പ്രതിപക്ഷനേതാവിന്റെ കുപ്രസിദ്ധമായ ആ റേപ്പ് ജോക്കിനുപിന്നിൽ...

നേരത്തെയും അധികാര പദവികളിലിരിക്കുന്നവർ റേപ് ജോക്കുകൾ പറഞ്ഞിട്ടുണ്ട്. അത് ആസ്വദിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഉണ്ടായിട്ടുമുണ്ട്. അബോധപൂർവമായ സമ്മതിനിർമ്മാണം കൊണ്ട് ആണധികാരം സാധിച്ചെടുത്തതാണത്. ആണത്തം ചോദ്യം ചെയ്യാനാവാത്ത ഒന്നല്ല എന്ന ബോധം നിരന്തരപരിശ്രമം കൊണ്ട് സമൂഹത്തിൽ വ്യാപിച്ചു തുടങ്ങിയതുകൊണ്ടാണ് പൊതുഇടങ്ങളിൽ ഇടപെടുന്നവരുടെ സ്ത്രീവിരുദ്ധ പ്രയോഗങ്ങളും ശരീരഭാഷയുമടക്കം മുമ്പേക്കാളേറെ സോഷ്യൽ ഓഡിറ്റിംഗിനു വിധേയമാകുന്നത്. കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ കുപ്രസിദ്ധമായ തമാശയും അന്നേരത്തെ ശരീരഭാഷയും ഗൗരവമുള്ള ചർച്ചാവിഷയമാകുന്നത് അതുകൊണ്ടുകൂടിയാണ്

ലോകത്ത് സ്ത്രീസുരക്ഷ ഏറ്റവും അപകടാവസ്ഥയിലുള്ള രാജ്യങ്ങളെക്കുറിച്ച് രണ്ട് ഏജൻസികൾ നടത്തിയ സർവേ ഫലങ്ങൾ ചർച്ചയായത് രണ്ടുവർഷം മുമ്പാണ്. രണ്ടു പട്ടികകളിലും ആദ്യ പത്തിൽ ഇന്ത്യയുണ്ടായിരുന്നു. സർവേകളുടെ ആധികാരികതയും വിശ്വാസ്യതയും തള്ളിക്കളഞ്ഞ്​ ദേശീയ വനിത കമീഷൻ അന്ന്​ പ്രസ്താവിച്ചത്, കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതുകൊണ്ടാണ് ഇന്ത്യയുടെ ബലാൽസംഗ ശരാശരി ഉയർന്നുനിൽക്കുന്നതെന്നാണ്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻ.സി.ആർ.ബി)യുടെ 2018 ലെ കണക്കു പ്രകാരം ഓരോ 15 മിനിറ്റിലും ഒരു ബലാത്സംഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ലൈംഗികാക്രമണത്തിന് വിധേയരാകുന്ന നാലിൽ ഒരാൾ പ്രായപൂർത്തിയെത്താത്ത വ്യക്തിയാണ്. ഈ ഡാറ്റ പോലും അപ്‌ഡേറ്റ് ചെയ്യപ്പെട്ടിട്ട് രണ്ടു വർഷമായി. ഉന്നത രാഷ്ട്രീയ പദവികളിലുള്ളവർ പ്രതികളായി വരുന്ന കേസുകൾ ഏറ്റവും ദുർബ്ബലമായി അന്വേഷിക്കപ്പെടുകയോ കുറ്റവാളികൾ രക്ഷപ്പെടുകയോ ഇരകൾ അപായപ്പെടുത്തപ്പെടുകയോ ചെയ്യുന്നതിൽ പുതുമയില്ലാതായി. അത്തരം യാഥാർത്ഥ്യങ്ങളുടെ മുന്നിൽ നിന്നുകൊണ്ടാണ് സർവേകൾക്ക് സ്വീകരിച്ച രീതി ശാസ്ത്രത്തെക്കുറിച്ച് ദേശീയ വനിതാ കമ്മീഷനടക്കം വിമർശനമുന്നയിച്ചത്.

പിതൃമേധാവിത്വവ്യവസ്ഥയ്ക്ക് ഇന്ത്യ പോലൊരു രാജ്യത്തിലെ അധികാരഘടനകളിലുള്ള സ്വാധീനത്തെക്കുറിച്ച് ബോധ്യമുള്ളവരെ സംബന്ധിച്ച് ഇത്തരം സംഭവങ്ങൾ അത്ഭുതമുണ്ടാക്കുന്നില്ല. ഇന്ത്യൻ രാഷ്ട്രീയമെന്നത് എക്കാലവും ആൺകോയ്മയ്ക്ക് വിധേയമായിരുന്നു. നീതിന്യായവ്യവസ്ഥയെയും ഭരണഘടനയെയും പോലും വെല്ലുവിളിക്കത്തക്കവിധം ആണധികാരം വേരാഴ്ത്തിയ സമൂഹത്തിൽ നിന്നുകൊണ്ടുവേണം അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് സ്ത്രീക്ക് സംസാരിക്കാൻ.

ആണധികാരത്തിന്റെ വലിയൊരു സവിശേഷതയായി പിയറി ബോർദ്യു കാണുന്നത് വഞ്ചനാപരമായ പരിചിതത്വമാണ്. പ്രത്യക്ഷത്തിൽ സുപരിചിതമെന്ന് തോന്നുകയും യഥാർത്ഥത്തിൽ അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്ന ഒന്നാണത്. റേപ് ജോക്കുകൾ ഉണ്ടാകുന്നതിന്റെ അടിത്തറ തന്നെ ഇതാണ്. പുരുഷൻ ലൈംഗികമായി അധീശത്വം ചെലുത്താനുള്ളവനും സ്ത്രീ അതിന് വിധേയയാകാനുള്ളവളുമാണെന്നത് ഒരു പൊതുബോധ (doxa) മാണ്. സ്വാഭാവികമെന്ന മട്ടിൽ ഒരു സമൂഹം സ്വീകരിക്കുന്നതെല്ലാം doxa യുടെ പരിധിയിൽ വരും. വിശ്വാസമെന്നതിനപ്പുറം കൂട്ടായ ഒരു പ്രവർത്തനമായിക്കൂടി ഇതു മാറും എന്ന ബോർദ്യൂവിയൻ നിരീക്ഷണത്തിന് മികച്ച ഉദാഹരണങ്ങളാണ് ലൈംഗികാക്രമണക്കേസുകളിലെ ഇരകൾക്കെതിരെ നടക്കാറുള്ള സൈബർ - സൈബറിതര ആൾക്കൂട്ട ആക്രമണങ്ങൾ. ആണുങ്ങളായാൽ ചെളി കണ്ടാൽ ചവിട്ടും, വെള്ളം കണ്ടാൽ കഴുകും എന്നത് ഒരു doxa യാണ്. ഈ പ്രസ്താവനയ്ക്ക് ഒരു ആൺകോയ്മാവ്യവസ്ഥയിൽ സ്വീകാര്യതയുണ്ടായെന്നു വരാം. പക്ഷേ അത് ശരിയാവണമെന്നില്ല. കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ കുപ്രസിദ്ധമായ തമാശയും അന്നേരത്തെ ശരീരഭാഷയും ഗൗരവമുള്ള ചർച്ചാവിഷയമാകുന്നത് അതുകൊണ്ടാണ്.

നേരത്തെയും അധികാര പദവികളിലിരിക്കുന്നവർ അത്തരം തമാശകൾ പറഞ്ഞിട്ടുണ്ട്. അത് ആസ്വദിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഉണ്ടായിട്ടുമുണ്ട്. അബോധപൂർവമായ സമ്മതിനിർമ്മാണം കൊണ്ട് ആണധികാരം സാധിച്ചെടുത്തതാണത്; സ്ത്രീവിമോചന മുന്നേറ്റങ്ങൾ കൊണ്ടും സ്ത്രീവാദികളുടെ ഇടപെടൽകൊണ്ടും പലയിടങ്ങളിലായി തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്നതുമാണ്. ആണത്തം ചോദ്യം ചെയ്യാനാവാത്ത ഒന്നല്ല എന്ന ബോധം നിരന്തരപരിശ്രമം കൊണ്ട് സമൂഹത്തിൽ വ്യാപിച്ചു തുടങ്ങിയതുകൊണ്ടാണ് പൊതുഇടങ്ങളിൽ ഇടപെടുന്നവരുടെ സ്ത്രീവിരുദ്ധ പ്രയോഗങ്ങളും ശരീരഭാഷയുമടക്കം മുമ്പേക്കാളേറെ സോഷ്യൽ ഓഡിറ്റിംഗിനു വിധേയമാകുന്നത്. ഉന്നത പദവികളിലിരിക്കുന്നവർ സാമൂഹ്യസ്ഥാപനങ്ങളുടെ ഭാഗമാണെന്നതുകൊണ്ട് സ്വീകാര്യതയെ രൂപപ്പെടുത്തുന്നതിൽ അവർക്ക് ചെറുതല്ലാത്ത പങ്കുണ്ട്. മനുഷ്യാവകാശങ്ങളെക്കുറിച്ചും മനുഷ്യാന്തസ്സിനെക്കുറിച്ചും ബോധമുള്ളവർ സ്വന്തം ഭാഷയുടെയും ശരീരഭാഷയുടെയും രാഷ്ട്രീയ ശരികൾ പരിഗണിക്കുക തന്നെ വേണം.

ശരീരഭാഷയും ജനപ്രീതിയും

വ്യക്തികളെ രൂപപ്പെടുത്തുന്ന സാമൂഹിക-സാംസ്‌കാരികതലമാണ് അവരുടെ ശീലങ്ങളെയും മനോഭാവങ്ങളെയും നിയന്ത്രിക്കുന്നത്.സാമൂഹികഘടനയ്ക്ക് വ്യക്തിശരീരവുമായി ബന്ധമുണ്ട് എന്ന് ബോർദ്യു വിശദീകരിക്കുന്നുണ്ട്. മനഃപൂർവമായുള്ള നിയന്ത്രണങ്ങൾ പാലിച്ചാലും വ്യക്തികളുടെ ശരീരഭാഷയും പ്രവൃത്തികളും അവരുടെ മനോഭാവത്തെ കൃത്യമായി പ്രതിഫലിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള രാഷ്ട്രീയനേതാക്കളുടെ ശരീരഭാഷ കൃത്യമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ജനപ്രീതിയെ നിർണയിക്കുന്ന കാര്യത്തിൽ ശരീരഭാഷയ്ക്ക് വലിയ സ്ഥാനമുണ്ട്. തമാശ പറയുകയോ ചിരിക്കുകയോ ചെയ്യാത്ത, അയവില്ലാത്ത പ്രകൃതമുള്ള രാഷ്ട്രീയനേതാവിനുപകരം അതൊക്കെ ചെയ്യുന്ന രാഷ്ട്രീയനേതാവാണ് ജനപ്രീതിയാർജ്ജിക്കുക എന്ന ധാരണ സമൂഹത്തിൽ ഉറപ്പിച്ചെടുത്തതിൽ നേതാക്കളുടെ ശരീരചലനങ്ങളടക്കം ഒപ്പിയെടുത്ത് വിശദീകരിക്കുന്ന മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ട്. രുചികളെ രൂപപ്പെടുത്തുന്നത് മാധ്യമങ്ങളും കൂടിയാണല്ലോ. ചോദ്യങ്ങളോട് തമാശകലർന്ന പ്രതികരണം നടത്തുന്ന നേതാവ് സ്വാഭാവികമായും ജനപ്രിയനായിരിക്കും. ചോദ്യങ്ങളോട് അഗ്രസ്സീവായി പ്രതികരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന അയവില്ലാത്ത മുൻമാതൃകയ്ക്ക് ബദലായി അത്തരമൊരു ജനപ്രിയ മാതൃക അവതരിപ്പിക്കുന്നതിന്റെ കൂടി ഭാഗമായാണ് പ്രതിപക്ഷനേതാവിൽ നിന്ന് തികച്ചും മനുഷ്യവിരുദ്ധമായ പരാമർശം വന്നതും അത് ചിരിയുടെ അകമ്പടിയോടെ സ്വീകരിക്കപ്പെട്ടതും. രണ്ട് അറ്റങ്ങളിലും ആൺകോയ്മാവ്യവഹാരങ്ങളുടെ ഉൽപന്നങ്ങളായ വ്യക്തികൾ നിലകൊള്ളുന്ന ഒരു പ്രകൃതത്തിൽ മറ്റൊന്നും പ്രതീക്ഷിക്കാനുമില്ല. ഏറ്റവും ജനപ്രിയമായ തമാശകളധികവും ലൈംഗികത ഉള്ളടക്കമായവയാണ് എന്നതു മറ്റൊരു കാര്യം. എന്നാൽ ബലാൽസംഗം ലൈംഗികതയല്ല, അത് മനുഷ്യത്വത്തിനെതിരായ അതിക്രമമാണെന്ന ബോധ്യം ഉത്തരവാദപ്പെട്ടവർക്കെങ്കിലും ഇല്ലാതിരിക്കുന്നത് കുറ്റകരമാണ്. സ്ത്രീകൾക്കും പരാമർശവിധേയരായ രാഷ്ട്രീയകക്ഷിക്കും യുവജനസംഘടനയ്ക്കും ഒരേ പോലെ അപമാനകരമാണത്.

പ്രതിപക്ഷനേതാവി​ന്റെ ആ ചിരി

ബലാത്സംഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശത്തിനു ശേഷമുള്ള ചിരി ആൺകോയ്മാവ്യവസ്ഥയിൽ നിന്ന് അദ്ദേഹം സ്വാംശീകരിച്ച മനോഭാവത്തിന്റെ പ്രകടിതരൂപമാണ്. അദ്ദേഹത്തിന്റെ ശരീരഭാഷയിൽ മുഴുവൻ അത് പ്രതിഫലിക്കുന്നുണ്ടായിരുന്നു. ആ മനോഭാവമനുസരിച്ചാണ് ബലാൽസംഗം എന്നത് അധീശരും വിധേയരും തമ്മിലുള്ള സ്വാഭാവികമായ ഏർപ്പാടാണെന്നും കീഴടക്കപ്പെടുന്നവർ അത്ര തന്നെ സ്വാഭാവികതയോടെ അതിനെ സ്വീകരിക്കുമെന്നും ആസ്വദിക്കുമെന്നും വരെയുള്ള സിദ്ധാന്തങ്ങൾ രൂപപ്പെടുന്നത്. സ്ത്രീകൾ തന്നെ അത്തരം ചിന്താഗതികളുടെ പ്രചാരകരാകുന്നതിൽ അതുകൊണ്ടുതന്നെ അത്ഭുതമില്ല. ഏറ്റവും യാന്ത്രികവും വളരെ സമ്മർദ്ദങ്ങൾക്കു ശേഷം ഉണ്ടാകുന്നതുമായ ഒരു മാപ്പപേക്ഷ കൊണ്ട് എന്താണ് കാര്യമെന്ന സംശയം ഉയരുന്നുണ്ട്. മനോഭാവം മാറാത്തിടത്തോളം അതു ന്യായവുമാണ്. പക്ഷേ ഇതിലും നേരത്തേ സൂചിപ്പിച്ച വ്യവസ്ഥാ രൂപീകരണത്തിന്റെ പ്രശ്‌നമുണ്ട്. ഉന്നത പദവിയിലിരിക്കുന്ന ആൾ സ്വഭാവികമെന്നു പൊതുസമൂഹം ധരിച്ചു വശായ ഒരു കാര്യത്തിന്റെ പേരിൽ മാപ്പുപറയുന്നത് ആൺകോയ്മാ ഘടനയ്ക്കകത്തുണ്ടാകുന്ന ഒരു തിരുത്തലാണ്. അതിന് സ്വന്തം നിലയ്ക്ക് പ്രാധാന്യമുണ്ട്.

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു പരിപാടിയിൽ, സ്ത്രീകൾ ആയോധനകലകൾ അഭ്യസിക്കുന്നതിനെപ്പറ്റി വന്ന ചോദ്യത്തിന് ഒരു യുവതാരം പറഞ്ഞ മറുപടി, ‘സ്ത്രീകൾ നടക്കേണ്ടതു പോലെ നടന്നാൽ കരാട്ടെയും കളരിയുമൊന്നും പഠിക്കേണ്ടി വരില്ല' എന്നാണ്. പിഞ്ചുകുഞ്ഞുങ്ങളും വയോധികമാരും ലൈംഗികാതിക്രമത്തിന് വിധേയരാകുന്ന വർത്തമാനകാല യാഥാർത്ഥ്യത്തെ അപ്പാടെ തിരസ്‌ക്കരിച്ച് doxa യിൽ അഭിരമിക്കുന്ന സ്ത്രീകളുടെ പകർപ്പാണ് അവർ. അവർ നിർഭാഗ്യത്തിന് ഭൂരിപക്ഷമാണ്. അവരോടാണ് പ്രതിപക്ഷനേതാവിന്റെ മറുപടിത്തമാശയിലെ മനുഷ്യവിരുദ്ധതയെക്കുറിച്ച് സംസാരിക്കേണ്ടത് എന്നതാണ് ശരിയായ വെല്ലുവിളി.



Summary: നേരത്തെയും അധികാര പദവികളിലിരിക്കുന്നവർ റേപ് ജോക്കുകൾ പറഞ്ഞിട്ടുണ്ട്. അത് ആസ്വദിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഉണ്ടായിട്ടുമുണ്ട്. അബോധപൂർവമായ സമ്മതിനിർമ്മാണം കൊണ്ട് ആണധികാരം സാധിച്ചെടുത്തതാണത്. ആണത്തം ചോദ്യം ചെയ്യാനാവാത്ത ഒന്നല്ല എന്ന ബോധം നിരന്തരപരിശ്രമം കൊണ്ട് സമൂഹത്തിൽ വ്യാപിച്ചു തുടങ്ങിയതുകൊണ്ടാണ് പൊതുഇടങ്ങളിൽ ഇടപെടുന്നവരുടെ സ്ത്രീവിരുദ്ധ പ്രയോഗങ്ങളും ശരീരഭാഷയുമടക്കം മുമ്പേക്കാളേറെ സോഷ്യൽ ഓഡിറ്റിംഗിനു വിധേയമാകുന്നത്. കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ കുപ്രസിദ്ധമായ തമാശയും അന്നേരത്തെ ശരീരഭാഷയും ഗൗരവമുള്ള ചർച്ചാവിഷയമാകുന്നത് അതുകൊണ്ടുകൂടിയാണ്


ആർ. രാജശ്രീ

എഴുത്തുകാരി, നോവലിസ്റ്റ് കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത, അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും തുടങ്ങിയവ പ്രധാന കൃതികളാണ്.

Comments