽക്കരണത്തിന് തുടക്കം കുറിച്ചിരിക്കുന്നതും ഇന്നത്തെ കാലത്തിനനുയോജ്യമായ വിധത്തിൽ പ്രവർത്തിക്കാനുള്ള ശേഷിയുള്ളവയായി അവയെ വളർത്തിയെടുക്കാനാണ്. പൊതുമേഖലയെ ലാഭത്തിലാക്കിയതു തന്നെ ഉത്പാദനത്തിൽ ഗണ്യമായ വളർച്ച കൈവരിച്ചുകൊണ്ടായിരുന്നു. നിക്ഷേപങ്ങളെ ആകർഷിക്കാൻ കഴിയുന്ന വിധത്തിൽ ഹൈടെക്ക് ഇൻഡ്‌സ്ട്രിയൽ കോറിഡോർ യാഥാർത്ഥ്യമാക്കുകയാണ്. സംസ്ഥാനത്തൊട്ടാകെ വിവിധ വ്യവസായ പാർക്കുകൾ ആരംഭിക്കുകയാണ്.

ലാപ്‌ടോപുകളുടെ ഉത്പാദനം കേരളത്തിൽ നടത്താൻ കോകോണിക്‌സിലൂടെ നാം ശ്രമിച്ചിട്ടുണ്ട്. അതേപോലെ തന്നെ വൈദ്യുത വാഹനങ്ങളുടെ ഉത്പാദന ഹബ്ബായി കേരളത്തെ മാറ്റാനുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിടുന്നു. കെഎസ്ഡിപിയെ ആധുനികവൽക്കരിച്ച് മരുന്നുകളുടെ കയറ്റുമതി നടത്താനുള്ള ശേഷി വരെ ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോഴാകട്ടെ കേരളത്തിൽ വാക്‌സിൻ ഉത്പാദനം നടത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇതൊക്കെ തന്നെ വിവിധ മേഖലകളിൽ ഉത്പാദനം വർധിപ്പിക്കാനുള്ള ഇടപെടലുകളാണ്.

നമ്മുടെ നാട്ടിൽ ഏറ്റവുമധികം ഉള്ളത് ചെറുകിട സംരംഭങ്ങളാണ്, അവയ്ക്കായി ഇപ്പോൾ മൂലധന വായ്പ ലഭ്യമാക്കുകയാണ്. അവയുടെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ച ത്വരിതപ്പെടുത്താനായി ഒരു വെൻച്വർ ക്യാപിറ്റൽ ഫണ്ട് തന്നെ ഒരുക്കിയിരിക്കുകയാണ്. ഇത്തരത്തിൽ വിവിധ ഉത്പാദന മേഖലകളെ മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ നടത്തുകയാണ് നാം. എന്നാൽ, ഇവയുടെയൊക്കെ ഫലം ഇപ്പോൾ തന്നെ അനുഭവിക്കാൻ കഴിഞ്ഞു എന്നു വരില്ല, അഞ്ചോ പത്തോ വർഷം ചിലപ്പോൾ വേണ്ടി വരും. ഫലം കാണുന്നതുവരെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേ ഇരിക്കുക എന്നത് പ്രധാനമാണ്.

ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനം പൂർണമായും ജനാധിപത്യപരവും നീതിയുക്തവുമാക്കാൻ, ജനമൈത്രി എന്നത് പോലീസിലെ ഒരു വിഭാഗം എന്നതിൽ നിന്നു മാറി പോലീസിന്റെ നയം തന്നെ ആകേണ്ടതുണ്ട്. അതിന് താഴേത്തട്ടിലെ സിവിൽ പോലീസ് ഓഫീസർ മുതൽ ഐ.പി.എസ്. ഉദ്യോഗസ്ഥർ വരെയുള്ളവർക്ക് സാമൂഹിക വിദ്യാഭ്യാസവും അവരുടെ പ്രവർത്തനങ്ങൾക്ക് സാമൂഹിക ഓഡിറ്റിങ്ങും ആവശ്യമാണ്. ആ ദിശയിൽ എന്തെങ്കിലും ആലോചനകളുണ്ടോ? പുതിയ രാഷ്ട്രീയത്തെ ഏറ്റവും ഉൾക്കൊള്ളേണ്ട, ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന അധികാര കേന്ദ്രം എന്ന നിലയിൽ.

ക്രമസമാധാനം ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ ജനസേവകരായി കൂടി പൊലീസ് നിലകൊള്ളണമെന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനുള്ളത്. ആ നിലയിലേക്കുള്ള വലിയ മാറ്റം കഴിഞ്ഞ നാളുകളിൽ ഉണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത. കുട്ടികൾക്കും സ്ത്രീകൾക്കും വയോജനങ്ങൾക്കും ഒക്കെ സൗഹൃദമായ നിലയിലേക്ക് പല പൊലീസ് സ്റ്റേഷനുകളും മാറിയിട്ടുണ്ട്. പ്രളയത്തിന്റെയും വെള്ളപൊക്കത്തിന്റെയും ഉരുൾപൊട്ടലിന്റെയുമൊക്കെ നടുവിൽ രക്ഷാപ്രവർത്തനങ്ങളിൽ കൈയ്യും മെയ്യും മറന്ന് മുന്നിട്ടിറങ്ങിയവരാണ് പൊലീസുകാർ. മഹാമാരിയുടെ ഘട്ടത്തിലാവട്ടെ ആവശ്യക്കാർക്ക് മരുന്നും ഭക്ഷണവുമുൾപ്പെടെ എത്തിക്കുന്നതിൽ വലിയ ഇടപെടലാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്.

മാതൃകാ സേനയായി കേരളാ പൊലീസിനെ ഉയർത്താനുള്ള ശ്രമങ്ങൾ സ്വാഭാവികമായും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും

എസ്.പി.സി പ്രോഗ്രാമിലൂടെ സ്‌കൂളുകളും വിദ്യാർത്ഥികളുമൊക്കെയായി മികച്ച സഹകരണം ഇന്ന് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. റെസിഡെന്റ്‌സ് അസോസിയേഷനുകളുമായി സഹകരിച്ച് പല അയൽപക്കങ്ങളിലും വളരെ സൗഹൃദപരമായ അന്തരീക്ഷമാണ് പൊലീസും ജനങ്ങളും തമ്മിലുള്ളത്. ആ നിലയ്‌ക്കൊക്കെ ജനമൈത്രി സേന തന്നെയാണ് കേരളത്തിലെ പൊലീസ് സേന. എന്നാൽ ഇതൊക്കെയുള്ളപ്പോൾ തന്നെ കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ ഇടപെടാവുന്ന സന്ദർഭങ്ങളും കൈകാര്യം ചെയ്യാവുന്ന വിഷയങ്ങളും ഉണ്ടായിട്ടുണ്ട്. അവ പരിപൂർണ്ണമായി ഒഴിവാക്കുന്നതിന് പൊലീസുകാരെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കേണ്ടതുണ്ട്. അവയൊക്കെ നടത്തി മാതൃകാ സേനയായി കേരളാ പൊലീസിനെ ഉയർത്താനുള്ള ശ്രമങ്ങൾ സ്വാഭാവികമായും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. ▮

Comments