ഈ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ തൃശ്ശൂരിലെ കൂർക്കഞ്ചേരിയിൽ കൈക്കുഞ്ഞുമായി വോട്ട് ചെയ്യാൻ വന്ന വിരലിൽ പരിക്കേറ്റ സ്ത്രീയെ പ്രിസൈഡിങ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. ഇലക്ഷൻ ദിവസം മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഈ വാർത്തയിൽ പ്രസൈഡിങ് ഓഫീസറെ വിമർശിച്ചവരും അനുകൂലിച്ചവരും ഉണ്ട്. തന്നിൽ നിയമംമൂലം നിക്ഷിപ്തമായ ചുമതല ഓഫീസർ കൃത്യമായി നിർവഹിച്ചു എന്ന വാദം ഒരു ഭാഗത്തും, സാമാന്യയുക്തിയുടെ ജനാധിപത്യബോധ്യങ്ങൾ തൊട്ടുതീണ്ടാത്ത തീരുമാനം എന്ന് ഭൂരിപക്ഷവും വാദിക്കുന്നു. വാസ്തവത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പുരീതിയുടെ സവിശേഷമായ സാഹചര്യമാണ് ഇത്തരം വിവാദങ്ങൾക്ക് ആധാരം.
ജനാധിപത്യത്തിലെ ഉത്സവങ്ങളാണ് തെരഞ്ഞെടുപ്പുകൾ എന്നാണ് വിശേഷിപ്പിക്കാറ്. പല ഉത്സവങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവയുടെ ചിട്ടവട്ടങ്ങളിലും കാലത്തിൻ്റെ മാറ്റം വന്നു. തെരഞ്ഞെടുപ്പ് നടത്തിപ്പിലും വലിയ മാറ്റങ്ങൾ ഇന്ത്യയിൽ സംഭവിച്ചു. ആദ്യ പൊതു തെരഞ്ഞെടുപ്പിൽ ചിഹ്നം പതിച്ച പെട്ടിയിൽ വോട്ട് നിക്ഷേപിച്ചതിൽ നിന്ന് ബാലറ്റ് പേപ്പറിലേക്കും, പിന്നീട് വോട്ടിംഗ് മെഷീനും കടന്ന്, ചെയ്ത വോട്ട് ദൃശ്യമാകുന്ന വിവിപാക്ട് സംവിധാനത്തിൽ എത്തിനിൽക്കുന്നു ഇന്നത്.
സ്ത്രീസൗഹൃദമല്ല
പോളിങ് ഡ്യൂട്ടി,
ഒരു പ്രിസൈഡിങ് ഓഫീസറുടെ ദുരിതദിനക്കുറിപ്പ്
ഉത്സവങ്ങളിൽ വെളിച്ചത്തിനായി തീപ്പന്തങ്ങളും റാന്തൽ വിളക്കുകളും ഉപയോഗിച്ചതിൽ നിന്ന് ആധുനിക വെളിച്ചസംവിധാനങ്ങളിലേക്ക് വഴിമാറി. എന്നാൽ പ്രതീകാത്മകമായി ഇപ്പോഴും പൂരങ്ങൾക്ക് എഴുന്നള്ളിച്ച ആനകളുടെ മുൻപിൽ ഇത്തരം തീ പന്തങ്ങൾ കാണാം. വോട്ടർമാർ ഇലക്ട്രോണിക് മെഷീനിൽ വോട്ട് രേഖപ്പെടുത്തി, മണിക്കൂർ കണക്കെ പോളിംഗ് ശതമാനം ഓൺലൈൻ ആയി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അപ് ലോഡ് ചെയ്തു കഴിഞ്ഞതിനുശേഷം പോളിംഗ് ഉദ്യോഗസ്ഥർ പൂരിപ്പിക്കേണ്ട ഫോമുകളുടെയും കവറുകളുടെയും എണ്ണം മുപ്പതിന് മുകളിൽ വരും. ഭൂരിപക്ഷവും എന്തിനാണ് എന്ന് ചോദിച്ചാൽ എന്തിനോ കത്തുന്ന തീപ്പന്തം പോലെ മുൻരീതികൾ തുടർന്നുപോരുന്നു.

ബ്രിട്ടീഷ് കോളനിഭരണത്തിന്റെ അവശേഷിപ്പുകൾ കൂടെ പേറുന്നതാണ് ഇന്ത്യൻ ഭരണസംവിധാനത്തിൻ്റെ ഘടന. നികുതി കളക്ട് ചെയ്യുന്ന ആൾ ജില്ലാ കളക്ടറായി മാറിയ പോലെ. ബ്രിട്ടനിൽ ഇപ്പോഴും പാരമ്പര്യത്തെ ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് പേപ്പർ ബാലറ്റിലാണ് എന്നത് മറ്റൊരു കാര്യം. എന്നാൽ ഇന്ത്യയിൽ ആധുനിക സങ്കേതങ്ങൾ സന്നിവേശിക്കുന്നതിനൊപ്പം, പാരമ്പര്യ മാമൂലകളെ കൂടെ കൂട്ടുന്നു.
സേവനങ്ങൾക്കായി നേരിട്ട് കൊടുത്തിരുന്ന അപേക്ഷ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നതിനൊപ്പം തന്നെ നേരിട്ട് ഓഫീസിലെത്തി കോപ്പി കൊടുക്കേണ്ടിവരുന്ന അപേക്ഷകരുടെ അവസ്ഥ. ഇന്ത്യയിൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നിശ്ചിത സമയം തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്‌ചയിച്ചിട്ടുണ്ട്. അന്ന് കാലത്ത് ഏഴു മണിക്കും വൈകുന്നേരം ആറു മണിക്കുമുള്ളിൽ വോട്ട് ചെയ്യാം. എന്നാൽ പല ജനാധിപത്യ രാഷ്ട്രങ്ങളിലും തെരഞ്ഞെടുപ്പിന് മുൻപേ വോട്ട് ചെയ്യാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ഇന്ത്യ പോലെ ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രം തെരഞ്ഞെടുപ്പുകളിൽ പൂർണ്ണമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് വോട്ട് ചെയ്യുമ്പോൾ അമേരിക്ക ഇപ്പോഴും പേപ്പറിൽ കുത്തുന്നു പോലെയുള്ള വിമർശനങ്ങൾ ഉയർന്നു കേൾക്കാറുണ്ട്. എന്നാൽ അമേരിക്കയിൽ വോട്ട് ചെയ്യാൻ നിരവധി രീതികളുണ്ട്. തെരഞ്ഞെടുപ്പ് ദിവസത്തിൽ പോളിംഗ് സ്റ്റേഷനിലെത്തി നേരിട്ട് വോട്ട് ചെയ്യൽ, തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് സൗകര്യപ്രദമായി വോട്ട് ചെയ്യാൻ അനുവദിക്കുന്ന മുൻകൂർ വോട്ടിംഗ്, വീട്ടിൽനിന്ന് ബാലറ്റ് പൂരിപ്പിച്ച് തപാൽ വഴി അയയ്ക്കുന്ന മെയിൽ-ഇൻ അല്ലെങ്കിൽ അഭാവ വോട്ടിംഗ്, തപാൽ ഉപയോഗിക്കാതെ നിർദ്ദിഷ്ട ബോക്സുകളിൽ ബാലറ്റ് നിക്ഷേപിക്കുന്ന ഡ്രോപ്പ് ബോക്സ് വോട്ടിംഗ് കൂടാതെ സൈനികരും വിദേശത്തുള്ള പൗരരും സാധാരണയായി മെയിൽ അല്ലെങ്കിൽ ഇലക്ട്രോണിക് മാർഗം ഉപയോഗിച്ച് വോട്ട് ചെയ്യുക തുടങ്ങിയവയാണ് പ്രധാന രീതികൾ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലായി വോട്ട് ചെയ്തവർ 2.7 കോടി എങ്കിൽ ഒരു വോട്ടർക്കായി ചെലവായത് 250 മുതൽ 370 രൂപയാണ്. ബൂത്ത് ഒന്നിന് ചെലവായത് 2.5 മുതൽ 3.5 ലക്ഷം രൂപയും. ഇതിൽ പല ചെലവുകളും ഒഴിവാക്കാനാവുന്നവയാണ്.
എസ്റ്റോണിയെ പോലെ പൂർണമായും ഓൺലൈൻ വോട്ടിംഗ് നടപ്പിലാക്കിയ നിരവധി രാജ്യങ്ങളുമുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്തെ തെരഞ്ഞെടുപ്പ് ഒരു ദിവസത്തിൽ ഒതുക്കുന്നത് പ്രക്രിയയെ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നു. ശരാശരി ആയിരം വോട്ടുകൾ ഒരു ബൂത്തിൽ ചെയ്യാൻ സമയമെടുക്കും. പ്രത്യേകിച്ച് വിവിപാക്റ്റ് മെഷീൻ ഉപയോഗിച്ച് വോട്ട് ചെയ്യുമ്പോഴും പ്രായമായ വോട്ടർമാരുടെ എണ്ണം കൂടുമ്പോഴും. വോട്ട് ചെയ്യാൻ മണിക്കൂറുകൾ ക്യൂവിൽ നിൽക്കുന്നതും, വോട്ടിംഗ് സമയം കഴിഞ്ഞുണ്ടാകുന്ന നീണ്ട വരിയും വോട്ട് ചെയ്യുന്നതിൽ നിന്ന് പലരേയും വിമുഖരാക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം വീട്ടിൽ വോട്ട് നടപ്പിലാക്കിയെങ്കിലും ചുരുക്കം ആളുകളിൽ അതെത്തിക്കാനേ നിലവിൽ സംവിധാനത്തിനായിട്ടുള്ളൂ.

തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവഹിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു നോക്കുമ്പോൾ പലപ്പോഴും മാറിയെങ്കിലും മാറാത്തതാണ് തെരഞ്ഞെടുപ്പ് രീതി. വലിയൊരു വിഭാഗത്തിന് തെരഞ്ഞെടുപ്പ് ഡ്യൂട്ടി താല്പര്യമില്ലാതെ ചെയ്യേണ്ടതായി വരുന്നു. എന്നാൽ ചെയ്യാൻ തയ്യാറായ മറ്റൊരു വിഭാഗത്തിന് ഡ്യൂട്ടി ലഭിക്കാറുമില്ല. രണ്ട് പരിശീലന ക്ലാസ്സുകൾക്കു ശേഷം പോളിങ്ങിന്റെ തലേന്ന് കാലത്തു എട്ടു മണിക്ക് തന്നെ സാധനസാമഗ്രികൾ ഏറ്റുവാങ്ങുന്ന അവർ പിറ്റേന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും കഴിഞ്ഞ് അറുപതോളം സാധനസാമഗ്രികൾ തിരിച്ച് ഏൽപ്പിച്ചു കഴിയുമ്പോൾ അർദ്ധരാത്രി ആകും. തെരഞ്ഞെടുപ്പ് ദിവസം രാവിലെ 5.30ന് തുടങ്ങുന്ന മോക്ക് പോൾ മുതൽ വൈകീട്ട് ആറിന് വരിയിൽ നിൽക്കുന്ന അവസാന ആളെയും വോട്ട് ചെയ്യിച്ച ശേഷം അവസാനിക്കുന്ന ഉത്തരവാദിത്തപ്പെട്ട കർത്തവ്യം.
ഇരുന്നൂറോളം വോട്ടിംഗ് മെഷീനുകളുള്ള മണ്ഡലത്തിൽ ഇത് തിരിച്ചുവാങ്ങാനായി രാത്രിയിൽ ഉണ്ടാവുന്നത് പലപ്പോഴും മൂന്നോ നാലോ കൗണ്ടറുകൾ മാത്രം. ഇത് ഔദ്യോഗിക ജോലിയുടെ ഭാഗമാണോ എന്ന് ചോദിച്ചാൽ ആണ്.
ഇരുന്നൂറോളം വോട്ടിംഗ് മെഷീനുകളുള്ള മണ്ഡലത്തിൽ ഇത് തിരിച്ചുവാങ്ങാനായി രാത്രിയിൽ ഉണ്ടാവുന്നത് പലപ്പോഴും മൂന്നോ നാലോ കൗണ്ടറുകൾ മാത്രം. ഇത് ഔദ്യോഗിക ജോലിയുടെ ഭാഗമാണോ എന്ന് ചോദിച്ചാൽ ആണ്. ഉത്തരവാദിത്തപ്പെട്ട സർക്കാർ ജീവനക്കാരൻ എന്ന നിലയിലും, രാജ്യത്തിൻ്റെ ജനാധിപത്യ ആഘോഷത്തിൻ്റെ ഭാഗമാകാൻ ലഭിക്കുന്ന അസുലഭാവസരം എന്ന രീതിയിലും തീർച്ചയായും ജീവനക്കാർ ഇതിൽ പങ്കുകൊള്ളേണ്ടവർ തന്നെയാണ്. എന്നാൽ ഒരേസമയം ആധുനികതയുടെ ചിഹ്നങ്ങളായ വോട്ടിംഗ് മെഷീനും, ഓൺലൈൻ ആപ്പും ഒക്കെ ഫലപ്രദമായി ലഭ്യമായിരിക്കെ തന്നെയാണ്, സർക്കാർ കെട്ടുമാറാപ്പുകളുടെ ഭാഗമായി ഒരായിരം പൂരിപ്പിക്കാനുള്ള ഫോമുകളും കവറുകളും ചുമക്കേണ്ടി വരുന്നത്.
ഉദാഹരണമായി രണ്ടാം പോളിങ്ങ് ഉദ്യോഗസ്ഥൻ എഴുതി വോട്ടർവശം മെഷീൻ നിയന്ത്രിക്കുന്ന മൂന്നാം പോളിംഗ് ഓഫീസർക്ക് കൈമാറുന്ന വോട്ടേഴ്സ് സ്ലിപ്പ്. ഓരോന്നിലും രേഖപ്പെടുത്തേണ്ടി വരുന്നത് മണ്ഡലത്തിന്റെ പേര്, ക്രമനമ്പർ, പട്ടികയിലെ നമ്പർ, ഒപ്പ് എന്നിവയാണ്. ഇങ്ങനെ ആയിരം വോട്ടർമാർ ഉണ്ടെങ്കിൽ അവരുടെ തലേദിവസം അതിനായി മാറ്റിവയ്ക്കണം. വോട്ടിങ്ങ് വിവരങ്ങൾ യഥാസമയം ഓൺലൈൻ ആപ്പിലൂടെ ഉദ്യോഗസ്ഥർ അപ്ഡേറ്റ് ചെയ്യുന്നതും ഇത് മാധ്യമങ്ങളിൽ ലോകം മുഴുവൻ അറിയുന്നതുമാണ്. വിവരങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാണെന്നിരിക്കിലും, ഫോമുകൾ പല പകർപ്പുകളാക്കി കവറിൽ സീൽ ചെയ്തും ചെയ്യാതെയും തിരിച്ചു കൊടുക്കണം.

ഇതിനൊപ്പമാണ് അനാവശ്യമായി പാലിച്ചുപോരുന്ന ചില വോട്ടിംഗ് സമ്പ്രദായങ്ങൾ. ഉദാഹരണമായി ടെൻഡേഡ് വോട്ട് - ഒരാൾ വോട്ട് ചെയ്യാൻ വരുമ്പോൾ അയാളുടെ വോട്ട് മുൻപ് ആരെങ്കിലും ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അയാൾക്ക് സമാശ്വാസത്തിനായി ബാലറ്റിൽ വോട്ട് രേഖപ്പെടുത്താം. എന്നാൽ ഇത് വോട്ടെണ്ണലിൽ പരിഗണിക്കുന്നതല്ല. ഒരു വ്യക്തിയുടെ വോട്ട് മറ്റൊരാൾ ചെയ്തു എങ്കിൽ അതിനർഥം കള്ളവോട്ട് നടന്നു എന്നാണ്. അവിടെ അതിന് ഉത്തരവാദികളായവരെ കണ്ടെത്തുകയും ശക്തമായ നടപടികളെടുക്കുകയുമാണ് വേണ്ടത്. അത്യപൂർവ്വമായി മാത്രം സംഭവിക്കുന്ന ഈ വോട്ടിനായി ഓരോ ബൂത്തിലേക്കും 20 അച്ചടിച്ച ബാലറ്റ് പേപ്പറുകൾ, അതിൽ വോട്ട് രേഖപ്പെടുത്താനായി സീൽ, ഫോമുകൾ, അനുബന്ധ വസ്തുക്കൾ എത്തിവ കൊടുത്തയക്കുന്നു. ഉപയോഗിച്ചില്ലെങ്കിലും ഇതെല്ലാം ചെലവിൽ പെടുന്നുണ്ട്.
മറ്റൊരു ഉദാഹരണമാണ് 18 വയസ്സിന് താഴെയുള്ള ഒരാൾ വോട്ട് ചെയ്യാൻ വന്നു എന്ന് പരാതി ഉണ്ടെങ്കിൽ അയാളിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങി വോട്ട് ചെയ്യിക്കുക. ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽകാർഡുമായി വോട്ട് ചെയ്യാൻ വരുന്നവർക്ക് അത് ലഭിക്കണമെങ്കിൽ അടിസ്ഥാന യോഗ്യതകൾ ഉണ്ട് എന്നിരിക്കേ പണ്ടെങ്ങോ തുടങ്ങിയോ ആചാരം മുറപോലെ തുടരുന്നു. അതിനുള്ള ഫോമുകളും കവറുകളും നിർബന്ധമായും ഉദ്യോഗസ്ഥർ പൂരിപ്പിക്കേണ്ടിവരുന്നു. മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ആരെയും ബോധിച്ചില്ലെങ്കിൽ നോട്ടക്ക് (NOTA) അവസരം ഉണ്ടെന്നിരിക്കെ, രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തി വിരലിൽ മഷി പുരട്ടിയ ശേഷം ഒരാൾക്ക് ഞാൻ വോട്ട് ചെയ്യുന്നില്ല എന്ന് പ്രഖ്യാപിക്കാം എന്നതും നടപടിയുടെ ഭാഗമാണ്. ഇതിനുള്ള ഫോമുകൾ വേറെയും.
ഒരു വ്യക്തിയുടെ വോട്ട് മറ്റൊരാൾ ചെയ്തു എങ്കിൽ അതിനർഥം കള്ളവോട്ട് നടന്നു എന്നാണ്. അവിടെ അതിന് ഉത്തരവാദികളായവരെ കണ്ടെത്തുകയും ശക്തമായ നടപടികളെടുക്കുകയുമാണ് വേണ്ടത്. അത്യപൂർവ്വമായി മാത്രം സംഭവിക്കുന്ന ഈ വോട്ടിനായി ഓരോ ബൂത്തിലേക്കും 20 അച്ചടിച്ച ബാലറ്റ് പേപ്പറുകൾ, അതിൽ വോട്ട് രേഖപ്പെടുത്താനായി സീൽ, ഫോമുകൾ, അനുബന്ധ വസ്തുക്കൾ എത്തിവ കൊടുത്തയക്കുന്നു.
തെരഞ്ഞെടുപ്പ് ഉത്സവമാകുമ്പോൾ ഉത്സവം നിറം പിടിപ്പിക്കാൻ കാര്യമായ പണച്ചെലവും ഉണ്ട്. 2024- ലെ ലോക്സഭാതെരഞ്ഞെടുപ്പ് നടത്താനായി തെരഞ്ഞെടുപ്പ് കമ്മീഷന് ചെലവായ തുക പതിനായിരം മുതൽ പന്ത്രണ്ടായിരം കോടി രൂപയാണ്. മൊത്തം വോട്ടർമാരുടെ എണ്ണം 96 കോടി ആണെങ്കിൽ ഒരാൾക്ക് ചെലവായ തുക 100 മുതൽ 125 രൂപയോളം വരും. 10.5 ലക്ഷം ബൂത്തുകളുണെങ്കിൽ ചെലവ് ബൂത്ത് ഒന്നിന് 1.15 ലക്ഷം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലായി വോട്ട് ചെയ്തവർ 2.7 കോടി എങ്കിൽ ഒരു വോട്ടർക്കായി ചെലവായത് 250 മുതൽ 370 രൂപയാണ്. ബൂത്ത് ഒന്നിന് ചെലവായത് 2.5 മുതൽ 3.5 ലക്ഷം രൂപയും. ഇതിൽ പല ചെലവുകളും മേൽപ്പറഞ്ഞ രീതിയിൽ ഒഴിവാക്കാനാവുന്നവയാണ്. ഇതിനർത്ഥം തെരഞ്ഞെടുപ്പിനായി ചെലവാക്കുന്ന തുക അനാവശ്യമാണ് എന്നല്ല. ഇന്ന് ഇന്ത്യൻ ജനാധിപത്യം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്ന് കൃത്യമായി നടന്നുവരുന്ന തെരഞ്ഞെടുപ്പുകളും അവയിൽ ജനങ്ങൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാൻ കിട്ടുന്ന അവസരങ്ങളുമാണ്. ഒരുപക്ഷേ മറ്റു പലതിനേക്കാൾ പൗരരെ വ്യവസ്ഥയോട് ചേർത്തുനിർത്തുന്നത് തെരഞ്ഞെടുപ്പ് സമയത്ത് അവർക്ക് കിട്ടുന്ന പരിഗണനയും വാഗ്ദാനങ്ങളും ആണ്. ‘ഏക് ദിൻ കാ സുൽത്താൻ’- ഒരു ദിവസത്തെ രാജാവ്. ഞാനും ഈ വ്യവസ്ഥയുടെ ഭാഗമാണ് എന്ന് പൗരർക്ക് തോന്നലുണ്ടാക്കുന്നതിനാൽ തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ ജീവൽനാഡികളാണ്.

തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യൽ നിർബന്ധമാക്കണോ എന്നത് ഒരു സംവാദ വിഷയമാണ്. ഓസ്ട്രേലിയ, ബെൽജിയം, അർജൻറീന പോലുള്ള രാജ്യങ്ങളിൽ വോട്ട് ചെയ്യുക നിർബന്ധമാണ്, ചെയ്തില്ലെങ്കിൽ പിഴ അടക്കേണ്ടതായിവരും. ബ്രസീലിൽ 18 വയസ്സ് തൊട്ട് 70 വയസ്സ് വരെയുള്ളവർക്ക് വോട്ട് ചെയ്യുക എന്നത് നിർബന്ധമാണ്. 16 മുതൽ 18വരെയും 70 കഴിഞ്ഞവർക്കും മാത്രമാണ് ഇളവുകൾ. വോട്ടവകാശം വിനിയോഗിച്ചില്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുക പോലെയുള്ള നിയമങ്ങൾ സിംഗപ്പൂർ പോലെയുള്ള രാജ്യങ്ങളിൽ ഉണ്ട്. ഇന്ത്യയെ സംബന്ധിച്ച് വോട്ട് ചെയ്യുക എന്നുള്ളത് പൗരരുടെ ധാർമിക ചുമതലയാണ്. അതേസമയം, ഭരണഘടനപരമായ അവരുടെ അവകാശം കൂടിയാണിത്.
തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഇലക്ഷൻ ക്ലാസുകളിൽ രണ്ടു മണിക്കൂർ ആവർത്തിച്ച് കേട്ട മജിസ്ട്രേറ്റിന്റെ പവറും, കാണാപാഠം പടിച്ച 140 പേജിന്റെ കൈപ്പുസ്തകവും യാന്ത്രികമായി നടപ്പിലാക്കുമ്പോൾ സംഭവിക്കുന്നത്, ജനാധിപത്യമെന്ന ആശയത്തെക്കുറിച്ചുള്ള സാമാന്യബോധം ഇല്ലാതാവുന്നതാണ്.
പരിക്കുപറ്റിയ കയ്യുമായി എത്തിയ അമ്മയെ നിശ്ചിത വിരലിൽ മഷി രേഖപ്പെടുത്താതെ വോട്ട് ചെയ്യിക്കണോ എന്ന ചോദ്യം അപ്രസക്തമാകുന്നത് ഇവിടെയാണ്. രാഷ്ട്രം തനിക്ക് നൽകിയ ഡ്യൂട്ടി അണുവിട തെറ്റാതെ അനുസരിക്കുന്ന ഭരണകൂടത്തിന്റെ ഒരു അണി എന്ന രീതിയിലാണ് പ്രസൈഡിങ് ഓഫീസർ പ്രവർത്തിച്ചത്. ഇതിലേക്ക് നയിച്ചത് മുൻപ് പറഞ്ഞ അതേ കൊളോണിയൽ നിയമത്തിന്റെ ഹാങ്ങോവർ ആണ്. പക്ഷേ ജനാധിപത്യത്തിന്റെ ആത്മാവ് ജനങ്ങളാണ്. പരമാവധി ജനങ്ങളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുക എന്നതാണ് ഏതൊരു ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും പ്രാഥമിക ഉത്തരവാദിത്വം. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഇലക്ഷൻ ക്ലാസുകളിൽ രണ്ടു മണിക്കൂർ ആവർത്തിച്ച് കേട്ട മജിസ്ട്രേറ്റിന്റെ പവറും, കാണാപാഠം പടിച്ച 140 പേജിന്റെ കൈപ്പുസ്തകവും യാന്ത്രികമായി നടപ്പിലാക്കുമ്പോൾ സംഭവിക്കുന്നത്, ജനാധിപത്യമെന്ന ആശയത്തെക്കുറിച്ചുള്ള സാമാന്യബോധം ഇല്ലാതാവുന്നതാണ്.
വോട്ട് ചെയ്യാൻ പോയവർക്കും, ഡ്യൂട്ടി നിർവഹിച്ചവർക്കും അറിയാം, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കേരളത്തിലെ ബൂത്തുകളിലെ നീണ്ട വരികളിൽ കണ്ട യുവജനങ്ങളുടെ അസാന്നിധ്യം. വോട്ട് ചെയ്തശേഷം എത്രപേർ വിവി പാക്റ്റിൽ തങ്ങളുടെ വോട്ട് ശരിയായിത്തന്നെയാണോ പതിഞ്ഞത് എന്ന് പരിശോധിക്കുന്നുണ്ട് എന്നുള്ളതും മറ്റൊരു ചോദ്യമാണ്. അതേസമയം, ലോകത്തിനുതന്നെ മാതൃകയായി പ്രായമായവരും, കിടപ്പുരോഗികളും അടക്കം ഒരുപാട് വിഭാഗം വീൽചെയറിലും സ്ട്രക്ചറിലും എത്തി സമ്മതിദാനാവകാശം വിനിയോഗിച്ചതും മറക്കാൻ സാധിക്കില്ല.

തെഞ്ഞെടുപ്പ് കളക്ടറുടെ കീഴിലായതുകൊണ്ടു തന്നെ റവന്യൂ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. ഒരു പരിധിവരെ അവരുടെ കുത്തകയാണ് അതിന്റെ നടത്തിപ്പ് എന്നാണ് മറ്റു പല ഡിപ്പാർട്ട്മെന്റുകളും പരാതി പറയുന്നത്. റവന്യൂ വിഭാഗത്തിലെ പരിമിതമായ ജീവനക്കാരെ മാത്രം വെച്ച് തെരഞ്ഞെടുപ്പ് നടപടികൾ നടത്തുന്നതിനെക്കുറിച്ചും വിമർശനങ്ങൾ ഉയരുന്നുണ്ട്. മറ്റു വകുപ്പുകളെ കൂടി ഇതിന്റെ ഭാഗമാക്കിയാൽ നല്ലതായിരിക്കും എന്ന് പല ഭാഗത്തു നിന്നും അവശ്യങ്ങൾ ഉയരുന്നുണ്ട്.
പോളിംഗ് സാമഗ്രികൾ പോളിംഗ് ബൂത്തിൽ ഇലക്ഷൻ കമ്മീഷൻ തന്നെ സുരക്ഷിതമായി എത്തിച്ചുനൽകുകയും തിരിച്ചു കൊണ്ടുപോവുകയും ചെയ്യുക, കാലഹരണപ്പെട്ട ഫോമുകളും, എഴുത്തുകുത്തുകളും, മുദ്രണങ്ങളും, കവറുകളും ഒഴിവാക്കുക തുടങ്ങി അടിസ്ഥാന ഇലക്ഷൻ പ്രക്രിയ ലഘുവാക്കാൻ നിരവധി കാര്യങ്ങൾ, കൂടിയാലോചനകൾക്കും പഠനങ്ങൾക്കും ശേഷം നടപ്പിലാക്കാവുന്നതാണ്. എന്നാൽ വോട്ടെടുപ്പിനോടനുബന്ധിച്ച ഭരണകൂടത്തിന്റെ പല പരിപാടികളും പ്രകടനപരതകളായി അവശേഷിക്കുന്നു. യുവാക്കളെ ആകർഷിക്കാനുള്ള റീലുകൾ, ഹരിത- പിങ്ക് ബൂത്തുകൾ, കന്നി വോട്ടർമാർക്കുള്ള ഹൽവ വിതരണം എന്നിവയൊക്കെ വാർത്താ പ്രാധാന്യത്തിനപ്പുറം യഥാർത്ഥ പരിഷ്കരണങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ നിന്ന് പൊതുസമൂഹത്തെ വഴിതിരിച്ചുവിടാനേ സഹായിക്കൂ.
