കെ. കണ്ണൻ: ഇടതുപക്ഷ സർക്കാർ തുടർഭരണത്തിൽ വന്ന സന്ദർഭത്തിൽ, പരിസ്ഥിതിയും വികസനവുമായി ബന്ധപ്പെട്ട ചർച്ച സജീവമാകുകയാണല്ലോ. ഈ വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് കൃത്യമായ നിലപാടുണ്ട്, അത് പ്രഖ്യാപിതവുമാണ്. സമീപ വർഷങ്ങളിൽ കേരളം അഭിമുഖീകരിച്ച പാരിസ്ഥിതിക ദുരന്തങ്ങൾ, ഈ വിഷയത്തെ കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു കേന്ദ്രപ്രമേയമായി മാറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിഷത്തിനെപ്പോലൊരു സംഘടനയ്ക്ക് ഒത്തുതീർപ്പില്ലാത്ത ജാഗ്രതയോടെ ഇടപെടലുകൾ നടത്തേണ്ടിവരും. കേരളീയ സമൂഹവും അതിന്റെ രാഷ്ട്രീയ പ്രതിനിധാനങ്ങളും ഈ വിഷയത്തെ ഗൗരവതരമായി പരിഗണിക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടോ? അടിസ്ഥാനപരമായി ഇടതുപക്ഷബോധമുൾക്കൊണ്ട് പ്രവർത്തിക്കുന്ന ഒരു സംഘടന എന്ന നിലയിൽ പരിഷത്തിന്, കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തിന്റെ വികസന പരിപ്രേഷ്യത്തോടുള്ള യോജിപ്പും വിയോജിപ്പും എന്തൊക്കെയാണ്?
എ.പി. മുരളീധരൻ: അടിസ്ഥാന സൗകര്യ വികസനവും സ്ഥാപനങ്ങളും പരമാവധി പൊതുമേഖലയിൽ നിർത്തണമെന്ന കാഴ്ചപ്പാടും ക്ഷേമപദ്ധതികളും പൊതു വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ കാണിക്കുന്ന വലിയ മുന്നേറ്റവും ഇടതുപക്ഷ സർക്കാരിനെ വ്യത്യസ്തമാക്കുന്നുണ്ട്.
എങ്കിലും, കേരളത്തിലെ ഇടതുപക്ഷ സർക്കാർ താഴെപ്പറയുന്ന ചില പരിമിതികൾക്കകത്തുനിന്നാണ് പ്രവർത്തിക്കുന്നത് എന്നതുകൂടി നാം കാണണം.
1. നവലിബറൽ നയത്തിലൂന്നിയ കേന്ദ്രസർക്കാർ നയങ്ങളുടെ ഭാഗമായും അവർ മുന്നോട്ടുവെക്കുന്ന നിബന്ധനകൾക്ക് വിധേയമായുമേ പ്രവർത്തിക്കാനാവൂ എന്നത്.
2. കേരളത്തിന്റെ പൊതുബോധം നിർണയിക്കുന്നത് വേണ്ടത്ര ക്രയശേഷിയുള്ള പകുതിയിലേറെ വരുന്ന മധ്യവർഗവും ഉപരിവർഗവും ചേർന്നാണ്. സമൂഹത്തിന്റെ ജീവിത നിലവാരം ഉയരുക എന്നാൽ ഇപ്പറഞ്ഞ വിഭാഗങ്ങളുടെ ഉപഭോഗസൗകര്യങ്ങൾ വികസിപ്പിക്കലാണെന്ന ധാരണയാണ് പൊതുവെ നാട്ടിലുള്ളത്. തെരെഞ്ഞെടുപ്പ് രാഷ്ട്രീയം മുഖ്യ അജണ്ടയായതിനാൽ അത് സഫലീകരിക്കുന്നതാണ് സ്വീകാര്യത വർധിപ്പിക്കാൻ ഏറ്റവും അനുയോജ്യമെന്ന് പൊതുവേ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാണുന്ന സ്ഥിതിയുണ്ട് (വിദ്യാഭ്യാസ മേഖലയിലെ ഇംഗ്ലീഷ് മീഡിയം പ്രോത്സാഹനം മറ്റൊരുദാഹരണം).
ഇടതുപക്ഷം വ്യത്യസ്തത പുലർത്താൻ ശ്രമിക്കാറുണ്ടെങ്കിലും അവരും അത്തരം സമ്മർദ്ദങ്ങൾക്ക് വിധേയരാകേണ്ടിവരുന്നുണ്ട്. വാസ്തവത്തിൽ ആവശ്യത്തിലധികം വിഭവങ്ങൾ ചൂഷണം ചെയ്തുവളർന്നുവന്ന അത്യുൽപാദന വ്യവസ്ഥയും വിഭവോപയോഗത്തിന്റെ സന്തുലിതാവസ്ഥ മനസ്സിലാക്കാതെയുള്ള
വികസനവും പ്രധാനപ്പെട്ട ഭൗമവ്യവസ്ഥകളെ, ഏതാണ്ട് തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത തരത്തിൽ തകരാറിലാക്കിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രശ്‌നങ്ങൾ അതിന്റെ തീവ്രതയിൽ തന്നെ കേരളത്തിലടക്കം എല്ലായിടത്തും അനുഭവവേദ്യമായിരിക്കുന്നു. ഈ സാഹചര്യത്തിൽ,
തീവ്രകാലാവസ്ഥാ അനുഭവങ്ങളുടെ ആഘാതം കുറയ്ക്കുന്ന തരത്തിലും കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന ഇടപെടലുകൾ കുറച്ചുകൊണ്ടും ജീവിതം ആസൂത്രണം ചെയ്തു മാത്രമേ നമുക്ക് മുന്നോട്ടുപോകാൻ സാധിക്കൂ. വിഭവവിനിയോഗം കുറച്ചും അതേസമയം മധ്യവർഗമുൾപ്പെടെ എല്ലാവരുടെയും ജീവിത സംതൃപ്തി വർധിപ്പിച്ചുകൊണ്ടുമുള്ള ഒരു ജീവിതക്രമവും വികസനവും ഓരോ പ്രദേശത്തും എങ്ങനെ വികസിപ്പിക്കാൻ സാധിക്കും എന്നതാണ് നമ്മുടെ മുമ്പിലുള്ള വെല്ലുവിളി. പക്ഷേ, മനസ്സുവെച്ചാൽ അതു ചെയ്യാൻ സാധിക്കും. കേരളീയ സമൂഹവും അതിന്റെ രാഷ്ട്രീയ പ്രതിനിധാനങ്ങളും ഈ വിഷയത്തെ ഈ ഗൗരവത്തിൽ പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യം മനസ്സിലാക്കിയുള്ള സമീപനം ഇടതുപക്ഷം സ്വീകരിക്കുമെന്നാണ് പരിഷത്ത് പ്രതീക്ഷിക്കുന്നത്.
യുവാക്കൾക്ക് കൂടുതൽ പരിചിതമായ ആശയ സംവേദന രീതികളും ഡിജിറ്റൽ സങ്കേതങ്ങളും സംഘടനാ ശൈലിയിലേക്ക് കൊണ്ടുവരാൻ പരിഷത്തിന് വേണ്ടത്ര കഴിയാതിരുന്ന പ്രശ്‌നവുമുണ്ട്.
3. വിമോചന സമരഭീതിയിൽനിന്ന് നമ്മുടെ രാഷ്ട്രീയം ഇനിയും മുക്തമായിട്ടില്ല അതിനാൽ ജാതി-മതശക്തികളുടെ എതിർപ്പ് മറികടന്നുള്ള നടപടികൾ കൈകൊള്ളാൻ പൊതുവേ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് ഇപ്പോഴും വേണ്ടത്ര കഴിയുന്നില്ല. ഉദാഹരണത്തിന്, വിദ്യാഭ്യസമേഖലയിൽ പല കാര്യങ്ങളിലും ഇന്നും ഈ സംഘടനകളുടേതാണ് അവസാന വാക്ക്. ഇത്തരം പരിമിതികളിൽ നിന്ന് മാറി കേരളീയ പൊതുബോധത്തെ ജാതി- മത ശക്തികളുടെ താത്പര്യങ്ങൾക്കതീതമായി പരുവപ്പെടുത്തുന്നതിൽ ഇടതുപക്ഷ ഭരണവും രാഷ്ട്രീയവും പരിഷത്ത് അടക്കമുള്ള പ്രസ്ഥാനങ്ങളും കൂടുതൽ ജാഗ്രത കാണിക്കണ്ടതുണ്ട്.
കേരളീയ സമൂഹത്തെ യൗവനയുക്തമാക്കി നിലനിർത്താൻ ബൗദ്ധികവും ജനകീയവുമായ സംഭാവന നൽകുന്ന സംഘടനയാണ് ശാസ്ത്രസാഹിത്യപരിഷത്ത്. സമകാലിക യുവതലമുറയുമായി എത്രത്തോളം ക്രിയാത്മകമായി കമ്യൂണിക്കേറ്റ് ചെയ്യാനും അവരെ എത്രത്തോളം own ചെയ്യാനും സംഘടനക്കുകഴിഞ്ഞിട്ടുണ്ട്?
ഒരു ശാസ്ത്രസംഘടനയെന്ന നിലയിൽ പുതുകാലചിന്തകളെയും അഭിരുചികളെയും അഭിസംബോധന ചെയ്യുന്നതാവണം പരിഷത്ത്. എന്നാൽ 80 കളിലും തൊണ്ണൂറുകളിലുമുള്ള അതേനിരക്കിൽ യുവാക്കൾ പരിഷത്തിലേക്ക് ഇന്ന് വരുന്നില്ല. ഇക്കാര്യം ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്. അതിന് പല കാരണങ്ങളുണ്ട്. അന്നത്തെയും ഇന്നത്തെയും സാമൂഹിക സാഹചര്യങ്ങളിൽ വന്ന വ്യത്യാസമാകാം ഒരു കാരണം. പഠിത്തം കഴിഞ്ഞ് വിദ്യാസമ്പന്നരായ ചെറുപ്പക്കാർ തൊഴിൽ രംഗത്തേക്ക് വരുന്ന വലിയൊരു ഇടവേള അന്നുണ്ടായിരുന്നു. അപ്പോഴാണ് പലരും സാമൂഹ്യരംഗത്തേക്ക് വന്നിരുന്നത്. പക്ഷേ ഇന്ന് വിദ്യാഭ്യാസ രീതിയിൽ മാറ്റം വന്നു. പലരും പ്ലസ്ടുവും ബിരുദവും എൻജിനീയറിങ്ങും ഒക്കെക്കഴിഞ്ഞ് നേരെ തൊഴിൽ ജീവിതത്തിലേക്ക് പോവുകയാണ്. കലാജാഥ പോലെ എൺപതുകളിൽ പരിഷത്തിന് നൽകാൻ കഴിഞ്ഞ പുതുമയാർന്ന രീതികളും സെൻസിബിലിറ്റിയും ഇന്ന് അതേ അളവിൽ നൽകാൻ കഴിയാത്ത പ്രശ്‌നവുമുണ്ടാകാം. പരിഷത്തിന്റെ സ്‌പേസിൽ പുതിയ ധാരാളം സംഘടനകളും മൂവ്‌മെന്റുകളും വന്നതിന്റെ ഭാഗമായ കുറവുമുണ്ടാകാം. യുവാക്കൾക്ക് കൂടുതൽ പരിചിതമായ ആശയ സംവേദന രീതികളും ഡിജിറ്റൽ സങ്കേതങ്ങളും സംഘടനാ ശൈലിയിലേക്ക് കൊണ്ടുവരാൻ പരിഷത്തിന് വേണ്ടത്ര കഴിയാതിരുന്ന പ്രശ്‌നവുമുണ്ട്.
എന്നാൽ ഇന്ന് അതെല്ലാം കുറെയധികം മാറിയിരിക്കുന്നു. ‘ലൂക്ക' പോലെ ഓൺലൈൻ മാഗസിനുകളും ‘സയൻസ് കേരള' പോലെ യു ട്യൂബ് ചാനലും ക്ലബ് ഹൗസ് ചർച്ചകളും യുവസമിതി, കാമ്പസ് ശാസ്ത്രസമിതി, സലോസ വർത്തമാനങ്ങൾ, സയൻസ് ഇൻ ആക്ഷൻ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം കാമ്പയിനുകൾ, ഓൺലൈൻ ബാലവേദി- ഇങ്ങനെ സാങ്കേതികവും സംഘടനാപരവുമായ നിരവധി പുതു സംവിധാനങ്ങൾ പരിഷത്തിലെ യുവ സാന്നിധ്യം, പ്രത്യേകിച്ചും, വിവിധ രംഗങ്ങളിൽ വൈദഗ്ധ്യമുള്ള ചെറുപ്പക്കാരുടെ സാന്നിധ്യം നന്നെ വർധിപ്പിച്ചിട്ടുണ്ട്. അതിനിയും വർധിക്കുമെന്നു തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ▮