എം.ബി. രാജേഷ്​

ആ റൂളിങ് സഭയുടെ തന്നെസ്വയംവിമർശനമാണ്​

കേരളത്തിലെ സംവാദഭാഷയെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാക്കുന്നതിലും സംവാദങ്ങളെ വെറും പോർവിളിയാക്കുന്നതിലും പ്രതിക്കൂട്ടിൽ നിൽക്കുന്നത് പ്രധാനമായും ദൃശ്യമാധ്യമങ്ങളാണ്. ഞങ്ങൾ ഇങ്ങനെയൊരു മുൻകൈയെടുത്തു. ഇനി നിങ്ങളുടെ ഊഴമാണ്. നിങ്ങളതിന് തയ്യാറുണ്ടോ എന്നാണറിയേണ്ടത്.

മനില സി.​ മോഹൻ: കഴിഞ്ഞ ദിവസം നിയമസഭയിൽ സ്പീക്കർ നടത്തിയ റൂളിങ്ങ് ചരിത്രപരമാണ്. ആ റൂളിങ് ഇടതുപക്ഷത്തിന്റെ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റാണെന്ന് താങ്കൾ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. അത് വാക്കുകളുടെ രാഷ്ട്രീയശരിയെന്ന സാങ്കേതികതയേക്കാൾ അതിന്റെ പ്രയോഗത്തിൽ സമൂഹത്തിൽ മൊത്തത്തിലുണ്ടായ അവബോധത്തിന്റെ ഭാഗമായ കറക്ടീവ് മെഷറായിരുന്നു. അതേസമയം, പാർലമെന്റിൽ ചില വാക്കുകൾ അൺ പാർലമെന്ററിയായി നിഘണ്ടുവിൽ ഉൾപ്പെടുത്തുന്നു. കേരളത്തിൽ രാഷ്ട്രീയവും ആശയപരവുമായ തിരുത്തലുകൾക്കുള്ള ശ്രമം നടക്കുമ്പോൾ പാർലമെന്റിൽ വിമർശിക്കാനുപയോഗിക്കുന്ന പദങ്ങളെ നിരോധിക്കുന്നു.

എം.ബി.രാ​ജേഷ്​: യഥാർഥത്തിൽ ഈ റൂളിങ്ങിൽ വ്യക്തമാക്കിയ കാര്യവും അന്തഃസത്തയും വാക്കുകളുടെ സാങ്കേതികയല്ല. തെറ്റായ ആശയം അന്തർലീനമായിട്ടുണ്ടെന്നാണ് അതിൽ പറഞ്ഞിട്ടുള്ളത്. യഥാർഥത്തിൽ വാക്കിലെ എന്തെങ്കിലും പ്രശ്നം കൊണ്ടല്ലായിരുന്നില്ലല്ലോ റൂളിങ് കൊടുത്തത്. വാക്കിൽ പ്രശ്നമുണ്ടെങ്കിൽ അൺപാർലമെന്ററിയായി അപ്പോൾ തന്നെ നീക്കം ചെയ്യും. സഭ്യേതരമായ വാക്ക് ഉപയോഗിച്ചതല്ല, പക്ഷെ ഈ വാക്കുകളെല്ലാം ചേർന്നപ്പോൾ വന്ന ആശയം തന്നെ തെറ്റിപ്പോയതാണ്. സഭ്യമായ വാക്കുകളുപയോഗിച്ചുണ്ടാക്കിയ വാചകത്തിലൂടെ ആവിഷ്‌കരിച്ചത് തെറ്റായ ഒരു ആശയമാണെന്നതാണ് റൂളിങ്ങ്.

ദൃശ്യമാധ്യങ്ങളിൽ സംവാദം എന്ന പേരിൽ നടക്കുന്ന ആഘോഷങ്ങൾക്ക്, ഏത് പൊതുവേദിയിലും എന്തും പറയാമെന്ന സാഹചര്യം സൃഷ്ടിച്ചതിൽ ഒരു പ്രധാന പങ്കുണ്ട്. എങ്ങനെയും പറയാം, എന്തും പറയാം എന്നത്. അതിനെ യഥാർഥത്തിൽ ടെലിവിഷൻ അവതാരകരൊക്കെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

ഒറ്റയ്‌ക്കൊറ്റയ്ക്ക് വാക്കുകൾ എടുത്തുനോക്കിയാൽ അൺപാർലമെന്ററിയായ വാക്ക് അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. അതിന്റെ പേരിലല്ല റൂളിങ്.
വാക്കുകൾ വിലക്കാനും നിരോധിക്കാനുമുള്ള ചെയറിന്റെ അധികാരം പ്രയോഗിച്ചുകൊണ്ടല്ല ആശയപരമായ നവീകരണം നടത്തേണ്ടത്, നടത്തിയിട്ടുള്ളത്. അത് അംഗങ്ങൾ സ്വയം ചെയ്യേണ്ടതാണ്. രാഷ്ട്രീയശരി സ്വയം സ്വായത്തമാക്കേണ്ടതാണ്. അതിന് സഹായകമായ ഒരു ഓർമപ്പെടുത്തലായാണ് ഈ റൂളിങ്ങിനെ എടുക്കേണ്ടത്. അല്ലാതെ ഒരു വാക്കും നിരോധിച്ചിട്ടില്ല. വേണമെങ്കിൽ അങ്ങനെ ചെയ്യാൻ ചെയറിന് അധികാരമുണ്ട്. എന്നാൽ അങ്ങനെ ചെയ്യേണ്ട കാര്യമല്ല അത്. കാരണം, രാഷ്ട്രീയശരി എന്നുപറയുന്നത് അടിച്ചേൽപ്പിക്കാൻ പറ്റുന്ന ഒന്നല്ലല്ലോ. അത് വ്യക്തിപരമായ കാര്യവുമല്ല. രാഷ്ട്രീയ ശരികളിലേക്ക് എത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഓർമിപ്പിച്ചത്. അത് ഒരു നിരന്തര പ്രക്രിയയാണ് കാണേണ്ടത്. സഭാതലത്തിൽ ഉപയോഗിക്കുന്ന ഭാഷയിലും ആശയത്തിലും നവീകരണം വരണം, ജനാധിപത്യപരമാകണം.

സ്പീക്കർ നടത്തിയ റൂളിങ് വലിയൊരു ആശയത്തിന്റെ മാതൃകാപരമായ പ്രയോഗമാണ്. അതിനെ മറ്റു തലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സാധിക്കുക എങ്ങനെയൊക്കെയാണ്? മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയുമെല്ലാം ഈ അർത്ഥത്തിൽ പ്രശ്‌നവത്കരിക്കേണ്ടതുണ്ട്.

ജനാധിപത്യ സംവാദങ്ങളുടെ വേദിയാണ് നിയമസഭ. റൂളിങ് സഭ അംഗീകരിക്കുകയും ചെയ്തു. സഭയുടെ തന്നെ ഒരു സ്വയംവിമർശനമാണത്. സഭ അതിന്റെ കരുത്ത് തെളിയിക്കുകയാണ് ചെയ്തത്. സ്വയം വിമർശനം നടത്താനും സ്വയം നവീകരിക്കാനും കഴിയും. അതുകഴിഞ്ഞാൽ പിന്നെ ജനാധിപത്യത്തിലെ നാലാം തൂണായ മാധ്യമങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്. മാധ്യമങ്ങൾ ഒരു പ്രധാന സംവാദവേദി തന്നെയാണ്. കേരളത്തിലെ സംവാദഭാഷയെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാക്കുന്നതിലും സംവാദങ്ങളെ വെറും പോർവിളിയാക്കുന്നതിലും പ്രതിക്കൂട്ടിൽ നിൽക്കുന്നത് പ്രധാനമായും ദൃശ്യമാധ്യമങ്ങളാണ്.

ദിനംപ്രതി ടെലിവിഷൻ ചർച്ചകളിൽ നോക്കിയാൽ ഞെട്ടിപ്പിക്കുന്ന പരാമർശങ്ങൾ കേൾക്കാം. അവതാരകരിൽ നിന്നുതന്നെ കേൾക്കാം. അശ്ശീലമാണോ എന്ന് നോക്കിയാൽ ആയിരിക്കില്ല. പക്ഷേ ആശയപരമായും രാഷ്ട്രീയമായും പ്രതിലോമകരമായിരിക്കും. രാഷ്ട്രീയക്കാരെ തിരുത്തുക എന്നു പറയാൻ എല്ലാവരുമുണ്ട്. പക്ഷെ എല്ലാവരും തിരുത്തേണ്ടതാണ്.

ദൃശ്യമാധ്യങ്ങളിൽ സംവാദം എന്ന പേരിൽ നടക്കുന്ന ആഘോഷങ്ങൾക്ക്, ഏത് പൊതുവേദിയിലും എന്തും പറയാമെന്ന സാഹചര്യം സൃഷ്ടിച്ചതിൽ ഒരു പ്രധാന പങ്കുണ്ട്. എങ്ങനെയും പറയാം, എന്തും പറയാം എന്നത്. അതിനെ യഥാർഥത്തിൽ ടെലിവിഷൻ അവതാരകരൊക്കെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. വളരെ അഗ്രസീവായ ഹിംസാത്മകമായ ഭാഷയിലൂടെയും ചേഷ്ടകളിലൂടെയുമൊക്കെ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഞാൻ പറയുന്നു, ഞങ്ങൾ ഇങ്ങനെയൊരു മുൻകൈയെടുത്തു. ഇനി നിങ്ങളുടെ ഊഴമാണ്. നിങ്ങളതിന് തയ്യാറുണ്ടോ എന്നാണറിയേണ്ടത്. ദിനംപ്രതി ടെലിവിഷൻ ചർച്ചകളിൽ നോക്കിയാൽ ഞെട്ടിപ്പിക്കുന്ന പരാമർശങ്ങൾ കേൾക്കാം. അവതാരകരിൽ നിന്നുതന്നെ കേൾക്കാം. അശ്ശീലമാണോ എന്ന് നോക്കിയാൽ ആയിരിക്കില്ല. പക്ഷേ ആശയപരമായും രാഷ്ട്രീയമായും പ്രതിലോമകരമായിരിക്കും. രാഷ്ട്രീയക്കാരെ തിരുത്തുക എന്നു പറയാൻ എല്ലാവരുമുണ്ട്. പക്ഷെ എല്ലാവരും തിരുത്തേണ്ടതാണ്.

ദൃശ്യമാധ്യമങ്ങൾ പോലെ തന്നെ കേരളത്തിന്റെ ജനാധിപത്യ അന്തരീക്ഷം മലിനമാക്കുന്നതിൽ സമൂഹമാധ്യമങ്ങൾക്കും പങ്കുണ്ട്. അത് സമൂഹമാധ്യമങ്ങളുടെ കുഴപ്പമാണെന്ന് പറയാൻ പറ്റില്ല. അത് ഉപയോഗിക്കുന്നതിന്റെ പ്രശ്നമാണ്. അതൊരുതരത്തിൽ നാൽക്കവല പോലെയാണല്ലോ. ആർക്കും വരാം, എന്തും പറയാം. നാൽക്കവലയിലുണ്ടാകുന്ന പബ്ലിക് ഓർഡർ പോലും ഇവിടെയില്ല. മുഖമില്ലാത്തതുകൊണ്ട് പ്രത്യേകിച്ചും. ട്രെയിനിലെ മൂത്രപ്പുരയിൽ കയറിയാൽ എന്താണ് സ്ഥിതി. ആ സ്ഥിതി സമൂഹമാധ്യമങ്ങളിൽ കാണാം. അതിന് വേറൊരു രാഷ്ട്രീയം കൂടിയുണ്ട്. അത് കാണാതിരുന്നിട്ട് കാര്യമില്ല. നമ്മുടെ സമൂഹം തീവ്രമായി വലതുപക്ഷവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്​. അതിന്റെ ഫലമായ, വിമർശനങ്ങളോടുള്ള ആക്രമണോത്സുകത, ഹിംസാത്മകത, അസഹിഷ്ണുത, പക ഇതിന്റെയെല്ലാം പ്രതിഫലനമാണ്​ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും കാണുന്നത്​. തിരുത്തൽ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. ഈ വലതുപക്ഷവൽക്കരണത്തെ തിരുത്താനുള്ള പോരാട്ടമാണ്​ യഥാർഥത്തിലുണ്ടാവേണ്ടത്​. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

എം.ബി. രാജേഷ്

സംസ്​ഥാന തദ്ദേശ സ്വയംഭരണ- എക്​സൈസ്​ വകുപ്പുമന്ത്രി. രണ്ടു തവണ ലോക്​സഭാ അംഗമായിരുന്നു. സി.പി.എം സംസ്​ഥാന കമ്മിറ്റി അംഗം. ചരിത്രം അവരെ കുറ്റക്കാരെന്ന് വിളിക്കും, ആഗോളവൽക്കരണത്തിന്റെ വിരുദ്ധലോകങ്ങൾ, മതം, മൂലധനം, രാഷ്ട്രീയം എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments