കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇസ്ലാമിക തീവ്രവാദവും ഇസ്ലാമിക വർഗീയതയുമാണെന്നുള്ള പുതിയ രാഷ്ട്രീയ പ്രചരാണത്തിൻെറ ഭാഗമായാണ് CPIM പൊളിറ്റ് ബ്യൂറോ അംഗവും മുൻ എംപിയുമായ എ.വിജയരാഘവൻെറ ‘രാഹുൽഗാന്ധിയും പ്രിയങ്കയും വയനാട്ടിൽ വിജയിച്ചത് കോൺഗ്രസും ലീഗും ജമാ-അത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഉൾപ്പെടുന്ന ചേരിയുടെ പിന്തുണയിലാണ്’- എന്ന പ്രസ്താവനയെ കാണേണ്ടത്. അത് ഒറ്റതിരിഞ്ഞോ വേർതിരിഞ്ഞോ ഉള്ള ഒരു പ്രസ്താവനയോ വിവാദം സൃഷ്ടിക്കലോ അല്ല. മറിച്ച് പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷം അവസരവവാദ രാഷ്ട്രീയത്തിൻെറ, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അവസരവാദ രാഷ്ട്രീയത്തിൻെറ ഭാഗമായി സിപിഐഎം കൃത്യമായ രീതിയിൽ എടുത്ത, കേരളത്തിൻെറ ഏറ്റവും വലിയ വിപത്ത് ഇസ്ലാമിക വർഗീയതയാണെന്നുള്ള പ്രചാരണത്തിൻെറ ഭാഗമാണ്.
കേരളത്തിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും മതവർഗീയതയും മതഭീകരവാദവും ചെറുക്കപ്പെടേണ്ടതും എതിർക്കേണ്ടതുമായ ഒന്നാണ് എന്ന കാര്യത്തിൽ മതേതര രാഷ്ട്രീയകക്ഷികൾക്കും മതേതര പൊതുസമൂഹത്തിനും യാതൊരു സംശയവുമില്ല. അതിൻെറ അടിസ്ഥാനത്തിൽ, ഇന്ത്യയിൽ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകളും അതിൻെറ ഭീകരവാദവും പൊതുസമൂഹവും രാഷ്ട്രീയകക്ഷികളും എതിർക്കേണ്ടതുമാണ്. ഈ നയം തന്നെയാണ്, ഒരുപക്ഷേ ഇടതുപക്ഷത്തിന് ഏറെക്കാലമായി ഉണ്ടായിരുന്നത്. എന്നാൽ, കേരളത്തിൽ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ, വളരെ കൃത്യമായി പൊളിറ്റിക്കൽ ഇസ്ലാമിൻെറ അജണ്ടകളെ സ്വീകരിച്ച മത തീവ്രവാദത്തെ പൊതു രാഷ്ട്രീയത്തിലേക്കും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കും കൊണ്ടുവരുന്ന സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കുപോക്കുകൾക്ക് കേരളത്തിലെ മറ്റെല്ലാ രാഷ്ട്രീയപാർട്ടികളും സന്നദ്ധമായിരുന്നുവെന്ന് നമുക്ക് കാണാൻ കഴിയും.
യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മതതീവ്രവാദത്തെ പൊതിഞ്ഞും പൊതിയാതെയും അവതരിപ്പിച്ച് കൊണ്ടിരുന്ന അബ്ദുന്നാസർ മഅ്ദനിയുമായി തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് ഉണ്ടാക്കുന്നതിന് ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ പാർട്ടി സെക്രട്ടറിയുമായ പിണറായി വിജയൻെറ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ നമ്മൾ കണ്ടതാണ്. അന്ന് വി.എസ് അച്യുതാനന്ദൻെറ നേതൃത്വത്തിൽ ഉണ്ടായ എതിർപ്പും പൊതുസമൂഹത്തിലും തെരഞ്ഞെടുപ്പിലും അതിൻെറ കണക്കുകൂട്ടലുകളിലുമുണ്ടായ പാളിച്ചകളുമാണ് മഅ്ദനിയുമായി ഒരു മുന്നണികൂട്ടുകെട്ട് നടക്കാതെ പോയതിൻെറ കാരണം. ഇത്തരത്തിൽ ഇസ്ലാമിക തീവ്രവാദത്തോടോ ഇസ്ലാമിക രാഷ്ട്രീയത്തോടോ ഉള്ള വിയോജിപ്പല്ല സിപിഐഎമ്മിൻെറ ഇപ്പോഴുള്ള നയത്തിന് പിന്നിലുള്ളത്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇസ്ലാമിക രാഷ്ട്രീയത്തെ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കാൻ ശ്രമിക്കുകയും, എന്നാൽ അത് ഫലപ്രദമാവാതെ പോവുകയും ചെയ്തതിനാൽ ഹിന്ദുഭൂരിപക്ഷത്തിൻെറ വോട്ട് തങ്ങൾക്ക് നഷ്ടപ്പെടുമെന്ന തോന്നലിനാല്‍, അതിനെ നിലനിർത്തുന്നതിന് വേണ്ടിയാണ് സി.പി.ഐ.എം ഇപ്പോൾ ഈ പരിപാടി എടുക്കുന്നത്. ഇത് വിജയരാഘവനിൽ തുടങ്ങിയതല്ലെന്ന് നമുക്കറിയാം. വളരെ കൃത്യമായി പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിച്ച് തുടങ്ങിയതാണിത്.
Read: മുസ്‍ലിംകളെ മതേതര രാഷ്ട്രീയത്തിന്റെ
പുറത്താക്കുന്നത് ആരൊക്കെയാണ്?
സി.പി.ഐ.എമ്മിൻെറ ഈ നീക്കം കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ഉണ്ടാക്കുന്നതിനേക്കാൾ എത്രയോ വലിയ അപകടമാണ് ദേശീയ രാഷ്ട്രീയത്തിലെ ഹിന്ദുത്വ - ഫാസിസ്റ്റ് വിരുദ്ധ മുന്നണിക്ക് ഉണ്ടാക്കുന്നതെന്ന് തിരിച്ചറിയാനുള്ള ശേഷി സി.പി.ഐ.എം നേതൃത്വത്തിനില്ല എന്ന് നമ്മൾ കരുതരുത്. ദേശീയതലത്തിൽ ഹിന്ദുത്വരാഷ്ട്രീയത്തിന് എതിരായുള്ള രാഷ്ട്രീയമുന്നണിയെയും അതിൻെറ പ്രത്യയശാസ്ത്ര പോരാട്ടത്തെയും ദുർബലമാക്കുന്ന രീതിയിലുമുള്ള അവസരവാദ രാഷ്ട്രീയത്തിലേക്ക് കൂപ്പുകുത്താന്‍ സിപിഐഎമ്മിന് മടിയില്ല എന്നാണത് കാണിക്കുന്നത്. ഇതിനർഥം, സിപിഎം അതിൻെറ ഇടതുപക്ഷ രാഷ്ട്രീയത്തെയും മതേതര രാഷ്ട്രീയത്തിൻെറ അടിത്തറയെയും കയ്യൊഴിയുകയും പകരം തെരഞ്ഞെടുപ്പ് അവസരവാദ രാഷ്ട്രീയത്തെ യാതൊരു മടിയും കൂടാതെ സ്വീകരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.
കേരളത്തിൽ ഇസ്ലാമിക തീവ്രവാദമോ, ഇസ്ലാമിക രാഷ്ട്രീയമോ പൊളിറ്റിക്കൽ ഇസ്ലാമിൻെറ സ്വാധീനമോ ഇല്ല എന്നാരും പറയുന്നില്ല. കേരളത്തിൽ അതുണ്ട്. കേരളത്തിൽ വലിയ തോതിൽ അത് പടരാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് നമുക്ക് വേണമെങ്കിൽ കാണാം. പക്ഷേ, ഇതുവരെ സാധ്യമായിട്ടില്ല. അതിന് കേരളത്തിൻെറ ചരിത്രവും രാഷ്ട്രീയചരിത്രവും ജനസംഖ്യാശാസ്ത്രവുമെല്ലാം ഘടകങ്ങളാണ്. കേരളത്തിലെ മുന്നണി രാഷ്ട്രീയമടക്കമുള്ള, രാഷ്ട്രീയ രസതന്ത്രം വെച്ച് നോക്കിക്കഴിഞ്ഞാൽ ഇസ്ലാമിക രാഷ്ട്രീയം അപകടകരമായ രീതിയിൽ സ്വാധീനം ചെലുത്തുന്ന തലത്തിലേക്ക് വളർന്നിട്ടില്ലെന്ന് മനസ്സിലാക്കാം. അതിനർഥം, അതില്ല എന്നതല്ല. പക്ഷേ, അതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്ത് എന്ന് പ്രചരിപ്പിക്കുന്നത്, വാസ്തവത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ സ്വാഭാവികവൽക്കലും ഭീകരവാദം, തീവ്രവാദം എന്ന് പറയുമ്പോള്‍ ‘മുസ്ലീം’ എന്ന് ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള, സംഘപരിവാറിൻെറ മുസ്ലിം അപരവൽക്കരണ അജണ്ടയോട് ചേർന്നുനിൽക്കുന്ന രീതിയുമാണ്. പൊളിറ്റിക്കൽ ഇസ്ലാം കേരളത്തിൽ ഇപ്പോൾ പ്രസക്തമാകുന്ന, അല്ലെങ്കില്‍ അത് നമ്മുടെ പൊതുസൂഹത്തെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഒരു പുതിയ സംഭവവും ഇപ്പോൾ ഉണ്ടായിട്ടില്ല. മാത്രമല്ല, പൊളിറ്റിക്കൽ ഇസ്ലാമിൻെറ, കടുത്ത യാഥാസ്ഥിതികത്വത്തിൻെറയും മുസ്ലീം തീവ്രവാദത്തിൻെറയും ഏറ്റവും ഭീഷണമായ ഒരു സംഭവമെന്ന നിലയിൽ ജോസഫ് മാഷിൻെറ കൈവെട്ടിയ സംഭവമുണ്ടായ സമയത്ത് അതിനെതിരെ പരസ്യമായി വ്യാപകമായ പ്രചാരണവും പ്രക്ഷോഭവും നടത്താതെ ജോസഫ് മാഷിനെ തള്ളിപ്പറയുന്ന തരത്തിലുള്ള നിലപാട് സി.പി.ഐ.എം നേതൃത്വം എടുത്തിട്ടുണ്ടെന്ന് നാം ഓർക്കണം. കേരളത്തിലെ മതേതര രാഷ്ട്രീയചേരി മുഴുവൻ ആ സംഭവത്തെ എതിർത്തപ്പോൾ, ജോസഫ് മാഷെ അപലപിക്കാനും അദ്ദേഹത്തിൻെറ ചെയ്തികൾ കാരണമാണ് അതുണ്ടായതെന്ന് വരുത്താനുള്ള ശ്രമമാണ് സിപിഎമ്മിൻെറ ഭാഗത്ത് നിന്ന് അന്നുണ്ടായത്. 2006 ലെ തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിന് ശേഷം അന്നത്തെ പാർടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഒരു പൊതു പരിപാടിയിൽ പറഞ്ഞതു കൂടി ഇപ്പോൾ ഓർക്കണം.
"മുസ്‌ലിംങ്ങളിലെ പ്രബലവിഭാഗമാണ് എ.പി സുന്നി വിഭാഗം. അവർ കഴിഞ്ഞ കാലഘട്ടത്തിലും ഞങ്ങളെ സഹായിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിലും സഹായിക്കുന്ന നിലപാട് തന്നെയാണുള്ളത്. അതുപോലെ തന്നെ മുസ്‌ലിം വിഭാഗത്തിലെ ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ള ചില സംഘടനകള്‍, പി.ഡി.പിയെ പോലുള്ള ചിലര്‍... ഞങ്ങളെ സഹായിക്കുന്ന നിലപാടാണ് ഈ തെരഞ്ഞെടുപ്പിലെടുത്തത്. അത്തരമാളുകളെ വല്ലാതെ പ്രലോഭനങ്ങളില്‍ കുടുക്കാനുള്ള ശ്രമം യുഡിഎഫ് നടത്തിയിരുന്നു. പക്ഷെ ഒരു ശ്രമത്തിലും അത്തരം കൂട്ടര്‍ വീണില്ല എന്നതാണ് നമുക്ക് കാണാന്‍ കഴിയുക.” അതേ സിപിഐഎമ്മാണ് വാസ്തവത്തിൽ കേരളത്തിലെ മതേതരരാഷ്ട്രീയം ഒന്നടങ്കം ഒന്നിച്ച് നിൽക്കുകയും ഹിന്ദുത്വരാഷ്ട്രീയത്തിൻെറ വലിയ വിപത്തിനെതിരെ സംസാരിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ, അവിടെനിന്ന് ചർച്ചയുടെ ഗതി മാറ്റിക്കൊണ്ട് ഹിന്ദുത്വരാഷ്ട്രീയമെന്ന അതേ ശ്വാസത്തിൽ ഇസ്ലാമിക രാഷ്ട്രീയമെന്നും പറയുന്നത്.
മുസ്ലിങ്ങൾ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയപ്രവർത്തനം നടത്തുമ്പോഴെല്ലാം അത് ഇസ്ലാമിക രാഷ്ട്രീയമാവുന്നില്ല. മുസ്ലിങ്ങൾ അവരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അത് ഇസ്ലാമിക രാഷ്ട്രീയമാവുന്നില്ല. മുസ്ലിങ്ങൾ എന്ന് മാത്രമല്ല, ഏത് തരത്തിലുള്ള സ്വത്വരാഷ്ട്രീയത്തിൻെറയും പ്രത്യയശാസ്ത്രരൂപത്തോട് കടുത്ത വിയോജിപ്പ് എനിക്കുണ്ട്. മുതലാളിത്തവിരുദ്ധ രാഷ്ട്രീയത്തെയും മുതലാളിത്ത ചൂഷണത്തെയും എതിർക്കുന്ന ക്ലാസ് പൊളിറ്റിക്സിൻെറ വിശാലമായ ഒരു ഭൂമികയെ ദുർബലമാക്കുന്ന തരത്തിലാണ് വാസ്തവത്തിൽ ഐഡൻറിറ്റി പൊളിറ്റിക്സ് - സ്വത്വരാഷ്ട്രീയം, പ്രവർത്തിക്കുന്നത്. അത് മറ്റൊരു ചർച്ചയാണ്. മുസ്ലീങ്ങളാവട്ടെ, ഏത് വിഭാഗമാവട്ടെ അവരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അത് വർഗീയരാഷ്ട്രീയമാണെന്ന് നേരിട്ട് പറയാൻ കഴിയില്ല. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയത്തെ നമുക്ക് വർഗീയരാഷ്ട്രീയമായി കാണാൻ കഴിയില്ല. ഇന്ത്യൻ മുസ്ലിങ്ങൾ പലവിധ പ്രശ്നങ്ങൾ നേരിടുന്നുവെന്നത് യാഥാർഥ്യമാണ്. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പോലുള്ള നിരവധിയായ പഠനരേഖകൾ നമ്മുടെ മുന്നിലുണ്ട്. മതബദ്ധമായ രീതിയിലുള്ള പരിപാടികളുടെ അടിസ്ഥാനത്തിൽ, മതേതര സമൂഹത്തിനെതിരായ തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനം നടത്തുകയും അതിന് ഇസ്ലാമിക മതാടിസ്ഥാനത്തിലുള്ള സംഘടനകൾ നേതൃത്വം നൽകുകയും ചെയ്യുന്നുവെന്ന് വരുമ്പോഴാണ് അതിനെ എതിർക്കേണ്ടത്. അങ്ങനെ എതിർക്കുമ്പോൾ ജമാ-അത്തെ ഇസ്ലാമിയെപ്പോലുള്ള ഒരു രാഷ്ട്രീയസംഘടനയെ എതിർക്കണമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്നാൽ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും പോലുള്ള സംഘടനകളെ എതിർക്കുകയല്ല CPIM ഇപ്പോൾ ചെയ്യുന്നത്. പൊളിറ്റിക്കൽ ഇസ്ലാം കേരളത്തെ ഒന്നടങ്കം വിഴുങ്ങുന്നുവെന്ന് പറയുമ്പോൾ ഹിന്ദുത്വ വർഗീയതയെ സ്വാഭാവികവൽക്കരിക്കുകയാണ് CPIM ചെയ്യുന്നത്. ഇത് വാസ്തവത്തിൽ സംഘപരിവാറിനാണ് ഗുണം ചെയ്യുക.
കേരളത്തിലെ മുസ്ലീങ്ങളിൽ വലിയ തോതിൽ തീവ്രവാദം പടരുന്നുവെന്ന അജണ്ട സംഘപരിവാറിൻെറതാണ്. അങ്ങനെയാണ് കേരള സ്റ്റോറിയെന്ന സിനിമ വരുന്നത്. കേരളത്തിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും ആടുമേയ്ക്കാൻ പോവുന്ന നൂറുകണക്കിനാളുകൾ ഉണ്ടെന്ന, യാതൊരുതരത്തിലുള്ള വസ്തുതകളുമില്ലാത്ത തരത്തിലുള്ള പ്രചാരണങ്ങൾ ഉണ്ടാവുന്നത്. കേരളത്തിൽ വലിയ തോതിൽ മതം മാറ്റം നടക്കുന്നുവെന്നൊക്കെ തെറ്റായ പ്രചാരണങ്ങൾ വടക്കേ ഇന്ത്യയിലെല്ലാം ഉണ്ടാവുന്നു. ഇവിടെ രാഹുൽ ഗാന്ധി പ്രചാരണത്തിനെത്തിയപ്പോൾ, മുസ്ലിം ലീഗിൻെറ പച്ചക്കൊടി എടുത്ത് കാട്ടി പാകിസ്ഥാന്‍ കൊടിയാണ്, തീവ്രവാദികളാണ് കോൺഗ്രസിനൊപ്പം എന്ന് സംഘപരിവാര്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഒന്നാലോചിച്ച് നോക്കൂ… വിജയരാഘവൻെറ പ്രസ്താവനയെ സാധൂകരിക്കുന്ന ഘട്ടത്തിൽ സിപിഎമ്മിൻെറ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നത്, ‘വർഗീയതയ്ക്കെതിരെ നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നാണ് അവർ പറയുന്നത്. പക്ഷേ ഇസ്ലാമിക രാഷ്ട്രം വേണം എന്ന വാദം ഉന്നയിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി ചേർന്ന് സഖ്യകക്ഷിയായി പ്രവർത്തിക്കുകയാണ്’
എന്നാണ്. മുസ്ലിം ലീഗിനെ തങ്ങളുടെ കൂട്ടത്തിൽ ചേർക്കുന്നതിന് വേണ്ടിയുള്ള ശ്രമം ഈയടുത്ത കാലം വരെയും സിപിഐഎം നടത്തിയിരുന്നു. അതൊക്കെ പരാജയപ്പെട്ടപ്പോഴാണ്, ഇത്തരത്തിൽ വർഗീയവാദത്തെക്കുറിച്ചുള്ള ആകാംക്ഷകൾ സിപിഐഎമ്മിന് ഉണ്ടായിരിക്കുന്നത്.
വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മുസ്ലിം തീവ്രവാദികളാണ് പിന്തുണ നൽകിയതെന്ന നരേറ്റീവ് വടക്കേ ഇന്ത്യയിൽ സംഘപരിവാറാണ് പ്രചരിപ്പിച്ചത്. സംഘപരിവാറിൻെറ അതേ വാദത്തെയാണ് വിജയരാഘവൻ ഇപ്പോൾ ഇവിടെ അവതരിപ്പിക്കുന്നത്. ഇത് വാസ്തവത്തിൽ എന്ത് രാഷ്ട്രീയ ഫലമാണ് ഉണ്ടാക്കുക? ദേശീയരാഷ്ട്രീയത്തിൽ ബി.ജെ.പിക്കെതിരായ രാഷ്ട്രീയപോരാട്ടം കോൺഗ്രസ് ഒറ്റയ്ക്കല്ല നടത്തുന്നത്. അതൊരു മതേതര മുന്നണിയുടെ ഭാഗമായാണ് നടക്കുന്നത്. ഇടതുപക്ഷം പോലും ഭാഗമായുള്ള ഇന്ത്യാമുന്നണിയും മതേതര സഖ്യവുമാണ് ഈ പോരാട്ടം നടത്തുന്നത്. ബി.ജെ.പിക്കെതിരായ ഈ സമരമെന്നത്, കേവലം തെരഞ്ഞെടുപ്പ് സമരം മാത്രമല്ല, ഒരു പ്രത്യയശാസ്ത്ര സമരം കൂടിയാണ്. അത് പോലും ദുർബലമായ രീതിയിലാണ് നടക്കുന്നതെന്ന് പറയാം. അത്തരത്തിലൊരു മതേതരപോരാട്ടം നടക്കുമ്പോഴാണ് ദേശീയതലത്തിൽ നടക്കുന്ന ഈ പ്രവർത്തനങ്ങളെയാകെ ദുർബലപ്പെടുത്തുന്ന തരത്തിൽ ഒരു സിപിഐഎം നേതാവ് സംസാരിക്കുന്നത്. കോൺഗ്രസിനൊപ്പം നിൽക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണ്, രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ജയിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണ് എന്ന് സിപിഎമ്മിൻെറ ഒരു നേതാവ് പറയുമ്പോൾ അത് ആരുടെ നരേറ്റീവാണ് പിന്തുടരുന്നത്, ആരുടെ രാഷ്ട്രീയതാൽപര്യത്തെയാണ് അത് സംരക്ഷിക്കുന്നതെന്ന് നമ്മൾ ആലോചിക്കണം.
കേരളം എന്ന ചെറിയ പ്രദേശത്തിലെ തെരഞ്ഞെടുപ്പ് താൽപര്യങ്ങളെ മാത്രം മുൻനിർത്തിയാണ് എ.വിജയരാഘവൻ ഈ പ്രസ്താവന നടത്തുന്നത്. ഒന്നിനുപിറകെ ഒന്നായാണ് സിപിഎം ഇത് ചെയ്യുന്നത്. പി.മോഹനൻെറ പ്രസ്താവന വരുന്നു, അതിന് മുമ്പ് പി.ജയരാജൻെറ പുസ്തകം വരുന്നു, ഇപ്പോൾ എ.വിജയരാഘവൻെറ പ്രസ്താവന, എം. വി ഗോവിന്ദന്റെ ന്യായീകരണം… അങ്ങനെ വളരെ പെട്ടെന്നാണ് ഇസ്ലാമിക തീവ്രവാദം എന്നത് സിപിഎമ്മിന് വേണ്ടപ്പെട്ട ഒരു സംഗതിയാവുന്നത്. ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് മുമ്പും ഇവിടെ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമുണ്ട്. ഇവിടുത്തെ പൊതുസമൂഹവും മതേതരകക്ഷികളും എക്കാലത്തും ഇവയെ എതിർത്തിരുന്നു. സിപിഐഎമ്മും മുഖ്യധാരാകക്ഷികളുമൊന്നുമല്ല അതിനെതിരെ സംസാരിച്ചിരുന്നത്. മുസ്ലീങ്ങളുടെ വോട്ടുകൾ തങ്ങൾക്ക് കിട്ടാതെ വന്നപ്പോഴാണ് സിപിഎമ്മിന് ഇസ്ലാമിക തീവ്രവാദം വലിയ വിപത്താണെന്ന ചിന്തയുണ്ടാവുന്നത്. മുസ്ലിങ്ങൾ ഒരു സംഘമായാണ് വോട്ട് ചെയ്യുന്നതെന്ന് വടക്കേ ഇന്ത്യയിൽ സംഘപരിവാർ എപ്പോഴും പറയുന്ന കാര്യമാണ്. മുസ്ലിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ആധുനിക ജനാധിപത്യരീതിയുടെ ഭാഗമായല്ല വോട്ട് ചെയ്യുന്നത് എന്നും, രാഷ്ട്രീയമായി ഇടപെടുന്നവരല്ല, മതാധിഷ്ഠിതമായി മാത്രം ഇടപെടുന്നവരാണെന്നും അവതരിപ്പിക്കുന്നു. അതേ രീതിയാണ് ഇപ്പോൾ വിജയരാഘവൻ പിന്തുടരുന്നത്. എന്തെങ്കിലും കാരണവശാൽ പാലക്കാട് സിപിഎമ്മിൻെറ സ്ഥാനാർഥിയാണ് ജയിച്ചിരുന്നതെങ്കിൽ മുസ്ലിങ്ങൾക്ക് ഈ ചാപ്പ പേറേണ്ടതില്ലായിരുന്നു. കോൺഗ്രസിൻെറ സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്ന മുസ്ലിങ്ങളെല്ലാം വർഗീയവാദികളായി മാറുന്ന ഈ മന്ത്രവാദം അങ്ങനെയാണെങ്കിൽ പ്രയോഗിക്കപ്പെടില്ലായിരുന്നു എന്നതാണ് വാസ്തവം.
കേരളത്തിൽ ഇപ്പോൾ സിപിഎം വ്യാപകമായി പ്രചരിപ്പിക്കുന്നത് തങ്ങൾ എല്ലാ വർഗീയതയ്ക്കും എതിരാണ് എന്നാണ്. എന്നാൽ അങ്ങനെയല്ല ഇപ്പോൾ നടക്കുന്നത്. ഇസ്ലാമിക രാഷ്ട്രീയമാണ് വലിയ വിപത്ത്, അതിനെ ഹിന്ദു വർഗീയതയെ പോലെ എതിരിടണമെന്ന് പറയുമ്പോൾ വാസ്തവത്തിൽ സിപിഎം യാഥാർഥ്യത്തെ വളച്ചൊടിക്കുകയാണ്. കേരളത്തിൽ സിപിഎമ്മിൻെറ ജില്ലാസമ്മേളനങ്ങളിലും പാർട്ടി സമ്മേളനങ്ങളിലും ഒന്നിനുപിറകെ ഒന്നായി ഇത് തന്നെ പറയുമ്പോൾ വാസ്തവത്തിൽ സംഭവിക്കുന്നത് മുസ്ലിം വർഗീയത എന്നത് ഹിന്ദുത്വവർഗീയതയെ പോലെത്തന്നെ എതിർക്കപ്പെടണമെന്നുള്ള പ്രചാരണമാണ്. ഹിന്ദുത്വ വർഗീയത രാഷ്ട്രീയ അധികാരത്തിലേക്ക് എത്തുന്ന ഒന്നാണ്. ചേലക്കര ഉപതെരഞ്ഞെടുപ്പിലടക്കം സംഭവിച്ചത് പോലെ സിപിഎമ്മിൻെറെയുള്‍പ്പെടെ പതിനായിരക്കണക്കിന് വോട്ടുകൾ ചോർത്തിക്കൊണ്ട് പോകാവുന്ന തരത്തിലുള്ള രാഷ്ട്രീയാധികാര ശക്തിയുള്ള പ്രത്യയശാസ്ത്ര പദ്ധതിയാണ് ഹിന്ദുത്വരാഷ്ട്രീയം. ഇങ്ങനെയുള്ള ഹിന്ദുത്വരാഷ്ട്രീയത്തെ, ഏത് തലത്തിൽ നോക്കിയാലും ഇന്ത്യയുടെ അധികാരരാഷ്ട്രീയത്തിൽ ഒരു പരിധിവിട്ട് സ്വാധീനം ചെലുത്താൻ സാധിക്കാത്ത തരത്തിലുള്ള മുസ്ലിം രാഷ്ട്രീയവുമായോ പൊളിറ്റിക്കൽ ഇസ്ലാമുമായോ ചേർത്തുവെച്ച് ഒരേപോലെ എതിർക്കേണ്ടതാണ് എന്ന് പറയുമ്പോൾ അതിൻെറ ഗുണഭോക്താവ് സംഘപരിവാര്‍ മാത്രമാണ്.
ദീർഘകാലടിസ്ഥാനത്തിൽ ഇത് സിപിഎമ്മിന് ഒരു ഗുണവും ചെയ്യാൻ പോവുന്നില്ല. വലതുപക്ഷ രാഷ്ട്രീയത്തിൻെറയും തീവ്ര വർഗീയ രാഷ്ട്രീയത്തിൻെറയും ഗുണഭോക്താക്കളായിരിക്കാൻ ഏതെങ്കിലും തരത്തിൽ മതേതര രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്ന ഒരു പാർട്ടിക്ക് കഴിയില്ല. ആദ്യത്തെ ഒന്നോ രണ്ടോ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പക്ഷത്ത് നിൽക്കുന്ന ഏതാനും വോട്ടുകൾ പിടിച്ച് നിർത്താൻ കഴിയുമെന്നതല്ലാതെ. അന്തിമമായി ഈ രാഷ്ട്രീയ സാമൂഹ്യ ശരീരത്തെ വലതുപക്ഷവത്കരിക്കുക, അതിൽ ഇസ്ലാമിക രാഷ്ട്രീയ വിരുദ്ധതയെന്ന പേരിൽ മുസ്ലീം അപരവൽക്കരണത്തിൻെറ ആഴം കൂട്ടുക എന്ന് പറയുമ്പോൾ സ്വാഭാവികമായും സിപിഎമ്മിൻെറ ചെലവിൽ സംഘപരിവാറിൻെറ ആശയം കൂടുതൽ ശക്തിപ്പെടുകയാണ് ചെയ്യുക.
ക്രിസ്ത്യാനികൾക്കിടയിൽ, സഭാനേതൃത്വങ്ങളുടെ തന്നെ മുൻകയ്യിൽ നടക്കുന്ന മുസ്ലിം വിരുദ്ധത ഇന്ന് ശക്തമായി കാണാൻ സാധിക്കുന്നതാണ്. ലവ് ജിഹാദ് പോലുള്ള നുണകൾ ബിഷപ്പുമാർ വരെ പ്രചരിപ്പിച്ചിരുന്നു. അങ്ങനെ വര്‍ഗീയ പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെപ്പോലുള്ളവരുടെ കൈമുത്തി ബഹുമാനിക്കുകയാണ് സിപിഐഎം നേതാവ് വി.എൻ വാസവനെ പോലുള്ളവർ ചെയ്തത്. പച്ചനുണകൾ മാത്രം പ്രചരിപ്പിച്ചുള്ള ലവ് ജിഹാദ് പോലുള്ള വിഷയങ്ങൾ പോലും കൃത്യമായി തൊടാതെ പോവുകയും അതിൻെറ പ്രചാരകരെയും പ്രഘോഷകരെയും സാധൂകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയനിലപാട് സിപിഎം ഇതിന് മുൻപും എടുത്തിട്ടുണ്ട്. അതും ബി.ജെ.പിയുടെ കാര്യപരിപാടിയാണ്. മുസ്ലിം വിരുദ്ധതയാണ് അതിലൂന്നി നിൽക്കുന്നത്. അതേ മുസ്ലിം അപരവൽക്കരണം ഏറ്റെടുക്കുകയാണ് ഇപ്പോൾ സിപിഐഎം ചെയ്യുന്നത്.
ഹിന്ദുത്വരാഷ്ട്രീയം കേരളത്തിൽ പടരുന്നത് തെരഞ്ഞെടുപ്പുകളിലൂടെ മാത്രമല്ല, കർക്കിടക മാസത്തിലെ ആചാര സംരക്ഷണത്തിലൂടെയും കർക്കിടകത്തിലെ രാമായണ മാസാചരണത്തിലൂടെയും മറ്റും എത്രയോ പതിറ്റാണ്ടുകളായി കേരളത്തിൻെറ രാഷ്ട്രീയ സാമൂഹ്യ ശരീരത്തിലേക്ക് അത് കയറ്റിയിറക്കപ്പെടുന്നുണ്ട്. മതപരമായ ചടങ്ങുകളിലൂടെ, മതാഘോഷങ്ങളിലൂടെ, കേരളത്തിൻെറ സാംസ്കാരിക ആഘോഷങ്ങളെ മതബദ്ധമാക്കി മാറ്റി, ഹൈന്ദവ ബ്രാഹ്മണിക് ആചാരങ്ങളുടെ സമുച്ചയമാക്കി മാറ്റുമ്പോള്‍ സംഭവിക്കുന്നത് അതാണ്. തൃശൂർ പൂരമൊക്കെ വളരെ കൃത്യമായി ഇങ്ങനെ മാനിപ്പുലേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. ഇതിൻെറയെല്ലാം ഒപ്പം നിന്ന് ഇടതുപക്ഷം ഇസ്ലാമിക രാഷ്ട്രീയത്തിൻെറ കാര്യത്തിൽ തങ്ങൾക്ക് വിട്ടുവീഴ്ചയില്ല എന്നുപറയുന്നത് വളരെ കൃത്യമായ ഒരു ഇരട്ടത്താപ്പ് കൂടിയാണ്. ഈ ഇരട്ടത്താപ്പ് കേരളത്തിലെ ഹിന്ദുത്വരാഷ്ട്രീയത്തെ ശക്തിപ്പെടുകയാണ് എന്ന് സിപിഎം തിരിച്ചറിയപ്പെടേണ്ടതുണ്ട് എന്ന് നമുക്ക് പറയാനാവില്ല. കാരണം, അവരിത് തിരിച്ചറിയുന്നുണ്ട്, അവരുടെ ലക്ഷ്യം ഹിന്ദുത്വവൽക്കരിക്കപ്പെട്ട കേരളത്തിലെ രണ്ട് രാഷ്ട്രീയകക്ഷികൾ എന്ന നിലയിലുള്ള മത്സരം നടക്കുമ്പോൾ, ആ ഹിന്ദുക്കളുടെ വോട്ട് കൂടുതൽ ഇസ്ലാമിക വിരുദ്ധതയുടെ പേരിൽ തങ്ങൾക്ക് നേടിയെടുക്കാമെന്നാണ്. മതേതരവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ മതേതരരാഷ്ട്രീയ കക്ഷികൾ എന്ന നിലയിലാണ് വോട്ട് നേടേണ്ടത് എന്നതല്ല, പകരം കൂടുതൽ ഹിന്ദുവായി വോട്ട് ചെയ്യാനുള്ള ഒരു പാർട്ടിയായി തങ്ങൾ മാറിയാലും കുഴപ്പമില്ല എന്നാണ്. സിപിഐഎമ്മിൻെറ ഈ അടവ് ആത്യന്തികമായി മതേതര രാഷ്ട്രീയത്തെയും സിപിഐഎമ്മിനെയുമാണ് ഇല്ലാതാക്കാൻ പോവുന്നതെന്ന കാര്യത്തിൽ സംശയമില്ല. ഇതിൻെറ ഏറ്റവും വലിയ തെളിവുകളിൽ ഒന്ന് ഇന്ന് ജീവിക്കുന്ന കോൺഗ്രസാണ്.
കോൺഗ്രസ്, അതിൻെറ രാഷ്ട്രീയചരിത്രത്തിൽ രണ്ട് തരത്തിലുള്ള വർഗീയതകളേയും പലതരത്തിൽ സേവിക്കാനും പ്രോത്സാഹിപ്പിക്കാനും അതിനെ തങ്ങൾക്ക് അനുകൂലമാക്കാനും ശ്രമിച്ച കക്ഷിയാണ്. താൽക്കാലിക നേട്ടങ്ങൾ അവർക്കുണ്ടായിട്ടുണ്ട്. പഞ്ചാബിലെ സിഖ് വർഗീയതയെ അവിടുത്തെ അകാലികൾക്കെതിരായി ഉപയോഗിക്കാൻ ശ്രമിച്ച് ബിന്ദ്രൻവാലയിൽ എത്തിനിൽക്കുകയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിഘടനവാദ പ്രശ്മായി അത് മാറുകയും ചെയ്തുവെന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. രാമജൻമഭൂമി വിഷയത്തിൽ സംഘപരിവാറിൻെറ പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ തങ്ങൾക്ക് അനുകൂലമായി ഈ വിഷയത്തെ എങ്ങനെ മാറ്റാമെന്ന് കോൺഗ്രസ് ആലോചിക്കുകയും പരാജയപ്പെടുകയും ചെയ്യുമ്പോഴാണ് ബാബരി മസ്ജിദ് തകർത്ത് അവിടെ രാമക്ഷേത്രം സ്ഥാപിക്കപ്പെടുന്നത്.
അങ്ങനെ എന്തെങ്കിലും സംഭവിക്കുമ്പോൾ തങ്ങൾക്ക് മുസ്ലിം ന്യൂനപക്ഷത്തിൻെറ വോട്ട് നഷ്ടപ്പെടരുത് എന്നുള്ളതിൻെറ പേരിലാണ് ഷാബാനു കേസിൽ മുസ്ലിം യാഥാസ്ഥിതികതയെ അവർ തൃപ്തിപ്പെടുത്താൻ ശ്രമിച്ചത്. എന്നിട്ടെന്താണ് സംഭവിച്ചത്? ഇതിൻെറയെല്ലാം ഗുണഭോക്താക്കളായി ഇന്ത്യയിലെ ഹിന്ദുത്വവർഗീയ രാഷ്ട്രീയവും ആർഎസ്എസും ബിജെപിയും മാറുന്നത് നമ്മളിന്ന് കണ്ടുകൊണ്ടിരിക്കുന്നു. ഇന്നത്തെ കോൺഗ്രസ് തന്നെയാണ് സിപിഎമ്മിൻെറ മുന്നിലെ പാഠപുസ്തകം. എന്നാൽ കോൺഗ്രസിനെതിരെയുള്ള അല്ലെങ്കിൽ കേവലമായ അധികാരത്തിന് വേണ്ടിയുള്ള ചെറിയ തർക്കങ്ങളിലേക്കും കുതർക്കങ്ങളിലേക്കും വേണ്ടി മുസ്ലിം വിരുദ്ധതയുടെ സംഘപരിവാർ നരേറ്റീവിനെ ഉപയോഗിക്കുമ്പോൾ അവർ കരുതുന്നത് ഇതിലൂടെ ബിജെപിക്കും സംഘപരിവാറിനും വോട്ട് ചെയ്യുന്ന ഹിന്ദുക്കൾ തങ്ങൾക്ക് വോട്ട് ചെയ്യുമെന്നാണ്. അങ്ങനെയല്ല സംഭവിക്കാൻ പോവുന്നത്. ഒരു തെരഞ്ഞെടുപ്പിൽ ഒരുപക്ഷേ, അങ്ങനെ സംഭവിച്ചേക്കാം, അതിനും സാധ്യത വളരെ വിദൂരമാണ്. പക്ഷേ ദീർഘകാല അടിസ്ഥാനത്തിൽ വിജയരാഘവൻ അടക്കമുള്ള സിപിഎം നേതൃത്വം തേടിപ്പോവുന്നത് സംഘപരിവാറിൻെറ രാഷ്ട്രീയശരീരത്തിൽ മാത്രം ജീവിക്കാനും നിലനിൽക്കാനും കഴിയുന്ന ഒരു രാഷ്ട്രീയത്തെയാണ് എന്നതാണ് യാഥാർഥ്യം.